/indian-express-malayalam/media/media_files/9SYuhWegUZrDlRtYSN98.jpg)
The Life and Work of Sajitha Madathil-Chapter 14
കോഴിക്കോട് ഉണ്ടായിരുന്ന കാലത്താണ് സാക്ഷരതാ പ്രസ്ഥാനത്തിൻ്റെയും പിന്നീട് ജനകീയാസൂത്രണത്തിൻ്റെയും പ്രവർത്തനങ്ങളിൽ സജീവമായി ഭാഗഭാക്കാവുന്നത്. പ്രാദേശിക രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരോടൊപ്പം വിവിധ പദ്ധതികളിൽ പങ്കുചേരാൻ ഈ കാലം കാരണമായി. അതുവരെ പരിചിതമായിരുന്ന ലോകത്തു നിന്ന് തീർത്തും വ്യത്യസ്തരായ മനുഷ്യരെ, അവരുടെ ജീവിതത്തെ, അവരുടെ പ്രശ്നങ്ങളെ, അടുത്തറിയാനും അവർക്കായി ചില ഇടപെടലുകൾ നടത്താനും സാധിച്ചു.
അമ്മയുടെ നേതൃത്വത്തിൽ പ്രാദേശികമായി പ്രവർത്തിച്ചിരുന്ന സോയ മഹിളാ സമാജം അപ്പോഴേക്കും കുറെ കൂടി ഗൗരവപ്പെട്ട പരിപാടികളും പ്രവർത്തന പദ്ധതികളും മുന്നോട്ട് വെച്ചിരുന്നു. സാമ്പത്തിക ഭദ്രത ഏറെ കുറവുള്ള, അധികം വിദ്യാഭ്യാസമില്ലാത്തവരായിരുന്നു മെമ്പർമാരായ സ്ത്രീകളിൽ വലിയ പങ്കും. അവർക്ക് നേരിട്ട് എസ്എസ്എൽസി പരീക്ഷ എഴുതാൻ വേണ്ട പരിശീലന പദ്ധതികളൊക്കെ സോഷ്യൽ വെൽഫയർ ഡിപ്പാർട്ട്മെൻ്റിൻ്റെ സഹായത്തോടെ നടത്തിയിരുന്നത് ഓർമ്മയുണ്ട്.
ഒരിക്കൽ അവരിലൊരാളോട് തൊട്ടടുത്ത കള്ളുഷാപ്പിൽ വരുന്ന ഒരു സാമൂഹ്യ വിരുദ്ധൻ മോശമായി പെരുമാറി. ശല്യം സഹിക്കാതായപ്പോൾ അവൾ പോലീസിൽ പരാതി കൊടുത്തു. സ്ഥലം എസ്ഐ രണ്ടുപേരേയും വിളിപ്പിച്ചു. പ്രശ്നങ്ങൾക്കെല്ലാം കാരണം ആ സ്ത്രീ ആണെന്ന രീതിയിൽ ഏറെ പരിഹാസത്തോടെയാണ് എല്ലാവരുടെയും മുമ്പിൽ വെച്ച് എസ്ഐ പെരുമാറിയത്. അപമാനിതയായ അവൾ ആത്മഹത്യക്ക് ശ്രമിച്ചു. ഞങ്ങൾ ഈ വിവരമറിഞ്ഞ് പന്നിയങ്കര പോലീസ് സ്റ്റേഷനിലേക്ക് സമാജത്തിലെ സ്ത്രീകളുമായി ചെന്നു.
അമ്മ മിതവാദിയാണ്. ഞങ്ങൾ ചെറുപ്പക്കാർ അങ്ങിനെയായിരുന്നില്ല. "എസ്ഐ സ്ഥലത്തില്ല തിരിച്ച് പോകൂ" എന്ന നിർദ്ദേശമാണ് സ്റ്റേഷനിൽ നിന്ന് കിട്ടിയത്. ഞങ്ങൾ എസ്ഐ വരുന്നവരെ കാത്തിരിക്കുമെന്ന് അറിയിച്ച് അവിടെ കൂട്ടം കൂടി ഇരുന്നു. അമ്മ തിരിച്ച് പോകാനുള്ള മാനസികാവസ്ഥയിലും.
പോലീസുകാർ ബേജാറായിക്കാണും. ഞങ്ങൾക്കും ആ തീരുമാനത്തിൻ്റെ വരും വരായ്മകളൊന്നും അറിയില്ലായിരുന്നു. അവസാനം എസ്ഐ വന്നു, അയാൾ പരിഹാസത്തോടെ ഞങ്ങളെ നോക്കി. ഞങ്ങൾ പത്തിരുപത് പേരുണ്ട്. ഒരാൾ വന്ന് കാര്യം പറയൂ എന്നു പറഞ്ഞു. അയാളുടെ ധാർഷ്ട്ര്യം ഞങ്ങളെ വീണ്ടും പ്രകോപിപ്പിച്ചു. ഞങ്ങൾ ഒന്നിച്ച് എസ്.ഐ യുടെ മുറിയിലേക്ക് ഇടിച്ചു കയറി.
/indian-express-malayalam/media/media_files/YMawotHGypIO4jet2DtU.jpg)
ആദ്യം അയാൾ വിരട്ടുകയും ന്യായീകരിക്കുകയും ചെയ്തു. പിന്നെ നിശ്ശബ്ദനായി. അപ്പോഴേക്കും സ്റ്റേഷനുമുമ്പിൽ ഒരു വാൻ നിറയെ വനിതാ പോലീസ് അടക്കമുള്ളവരെത്തി. ഞങ്ങളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമായിരുന്നു എന്ന് പിന്നീട് മനസ്സിലായി.
ടൗൺ സിഐ വന്നു. ചർച്ചകൾ ക്കൊടുവിൽ എസ്ഐ യെ സ്ഥലം മാറ്റാമെന്ന് തീരുമാനമായി. രാത്രി വൈകി പന്നിയങ്കരയിൽ നിന്ന് മാനാരിയിലേക്ക് ഞങ്ങൾ പെണ്ണുങ്ങൾ നടന്നത് ആത്മവിശ്വാസത്തോടെ തല ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നു. അന്ന് ആകാശത്ത് കുറേ നക്ഷത്രങ്ങൾ തിളക്കത്തോടെ കാണപ്പെട്ടു.
മറ്റൊരിക്കൽ ബിഇഎം സ്കൂളിൻ്റെ മുമ്പിലെ മാനാഞ്ചിറ ബസ്സ്റ്റോപ്പിൽ ബസ്സിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയ എൻ്റെ ശരീരത്തിൽ തിരക്കിനിടയിലൂടെ ഒരാൾ കയറിപ്പിടിക്കുന്നു. ഇത്തരം കാര്യങ്ങൾ ഒട്ടും പുതുമയുള്ളതല്ല. എങ്കിലും എനിക്ക് അപമാനം താങ്ങാനായില്ല. അന്നത്തെ ധൈര്യത്തിൽ ഞാനയാളുടെ കൈയ്യിൽ അമർത്തി വലിച്ച് ബസ്സിൽ നിന്നും പുറത്തിട്ടു.
എൻ്റെ ബഹളം കേട്ട് വന്ന ട്രാഫിക്ക് പോലീസുകാരൻ അയാളെ പിടികൂടി മാനാഞ്ചിറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പുറകെ ഞാനും. അവിടെ വെച്ചുണ്ടായ അപമാനം ബസിൽ വെച്ച് അനുഭവിച്ചതിനേക്കാൾ ഭീകരമായിരുന്നു.കുറെ പോലീസുകാർ ആ ചെറുപ്പക്കാരനെ ചോദ്യം ചെയ്യുന്നു, അയാൾ വിദ്യാർത്ഥി പാസ്സ് സംഘടിപ്പിച്ച് ബസ്സിൽ കയറുന്നത് ഇതിനാണെന്ന് ഏറ്റുപറയുന്നു.
അതിനിടക്ക് ഒരു പോലീസുകാരൻ എൻ്റെ എവിടെയാണ് പിടിച്ചത് എന്ന് യുവാവിനോട് ചോദിക്കുന്നു. പോലീസുകാരൻ്റെ ശരീരത്തിൽ അയാൾ കാണിച്ചു കൊടുക്കുന്നു. കുറച്ചു കൂടി അമർത്തിയില്ലേ എന്നൊക്കെ അശ്ലീല ചിരിയോടെ "വീണ്ടും അമർത്തി പിടിക്കടാ" എന്നു പറഞ്ഞ് തൊഴിക്കുന്നു...
എനിക്ക് ഈ വയലൻസും പോലീസിൻ്റ അശ്ലീല ചിരിയും താങ്ങാനായില്ല. വാണിങ്ങ് കൊടുത്ത് വിടാൻ പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി. എനിക്ക് ദേഷ്യം കൊണ്ട് കരച്ചിൽ വരുന്നുണ്ടായിരുന്നു. ഇതുപോലുള്ള സംഭവങ്ങളും സ്ത്രീകളുടെ പ്രതികരണങ്ങളും അക്കാലത്ത് നിരന്തരമായി നടക്കുന്നുണ്ടായിരുന്നു.
കോഴിക്കോടിന് കിഡ്സൺ കോർണർ, ടൗൺ ഹാൾ, മാനാഞ്ചിറ എല്ലാം നൂറു നൂറു ഓർമ്മകളുടെ ഇടമാണ്. സഫ്ദർ ഹാശ്മി കൊല്ലപ്പെട്ട ദിവസം, അന്ന് തൊണ്ട വേദനിക്കുന്ന വിങ്ങലോടെ ഞങ്ങൾ കൂടി നിന്നത്, പ്രകടനം നടത്തിയത്, ഒക്കെ മറക്കാനാവാത്ത ഓർമ്മകളാണ്.
കോഴിക്കോട്ടെ രാഷ്ട്രീയ-സാമൂഹിക മണ്ഡലത്തിൽ സജീവമായി നിൽക്കുന്ന പലരെയും പരിചയപ്പെടുന്നതും അക്കാലത്താണ്. നാടകരംഗത്തെ വിലാസിനി ചേച്ചിയും, ശാന്താദേവിയും, കെ ടി യും, പി.എം. താജും, മധു മാഷും, സോമൻ മാഷും ശാന്തകുമാറും എല്ലാം അക്കാലത്ത് കണ്ട, പരിചയപ്പെട്ട പ്രിയപ്പെട്ടവരാണ്.
ടൗൺ ഹാളിൽ പോയി നാടകങ്ങൾ കാണുകയും രാത്രി വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായിരുന്നു. ചുറ്റുമുള്ളവർക്ക് ദഹിക്കാത്ത ഒട്ടനവധി കാര്യങ്ങൾ ഇക്കാലത്ത് ചെയ്യുന്നുണ്ട്. ജോലിയും സാമൂഹിക പ്രവർത്തനവും ചേർന്നു ചിതറിയ കാലം. നൃത്തം പതുക്കെ ശരീരത്തിൽ നിന്ന് ഒഴിഞ്ഞു തുടങ്ങി. നാടകം പടിവാതിക്കൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
സ്ത്രീ പഠന കേന്ദ്രം മിനി സുകുമാറിൻ്റെയും ഭർത്താവ് ഗിരീഷ് കുമാറിൻ്റെയും നേതൃത്വത്തിൽ ആരംഭിക്കുന്നതും അതിൻ്റെ പ്രവർത്തനങ്ങളിൽ പങ്കു ചേരുന്നതും കോഴിക്കോട് ജീവിക്കുമ്പോഴാണ്. വിദ്യാഭ്യാസ വകുപ്പിലെ ക്ലാർക്കിന് കിട്ടുന്ന ചെറിയ വരുമാനത്തിലാണ് അന്ന് ജീവിതവും യാത്രയും സംഘടനാ പ്രവർത്തനവും എല്ലാം നടത്തുന്നത്.
എങ്കിലും ആ പ്രവർത്തനങ്ങൾ ഏറെ ആകർഷിച്ചത് കൊണ്ടുതന്നെയാണ് കൂട്ടുകാരികൾക്കൊപ്പം യാത്ര ചെയ്ത് കോട്ടയത്തേക്ക് പോയി കൊണ്ടിരുന്നത്. 'സ്ത്രീകളും സാഹിത്യവും' ക്യാമ്പ് കോട്ടയം സി.എം.എസ് കോളേജിൽ വെച്ചു നടന്നപ്പോഴാണ് ഇന്ന് പ്രമുഖരായ ഒട്ടേറെ എഴുത്തുകാരികളെ പരിചയപ്പെടുന്നത്. പലരും എഴുതി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. മാധവിക്കുട്ടിയെ പരിചയപ്പെട്ടതും സംസാരിച്ചതുമെല്ലാം മറക്കാനാവാത്ത ഓർമ്മയാണ്.
'സ്ത്രീകളും നിയമവും' ക്യാമ്പ് കുടമാളൂരിൽ വെച്ചും സ്ത്രീ നാടക ക്യാമ്പ് കൂത്താട്ടുകുളത്തു വെച്ചും നടന്നു. പൂർണ്ണസമയം ഈ ക്യാമ്പിൻ്റെ ഭാഗമാകാൻ ജോലി കാരണം എനിക്ക് സാധിക്കുമായിരുന്നില്ല. പക്ഷെ അവിടെ വെച്ചാണ് നാടകമെന്ന മാധ്യമത്തെ ഗൗരവത്തോടെ കാണണമെന്ന തോന്നൽ ഉണ്ടായി തുടങ്ങിയത്.
ശ്രീനാഥ്. സുവീരൻ, സുധി, ശ്രീലത, തുടങ്ങി കുറെ നാടക പ്രവർത്തകരെ പരിചയപ്പെടുന്നത് അവിടെ വെച്ചാണ്. മിനി, മോചിത, അലൻസിയർ, നിസ്താർ, ജോളി ചിറയത്ത്, സുചിത്ര, ശോഭ പി.വി, ജെ ഷൈലജ എന്നിവരെയും ഈ ക്യാമ്പിൽ വെച്ചാണ് ആദ്യം പരിചയപ്പെടുന്നത്.
കൂത്താട്ടുകുളം സ്ത്രീ നാടകക്യാമ്പ്, പഠിക്കാന്‍ ഏറെയുള്ള വിഷയമാണ് നാടകമെന്ന് എന്നെ മനസ്സിലാക്കിതന്നു. ഗൗരവത്തോടെ നാടകം പഠിക്കാനുള്ള തീരുമാനം എടുക്കുന്നത് അതിനെ തുടര്‍ന്നായിരുന്നു. അപ്പോഴേക്കും കോഴിക്കോടുനിന്ന് എന്‍റെ ജീവിതം തിരുവനന്തപുരത്തേക്ക് പറിച്ചുനട്ടിരുന്നു.
വിദ്യാഭ്യാസവകുപ്പിലെ ക്ലെറിക്കല്‍ ജോലി അവിടേയും തുടര്‍ന്നു. പരിചിതമല്ലാത്ത ലോകത്ത്, നടന്നുവന്ന വഴിയിലെ ആഘാതങ്ങളെ ഞാന്‍ ഒളിപ്പിച്ച് ഞാന്‍ കൂടുതല്‍ ഒറ്റക്കായി. അറിയുന്നവരുടെ ലോകം തിരുവനന്തപുരത്ത് ചെറുതായിരുന്നു. എന്‍റെ സ്നേഹവും, സൗഹൃദവും, ശീലങ്ങളും, അവര്‍ക്ക് പരിചിതമല്ലാത്ത, ആവശ്യമില്ലാത്ത ഒന്നായി എനിക്ക് അനുഭവപ്പെട്ടു. ഒരു അന്യഗ്രഹത്തില്‍ എത്തിപ്പെട്ട അനുഭവം.
കോഴിക്കോട്ട് എനിക്ക് ഓരോ ഇടവും മനുഷ്യരും പരിചിതരായിരുന്നു. തിരുവനന്തപുരത്തെ സൗഹൃദ കൂട്ടായ്മകൾ ഒന്നിച്ച് പഠിച്ചവരുടെ, പരസ്പരം രാഷ്ട്രീയ ബന്ധമുള്ളവരുടെ, ഒന്നിച്ച് ജോലി ചെയ്യുന്നവരുടെ ഒക്കെ ആയിരുന്നു. അതിലേക്ക് പുറത്ത് നിന്ന് വരുന്ന ഓരോരുത്തരേയും അവർ സംശയ ദൃഷ്ടിയോടെ നോക്കും. എങ്കിലും ഞാനതിനകത്ത് എൻ്റെ ഇടം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒരുതരം അന്യതാ ബോധത്തോടെയേ ഞാനവിടെ ജീവിച്ചിട്ടുള്ളൂ.
കൂത്താട്ടുകുളം ക്യാമ്പിൻ്റെ തുടർച്ചയായി ശ്രീനാഥിൻ്റെ സംവിധാനത്തിൽ 'മുടി തെയ്യം' എന്ന നാടകം ആദ്യം ആകാശവാണിക്കും പിന്നെ ദൂരദർശനുമായി അവതരിപ്പിച്ചു. സാറാ ജോസഫിൻ്റെ 'മുടി തെയ്യമുറയുന്നു' എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ഈ നാടകം രൂപപ്പെടുന്നത്.
ഒരു പ്രധാന കഥാപാത്രം എടുത്തഭിനയിക്കുന്നത് ആദ്യമായിട്ടായിരുന്നു. എനിക്ക് കിട്ടിയ നല്ല അഭിപ്രായങ്ങൾ ഇതെൻ്റെ വഴിയാണെന്ന തോന്നലുണ്ടാക്കി. അതെത്തുടർന്നാണ് നാടകം ഐച്ഛികവിഷയമായി എടുത്ത് പഠിക്കണമെന്ന ആശ ഉയർന്നു വരുന്നത്. അതൊരു വലിയ തീരുമാനമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം. ജോലിയിൽ നിന്ന് ലീവെടുക്കണം. അമ്മയെ പറഞ്ഞു മനസ്സിലാക്കണം. ഈ രംഗത്തെ കുറിച്ച് പരിചിതമല്ലാത്ത പ്രിയപ്പെട്ടവരെ ബോധ്യപ്പെടുത്തണം.
ഒട്ടും എളുപ്പമായിരുന്നില്ല നാടകം പഠിക്കാനായി നടത്തിയ ആ കൽക്കത്ത യാത്ര. പ്രത്യേകിച്ച് വിവാഹം കഴിഞ്ഞ ഉടനെയുള്ള യാത്ര. സർക്കാർ ജോലി ചെയ്ത്, പതിവ് കുടുബം കെട്ടിപ്പടുത്തു മുന്നോട്ട് പോകേണ്ടവളുടെ ഈ തീരുമാനം പിന്നീടുള്ള ജീവിത സ്വാസ്ഥ്യത്തേയും ബാധിക്കുമെന്ന് അന്ന് തോന്നിയില്ലായിരുന്നു. എന്നാൽ എനിക്ക് നാടകം നൽകിയതിനൊപ്പം കൽക്കത്ത നഗരം എന്റെ ജീവിതത്തെയും വല്ലാതെ മാറ്റി.
സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം:
- അധ്യായം 1: മുറിവുണങ്ങിയ ഓർമ്മകളിലൂടെ
- അധ്യായം 2: ഇല്ലി പൊട്ടിയ കുടകൾ
- അധ്യായം 3: വല്യമുത്തശ്ശൻ കിടപ്പിലായ കഥ
- അധ്യായം 4: മതിലുകളില്ലാത്ത മാളികപറമ്പ്
- അധ്യായം 5: പ്രണയം, രതി, വിദ്വേഷം
- അധ്യായം 6: പതുപതുത്ത നെറ്റിയുള്ള വെളിച്ചപ്പാട്
- അധ്യായം 7: സ്വപ്നം നൃത്തം ചെയ്യുമ്പോൾ
- അധ്യായം 8: 'അയ്യോ തൊട്ടഭിനയിക്കാൻ വയ്യ!'
- അധ്യായം 9: കടും നിറങ്ങൾ ഒഴിഞ്ഞ കാലം
- അധ്യായം 10: "അവളുടെ ശരിയല്ലാത്ത പോക്ക്!"
- അധ്യായം 11: പുരോഗമന ചിന്താഗതിക്കാരൻ്റെ ജീവിത പങ്കാളിപട്ടം!
- അധ്യായം 12: അവൾ അജിതയാവാൻ നടക്ക്വാ?
- അധ്യായം 13: മാവോസേതുങ്ങിന്റെ നാട്ടില്‍ കള്ളന്മാരില്ലെന്ന്!
- അധ്യായം 14: നാടകം ചെയ്താ പോരെ, പഠിക്കണോ?
- അധ്യായം 15: കാദംബരി ദേവിയുടെ താക്കൂർ ബാരി, ടാഗോറിന്റെയും!
- അധ്യായം 16: നാടകങ്ങൾ പൂത്ത ആ പെൺകാലം!
- അധ്യായം 17: എൻ്റെ കരളു പറിച്ചിട്ടല്ലേടാ നീ പോയത്?
- അധ്യായം 18: സൗത്ത് ആഫ്രിക്കൻ അരങ്ങിലെ മത്സ്യഗന്ധി
- അധ്യായം 19: ചിരുതയും ഞാനും
- അധ്യായം 20: പെണ്ണുങ്ങൾക്ക് പറ്റിയ പണി ചെയ്താൽ പോരേ? നാടകമെഴുതണോ?
- അധ്യായം 21: സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ, ഇരിക്കണമോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്!
- അധ്യായം 22: കണ്ണിൽ നിറഞ്ഞ വെളുത്ത കാർമേഘങ്ങൾ
- അധ്യായം 23: പൂക്കൾക്കു നിറങ്ങൾ വീണ്ടുകിട്ടിയപ്പോൾ
- അധ്യായം 24: അമ്മയുടെ മരണം സമ്മാനിച്ച ശൂന്യത
- അധ്യായം 25: സിനിമയുടെ ഷട്ടർ ഉയരുമ്പോൾ
- അധ്യായം 26: എനിക്കവളും അവൾക്ക് ഞാനും തണലായ കാലം
- അധ്യായം 27: ചിന്നേടത്തിയും ജാന്വേടത്തിയും!
- മുറിവുണങ്ങിയ ഓർമ്മകളിലൂടെ, അവസാനഭാഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.