scorecardresearch

'അയ്യോ തൊട്ടഭിനയിക്കാൻ വയ്യ!'

"ആർട്സ് കോളേജിൽ ചേരുമ്പോൾ മുന്നോട്ട് എന്താവണമെന്ന് യാതൊരു ധാരണയുമില്ലായിരുന്നു. ആ തുറന്ന ലോകം എനിക്ക് അപരിചിതമായിരുന്നു. ഞാൻ പഠനത്തിൽ ഉഴപ്പി." സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'-അധ്യായം 8

"ആർട്സ് കോളേജിൽ ചേരുമ്പോൾ മുന്നോട്ട് എന്താവണമെന്ന് യാതൊരു ധാരണയുമില്ലായിരുന്നു. ആ തുറന്ന ലോകം എനിക്ക് അപരിചിതമായിരുന്നു. ഞാൻ പഠനത്തിൽ ഉഴപ്പി." സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'-അധ്യായം 8

author-image
Sajitha Madathil
New Update
Sajitha Madathil Memories

The Life and Work of Sajitha Madathil-Chapter 8

ഞാനാദ്യം പഠിച്ചത് പന്നിയങ്കര നാരായണമേനോന്‍ യുപി സ്കൂളിലാണ്. ഗൗരവക്കാരിയായ, പ്രിയപ്പെട്ട ഹെഡ്‌മിസ്ട്രസ് ജാനകിടീച്ചര്‍ അമ്മയുടെ കൂട്ടുകാരിയായിരുന്നു. അമ്മ അവിടെ നേരത്തെ പഠിപ്പിച്ചിരുന്നു. പിന്നീട്  അമ്മയുടെ ഏറ്റവും ഇളയ അനുജത്തി ശ്യാമള മേമയും, ചെറിയമ്മാവൻ്റെ മകൾ ഗീത ചേച്ചിയും അവിടെ അദ്ധ്യാപകരായിരുന്നു.

Advertisment

സ്കൂള്‍ മാനേജര്‍ നാരായണ മേനോൻ്റെ ഭാര്യ ശ്രീമതി. പാര്‍വ്വതിക്കുട്ടി നേത്യാരമ്മ കോഴിക്കോട്ടെ വിദ്യാഭ്യാസവും അറിവുള്ള സ്ത്രീകളിൽ പ്രധാനിയായിരുന്നു. അവരുടെ മഹിളാസമാജത്തിൻ്റെ പ്രവർത്തനങ്ങളും ലൈബ്രറിയും ഒക്കെയാണ് അമ്മയുടെയും ആ തലമുറയിലെ മറ്റു സ്ത്രീകളുടെയും ജീവിതത്തെ മാറ്റിയത്. അമ്മ ടി.ടി.സി പഠിച്ചിറങ്ങിയ ഉടൻ വിളിച്ച് ജോലി കൊടുത്തതും നേത്യാരമ്മയായിരുന്നു.

അഭിനയത്തിന് ദേശിയ അവാർഡ് ലഭിച്ച മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയുടെ അമ്മയാണ് അവർ. എനിക്ക് സ്ക്കൂൾ അസംബ്ലിയിൽ വെച്ച് നൃത്തം ചെയ്തതിന് ആദ്യമായി സമ്മാനം തന്നതും അവരായിരുന്നു.

കണക്കുമാഷായ ശിവദാസൻ മാഷും, ചെറുപ്പക്കാരിയും സുന്ദരിയുമായ സബിത ടീച്ചറും അമ്മയുടെ കൂട്ടുകാരികളായ അദ്ധ്യാപികമാരും ചേർന്ന ആ ലോകം മനോഹരമായിരുന്നു.

Advertisment

പിന്നീട്, അമ്മ പഠിപ്പിക്കുന്ന കല്ലായി ഗവൺമെന്റ് ഗണപത് സ്കൂളിലേക്ക് എന്നെ മാറ്റി. അഞ്ചു മുതൽ ഏഴുവരെ അവിടെയാണ് പഠനം.  അടിയന്തിരാവസ്ഥക്കാലം. പഠനാന്തരീക്ഷം കുറവായിരുന്നെങ്കിലും എല്ലാ കലോത്സവങ്ങൾക്കും സ്കൂൾ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഈ കാലത്താണ് സ്കൂളിലെ വലിയ ചേട്ടന്മാര്‍ ഗൗരവത്തോടെ ഒരു നാടകം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. നാടകത്തില്‍ ഒരു കൊച്ചുപെണ്‍കുട്ടിയെ വേണം. അക്കാലത്ത് കുറെ നാടകങ്ങളില്‍ നൃത്തം ചെയ്യുവാന്‍ ഞാന്‍ പോയിട്ടുണ്ടായിരുന്നെങ്കിലും, നാടകാഭിനയമായി ആരും അതിനെ കണ്ടിരുന്നില്ല. 

ഇത് നാടകാഭിനയമാണ്, അതിനാല്‍ അതില്‍ പങ്കെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നെനിക്ക് വീട്ടിലെ ചര്‍ച്ചകളില്‍ നിന്നു മനസ്സിലായി. എന്തോ കുഴപ്പം പിടിച്ച കാര്യമാണ് ഈ നാടകാഭിനയം എന്നെനിക്ക് തോന്നി. അവസാനം അതേ സ്കൂളിലെ അദ്ധ്യാപകനായ ചെറിയമ്മയുടെ ഭർത്താവിൻ്റെ  അകമ്പടിയോടെ, മറ്റൊരു അദ്ധ്യാപകന്‍റെ വീട്ടില്‍വെച്ചു നടക്കുന്ന റിഹേഴ്സലില്‍ എന്നെ അയക്കാമെന്ന് തീരുമാനിക്കപ്പെട്ടു.

നാടകത്തില്‍ മരണശയ്യയില്‍ കിടക്കുന്ന ഒരു കുട്ടിയുടെ റോളാണെനിക്ക്. തുടക്കം മുതല്‍ മരണം നടക്കുന്നതുവരെയുള്ള കുറച്ചുരംഗങ്ങള്‍. കിടന്നുകൊണ്ട് ഡയലോഗുകള്‍. കൈയ്യും ശരീരവും ആ കിടപ്പില്‍ ഉയര്‍ത്തിപ്പിടിച്ച് പതുക്കെ താഴോട്ട് പതിക്കുമ്പോള്‍ മരണം സംഭവിച്ചിരിക്കണം.

Sajitha Madathil throwback

പ്രീഡിഗ്രിക്കാലം

ഞാന്‍ റിഹേഴ്സല്‍ തുടങ്ങുമ്പോഴേ കേറി കിടക്കും. ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ് കിടക്കുന്നതെങ്കിലും, ചേട്ടന്‍മാരുടെ അഭിനയവും, സംവിധായകന്‍റെ നിര്‍ദ്ദേശങ്ങള്‍ നല്‍കലും എന്നെ വല്ലാതെ ആകര്‍ഷിച്ചു. രാത്രി വൈകിയും നീളുന്ന ആ റിഹേഴ്സല്‍ ക്യാമ്പില്‍ ഞാന്‍ കണ്ണും കാതും തുറന്നുവെച്ചിരുന്നു.

സ്റ്റേജിലെ ചലനങ്ങള്‍, ഡയലോഗ് പറയുന്ന രീതി, കൈയിലെടുക്കേണ്ടുന്ന വസ്തുക്കള്‍ എന്നിവയൊക്കെ സംവിധായകന്‍ പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. റിഹേഴ്സലിനായി സ്ഥലം വൃത്തിയാക്കി വെക്കുക, രംഗസാമഗ്രികള്‍ തയ്യാറാക്കിവെക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാനും പങ്കുചേര്‍ന്നു. ഈ പുതിയ ക്യാമ്പ്, നേരത്തെ പരിചിതമായ നാടകാനുഭവങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു. 

അമ്മയുടെ സുഹൃത്തുക്കളായ നാടക പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ അതിനു മുമ്പും നാടകം ചെയ്തിട്ടുണ്ട്. ഞാനതുവരെ പഠിച്ച നൃത്തച്ചുവടുകളില്‍ നിന്ന് വ്യത്യാസമുള്ള ശൈലിയില്‍ ഒരുതരം 'സര്‍ഗ്ഗാത്മകനൃത്തം' പോലെ തോന്നിക്കുന്ന ഒന്നായിരുന്നു ആ നാടകങ്ങളിൽ ചെയ്തിരുന്നത്. എങ്കിലും അതെനിക്ക് രസകരമായി തോന്നിയിരുന്നു.

ഒരിക്കൽ സെന്റ് വിൻസെന്റ് കോളനി സ്കൂളിനു മുൻപിലുള്ള കലാസമിതിയിൽ നാടകം ചെയ്യാൻ പോയി, പത്തുവയസ്സ് കാണുമപ്പോൾ. അവിടെ സ്ത്രീകളാരും ഉണ്ടായിരുന്നില്ല. നടി  രംഗപ്രവേശം  ചെയ്തത് ഒരാഴ്ച കഴിഞ്ഞാണ്. പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ കാഴ്ചക്കാരിയായി, നൃത്തപഠനം അല്പനേരത്തേക്കായി ചുരുങ്ങി. എങ്കിലും ഞാന്‍ കൃത്യമായി ഒരുങ്ങി പുറപ്പെട്ട്, ഓട്ടോറിക്ഷ എന്ന അത്ഭുതവാഹനത്തില്‍ കയറി അവിടെ എത്താന്‍ വെമ്പല്‍ പൂണ്ടു.

നടിയായ ഉഷേച്ചി, ജംബറും, നീളന്‍ പാവാടയും ഉടുത്ത്, ഉരുണ്ട ശരീരപ്രകൃതി ഉള്ളവളായിരുന്നു.  "അയ്യോ തൊട്ടഭിനയിക്കാന്‍ വയ്യാ" എന്നൊക്കെ ഉഷേച്ചി ഇടക്കെന്നോട് പറയുന്നുണ്ടായിരുന്നു. തൊടുന്നതിലെന്തെങ്കിലും കുഴപ്പമുണ്ടോ? എനിക്കത് മനസിലായില്ല. എങ്കിലും ഞാനത് ശരിവെച്ചു.

നാടകത്തില്‍, എനിക്ക് ഒരു ഡയലോഗ് പറയാനുണ്ടെന്ന് പറഞ്ഞുതന്നത് സ്റ്റേജിലേക്ക് കയറുന്നതിനുമുമ്പാണ്. ഞാന്‍ തെറ്റൊന്നും വരുത്താതെ എന്‍റെ ഭാഗം ചെയ്തുതീര്‍ത്തു. പക്ഷെ ഉഷേച്ചിയുടെ അഭിനയം കണ്ടപ്പോള്‍ എനിക്ക് അത്ഭുതമായി. അതിഗംഭീരമായാണ് അവര്‍ അഭിനയിക്കുന്നത്. അവര്‍ക്കുമുമ്പില്‍ മറ്റുള്ളവർ നിഷ്പ്രഭരായതുപോലെ. എല്ലാവരും അവരുടെ അഭിനയം കലക്കി എന്നൊക്കെ പറയുന്നുണ്ടായിരുന്നു.

കല്ലായി ഗണപതിലായിരിക്കുമ്പോഴാണ് ഞാൻ എസ്എഫ്ഐയിലൊക്കെ മെമ്പർഷിപ്പ് എടുക്കുന്നത്. യു.പി സ്കൂള്‍ വിദ്യാഭ്യാസം, അത്യാവശ്യം പഠിപ്പും കൂടുതല്‍ കലാപരിപാടികളുമായി ഞാന്‍ പൂര്‍ത്തിയാക്കി.അമ്മ സ്കൂള്‍ ലൈബ്രറികളില്‍ നിന്നെത്തിച്ച് തരുന്ന പുസ്തകങ്ങളിലായിരുന്നു ഞാൻ  യഥാര്‍ത്ഥ വായനയാരംഭിച്ചത്. അവയെല്ലാം പെട്ടെന്നു തന്നെ ഞാനും അനുജത്തിയും വായിച്ചുതീര്‍ത്ത് അടുത്ത കൂട്ടം പുസ്തകങ്ങള്‍ക്കായി കാത്തിരിക്കും. അന്നു ഞാന്‍ കണ്ട ഏറ്റവും വലിയ ലൈബ്രറി കല്ലായ് ഗവ. ഗണപത് സ്കൂളിന്‍റേതായിരുന്നു.

അതിനിടക്ക് തൊട്ടടുത്ത വീട്ടിൽ അക്കാലത്ത് പാവക്കുട്ടി പോലെ സ്പ്രിംഗ് മുടിയുള്ള ഒരു പെൺകുട്ടി വന്നെത്തി. അനിത. അവൾ ആ പുതിയ വീട്ടിലെ ഏറ്റവും ഇളയ കുട്ടിയാണ്. പഠിക്കാൻ മിടുക്കിയാണ്. ഞങ്ങൾ പെട്ടെന്ന് അടുത്തു. അന്നു മുതൽ എൻ്റെ ജീവിതത്തിൻ്റെ ഭാഗമാണവൾ.

എപ്പോൾ വിളിച്ചാലും ഇന്നലത്തെ പോലെ മിണ്ടും. അവളായിരുന്നു അക്കാലത്തെ സാഹസിക യാത്രകളിലെ കൂട്ടാളി. ടീനേജ് കാലം മുഴുവൻ ഒന്നിച്ചായിരുന്നു. അവളുടെ വീടുപണി ഒക്കെ നടക്കുമ്പോൾ അമ്മൂമ്മയുടെ മാളിക വീടിൻ്റെ മുകൾ ഭാഗം ഞങ്ങൾ സ്വന്തമാക്കും. ടൈം ടേബിൾ വെച്ചാണു ഞങ്ങൾ പഠിച്ചിരുന്നത്. സംസാരിക്കാൻ പോലും സമയം നിശ്ചയിച്ചിരുന്നു. പക്ഷെ സംസാരിച്ചു തീരാത്ത കാലമായിരുന്നു അത്. കക്കയം ക്യാമ്പിൽ വെച്ച് കൊല്ലപ്പെട്ട രാജൻ്റെ കഥ വായിക്കുന്നത് അവളുടെ വീട്ടിൽ വരുത്തിയിരുന്ന ദേശാഭിമാനി പത്രത്തിൽ നിന്നായിരുന്നു.

എട്ടാം ക്ലാസിൽ അമ്മ എന്നെ  ചാലപ്പുറം ഗവൺമെൻ്റ് ഗേൾസ് ഹൈസ്ക്കൂളിൽ ചേർത്തു. ബസ്സിലൊക്കെ കയറിയുള്ള ആ യാത്ര എനിക്ക് ഇഷ്ടമായിരുന്നില്ല. എങ്കിലും
ജയശ്രീയും, രമയും, ഗീത തമ്പാട്ടിയും, സജിതയും പുതിയ കൂട്ടുകാരായി. പിന്നെ ലതയും അനിതയും എത്തിചേർന്നു. അനിത എൻ്റെ ഹൃദയം കവർന്നെടുത്തു. ഹൈസ്ക്കൂളിലെ മൂന്നു വർഷവും ഞാൻ യുവജനോത്സവത്തിനും നൃത്തത്തിനും പ്രാധാന്യം നൽകി. പത്താം ക്ലാസ്  ഫസ്റ്റ് ക്ലാസ്സിൽ പാസ്സായെങ്കിലും അത് അവസാന ദിവസങ്ങളിലെ കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രമായിരുന്നു.

ഒന്നാം ഗ്രൂപ്പ് ഐച്ഛിക വിഷയമായി ആർട്സ് കോളേജിൽ ചേരുമ്പോൾ മുന്നോട്ട് എന്താവണമെന്ന് യാതൊരു ധാരണയുമില്ലായിരുന്നു. ആ തുറന്ന ലോകം എനിക്ക് അപരിചിതമായിരുന്നു. ഞാൻ പഠനത്തിൽ ഏറെ ഉഴപ്പി. അകാരണമായി അസ്വസ്ഥമായിരുന്നു മനസ്സ്.

ആർട്സ് കോളേജ് എനിക്കു തന്നത് കുറെ നല്ല സൗഹൃദമാണ്. എൻ്റെ സീനിയേഴ്സ് ആയ ജോയ് മാത്യു, ആസാദ് മലയാറ്റൂർ, പ്രിയപ്പെട്ട സോമേട്ടൻ, സക്കറിയ, ഫറോക്കിൽ നിന്നു വരുന്ന പ്രദീപും, പ്രവീണും, പിന്നെ ഷാജി ഇ കെ, ഇന്നും എന്നും കൂടെയുള്ള അജയകുമാർ തുടങ്ങി  ഒട്ടേറെപ്പേർ.

അക്കാലത്തെ എസ്എഫ്ഐ പ്രവർത്തകരായ പ്രേമ, സുമതി, പ്രദീപ് കുമാർ, കൃഷ്ണപ്രസാദ് , മുബാരക്ക് സാനി, ആരിഫ, ഷിബു മുഹമ്മദ് തുടങ്ങിയവർക്കൊപ്പം ചിലവഴിച്ച മീറ്റിങ്ങുകളും  സൗഹൃദങ്ങളുമൊക്കെയാണ് ആ കാലത്തിൻ്റെ ബാക്കിപത്രം. ഇന്നും എന്നെ മുന്നോട്ടുകൊണ്ടു പോകുന്നതില്‍ ആ സൗഹൃദങ്ങള്‍ക്ക് ഏറെ പങ്കുണ്ട്.

Sajitha Madathil throwback

ഡിഗ്രിക്കാലം

ഞാനന്ന് ഗൗരവമായി പഠിക്കാതിരുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. അതു നന്നായെന്ന് ഇപ്പോള്‍ തോന്നാറുണ്ട്. കാരണം ഇതാണ് എന്‍റെ ജീവിതകാഴ്ചയെ ഏറെ മാറ്റിയത്. ഞാന്‍ വീണ്ടും പഠനത്തിലേക്ക് കടക്കുമ്പോള്‍ തീര്‍ത്തും പുതിയ ഒരാളായി മാറിയിരുന്നു. അതു കഴിഞ്ഞ് ബിഎ എക്കണോമിക്സ് പ്രൈവറ്റ് ആയിട്ടാണ് പഠിച്ചത്.

അക്കാലത്തെ എൻ്റെ കൂട്ടുകാരികളായിരുന്നു ബിൽബി മാത്യുവും, സീതയും , വിമലയും, സിന്ധുവും, അനിതയും രേഖയുമൊക്കെ. ഇതിൽ ബിൽബിയെയും സീതയേയും ഞാൻ പിന്നെ കണ്ടിട്ടേ ഇല്ല.അവർ എനിക്കേറെ പ്രിയപ്പെട്ടവർ ആയിരുന്നു. ബിൽബി ചോറു പൊതിയിൽ കൊണ്ടു വന്നിരുന്ന കോവയ്ക്ക മെഴുക്കുപുരട്ടി പിന്നീട് എൻ്റെ പ്രിയപ്പെട്ട വിഭവമായത് എങ്ങിനെയാണ് അവളെ അറിയിക്കുക.

ബി.എ റിസൾട്ട് വരുമ്പോഴേക്കും എനിക്കൊരു ജോലി കിട്ടിയിട്ടുണ്ടായിരുന്നു,  ആഴ്ചവട്ടം ഗവൺമെൻറ് സ്കൂളിൽ ക്ലർക്ക്  ആയിട്ടാണ് ആദ്യം ജോലിക്ക് കയറിയത്. അച്ഛൻ മരിച്ചതിൻ്റെ തുടർച്ചയായി ലഭിച്ചതായിരുന്നു അത്. ഞാനൊഴികെ എല്ലാവരും അതെൻ്റെ ജീവിത വഴിയാവുമെന്ന് കരുതി. എനിക്ക് ഒന്നിലും അന്നും ഇന്നും തീർച്ചയില്ലായിരുന്നു.

അതിനിടക്ക് അമ്മയും ഞങ്ങളും സ്വന്തമായൊരു വീടെടുത്ത്, അമ്മൂമ്മയുടെ വീട്ടിൽ നിന്നും അങ്ങോട്ടേക്ക്  താമസം മാറി. അപ്പോഴാണ് ഞങ്ങൾ മൂന്ന് പേരുടെയും ലോകം ഒന്നായിത്തുടങ്ങിയത്. ശ്മശാനവും ചേരിപ്രദേശവുമൊക്കെ അടുത്തുള്ള മാനാരി പാടത്തിനും തിരുവണ്ണൂരിനും ഇടയ്ക്കുള്ള ഒരു സ്ഥലത്തായിരുന്നു ഞങ്ങളുടെ വീട്.

തൊഴിലാളികൾ മാത്രം താമസിക്കുന്ന ഒരിടമായിരുന്നു അത്. അവിടെയുള്ള  ആളുകളുടെ കൂടെ പണിയെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതായിരുന്നു അമ്മയുടെ ഉദ്ദേശം. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ അനുജത്തി ലീല മേമയും മക്കൾ മനോജും മധുവും ഞങ്ങൾക്കൊപ്പം വന്നു ചേർന്നു.

മേമ അന്ന് ഭർത്താവിനെ പിരിഞ്ഞ് മക്കൾക്കൊപ്പം ജീവിക്കാൻ ആരംഭിച്ചിരുന്നു. ചെറിയമ്മ ഞങ്ങളുടെ തൊട്ടു പുറകിൽ തന്നെ വീടും വെച്ചു. ഗാർഹിക പീഢനത്താൽ സഹിക്കവയ്യാതെ വേർപിരിഞ്ഞ് കുറെ കാലം താമസിച്ച ശേഷമാണ് ലീല മേമ ബന്ധം വേർപ്പെടുത്തുന്നത്.

ചെറിയ തൊഴിലുകൾ ചെയ്തത് തുടങ്ങി പതുക്കെ തൻ്റെ ആൺമക്കളെ മിടുക്കരായി വളർത്തി, ആ ചെറിയ കുടുബത്തിന് സാമ്പത്തിക കെട്ടുറപ്പ് ഉണ്ടാക്കിയെടുത്ത അധ്വാനിയായ  ലീലമേമയാണ് ഞങ്ങൾ പെണ്ണുങ്ങളിൽ എൻ്റെ മാതൃക. കോവിഡ് കാലത്താണ് ചെറിയമ്മ മരിക്കുന്നത്. ഞാനപ്പോൾ ഇന്ത്യയിലില്ലായിരുന്നു. ഞാൻ യാത്ര തിരിക്കും മുമ്പ് കണ്ടിരുന്നു എന്നതാണ് ആശ്വാസം .

വീട്ടിൽ നിന്നും ഒന്നു പുറത്തിറങ്ങി നടന്നാൽ മാനാരിപ്പാടമായി. ആ സ്ഥലത്തെക്കുറിച്ച് ഓർക്കുമ്പോൾ അവിടുത്തെ ശ്മശാനത്തിൽ നിന്ന് ഉയരുന്ന പുകമണം ഓർമ വരും. അമ്മ സ്ത്രീകളോടൊപ്പം പ്രവർത്തിച്ചു, സമാജം ഉണ്ടാക്കി.

നേരത്തെ പറഞ്ഞ പോലെ ഒന്നിച്ച് കുറേ കാര്യങ്ങൾ ചെയ്യാനും പല കാര്യങ്ങളും തുറന്നു സംസാരിക്കാനുമൊക്കെയുള്ള ഒരു രീതി പതിയെ അമ്മക്കും സബിക്കും എനിക്കുമിടയിൽ രൂപപ്പെട്ടു തുടങ്ങി. അങ്ങനെയാണ് ഞങ്ങൾ ഒന്നിച്ച് വലപ്പാട്ടെ പത്ത് ദിവസം നീണ്ടു നിന്ന വനിതാ ശിബിരത്തിൽ  പങ്കെടുക്കുന്നത്. അത് എൻ്റെ ജീവിതത്തെ, ഞങ്ങളുടെ ജീവിതത്തെ, പൂർണ്ണമായും മാറ്റി.

തുടരും...

സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ' ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം: 

Sajitha Madathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: