scorecardresearch

പെണ്ണുങ്ങൾക്ക് പറ്റിയ പണി ചെയ്താൽ പോരേ? നാടകമെഴുതണോ?

"വിവിധ തലങ്ങളിൽ കൂട്ടമായും ഒറ്റക്കും പണിയെടുക്കുന്ന സ്ത്രീകളുടേതു കൂടിയാണ് ഈ നാടകവേദി, ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും" സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 20

"വിവിധ തലങ്ങളിൽ കൂട്ടമായും ഒറ്റക്കും പണിയെടുക്കുന്ന സ്ത്രീകളുടേതു കൂടിയാണ് ഈ നാടകവേദി, ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും" സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 20

author-image
Sajitha Madathil
New Update
Sajitha Madathil |  Memories

The Life and Work of Sajitha Madathil-Chapter 20

കേരള ചലച്ചിത്ര അക്കാദമിയിൽ ജോലി ചെയ്ത നാലു വർഷത്തിൽ നാടകത്തെ എത്തിപ്പിടിക്കുക അത്ര എളുപ്പമായിരുന്നില്ല. പി.ആർ. ഡിയുടെ നേതൃത്വത്തിൽ നടന്ന നാഷനൽ തീയേറ്റർ ഫെസ്റ്റിവലിൻ്റെ ക്യുറേഷൻ്റെ ഭാഗമാകാൻ അവസരം ലഭിച്ചിരുന്നു. ദീപൻ ശിവരാമൻ്റെ 'സ്പൈനൽ കോഡി'ലെ ഒരു കഥാപാത്രം ചെയ്യാനായി ക്ഷണിക്കുന്നതും അക്കാലത്താണ്. ജോസ് പി . ജയിംസ് ഏല്ല്യ, സുനിൽ സുഗത, അടാട്ട് ഗോപാലൻ , രാമൻ, നമ്മെ വിട്ടുപിരിഞ്ഞ അനിൽ തുടങ്ങിയവർക്കൊപ്പം നാടകം ചെയ്യാനായത് അക്കാലത്ത് ഏറെ സന്തോഷമുണ്ടാക്കിയ അനുഭവമാണ്.

Advertisment

പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത 'മതിലുകളി'ലും അക്കാലത്ത് അഭിനയിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ഫൗണ്ടേഷൻ ഓഫ് ആർട്ടിൻ്റെ ഫെലോഷിപ്പും കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ സീനിയർ ഫെലോഷിപ്പും കിട്ടിയത് കലാരംഗത്തെ വിവിധ തലത്തിലുള്ള എൻ്റെ ഗവേഷണത്തിനെ മുന്നോട്ട് കൊണ്ടുപോകാൻ ഏറെ സഹായകരമായിരുന്നു.

പി.ആർ.ഡിക്കു വേണ്ടി ഞാൻ ഏറെ ആദരിക്കുന്ന, സ്നേഹിക്കുന്ന പി.കെ മേദിനിയെ കുറിച്ച് ഒരു ഡോക്യുമെൻ്റി എടുക്കാനും അവർക്കൊപ്പം കുറെ ദിവസങ്ങൾ ചിലവഴിക്കാനുമായതാണ് ആ കാലത്തുണ്ടായ മറ്റൊരു വലിയ സന്തോഷം. ഷഹനാദ് ജലാൽ ക്യാമറയും, ബി അജിത്ത് കുമാർ എഡിറ്റിങ്ങും, കൃഷ്ണനുണ്ണി സൗണ്ട് ഡിസൈനും നിർവ്വഹിച്ച ഈ ഡോക്യുമെൻ്ററി സാധ്യമായത്  പി.ആർ.ഡിയിലെ ഈ വിഭാഗത്തിൻ്റെ ചുമതലയുണ്ടായിരുന്ന പ്രിയപ്പെട്ട സുധക്കുട്ടിയുടെ താൽപര്യം ഒന്നുകൊണ്ടു മാത്രമാണ്.

Sajitha Madathil
പി.കെ മേദിനിയ്‌ക്കൊപ്പം
Advertisment

ചലച്ചിത്ര അക്കാദമിയിലെ  തിരക്കിട്ട ജോലികൾക്കിടയിലാണ് മലയാളനാടക സ്ത്രീചരിത്രമെഴുതി തീർത്തത്. അത് എഴുതാനും പ്രസിദ്ധീകരിക്കാനും പത്തു വർഷത്തോളമെടുത്തു. പല കാലങ്ങളായി നടത്തിയ പഠനങ്ങളെ മലയാളനാടക ചരിത്രവുമായി ഇഴചേർത്ത് ഒരു സ്ത്രീചരിത്രം രൂപപ്പെടുത്താനാണ് ഞാൻ ശ്രമിച്ചത്. "ഇതാ ഈ ചരിത്രത്തിൽ ഞങ്ങളും ഉണ്ടായിരുന്നു!" എന്ന് ഉറക്കെ പറയാനുള്ള ശ്രമം.  

ഈ അടുത്ത കാലത്ത് എൻ്റെ സമകാലീനരായ കുറച്ച് സ്ത്രീനാടകപ്രവർത്തകർക്കൊപ്പം  ഒരു വേദി പങ്കിട്ടിരുന്നു. അതിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ വന്നപ്പോൾ  ചിലർ  അതാഘോഷിച്ചത് ഏറെ പരിഹാസത്തോടെയാണ്. "ഈ പെണ്ണുങ്ങൾ നാടകം ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ ലിസ്റ്റ് തരൂ..." തുടങ്ങിയ കമൻ്റുകൾ നാടകപ്രവർത്തകരെന്ന് അറിയപ്പെടുന്നവർ എഴുതിയത് കണ്ടു. എനിക്കതു കണ്ട് അത്ഭുതമൊന്നും തോന്നിയില്ല. ചരിത്രം മുഴുവൻ ഈ പരിഹാസവും നിശ്ശബ്ദമാക്കലും കണ്ടതുകൊണ്ട് തന്നെയാണ് മലയാളനാടക സ്ത്രീചരിത്രം എഴുതാൻ ശ്രമിച്ചത്. 

നാടകത്തിലേക്ക് ഇനി വരുന്ന തലമുറയിലെ പെൺകുട്ടികൾക്ക് ആത്മവിശ്വാസം നൽകാനും കൂടിയാണ് അവരുടെ തലമുറയുടെ ചരിത്രം എഴുതിയത്.  കേരളത്തിലെ സ്ത്രീനാടക പ്രവര്‍ത്തകരുടെ സംഭാവനകള്‍ ഉള്‍ച്ചേര്‍ന്ന ഒരു നാടക ചരിത്രത്തിലേക്ക് കടന്നുചെല്ലുക എന്നത് ഒട്ടും സ്വാഭാവികമായി സംഭവിച്ചതല്ല. കേരളത്തിൽ വളർച്ച പ്രാപിച്ച സ്ത്രീപക്ഷചിന്തയുടെ തുടർച്ച കൂടി ആയിരുന്നു ആ പുസ്തകം. ഏതായാലും 2010ലെ നാടക പുസ്തകത്തിനുള്ള സംഗീത നാടക അക്കാദമി അവാർഡ് ആ കൃതിക്ക് ലഭിച്ചത് ആ എളിയ പരിശ്രമത്തിനുള്ള  വലിയ അംഗീകാരമാണെന്നും ഞാൻ കരുതുന്നു.

Sajitha Madathil
നാടക രചനക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം നേടിയപ്പോൾ

സ്ത്രീസഹപ്രവർത്തകരെ അംഗീകരിക്കാനും അവരുടെ നാടകപ്രവർത്തനങ്ങളെ സഹിഷ്ണുതയോടെ കാണാനും നാടകരംഗത്ത് നിൽക്കുന്ന പലർക്കും സാധിക്കുന്നില്ല  എന്നതാണ് സത്യം. അടുത്ത സുഹൃത്തുക്കളാണെങ്കിൽ അവർക്ക് വേണ്ടി നിൽക്കും, അത്രതന്നെ. തുറന്ന രീതിയിൽ തന്നെ ഈ രംഗത്ത് സ്ത്രീ വിരുദ്ധത നിലനിൽക്കുന്നതായി കാണാം. ഒരുപക്ഷെ, അതിനൊരു പ്രധാന കാരണം അവസരങ്ങളുടെയും ഫണ്ടിൻ്റെയും ലഭ്യത കുറവ് ആവാം. പുതിയ വായനയുടെയും ചിന്തയുടെയും കുറവാണ് ഇതിൻ്റെ  മറ്റൊരു അടിസ്ഥാനമെന്ന് തോന്നുന്നു.

പരിഹാസവും പുച്ഛവുമാണ് ആ പഴയ ആൺ തലമുറയുടെ മുഖമുദ്ര. എന്നാൽ പുതിയ തലമുറയിലെ, എഴുപതുകളിലെ ഹാങ്ങ്ഓവർ ഇല്ലാത്ത കുറെ ചെറുപ്പക്കാർ, മലയാള നാടകവേദിയിൽ ഗൗരവമുള്ള നാടകങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. അവരുടെ ഇടപെടലിൻ്റെ തുറസ്സ് നമുക്ക് കാണാനാവും. മാളുവും, കല്ലുവും, ഗാർഗിയും, ആതിരയും  സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പുറത്തിറങ്ങിയ പുതിയ പെൺകുട്ടികളുമെല്ലാം മാറി വരുന്ന നാടകവേദിയുടെ മുഖമാണ്. ഞങ്ങളുടെ തലമുറ അനുഭവിച്ച സ്ത്രീവിരുദ്ധത അവർ ഒരു നിമിഷത്തേക്ക് പോലും ഏറ്റെടുക്കില്ല എന്നതും ആശ്വാസകരമാണ്. 

'മത്സ്യഗന്ധി' എഴുതിയ കാലം. അക്കാദമിയുടെ മുറ്റത്ത് വെച്ച് പ്രമുഖനായ ഒരു നാടകപ്രവർത്തകൻ പരിഹാസച്ചിരിയോടെ ചോദിച്ചു. "നന്നായി അഭിനയിക്കില്ലേ, പിന്നെ എന്തിനാ ഈ നാടകമെഴുത്ത്? പറ്റിയ പണി ചെയ്താൽ പോരേ?"  എനിക്ക്  ആ സംഭാഷണം ഏറെ വിഷമമുണ്ടാക്കി. വളരെ കഷ്ടപ്പെട്ടാണ് ഓരോ സ്ത്രീയും ഞങ്ങളുടെ കാലത്ത് നാടകത്തിൽ ഇടപെടുന്നത്. എന്നെപ്പോലെ ഏറെ വിഷമിച്ച് ഈ രംഗത്ത് നിൽക്കുന്ന ഒരു സ്ത്രീയുടെ ആത്മവിശ്വാസം തകർക്കുന്നതായിരുന്നു  ആ ചോദ്യം.

കുറേക്കാലം അതെന്നെ അസ്വസ്ഥതപ്പെടുത്തിയെങ്കിലും തുടർന്നും ഞാൻ നാടകമെഴുതി. 'ചക്കീ ചങ്കരൻ - ഒരു ഫാമിലി റിയാലിറ്റി ഷോ,' 'മദേഴ്സ് ഡേ,' 'കാളി നാടകം,' 'ഷീ ആർക്കൈവ്' തുടങ്ങിയ നാടകങ്ങളെല്ലാം അതിനു ശേഷം എഴുതിയവയാണ്.

മത്സ്യഗന്ധിയും കാളി നാടകവും കേരളത്തിനകത്തും പുറത്തും യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്നുമുണ്ട്. അതിനിടക്ക് ഞാൻ ചലച്ചിത്ര അക്കാദമിക്കു വേണ്ടി ആദ്യകാല നടികളായ എം. കെ. കമലം, മിസ് കുമാരി എന്നിവരുടെ ജീവചരിത്രങ്ങളെഴുതി,  നാടകസംബന്ധിയായ ലേഖനങ്ങളുടെ ഒരു സമാഹാരവും പുറത്തുവന്നു. 

Sajitha Madathil
സംഗീത നാടക അക്കാദമി അവാർഡ് നേടിയപ്പോൾ, മകനൊപ്പം

നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് എനിക്ക് ലഭിച്ചപ്പോൾ കുറെ നാടക പ്രവർത്തകർ കൂട്ടം ചേർന്ന് ആക്രമിച്ചു. മറ്റു രാഷ്ടീയ പരിഗണനകളാണ് ഈ അവാർഡിന് കാരണമെന്നും, നാടക രംഗത്ത് ഒരു സംഭാവനയുമില്ലാത്ത വ്യക്തിയാണ് ഞാനെന്നും അവരുടെ ലൈവ് വീഡിയ കളിലൂടെയും അവതരിപ്പിച്ചു. അതിനു മുമ്പും ശേഷവും എത്രയോ ആൺ നാടകപ്രവർത്തകർക്ക് ഇതേ അവാർഡ് ലഭിച്ചപ്പോൾ കിട്ടാത്ത അത്രയും സൂക്ഷ്മമായ ഓഡിറ്റിങ്ങിലൂടെ ഞാൻ കടന്നു പോയി. 

ഈ അവാർഡ് പ്രഖ്യാപിക്കുമ്പോൾ ഞാൻ കേരളത്തിലില്ലായിരുന്നു. ഈ  ചർച്ചക്ക് മുൻകൈ എടുത്തവരുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലുള്ള സ്ത്രീ വിരുദ്ധതയുടെ പ്രതിഫലനം അവരുടെ അഭിപ്രായത്തിലും വ്യക്തമായി തെളിയുന്നുണ്ടായിരുന്നു. ഞാൻ ആ അവാർഡ് വാങ്ങിക്കാൻ പോയത് എൻ്റെ മകനോടും, നാടക സുഹുത്തുക്കൾക്കുമൊപ്പമാണ്. അവരുടെ മുഖത്തു കണ്ട എന്നെ കുറിച്ചുള്ള   അഭിമാനം മാത്രം ആയിരുന്നു എനിക്ക് ആ അവാർഡ് കൈപ്പറ്റാനുള്ള ധൈര്യം. അത്രക്കും ആ ചർച്ചകൾ എന്നെ തകർത്തിയിരുന്നു.  നാടകത്തെ കുറിച്ച് ഇനി ആലോചിക്കരുതെന്നു പോലും ഞാനാക്കാലത്ത് കരുതി.

Sajitha Madathil
ജിഷ അഭിനയയും സജിത മഠത്തിലും

നാടക രചനക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം ജിഷ അഭിനയക്കൊപ്പം ലഭിച്ചപ്പോഴും പ്രതികരണങ്ങളിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. സാഹിത്യ അക്കാദമിയുടെ അറുപതോളം വർഷത്തെ നാടക രചനാ അവാർഡ് ലഭിക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും സ്ത്രീകളാണ് ഞാനും ജിഷയും.  

കൂടെ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് അവരർഹിക്കുന്ന ഇടം കൊടുക്കാനോ അവരോട് മര്യാദയുടെയും ബഹുമാനത്തോടെയും പെരുമാറാനോ അറിയാത്തവർ സ്ത്രീനാടക പ്രവർത്തകർക്ക് ലഭിക്കുന്ന ഏതൊരു അംഗീകാരത്തെയും ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്തുകൊണ്ടിരിക്കും. മറ്റ് സമാന സന്ദർഭങ്ങളിലും ഞാനത് അനുഭവിച്ചിട്ടുണ്ട്. ഈ രംഗത്ത് നിൽക്കുന്ന ഒരുവിധം എല്ലാ സ്ത്രീകളും  ഇതേ അനുഭവത്തിലൂടെയാണ് കടന്നുപോയിട്ടുള്ളതെന്ന് എനിക്കറിയാം. വിവിധ തലങ്ങളിൽ കൂട്ടമായും ഒറ്റക്കും പണിയെടുക്കുന്ന സ്ത്രീകളുടേതു കൂടിയാണ് ഈ നാടകവേദി, ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

-തുടരും

സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം: 

Memories Sajitha Madathil Memoirs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: