/indian-express-malayalam/media/media_files/VR7e07FmnNcbzRIqhb2H.jpg)
The Life and Work of Sajitha Madathil- Part 4
പന്നിയങ്കരയ്ക്കും കല്ലായിയ്ക്കും ഇടയിലായിരുന്നു അമ്മയുടെ വീട്. കല്ലായി റെയിൽവേ സ്റ്റേഷന്റെ അവിടെ ഇറങ്ങി, നടന്ന് ഓട്ടുകമ്പനിയുടെ വലതുവശത്തെ പച്ചപ്പായൽ ഇടതൂർന്ന് വളർന്ന ഇടവഴിയിലൂടെ പോവണം. അവിടെയാണ് മാളികപറമ്പ്. പറമ്പിന്റെ ഒരറ്റത്തു നിന്ന് നോക്കിയാൽ മാങ്കാവ് പുഴ കാണാം.
മതിലില്ലാത്തതിനാൽ തൊടിയിലൂടെ ആർക്കും കടന്ന് പോകാം. 'ഗോവിന്നടോയ് നട' എന്നുറക്കെ പാടിക്കൊണ്ട് ഒരു ചേട്ടൻ മദ്യലഹരിയിൽ ഉടുമുണ്ട് പാതിയും നിലത്ത് തൂങ്ങിക്കിടന്നു കൊണ്ട് സന്ധ്യക്ക് അതു വഴി മിക്കവാറും കടന്നു പോകും. കമ്മലും മാലയും പൊട്ടും മറ്റ് അത്ഭുത വസ്തുക്കളും നിറഞ്ഞ മരപ്പെട്ടി തലയിൽ വെച്ച് തിങ്കളാഴ്ചകളിൽ അബൂബക്കർ എത്തും. അവിടുത്തെ കക്കൂസുകളിൽ നിന്ന് തീട്ടം ഇരുമ്പ് ബക്കറ്റിലേക്ക് കമിഴ്ത്തി ചേമ്പിൻ്റെ ഇല മുകളിൽ പറിച്ചിട്ട് എൻ്റെ കൂട്ടുകാരൻ പളനിയുടെ അമ്മൂമ്മ പുറകുവശത്തെ ഇടവഴിയിലൂടെ നടന്നു നീങ്ങും. കമാക്ഷിയമ്മ അമ്പലത്തിലേക്കെന്നുപറഞ്ഞ് മാളിക പറമ്പു മുഴുവൻ നടന്ന് ചെമ്പരത്തിയും തുളസിയും കനകാമ്പരവുമെല്ലാം മര്യാദയില്ലാതെ പറിച്ചെടുക്കും. രാവിലെ മുതൽ കിണറ്റിൻ കരയിലെ കപ്പിയും കയറും ബക്കറ്റും നിർത്താതെ കരയും. ചിന്നമാളു അലക്കാനുള്ള തുണിയിൽ സ്വയം പുഴുങ്ങി വെളുപ്പിക്കും. ഈർച്ചപ്പൊടി ചാക്കുകൾ കയറ്റി നാണുവിൻ്റെ സൈക്കിളിൽ ഇടക്കിടക്ക് പറമ്പിലേക്ക് പറന്നു വരും. അപ്പക്കാരൻ്റെ വിളിക്കായി കുട്ടികൾ കാതോർത്തു നിൽക്കും. ടെയിലർ സുന്ദരൻ കേശവൻ സ്ത്രീകളുടെ ശരീര വടിവുകൾ ഇടക്കിടക്ക് അളവെടുക്കും. വയസ്സറിയിപ്പും, വിവാഹങ്ങളും, ഇരുപത്തെട്ടും, ചോറൂണും, മരണവും, ബലിയിടലും എല്ലാം പറമ്പിൻ്റെ പലയിടത്തായി സംഭവിക്കുന്നുണ്ടാവും. ജീവിതം സംഭവബഹുലമായിരുന്നു. അവിടെയാണ് ബാല്യവും കൗമാരത്തിന്റെ തുടക്കവും കഴിച്ചു കൂട്ടിയത്.
പട്ടാളത്തിലും എയർഫോഴ്സിലുമൊക്കെയാണ് അമ്മാവൻന്മാർ. ചന്ദ്രൻ മാമയാണ് കൂട്ടത്തിൽ മൂത്തത്. മറ്റൊരു ജേഷ്ഠൻ ഉണ്ണികൃഷ്ണമാമനായിരുന്നു ഞാൻ അമ്മയുടെ വീട്ടിലേക്ക് എത്തുമ്പോൾ നാട്ടിലുണ്ടായിരുന്നത്, അദ്ധ്യാപകൻ. അധികം സംസാരിക്കാത്ത ശാന്തനായ മനുഷ്യൻ. അച്ഛൻ മരിച്ചു വരുമ്പോൾ അമ്മയുടെ താഴെയുള്ളവരിൽ ചിലർ പഠനം തുടരുകയായിരുന്നു. അമ്മ അവരുടെയൊക്കെ സാവിത്രി ഏടത്തിയായി കുടുംബത്തിന്റെ നെടുംതൂണായി സ്വയം മാറി. അമ്മയ്ക്ക് ഒരു ചേച്ചിയുണ്ടായിരുന്നു. രുഗ്മിണി വല്ല്യമ്മ അവർ വിവാഹം കഴിച്ച് ഭർത്താവിനൊപ്പം മാറി താമസിക്കുകയായിരുന്നു.
അമ്മൂമ്മയുടെ നാലാമത്തെ ആളാണ് അമ്മ. പെൺകുട്ടികളിൽ ആദ്യം ജോലി കിട്ടിയത് അമ്മയ്ക്കാണ്. ടിടിസി പഠിച്ച് അമ്മ ടീച്ചറായി, വലിയ വഴക്കൊക്കെ ഉണ്ടാക്കിയാണ് അമ്മ പഠിത്തം തുടർന്നത് എന്നു കേട്ടിട്ടുണ്ട്.പഠിക്കാൻ മിടുക്കിയായിരുന്നു അമ്മ. എസ്എസ്എൽസി കഴിഞ്ഞിട്ട് അമ്മയ്ക്ക് പഠിക്കണം എന്നൊക്കെ ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷേ പെൺകുട്ടികളെ പഠിപ്പിക്കണം എന്നൊന്നും ആരും വിചാരിക്കാത്ത കാലമാണത്. അമ്മ പഠിക്കണം എന്ന് വീട്ടിൽ ആർക്കും നിർബന്ധമില്ല, അമ്മയ്ക്കല്ലാതെ.
പെൺകുട്ടികളെ പഠിപ്പിക്കാൻ പൈസയും ഇല്ല. അന്ന് ഭൂസ്വത്തൊക്കെ ഉണ്ടെങ്കിലും പണമായി കയ്യിലൊന്നും കാണില്ല. പഠിക്കണം എന്നു അമ്മ പറഞ്ഞപ്പോൾ ആരും കേട്ടില്ല. അതിൽ പിണങ്ങി അമ്മ വാശി പിടിച്ച് ഭക്ഷണം കഴിക്കാതെയൊക്കെ ഇരുന്ന് സമ്മതം നേടിയെടുക്കുകയായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഒടുവിൽ ആ വാശിയ്ക്ക് മുന്നിൽ സഹികെട്ട് വീട്ടുകാർ അമ്മയെ ടിടിസിയ്ക്ക് ചേർത്തു. പഠനം കഴിഞ്ഞ് അമ്മ ജോലിയ്ക്ക് കയറി. അധികം വൈകാതെ അച്ഛനുമായുള്ള വിവാഹവും നടന്നു.
അച്ഛൻ അമ്മയുടെ ഒരു അകന്ന ബന്ധു തന്നെയായിരുന്നു. അതു കൊണ്ട് അമ്മ അച്ഛനെ ആദ്യമേ കണ്ടിട്ടുണ്ട്. അച്ഛൻ വളരെ മിടുക്കനായൊരു ആളായിരുന്നു. നന്നായി അഭിനയിക്കും, ചിത്രം വരയ്ക്കും. കാണാനും സുമുഖൻ. സാമൂഹിക കാര്യങ്ങൾക്കൊക്കെ അച്ഛൻ മുൻകൈയെടുത്തിരുന്നു. ഇതൊക്കെ കണ്ടപ്പോൾ സ്വാഭാവികമായും അമ്മയ്ക്ക് ഒരിഷ്ടം തോന്നിക്കാണണം. അതിനാലാവാം വിവാഹം കഴിച്ചത്, അല്ലാതെ അന്ന് സംസാരിച്ചും അടുത്തിടപഴകിയുമൊക്കെ മനസ്സിലാക്കി വിവാഹം കഴിക്കാനുള്ള അവസരങ്ങളൊന്നും ഉണ്ടാകാൻ വഴിയില്ല.
വിവാഹം കഴിഞ്ഞ് കൂടിപ്പോയാൽ മൂന്നോ നാലോ വർഷം, അത്രയേ അച്ഛനും അമ്മയും ഒന്നിച്ചു ജീവിച്ചു കാണൂ. അതിനിടിയിൽ അച്ഛൻ മരിച്ചു. അല്ല. ഞാൻ നേരത്തെ പറഞ്ഞതു പോലെ, ആത്മഹത്യ ചെയ്തു. അമ്മ രണ്ടാമത് ഗർഭിണിയും. അച്ഛന്റെ മരണത്തോടെ അമ്മ കോഴിക്കോട്ടെ തറവാട്ടിലേക്ക് തിരിച്ചു പോരികയും ചെയ്തു. അതിനിടയിൽ അമ്മ പ്രസവിക്കുന്നു. സബിത ഒരു സുന്ദരിക്കുട്ടിയായിരുന്നു. അമ്മ ഒരു ആൺകുട്ടിയെ ആയിരുന്നു പ്രതീക്ഷിച്ചത്. അതായിരുന്നു ഗർഭം മുന്നോട്ടു കൊണ്ടു പോകാൻ കാരണമാക്കിയത് എന്നു പറയുന്നത് കേട്ടിട്ടുണ്ട്. അമ്മൂമ്മയുടെ സ്വന്തമായിരുന്നു അവൾ.
കോഴിക്കോട്ടെ വീട്ടിലേക്ക് തിരിച്ചെത്തിയതോടെ അമ്മയ്ക്ക് ഇടയ്ക്ക് അപസ്മാരം പോലെ വരാൻ തുടങ്ങി. ചിലപ്പോൾ ഒറ്റപ്പെടലും ടെൻഷനുമൊക്കെ കൊണ്ടാവാം. ഇങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ചിലപ്പോൾ ഭയങ്കരമായി പൊട്ടിച്ചിരിക്കും, എന്നിട്ട് അപസ്മാരം വന്നു വീഴും. അല്ലെങ്കിൽ കരച്ചിലാവും, അതിനൊടുവിൽ കണ്ണൊക്കെ തള്ളി അപസ്മാരബാധയിലേക്ക് അമ്മ വീണു പോവും. ഞാൻ അമ്മയുടെ അടുത്ത് പേടിയോടെ നില ഉറപ്പിക്കും. അമ്മ അപസ്മാരം വന്നു വീഴുമോ എന്ന ഭീതിയോടെ!ഇതിലൂടെയൊക്കെയാണ് എന്റെ ചെറുപ്പം കടന്നു പോവുന്നത്. പിന്നീട് വീടിന് പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ അമ്മയുടെ മാനസികാവസ്ഥ പതുക്കെ ശരിയായി വന്നു. അമ്മയിലെ സാമൂഹിക പ്രവർത്തക ജനിക്കുന്നതിൻ്റെ ഒരു കാരണം ഇതും കൂടിയായിരുന്നു.
എല്ലാ കാലത്തും അമ്മയ്ക്ക് തുണയായത് അമ്മയുടെ ജോലി തന്നെയായിരുന്നു. ജീവിതം പ്രതിസന്ധികളിലൂടെ കടന്നു പോവുമ്പോഴും അമ്മ ജോലി ചെയ്യുന്നുണ്ടായിരുന്നു, അധ്യാപകവൃത്തിയിൽ നിന്നു റിട്ടയർ ചെയ്യുന്നതു വരെ അതു തുടർന്നു. ഒരു സ്ത്രീക്ക് സാമ്പത്തിക സ്വാതന്ത്ര്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് എനിക്ക് പഠിപ്പിച്ചു തന്നത് അമ്മയുടെ ജീവിതമാണ്.
/indian-express-malayalam/media/media_files/WmxxeDIQbz4DVw33iiVo.jpg)
എനിക്കിപ്പോഴും തോന്നാറുണ്ട്, ഞാൻ ഇന്നത്തെ സജിത ആകുന്നതിൽ വലിയൊരു പങ്കു വഹിച്ചിട്ടുള്ളത് അന്നത്തെ എന്റെ ആ ഒറ്റപ്പെടൽ തന്നെയാണെന്ന്. ഞാനെന്ന വ്യക്തിയുടെ ഒരു പരുവപ്പെടൽ തുടങ്ങുന്നതും അവിടെ നിന്നാവാം. ഒരു വലിയ കുടുംബം, ചുറ്റും കുറേ മനുഷ്യർ, അമ്മൂമ്മയും മക്കളും കൊച്ചുമക്കളും അമ്മൂമ്മയുടെ അനിയത്തിയുടെ മക്കളുമൊക്കെയായി ആളുകൾ വന്നും പോയും ഇരിക്കുന്ന വലിയൊരു കുടുംബം.
ആ വീടെപ്പോഴും സജീവമാണ്. ഒഴിയാത്ത പണികൾ. സ്ത്രീകൾ കുറേ പേർ അടുക്കളയിൽ, കുറേ പേർ ആട്ടുകല്ലിൽ ഉഴുന്നരയ്ക്കുന്നു. വൈകുന്നേരം അടുപ്പിൽ ഈർച്ചപ്പൊടി നിറയ്ക്കുന്നു, അടുപ്പ് കത്തിക്കുന്നു. കുറേ മനുഷ്യർക്കൊപ്പം ചേർന്ന് ഞാനും കൂട്ടത്തിൽ അങ്ങനെ വളരുകയാണ്.
മാങ്കാവിലേക്ക് പത്തോളം തടിപ്പാലങ്ങൾ മുറിച്ചു കടന്ന് അമ്മയുടെ ചേച്ചി രുഗ്മിണി വല്യമ്മയുടെ മക്കളായ അനുവേട്ടനും ആനന്ദേട്ടനുമൊപ്പം ഗോതമ്പ് പൊടുപ്പിക്കാൻ പോകും. അമ്മയറിയാതെ മാനാരിയിലെ ഈർച്ചമില്ലിൽ നിന്ന് വിറക് തലയിൽ ചുമന്നു എത്തിച്ചും, കൃഷ്ണൻകുട്ടി നായരുടെ കടയിലെ ശർക്കര ചാക്കിലേക്ക് നോക്കി വെള്ളമിറക്കി പലവ്യഞ്ജനങ്ങൾ വാങ്ങിച്ച് സഞ്ചിയും തൂക്കി മഴയത്ത് ഇല്ലി പൊട്ടിയ കുടയുമായി നടന്നും എന്റെ ബാല്യം മുന്നോട്ടു നീങ്ങി. അന്നത്തെ എന്റെ പാർട്നർ ഇന്‍ ക്രൈമായിരുന്ന ആനന്ദേട്ടൻ ഇന്ന് ഈ ലോകത്തില്ല! രുഗ്മിണി വല്ല്യമ്മയുടെ ഇളയ മകൻ അരൂണും എൻ്റെ എല്ലാ ഭ്രാന്തുക്കൾക്കും കൂടെ ഉണ്ടാവും. പക്ഷെ അവർ താമസിക്കുന്നത് ഫറോക്കിലായിരുന്നു'.
/indian-express-malayalam/media/media_files/WKFv5jiJIZHl0HIefXwx.jpg)
ഒരു ആത്മവിശ്വാസക്കുറവ് എനിക്കെപ്പോഴും ഉണ്ടായിരുന്നു. അന്നും ഇന്നും.അതിന്റെ ഭാഗമായി വൈകാരികമായ ഒരു ധൈര്യമില്ലായ്മ എന്നെ എപ്പോഴും പൊതിഞ്ഞിരുന്നു. 'നീ ചെയ്യുന്നത് ശരിയാണ്, അല്ലെങ്കിൽ തെറ്റാണ്' എന്നൊന്നും പറയാൻ ഒരാളു പോലും ചുറ്റുമില്ലായിരുന്നു. കൈ മുറുക്കി പിടിക്കാൻ, കൂടെ ഉണ്ട് എന്നു പറഞ്ഞ് ധൈര്യം തരാൻ ആരുമില്ലായിരുന്നു. ഇപ്പോഴും പൊതുവായിട്ടുള്ള ഒരിടത്തേക്ക് ഒറ്റക്ക് കയറിച്ചെല്ലാൻ എനിക്ക് പേടിയാണ്. പൊതുവേദിയിൽ സംസാരിക്കാൻ പെട്ടെന്ന് മൈക്ക് തന്നാൽ എനിക്ക് ടെൻഷനാകും. പുറത്തു നിന്നു നോക്കുന്ന ആളുകൾക്ക് ചിലപ്പോൾ എന്റെ ആ മാനസികാവസ്ഥ മനസ്സിലാവില്ല. കാരണം ഞാനതിൽ നിന്ന് പുറമേക്കെങ്കിലും മറികടന്നിട്ടുണ്ട്.
ചില ആളുകൾക്ക് അവനവനിൽ ഉള്ള ചെറിയ കാര്യങ്ങൾ വെച്ച് തന്നെ കോൺഫിഡൻസോടെ മുന്നോട്ടു പോകാനാവും. എനിക്ക് അത്രയും ഉറപ്പു തോന്നിയാൽ മാത്രമേ മുന്നോട്ടു കാലു വയ്ക്കാനാവൂ. വെറുതെ ഒരു കൗതുകം കൊണ്ട് ഞാൻ കൂട്ടുകാരോടൊക്കെ അവരുടെ ചെറുപ്പത്തെക്കുറിച്ച് ചോദിക്കും. അതിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് ചെറുപ്പത്തിൽ നമുക്ക് കിട്ടുന്ന കോൺഫിഡൻസ് എന്ന് പറയുന്നത് ചെറുതല്ലെന്നാണ്. നമ്മൾ ഏത് സാഹചര്യത്തിൽ വലുതായി, എവിടെ പഠിച്ചു, ആ സ്കൂൾ നമ്മൾക്ക് എന്തൊക്കെ തന്നു, അധ്യാപകർ നമ്മളെ എത്ര സപ്പോർട്ട് ചെയ്തു, കുടുംബം ആ വളർച്ചയിൽ എത്രമാത്രം പങ്കു ചേർന്നു, അതൊക്കെ നൽകുന്ന ആത്മവിശ്വാസമുണ്ടല്ലോ. അതു വളരെ പ്രധാനമാണ്.
അച്ഛനില്ലായ്മ എന്നിൽ ഇല്ലാതാക്കിയത് ഇതു മാത്രമാണ്. ബാക്കിയെല്ലാം അമ്മ ആവും പോലെ നൽകിയിരുന്നു. അമ്മയുടെത് പ്രായോഗികതയുടെ ലോകമായിരുന്നു. ചുറ്റുമുള്ള ലോകത്തിന്റെ നന്മക്കായാണ് അവർ വീടു വിട്ടിറങ്ങിയത്. ഞാനാവട്ടെ ആ ശൂന്യതയിൽ പെൺലോകത്തിന്റെ കഥകളിൽ ചൂഴ്ന്നിറങ്ങി ഞാൻ എന്റെ ലോകം വികസിപ്പിച്ചു.
-തുടരും
സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ' ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം:
- അധ്യായം 1: മുറിവുണങ്ങിയ ഓർമ്മകളിലൂടെ
- അധ്യായം 2: ഇല്ലി പൊട്ടിയ കുടകൾ
- അധ്യായം 3: വല്യമുത്തശ്ശൻ കിടപ്പിലായ കഥ
- അധ്യായം 4: മതിലുകളില്ലാത്ത മാളികപറമ്പ്
- അധ്യായം 5: പ്രണയം, രതി, വിദ്വേഷം
- അധ്യായം 6: പതുപതുത്ത നെറ്റിയുള്ള വെളിച്ചപ്പാട്
- അധ്യായം 7: സ്വപ്നം നൃത്തം ചെയ്യുമ്പോൾ
- അധ്യായം 8: 'അയ്യോ തൊട്ടഭിനയിക്കാൻ വയ്യ!'
- അധ്യായം 9: കടും നിറങ്ങൾ ഒഴിഞ്ഞ കാലം
- അധ്യായം 10: "അവളുടെ ശരിയല്ലാത്ത പോക്ക്!"
- അധ്യായം 11: പുരോഗമന ചിന്താഗതിക്കാരൻ്റെ ജീവിത പങ്കാളിപട്ടം!
- അധ്യായം 12: അവൾ അജിതയാവാൻ നടക്ക്വാ?
- അധ്യായം 13: മാവോസേതുങ്ങിന്റെ നാട്ടില് കള്ളന്മാരില്ലെന്ന്!
- അധ്യായം 14: നാടകം ചെയ്താ പോരെ, പഠിക്കണോ?
- അധ്യായം 15: കാദംബരി ദേവിയുടെ താക്കൂർ ബാരി, ടാഗോറിന്റെയും!
- അധ്യായം 16: നാടകങ്ങൾ പൂത്ത ആ പെൺകാലം!
- അധ്യായം 17: എൻ്റെ കരളു പറിച്ചിട്ടല്ലേടാ നീ പോയത്?
- അധ്യായം 18: സൗത്ത് ആഫ്രിക്കൻ അരങ്ങിലെ മത്സ്യഗന്ധി
- അധ്യായം 19: ചിരുതയും ഞാനും
- അധ്യായം 20: പെണ്ണുങ്ങൾക്ക് പറ്റിയ പണി ചെയ്താൽ പോരേ? നാടകമെഴുതണോ?
- അധ്യായം 21: സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ, ഇരിക്കണമോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്!
- അധ്യായം 22: കണ്ണിൽ നിറഞ്ഞ വെളുത്ത കാർമേഘങ്ങൾ
- അധ്യായം 23: പൂക്കൾക്കു നിറങ്ങൾ വീണ്ടുകിട്ടിയപ്പോൾ
- അധ്യായം 24: അമ്മയുടെ മരണം സമ്മാനിച്ച ശൂന്യത
- അധ്യായം 25: സിനിമയുടെ ഷട്ടർ ഉയരുമ്പോൾ
- അധ്യായം 26: എനിക്കവളും അവൾക്ക് ഞാനും തണലായ കാലം
- അധ്യായം 27: ചിന്നേടത്തിയും ജാന്വേടത്തിയും!
- മുറിവുണങ്ങിയ ഓർമ്മകളിലൂടെ, അവസാനഭാഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us