/indian-express-malayalam/media/media_files/2FhgcaQSNzUQ86AiAvrm.jpg)
The Life and Work of Sajitha Madathil-Chapter 9
ഡിഗ്രിക്കാലം വരെ സ്വർണ്ണാഭരണങ്ങൾ എൻ്റെ ശരീരത്തിൻ്റെ ഭാഗമാണ്. ഒഴിഞ്ഞ കഴുത്തും കാതും കൈയ്യും ആലോചിക്കാനേ പറ്റാത്ത കാര്യമായിരുന്നു. വൈകുന്നേരം ഒറ്റക്ക് റോഡിലേക്ക് ഇറങ്ങി, തുണയില്ലാതെ യാത്രചെയ്യുന്നത് ആലോചനയിൽ പോലും ഇല്ലായിരുന്നു. ഏതുനേരവും, ഒരു അപരന്‍ വന്ന് ആക്രമിക്കുമെന്ന് പേടിച്ചു. ഒറ്റക്കാവുന്ന സന്ദര്‍ഭങ്ങള്‍, ഉള്ളില്‍ ആധിയുമായി മാത്രം നടന്നു. എന്നാല്‍ ഒരൊറ്റദിവസം കൊണ്ടെന്നപോലെ ഇതെല്ലാം മാറ്റിമറിക്കപ്പെട്ടു.
1986 ൽ വലപ്പാട്ടുവെച്ചു നടന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ 'വനിതാശിബിരം' എന്നെ ചെറുതായൊന്നുമല്ല മാറ്റിയത്. ഒരുപക്ഷെ എന്നെപ്പോലെയുള്ള ഒട്ടനവധി പെണ്‍കുട്ടികളുടെ ജീവിതം അത് ഗുണപരമായി മാറ്റിമറിച്ചിട്ടുണ്ടാവാം.
പരിഷത്ത് പ്രവർത്തകരായ സ്ത്രീകൾക്കായിരുന്നു ആ ക്യാമ്പ്. അമ്മയുടെ കൂടെ പോയതാണ്, സബിയും ഉണ്ടായിരുന്നു. ആരോഗ്യം, നിയമം, മാധ്യമം എന്നീ മണ്ഡലങ്ങളിലെ സ്ത്രീപക്ഷ ചിന്തകൾ, ചരിത്രം, വിവാഹ സങ്കൽപ്പങ്ങൾ, വീട്ടിനകം തുടങ്ങി ജീവിതത്തിൻ്റെ വിവിധ തലങ്ങളിൽ തുടരുന്ന പുരുഷാധിപത്യ ചിന്തകൾ തുടങ്ങിയവ ചർച്ച ചെയ്യപ്പെട്ടു. പല പഴയ ചിന്താഗതികളും ആ ദിവസങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടു. ഇതെല്ലാം എനിക്ക് പുതിയ അനുഭവമായിരുന്നു. ഇത്തരം ഗൗരവപ്പെട്ട സംവാദങ്ങൾ തന്നെ എനിക്ക് പുതിയതായിരുന്നു.
രാധമണി ചേച്ചി, സരസ്വതി ചേച്ചി, നടാ ദുവരി, വനിതാ മുഖർജി, ഡോ ജയശ്രി, ലില്ലി, ജെ. ദേവിക, ജ്യോതി നാരായണൻ, ആനന്ദി ടി.കെ., അഡ്വ. അജിത, ബെറ്റിമോൾ, കെ.രമ തുടങ്ങി ഒട്ടേറെ പേർ. ഞാനതുവരെ പരിചയപ്പെട്ട സ്ത്രീകളിൽ നിന്ന് വ്യത്യസ്തരായിരുന്നു അവർ. എൻ്റെ പ്രിയപ്പെട്ടവർ, അവർ അന്നും ഇന്നും നേരിട്ടോ അല്ലാതെയോ എൻ്റെ ജീവിതത്തിനൊപ്പമുണ്ട്.
കെ.ടി. രാധാകൃഷ്ണൻ, കൊടക്കാട് ശ്രീധരൻ മാഷ്, സി.ജി ശാന്തകുമാർ , കെ.കെ കൃഷ്ണകുമാർ, കെ.എൻ ഗണേഷ് തുടങ്ങി ഒട്ടേറെ മുതിർന്ന പരിഷത്ത് പ്രവർത്തകരും അന്ന് ആ ക്യാമ്പിൻ്റെ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഞങ്ങൾ വലപ്പാട് സംഘാടകർ നിശ്ചയിച്ച വീടുകളിൽ താമസിച്ചു. രാത്രി മുഴുവൻ സംസാരിച്ചു.
പരിചയമില്ലാത്തവർക്കൊപ്പവും ബന്ധുക്കളുടേതല്ലാത്തവരുടെയും വീട്ടിൽ ഞാൻ താമസിക്കുന്നത് ആദ്യമായിട്ടായിരുന്നു. വലപ്പാട് എനിക്കെന്നും പ്രിയപ്പെട്ട സ്ഥലമായി മാറിയത് അങ്ങിനെയാണ്. ഞാൻ അന്നു താമസിച്ച വീട്ടിൽ പിന്നെയും ഒരിക്കൽ പോയിരുന്നു. അന്നത്തെ ചെറുപ്പക്കാരായ സംഘാടകരെ ഇന്നു കാണുമ്പോഴും അതേ ഊർജ്ജവും സന്തോഷവും തോന്നും. പലരും പല വഴിക്ക് യാത്ര ചെയ്തെങ്കിലും എല്ലാവരുടെയും ലക്ഷ്യം സാമൂഹിക നന്മ എന്നതിലേക്ക് തന്നെ ആയിരുന്നു.
ഈ ക്യാമ്പ് എന്നെ വല്ലാതെ മാറ്റി. ഞാന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാതെയായി, കോട്ടൺ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ തുടങ്ങി, വസ്ത്രങ്ങളിൽ നിന്ന് കടും നിറങ്ങൾ ഒഴിഞ്ഞു പോയി. പൊട്ടുതൊടാത്ത, കണ്ണെഴുതാത്ത നഖങ്ങളില്‍ ചായംതേക്കാത്ത മറ്റൊരാള്‍ ആയി മാറി ഞാൻ. എന്റെ പെട്ടെന്നുള്ള ആ മാറ്റം അമ്മയെ നല്ല രീതിയിൽ സങ്കടപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തു.
സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തെ പുനർനിർവചിക്കേണ്ടതുണ്ടെന്ന ചിന്തയായിരുന്നു അന്ന് എന്റെ മനസ്സിൽ നിറഞ്ഞു നിന്നത്. പക്ഷേ പുനർനിർവചിക്കുമ്പോൾ അതെങ്ങനെയാണ് ചെയ്യേണ്ടത്, അതിനുള്ള പാകതയും അറിവും രണ്ടു കൂട്ടർക്കും ഉണ്ടായിരുന്നോ എന്നൊന്നും അറിയില്ലായിരുന്നു. അതിന് ഞങ്ങളിൽ പലരും കണ്ട വഴിയായിരുന്നു പെൺ അലങ്കാരങ്ങൾ ഒഴിവാക്കുക എന്നത്. പുറംമോടികളെ ഉപേക്ഷിക്കാനും ബന്ധങ്ങൾക്ക് കാതലായി തുല്യതയും ബഹുമാനവും വരണമെന്ന് ആഗ്രഹിച്ചു.
പതുക്കെ പതുക്കെ, അരിച്ചു കൊണ്ടാവണമെന്നില്ല മാറ്റങ്ങള്‍ സംഭവിക്കുന്നത്. അടിമുടി മാറ്റിയെടുക്കുന്ന കൊടുങ്കാറ്റായി അത് കടന്നുപോയേ പറ്റൂ... ശരീരഭാഷയിലും, പെരുമാറ്റത്തിലും, കാഴ്ചയിലും, ചിന്തയിലും ഒക്കെ ഗൗരവപ്പെട്ട മാറ്റങ്ങള്‍ വന്നുതുടങ്ങി. വലപ്പാട്ട് ക്യാമ്പില്‍നിന്നു തുടങ്ങിയ സ്ത്രീപക്ഷ ചിന്തകള്‍ പിന്നീട് വന്ന വിവിധ വര്‍ക്ക്‌ഷോപ്പുകളിലൂടെ കനപ്പെട്ട ആലോചനകളായി മാറി.
തിരുവനന്തപുരത്തെ സിഡിഎസ്സിൽ വെച്ചു നടന്ന വിമൻ ആൻ്റ് ഇക്കോണമി വര്‍ക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ എനിക്കവസരം ലഭിച്ചു. ആനന്ദിയാണ് അതേക്കുറിച്ച് ആദ്യമായി എന്നോട് പറയുന്നത്. ഞാൻ ഏറെ താൽപര്യത്തോടെയായിരുന്നു പോയത്.
സ്ത്രീയും തൊഴിലുമായി ബന്ധപ്പെട്ട ഒരു സർവ്വെ ഒക്കെ ചെയ്ത് അതിൻ്റെ വിലയിരുത്തലുമൊക്കെയായാണ് ഞങ്ങൾ അവിടേക്ക് എത്തുന്നത്. നടാ ദുവുരി, വനിത മുഖർജി, തോമസ് ഐസക്ക്, ഡോ കണ്ണൻ തുടങ്ങി ഒട്ടേറെ പേരെ അടുത്തു പരിചയപ്പെടുന്നത് അക്കാലത്താണ്.
പിന്നീട് വിമൻ ആൻ്റ് ഹെൽത്ത്, വിമൻ ആൻ്റ് ലോ, വിമൻ ആൻ്റ് മീഡിയ, വിമൻസ് ഓർഗനൈസേഷൻ തുടങ്ങിയ വര്‍ക്ക്‌ഷോപ്പുകളും തൃശ്ശൂർ, എറണാകുളം വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ നടന്നു. ഈ വര്‍ക്ക്‌ഷോപ്പുകൾ പിന്നീട് ഞാൻ നടത്തിയ യാത്രക്ക് സൈദ്ധാന്തിക അടിസ്ഥാനമായി നിലകൊണ്ടു. ഏലിയാമ്മ ചേച്ചി, നളിനി നായിക്, മുരളി ടീച്ചർ തുടങ്ങി കുറെപേരെ അക്കാലത്ത് പരിചയപ്പെട്ടു.
പാഠപുസ്തകത്തിൽ അന്തർലീനമായ പുരുഷാധിപത്യ ചിന്തകൾ, കുടുബ ജോലി എന്ന വേതനമില്ലാത്ത തൊഴിൽ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഞങ്ങളുടെ ജീവിതത്തിൽ തുടർപഠനത്തിനും പ്രവർത്തനങ്ങൾക്കും, ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങൾക്കും ഈ ചിന്തകൾ ഏറെ ഫലപ്രദമായി. ഈ പഠനങ്ങൾ അതിൽ പങ്കെടുത്ത സ്ത്രീകളെ ഗുണപരമായി ഏറെ മാറ്റി.
ആ മാറ്റത്തെ ഉൾക്കൊള്ളാൻ പരിഷത്ത് യഥാർത്ഥത്തിൽ സജ്ജമായിരുന്നുവോ? അറിയില്ല. ഭർത്താവിനൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കാൻ താരതമേന്യ എളുപ്പമായിരുന്നു. ഒറ്റക്ക് എത്തുന്ന വിവാഹിതരല്ലാത്ത പെൺകുട്ടികളുടെ സജീവത എല്ലാവർക്കും അസ്വസ്ഥത നൽകി. അവരുടെ ഓരോ ചലനങ്ങളും നിരീക്ഷണത്തിനു വിധേയമായിരുന്നു.
ഞാനാദ്യം പരിഷത്തിൻ്റെ തിരുവണ്ണൂർ യൂണിറ്റിൽ പ്രവർത്തിച്ചു. പിന്നെ മേഖലാ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും സജീവമായി. സാക്ഷരതയുടെയും ജനകീയാസൂത്രണത്തിൻ്റെയും പ്രവർത്തനങ്ങൾ എൻ്റെ പ്രദേശത്തെ സാധാരണ മനുഷ്യരുമായി ഇടപെടാനുള്ള അവസരമുണ്ടാക്കി.
മുരളികൃഷ്ണനും, വാരിജാക്ഷനും, വിജയനും, മുരളീധരനും, ശാന്തയും, ആനന്ദിയും, രമ ചേച്ചിയും, ഗോപി മാഷും, അശോകേട്ടനും, വിജയകൃഷ്ണനും, സുരേഷ് ബാബുവും, നാദാപുരത്തെ ഇക്ബാലും തുടങ്ങി ഒട്ടേറെ പരിഷത്ത് പ്രവർത്തകർ ചുറ്റുമുണ്ടായിരുന്നു.
പരിഷത്തിന്റെ ജില്ലാ കമ്മിറ്റി മീറ്റിംഗ് മിക്കവാറും രാത്രി എട്ടുമണിക്ക് ശേഷമൊക്കെ ആയിരിക്കും. കാരണം എല്ലാവരും ജോലി ചെയ്യുന്ന ആൾക്കാരാണ്. കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തുവെങ്കിലും രാത്രി വൈകിയുള്ള ആ മീറ്റിംഗിൽ കമ്മിറ്റി പുരുഷന്മാരൊന്നും എന്നെ പ്രതീക്ഷിക്കുന്നേയില്ല.
അവർക്ക് ഷർട്ടിടാതെ കൂളായി തമാശ പറഞ്ഞും വഴക്കടിച്ചും ഒക്കെ മീറ്റിംഗ് കൂടാനുള്ള ഒരു സ്പേസിനകത്തേക്ക് എന്നെപ്പോലെ ചെറുപ്പക്കാരി വന്നിരിക്കുമ്പോൾ അവർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാനാണെങ്കിൽ വിട്ടുകൊടുക്കാനും ഭാവമില്ലായിരുന്നു. ഒരു വഴക്കാളിയായി എല്ലാ കാര്യത്തിലും അവർക്കൊപ്പം തന്നെ ഉണ്ടാകുമായിരുന്നു. ഗിരിജയും, രമയുമായിരുന്നു അക്കാലത്തെ എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരികൾ.
പലപ്പോഴും രാത്രി മീറ്റിംഗ് ഒക്കെ കഴിഞ്ഞു 11 മണിക്കൊക്കെയാവും ഭക്ഷണമൊക്കെ കഴിക്കാൻ പോവുക. ഒരിക്കൽ അങ്ങനെ ഭക്ഷണം കഴിക്കാൻ വേണ്ടി പോകുമ്പോൾ ഞങ്ങളെ പോലീസ് ചോദ്യം ചെയ്തു. രാത്രിയൊരു സ്ത്രീ കുറെ ആണുങ്ങൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുന്നു. അപ്പോൾ വേറെ എന്തോ ആണ് എന്നാണ് പൊലീസിന്റെ ഭാവം. ഡോക്ടർ ഇക്ബാലും ഉണ്ടായിരുന്നു ആ ദിവസം ഞങ്ങൾക്കൊപ്പം. അറിയപ്പെടുന്ന അദേഹത്തെ കണ്ടപ്പോൾ പിന്നെ കാര്യമൊക്കെ ചോദിച്ച് അവർ വെറുതെ വിട്ടു.
പരിഷത്തിന്റെ ഭാഗമായി ആ കാലത്ത് ധാരാളം യാത്രകളൊക്കെ ചെയ്യുമായിരുന്നു.. മിക്കവാറും ജില്ലയിലെ എല്ലാ മേഖലകളിലും, യൂണിറ്റുകളിലുമൊക്കെ പോയി സംസാരിക്കും. കുറെയൊക്കെ വണ്ടിയോടിച്ചു പോകും. ചിലപ്പോൾ ബസ്സോ ട്രെയിനോ പിടിക്കും. അല്ലെങ്കിൽ ആരുടെയെങ്കിലും വണ്ടിയുടെ പുറകിൽ കയറി പോകും.
ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ, ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നവർ എന്തായിരിക്കും സ്വതന്ത്രയായി പണിയെടുക്കുന്ന പെൺകുട്ടിയെകുറിച്ച് വിചാരിച്ചിട്ടുണ്ടാവുക? പരിഷത്തിലുള്ളവർക്കു പോലും ഈ പോക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.
നിങ്ങൾക്ക് പ്രവർത്തിക്കാം. പക്ഷെ പാരിഷത്തികബോധം വേണം എന്നതായിരുന്നു അടക്കിപ്പിടിച്ചുള്ള വായ്ത്താരി. അതെന്താണ്? ആണിനും പെണ്ണിനും രണ്ടു പാരിഷത്തികത ഉണ്ടാകുമോ? ഇന്നും എനിക്കറിയില്ല.
ഡോ. ജയശ്രീയ്ക്ക് ഒപ്പം സജിത മഠത്തിൽ
എന്തു രീതിയിലാണ് സംഘടനയിൽ പോലും എന്നെ മനസ്സിലാക്കുന്നത് എന്നൊന്നും തിരിച്ചറിയാനുള്ള കഴിവും എനിക്ക് കുറവായിരുന്നു. പിന്നീട് കേട്ട കഥകൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്ത്രീ സ്വാതന്ത്രത്തെ കുറിച്ച് വായ് തോരാതെ സംസാരിച്ചിരുന്നവർ കൂടെ ഉള്ള സ്ത്രീകളെ കണ്ടിരുന്നതും സ്വന്തം വീട്ടിലെ സ്ത്രീകളുടെ ജീവിതത്തിൽ ഇടപെട്ടിരുന്നതും ഞങ്ങൾ കരുതിയിരുന്നതു പോലെയേ അല്ല എന്നതായിരുന്നു അക്കാലത്തെ വലിയ നിരാശ.
ഗൗരവമായി ചിന്തിക്കുന്ന സ്ത്രീകൾ പഠന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി. പരിഷത്തുമായുള്ള സജീവബന്ധം കുറഞ്ഞു. എങ്കിലും പരിഷത്ത് അവരുടെ ജീവിതത്തെ നിർണായകമായി സ്വാധീനിച്ച പഠന പരിസരമായി എല്ലാവരുടെയും മനസുകളിൽ തുടർന്നു, തുടരുന്നു.
അന്ന് എനിക്ക് ഒരു സ്കൂട്ടർ ഉണ്ട്. ആവന്തി. കോഴിക്കോട് അക്കാലത്ത് വണ്ടിയോടിക്കുന്ന സ്ത്രീകൾ അധികമുണ്ടായിരുന്നില്ല. എന്റെ കൂട്ടുകാരിയായ കെ.പി. ഗിരിജ ഒരു ലൂണ വാങ്ങിച്ചു. ഗുജറാത്തി തെരുവിലെ ഒരു സ്ത്രീയും വണ്ടി ഓടിക്കുന്നതായി ഞാൻ കേട്ടിരുന്നു. കഷ്ടപ്പെട്ട് പഠിച്ച് ലൂനയുമായി നിരത്തിലിറങ്ങി തുടങ്ങി.
അന്നങ്ങനെ വണ്ടിയോടിച്ചു പോകുന്ന സ്ത്രീകളെ ഒന്നും റോഡിൽ കാണാനേ പറ്റില്ല. ഞങ്ങളല്ലാതെ. ചിലപ്പോൾ വണ്ടി ഓടിക്കുമ്പോൾ പെട്ടെന്ന് ശബ്ദമുയർത്തി ആൺ സിംഹങ്ങൾ ഗർജ്ജിക്കും. ഞാൻ ശബ്ദം കേട്ട് പേടിച്ച് വണ്ടിയുടെ ബാലൻസ് തെറ്റാതിരിക്കാൻ പാടുപെടും. അവരതു കണ്ട് പൊട്ടിച്ചിരിക്കും.
എനിക്കിപ്പോഴും ഓർമ്മയുണ്ട്, ഞാൻ കോഴിക്കോട് നഗരത്തിലൂടെ രാത്രി 11 മണിക്കും 12 മണിക്കുമൊക്കെ പരിഷത്തിന്റെ മീറ്റിംഗ് കഴിഞ്ഞ് ജാക്കറ്റൊക്കെയിട്ട് ആൺകുട്ടികളെ പോലെ വണ്ടിയോടിച്ച് വീട്ടിലേക്ക് പോകുന്നത്. കാരണം പെണ്ണാണെന്ന് കാണുന്നവർ തിരിച്ചറിഞ്ഞാൽ പ്രശ്നമാണ്, അതാണ് ഈ ആണുങ്ങളുടെ സ്റ്റൈലിലുള്ള വണ്ടിയോടിക്കൽ പരിപാടി.
ജോലി ചെയ്ത ആഴ്ചവട്ടം സ്കൂളിലേക്ക് വണ്ടിയുമായി ഞാൻ പ്രവേശിക്കുമ്പോൾ കുട്ടികൾ ആരവവുമായി പുറകെ കൂടും. സൈക്കിൾ ഓടിക്കാനുള്ള അവസരം പോലും ലഭിക്കാതിരുന്ന ഞാൻ പിന്നെ എനിക്കു കിട്ടിയ ഈ പുതിയ ചിറകുകളാൽ എൻ്റെ ലോകം വിശാലമാക്കി.പിന്നീട് പതുക്കെ നഗരം മുഴുവൻ സ്ത്രീകൾ ചിറകുയർത്തി പറക്കാൻ തുടങ്ങി. എന്നാൽ അതിൽ അസ്വസ്ഥരായവർ ഏറെ പേർ താഴെ അവരുടെ വീഴ്ചക്കായി കാത്തു നിൽപ്പുണ്ടായിരുന്നു.
തുടരും...
സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം:
- അധ്യായം 1: മുറിവുണങ്ങിയ ഓർമ്മകളിലൂടെ
- അധ്യായം 2: ഇല്ലി പൊട്ടിയ കുടകൾ
- അധ്യായം 3: വല്യമുത്തശ്ശൻ കിടപ്പിലായ കഥ
- അധ്യായം 4: മതിലുകളില്ലാത്ത മാളികപറമ്പ്
- അധ്യായം 5: പ്രണയം, രതി, വിദ്വേഷം
- അധ്യായം 6: പതുപതുത്ത നെറ്റിയുള്ള വെളിച്ചപ്പാട്
- അധ്യായം 7: സ്വപ്നം നൃത്തം ചെയ്യുമ്പോൾ
- അധ്യായം 8: 'അയ്യോ തൊട്ടഭിനയിക്കാൻ വയ്യ!'
- അധ്യായം 9: കടും നിറങ്ങൾ ഒഴിഞ്ഞ കാലം
- അധ്യായം 10: "അവളുടെ ശരിയല്ലാത്ത പോക്ക്!"
- അധ്യായം 11: പുരോഗമന ചിന്താഗതിക്കാരൻ്റെ ജീവിത പങ്കാളിപട്ടം!
- അധ്യായം 12: അവൾ അജിതയാവാൻ നടക്ക്വാ?
- അധ്യായം 13: മാവോസേതുങ്ങിന്റെ നാട്ടില്‍ കള്ളന്മാരില്ലെന്ന്!
- അധ്യായം 14: നാടകം ചെയ്താ പോരെ, പഠിക്കണോ?
- അധ്യായം 15: കാദംബരി ദേവിയുടെ താക്കൂർ ബാരി, ടാഗോറിന്റെയും!
- അധ്യായം 16: നാടകങ്ങൾ പൂത്ത ആ പെൺകാലം!
- അധ്യായം 17: എൻ്റെ കരളു പറിച്ചിട്ടല്ലേടാ നീ പോയത്?
- അധ്യായം 18: സൗത്ത് ആഫ്രിക്കൻ അരങ്ങിലെ മത്സ്യഗന്ധി
- അധ്യായം 19: ചിരുതയും ഞാനും
- അധ്യായം 20: പെണ്ണുങ്ങൾക്ക് പറ്റിയ പണി ചെയ്താൽ പോരേ? നാടകമെഴുതണോ?
- അധ്യായം 21: സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ, ഇരിക്കണമോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്!
- അധ്യായം 22: കണ്ണിൽ നിറഞ്ഞ വെളുത്ത കാർമേഘങ്ങൾ
- അധ്യായം 23: പൂക്കൾക്കു നിറങ്ങൾ വീണ്ടുകിട്ടിയപ്പോൾ
- അധ്യായം 24: അമ്മയുടെ മരണം സമ്മാനിച്ച ശൂന്യത
- അധ്യായം 25: സിനിമയുടെ ഷട്ടർ ഉയരുമ്പോൾ
- അധ്യായം 26: എനിക്കവളും അവൾക്ക് ഞാനും തണലായ കാലം
- അധ്യായം 27: ചിന്നേടത്തിയും ജാന്വേടത്തിയും!
- മുറിവുണങ്ങിയ ഓർമ്മകളിലൂടെ, അവസാനഭാഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.