scorecardresearch

സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ, ഇരിക്കണമോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്!

"അവിശ്വസനീയതയോടെ  കാണികൾ ഓടിവന്നു. കാളിയെ തൊഴുതു. മുഖത്തെ ചായം തൊട്ടെടുത്തു. കൊല്ലുന്ന വേദന ആ സ്നേഹത്തിൽ ഞാൻ കടിച്ചിറക്കി..." സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 21

"അവിശ്വസനീയതയോടെ  കാണികൾ ഓടിവന്നു. കാളിയെ തൊഴുതു. മുഖത്തെ ചായം തൊട്ടെടുത്തു. കൊല്ലുന്ന വേദന ആ സ്നേഹത്തിൽ ഞാൻ കടിച്ചിറക്കി..." സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 21

author-image
Sajitha Madathil
New Update
Sajitha Madathil |  Memories

The Life and Work of Sajitha Madathil-Chapter 21

കാളിയുടെ വിളയാട്ടമുള്ള ഒരിടമാണ് മാളികപറമ്പ് എന്നാണ് തുണി അലക്കാൻ വരുന്ന ചിന്നമ്മു പറഞ്ഞിട്ടുള്ളത്. അതുകൊണ്ടാണു് മറ്റെവിടേയും ഇല്ലാത്ത പോലെ ഈ പറമ്പില്  ചുവന്ന ചെമ്പരത്തി പൂക്കൾ കാടുപോലെ വളർന്നു നിക്കണത്.  വലിയ ഒരു രഹസ്യം പോലെയാണവൾ അത് വെളിപ്പെടുത്തിയത്. 

Advertisment

ഞാനാവട്ടെ അക്കാലത്ത് വീട്ടുകാരുടെ കണ്ണു തെറ്റിയാൽ ചെമ്പരത്തി പറിച്ച് ഈർക്കിൽ കോർത്ത് നാവും നീട്ടി ചാണകം മെഴുകിയ മുറ്റത്ത് ചാടി ഓടി സ്വയംകൃത കാളി നൃത്തമാടുന്നതിൽ ആഹ്ളാദിച്ചു. ചിന്നമ്മു എൻ്റെ പുറകെ ഓടി നടന്ന് എൻ്റെ സർഗ്ഗാത്മക നൃത്തത്തെ തടസ്സപ്പെടുത്തും. "ശക്തിയുള്ള കാളിയാ, കളിയാക്കരുത്, അപകടമാ,'' എന്നിലെ കാളിയെ ചിന്നമ്മു പിടിച്ചു വെക്കും.

ചെമ്പരത്തി    കാടുപിടിച്ച് പൂത്തുലഞ്ഞ വഴിയിലൂടെ കാവിൽ നിന്ന് ഇറങ്ങി വരുന്ന കാളിയെ ഞാൻ എന്നും അക്കാലത്ത്  സ്വപ്നം കണ്ടിരുന്നു. കുങ്കുമ മരത്തിൻ്റെ ചുവട്ടിലെത്തുമ്പോൾ കാളി അലറും. അപ്പോൾ പൂക്കൾ കാളിക്കുമേൽ കൊഴിഞ്ഞു വീഴും. ഞാൻ പറയുന്ന സ്വപ്നത്തിൻ്റെ കഥ വീണ്ടും ചിന്നമ്മുവിനെ  പേടിപ്പിക്കും. കാളീശാപം കിട്ടാതിരിക്കാൻ എനിക്കായി  അരക്കുപ്പി എണ്ണയുമായി  കാവിലേക്ക് ഓടി  വിളക്ക് കത്തിക്കും. പാവം ചിന്നമ്മുവിനെ ഞാൻ കാവിലേക്ക് കുറെ ഓടിപ്പിച്ചിട്ടുണ്ട്.

Sajitha Madathil
കാളിയായി സജിത മഠത്തിൽ 
Advertisment

മറ്റൊരു കാളി നാമധാരിയേയും അക്കാലത്ത് എനിക്കറിയാമായിരുന്നു. പശുവിൻ്റെ ആല വൃത്തിയാക്കാനും മുറ്റമടിക്കാനും വന്നിരുന്ന എൻ്റെ അടുത്ത കൂട്ടുകാരിയുടെ അമ്മയാണ് അത്. അവരെ കാണാൻ നല്ല ശേലായിരുന്നു. നീണ്ട മുടി തലക്കു മുകളിലേക്ക് ഒരു ചെറിയ വെള്ളരി പോലെ കെട്ടിവെച്ചിരിക്കും. അവർ തിരക്കിട്ട് മുറ്റമടിക്കുമ്പോൾ ഞാനാ തലക്കെട്ട് തൊടാൻ ശ്രമിക്കും. ശല്യം ചെയ്താൽ എന്നെ അവർ ചൂലുകൊണ്ട് ആട്ടും.

പേരുപോലെ അവളൊരു കാളിയാണ് അടുത്തേക്ക് പോകണ്ട എന്ന് അമ്മിണി അമ്മൂമ്മ പറയും. കെട്ടിയോൻ തല്ലിച്ചതച്ച കാലത്ത് തന്നെ ആരും  സഹായിക്കാൻ വരാതിരുന്നപ്പോൾ കൈയ്യിൽ കിട്ടിയ മടല് എടുത്ത് കെട്ടിയോനെ തിരിച്ചടിച്ച് അഴിഞ്ഞു വീണ മുടി ഉയർത്തി കെട്ടിയ കാളിയാണവൾ എന്നാണ് അമ്മായി പരിഹാസത്തോടെ പറയാറ്. മുടികെട്ട് തൊടുന്നത് ആ കാളിക്ക് ഇഷ്ടമല്ലത്രെ. ഈ രണ്ടു ഗൗരവ സ്വരൂപിണികളായ കാളിയമ്മമാരും എൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ്. ഞാനവരെ എന്നും  ഓർമ്മകളിൽ കൂടെ കൂട്ടി. 

2015ൽ കേരളത്തിലേക്ക് തിരിച്ചെത്തിയപ്പോൾ  ഈ കാളിയമ്മമാരെ കഥാപാത്രങ്ങളാക്കി ഒരു നാടകം ചെയ്യണമെന്ന് അതിയായി ആഗ്രഹിച്ചു.  'ലോകധർമ്മി'യിലെ ചന്ദ്രദാസൻ മാഷോട് ആണ് ഒരു നാടകം ചെയ്താലോ എന്ന ആഗ്രഹം പറയുന്നത്. സോളോ നാടകം എന്നായിരുന്നു തുടക്കത്തിൽ ഞാൻ ആലോചിച്ചിരുന്നത്. അവതരിപ്പിക്കാൻ തയ്യാറുള്ള ഒരു സംഘം കൂടെയുണ്ടെന്ന അറിവിൽ എഴുതുമ്പോൾ നാടകപാഠത്തിന് കൂടുതൽ വ്യക്തതയുണ്ടാവും. 'ലോകധർമ്മി' നൽകിയ പിന്തുണയിൽ നിന്നാണ് 'കാളി നാടകം' ഉണ്ടാവുന്നത്. ചന്ദ്രദാസൻ മാഷുമായി നടത്തിയ ദീർഘമായ ചർച്ചകൾ എഴുത്തിനു ഊർജമായി. ഞാൻ ഏറ്റവും സന്തോഷത്തോടെ ഇടപ്പെട്ട നാടക സംവിധായകനാണ് ചന്ദ്രദാസൻ മാഷ്. 

Sajitha Madathil
ചന്ദ്രദാസനും ഗായകനായ മിഥുലേഷിനും ഒപ്പം 

ജിഷ എന്ന ലോ കോളജ് വിദ്യാർത്ഥിനി ക്രൂരമായി ബലാൽസംഗത്തിനിരയായതും കൊലചെയ്യപ്പെട്ടതും ഈ കാലത്താണ്. ആ സംഭവം എന്നെയും വല്ലാതെ ഉലച്ചു, എൻ്റെ എഴുത്തിൻ്റെ ദിശതന്നെ മാറ്റി. ഒരു ക്ഷേത്രത്തിൽ നടക്കുന്ന കാളി നാടകമെന്ന അനുഷ്ഠാനവുമായി ഇഴചേർത്തുകൊണ്ട് ഈ ദാരുണ സംഭവം എങ്ങനെ കൊണ്ടു വരാം എന്നതായി പിന്നെ എൻ്റെ ചിന്ത.

ഇതിലെ ദാരികൻ കെട്ടിയ വേഷക്കാരൻ അവളെ കൊന്ന പ്രമാണിയാണ്. കാളി വേഷം കെട്ടിയവൾ അവളുടെ കൊലപാതകത്തിൽ സമരമുഖത്തു നിന്നവളും. കാളി കലിബാധിച്ച് ഇവിടെ യഥാർത്ഥത്തിൽ കൊന്നത് ദാരികനെയാണോ? അതോ ദാരിക വേഷം കെട്ടിയവനെയാണോ? കാളിയുടെ കലി അടക്കാൻ ആരാണ് ശ്രമിക്കുന്നത്? കാളി കലി അടക്കുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു  നാടകത്തിൻ്റെ ഉൾക്കാമ്പ്.

ഓഡിഷൻ വഴിയായിരുന്നു കലാകാരന്മാരെ തിരഞ്ഞെടുത്തത്. പല ഘട്ടങ്ങളായി ഒരു മാസത്തിലധികം നീണ്ടു നിന്ന ക്യാമ്പിലൂടെ നാടകം വളർന്നു. ഒന്നിൽ നിന്ന് ആരംഭിച്ചത്  പതിനേഴ് അഭിനേതാക്കളായി മാറി.

നാരായണക്കുറുപ്പ് ആശാന്റെ മുടിയേറ്റ് കളരിയും, പട്ടണം റഷീദിന്റെ മേക്കപ്പ് ഡിസൈനും, ശോഭ മേനോൻ്റെ കോസ്റ്റ്യൂം ഡിസൈനും, നമ്മെ വിട്ടുപോയ പ്രിയപ്പെട്ട സംഗീതജ്ഞൻ പാരീസ് ചന്ദ്രന്റെ സംഗീത സംവിധാനവും രശ്മി സതീഷ്, മിഥുലേഷ്, ദേവിക എന്നിവരുടെ ആലാപനവും, കാമിയോ ശ്രീകാന്തിന്റെ ലൈറ്റ് ഡിസൈനും, പ്രിയപ്പെട്ട ചന്ദ്രദാസൻ മാഷിന്റെ സംവിധാനവും ഒത്തുചേർന്നു കാളി നാടകം അരങ്ങിലെത്തി.

Sajitha Madathil
കാളി നാടകത്തിന്റെ അണിയറപ്രവർത്തകർ 

കേരളത്തിലെ  പ്രഗൽഭരായ അഭിനേതാക്കളോടൊപ്പം അഭിനയിക്കാൻ കിട്ടിയ അവസരം കൂടിയായിരുന്നു എനിക്കത്. ഗോപൻ മങ്ങാട്, സുധി പാനൂർ, ജയചന്ദ്രൻ തകഴി, സെൽവരാജ്, അജി തിരുവാങ്കുളം, സുമേഷ് ചിറ്റൂരാൻ ,മനോജ് ഭാനു, രശ്മി സതീഷ്, ചാതുരി, ദേവിക, അഖില, പ്രിയ ശ്രീജിത്ത്, നസറുദീൻ,അനുഗ്രഹ പോൾ, മിഥുലേഷ് , രാഹുൽ ശ്രീനിവാസൻ, വിഷ്ണു, കലാമണ്ഡലം ശരത്, ഗോവിന്ദ് നമ്പ്യാർ എന്നിവർക്കൊപ്പം ഗംഭീരമായ മേക്കപ്പ് കലാമണ്ഡലം വൈശാഖും ലൈറ്റ് എക്സിക്യൂഷൻ ജോളി ആൻറണിയും നിർവ്വഹിച്ചു. ലോകധർമ്മിയുടെ സെക്രട്ടറി കൂടിയായ ഷാജി ജോസഫ് ടീം ഊർജമായി കൂടെ നിന്നു. 

ആദ്യ അവതരണത്തിനായി ഫോര്‍ട്ട്‌ കൊച്ചിയിലെ പെപ്പർ ഹൗസിലെ വേദിയിലേക്ക് പോകും മുമ്പെ രാവിലെ ഞാൻ  പോയത് ആശുപത്രിയിലേക്ക് ആയിരുന്നു.  പനി പിടിച്ച് തളർന്നിരുന്ന ശരീരത്തിന് താൽക്കാലിക ആശ്വാസത്തിനായി പോയി ഡ്രിപ് എടുത്തു. പതിഞ്ഞ താളത്തിൽ ആരംഭിച്ച അവതരണങ്ങൾ  ദിവസം തോറും മെച്ചപ്പെട്ടു വന്നു.  തുടർന്ന് എൻഎസ്‌ ടി യുടെ നോർത്ത് ഈസ്റ്റ് നാടക ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് ഞങ്ങൾക്ക് അവസരം ലഭിച്ചു. ഓരോ അവതരണത്തിലും നാടകം കൂടുതൽ ശക്തമായിക്കൊണ്ടിരുന്നു.  

ജീവിതത്തിലെന്ന പോലെ അരങ്ങിലും എന്തും അപ്രതീക്ഷിതമായി സംഭവിക്കാം. ഗുവാഹത്തിയിലെ അരങ്ങിൽ കാളിനാടകം ആരംഭിക്കുമ്പോൾ അടുത്ത നിമിഷങ്ങളിൽ എന്നെ കാത്തു നിൽക്കുന്നതെന്താണെന്ന് എനിക്കറിയില്ലായിരുന്നു. മുൻപിലുണ്ടായിരുന്നത് നല്ല രസികൻ സദസ്സാണ്. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലെ സുഹൃത്തുക്കളൊക്കെയുണ്ട്. എന്നാൽ നാടകപ്രിയരായ നാട്ടുകാരാണ് ഏറെയും.

കാളി അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. അരങ്ങിൽ കാളിയും സംഘവും എഴുന്നള്ളുകയാണ്.   അവതരണത്തിന്റെ ഒരു വേളയിൽ പീഠത്തിൽനിന്നു അലറി എടുത്ത് ചാടുന്ന കാളിയുണ്ട്. അത് പതിവുള്ളതാണ്. കഥാപാത്രത്തിൻമേലുള്ള അതീവ ശ്രദ്ധ നാടകത്തിന്റെ ശ്വാസമാണെങ്കിലും കാളിക്ക് അതിലേറെ സ്വാതന്ത്ര്യമുണ്ട്.

Sajitha Madathil
കാളി നാടകത്തിൽ നിന്നും

കാളിയുടെ ചാട്ടം സമസ്ത ഊർജത്തോടെയുമാണ്. പക്ഷെ നേരത്തെ പറഞ്ഞതു പോലെ അപ്രതീക്ഷിതമായ എന്തും സ്റ്റേജിൽ സംഭവിക്കാം. ചാട്ടം പിഴച്ചു. അത് എൻ്റെ ചെറിയ ശ്രദ്ധയില്ലായ്മയായി കാണാനാണ് എനിക്കിഷ്ടം. കാളി നിലത്തേക്ക്,  വേദനയാൽ വീണടിഞ്ഞുപോയെന്ന് എഴുതിയാൽ അതിൽ ലേശവും അതിശയോക്തിയില്ല. എഴുന്നേൽക്കാനാവുമെന്നു കരുതിയതല്ല.

ആ വീഴ്ചയിൽ കിടന്ന് സദസ്സിനോട് കൈ ഉയർത്തി അഞ്ച് മിനിറ്റ് തരൂ എന്ന് അഭ്യർത്ഥിച്ചത് എനിക്കോർമയുണ്ട്. സഹ അഭിനേതാക്കൾ കോരിയെടുത്ത് എന്നെ വേദിക്കു പിന്നിലെത്തിച്ചു. സദസ്സിൽ ഡോക്ടർമാരുണ്ടായിരുന്നു. അവരോടിയെത്തി. കാലിലെ ലിഗ്മെന്റ് തകരാറാവാം എന്നവർ അഭിപ്രായപ്പെട്ടു.  നാടകം പാതിവഴിയിൽ നിർത്തുക തന്നെ. മാഷ് ഏകദേശം തീരുമാനമെടുത്തു. പക്ഷേ അതു പൂർണമാക്കണമെന്ന കാര്യത്തിൽ എനിക്കൊട്ടും സംശയമുണ്ടായിരുന്നില്ല. ഞാൻ തന്നെയാണ് നാടകം തുടരണമെന്ന തീരുമാനമെടുത്തത്.

അത്യുച്ചത്തിലുള്ള അലർച്ചയോടെ കാളി വീണ്ടും വേദിയിലേക്കു പ്രവേശിച്ചു.  അരങ്ങാകെ ആടിയോടിപ്പെരുകുന്ന കാളിയെ പീഠത്തിൽ ഇരുത്തി. അത്യധികം  വേദന സഹിച്ച്, സഹ അഭിനേതാക്കളുടെ കൈകളിൽ താങ്ങി, കാളിയുടെ അവസാനരംഗപ്രവേശവും കഴിഞ്ഞപ്പോഴേക്കും ഞാൻ വീണുപോയി. തണുപ്പിനെ തുളച്ച് കയ്യടികൾ കൊണ്ട് ഹാൾ നിറഞ്ഞു.

പിന്നെ ആശുപത്രി,  കാലിനെ വരിഞ്ഞുമുറുക്കി കെട്ടിയ ക്യാപ്,  തിരിച്ചുപോരാൻ പറ്റില്ലല്ലോ, നാടകം ചെയ്തേ പറ്റൂ. നോർത്ത് ഈസ്റ്റിലെ വേറെയും വേദികൾ ഞങ്ങളെ കാത്തിരിക്കുകയാണ്. അങ്ങനെയാണ് നൊന്തും നീറിയും ആരുംകാണാതെ കരഞ്ഞും എന്റെ ഗാങ്ടോക് യാത്ര.

അവിടെ ഒരാളോടും കാളിവേഷക്കാരിയുടെ വയ്യായ്കയെക്കുറിച്ച് ചന്ദ്രദാസൻ മാഷ് പറഞ്ഞില്ല. മാഷ് നാടകത്തെ, കാളിയുടെ വരവിനെ, മാറ്റി ഡിസൈൻ ചെയ്തു. കാളിയെ ഒരൊറ്റ ഇരിപ്പ് ഇരുത്തി നാടകത്തെ മാറ്റിപ്പണിതു. ഓടിനടന്ന കാളി ഇരുന്നുകൊണ്ട് കൽപിച്ചു, അലറി വിളിച്ചു. നാടകം  തീർന്നപ്പോൾ കാളിയുടെ ‘കാലക്കേടി’നെക്കുറിച്ച് മാഷ് സദസ്സിനോടു പറഞ്ഞു.

Sajitha Madathil
കാളി നാടകത്തിൽ സജിത 

അവിശ്വസനീയതയോടെ  കാണികൾ ഓടിവന്നു. കാളിയെ തൊഴുതു. മുഖത്തെ ചായം തൊട്ടെടുത്തു. കൊല്ലുന്ന വേദന ആ സ്നേഹത്തിൽ ഞാൻ കടിച്ചിറക്കി.  ഒന്നാം നിലയിലാണ്  മിക്കവാറും കിടക്കമുറികളൊക്കെയും. വീൽച്ചെയറിലിരുത്തിയാണ് സുഹൃത്തുക്കൾ എന്നെ എടുത്തുകയറ്റിയത്. ചെറിയ പടവുകളെ, അതിന്റെ ഇത്തിരിപ്പൊക്കത്തെ, ഞാൻ പേടിച്ചു തുടങ്ങി. 

വയ്യാത്ത കാലുമായാണ് ഞാൻ കേരളത്തിലേക്കു തിരികെ വരുന്നത്. അതിനിടയിൽ  വളയത്ത്  വീണ്ടും 'കാളി നാടകം' കളിക്കാൻ വിളി വന്നു.  ഡോക്ടറെ കാണാൻ പോയപ്പോൾ ശസ്ത്രക്രിയ അല്ലാതെ മറ്റുവഴിയില്ല എന്ന് പറഞ്ഞു. കാലുറപ്പിച്ച് ഒരിഞ്ച് നടക്കരുതെന്ന് കർശനമായി ഡോക്ടർ പറഞ്ഞതോടെ  നാടകസംഘം ആശങ്കയിലായി.  ഡോ. പ്രതാപിന്റെ അടുത്തേക്ക് ശോഭ മേനോൻ എന്നെ കൊണ്ടു പോകുന്നത് അങ്ങിനെയാണ്. ശോഭയാണ് എൻ്റെ പാർട്ണർ  ഇന്‍ ക്രൈം. ആ വൈദ്യൻ ഈ രോഗി ഇച്‌ഛിച്ചത് തന്നെ പറഞ്ഞു: "പെർഫോം ചെയ്തോളൂ, പക്ഷേ വല്ലാതെ ചാടുകയും ഓടുകയുമൊന്നും വേണ്ട..."

ആ വാക്കുകളുടെ ഊർജപ്രസരണമേറ്റ് ഞാൻ നടപ്പിനു വേഗം കൂട്ടി, ഡയലോഗുകൾ പറഞ്ഞു, കോഴിക്കോടുവരെ യാത്ര ചെയ്ത് നാടകം കളിക്കാനായി.  ഇതും അഭിനയമല്ലേയെന്ന് ചന്ദ്രദാസൻ മാഷും കൂട്ടുകാരും കളിയാക്കുന്നുണ്ടായിരുന്നു. 

തിരിച്ചുവരുമ്പോൾ അമ്മയെ പോയി കണ്ടു. എൻ്റെ കാളിയാട്ടം കണ്ടു പേടിച്ച് എണ്ണയുമായി ഓടുന്ന ചിന്നമ്മു  അമ്മയുടെ ഓർമ്മയിൽ നിന്ന് മങ്ങി തുടങ്ങിയിരുന്നു. പിന്നെ തിരുവനന്തപുരത്ത് പിആർഡി ഒരുക്കിയ വേദിയിൽ. കാലിനെ കത്തിയിൽ നിന്നു രക്ഷിച്ചെടുത്തൊരു ഉഷാറിൽ ഞാനങ്ങനെ പായുകയാണ്. ഞങ്ങൾ കഴിഞ്ഞ വർഷവും കാളി നാടകം അരങ്ങേറി.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ ഇരുപതോളം സ്റ്റേജുകളിൽ ഞങ്ങൾ കാളി നാടകം അവതരിപ്പിച്ചു.പക്ഷെ അമ്മയ്ക്കായി കോഴിക്കോട്ട് 'കാളിനാടകം' അരങ്ങേറ്റണമെന്ന മോഹം മാത്രം ബാക്കിയായി...

Sajitha Madathil
'കാലൊടിഞ്ഞ കാളിയും' സഹപ്രവർത്തകരും

ഗോപൻ്റെയും സുധിയുടെയും, ശോഭയുടെയും, അനുഗ്രഹയുടെയും, പ്രിയയുടെയും കരുതൽ ആ കാലൊടിഞ്ഞ അഭിനയകാലത്ത് വലിയ താങ്ങായി. 'കാളി നാടക' സംഘം പിരിഞ്ഞു പോകാതെ ഇന്നും ചുറ്റും തന്നെയുണ്ട്.  അവരാണ് എൻ്റെ ജീവിതത്തിൻ്റെ ധൈര്യം. എന്നും മിണ്ടിയും, വഴക്കടിച്ചും, മറ്റൊരു നാടകത്തിനായി സ്വപ്നം കണ്ടും, നേട്ടങ്ങളിൽ പരസ്പരം അഭിനന്ദിച്ചും, വീഴ്ചകളിൽ കൈ പിടിച്ചും ഒന്നിച്ചു നിൽക്കുന്നവർ.

നാടക തിരക്ക് ഒഴിഞ്ഞപ്പോൾ കാലിൻ്റെ അവസ്ഥ കൂടുതൽ മോശമായി എന്നു മനസ്സിലായി. ഞാൻ ഒരേ കിടപ്പിൽ വീണ്ടും കിടന്നു, ആഴ്ചകളോളം.   ആ കാലത്ത് സുവർണ്ണ എന്ന എൻ്റെ കൂട്ടുകാരിയുടെ വീടായിരുന്നു അഭയം.  രോഗാവസ്ഥയിൽ  അവൾ നൽകിയ കരുതൽ ഒരിക്കലും മറക്കാനാവില്ല. സ്വന്തമായ ഒരിടം വേണമെന്ന തോന്നൽ ഉണ്ടായി തുടങ്ങിയ കാലം.

ആ കിടപ്പിൽ കിടന്നാണ് ഞാൻ എൻ്റെ നിർത്താതെയുള്ള, സ്വസ്ഥതയില്ലാത്ത, ജീവിതയാത്രയെ വിലയിരുത്തുന്നത്.  

"സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ. ഇരിക്കണമോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ് " എന്നു പറഞ്ഞ് കാളിക്ക് ഇറങ്ങി നടന്നേ പറ്റൂ എന്ന് തിരിച്ചറിഞ്ഞ കാലം.

-തുടരും

സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം: 

Memories Sajitha Madathil Memoirs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: