scorecardresearch

മാവോസേതുങ്ങിന്റെ നാട്ടില്‍ കള്ളന്മാരില്ലെന്ന്!

" വേദന കൊണ്ടും പേടി കൊണ്ടും ഉറക്കെ അലറിക്കൊണ്ട് ഞാൻ അയാളെ മുട്ടു കൊണ്ട് തൊഴിച്ചു, അതിനുള്ള ധൈര്യം എങ്ങിനെ കിട്ടി എന്നത് എനിക്കിപ്പോഴും അറിയില്ല" സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 13

" വേദന കൊണ്ടും പേടി കൊണ്ടും ഉറക്കെ അലറിക്കൊണ്ട് ഞാൻ അയാളെ മുട്ടു കൊണ്ട് തൊഴിച്ചു, അതിനുള്ള ധൈര്യം എങ്ങിനെ കിട്ടി എന്നത് എനിക്കിപ്പോഴും അറിയില്ല" സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 13

author-image
Sajitha Madathil
New Update
Sajitha Madathil Memories

The Life and Work of Sajitha Madathil-Chapter 13

ചൈനയിൽ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപെട്ട് നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും‍ അതിനോടനുബന്ധിച്ച് സമരക്കാരായ വിദ്യാർത്ഥികൾക്ക് നേരെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ ടിയാനെന്മെൻ സ്ക്വയർ കൂട്ടക്കൊലയും നടന്നതിന് ശേഷം ആറുവർഷം കഴിഞ്ഞാണ് വേൾഡ് വിമൻസ് കോൺഫ്രൻസിൽ പങ്കെടുക്കാനായി 1995ൽ  ഞാൻ ചൈനയിലേക്ക് പോകുന്നത്.

കൽക്കത്തയിൽ നാടക അഭിനയത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് വേൾഡ് വിമൻസ് കോൺഫ്രൻസിൽ പങ്കെടുക്കാൻ പോകുന്ന നാടക സംഘത്തിൽ ചേരുവാൻ താൽപര്യമുണ്ടോ എന്നു അന്വേഷിച്ചു കൊണ്ട് തിരുവനന്തപുരത്തു നിന്ന് ഏലിയാമ്മ ചേച്ചിയുടെ കത്ത് വന്നത്.

ആ അവസരം എൻ്റെ നാടക ജീവിതത്തിന് ശക്തമായ അടിസ്ഥാനം നൽകാൻ കാരണമാക്കി. പിന്നീട് കുറച്ചു മാസങ്ങൾ നാടകവർക്ക്ഷോപ്പിൻ്റെതായിരുന്നു. ബാഗ്ലൂരിലും ദില്ലിയിലും എല്ലാം ഞങ്ങൾ, ആക്ടിവിസ്റ്റുകൾ കൂടിയായ നാടകപ്രവർത്തകർ ഒന്നിച്ചു കൂടി. പല ഭാഷ സംസാരിക്കുന്നവർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ, വ്യത്യസ്തമായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിലെ സ്ത്രീ പ്രശ്നങ്ങളിൽ ഇടപെടുന്നവർ ഒന്നിച്ചു കൂടി.

ഇന്ത്യൻ സ്ത്രീ ജീവിതത്തെ അടുത്തു നിന്ന് മനസ്സിലാക്കാനും അവയ്ക്ക് നാടകഭാഷ കണ്ടെത്താനുമാണ് ഞങ്ങൾ ശ്രമിച്ചത്. ഈയിടെ മരണമടഞ്ഞ പ്രസിദ്ധ നാടക രചയിതാവും സംവിധായകയുമായ ത്രിപുരാരി ശര്‍മ്മയുടെ നേതൃത്വത്തില്‍   ദില്ലിയിലെ ആനന്ദഗ്രാമിലായിരുന്നു ഞങ്ങൾ അവസാനവട്ടത്തെ ക്യാമ്പ് നടന്നത്.  

Advertisment
Sajitha Madathil

അതിനു മുമ്പു ക്യാമ്പുകളിൽ ഇന്ത്യന്‍ സ്ത്രീ ജീവിതത്തെ അസ്വസ്ഥപ്പെടുത്തുന്ന ഒട്ടനവധി കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. അവയില്‍ പലതും നാടകങ്ങളായി മാറുകയും ചെയ്തു. ആദ്യവട്ട ചര്‍ച്ചകളില്‍ ഒന്നും പങ്കെടുക്കാതെ, ഇരിക്കുന്ന രണ്ടുപേരുണ്ടായിരുന്നു, രമണീദേവിയും, ചൗബിദേവിയും. അവര്‍ക്ക് ഹിന്ദിയോ, ഇംഗ്ലീഷോ അറിയില്ല. മണിപ്പൂരില്‍നിന്നെത്തിയ അവരുടെ ഭാഷ ഞങ്ങള്‍ക്കും അറിയില്ല.

ഒടുവില്‍ പ്രായമായ ആ രണ്ടുസ്ത്രീകളും നാടകീയമായി തന്നെ അവരുടെ മൗനത്തെ  ഭേദിച്ചു. ഒരു ദിവസം അവര്‍ പ്രത്യക്ഷപ്പെട്ടത് പോലീസ് വേഷത്തിലാണ്. ചര്‍ച്ചകളില്‍ ആസ്വദിച്ചിരിക്കുന്ന ഞങ്ങള്‍ക്കിടയിലേക്ക് അവര്‍ കൈതോക്കു വെച്ച് വെടിയുതിര്‍ത്തു. ഞങ്ങള്‍ അവരെ അറിഞ്ഞു, പ്രതികരിച്ചു.

പെട്ടെന്ന് മണിപ്പൂരിലെ ഞങ്ങള്‍ വായിച്ചറിഞ്ഞ സംഘര്‍ഷഭരിതമായ പെണ്‍മാര്‍ക്കറ്റായി അവിടം മാറി, തീവ്രവാദികളെന്നു ഭരണകൂടം കരുതുന്ന അവരുടെ ആണ്‍മക്കളെ പിടിക്കാനാണ് പോലീസിന്‍റെ പുറപ്പാട്. പലരും കൊല്ലപ്പെടുന്നു. അങ്ങിനെ മണിപ്പൂരിലെ 'മൈരാ പായ്ബി' എന്ന സ്ത്രീസംഘടനയിലെ ചൗബി ദേവിയും രമണി ദേവിയും ഭാഷയ്ക്കപ്പുറത്ത് സoവേദനത്തിന് മറ്റു സാധ്യതകൾ ഉണ്ടെന്ന് എന്നെ പഠിപ്പിച്ചു.

മണിപൂരിലെ സ്ത്രീ ജീവിതത്തെ, അതിൻ്റെ സംഘർഷത്തെ, പല തലങ്ങളിൽ പല അടരുകളിൽ, ഞങ്ങൾ നാടകത്തിൻ്റെ ഭാഗമാക്കി. ആ പ്രോസസ്സ് തന്നെ വലിയ നാടകപാഠമായിരുന്നു. എന്നാൽ  അനുകമ്പയുടെ പ്രായോഗിക പാഠങ്ങളും എന്നെ പഠിപ്പിച്ചത് അവരാണ്. അതും കൂടി പറയേണ്ടതുണ്ട്.

ആനന്ദ് ഗ്രാമം സ്ഥിതി ചെയ്യുന്നത് ഹരിയാനയിലെ ഗുഡ്ഗാവിലേക്കുള്ള റോഡിലാണ്. 1995 ൽ ആ സ്ഥലമൊക്കെ വിജനമാണ്. അപൂർവ്വമായി മാത്രം വാഹനങ്ങൾ കടന്നു പോകും. ഫാം ഹൗസുകളുടെ മുമ്പിലുള്ള സെക്യൂരിറ്റി ക്യാമ്പിനിൽ മാത്രമെ മനുഷ്യരെ കാണൂ.

Sajitha Madathil
Advertisment

മൊബൈൽ ഫോൺ ഇല്ലാത്ത കാലം. എനിക്ക് അത്യാവശ്യമായി ഒരു ഫോൺ ചെയ്യണം. ലോക്കൽ കോൾ ചെയ്യാനുള്ള സൗകര്യമേ ക്യാമ്പിലുള്ളൂ. ആയതിനാൽ സ്ഥലം പരിചയമുള്ള ഒരു സംഘാടകൻ്റ കൂടെ ഞാൻ ഫോൺ ബൂത്ത് ഉള്ള മുക്കിലേക്ക് നടന്നു. കൂടെ വന്ന ശിവ് രാജസ്ഥാനിയാണ്. അധികം സംസാരിക്കാത്ത ഒരു മെലിഞ്ഞ പയ്യൻ.

പോകുന്ന വഴിയിൽ ആരുമുണ്ടായിരുന്നില്ല. ഇരുട്ടാവുന്നതേ ഉള്ളൂ. ബുത്തിനടുത്തായി കേടുവന്ന ഒരു കാർ നന്നാക്കുന്ന കുറച്ചു ചെറുപ്പക്കാർ. ഞാൻ നേരെ ഫോൺ ചെയ്യുവാൻ ബൂത്തിലേക്ക് കയറി. ശിവ് ഒരു സോഡ വാങ്ങി കുടിച്ചു. കാശു കൊടുത്ത് ഞങ്ങൾ തിരിച്ച് നടന്നു. അല്പം ദൂരം നടന്നപ്പോൾ ആരോ മുന്നിൽ നിൽക്കുന്നതുപോലെ.

അതെ, നേരത്തെ കണ്ട ചെറുപ്പക്കാരിൽ ഒരാൾ എൻ്റെ നേരെ നടന്ന് വരുന്നു. അയാൾക്ക് കൈ നീട്ടിയാൽ എന്നെ തൊടാം .മദ്യത്തിൻ്റെ രൂക്ഷഗന്ധം. അയാളുടെ കാലുകൾ നിലത്ത് ഉറയ്ക്കുന്നതേയില്ല. എന്തെങ്കിലും ആലോചിക്കും മുമ്പ് അയാൾ എൻ്റെ ടീ ഷർട്ട് കയറി പിടിച്ചു. കൈകൾ മുലകളെ പിടിച്ച് ഞരിച്ചു.

വേദന കൊണ്ടും പേടി കൊണ്ടും ഉറക്കെ അലറിക്കൊണ്ട് ഞാൻ അയാളെ മുട്ടു കൊണ്ട് തൊഴിച്ചു, അതിനുള്ള ധൈര്യം എങ്ങിനെ കിട്ടി എന്നത് എനിക്കിപ്പോഴും അറിയില്ല.പിന്നെ അയാളെ എല്ലാ ശക്തിയുമെടുത്ത് തള്ളിമാറ്റി. ഒരു പക്ഷെ നാടക പരിശീലനം ശരീരത്തിനും മനസ്സിനും നൽകിയ ശക്തിയും ധൈര്യവുമായിരിക്കും എന്നെ കൊണ്ട് അത്രയും ചെയ്യിപ്പിച്ചത്. അയാൾ റോഡിൻ്റെ അരികിലേക്ക് ചെന്നു വീണു.

ഞാൻ ഒരു നിമിഷം പോലും പാഴാക്കാതെ മുന്നോട്ട് ഓടി. ഇടക്ക് തിരിഞ്ഞ് നോക്കിയപ്പോൾ റോഡിൻ്റെ താഴെ ഒളിഞ്ഞിരുന്ന രണ്ടു പേർ എഴുന്നേറ്റ് ശിവ്ൻ്റെ അടുത്തേക്ക് കുതിക്കുന്നുണ്ടായിരുന്നു. ഞാൻ അടുത്തുള്ള ഫാം ഹൗസിലെ സെക്യൂരിറ്റി ക്യാമ്പിൻ്റെ മുമ്പിലാണ് ഞാൻ ചെന്നു നിന്നത്. എനിക്ക് ഒന്നും പറയാൻ ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. സെക്യൂരിറ്റിക്കാരൻ പെട്ടെന്ന് ക്യാമ്പിലേക്ക് പോകാൻ പറഞ്ഞു. സ്ഥലം സുരക്ഷിതമല്ല എന്നും.

എൻ്റെ പിറകെ ശിവ് എത്തി. അവൻ്റെ കഴുത്ത് അവർ അമർത്തി പിടിച്ച് നീല നിറമായിട്ടുണ്ടായിരുന്നു. എൻ്റെ ടീ ഷർട്ടിൽ ഗ്രീസു പറ്റിയിരുന്നു, നെഞ്ച് നീലിച്ചു വേദനിക്കുന്നുണ്ടായിരുന്നു. ക്യാമ്പിലെത്തിയിട്ടും എനിക്ക് ശ്വാസം നേരെയായില്ല.

ഞാൻ ഭക്ഷണമേശക്കരികിൽ പേടിച്ചരണ്ട് ആരുടെയും കണ്ണിലേക്ക് നോക്കാൻ സാധിക്കാതെ ഭയപ്പെട്ട് ഇരുന്നപ്പോൾ ചുറ്റും കൂടിയ അംഗങ്ങളിൽ നിന്ന് ചൗബി ദേവിയും രമണി ദേവിയും അടുത്തുവന്ന് എന്നെ സൂക്ഷിച്ച് നോക്കി. പിന്നെ എല്ലാം മനസ്സിലാക്കിയതുപോലെ കെട്ടി പിടിച്ചു. അവരുടെ മുറിയിലേക്ക് കൊണ്ടുപോയി ചൂടുവെള്ളത്തിൽ കുളിക്കാൻ പറഞ്ഞു. അവരുടെ ഭാഷയിൽ സ്വാന്തനിപ്പിച്ചു.

അന്ന് എന്തും സംഭവിക്കാമായിരുന്നു. ഞാൻ എങ്ങിനേയോ രക്ഷപ്പെട്ടു എന്നു മാത്രം. ദില്ലി ഞാനന്ന് പരിചയപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അല്ലായിരുന്നെങ്കിൽ ഒരു പക്ഷെ അങ്ങിനെ ഇറങ്ങി നടക്കാൻ ധൈര്യം കാണിക്കില്ലായിരുന്നു.പക്ഷെ ഇതു പോലെ ഉള്ള എത്രയോ സാഹചര്യങ്ങൾ കണ്ട ആ രണ്ടു സ്ത്രീകൾ എനിക്കു തന്ന സ്നേഹവും കരുതലും എൻ്റെ മനസ്സിനെ തകരാതെ ആ യാത്രയിൽ നിലനിർത്തി.

Sajitha Madathil

പിന്നീട് വർഷങ്ങൾക്കു ശേഷം മണിപ്പൂരിൽ പോയപ്പോൾ ഞാനവരെ കണ്ടു.  റേപ്പും തുടർന്നുള്ള കൊലപാതകവും ഒക്കെ മണിപ്പൂരിലെ ഈ തീ പന്തമേന്തിയ പെണ്ണുങ്ങൾ നിത്യേനയെന്നോണം ഇടപെടുന്ന വിഷയങ്ങളാണെന്ന് അപ്പോഴെനിക്ക് അറിയാമായിരുന്നു. അവരെനിക്ക് സമ്മാനമായി നൽകിയ പരമ്പരാഗത ഫാനെക്ക് ഇന്ന് എനിക്ക്  ആ ദിവസത്തിൻ്റെ ഓർമ്മയാണ്.

അങ്ങിനെ അവസാനം ഏറെ തയ്യാറെടുപ്പുകൾക്ക് ശേഷം നാടക സംഘം ചൈനയിലേക്ക് യാത്ര തിരിച്ചു. ഇന്ത്യയിലെ പ്രധാനപ്പെട്ട ഫെമിനിസ്റ്റുകള്‍ക്കൊപ്പമുള്ള ഒരു യാത്രയായിരുന്നു അത്. കോഴിക്കോട്ടുനിന്ന് അജിതയും, പത്രപ്രവര്‍ത്തകയായ പ്രീതിയും, ആർക്കിടെക്റ്റ് ലതയും ഒക്കെ മലയാളികളായി ഉണ്ടായിരുന്നു. നാടകസംഘം അവിടെ ഒട്ടേറെ പൊതുവേദികളിൽ  നാടകങ്ങള്‍ അവതരിപ്പിച്ചു. ഞങ്ങള്‍ ബീജിങ്ങിലും ഹൊയ്റോയിലും യാത്രചെയ്തു. ഫോര്‍ബിഡന്‍ സിറ്റിയും ടിയാന്‍മെന്‍ സ്ക്വയറും ഒക്കെ കയറിയിറങ്ങി.

ചില ഓർമ്മകൾ മറക്കാനാവാതെ ജീവിതത്തിൽ കൂടെ വരും. ടിയാൻമെൻ സ്ക്വയറിലേക്കുള്ള യാത്ര അതിലൊന്നാണ്. മാവോ സേതുങ്ങിന്‍റെ അന്ത്യവിശ്രമസ്ഥാനത്തേക്ക് കയറുമ്പോള്‍ ക്യാമറകളൊന്നും കൊണ്ടു പോകാനാവില്ലായിരുന്നു. വിലപിടിച്ച ക്യാമറകള്‍ കാര്‍ ഡ്രൈവറുടെ കൈയില്‍ കൊടുത്ത് അവിടം സന്ദര്‍ശനം നടത്തി പുറത്തുവന്നപ്പോള്‍ അയാളുടെ പൊടിപോലും കാണാനില്ല. കൂടെയുള്ള തമിഴ് നാട്ടില്‍ നിന്നുള്ള ക്രിസ്റ്റീനയും ഞാനും ലതയും എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. ടിയാന്‍മെന്‍ സ്ക്വയറില്‍ ചൈനയുടെ ചുവപ്പന്‍ ആകാശം നോക്കിക്കൊണ്ട് കിടക്കുന്ന അജിതയും തെലുങ്കാനയില്‍നിന്ന് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തകയായിരുന്ന അംബികയും യാതൊരു സന്ദേഹവുമില്ലാതെ പറഞ്ഞു, "ഏയ്, ചൈനയില്‍ കള്ളന്മാരില്ല, എല്ലാം തിരിച്ചു കൈയിലെത്തും." 

എനിക്കാണെങ്കില്‍ അജിതയുടെ ഈ വിശ്വാസത്തോട് യോജിച്ച് വെറുതെ നില്‍ക്കാനും ആവുന്നുമില്ല. ഞാനും ക്രിസ്റ്റീനയും, ലതയും ഓടിനടന്ന് ഡ്രൈവറെ കണ്ടുപിടിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ കണ്ടെത്തി. ഞങ്ങള്‍ സങ്കല്‍പ്പിച്ച ആ 'ചൈനാ കള്ളന്‍' കാറില്‍ ഈ തൊണ്ടി സാധനങ്ങളുമായിരുന്ന് കണ്ണീര്‍തോര്‍ക്കുകയാണ്. ഞങ്ങളെ കണ്ടപ്പോള്‍ അയാള്‍ സ്വയം കവിളിലടിച്ച് ചിരിക്കാന്‍ തുടങ്ങി. "നിങ്ങള്‍ ഇന്ത്യക്കാരെല്ലാം ഒരുപോലെയാണ് കാണാന്‍," അയാള്‍ പറഞ്ഞു. 

ഇതേകാര്യം ചൈനയില്‍വെച്ച് പലതവണ ഞങ്ങളും പറഞ്ഞിട്ടുള്ളതാണ്. ചൈനക്കാരെല്ലാം ഒരുപോലെയാണ് കാണാനെന്ന്. പുറത്തിറങ്ങിവരുന്ന ഇന്ത്യക്കാരില്‍നിന്ന് ഞങ്ങളെ തിരിച്ചറിയാന്‍ തനിക്കാവുന്നില്ല എന്നതായിരുന്നു അയാളുടെ പ്രശ്നം. ഒടുവില്‍ ഞങ്ങളുടെ വരവും കാത്ത് അയാള്‍ കാറിലിരിക്കുകയായിരുന്നു.

തെറ്റിദ്ധരിക്കപ്പെടുമോ എന്ന പേടിയിലാണ് അയാള്‍ കണ്ണീരുവാര്‍ത്തത്. ഏതായാലും അന്ന് അജിതയുടെയും അംബികയുടെയും ദിവസമായിരുന്നു. "സജീ, ഞാനപ്പഴേ പറഞ്ഞില്ലേ, മാവോ സേതുങ്ങിൻ്റെ നാട്ടില്‍ കള്ളന്മാരില്ലെന്ന്..." എന്നവര്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.

ഈയിടെ കേരളത്തിൽ നവഫെമിനിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ തുടക്കവും തുടര്‍ച്ചയും നൽകി, അതിജീവനത്തിന്റെ സമരവീര്യത്തോടെ കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ സ്വന്തം ഇടം സൃഷ്ടിച്ചെടുത്ത മുതിർന്ന സ്‌ത്രീനേതൃത്വങ്ങളെ ആദരിക്കാനായി തിരുവന്തപുരത്തെ വൈ ഡബ്ലിയു സി എ ഹാളിൽ കേരള ഫെമിനിസ്റ്റ് ഫോറത്തിൻ്റെ ഒരു കൂടിച്ചേരൽ സംഘടിപ്പിച്ചിരുന്നു.

അവിടെ പ്രിയപ്പെട്ട ഏലിയാമ്മ വിജയനേയും, വി.പി. സുഹറയേയും, നളിനി ജമീലയേയും, അജിതയേയും ആദരിച്ചിരുന്നു. ഇവരെല്ലാവരും  സാമൂഹ്യ ജീവിതത്തിൽ എന്നെ പല രീതിയിൽ സ്വാധീനിച്ചവരാണ്. എൻ്റെ ജീവിതത്തോട് ചേർന്നു നിൽക്കുന്നവരാണ്. അന്നു ഞാൻ ഈ കഥകളെല്ലാം വീണ്ടും മനസ്സിൽ ഓർത്തെടുത്തു.

-തുടരും

സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം: 

Memories Sajitha Madathil Memoirs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: