scorecardresearch

എനിക്കവളും അവൾക്ക് ഞാനും തണലായ കാലം

"ഒരു ഭാഗത്ത് കേരള പൊലീസ് നല്ല രീതിയിൽ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. മറ്റൊരു ഭാഗത്ത് എൻഐഎ, പിന്നെ സൈബർ പോരാളികളുടെ ആക്രമണം വേറൊരു വശത്ത്..." സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 26

"ഒരു ഭാഗത്ത് കേരള പൊലീസ് നല്ല രീതിയിൽ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. മറ്റൊരു ഭാഗത്ത് എൻഐഎ, പിന്നെ സൈബർ പോരാളികളുടെ ആക്രമണം വേറൊരു വശത്ത്..." സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 26

author-image
Sajitha Madathil
New Update
Sajitha Madathil |  Memories

The Life and Work of Sajitha Madathil-Chapter 26

മാനസികമായി തകർത്ത  സംഭവങ്ങൾ വീണ്ടും ഓർത്തെടുക്കാൻ  എനിക്ക്  പ്രയാസമാണ്.  അതിനാൽ അതുമായി ബന്ധപ്പെട്ട കുഞ്ഞി കുഞ്ഞി വിശദാംശങ്ങൾ ഞാൻ മറന്നു പോകും,   'അതെ അങ്ങിനെ ഒരു കാര്യം സംഭവിച്ചു' എന്നു മാത്രം പറയുന്നതാണ് ഇഷ്ടം. അതാണ് ഞാൻ എന്നെ തന്നെ സാന്ത്വനത്തിൻ്റെ തണലിൽ നിർത്താൻ എടുക്കുന്ന എളുപ്പ വഴി.

Advertisment

സഹോദരി സബിതയുടെ മകൻ അലനെതിരെ UAPA ചാർജ് ചെയ്ത സംഭവം എഴുതാൻ ശ്രമിക്കുമ്പോഴും ഞാൻ അതേ മാനസികാവസ്ഥയിലാണ്. പക്ഷെ അല്പം പ്രയാസപ്പെട്ടിട്ടാണെങ്കിലും അത് ഓർത്തെടുത്ത് ഇവിടെ എഴുതാൻ ശ്രമിക്കുകയാണ്. കാരണം എൻ്റെ കുടുബത്തെ മുഴുവൻ സങ്കടത്തിൻ്റെ തീരാദു:ഖത്തിലേക്ക് തള്ളിയിട്ട ഒരു കാര്യം പറയാതിരിക്കാനാവില്ല. പ്രത്യേകിച്ച് ഏറെ പ്രിയപ്പെട്ട മനുഷ്യർ UAPA ചാർജ് ചെയ്തു ജയിലിൽ അടക്കപ്പെടുന്ന ഈ കാലത്ത് അവരുടെ കുടുംബം കടന്നു പോകുന്ന അവസ്ഥ പറയേണ്ടതുണ്ട്.

ബ്രെയിൻ സർജറിയും, അമ്മയുടെ മരണവും കഴിഞ്ഞ് അല്പം ശാന്തമായ ദിവസങ്ങളിലൂടെ കടന്നുപോകുന്ന കാലമായിരുന്നു അത്.  കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിയ്ക്കായി, ആ സ്ഥാപനത്തിൽ നിന്നും അധികം ദൂരമില്ലാത്ത ഒരു വീട്ടിൽ  പേയിങ്ങ് ഗസ്റ്റ് ആയിട്ടായിരുന്നു ഞാൻ താമസിച്ചിരുന്നത്. അവധി ദിവസങ്ങളിൽ എറണാകുളത്തേക്ക് പോകും. ഇടക്ക് ആരോമൽ ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വരും. വല്ലപ്പോഴും സിനിമയിൽ അഭിനയിക്കും. ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളുമുണ്ട്. ഇങ്ങനെയൊരു കാലത്താണ് ജീവിതം മുഴുവൻ തിരിച്ചിട്ട ഒരു  വാട്സ്ആപ്പ് മെസേജ് 2019 നവംബർ  രണ്ടാം തിയ്യതി അതിരാവിലെ എന്നെ തേടി എത്തുന്നത്. 

'സജിത മഠത്തിലിന്റെ സഹോദരി സബിതയുടെ ഇളയ മകൻ അലനെ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്തു, ഇന്ന് പുലർച്ചെ വീട്ടിൽ ഇരുപതോളം വരുന്ന  പോലീസുകാർ റെയിഡ് നടത്തുകയും ചെയ്തു. എസ്എം സ്ട്രീറ്റിൽ വെച്ച് ആരോ കൊടുത്ത ഒരു ലഘുലേഖ അവന്റെ കൈയ്യിൽ ഉണ്ടായിരുന്നു എന്നതാണ് ആരോപണം. ഇതു നേരാണോ?' മലയാള മനോരമയിൽ നിന്ന് സുഹൃത്ത് സുൽഫിക്കറിൻ്റെതായിരുന്നു ആ മെസേജ്. പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നു അലൻ അപ്പോൾ. 

Advertisment
Sajitha Madathil
അലനും സബിതയ്ക്കുമൊപ്പം

ജീവിതത്തെ രണ്ടായി പകുത്ത ദിവസമായിരുന്നു അത്. നവംബർ ഒന്നാം തീയ്യതി വൈകിയിട്ട് പുറത്തിറങ്ങിയ അലനെ, അനുജത്തി പിന്നെ കാണുന്നത് പിറ്റെ ദിവസം പുലർച്ചക്ക് വീട്ടിലേക്ക് UAPA ചാർജ് ചെയ്ത്  കൊണ്ടു വരുമ്പോഴാണ്. വൈകുന്നേരത്തെ  അറസ്റ്റ്  വിവരം വീട്ടിൽ അറിയിച്ചിരുന്നില്ല.  

ഇരുപതിലധികം വരുന്ന പോലീസുകാർ വീട്ടിനകത്തേക്ക് ഇരമ്പി കയറിയപ്പോഴാണ് സബി വിവരം അറിയുന്നത്.  ഞങ്ങൾ വായിച്ചു വളർന്ന പുസ്തകങ്ങളുടെ ശേഖരത്തിൽ നിന്ന് അവർക്കാവശ്യമുള്ളത് റെയ്ഡിൻ്റെ ഭാഗമായി പെറുക്കിയെടുക്കാൻ തുടങ്ങിയപ്പോൾ ആദ്യത്തെ ഷോക്ക് മറികടന്ന് സബി അവരെ നേരിട്ടു. 

ഈ പുസ്തങ്ങൾ ഞാനും എൻ്റെ ചേച്ചിയും വായിച്ചവയാണ്. അലനും വായിച്ചിട്ടുണ്ടാവാം, അങ്ങിനെയെങ്കിൽ ഞങ്ങളെ കൂടി അറസ്റ്റു ചെയ്യണം, അവൾ ബഹളം വെച്ചു. അതിനാൽ അവൻ്റെ ഫോൺ തൊണ്ടിമുതലായി കൈക്കലാക്കി അവർ പിൻവാങ്ങി. നാട്ടുകാരും ബന്ധുക്കളും, പാർട്ടി പ്രവർത്തകരും എന്താണ് ചെയ്യേണ്ടതെന്നറിയാതെ വിഷമിച്ചു. 

ഞാൻ ആ വിവരം അറിഞ്ഞ നിമിഷം മുതൽ വിഷമം തങ്ങാനാവാതെ വാവിട്ടു കരയാൻ തുടങ്ങി. അലൻ ഞങ്ങളുടെ ഇളയ കുട്ടിയാണ്. സബി അവനെ പ്രസവിച്ചപ്പോൾ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. പഠനമാരംഭിച്ചപ്പോഴാണ് അവന് ലേണിങ്ങ് ഡിസെബിലിറ്റി ഉണ്ടെന്ന് തിരിച്ചറിയുന്നത്. പിന്നെ സബി കുറെ കാലം അവൻ്റെ വായനയെ, പഠനത്തെ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. അലൻ പതുക്കെ അവൻ്റെ വായനയും എഴുത്തും നേരെയാക്കി. പിന്നെ അവൻ പുസ്തകം താഴെ വെച്ചിട്ടില്ല. 

Sajitha Madathil
സബിതയും അലനും

അവൻ എനിക്ക് അലൻ വാവയാണ്. ഞങ്ങൾ സാഹിത്യവും, രാഷ്ട്രീയവും, നാടകവും എല്ലാം സംസാരിക്കുമായിരുന്നു. അവനെ, യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത ഒരാളെ ഇത്രയും വലിയ കുറ്റം ആരോപിച്ച് കേരളത്തിൽ അറസ്റ്റു ചെയ്തിരിക്കുന്നു. എനിക്കത് വിശ്വസിക്കാൻ പറ്റിയില്ല. 

ഞാൻ താമസിക്കുന്ന വീട്ടിലെ ചേച്ചി എന്നെ ചേർത്തു പിടിച്ച് കരയണ്ട എന്നൊക്കെ പറയുന്നുണ്ട്. വണ്ടി ഒറ്റക്ക് ഓടിക്കാൻ പറ്റാത്തതിനാൽ ഒരു ഡ്രൈവറെ വരുത്തി കൊച്ചിയിലേക്ക് പുറപ്പെട്ടു. കാറിലിരുന്ന് ഞാൻ പരിചയമുള്ള പലരേയും വിളിക്കുന്നുണ്ട്, മാധ്യമ പ്രവർത്തകർ എന്നെയും. ഇത്തരമൊരു സാഹചര്യം ഇതിനു മുമ്പ് നേരിടേണ്ടി വന്നിട്ടില്ല.

കൊച്ചിയിൽ എൻ്റെ സുഹൃത്തുക്കൾ, ഗോപനും നസറുദീനും മറ്റൊരു വണ്ടിയുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. സബിയുടെ അടുത്തെത്തുമ്പോൾ കരയരുതെന്ന് അവർ താക്കീത് ചെയ്തിരുന്നു.  വൈകിട്ട് വീട്ടിലെത്തി അവളെ കണ്ടപ്പോൾ  എങ്ങിനെ ആശ്വസിപ്പിക്കുമെന്ന് എനിക്കറിയില്ലായിരുന്നു.

"അമ്മ പോയത് നന്നായി" എന്നാണവൾ ആദ്യം പറഞ്ഞത്.  കാരണം, അമ്മയുണ്ടായിരുന്നെങ്കിൽ താൻ ജീവിതം മുഴുവൻ വിശ്വസിച്ച ഒരിടത്ത് നിന്നുള്ള തിരിച്ചടി അമ്മയ്ക് സഹിക്കാൻ പറ്റില്ലായിരുന്നു.

ഞങ്ങൾ അമ്മ കിടക്കാറുള്ള മുറിയിൽ രണ്ടു കട്ടിലുകളിലായി ഇരുന്ന് നേരം വെളുപ്പിച്ചു. അലൻ്റെ അച്ഛൻ ശുഹൈബ് പുറത്തേക്ക് ശാന്തനായി നിൽക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും ചിന്തിക്കാനോ, മുന്നോട്ടുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനോ പറ്റാത്ത വിധം മനസ്സുകൊണ്ട് തകർന്നിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് പിടികിട്ടുന്നില്ലായിരുന്നു. പിറ്റെ ദിവസം വക്കീലിൻ്റെ ഓഫീസിലും വീടുമായി കഴിഞ്ഞു. അവന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. ഒട്ടേറെ പേർ വിവരം അറിഞ്ഞ് ഓടി എത്തി. 

അടുത്ത ദിവസം പുതിയറ ജയിലിൽ പോയാൽ അവനെ കാണാൻ പറ്റുമെന്ന് അറിയിച്ചിരുന്നു. ഞാനതിൻ്റെ മുമ്പിലൂടെ എത്രയോ തവണ കടന്നു പോയിട്ടുണ്ടെങ്കിലും ആ  കൂറ്റൻ മതിലുകൾക്കകത്തേക്ക് ആദ്യമായാണ് കയറുന്നത്.

അവനും താഹയും ജനലരികിലേക്ക് വന്നു. അലൻ ഞങ്ങളെ കണ്ടപ്പോൾ ചിരിക്കാനും, വിഷമിക്കാനൊന്നുമില്ല എന്ന മട്ടിലൊക്കെ പറയാനും ശ്രമിച്ചു. വക്കീലിനെ ബന്ധപ്പെട്ട കാര്യം ഞങ്ങളും പറഞ്ഞു. കരയാതിരിക്കാനും അവർക്ക് ധൈര്യം കൊടുക്കാനുമാണ് ശ്രമിച്ചത്.

വിങ്ങുന്ന മനസ്സുമായി ഇറങ്ങുമ്പോൾ പതിവുപോലെ മീഡിയ ചോദ്യങ്ങൾ കൊണ്ട് പൊതിഞ്ഞു. സ്വാഭാവികമായും അവയെല്ലാം കേരള ഗവൺമെൻ്റിൻ്റെയും  സി പി എം ൻ്റെയും നിലപാടിനെ കുറിച്ചായിരുന്നു. 

Sajitha Madathil
സുധയ്ക്ക് ഒപ്പം സഹോദരിമാർ 

പിറ്റെ ദിവസം  കോടതിയിൽ ജാമ്യത്തിനുള്ള വാദം നടക്കുകയായിരുന്നു. ഞാനും, സുധയും ആയിരുന്നു അവിടേക്ക് പോയത്. സിനിമ, ഡോക്യുമെൻ്ററി സംവിധായികയും റിസർച്ചറുമായ സുധ, സബിയുടെ സുഹൃത്തായ പത്മജ ചേച്ചിയുടെ മകളാണ്. ചേച്ചി കുറച്ചു കാലം മുമ്പ് മരിച്ചു പോയി.

സബിക്ക്, സുധ മകളാണ്. അലന് ചേച്ചിയും. ഞങ്ങൾ രണ്ടു പേരും കൈ പിടിച്ച് വിറയലോടെ വാദം എല്ലാം കേട്ടുകൊണ്ടിരിക്കയാണ്. അടുത്ത ബഞ്ചിൽ താഹയുടെ ജേഷ്ഠൻ കണ്ണീർ അടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ഞങ്ങൾ അന്നും അലനെ പോയി കണ്ടു. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അവനും. 

എറണാകുളത്തു നിന്ന് ശ്യാമള മേമയുടെ മകൻ നിഷിലും എത്തി. അതിനിടക്ക് സുധയുടെ അച്ഛൻ വിളിച്ചു. ക്രൈം ബാഞ്ച് ഉദ്യോഗസ്ഥർ അവരുടെ പണി തുടങ്ങിയിരുന്നു. അലനുമായി ആ കുടുബത്തിൻ്റെ ബന്ധമെന്താണ് എന്നാണ് സുധയുടെ അച്ഛൻ സേവ്യർ ചേട്ടനോട് ചോദിക്കുന്നത്. 

കുഞ്ഞാവുമ്പോഴേ അറിയുന്ന കുട്ടിയാണ് എന്നദ്ദേഹം പറയുന്നുണ്ട്. സുധ ഓടി വീട്ടിലെത്തി. കൂടെ ഞാനും നിഷിലും. അലനെ ചെറിയ കുട്ടി ആവുമ്പോൾ മുതലറിയാം എന്നു മറുപടി പറഞ്ഞ് സുധ കരയാൻ തുടങ്ങി.

ഇങ്ങിനെ ഞങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ മനുഷ്യർ സമാനമായ ചോദ്യം ചെയ്യലുകൾക്ക് വിധേയമായി. കുടുബത്തിലെ പെൺകുട്ടികളെ പോലും വെറുതെ വിട്ടില്ല. അവൻ്റെ ഫോണിലെ കോൾ ലിസ്റ്റ് എടുത്തു വെച്ചായിരുന്നു ഈ പരാക്രമമെല്ലാം.

ഒട്ടേറെ ബന്ധുങ്ങളുടെ, സുഹുത്തുക്കളുടെ വീടുകളിൽ അവർ കയറി ഇറങ്ങി ശല്യം ചെയ്തു. ആദ്യ തവണ ജാമ്യം നിഷേധിച്ചു. അവനെ വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിലേക്ക് മാറ്റി.

Sajitha Madathil
സഹോദരി സബിതയ്ക്ക് ഒപ്പം 

രാഷ്ട്രീയ ബന്ധങ്ങൾക്ക് അപ്പുറത്ത്, കുറെ സുഹൃത്തുക്കൾ, പരിചയക്കാർ ഞങ്ങൾക്കൊപ്പം നിന്നത് വലിയ ആശ്വാസം ആയിരുന്നു. ഞങ്ങളുടെ വീട് എന്ന് പറഞ്ഞാൽ അമ്മ ഉണ്ടാക്കിയൊരു ലോകമാണ്. അവിടേക്ക് വിശേഷം അന്വേഷിച്ചും പ്രശ്നങ്ങൾ പറയാനുമൊക്കെ ആളുകൾ വരുമായിരുന്നു. അലന്റെ കാര്യം അറിഞ്ഞപ്പോൾ വിവരം അന്വേഷിച്ചെത്തുന്നവരുടെ എണ്ണം കൂടി.  പോരാത്തതിന് മീഡിയയും.  

അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ സബിയേയും കൂട്ടി എറണാകുളത്തേക്ക് പോന്നു. ആളും ബഹളുമില്ലാത്ത ഒരിടത്തേക്ക് മാറിയിരിക്കാം എന്നാണ് അപ്പോൾ  ഓർത്തത്.

അടുത്ത ബന്ധുക്കളിൽ വലിയ ഒരു പങ്കുപേരും കൂടെ നിന്നു. ഞാനും സുഹൃത്തുക്കളുമെല്ലാം സബിയുടെ വേദനകളെ ലഘൂകരിക്കാനും അവളെ സാന്ത്വനിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.

അതിനിടയിൽ ഗവൺമെൻറ് പൂർണ്ണമായും അവരെ തള്ളിപ്പറയുന്നു. അതുവരെ നമ്മുടേതാണെന്ന് വിശ്വസിച്ചിരുന്ന പ്രസ്ഥാനമാണ്... വയ്യാതായിരിക്കുമ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൊടുക്കണമെന്ന് ആഗ്രഹിച്ച  അമ്മയെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ, അതൊരു ഷോക്കായി. 

എൻ ഐ എ തുടർന്ന് കേസ് ഏറ്റെടുക്കുന്നു. പ്രതീക്ഷയുടെ അവസാന തിരിനാളവും കെട്ട പോലെ തോന്നി. സബി ആദ്യമായി തുറന്നു പ്രതികരിച്ചത് അത്തരം പ്രസ്താവന കേട്ടപ്പോഴായിരുന്നു. അത് അവൾക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.

ഒരു ഭാഗത്ത് കേരള പൊലീസ് നല്ല രീതിയിൽ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു.  മറ്റൊരു ഭാഗത്ത് എൻഐഎ, പിന്നെ സൈബർ പോരാളികളുടെ ആക്രമണം വേറൊരു വശത്ത്. ഇതെല്ലാം എൻ്റെ ആരോഗ്യത്തെ ഗൗരവമായി ബാധിച്ചു.

Sajitha Madathil
കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ 

ഒരിക്കൽ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വണ്ടി ഓടിച്ചു വരികയായിരുന്നു. പെട്ടെന്ന് നിർത്താതെയുള്ള രക്തസ്രാവം ആരംഭിച്ചു. എങ്ങനേയോ വണ്ടി ഓടിച്ച് കൊച്ചിയിലെത്തി.

പിന്നെ ആസ്തർ മെഡിസിറ്റിയിലെ ഗൈനക്കോളജിസ്റ്റ് കൂട്ടുകാരി ഡോ. മായയെ കണ്ടു. യൂട്രസ്സ് റിമൂവ് ചെയ്യുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. മാനസിക സംഘർഷങ്ങൾ ആരോഗ്യത്തെ എത്രമാത്രം ബാധിക്കുമെന്നതിനുള്ള തെളിവായിരുന്നു അത്. സബിയുടെ ആരോഗ്യവും മോശമായി.

രണ്ടാം തവണ ഹൈക്കോടതിയിൽ ജാമ്യത്തിനായി അപേക്ഷിച്ച വിധിക്കായി ഞങ്ങൾ കാത്തിരുന്നത് ആ ഓപ്പറേഷൻ ദിവസമായിരുന്നു. അതും നിഷേധിക്കപ്പെട്ടു. ചെറിയ വരയ്ക്കടുത്ത് വരച്ച വലിയ വരപോലെ ഓപ്പറേഷൻ്റെ ബുദ്ധിമുട്ടൊന്നും എന്നെ ബാധിച്ചതേ ഇല്ല.

വിയ്യൂർ ജയിലിൽ രണ്ടു തവണയേ ഞാനവനെ കാണാൻ പോയിട്ടുള്ളൂ. പത്തൊൻപതു വയസ്സുകാരൻ്റെ ഊർജമൊന്നും അപ്പോൾ അവനില്ലായിരുന്നു.

വായിച്ച പുസ്തകങ്ങളെ കുറിച്ച് പറഞ്ഞു. അവിടുത്തെ ദിനചര്യയെ കുറിച്ച് പറഞ്ഞു. അവന് പെട്ടെന്ന് പ്രായമായതുപോലെ, പ്രതീക്ഷകൾ നിറഞ്ഞ ആ കണ്ണുകൾക്ക് അപ്പോൾ തിളക്കമേ ഇല്ലായിരുന്നു. കരയാതിരിക്കാൻ ശ്രമിച്ചു കൊണ്ട്, ചിരിക്കാൻ പരാജയപ്പെട്ടുകൊണ്ട് ഞാൻ രണ്ടു തവണയും തിരിച്ചെത്തി എൻ്റെ കട്ടിലിലേക്ക് വീണു. 

കൂട്ടുകാരുടെ സാമൂഹിക പ്രവർത്തകരുടെ, നിയമ വിദഗ്ധരുടെ വലിയൊരു കൂട്ടം ഞങ്ങൾക്കൊപ്പം ഈ ഘട്ടത്തിലും താങ്ങായി നിന്നു. പേരു പറയാൻ പറ്റാത്ത അത്രയും പേർ.  മനുഷ്യരിലുള്ള നന്മയെ കാണാതിരിക്കാനാവില്ല. അവർ പല തലങ്ങളിൽ ശബ്ദമുയർത്തി ഞങ്ങൾക്കൊപ്പം നിന്നു.

എന്തു പ്രതിസന്ധികൾ വന്നാലും അമ്മ അത് നേരിടുന്ന രീതി ഞാനും സബിയും അടുത്തു നിന്ന് കണ്ടിട്ടുള്ളതാണ്. തോറ്റുപോവാൻ പാടില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. സബി ഏറെ കാലമായി പ്ലാൻ ചെയ്ത പിഎച്ച്ഡിയ്ക്ക് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്തു.

ഞാനെന്റെ ജെ എൻ യുവിൽ ആരംഭിച്ച, ഇടക്കു വെച്ച് നിർത്തേണ്ടി വന്ന പിഎച്ച്ഡി റീ-റജിസ്റ്റർ ചെയ്തു. ഇതുരണ്ടും ആയപ്പോൾ ഞങ്ങളുടെ ജീവിതം ഒന്നു ചലിച്ചുതുടങ്ങി. ഞങ്ങൾ പുതിയ ലക്ഷ്യത്തിനായി കഷ്ടപ്പെടാൻ തുടങ്ങി, പണിയെടുക്കാൻ തുടങ്ങി. 

Sajitha Madathil

അലന്റെ കേസിന്റെ കാര്യവുമായി ബന്ധപ്പെട്ട ഓട്ടങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. അതിനെയെല്ലാം നിയമപോരാട്ടമായി കണ്ട്, പരമാവധി സമാധാനം നിലനിർത്താൻ ഞങ്ങൾ ശ്രമിച്ചു. കേസു നടത്തുക, അതിനുള്ള ഫണ്ട് കണ്ടെത്തുക. അതായി അടുത്ത നീക്കം.

നിങ്ങൾക്ക് അതാണോ ബുദ്ധിമുട്ട്, പ്രിവിലേജ്ഡ് ആയ കുടുംബമല്ലേ എന്ന രീതിയിലുള്ള കുത്തുവാക്കുകളും ഈ ഘട്ടത്തിൽ ഞങ്ങൾ അനുഭവിക്കുന്നുണ്ട്. ഞങ്ങളുടെ പ്രിവിലേജ് ഞങ്ങൾ ഉണ്ടാക്കിയെടുത്തതാണ്, അല്ലാതെ ആരെങ്കിലും കൊണ്ട് തന്ന പ്രിവിലേജുകൾ ഒന്നും ഞങ്ങൾക്കില്ല. പക്ഷെ, അതൊക്കെ ആ വിഷമസന്ധിയിൽ ആരോട് പറയാൻ?

ഭയങ്കര ബുദ്ധിജീവി വർത്തമാനങ്ങളിൽ  അലനെ വാവ എന്ന് വിളിക്കാമോ ഇല്ലയോ എന്നുള്ളതിനെ കുറിച്ചൊക്കെയാണ് ചർച്ചകൾ നടക്കുന്നത്. അവരുടെ മകൻ അല്ലെങ്കിൽ മകൾക്ക് ഇതേ കാര്യം സംഭവിച്ചാൽ അവർ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നു പോലും ആലോചിക്കാതെ പൊളിറ്റിക്കൽ കറക്ട്നെസ്സിനെ കുറിച്ചാണ് പലരും  പറയുന്നത്, ഫേസ്ബുക്കിലൂടെ എഴുതി വിടുന്നത്. 

അതൊക്കെ  അക്കാലത്ത് ഉണ്ടാക്കിയിട്ടുള്ള സങ്കടങ്ങൾ ചില്ലറയല്ല. എന്നെ ഇതെല്ലാം ഭീകരമായി തകർത്തു. ഒരു സ്ഥലത്ത് പോയി സംസാരിക്കാനും മിണ്ടാനും ഒന്നും പറ്റാത്ത രീതിയിലേക്ക് എന്റെ അവസ്ഥ മോശമായി.

അലന്റെ പ്രശ്‍നം നടക്കുന്ന സമയത്ത് ഞാൻ കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ആക്ടിംഗ് ഡിപ്പാർട്ട്മെന്റിന്റെ തലപ്പത്ത് ജോലി ചെയ്യുകയായിരുന്നു. കുട്ടികൾക്ക് മുന്നിൽ ക്ലാസ് എടുക്കാൻ പോലും എനിക്ക് പറ്റാതായി. കോളജിലൊക്കെ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങളെ  പോലും എനിക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നില്ല. മൊത്തത്തിൽ ഒരു മോശം അവസ്ഥ.

Sajitha Madathil
സഹോദരി സബിതയ്‌ക്കൊപ്പം

എല്ലാത്തിനോടും ഒരു വിരക്തി തോന്നി തുടങ്ങി.  പിടിച്ചു നിൽക്കാൻ നല്ല സൗഹൃദങ്ങളും അവിടെ ഇല്ലായിരുന്നു. അങ്ങനെയാണ് ഞാനാ ജോലി രാജിവയ്ക്കുന്നത്. സബി അപ്പോഴേക്കും കുറച്ചൊക്കെ നോർമലായി. അവൾ വടകര പോയി താമസിക്കാൻ തീരുമാനിച്ചു. കോഴിക്കോട് അവളുടെ വീട്ടിൽ നിന്നാൽ മോനെ കുറിച്ചുള്ള ഓർമ്മകൾ ഉണ്ടാകും. നല്ല ഭക്ഷണം കഴിക്കാൻ പോലും അക്കാലത്ത് ഞങ്ങൾക്ക് പ്രയാസമായിരുന്നു. മറ്റൊരു തരത്തിൽ ഞങ്ങളും മനസ്സുകൊണ്ട്  ജയിലിലായിരുന്നു.

അലൻ ജയിലിൽ പോയി അഞ്ചുമാസം കഴിഞ്ഞപ്പോൾ എനിക്ക് ഒരു ഡോക്യുമെൻ്റഷൻ പ്രോജക്റ്റ് കിട്ടി. ഞാൻ വിയറ്റ്നാമിലും ബാലിയിലും ഓസ്ട്രേലിയയിലുമെല്ലാം ഈ പ്രോജക്റ്റിന്റെ ഭാഗമായി പോയി.

അവിടുത്തെ തിരഞ്ഞടുത്ത കലാരൂപങ്ങളുടെ  കൾച്ചറൽ മാപ്പിങ്ങിനായുള്ള ഡോക്യുമെന്റ് തയ്യാറാക്കുക എന്നതായിരുന്നു ജോലി.  കേന്ദ്രസംഗീത നാടക അക്കാദമിയിലെ പരിചയസമ്പത്ത് ഈ പ്രോജക്ടിന് ഏറെ മുതൽക്കൂട്ടായി. അങ്ങനെ ഞാൻ യാത്ര തിരിച്ചു. 

അന്ന് കോവിഡ് മഹാമാരി തലപൊക്കി തുടങ്ങിയതേയുള്ളൂ. ഞാൻ അവിടെയെത്തി ബാലിയിൽ നിന്നും വിയറ്റ്നാമിലേക്ക് പോകുമ്പോഴേക്കും പ്രശ്നം രൂക്ഷമായി.

ഞാൻ ഓസ്ട്രേലിയയിൽ എത്തുമ്പോഴേക്കും ലോകം പൂർണ്ണമായും ലോക്ക് ഡൗൺ ആയിക്കഴിഞ്ഞു. ഒരു വർഷത്തോളം എനിക്കവിടെ നിൽക്കേണ്ടിവന്നു. കോവിഡ് പ്രശ്നങ്ങൾ ഒന്ന് ഒതുങ്ങിയപ്പോഴാണ് ഞാൻ പണി തീർത്ത് തിരിച്ചു വന്നത്. 

അലൻ പത്തു മാസം ജയിലിൽ കഴിഞ്ഞു. മാനസികവും ശാരീരികവുമായി  തകർന്നു പോയിരുന്നു. അവസാനം ജാമ്യം കിട്ടിയ വാർത്ത അറിയുമ്പോൾ ഞാൻ  ചില ഡോക്യുമെന്റേഷൻ പണികൾ ചെയ്തു കൊണ്ട്  ഓസ്ട്രേലിയിലെ ഒരു ഗ്രാമീണ ഫെസ്റ്റിവലിൽ നിൽക്കുകയായിരുന്നു.

അലന് ജാമ്യം കിട്ടിയത് പഠനം പൂർത്തിയാക്കാൻ കൂടിയായിരുന്നു. ഞാൻ സന്തോഷം കൊണ്ട് ഉറക്കെ കരയാൻ തുടങ്ങി. ചുറ്റുമുള്ള അപരിചിതർ കാര്യമെന്തെന്നറിയാതെ ആശ്വസിപ്പിച്ചു.  സുധ ഫോണിൻ്റെ അപ്പുറത്ത് ഉണ്ടായിരുന്നു. അവളും കരയുകയായിരുന്നു. ആ ദിവസം ഞാൻ അനുഭവിച്ച സന്തോഷത്തിന് സമാനതകളില്ല.

Sajitha Madathil

കേസ് ഇപ്പോഴും നടക്കുകയാണ്. പക്ഷേ അതിനിടയിൽ വീണ്ടും അവനെ ജയിലിൽ പിടിച്ചിടാനുള്ള ശ്രമങ്ങളും ജാമ്യം നിഷേധിക്കാനുള്ള ശ്രമങ്ങളും ഒക്കെ നടന്നിട്ടുണ്ടായിരുന്നു.

വിചാരണ  തുടങ്ങിയപ്പോൾ ഹാജർ കുറവു വന്നാൽ പഠനം പൂർത്തിയാക്കാനാവില്ലെന്ന ആശങ്ക അവനെ വല്ലാതെ അലട്ടിയിരുന്നു. കോടതി അത് പരിഗണിക്കുന്നില്ല എന്ന ദുഖത്തിൽ അവൻ ജീവിതം തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. വീണ്ടും പരീക്ഷണ ദിവസങ്ങളായിരുന്നു സബിക്കും എനിക്കും. ഭാഗ്യത്തിന് അവൻ അതിൽ നിന്നൊക്കെ രക്ഷപ്പെട്ട് പഠിച്ച് മുന്നോട്ട് പോയി കോഴ്സ് പൂർത്തിയാക്കി. 

ആ സംഭവങ്ങളെല്ലാം അവനെ വലിയ രീതിയിൽ മാറ്റിയിട്ടുണ്ട്. ജയിലിലേക്ക് പോയ ആളല്ല തിരിച്ചുവന്നത്. അവന്റെ ആരോഗ്യത്തിനെയും അതു വല്ലാതെ ബാധിച്ചു.

അവൻ കൗൺസിലിംഗ് സ്വീകരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. പുറത്തു വന്നശേഷം അവൻ വീണ്ടും കൗൺസിലിംഗ് തുടരുകയായിരുന്നു.

ജയിലിലെ ആറടിയുള്ള സ്പെയ്സിൽ കിടന്ന് കിടന്ന് അവന്റെ നട്ടെല്ലിന് ചെറിയ പ്രശ്നം വന്നിട്ടുണ്ട്. അവൻ ഉയരമുള്ള കുട്ടിയാണ്. ആ കിടപ്പ് അവന്റെ ശരീരത്തിനെ ബാധിച്ചിട്ടുണ്ട്. 

ഒരുപാട് വേദനകളിലൂടെ അവൻ കടന്നുപോയി, ഇപ്പോഴും കടന്നുപോവുന്നു. ഇനിയും കേസ് നടത്തണം. ഞങ്ങൾ അത് മനസ്സുകൊണ്ട് അംഗീകരിച്ചു കഴിഞ്ഞു. ആദ്യത്തെ അന്താളിപ്പ് കഴിഞ്ഞാൽ പിന്നെ നമ്മളതുമായി പൊരുത്തപ്പെടുമല്ലോ.

സബിയും ആ സംഭവത്തിനു ശേഷം വല്ലാതെ മാറിയിട്ടുണ്ട്. മോശം അവസ്ഥകളിലൂടെയുള്ള ആ യാത്ര അവളെ കൂടുതൽ കരുത്തയാക്കി.  എനിക്കവളും അവൾക്ക് ഞാനും തണലായ കാലമായിരുന്നു അത്.

-തുടരും

സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം: 

Memories Sajitha Madathil Memoirs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: