/indian-express-malayalam/media/media_files/36W1ZX4d2i8ZOXnv1KQM.jpg)
The Life and Work of Sajitha Madathil-Chapter 18
സൗത്ത് ആഫ്രിക്കയില്‍ വെച്ചുനടന്ന ഭൗമ ഉച്ചകോടിയില്‍ പങ്കെടുക്കാനായി എന്നെ തിരഞ്ഞെടുക്കുന്നത് തിരുവനന്തപുരത്തുവെച്ചാണ്. ഞാനന്ന് കൈരളി ടിവിയിൽ പ്രൊഡ്യൂസറായി ജോലി ചെയ്യുകയാണ്. 'തിയേറ്റര്‍ ഫോര്‍ ആഫ്രിക്ക' എന്ന സംഘത്തിലെ അംഗങ്ങൾ എല്ലാ വന്‍കരയില്‍ നിന്നും ഇതുപോലെ ഓരോ നാടകകലാപ്രവർത്തകരെ കണ്ടെത്തി.
ഓഡിഷൻ ചെയ്തായിരുന്നു തെരഞ്ഞെടുപ്പ്. മത്സബന്ധന മേഖലയായിരുന്നു നാടകാവതരണത്തിന്‍റെ പ്രധാന ഫോക്കസ്. ഞങ്ങള്‍ ഓരോരുത്തരും അവരുടെ നാട്ടിലെ കടൽ അനുഭവങ്ങള്‍ നാടകമാക്കി കൊണ്ടു വരണം എന്നതായിരുന്നു നിബന്ധന.
ഞാൻ അപ്പോൾ കൈരളി ടിവിയിലെ ജോലി രാജിവെക്കാൻ തീരുമാനമെടുത്തിരിക്കയാണ്. ആരോമലിൻ്റെ പഠനം ഡൽഹിയിൽ വെച്ച് ആരംഭിക്കാമെന്ന് തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്തെ വാടക വീട്ടിലെ സാധനങ്ങൾ മാറ്റി വീടൊഴിഞ്ഞു. ആ വീടൊഴിയലിനൊപ്പം ചാനൽ കാലവും അവസാനിക്കുകയായിരുന്നു.ദില്ലിയിലേക്ക് വീണ്ടും പറിച്ചു നട്ടു.
ആരോമലിനെ പതിവിൽ നിന്ന് വ്യത്യസ്തമായ വിദ്യാഭ്യാസ രീതികൾ പിന്തുടരുന്ന 'മീരാമ്പിക' എന്ന സ്‌കൂളിൽ ചേർത്തു. അവിടുത്തെ തുറസ്സ് അവന് ഏറെ ഇഷ്ടമായി. മലയാളി അധ്യാപികയായ കമലാ മേനോനും പിന്നെ സുലോചന ദീദിയും, ശ്രീലാ ദീദിയും, കവി ഭയ്യായും അടക്കം ഒട്ടേറെ പേർ അവർക്ക് ചുറ്റുമുണ്ടായിരുന്നു. ഓരോ ഗ്രൂപ്പിലും പത്തു കുട്ടികൾ ഒക്കെയേ ഉള്ളൂ. പഠനം അവിടെ സ്വാഭാവികമായി സംഭവിക്കുന്നതാണ്.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് ആരോഗ്യകരമായ ഒരു സമീപനം നിലനിർത്താൻ ഈ സ്കൂൾ നിരവധി രീതികൾ സ്വീകരിച്ചിരുന്നു. വിദ്യാർത്ഥികളെ സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗങ്ങളാക്കി മാറ്റുന്നതിനാണ് അവർ ശ്രമിച്ചത്. ആരോമലിൻ്റെ സ്‌കൂൾ പഠനത്തിൻ്റെ വലിയൊരു കാലം അവിടെയാണ് ചിലവഴിച്ചത്. അത് അവൻ്റെ സ്വഭാവത്തെയും ലോകത്തെ കാണുന്ന രീതിയേയും ഗൗരവമായി നിർണ്ണയിച്ചു.
അവൻ്റെ കൂടെ പഠിച്ച അതിഥിയുടെ അമ്മ ഷേനഗാമത്ത് അടക്കം ഒട്ടേറെ പേർ എൻ്റെയും സുഹൃത്തുക്കളായി. അത്രയും ക്ലോസ്സ് ആയ ഗ്രൂപ്പായിരുന്നു അത്. മീരാമ്പികയിലെ ആദ്യ ദിവസം എനിക്ക് ഓർമ്മയുണ്ട്. റെഡ് ഗ്രൂപ്പിലെ കുട്ടികളെ ക്ലാസ്സ് മുറിക്കകത്തു തന്നെയുള്ള ചെറിയ സ്വിമ്മിങ്ങ് പൂളിലേക്ക് ദീദിമാർ ആനയിച്ചു. അവർ അതിലേക്ക് എടുത്തു ചാടി. ആഴമില്ലാത്ത വെള്ളത്തിൽ അവർ കുത്തിമറിഞ്ഞു. മണിക്കൂറുകൾ കഴിഞ്ഞ് അവർ കയറി വന്നപ്പോഴേക്കും അവർ നല്ല കൂട്ടുകാരായി കഴിഞ്ഞിരുന്നു. അങ്ങിനെ അവൻ വിദ്യാഭ്യാസം ആരംഭിച്ചു.
ഇതിനിടക്ക് സൗത്ത് ആഫ്രിക്കൻ യാത്രക്ക് വേണ്ടി നാടകം തയ്യാറാക്കാൻ ഞാൻ ശ്രമമാരംഭിച്ചു. 'പെണ്‍മലയാള'ത്തില്‍ മത്സ്യബന്ധനമേഖലയിലെ സ്ത്രീ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത അനുഭവം എന്‍റെ നാടകരചനക്ക് മുതല്‍ക്കൂട്ടായി. ഞാനീ നാടകം എഴുതി തുടങ്ങിയത് തിരുവനന്തപുരത്തെ കടലോരഗ്രാമമായ പുത്തന്‍തോപ്പില്‍ വെച്ചായിരുന്നു.
ആരോമലിൻ്റെ പിതാവിൻ്റെ കുടുംബം താമസിക്കുന്നത് അവിടെയാണ്. അവർ നല്‍കിയ വിലപ്പെട്ട വിവരങ്ങളും സാമൂഹ്യ പ്രവർത്തക മാഗ്ലിന്‍ പീറ്ററും അടിമലത്തുറയിലെ മത്സ്യത്തൊഴിലാളി സ്ത്രീകളും എന്നോട് പങ്കുവെച്ച അനുഭവങ്ങളും ഒക്കെയാണ് 'മത്സ്യഗന്ധി'യായി മാറിയത്.
നാടകമെഴുത്ത് എനിക്ക് ഒരു വലിയ കടമ്പയായിരുന്നു. പല സുഹൃത്തുക്കളെ കൊണ്ടും ഒരു നാടകം എഴുതിപ്പിക്കാൻ ശ്രമിച്ചു. മറ്റാരും എഴുതുന്നത് എനിക്ക് ശരിയാവുന്നുമില്ല. ഒടുവിൽ ഞാൻ തന്നെ എഴുതാൻ തീരുമാനിച്ചു. നാടകമെഴുതി കഴിഞ്ഞപ്പോൾ ഒറ്റക്കത് ചെയ്തെടുക്കാൻ ശ്രമിച്ചു.
ലൈറ്റ് ഡിസൈനർ ശ്രീകാന്ത് ആയിരുന്നു ആദ്യ കാഴ്ചക്കാരൻ. അവൻ സംവിധായകൻ ജ്യോതിഷിനെ കൂട്ടി വന്നു. അദ്ദേഹവും ഡിസൈനിൽ കുറെ നിർദ്ദേശങ്ങൾ തന്നു. അങ്ങിനെയാണ് പതുക്കെ പതുക്കെ അത് അവതരണത്തിന് ഉതകുന്ന ഒരു പാഠമായി മാറിയത്. ആദ്യ അവതരണം മത്സ്യ തൊഴിലാളി സ്ത്രീകൾക്കു മുമ്പിലായിരുന്നു. അതു നൽകിയ ആത്മവിശ്വാസം ഏറെ വലുതായിരുന്നു.
'മത്സ്യഗന്ധി' ഒരു വിഷയം പറയാനായി എഴുതപ്പെട്ടതാണ്. എന്നാൽ രംഗവേദിയുടെ സാധ്യതകൾ ഉപയോഗിക്കുന്നുമുണ്ട്. ആ സ്ഥാനത്ത് തന്നെയായിരുന്നു ഞാൻ ആ നാടകത്തെ കണ്ടിരുന്നത്. നാടകമൊക്കെ അവതരിപ്പിച്ച് ദില്ലിയിൽ എത്തിയപ്പോഴേക്കും എനിക്ക് സൗത്ത് ആഫ്രിക്കയിലേക്ക് പോകാനുള്ള സമയമായിരുന്നു.
നാലു വയസ്സുകാരനെ പിരിഞ്ഞ് മാറി നിൽക്കുന്നത് ഒട്ടും താങ്ങാൻ സാധിക്കുന്ന കാര്യമായിരുന്നില്ല. ജോലിക്ക് ഒരു തമിഴ് പെൺകുട്ടിയെ കിട്ടിയത് അവൻ്റെ കാര്യങ്ങൾ ചിട്ടയോടെ നോക്കാൻ സഹായകമായി. എങ്കിലും ഒന്നും മറ്റൊന്നിനു പകരമല്ലല്ലോ.
കേപ്പ് ടൗണിലേക്കുള്ള യാത്ര ദീർഘമായിരുന്നു, ഒറ്റക്കുള്ളതും. ഏറെ ആശങ്കകൾക്കൊടുവിൽ കേപ് ടൗണിൽ എത്തിയപ്പോൾ സംഘാംഗങ്ങൾ വലിയ ചിരിയോടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് വരുന്ന ഒരു കുലസ്ത്രീക്ക് മുമ്പിൽ വെച്ച് മദ്യപിക്കരുതെന്നും ഭാഷയൊക്കെ ശ്രദ്ധിക്കുമെന്നുമുള്ള ഒട്ടേറെ നിർദ്ദേശങ്ങൾ മാനേജർ അവർക്ക് നൽകിയിരുന്നു.
പിന്നീട് ഞങ്ങൾ അതേ കുറിച്ച് പറഞ്ഞ് കുറെ ചിരിച്ചിട്ടുണ്ട്. ആദ്യമാസം സംഘാംഗങ്ങൾ ഓരോരുത്തരും തങ്ങളുടെ നാടകങ്ങൾ കേപ് ടൗണിലെ വിവിധ സ്റ്റേജുകളിൽ അവതരിപ്പിച്ചു. പിന്നീട് ജോണ്‍ മാര്‍ട്ടിന്‍ എന്ന പ്രസിദ്ധ ബ്രിട്ടീഷ് സംവിധായകന്‍റെ സാന്നിദ്ധ്യത്തില്‍ ഇവയെ പരസ്പരം യോജിപ്പിച്ചും കൂടുതല്‍ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തും പുതിയ സ്ക്രിപ്റ്റ് തയ്യാറാക്കി. അതാണ് സൗത്ത് ആഫ്രിക്കയിലുടനീളം മാസത്തോളം തുടര്‍ച്ചയായി കളിച്ചത്.
'ഗാർഡിയൻസ് ഓഫ് ദ് ഡീപ്' എന്നതായിരുന്നു ആ നാടകത്തിൻ്റെ പേര്. ഇന്ത്യൻ നാടകവേദിയെ കുറിച്ച് നല്ല ധാരണയുള്ള ജോൺ മാർട്ടിൻ മുടി അഴിച്ചിട്ട് ശപിക്കുന്ന മത്സ്യഗന്ധിയെ ആ നാടകത്തിൽ ഒരു പ്രധാന ഇമേജാക്കി മാറ്റി. നീണ്ടമുടിയുള്ള, ദ്രാവിഡ ശരീരഭാഷയുള്ള എന്നെ കണ്ട് ഡര്‍ബനിലെ ഇന്ത്യക്കാര്‍ പരിചയക്കാരെ പോലെ അടുത്തു വന്നു.
നാടകത്തിനിടയില്‍ എന്‍റെ ഹിന്ദിയിലും മലയാളത്തിലുമുള്ള ചില ഡയലോഗുകളില്‍, പാട്ടുകളില്‍ എന്നെ തിരിച്ചറിഞ്ഞു. നടി എന്ന നിലയില്‍ ഏറ്റവുമധികം സന്തോഷിച്ചത് ഇക്കാലത്താണ്. നാടകത്തിനുശേഷം പൂക്കളുമായി പ്രേക്ഷകര്‍ വന്നുകാണുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് കേരളത്തില്‍ നിന്നുവന്ന എനിക്ക് പുതുമയുള്ള അനുഭവമായിരുന്നു.
ഒരുതരം ഭ്രാന്തുപിടിച്ച നാടകദിനങ്ങളിലൂടെ കുറെ മാസങ്ങള്‍ കടന്നുപോയി. നാലുവയസ്സുകാരനായ മകനെ വിട്ടുനില്‍ക്കുന്ന ഏതൊരമ്മയെയുംപോലെ ഞാന്‍ രാത്രിമുഴുവന്‍ അവനെ ഓര്‍ത്ത് കണ്ണീരുവീഴ്ത്തി. നെഞ്ചുപറിച്ചെടുക്കുന്ന വേദനയില്‍ ഞാനമര്‍ന്ന നിമിഷങ്ങളായിരുന്നു അത്. എന്‍റെ കൂടെയുള്ള കലാകാരികള്‍ കാലിഫോര്‍ണിയയില്‍നിന്നും ബ്രസീലില്‍നിന്നും എത്തിയവര്‍ , അവിവാഹിതരെങ്കിലും എന്നെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.
/indian-express-malayalam/media/post_attachments/f8dbd90e2ff1fb43797dd9181d1007314aaef38d4bf50e4a588432246869c84d.webp)
ഞാനൊരു നല്ല അമ്മയാവുന്നില്ലല്ലോ എന്ന കുറ്റബോധത്തില്‍ ഈ നാടകസന്തോഷങ്ങള്‍ ഇല്ലാതാകുന്നതുപോലെ തോന്നും. പക്ഷെ, അടുത്തനിമിഷം, ഞാന്‍ ഒരമ്മയും അതുപോലെ നാടകക്കാരിയുമാണെന്ന തോന്നലും ശക്തമായി വരും. ഈ പിടിവലികള്‍ എല്ലാക്കാലത്തും തുടര്‍ന്നു കൊണ്ടേയിരുന്നു. കുറ്റബോധത്തോടെയല്ലാതെ ഞാനൊരു നാടകവും ചെയ്തിട്ടില്ല.
ഒരു സ്ത്രീക്ക് കുടുംബത്തിനൊപ്പം സര്‍ഗ്ഗാത്മക ജീവിതം കൊണ്ടുപോവുക സാധ്യമാണോ? ആയിരിക്കാം. കലാരംഗത്ത് പൂര്‍ണ്ണസമയം പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കകത്തും പുറത്തുമുള്ള ധാരാളം സ്ത്രീകളെ എനിക്ക് പരിചയമുണ്ട്. അവരെല്ലാം അനുഭവിച്ചിട്ടുള്ള ആന്തരിക സംഘർഷങ്ങൾ അടുത്തറിഞ്ഞിട്ടുമുണ്ട്. പൂര്‍ണ്ണസമയം ഒരു ജോലിയും പിന്നെ നാടകാഭിനയവും പഠനവും കുടുംബവും ഒരു സ്ത്രീ കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണോ? അറിയില്ല.
നാടകരംഗത്ത് മറ്റ് പല രംഗങ്ങളിലും സ്ത്രീകൾ ഇതെല്ലാം ഒരുമിച്ച് ചെയ്യാൻ ശ്രമിക്കുന്നതും കിതച്ച് നിൽക്കുന്നതും വീണ്ടും മുന്നോട്ടായുന്നതും കണ്ടിട്ടുണ്ട്. ഒരർത്ഥത്തിൽ ഞാനും അതൊക്കെ തന്നെയാണ് ചെയ്തിട്ടുള്ളത്. വ്യത്യസ്ത സന്ദർഭങ്ങളിൽ, വ്യത്യസ്‌ത റോളുകളിൽ ജീവിക്കുന്ന സ്ത്രീക്ക് എവിടെയും പ്രതീക്ഷക്കൊത്തുയരാൻ കഴിയാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍ ഏതെങ്കിലുമൊരു റോളിന് കൂടുതല്‍ പ്രാധാന്യം വന്നുചേരുന്നുണ്ടോ? അതുമറിയില്ല. എല്ലായിടത്തും മനസും ശരീരവുമെല്ലാം അർപ്പിച്ച് നിൽക്കാൻ ഞാൻ/ സമാന അവസ്ഥകളിൽ പെട്ട സ്ത്രീകൾ ശ്രമിച്ചിട്ടുണ്ടെന്ന് മാത്രമേ പറയാനാവുന്നുള്ളൂ.
പ്രതിസന്ധികൾക്ക് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ നിന്ന, വീണുപോകുമെന്ന് തോന്നിയ, നിരവധി സന്ദർഭങ്ങളുണ്ടായിരുന്നു. ഒട്ടും സർഗാത്മകമല്ലാത്ത നൊമ്പരങ്ങളുടെ പൊള്ളൽ ശരീരവും മനസും ഏറ്റുവാങ്ങിയ ദിനങ്ങൾ. അപ്പോഴെല്ലാം ഞാൻ തിരിച്ചറിഞ്ഞ ഒരു കാര്യം സര്‍ഗ്ഗാത്മകതയുടെ ലോകത്തെ ഉപേക്ഷിക്കാന്‍ എനിക്കാവില്ല എന്നതായിരുന്നു.
ആ തിരിച്ചറിവിന്, അതിൽ ഉറച്ച് നിൽക്കാനുള്ള തീരുമാനത്തിന്, വലിയ വില കൊടുക്കേണ്ടി വന്നു. പക്ഷേ, ഞാൻ എൻറെ തീരുമാനത്തെ ചൊല്ലി തരിമ്പും ഖേദിക്കുന്നില്ല.
'മത്സ്യഗന്ധി' ആഫ്രിക്കയിലും ദില്ലിയിലും അവതരിപ്പിച്ചുവെങ്കിലും കേരളത്തില്‍ അവതരിപ്പിക്കാന്‍ വീണ്ടും കുറെ കാലമെടുത്തു. കോഴിക്കോടും തിരുവനന്തപുരത്തും ദില്ലിയിലുമൊക്കെ ഞാൻ 'മത്സ്യഗന്ധി'യായി.'
/indian-express-malayalam/media/post_attachments/5fbd2d9e187a3773625e4e43580d2d3658335da8af61db5644c257a32e7eafa5.webp)
പാഠഭേദ'ത്തില്‍ 'മത്സ്യഗന്ധി' പ്രസിദ്ധീകരിച്ചു. പിന്നീട് വി.സി. ഹാരിസ് ചെയ്ത ഇംഗ്ലീഷ് തര്‍ജ്ജമ 'ഇന്ത്യന്‍ ലിറ്ററേച്ചറി'ലും പ്രസിദ്ധീകരിക്കപ്പെട്ടു. ഈ നാടകം ഇംഗ്ലീഷ്, മലയാളം നാടകസമാഹാരങ്ങളുടെയും ഭാഗമായി പ്രസിദ്ധീകരിച്ചു. ഇപ്പോഴത് വിവിധ സര്‍വ്വകലാശാലകളിൽ വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ചെയ്യുന്നു. കല്‍ക്കത്തയിലെയും മദ്രാസിലെയും ഒറീസയിലെയും സംവിധായകര്‍ ഈ നാടകത്തിന് രംഗഭാഷ നല്‍കിയിട്ടുണ്ട്.
സൗത്ത് ആഫ്രിക്ക എനിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു. ഞാനാസംഘത്തില്‍ അഭിനയിക്കുക മാത്രമല്ലായിരുന്നു. സ്ക്രിപ്റ്റിങ്ങിലും നാടകഭാഷയിലും ഏറെ ഇടപെടലുകൾ നടത്താൻ എനിക്കായി. എന്‍റെ അഭിപ്രായങ്ങളെ അവര്‍ ഗൗരവത്തോടെ കണ്ടു.
നാടകരംഗത്തേക്ക് പുതുതായി കടന്നുവന്ന എന്നെ സ്വീകരിക്കുവാന്‍ മലയാളി നാടകപ്രവര്‍ത്തകര്‍ക്ക് ഏറെ ബുദ്ധിമുട്ടായിരുന്ന ആ കാലത്ത് ആഫ്രിക്കന്‍ അനുഭവം എന്‍റെ സര്‍ഗ്ഗാത്മകതയെ കെടുത്താതെ മുന്നോട്ടുകൊണ്ടുപോയി.
പ്രസിദ്ധ അഭിനേത്രിയും കൂട്ടുകാരിയുമായ ഷൈലജ അമ്പുവാണ് മത്സ്യഗന്ധി കേരളത്തിലുടനീളം ഇപ്പോഴും അവതരിപ്പിച്ചു വരുന്നത്. ഇരുപതു വർഷങ്ങൾക്കു ശേഷവും 'മത്സ്യഗന്ധി'യുടെ പുതിയ അവതരണങ്ങൾ സംഭവിക്കുന്നുമുണ്ട്. എന്നിലെ നാടകപ്രവർത്തകയ്ക്ക് ഇതെല്ലാം നൽകുന്ന ആത്മവിശ്വാസവും സന്തോഷവും ഏറെയാണ്.
-തുടരും
സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം:
- അധ്യായം 1: മുറിവുണങ്ങിയ ഓർമ്മകളിലൂടെ
- അധ്യായം 2: ഇല്ലി പൊട്ടിയ കുടകൾ
- അധ്യായം 3: വല്യമുത്തശ്ശൻ കിടപ്പിലായ കഥ
- അധ്യായം 4: മതിലുകളില്ലാത്ത മാളികപറമ്പ്
- അധ്യായം 5: പ്രണയം, രതി, വിദ്വേഷം
- അധ്യായം 6: പതുപതുത്ത നെറ്റിയുള്ള വെളിച്ചപ്പാട്
- അധ്യായം 7: സ്വപ്നം നൃത്തം ചെയ്യുമ്പോൾ
- അധ്യായം 8: 'അയ്യോ തൊട്ടഭിനയിക്കാൻ വയ്യ!'
- അധ്യായം 9: കടും നിറങ്ങൾ ഒഴിഞ്ഞ കാലം
- അധ്യായം 10: "അവളുടെ ശരിയല്ലാത്ത പോക്ക്!"
- അധ്യായം 11: പുരോഗമന ചിന്താഗതിക്കാരൻ്റെ ജീവിത പങ്കാളിപട്ടം!
- അധ്യായം 12: അവൾ അജിതയാവാൻ നടക്ക്വാ?
- അധ്യായം 13: മാവോസേതുങ്ങിന്റെ നാട്ടില്‍ കള്ളന്മാരില്ലെന്ന്!
- അധ്യായം 14: നാടകം ചെയ്താ പോരെ, പഠിക്കണോ?
- അധ്യായം 15: കാദംബരി ദേവിയുടെ താക്കൂർ ബാരി, ടാഗോറിന്റെയും!
- അധ്യായം 16: നാടകങ്ങൾ പൂത്ത ആ പെൺകാലം!
- അധ്യായം 17: എൻ്റെ കരളു പറിച്ചിട്ടല്ലേടാ നീ പോയത്?
- അധ്യായം 18: സൗത്ത് ആഫ്രിക്കൻ അരങ്ങിലെ മത്സ്യഗന്ധി
- അധ്യായം 19: ചിരുതയും ഞാനും
- അധ്യായം 20: പെണ്ണുങ്ങൾക്ക് പറ്റിയ പണി ചെയ്താൽ പോരേ? നാടകമെഴുതണോ?
- അധ്യായം 21: സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ, ഇരിക്കണമോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്!
- അധ്യായം 22: കണ്ണിൽ നിറഞ്ഞ വെളുത്ത കാർമേഘങ്ങൾ
- അധ്യായം 23: പൂക്കൾക്കു നിറങ്ങൾ വീണ്ടുകിട്ടിയപ്പോൾ
- അധ്യായം 24: അമ്മയുടെ മരണം സമ്മാനിച്ച ശൂന്യത
- അധ്യായം 25: സിനിമയുടെ ഷട്ടർ ഉയരുമ്പോൾ
- അധ്യായം 26: എനിക്കവളും അവൾക്ക് ഞാനും തണലായ കാലം
- അധ്യായം 27: ചിന്നേടത്തിയും ജാന്വേടത്തിയും!
- മുറിവുണങ്ങിയ ഓർമ്മകളിലൂടെ, അവസാനഭാഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.