scorecardresearch

പതുപതുത്ത നെറ്റിയുള്ള വെളിച്ചപ്പാട്

"അന്ധമായി ഒന്നിലും വിശ്വസിക്കാതിരിക്കാൻ അമ്മ പഠിപ്പിച്ചത്  അങ്ങിനെയാണ്" സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'-അധ്യായം 6

"അന്ധമായി ഒന്നിലും വിശ്വസിക്കാതിരിക്കാൻ അമ്മ പഠിപ്പിച്ചത്  അങ്ങിനെയാണ്" സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'-അധ്യായം 6

author-image
Sajitha Madathil
New Update
Sajitha Madathil Memories

The Life and Work of Sajitha Madathil- Part 6

മുറുക്കിയ ചുണ്ട് ചുവന്ന് കിടന്നിരുന്നു. നെറ്റിയിൽ വാരിപ്പൊത്തിയ ഭസ്മവും സിന്ദൂരവും വിയർപ്പിൽ കുതിർന്ന് പറ്റിച്ചേർന്നു. വെളുത്ത ഒറ്റമുണ്ടിൽ ശരീരം പാതി മറച്ച് നിശ്ശബ്ദനായി അയാൾ കാവിനെ ലക്ഷ്യമാക്കി നടന്നു. പേടിപ്പെടുത്തുന്ന ഒന്നും ആ വരവിലില്ലെങ്കിലും ഞങ്ങൾ ഇടവഴിയിലെ ഇലഞ്ഞിമരച്ചുവട്ടിൽ നിന്ന് വീട്ടുമുറ്റത്തേക്ക് വലിഞ്ഞു. അങ്ങിനെ മാളികക്കാവിൽ ഉത്സവത്തിനു കൊടിയേറ്റമായി.

Advertisment

മാളികക്കാവിലെ മുറ്റത്ത് വർഷം തോറും അരങ്ങേറുന്ന തിറയും വെള്ളാട്ടുമാണ് എന്നെ കലയുടെ മായികലോകത്തേക്ക് എത്തിച്ചത്. വെളിച്ചപ്പാടിന്റെ വാളനക്കങ്ങൾ എന്നെ പേടിപ്പിച്ചു. അയാളുടെ നെറ്റി വെട്ടി, വെട്ടി മുറി വീണയിടം പതുത്ത് വീർത്തിരുന്നു. അവിടേക്ക് വീണ്ടും വാളു വന്നു വീഴുമ്പോൾ രക്തം കനിഞ്ഞിരുന്നത് എന്റെ മനസ്സിൽക്കൂടെയാണ്. ചെറിയ മണികൾ തൂക്കിയ വാൾ, കയ്യിലെ ചിലമ്പ്, തൂവെള്ള മുണ്ടിൽ ചുവന്ന തുണി കൊണ്ടുള്ള ചുറ്റിക്കെട്ട്, തുള്ളിത്തുള്ളിക്കൊണ്ടുള്ള നടപ്പ് എല്ലാം എന്നിൽ എന്തോ ലഹരി പടർത്തുന്നത് ഞാൻ അറിഞ്ഞു. 

ഓലക്കീറിനിടയിലൂടെ തിറയൊരുക്കം കാണുക എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. വെള്ളാട്ടിന്റെയും തിറയുടെയും ചമയങ്ങള്‍ കിടന്നാടുന്ന ഓലമറച്ച ഷെഡില്‍ മെടഞ്ഞ ഒരു ഓലക്കീറിനു മുകളില്‍ തോര്‍ത്തു വിരിച്ച് ആ കലാകാരന്മാർ കിടക്കുന്നുണ്ടാവും. ഞങ്ങള്‍ക്ക് ശബ്ദമുണ്ടാക്കാതെ, വെളിച്ചം മറയാതെ അവിടെ നില്‍ക്കാം. നിന്നും, ഇരുന്നും പിന്നെ മണ്ണില്‍ കമിഴ്ന്നു കിടന്നും അത്ഭുതത്തോടെ ചുട്ടികുത്തലിന്റെ മാന്ത്രികലോകം കണ്ടെത്താന്‍ ശ്രമിച്ചു. നേരിട്ട് കാണുമ്പോൾ ഉള്ള കാഴ്ചയിൽ നിന്ന്  ഈ കലാകാരന്മാര്‍, തിറയും വെള്ളാട്ടുമായി രൂപം പ്രാപിക്കുന്നതായിരുന്നു അക്കാലത്ത് ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ മാന്ത്രികവിദ്യ.

ഇട്ടുകുറുമ്പിതിറയുടെ അലര്‍ച്ചയും, ആകാരവും, ഉരല് എടുത്ത് ഓടലും, ഗുളികന്‍ തിറയുടെ ചലനങ്ങളും, പുലർച്ചെ കാവിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളുള്ള കുരുത്തോല കൊണ്ട് കലാകാരന്മാർ പണിതെടുത്ത കിരീടം തലയിലേറ്റിയ തിറയുമെല്ലാം എന്റെയുള്ളിൽ സ്വപ്നവും യഥാർത്ഥ്യവും ഇണചേർന്ന് ഒന്നായി. നിറയെ മരങ്ങളുള്ള കാവിലെ വള്ളികളില്‍ ഊര്‍ന്നു കിടന്നാടുമ്പോൾ മരച്ചില്ലകളിലെ മേലാപ്പിന് ഇടയിലൂടെ വരുന്ന സൂര്യരശ്മികൾ വെളിച്ചവിതാനമൊരുക്കി.  

Advertisment

വീട്ടുകാര്‍ ഞങ്ങള്‍ക്കായി നേര്‍ന്ന നീണ്ടുകിടന്നാടുന്ന കൊടിക്കൂറകളും, ചെണ്ടയുടെ ഭ്രമിപ്പിക്കുന്ന ശബ്ദവും, ബന്ധുമിത്രാദികളുടെ ആരവവും ഒക്കെ കാവിലെ ഉത്സവം ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന സന്തോഷത്തിന്റെ ദിനങ്ങളാക്കിമാറ്റി. ഉത്സവം ഒഴിഞ്ഞ കാവില്‍ ഞങ്ങള്‍ തകരച്ചെണ്ട കൊട്ടി, തിറയും വെള്ളാട്ടും വീണ്ടും വീണ്ടും അവതരിപ്പിച്ചു. 

അമ്മയ്ക്ക് കലയോടൊക്കെ വലിയ താൽപര്യമായിരുന്നു. എന്നാൽ ഇതൊന്നും കാണാൻ കാവിലേക്കോ അമ്പലത്തിലേക്കോ അക്കാലത്ത് വരില്ലായിരുന്നു. ഒരിക്കൽ ഉത്സവത്തിന് ഞങ്ങളുടെ തറവാട്ടിൽ നിന്ന് പതിവിന് വിപരീതമായി കാര്യമായ പിരിവൊന്നും കൊടുത്തിരുന്നില്ല. അത് മനപൂർവ്വമായിരുന്നില്ല, കാവിലെ കൊടികയറിയതു മുതൽ അവിടെ ഒരാൾക്ക് പുറകെ മറ്റൊരാൾക്കെന്ന രീതിയിൽ കടുത്ത പനിയായിരുന്നു. ഉത്സവത്തിൻ്റെ തുടക്ക ദിവസം അമ്മയും അമ്മൂമ്മയും ചെറിയമ്മമാരുമെല്ലാം പനിക്കിടക്കയിൽ നിന്ന് എഴുന്നേറ്റ് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. 

ഞാൻ പതിവിൽ നിന്നു വിരുദ്ധമായി തലയിലെ പേനൊക്കെ ചിന്തിക്കളഞ്ഞ്, കുളിച്ച് മുടി പഴുതിട്ട്, ഉള്ളതിൽ പുതിയ കുപ്പായമിട്ട് കാവിൽ ഹാജറായിട്ടുണ്ടായിരുന്നു.  കുടുബകാർക്കും കുട്ടികൾക്കുമിടയിൽ നിന്നു കൊണ്ട് വെളിച്ചപ്പാടിൻ്റെ വാള് അദ്ദേഹത്തിൻ്റെ നെറ്റിയിൽ വീഴുന്ന ആ പ്രത്യേക നിമിഷത്തിനായി കാത്തു നിൽക്കുകയായിരുന്നു. വാള് നെറ്റിയിൽ വീഴുമ്പോൾ കണ്ണുപൊത്തണം. പിന്നെ വിരലുകൾക്കിടയിലൂടെ വേണം കണ്ടെന്നും കണ്ടില്ലെന്നും വരുത്താൻ. കാലിലെയും അരയിലേയും മണികൾ അപ്പോൾ ഒന്നിച്ച് കലഹിക്കും. പിന്നെ സഹായികൾ പിടിച്ചു മാറ്റും. പതുക്കെ വിറയൽ നേർത്തു വരും. ഇതൊക്കെയാണ് പതിവ്. പക്ഷെ അന്ന് സംഭവിച്ചത് അപ്രതീക്ഷിതമായ കാര്യങ്ങളാണ്. 

വെളിച്ചപ്പാട് പെട്ടെന്ന് കാവിൻ്റെ തൊടി ഇറങ്ങി ചില്ലകൾ ആകാശത്തേക്ക് പടർന്നു കയറിയ കുങ്കുമ മരത്തിൻ്റെ അടിയിലൂടെ ഇടവഴിയിലേക്ക് തിരിഞ്ഞു. എല്ലാവരും "അമ്മേ ഭഗവതി" എന്ന് വിളിച്ചു കൊണ്ട് പുറകെ ഓടുന്നുമുണ്ട്. ഞാനും കൂടെ ഓടി. വെളിച്ചപ്പാട് എൻ്റെ തറവാടിൻ്റെ മുമ്പിലേക്ക് ആണ് ചെന്നു നിന്നത്. ചുറ്റും കൂടി നിന്നവർക്കിടയിലൂടെ എങ്ങിനെയോ ഞാൻ ഉമ്മറപടിയിൽ കയറി തൂണും പിടിച്ച് കാഴ്ച കണ്ട് നിന്നു.

ശബ്ദം കേട്ട് പനിക്കിടക്കയിൽ നിന്ന് അമ്മ വന്ന് വാതിക്കൽ ചാരിനിന്നു. പുറകെ മറ്റുള്ളവരും. മുറ്റത്തു നിന്ന് ഉമ്മറത്തേക്ക് കയറിയ വെളിച്ചപ്പാട് വാള് കുലുക്കി ഉറഞ്ഞു. എന്തൊക്കെയോ വായ് താരി മൊഴിഞ്ഞു. എന്തൊരു ഊർജ്ജമാണ് ആ ചലനത്തിന്. ഞാൻ തൂണിൽ മുറുക്കെ പിടിച്ച് അമ്മയേയും ആൾകൂട്ടത്തെയും മാറി മാറി നോക്കി. അരിയും പൂവുമെറിഞ്ഞ് ദേവിയുടെ അതൃപ്തി അറിയിച്ചു  വെളിച്ചപ്പാട് തിരിച്ചോടി. എല്ലാവരും "അമ്മേ ഭഗവതി കാക്കണേ..." എന്നു പറഞ്ഞ് പുറകേയും. ഞാൻ അമ്മയുടെ മുഖത്തേക്ക് വീണ്ടും നോക്കി. യാതൊരു ഭാവമാറ്റവും അവിടെ ഇല്ലായായിരുന്നു. ചെറിയ ചിരി ആ ചുണ്ടിൻ്റെ അറ്റത്ത് ഉണ്ടായിരുന്നോ? അങ്ങിനെയാണ് എനിക്ക് തോന്നിയത്.

അമ്മൂമ്മ പിറ്റെ ദിവസം കാവിലേക്ക് എന്തൊക്കയോ കൊടുക്കാനുള്ള ഏർപ്പാട് ചെയ്തു. "കമ്മിറ്റിക്കാര് പറഞ്ഞിട്ട് വെളിച്ചപ്പാട് വന്നതാണ്..." എന്നതായിരുന്നു അമ്മയുടെ നിലപാട്. എന്നാൽ ബന്ധുക്കൾ അത് നിഷേധിച്ചു. അന്ധമായി ഒന്നിലും വിശ്വസിക്കാതിരിക്കാൻ അമ്മ പഠിപ്പിച്ചത്  അങ്ങിനെയാണ്.

തിരുവണ്ണൂരിലെ ശൂരം പടയാണ് എന്നെ ഏറെ സ്വാധീനിച്ച മറ്റൊരു കലാരൂപം. ഓട്ടുകമ്പനിക്കു മുമ്പിലുള്ള റോഡിലൂടെ താഴോട്ട് ഇറങ്ങി വി.കെ കൃഷണമേനോന്റെ ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ മതിലിനു പുറകിൽ ഏന്തി നിന്ന് ഞാനാ പടയൊരുക്കം കാണും. അസുരരാജാവിന്റെ ദുർഭരണം അവസാനിപ്പിക്കാനായി ശിവന്റെ നിർദ്ദേശപ്രകാരം സുബ്രഹ്മണ്യനും ഗണപതിയും സേനാനായകനായ വീരബാഹുവും കൂടിചർന്ന് ഘോരയുദ്ധം നടത്തി ദാരികനെയും ശൂരനെയും വധിക്കുന്നതോടെ സമാധാനത്തിന്റെ നല്ല കാലം വരുന്നു എന്നതാണ് ശൂരം പടയുടെ സങ്കൽപ്പം എന്നാണ് ഞാൻ മനസ്സിലാക്കിയത്.  

തിരുവണ്ണൂർ നട മുതൽ പന്നിയങ്കര അമ്പലം വരെയും തിരിച്ചും രഥത്തിൽ കെട്ടി ഉയർത്തിയ വലിയ രൂപങ്ങൾ തമ്മിൽ യുദ്ധം നടക്കും. നാട്ടുകാരുടെ, അല്ലെങ്കിൽ ആണുങ്ങളുടെ, ആഘോഷമായിരുന്നു ശൂരം പട. നാട്ടുവഴിയിലെ രഥത്തിൽ കെട്ടി ഉയർത്തിയ കഥാപാത്രങ്ങൾ പോരിടും. തേരിന്റെ വേഗത്തിലും താളത്തിലും ചെറുപ്പക്കാർ ഉയർന്നു പൊങ്ങും. യുദ്ധത്തിൽ ഞാനും മനസ്സുകൊണ്ട് സജീവപങ്കാളിയായി. പെണ്ണുങ്ങൾക്ക് യാതൊരു റോളും അവിടെ ഇല്ലെങ്കിലും പിന്നെ എന്റെ സ്വപ്നങ്ങളിൽ "ആർപ്പോ" വിളികൾ മുഴങ്ങും. വർഷങ്ങൾക്കു ശേഷം 'കാളിനാടകം' എഴുതുമ്പോൾ ശൂരം പടക്കാലത്തെ ഈ കാഴ്ചകൾ എനിക്ക് തുണയായി മാറി.

Sajitha Madathil | Sajitha Madathil  Biography

തിരുവാതിരക്കാലം വീട്ടില്‍ പിടിപ്പതു ജോലിയുള്ള സമയമാണ്. മുറ്റം മുഴുവന്‍ ചാണകം മെഴുകണം. ഞങ്ങള്‍ കുട്ടികള്‍ ആലക്കരികില്‍ നിന്ന് ചാണകം പാളയില്‍ നിറച്ച്, ചെമ്പിലെ വെള്ളത്തിലേക്ക് ഇട്ട്, കൈകൊണ്ട് ഇളക്കും, ശരീരം മുഴുവന്‍ ചാണകവെള്ളം പരസ്പരം തെറിപ്പിച്ച് ഞങ്ങള്‍ മുറ്റം മുഴുവന്‍ ചാണക പരവതാനി വിരിക്കും. ഞങ്ങള്‍ വിരിച്ചിട്ട ഈ പരവതാനിയിലാണ് പൊറാട്ടുനാടകക്കാര്‍ വന്നിറങ്ങുക. കൂട്ടം കൂട്ടമായി കളിക്കാര്‍ എത്തും. കുറച്ചുനേരം നാടകങ്ങളുടെ ചില ഭാഗങ്ങള്‍ ചെയ്ത് ഞങ്ങളെ രസിപ്പിക്കും, വീട്ടിലെ മൂത്തവര്‍ കാശുകൊടുക്കും. "വൺസ് മോർ" വിളികള്‍ വന്നാല്‍ വീണ്ടും കാശുകൊടുക്കണം. അതാണ് പതിവ്. 

അവരുടെ നാടകങ്ങളില്‍ ഏറെ തമാശ ഉണ്ടായിരുന്നോ? അറിയില്ല. പക്ഷേ സ്ത്രീകള്‍ ആര്‍ത്തുല്ലസിച്ചു ചിരിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. തിരുവാതിരക്കാലത്ത് ഇടനേരങ്ങളില്‍ ഞങ്ങള്‍ കുട്ടികളും അവര്‍ക്കറിയാവുന്ന കലാനൈപുണ്യം അവതരിപ്പിക്കാന്‍ ശ്രമിക്കും. പതുക്കെ പൊറാട്ട് നാടകങ്ങളില്‍ നിന്ന് റെകോഡ് ഡാന്‍സിലേക്ക് തിരുവാതിരക്കാലം മാറിയതും അക്കാലത്താണ്. ഇന്നത്തെ സിനിമാറ്റിക് ഡാന്‍സിന്റെ പ്രാഗ്‌രൂപമാണ് അത്. 

കോളാമ്പി സ്പീക്കറും റെകോഡ് പ്ലെയറും സൈക്കിളില്‍ കെട്ടിവെച്ച്, സിനിമാനടികളുടെയും, നടന്മാരുടെയും വേഷത്തില്‍ ഹിന്ദി, തമിഴ് പോപ്പുലര്‍ പാട്ടുകള്‍ അവര്‍ അവതരിപ്പിക്കും. ഞങ്ങള്‍ക്ക് അതുവരെ പരിചിതമല്ലാത്ത ശരീരഭാഷയായിരുന്നു ആ നൃത്തച്ചുവടുകള്‍ക്ക്. ആ പ്രാദേശിക കലാകാരന്മാരുടെ ഈ നൃത്തത്തിന് കാഴ്ചക്കാര്‍ ഏറെ ഉണ്ടായിരുന്നു.

പൊറാട്ടുകാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഏറെ കാശ് അവര്‍ക്ക് കിട്ടി. കുട്ടികള്‍ റോഡില്‍ പോയി നിന്ന് റെകോഡ് ഡാന്‍സ് സംഘത്തെ തേടിപ്പിടിച്ച് ഞങ്ങളുടെ വീട്ടുമുറ്റങ്ങളിലേക്ക് കൊണ്ടു വന്നു. തിരുവാതിരക്കും ശിവരാത്രിക്കുമാണ് കൊച്ചുപെണ്‍കുട്ടികള്‍ക്ക് മാളികപറമ്പില്‍ രാത്രികാലങ്ങളില്‍ പറന്നു നടക്കുവാന്‍ അവകാശമുണ്ടായിരുന്നത്. ഞങ്ങളത് ആവശ്യത്തിലധികം ആസ്വദിച്ചു.

കര്‍ക്കിടകം മുപ്പത്തി ഒന്നിന് ശ്രീഭഗവതിയെയും മക്കളെയും വരവേല്‍ക്കാനും, പൊട്ടിയേയും മക്കളെയും അടിച്ചിറക്കാനും നടത്തുന്ന കര്‍മ്മങ്ങളുണ്ടായിരുന്നു. കിണറ്റിന്‍ വക്കില്‍ വളരുന്ന പാറോത്തിന്റെ ഇലപറിച്ച് വീട്ടിലെ കസേരയും ബഞ്ചും മേശയുമൊക്കെ ഞങ്ങള്‍ ഉരച്ചു കഴുകും. വീടിനു ചുറ്റിലെ ചായ്പ്പും കോലായയും വെള്ളം കൊണ്ട് അടിച്ചെടുക്കുന്ന ജോലി കുട്ടികള്‍ക്കാണ്.

മുറ്റം മുഴുവന്‍ കണ്ണാടി പോലെയാക്കി പറമ്പിലെ ചപ്പു മുഴുവന്‍ കത്തിക്കും. വീട്ടിലെ കുറ്റിച്ചൂലും പഴയ കലവും പൊട്ടിയ ചിരട്ടക്കൈലും മറ്റും പഴയമുറത്തിലാക്കി ആചാരഭാവത്തോടെ പ്ലാവിന്റെ മൂട്ടില്‍ കൊണ്ടുചെന്നിടും. അതിലേക്ക് പൊട്ടിയെ ആവാഹിച്ചിട്ടുണ്ടാവും. തിരിഞ്ഞു നോക്കാതെ തിരിച്ചു നടക്കും. 

ശ്രീഭഗവതിയെ വരവേല്‍ക്കാന്‍ വീടും പരിസരവും വൃത്തിയാക്കി കഴിഞ്ഞാല്‍ നാടകത്തിലെ പോലെ ചില രംഗവസ്തുക്കള്‍ വാഴത്തണ്ടു കൊണ്ടും ഓല കൊണ്ടും ഉണ്ടാക്കും. അവയ്ക്ക് മൃഗങ്ങളുടെ ആകൃതിയായിരുന്നു. പിന്നെ കുരുതി വെള്ളം ചുണ്ണാമ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കിണ്ടിയില്‍ ഉണ്ടാക്കി വെക്കും.

വിളക്കു കത്തിച്ച് കിണ്ടിയുമായി "ശ്രീഭഗവതിയും മക്കളും വാ വാ, പൊട്ടീം മക്കളും പോ പോ..." എന്നു പറഞ്ഞ് വീട്ടിനു ചുറ്റും പ്രദക്ഷിണം വെക്കണം. ഞങ്ങൾ കുട്ടികൾക്ക് വീടിനു ചുറ്റും ഇതൊക്കെ പിടിച്ച് ഉറക്കെ പാടി ഓടുമ്പോഴുണ്ടായിരുന്ന അതേ സന്തോഷമാണ് രംഗവേദി വൃത്തിയാക്കി, രംഗസാമഗ്രികള്‍ തയ്യാറാക്കിവെക്കുമ്പോഴും, എന്റെ ചെറിയ താമസ സ്ഥലങ്ങൾ ഭംഗിയും വൃത്തിയുമാക്കാൻ പാടുപെടുമ്പോഴുമെല്ലാം പിന്നീട് എനിക്ക് തോന്നിയിരുന്നത്.

അമ്മ നന്നായി കൈകൊട്ടിക്കളി കളിക്കും, പാടും. അമ്മയ്ക്ക് ഒരു ടീമൊക്കെ ഉണ്ടായിരുന്നു. ഓണമൊക്കെ ആവുന്ന സമയത്ത് ഞങ്ങളും അവർക്കൊപ്പം കൂടും, ഒന്നിച്ച് കൈകൊട്ടിക്കളി കളിക്കും. അത് ഒരു സാധാരണ കാര്യമാണ്. ഇതൊന്നും ആരും പഠിപ്പിച്ചിട്ട് പഠിച്ചതല്ല. അമ്മയും ചെറിയയമ്മമാരും അമ്മായിമാരും ഒക്കെ ചെയ്യുന്നത് കണ്ടു ചെയ്യുന്നതാണ്.

അന്ന് മാളികപറമ്പില്‍ ഒരു കിണറേ ഉണ്ടായിരുന്നുള്ളൂ. കപ്പിയുടെ ഈണവും, കിണറ്റിന്റെ ആഴങ്ങളില്‍ തട്ടുന്ന കുടത്തിന്റെ ശബ്ദവും, വെള്ളം വലിക്കുന്ന ശരീരത്തിന്റെ താളവും എല്ലാം മാളികപറമ്പിന്റെ ജീവന്റെ തുടിപ്പായിരുന്നു. അതിനു ചുറ്റും സംസാരിച്ചും തർക്കിച്ചും പെണ്ണുങ്ങൾ കൂട്ടുകൂടി. പെണ്‍തമാശകളുടെ ഒരു ലോകം ഞാന്‍ കാണുന്നത് അവിടെവെച്ചാണ്.

Sajitha Madathil Part 6

ഓട്ടുകമ്പനിയിലെ സൈറണ്‍ മുഴങ്ങുന്നതാണ് ഞങ്ങളുടെ ദിനചര്യകളെ നിയന്ത്രിച്ചിരുന്നത്. സൈറൺ കേൾക്കേണ്ട താമസം, മാളികപറമ്പിനെയും ചെഞ്ചേരിപറമ്പിനെയും വിഭജിക്കുന്ന പാമ്പു പോലെ നീണ്ടുകിടക്കുന്ന ഇടവഴിയിലൂടെ തൊഴിലാളികള്‍ വീട്ടിലേക്കോ, മാനാരിയിലെ റാക്കുഷാപ്പിലേക്കോ ഓടിയും നടന്നും  പോകും.

പെട്ടെന്ന് ഞങ്ങളുടെ അതിരിൽ ജനസാന്ദ്രത കൂടും. സൈക്കിള്‍ ബെല്ലിന്റെയും കാലടികള്‍ ചരലില്‍ ഉരയുന്നതിന്റെയും ശബ്ദമുയരും. ഞാന്‍ ഓടി പതിനെട്ടാം പടിയെന്നു ഞങ്ങള്‍ വിളിക്കുന്ന, പഴയ ഓടുകള്‍ അടുക്കി വെച്ചു പണിത പടിക്കെട്ടുകള്‍ ആയാസപ്പെട്ട് ചാടിയിറങ്ങി, ഇടവഴിയുടെ തെക്കേ അറ്റത്തേക്ക് എത്തി നോക്കും. അതാണ് അമ്മയുടെ കൂട്ടുകാരിയായ എന്റെ നൃത്താദ്ധ്യാപികയുടെ ആഗമന സമയം.

-തുടരും

സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം: 

Sajitha Madathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: