scorecardresearch

ചിരുതയും ഞാനും

യഥാർത്ഥത്തിൽ ആൺ ഭ്രാന്തുകളെ സമൂഹം സഹിക്കും. പെണ്ണുങ്ങൾക്ക് ഭ്രാന്തുപിടിച്ചാൽ അവൾ വീട്ടിനു പുറത്തെത്തും... സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 19

യഥാർത്ഥത്തിൽ ആൺ ഭ്രാന്തുകളെ സമൂഹം സഹിക്കും. പെണ്ണുങ്ങൾക്ക് ഭ്രാന്തുപിടിച്ചാൽ അവൾ വീട്ടിനു പുറത്തെത്തും... സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 19

author-image
Sajitha Madathil
New Update
Sajitha Madathil |  Memories

The Life and Work of Sajitha Madathil-Chapter 19

ഒരു പഴയ കഥ പറയാം. അല്ലെങ്കിലും കഥയിൽ പഴയതും പുതിയതും എന്നൊന്നുമില്ല. എല്ലാ കഥകളും ആദ്യം കേൾക്കുമ്പോൾ പുതിയതു തന്നെയാണ്. രാമനെ കുറിച്ച് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. വല്ല്യമുത്തശ്ശൻ്റെ വലംകൈയായ രാമന് കിഴക്കെ പറമ്പിൻ്റെ അറ്റത്ത് പാടം തുടങ്ങുന്നിനടുത്ത് വീട് കെട്ടാൻ സമ്മതം കൊടുത്തത് മുത്തശ്ശിയാണ്.

Advertisment

രാമനവിടെ ഭംഗിയുള്ള ഒരു പുര പണിതു. നിലം ഒക്കെ ചാണകം കൊണ്ട് മെഴുകി പനമ്പു കൊണ്ട് മറച്ച് ഒരു ഒറ്റമുറി വീട്. പുറത്തേക്ക് തള്ളി കെട്ടിയിടത്ത് ഏകനായി രാമൻ ആകാശം നോക്കിയിരിക്കും. രാമൻ  ജോലി അന്വേഷിച്ചെത്തി വല്യ മുത്തച്ഛൻ്റെ കൂടെ കൂടിയതാ. ഭാര്യ ചിരുത അന്നാട്ടുകാരിയാ. ചിരുത പാടുകയും ആടുകയും ചെയ്യും. ചെറുപ്പത്തിലേ പൊറം പണിക്ക് അവളുടെ അമ്മയെ സഹായിക്കാൻ വന്നു തുടങ്ങിയതാണ്. 

ചിരുതയെ രാമൻ കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതും അവളുടെ പതിനാറാം വയസ്സിലാണ്. വെറകുപുരയിൽ ഓലമടലുകൾ അട്ടിവെക്കാൻ രാമനെ അവൾ സഹായിക്കുകയായിരുന്നു. തട്ടിൽ കയറി നിന്നിരുന്ന സൗമ്യനായ രാമൻ പെട്ടെന്ന് ബാധ കയറിയ പോലെ അവളെ ചുറ്റി പിടിച്ചു. മേലുടുപ്പിലൂടെ തള്ളി നിന്നിരുന്ന കൊച്ചു  മുലകൾ അവൻ്റെ ഉറച്ച നെഞ്ചിൽ അമർന്നു വേദനയോടെ കരഞ്ഞു. അവളുടെ ചുണ്ടിൻ്റെ ചുവപ്പു മുഴുവൻ വായക്കുളളിലാക്കി അവൻ വലിച്ചു കുടിച്ചു. അവളെ മുഴുവൻ വിഴുങ്ങാനുള്ള ആർത്തി ആ പ്രവൃത്തിയിലുണ്ടായിരുന്നു. അവൾ ഏറെ കഷ്ടപ്പെട്ടാണ് കുതറി ഓടിയത്. ചിരുത ആകെ ഭയന്നു പോയി. അവൾ കുടിയിൽ കിടന്നു കരയുന്ന കാര്യം അവളുടെ അമ്മയാണ് മുത്തശ്ശിയോട് പറഞ്ഞത്. ആരും അത് കാര്യമാക്കിയില്ല.

എന്നാൽ പിറ്റെ ദിവസം രാമൻ പണിക്കു വന്നില്ല. അത് വലിയ ചർച്ചയായി. വല്ല്യ മുത്തശ്ശി രാമൻ്റെ വീടിൻ്റെ മുറ്റത്ത് എത്തി.  മുറ്റത്തെ പാറകല്ലിലിരുന്ന് രാമനെ വിളിച്ചു. അവൻ തല കുനിച്ച് ഇറങ്ങി വന്ന് തിണ്ണയിലിരുന്നു.  ഇനി ഇവിടെ നിക്കണില്ല എന്ന രാമൻ്റെ മൊഴിയിൽ പ്രേമത്തിൻ്റെയും കാമത്തിൻ്റെയും നിരാശയുണ്ടായിരുന്നു.

Advertisment

വല്യമുത്തശ്ശനാണ് ചിരുതയുടെ അമ്മയോട് രാമൻ്റെ കാര്യം പറഞ്ഞ് സമ്മതിപ്പിച്ചത്. രാമൻ്റെ കുടിയിൽ നിന്ന് ചിരുതയുടെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയത് അങ്ങിനെയാണ്. എന്നാൽ  ചിരുതയെ തല്ലുന്ന, തെറി പറയുന്ന, അവളെ കുറ്റം പറയുന്ന രാമനെയേ അമ്മക്ക് പോലും ഓർമ്മയുള്ളൂ എന്ന് കേട്ടിട്ടുണ്ട്.  

Sajitha Madathil
സജിത മഠത്തിൽ

ചിരുതയിൽ ഒരു തരം ബാധയുണ്ടെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു. ചിരുത പാടുമ്പോൾ മതിമറക്കും,  മുടി അഴിച്ചിട്ടാടും. അവളുടെ പാട്ടുകൾ നാലു പറമ്പും കയറി ഇറങ്ങി തെക്കെ പറമ്പിൽ അടക്കിയ ആണുങ്ങളെ ആകർഷിക്കുമത്രെ. അവർ അവൾക്കു ചുറ്റും നൃത്തമാടുന്ന ബലത്തിലാണ് ചിരുത കൂസലില്ലാതെ ജീവിക്കുന്നതെത്രെ.

ഏതായാലും ഓരോ പാട്ടുസേവക്കും ശേഷം രാമനവളെ അടിക്കും. അടിച്ചു നിലം പരിശാക്കും. ഒരാചാരം പോലത് തുടർന്നു. രാമൻ എല്ലാവർക്കും പ്രിയപ്പെട്ടവനാണ്. അധ്വാനിയാണ്, ഉപകാരിയാണ്. അയാളെ വല്യ മുത്തശ്ശനും മുത്തശ്ശിയും തള്ളി പറഞ്ഞില്ല.

ചിരുതയും പുറം പണികളിൽ മിടുക്കിയായിരുന്നു. പക്ഷെ ചിരുതക്ക് ബാധയാണെന്ന കഥയും അവളുടെ ആട്ടം നിലത്തുറക്കാതെയാണെന്നതും അക്കാലത്തു ഞാൻ കണ്ട ഏറ്റവും പുരോഗമന ചിന്താഗതിക്കാരനായ ഗോവിന്ദമാമ പോലും വിശ്വസിച്ചു. ചിരുതയെ കുടിലിൽ നിന്ന് ഇറക്കി വിട്ടു. അല്ലെങ്കിൽ സ്വയമിറങ്ങി മുറ്റത്തെ പാറക്കല്ലിനോട് ചേർന്ന് പായ വിരിച്ച് കിടപ്പാരംഭിച്ചു. 

മകൾ വള്ളി, അവളുടെ കുടിയിലിലേക്ക് ചിരുതയെ കൂട്ടികൊണ്ടു പോകുമ്പോൾ ഉടുവസ്ത്രവും കീറപായയും ചീത്തപേരും മാത്രമേ അവൾക്കൊപ്പമുണ്ടായിരുന്നുള്ളൂ. മരുന്ന് വാങ്ങാൻ കാശില്ലെങ്കിലും അവിടെയും അവൾ പാട്ടു തുടർന്നു. അവൾക്ക് ചുറ്റും കേൾവിക്കാരുണ്ടായി. പിന്നെ ഒരു ദിവസം തൻ്റെ പാട്ടും ആട്ടവുമായി സ്വതന്ത്രമായ മറ്റൊരു ലോകത്തേക്ക് യാത്ര പറഞ്ഞു പോയി.  

പക്ഷെ എൻ്റെ ജീവിതത്തിൽ ചിരുത ഇടക്കിടെ വന്നു പോയി കൊണ്ടിരുന്നു. കണ്ണാടിയിൽ കരഞ്ഞു വീങ്ങിയ, അടി കൊണ്ട് നീലിച്ച ചിരുതയുടെ മുഖം ഞാൻ ഇടക്കിടെ കണ്ടുകൊണ്ടിരുന്നു. വല്യമുത്തശ്ശനേയും മുത്തശ്ശിയേയും പുരോഗമന ചിന്താഗതിക്കാരനെന്നു അറിയപ്പെടുന്ന ഗോവിന്ദൻ മാമയേയും ഞാൻ പരിസരത്തൊന്നും കണ്ടതുമില്ല.

Sajitha Madathil
ആസാം യാത്രയ്ക്കിടയിൽ 

സൗത്ത്  ആഫ്രിക്കൻ സജീവ നാടക ജീവിതത്തിന് ശേഷം ഞാൻ വീണ്ടും ദില്ലിയിലേക്ക് മടങ്ങിയെത്തുമ്പോൾ എനിക്ക് കലാജീവിതത്തിന് ഒരു തുടർച്ചയില്ലാത്തതു പോലെ അനുഭവപ്പെട്ടു. സൗത്ത് ആഫ്രിക്കയ്ക്ക് പോകും മുമ്പ് ഞാൻ ജെഎൻയുവിൽ പിഎച്ച്ഡിക്ക് രജിസ്റ്റർ ചെയ്തിരുന്നു.

എന്നാൽ പഠനത്തിൽ പൂർണ്ണമായും ശ്രദ്ധ തിരിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. എനിക്കപ്പോൾ വേറെ ജോലിയൊന്നുമില്ല. മകൻ പഠിച്ചുകൊണ്ടിരിക്കുന്നു. വീട്ടിൽ വെറുതെയിരിക്കുന്ന സ്ത്രീകളെ ഞാനധികം കണ്ടിട്ടില്ല. എനിക്കും അങ്ങനെയിരിക്കാൻ അറിയില്ല. അതിനുള്ള സാമ്പത്തികവും ഇല്ല.

ഈ സന്ദർഭത്തിലാണ് 'അദർ മീഡിയ' എന്ന സ്ഥാപനത്തിൽ ഞാനെത്തുന്നത്. ഏറെ പ്രിയപ്പെട്ട ദീനദയാൽ നയിക്കുന്ന  എൻജിഒയാണത്. ഒരു വർഷം അവിടെ ജോലി ചെയ്തു. അവരുടെ വർക്കിന്റെ ഭാഗമായി കറാച്ചിയിൽ പാക്ക് ഇന്ത്യ ഫോറത്തിൻ്റെ  പരിപാടിയിൽ പങ്കെടുത്തു. അതൊരു ഗംഭീര അനുഭവമായിരുന്നു. പാക്കിസ്ഥാനി സ്ത്രീകളെ കുറിച്ചുള്ള എൻ്റെ സങ്കൽപ്പം മുഴുവൻ മാറ്റിയ യാത്രയായിരുന്നു അത്.  

നേപ്പാളിലേക്ക് ആദ്യമായി യാത്ര ചെയ്തതും  അക്കാലത്താണ്. പിന്നെ ഒരു വർഷക്കാലം NIILM എന്ന മാനേജ്മെൻറ് പഠന സ്ഥാപനത്തിൽ തീയേറ്റർ ടെക്നിക്ക് ഇൻ മാനേജ്മെൻറ് എന്ന കോഴ്‌സ് ഡിസൈൻ ചെയ്ത് രണ്ടു സെമസ്റ്റർ പഠിപ്പിച്ചു. അതിനിടക്ക് പിഎച്ച് ഡി ചെയ്യാനായി നെഹ്റു ഫെലോഷിപ്പ് എനിക്ക് കിട്ടി. അത് വലിയ അംഗീകാരമായിരുന്നു. എന്നാൽ ഗവേഷണത്തിനുള്ളിലേക്ക് കടക്കാൻ എനിക്ക് ആവുന്നില്ലായിരുന്നു. ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാലത്തിലൂടെ കടന്ന് പോവുകയായിരുന്നു ഞാനന്ന്. ചിരുതയെ ഇടയ്ക്കിടക്ക് കാണുന്ന കാലം. 

Sajitha Madathil
ജോധ്പൂരിൽ 

ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോഴാണല്ലോ മനുഷ്യർക്ക് സന്തോഷത്തോടെ ഇരിക്കാൻ സാധിക്കുക. നാടകമായിരുന്നു എന്റെ സന്തോഷം. എനിക്ക് അഭിനയിക്കണം, നാടകങ്ങൾക്കൊപ്പം സഞ്ചരിക്കണം. എന്നാൽ അതൊന്നും പറയാനുള്ള നേരിയ ഇടം പോലും അന്നെനിക്കില്ല.  

ആ സമയത്ത്   സംഗീതനാടക അക്കാദമിയിൽ ഒരു ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിലേക്ക് വിളിച്ചു. അതെനിക്ക് കിട്ടി. 2005ൽ  ജോലി കിട്ടിയപ്പോൾ പിഎച്ച്ഡി പഠിത്തത്തിന്റെ കാര്യത്തിൽ ഒരു പ്രശ്നം വന്നു. ഫെല്ലോഷിപ്പോടു കൂടിയാണല്ലോ പഠിക്കുന്നത്. അപ്പോൾ എനിക്ക് ഡീ-രജിസ്റ്റർ ചെയ്യാതെ നിവൃത്തിയില്ല എന്നു വന്നു.  അങ്ങനെ ഗവേഷണം നിലച്ചു. തൽകാലത്തേക്ക് എന്ന് കരുതിയെങ്കിലും വീണ്ടും പതിനഞ്ച് വർഷമെടുത്തു അത് പൂർത്തിയാക്കാൻ. 

എനിക്ക് കിട്ടുന്ന എല്ലാ ജോലിയുടെയും ഒരു പ്രശ്നം എന്താണെന്ന് വച്ചാൽ അതൊരിക്കലും ഒരു ഒൻപതുമണി-അഞ്ചുമണി ജോലി ആയിരിക്കില്ലെന്നതാണ്. നമ്മുടെ ഊർജം മുഴുവൻ ഊറ്റിയെടുക്കുന്ന ജോലികളാണെല്ലാം. ഒരുപക്ഷെ, അതെന്റെ സ്വഭാവത്തിന്റെ പ്രശ്നമാവാം. ഞാനെന്ത് ജോലി ചെയ്താലും ശരി, തലകുത്തി നിന്നു ചെയ്യുന്ന ഒരാളാണ്. വേണ്ടതിൽ കൂടുതൽ പണിയെടുക്കുന്ന ഒരാളായി ഞാൻ മാറും.

രാവിലെ ഒമ്പതുമണിക്ക് പോയാൽ വൈകിട്ട് 8 മണിയാവും തിരിച്ചെത്താൻ. ഞങ്ങൾക്ക് എല്ലാദിവസവും ഫെസ്റ്റിവൽസും പ്രോഗ്രാമുകളുമൊക്കെ കാണും. ഞാൻ മാത്രമല്ല, എന്നെപ്പോലെ എല്ലാ ഡെപ്യൂട്ടി സെക്രട്ടറിമാരും ഇത്തരം അവസ്ഥകളിലൂടെയാവും കടന്നുപോവുന്നത്.  അതിനു പുറമേയാണ് എനിക്ക് നാടകം ചെയ്യണമെന്ന ആഗ്രഹം.  

അപ്പോഴാണ് ഓംചേരി സാറിൻ്റെ 'പ്രളയം' എന്ന നാടകം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ച വരുന്നത്. അതു സംവിധാനം ചെയ്യാനായി സാംകുട്ടി പട്ടങ്കരിയെ ക്ഷണിക്കാമെന്ന നിർദ്ദേശം ഞാൻ മുന്നോട്ട് വച്ചു. എല്ലാവർക്കും അത് സ്വീകാര്യമായി .

അദ്ദേഹത്തിൻറെ നാടകങ്ങൾ ഞാനതിനു മുമ്പ് കണ്ടിട്ടുണ്ടായിരുന്നു. ഓംചേരി സാർ എല്ലാറ്റിനും മുൻകൈ എടുത്തു. സാം ദില്ലിയിലേക്ക് വന്നു. അങ്ങനെ ഡൽഹിയിൽ  'ജനസംസ്കൃതി'യിലെ മലയാളികലാകാരന്മാരൊക്കെ ചേർന്ന് ആ നാടകത്തിൻ്റെ റിഹേഴ്സൽ ആരംഭിച്ചു.  

Sajitha Madathil
ഓംചേരിയുടെ 'പ്രളയം' നാടകത്തിൽ അനിൽ പ്രഭാകറിനൊപ്പം

ശ്രീകല ശിവശങ്കരനും സന്തോഷ് എം.വി യും, അനിൽ പ്രഭാകരനും, രൂപേഷും തുടങ്ങി വലിയൊരു സംഘം അതിൽ അഭിനയിച്ചു. വല്ലാതെ കഷ്ടപ്പെട്ടു ആ സമയത്ത്. ജോലിക്കൊപ്പം നാടകവും വീടും കൊണ്ടു പോകുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നു ആ നാടകം ചെയ്തു തീർക്കാൻ.

ഒരു നാടകം ചെയ്യാനായി ഇത്രയും പ്രശ്നങ്ങൾ തലയിലെടുത്തു വെക്കണമോ? അറിയില്ല. അന്നത് എനിക്ക് ചെയ്യണമായിരുന്നു. ഒരുതരം നാടക ഭ്രാന്ത്. യഥാർത്ഥത്തിൽ ആൺ ഭ്രാന്തുകളെ സമൂഹം സഹിക്കും. പെണ്ണുങ്ങൾക്ക് ഭ്രാന്തുപിടിച്ചാൽ അവൾ വീട്ടിനു പുറത്തെത്തും.

സംഗീത നാടക അക്കാദമിയിൽ ഡോക്യുമെൻ്റേഷനെയും ആർക്കൈവിൻ്റെയും ചുമതലയായിരുന്നു അന്നെനിക്ക്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ യാത്ര ചെയ്ത് വിവിധ കലാരൂപങ്ങൾ കാണാനും ഡോക്യുമെൻ്റ് ചെയ്യാനും ഈ കാലം എനിക്കവസരം നൽകി. കേരളത്തിലെ കലാരൂപങ്ങളുടെ കൃത്യമായ ആർക്കൈവിങ്ങ് നടക്കുന്നില്ലല്ലോ എന്ന ചിന്ത എന്നെ എക്കാലത്തും അസ്വസ്ഥതപ്പെടുത്തി. 

എൻ്റെ ജോലിയുടെ സ്വഭാവം വെച്ച് കൃത്യസമയത്ത് വീട്ടിൽ എത്തിച്ചേരുക എന്നത് ഒട്ടും സാധ്യമായ കാര്യമല്ല. ജോലിക്കാരികളെ വിശ്വസിച്ച് ഏൽപ്പിച്ച് മുന്നോട്ട് പോകാനും പറ്റാത്ത അവസ്ഥ. കേരളത്തിലെ കൂടിയാട്ടം കേന്ദ്രത്തിലേക്ക് ട്രാൻസ്ഫർ കിട്ടിയെങ്കിലും ഞാൻ ജോലി രാജി വെച്ച് ദില്ലിയിൽ തുടർന്നു. എന്നാൽ തൊഴിലില്ലായ്മ എനിക്കൊട്ടും സന്തോഷം നൽകുന്നുണ്ടായിരുന്നില്ല.

ഇന്ത്യയിലെ കലാ സ്ഥാപനങ്ങളെ, അവയുടെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് പഠിക്കാനുള്ള ഒരു പ്രോജക്ട് ലഭിക്കുന്നത് അക്കാലത്താണ്. മകൻ കേരളത്തിലെ സ്ക്കൂളിലേക്ക് താൽക്കാലികമായി മാറിയ കാലം. ഇതിനായി ഞാൻ ഇന്ത്യയിലെ പത്തോളം വരുന്ന സംസ്ഥാനങ്ങളിൽ യാത്ര ചെയ്തത് ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ കലയ്ക്കും കലാകാരന്മാർക്കും വേണ്ടി ഓരോ സംസ്ഥാനവും എന്തു ചെയ്യുന്നു എന്നു മനസ്സിലാക്കാൻ ശ്രമിച്ചു. ഈ യാത്രകൾ ഇന്ത്യൻ സാംസ്കാരിക മണ്ഡലത്തെ മറ്റൊരു വീക്ഷണത്തിലൂടെ പഠിച്ചെടുക്കാൻ എനിക്ക് അവസരം നൽകി. 

Sajitha Madathil
ഐഎഫ്എഫ്കെ കാലത്ത് ബീന പോളിനും കെ പിഎസി ലളിതയ്ക്കുമൊപ്പം  

കേരളത്തിലേക്ക് തിരിച്ചു വരുമ്പോൾ എന്തു ചെയ്യണമെന്ന് കൃത്യമായ ഒരു ധാരണയും ഇല്ലായിരുന്നു. ചലച്ചിത്ര അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടർ പോസ്റ്റിന് അപേക്ഷിക്കുന്നത് അക്കാലത്താണ്. ചലച്ചിത്ര അക്കാദമിയിലെ നാലു വർഷക്കാലം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

രാവും പകലുമില്ലാതെ പണിയെടുത്ത കാലം. പ്രിയപ്പെട്ട കെ.ആർ മോഹനനും, ശ്രീകുമാറും, വി.കെ ജോസഫും , ബീനാ പോളും, മധുപാലും എല്ലാം കൂടെ ഉണ്ടായിരുന്ന കാലം. അജോയ് ചന്ദ്രനും, ഗോപീകൃഷ്ണനും, ശിവനും, മേരിയും, ഉണ്ണിയും, ഹരിയും, രവിയും എല്ലാമടങ്ങിയ ഒരു ശക്തമായ ടീമും ഒപ്പമുണ്ടായിരുന്നു. എത്രമാത്രം യാത്രകൾ, ഫെസ്റ്റിവലുകൾ, സെമിനാറുകൾ.

നാലു വർഷത്തെ സജീവമായ പ്രവർത്തനത്തിനു ശേഷം എന്നെ കാരണമൊന്നും പറയാതെ കോൺട്രാക്ട് അവസാനിപ്പിച്ച് പിരിച്ച് വിട്ടപ്പോൾ എനിക്ക് തൊഴിലില്ലാതെ ഒരു ദിവസം പോലും നിൽക്കേണ്ടി വന്നില്ല. കേന്ദ്ര സംഗീത നാടക അക്കാദമി എനിക്ക് വീണ്ടും അവസരം തന്നത് ഞാൻ എൻ്റെ തൊഴിൽ കാണിച്ച ആത്മാർത്ഥത കൊണ്ടു തന്നെയായിരുന്നു. കണ്ണു നിറഞ്ഞു കൊണ്ടേ സ്നേഹപൂർവ്വമായ തിരിച്ചു വിളിയെ ഓർക്കാനാവൂ. ഇത്തവണ ഞാൻ ഫോക്ക് ആൻ്റ് ട്രൈബൽ കലാരൂപങ്ങളുടെ ചുമതലക്കാരിയായിട്ടാണ് ചേർന്നത്. 

Sajitha Madathil
ലക്ഷദ്വീപ് കലാരൂപങ്ങൾ ഡോക്യുമെൻ്റ് ചെയ്യാനുള്ള യാത്രയിൽ

ഏറ്റവും സന്തോഷത്തോടെ ഞാനാക്കാലത്ത് പണിയെടുത്തു. കേരളത്തിലെ ചവിട്ടുനാടകങ്ങളും, നീലംപേരൂർ പടയണിയും, ലക്ഷദ്വീപ സമൂഹത്തിലെ കലാരൂപങ്ങളും വീഡിയോ ഡോക്യുമെൻ്റ് ചെയ്തു. തമിഴ്നാട്ടിലെ ഘടം ഉണ്ടാക്കുന്ന മീനാക്ഷിയമ്മയെ കാണുന്നതും അക്കാലത്താണ്. ബീഹാറിലും രാജസ്ഥാനിലും നോർത്ത് ഈസ്റ്റിലും ഒക്കെ യാത്ര ചെയ്യാനും അവിടെയെല്ലാമുള്ള കലാകാരന്മാരുമായി സംവദിക്കാനും ലഭിച്ച അവസരം പുതിയൊരു ഊർജം നൽകി. പിന്നെ ഞാൻ ചലച്ചിത്ര അക്കാദമിയിലേക്ക്  തിരിച്ചു ചെല്ലുന്നത് 'ഷട്ടർ' എന്ന സിനിമയിലൂടെ ലഭിച്ച അവാർഡ് വാങ്ങിക്കാനായിരുന്നു.

-തുടരും

സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ' ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം: 

Memories Sajitha Madathil Memoirs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: