scorecardresearch

"അവളുടെ ശരിയല്ലാത്ത പോക്ക്!"

"പുരുഷതന്ത്രങ്ങള്‍, ശാഠ്യങ്ങള്‍, ഈഗോകള്‍ എന്നിവ മനസ്സിലാക്കി തന്ത്രപരമായി അവയെ നേരിടാനാവാതെ ഞാന്‍ പലപ്പോഴും വിഷമിച്ചു"- സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ', അധ്യായം 10

"പുരുഷതന്ത്രങ്ങള്‍, ശാഠ്യങ്ങള്‍, ഈഗോകള്‍ എന്നിവ മനസ്സിലാക്കി തന്ത്രപരമായി അവയെ നേരിടാനാവാതെ ഞാന്‍ പലപ്പോഴും വിഷമിച്ചു"- സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ', അധ്യായം 10

author-image
Sajitha Madathil
New Update
Sajitha Madathil Memories

The Life and Work of Sajitha Madathil-Chapter 10

കേരള ശാസ്ത്ര സാഹിത്യപരിഷത്തും  അതിലൂടെ ആർജ്ജിച്ച സ്ത്രീ പുരുഷ തുല്യതയെ കുറിച്ചുള്ള പുതിയ ബോധവും ലോകത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ ഏറെ മാറ്റി. എന്‍റെ ഇഷ്ടാനിഷ്ടങ്ങളില്‍വന്ന ഈ മാറ്റം അമ്മയിലെ സാമൂഹ്യപ്രവര്‍ത്തകയുടെ പാതിമനസ്സ് സ്വീകരിച്ചെങ്കിലും, ആധിനിറഞ്ഞ മറ്റേപാതി എതിര്‍ത്തുകൊണ്ടിരുന്നു.

Advertisment

മറ്റുള്ളവര്‍ അച്ഛനില്ലാത്ത പെണ്‍കുട്ടിയുടെ 'ശരിയല്ലാത്ത' പോക്കുകണ്ട് ദു:ഖിച്ചിട്ടുണ്ടാവണം. എങ്കിലും തള്ളിപ്പറഞ്ഞില്ല എന്നത് 'പഴയ സജിതയെ' അവര്‍ സ്നേഹിച്ചിരുന്നതുകൊണ്ടായിരുന്നു  എന്നെനിക്ക് തോന്നിയിട്ടുണ്ട്. വിവാഹത്തെ കുറിച്ചുള്ള ചർച്ചകളും എന്നെ ആ കാലത്ത് അസ്വസ്ഥയാക്കിയിരുന്നു. "സാവിത്രിക്ക് രണ്ട് പെൺകുട്ടികളാണ്" എന്ന ആശങ്ക നിറഞ്ഞ വർത്തമാനങ്ങൾ  ഞങ്ങൾക്കു ചുറ്റുമുള്ള വായുവിൽ തളം കെട്ടി നിന്നു.

അതു കൊണ്ട് എന്ത്? എന്ന ചോദ്യം മനസ്സിൽ ഉയർന്നു വന്നിരുന്നു. അതിനെയൊക്കെ നിരാകരിക്കണം എന്നുണ്ടായിരുന്നു എനിക്ക്. എനിക്കു മാത്രമല്ല അനുജത്തി സബിതക്കും. പരമ്പരാഗത രീതിയിലല്ലാതെ വിവാഹം കഴിക്കണമെന്നും ജീവിച്ച് കാണിച്ചുകൊടുക്കണമെന്നും ആഗ്രഹിച്ചു. (പിന്നീട് ആരെ വിവാഹം കഴിച്ചു, അതുകൊണ്ട് എന്തുണ്ടായി എന്നുള്ളതൊക്കെ വേറെ കാര്യമാണ്). 

പരീക്ഷണങ്ങളിലേക്ക് ഞാൻ എടുത്തു ചാടിയിട്ടുണ്ട്. പലതിലും അതിഭീകരമാം വിധം തകർന്ന് തരിപ്പണമായിട്ടുമുണ്ട്. ആഴത്തിൽ മുറിപ്പെട്ടിട്ടുണ്ട്, അതിലുമാഴത്തിൽ വേദനിച്ചിട്ടുണ്ട്, പ്രാണൻ പിടയും പോലെ കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ കൂടുതൽ ശക്തയായി മുന്നോട്ട് വന്നിട്ടുമുണ്ട്.

Advertisment

Sajitha Madathil Part 10

ഇത്തരം സന്ദർഭങ്ങളിലെല്ലാം ഞാൻ അമ്മിണി അമ്മൂമ്മയെ ഓർക്കും. അമ്മൂമ്മയുടെ ആദ്യത്തെ  സംബന്ധം തൊട്ടടുത്ത തറവാട്ടിലേക്കായിരുന്നു. പതിവിനു വിരുദ്ധമായി അവിടുത്തെ അമ്മ മരിച്ചതിനാൽ അമ്മൂമ്മക്ക് സ്വന്തം തറവാട് വിട്ട് പോയി താമസിക്കേണ്ടി വന്നു. കിണറ്റിൻ  കരയിയിലും കൊട്ടത്തളത്തിലും മുറ്റത്തും പണിയെടുത്തു നടുവൊടിക്കുന്ന, സഹായികളാരുമില്ലാത്ത, അമ്മിണിയെ ആണ് വല്യമുത്തശ്ശൻ പിന്നെ ആ വഴിക്ക് പോകുമ്പോൾ കാണുന്നത്.

ഏക മകളുടെ അവസ്ഥ മുത്തശ്ശന് വലിയ സങ്കടം തന്നെയായിരുന്നു. ഒരു ദിവസം വല്യ മുത്തശ്ശൻ 'അമ്മിണിയേ തറവാട്ടിക്ക് പോരേ' എന്നു പറഞ്ഞ് വിളിച്ചു. അമ്മിണി കേൾക്കേണ്ട താമസം തൻ്റെ നനഞ്ഞ കൈ മുണ്ടിൽ തുടച്ച് വല്യ മുത്തശ്ശനൊപ്പം സ്ലോ മോഷനിൽ ഇറങ്ങി വന്നു.

ഈ കഥ പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുള്ളതാണ്. എങ്കിലും അധികമൊന്നും പരിചയമില്ലാത്ത ഒരാളൊത്ത് സ്വന്തം തീരുമാനപ്രകാരം കുറച്ച് മാസങ്ങൾ താമസിച്ച് ഒട്ടും സാധ്യമാവില്ലെന്ന തിരിച്ചറിവിൽ തകർന്നു തരിപ്പണമായി ഇരുപതുകളുടെ തുടക്കത്തിൽ ഞാൻ വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ കാര്യങ്ങൾ അമ്മിണി മുത്തശ്ശി ഇറങ്ങി വന്നത്ര സുഖകരമായിരുന്നില്ല.

വിവാഹം, ഭർത്താവ് കുടുബം, അതിനകത്തെ കൊടുക്കൽ- വാങ്ങലുകൾ, സാമ്പത്തിക ഉത്തരവാദിത്വം, തുടങ്ങിയവയൊന്നും എനിക്ക് പരിചിതമല്ലായിരുന്നു. സ്ത്രീ- പുരുഷ സമത്വത്തിലധിഷ്ഠിതമായ  ഒരു ബന്ധമായിരുന്നു ഞാൻ ആഗ്രഹിച്ചത്. മനുഷ്യർ തമ്മിൽ ചേരുന്നതാണ് ഏതൊരു ബന്ധത്തിൻ്റെയും ആദ്യത്തെ കണ്ണിയെന്ന് മനസ്സിലാക്കാൻ വീണ്ടും കാലമേറെ എടുത്തു.

എനിക്ക് അടുത്ത് പരിചയമുള്ള പുരുഷന്മാർ എൻ്റെ അമ്മാവൻമാരായിരുന്നു. സ്നേഹ സമ്പന്നരായിരുന്നു അവരെല്ലാം. അവർ ആരോടും തർക്കത്തിലേർപ്പെടുന്നതോ വഴക്കടിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. ഭാര്യയുടെയും അമ്മയുടെയും അഭിപ്രായങ്ങൾക്ക് അവർ വില നൽകിയിരുന്നു.

Sajitha Madathil

ഭാര്യ ദോശ ചുടുന്ന അടുപ്പിൻ്റെ വീതിനപ്പുറത്തിരുന്ന് ചൂടോടെ ദോശയും ചട്ടിണിയും കഴിച്ചു കൊണ്ട് "ലീലയുടെ കല്യാണത്തിന് പോകുമ്പോ നീ ഉടുക്കുന്ന സാരി പച്ചയാണോ നീലയാണോ..." എന്ന് ചോദിച്ച്  അത് ഇസ്തിരിയിട്ട് കൊടുക്കുന്ന ഒരു ഭർത്താവാണ് തനിക്ക് വേണ്ടതെന്ന് തമാശ പറയുന്ന ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു. കൂടെ ജീവിക്കാൻ പോകുന്ന പുരുഷനിൽ എന്നെ തുല്യതയോടു കൂടി കാണാനുള്ള ബോധം വേണം എന്നേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ.

എനിക്കു പരിചിതമായ പുരുഷലോകം തുടക്കകാലത്ത്  ഏറെ പരിമിതമായിരുന്നു. അതിനാല്‍ തന്നെ പുരുഷതന്ത്രങ്ങള്‍, ശാഠ്യങ്ങള്‍, ഈഗോകള്‍ എന്നിവ മനസ്സിലാക്കി തന്ത്രപരമായി അവയെ നേരിടാനാവാതെ ഞാന്‍ പലപ്പോഴും വിഷമിച്ചു. ഉറക്കെ ശബ്ദമുണ്ടാക്കി ബഹളം വെക്കുന്ന പുരുഷന്മാരെ  എങ്ങിനെയാണ് നേരിടേണ്ടതെന്ന് എനിക്കിപ്പോഴും അറിയില്ല. അത്തരം നിമിഷങ്ങളില്‍ ഞാൻ ഏറെ അസ്വസ്ഥയാവുകയും, തിരിച്ചുള്ള പ്രതികരണം എങ്ങിനെയാവണമെന്നറിയാതെ വിഷമിക്കുകയും ചെയ്യാറുണ്ട്.

ആദ്യകാലങ്ങളില്‍ അവര്‍ എന്നെ അരുമയായ ശിഷ്യയായും, അനുജത്തിയായും കരുതി. ചേട്ടന്മാരുടെ, അമ്മാവന്മാരുടെ തുടര്‍ച്ച തന്നെയാണ് പൊതുലോകത്തും പുരുഷന്മാര്‍ പെണ്‍കുട്ടികളില്‍നിന്നു പ്രതീക്ഷിക്കാറ്. തുടക്കത്തില്‍ ഞാനവര്‍ക്ക് കൗതുകമുള്ള, പ്രിയപ്പെട്ട ഒരാളായിരുന്നു. കളിയാക്കിയും, സ്നേഹിച്ചും  കൂടെ കൂട്ടി.

പിന്നെ സ്വതന്ത്രമായ അഭിപ്രായങ്ങളും, ജീവിതസങ്കല്‍പ്പങ്ങളുമുള്ള എന്നിലെ പെണ്ണിനെ അവര്‍ അപകടത്തോടെ വീക്ഷിച്ചു. പൊതു ഇടങ്ങളും, കുടുംബവും അവര്‍ക്ക് പരസ്പരം വായുസഞ്ചാരമില്ലാത്ത, ഒരു ജനലുപോലുമില്ലാത്ത രണ്ടിടങ്ങളായിരുന്നു. അവരുടെ ജീവിതത്തിലേക്ക് കടന്നുചെന്ന സ്തീകളിൽ ചിലര്‍ അവയ്ക്കിടയിൽ  ഒരു ജനല്‍ പണിത് പുറംലോകത്തേക്ക് ഇടക്കിടെ തലയിലും കൈയുമിട്ട് ആശ്വസിച്ചു. ജനലുകള്‍ ആവശ്യാനുസരണം തുറക്കുവാനും അടക്കുവാനും അവര്‍ പഠിച്ചു.

ആൺ-പെൺ സൗഹൃദങ്ങൾക്ക് ഒരിടവും അന്നില്ലായിരുന്നു. വിവാഹത്തിലേക്ക് എല്ലാ സ്ത്രീ- പുരുഷ ബന്ധങ്ങളും എത്തിക്കാൻ സമൂഹം തിടുക്കം കൂട്ടി. പരസ്പരം പരിചയപ്പെടാനും അതിന് സമയം കൊടുക്കാനുമൊന്നും സമൂഹം സമ്മതിക്കുന്ന പ്രശ്നമേ ഇല്ല. സമാന ചിന്താഗതിക്കാരായ ഒട്ടേറെ കൂട്ടുകാർക്ക് കാണാൻ, ഒന്നിച്ചിരിക്കാൻ, പറ്റുന്ന പൊതു ഇടങ്ങൾ, വീടുകൾ ഇന്ന് പലയിടങ്ങളിലുമുണ്ട്. യോജിച്ചു പോകാനാവില്ല എന്ന തിരിച്ചറിവിൽ രണ്ടായി പിരിയാനും സുഹൃത്തുക്കളായി തുടരാനുമുള്ള സാധ്യതകളുണ്ട്.

എനിക്ക് അത്രയും ചെറുപ്പത്തിൽ ഒരു അടുത്ത ബന്ധം  വേണമായിരുന്നോ എന്നു ചോദിച്ചാൽ ചിലപ്പോൾ വേണ്ടായിരിക്കാം. അന്നു തോന്നിയത് വെറുമൊരു ആകർഷണമാവാം. ചിലപ്പോൾ കുറച്ചു സമയം കിട്ടിയിരുന്നെങ്കിൽ തുടക്കത്തിലെ ആകർഷണത്തിനപ്പുറം അതിനൊരു നിലനിൽപ്പില്ലാതെ സ്വാഭാവികമായി തന്നെ ഇല്ലാതായി പോയേനെ.  

ഇപ്പോൾ പെൺകുട്ടികൾക്ക് ധാരാളം സ്പേസ് ഉണ്ട്. ഒരു പ്രതിസന്ധി വന്നു കഴിഞ്ഞാൽ പറയാൻ വേണ്ടി അവരെപ്പോലെ ചിന്തിക്കുന്ന എത്രയോ സ്ത്രീകൾ ചുറ്റുമുണ്ട്. "എടാ നീ വാ, നമുക്ക് സംസാരിക്കാം, നീ അവനെയും കൂട്ടി വാ, നമുക്കൊന്ന് സംസാരിച്ചു നോക്കാം" എന്നൊക്കെ പറയാവുന്ന എത്രയോ സുഹൃത്തുക്കളും നമുക്കുണ്ട്,  ഇന്നത്തെ തലമുറയ്ക്കുണ്ട്. പക്ഷേ അന്ന് പരമ്പരാഗത കുടുംബങ്ങൾ അല്ലാത്ത ഒരു കുടുംബവും ഇല്ല ഞങ്ങളുടെ മുന്നിൽ. പുരോഗമനപരം  എന്ന് പറയുന്ന കുടുംബങ്ങൾ പോലും തുലോം വിരളം.

എനിക്ക് അത്തരത്തിൽ വ്യത്യസ്തമായി ജീവിക്കുന്ന, ഇത്തരം കാര്യങ്ങൾ അവധാനതയോടെ മനസ്സിലാക്കുന്ന ഒരേ ഒരിടമേ അക്കാലത്ത് അറിയുമായിരുന്നുള്ളൂ. അത് മൈത്രേയൻ്റെയും ജയശ്രിയുടെയും വീടാണ്. അവരുമായി അക്കാലത്ത് നടത്തിയ സംസാരങ്ങളാണ് എന്നെ മുന്നോട്ട് നയിച്ചത്. പല പ്രതിസന്ധി ഘട്ടങ്ങളിലും ഞാൻ ധൈര്യത്തോടെ ജീവിക്കാം എന്നു തീരുമാനിച്ചത് അങ്ങിനെയാണ്. അത് ഒട്ടും ചെറിയ കാര്യമായിരുന്നില്ല.

-തുടരും

സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ' ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം: 

Sajitha Madathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: