/indian-express-malayalam/media/media_files/D3u5TXUGQBod4PF1aEcl.jpg)
The Life and Work of Sajitha Madathil-Last Chapter 28
ഞാനെൻ്റെ ഇപ്പോഴത്തെ ജീവിതത്തിൻറെ ഭാരരാഹിത്യത്തിൽ ഏറെ സന്തോഷവതിയാണ്. ജീവിതത്തിൽ വലിയ ഭാരങ്ങളൊന്നുമില്ലാതെ, സന്തോഷമുള്ള കാര്യങ്ങൾ ചെയ്ത്, മുന്നോട്ട് പോകണം എന്നതാണ് എൻ്റെ ആഗ്രഹം.
ഞാനിന്ന് ജീവിക്കുന്ന ഈ ഫ്ളാറ്റാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇടം. അതുകൊണ്ട് ഇവിടം എപ്പോഴും ഒരുക്കി വയ്ക്കാൻ ഞാനിഷ്ടപ്പെടുന്നു. എനിക്കിവിടെ ഒറ്റക്കിരിക്കാൻ യാതൊരു പ്രയാസവുമില്ല. രാവിലെ എഴുന്നേറ്റ് ഫ്രഞ്ച് പ്രസ്സ് കോഫി മഗ്ഗിലേക്ക് ഒഴിച്ച്, ഒരു മേറി ബിസ്ക്കറ്റ് കടിച്ച് നിശബ്ദമായി തുടങ്ങുന്ന ദിവസങ്ങളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.
ഏറെ കാലമായി മാറ്റി വെച്ചിരുന്ന പിഎച്ച്ഡി പൂർത്തിയാക്കി എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ വലിയ സന്തോഷം. ആർക്കൈവിങ്ങ് ഡോക്യുമെൻ്റേഷൻ മേഖലയിൽ ഇന്ത്യയിലും വിദേശത്തും ഞാൻ ഏറെ പണികൾ ചെയ്തിട്ടുണ്ടെങ്കിലും കേരളത്തിൽ അതിനുള്ള സാധ്യതകൾ കുറവാണ്.
/indian-express-malayalam/media/post_attachments/42e120a5e7170e0e84ac47cecc284691239eee641795b11a52b9d41576f8cc6b.webp)
കേരളത്തിലെ പെൺചരിത്രത്തെ മുൻനിർത്തി ഒരു വിഷ്വൽ ചരിത്രം തയ്യാറാക്കാൻ എന്നോട് കേരളീയത്തിൻ്റെ ഭാഗമായി ആവശ്യപ്പെട്ടപ്പോൾ വലിയ സന്തോഷം തോന്നി. ഞാൻ കണ്ട ചില എക്സിബിഷനുകളും, സന്ദർശിച്ച മ്യൂസിയങ്ങളുമാണ് ഇത്തരമൊരു ക്യുറേഷൻ ചെയ്യുവാൻ തീരുമാനിച്ചപ്പോൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്.
ഓസ്ട്രേലിയയിലെ മെൽബണിനടുത്തുള്ള ചെറുനഗരമായ വാറാനാംബൂളിൽ കണ്ട 'കപ്പൽ തകർച്ചയുടെ മ്യൂസിയം' എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതുവരെ ഞാൻ കണ്ടിരുന്നവയിൽ നിന്ന് ഏറെ വ്യത്യസ്തമായൊരു കാഴ്ചാനുഭവമായിരുന്നു അത്.
വിക്ടോറിയൻ 'ഗോൾഡ് റഷിൻ്റെ' കാലത്ത് (1850) പ്രധാന പോർട്ടായിരുന്നു ഈ സ്ഥലം. യൂറോപ്പിൽ നിന്നും കൂട്ടമായി മനുഷ്യർ ഇവിടെ സ്വർണ്ണം തേടിയെത്തിയത്രെ! അവരുടെ സ്വപ്നങ്ങൾ പലതും ഈ തീരത്ത് അവർ യാത്ര ചെയ്തു വന്ന കപ്പലിനൊപ്പം തകർന്നടിഞ്ഞു പോയി! അതിൻ്റെ വീണ്ടെടുപ്പാണ് ആ മ്യൂസിയം.
അവിടെ തകർന്നതായി അറിയപ്പെടുന്ന 200 കപ്പലുകളിൽ നിന്നു കണ്ടെത്തിയ ഒട്ടേറെ വസ്തുക്കൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്! ഓരോന്നിനും ഒരോ കഥ പറയാനുണ്ട്. നമ്മെ അത് വേദനിപ്പിക്കുകയും അതോടൊപ്പം മനുഷ്യൻ്റെ ഇഛാശക്തിയെ കുറിച്ച് ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുകയും ചെയ്യും.
ഞാനതുവരെ പരിചയപ്പെട്ടിരുന്ന മ്യൂസിയ സങ്കൽപ്പത്തെ ആ പ്രദർശനം മാറ്റിയെടുത്തു. സ്ത്രീ മാസികകളെക്കുറിച്ചുള്ള മറ്റൊരു ഗംഭീര പ്രദർശനവും അക്കാലത്തു ഞാൻ കണ്ടിരുന്നു.
/indian-express-malayalam/media/post_attachments/ccea623f171c6c5c32cfe11c143c715bbf6ead752fccfb00c5f8edae551b1df0.webp)
അവർ ഉപയോഗിച്ച വിഷ്വൽ പാറ്റേണിൽ മലയാളി സ്ത്രീയുടെ ചരിത്രവും പ്രതിരോധങ്ങളും പ്രതിനിധാനങ്ങളും അവതരിപ്പിക്കപ്പെടുന്ന ഒരു എക്സിബിഷൻ എന്നതായിരുന്നു 'പെൺ കാലങ്ങൾ' എന്ന് പേരിട്ട എക്സിബിഷൻ ഏറ്റെടുക്കുമ്പോൾ എൻ്റെ മനസ്സിൽ ഉണ്ടായിരുന്ന ഭ്രാന്തൻ ചിന്ത.
മലയാളി സ്ത്രീ ചരിത്രത്തെ, പുതിയ കാലത്തെ സ്ത്രീ ജീവിതത്തെ വെറും ഒരു മാസത്തെ തയ്യാറെടുപ്പിൽ ദൃശ്യവൽക്കരിക്കുക എന്നത് ഈ പ്രദർശനത്തിൻ്റെ ക്യുറേറ്റർ എന്ന നിലയിൽ എനിക്ക് വലിയ വെല്ലുവിളിയായിരുന്നു.
ചെറിയ ബഡ്ജറ്റ്, സമയ കുറവ്, ലഭ്യമായ വിഷ്വൽ ആർക്കൈവ്സ് കളുടെ കുറവ്, ഡോക്യുമെൻ്റേഷൻ്റെ അഭാവം എന്നിവ ഈ എക്സിബിഷന്റെ സ്വഭാവത്തെ ഏറെ പരിമിതപ്പെടുത്തുമെന്ന് പതുക്കെ ഞാൻ മനസ്സിലാക്കി തുടങ്ങി. ഒരു മാസമാണ് ഉള്ളത്.
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനായിരുന്നു നോഡൽ ഏജൻസി. അവിടുത്തെ മുഴുവൻ സ്റ്റാഫും ഈ എക്സിബിഷൻ്റെ വിജയത്തിനായി പ്രവർത്തിച്ചു. ഗോകുൽ കൃഷ്ണയായിരുന്നു രാവും പകലുമില്ലാതെ വിവരശേഖരണത്തിൽ എന്നോടോപ്പം പ്രവൃത്തിച്ചത്. വീഡിയോ കണ്ടൻ്റുകൾ ഗൗതം എ ജിയും തയ്യാറാക്കാൻ സഹായിച്ചു. അവരുടെ ചുറുചുറുക്ക് ആ ദിവസങ്ങളെ സന്തോഷപ്രദമാക്കി.
വനിതാ വികസന കോർപ്പറേഷന്‍റെ ചെയർപേഴ്സൺ റോസക്കുട്ടി ടീച്ചറുടെയും, എം.ഡി ബിന്ദു വി.സിയുടെയും ആവേശഭരിതമായ പിന്തുണ സർക്കാർ ഓഫീസ് രീതികളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു.
മാത്രവുമല്ല പ്രിയപ്പെട്ട ടി. എ. ഉഷാകുമാരി ടീച്ചർ, ഡോ. ടി. കെ. ആനന്ദി, സുജ സൂസൻ ജോർജ്ജ്, വിധു വിൻസന്റ് എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയും നിരന്തര പിന്തുണ നൽകി. അവരുടെ ഇടപെടലുകൾ ഈ എക്സിബിഷൻ്റെ സ്വഭാവത്തെ ഏറെ ഗൗരവമായി തന്നെ നിർണ്ണയിച്ചു.
മലയാളി സ്ത്രീ ജീവിതത്തെ അവരുടെ ചരിത്രത്തെ, സംഭാവനകളെ, പ്രതിഷേധങ്ങളെ, പോരാട്ടങ്ങളെ, അതിജീവനങ്ങളെ രേഖപ്പെടുത്താനുള്ള ശ്രമമായിരുന്നു വെങ്കിലും നിലവിൽ ലഭ്യമായ വസ്തുതകൾ വെച്ചു കൊണ്ടാണ് ഇത് ഒരുക്കാൻ ശ്രമിച്ചത് എന്നത് വലിയ പരിമിതിയായിരുന്നു.
ഒട്ടേറെ വിവരങ്ങൾ ഇനിയും ഇതിൻ്റെ ഭാഗമാകേണ്ടതുണ്ടായിരുന്നു. വിട്ടു പോയ പ്രധാന വ്യക്തികളും സംഭവങ്ങളുമുണ്ടായിരുന്നു. പരാമർശിക്കേണ്ട സംഭവങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള ദൃശ്യമോ അല്ലാത്തതോ ആയ രേഖകൾ പലതും ലഭ്യവുമായിരുന്നില്ല. ആ അർത്ഥത്തിൽ ഇത് പൂർണ്ണമായ രേഖപ്പെടുത്തലുമായിരുന്നില്ല. അതിലേക്കുള്ള ഒരു ചെറിയ ചുവടുവെപ്പ് മാത്രമായിരുന്നു ഇത്.
കേരളീയത്തിൽ ഈ പെണ്ണിടം ഏറെ പ്രശംസ ഏറ്റുവാങ്ങി. പെണ്ണാഘോഷത്തിൻ്റെ ഇടമായിരുന്നു 'പെൺ കാലങ്ങൾ.' കേരളത്തിൽ സ്ത്രീ ജീവിതത്തെ കുറിച്ചുള്ള ഒരു സ്ഥിരം എക്സിബിഷൻ എന്ന് സാധ്യമാവുമെന്ന് എന്നറിയില്ല.
സംഗീത നാടക അക്കാദമിയിലെ ജോലി രാജി വെച്ച് കേരളത്തിൽ വന്നപ്പോൾ ഇവിടുത്തെ സമ്പന്നമായ നാടൻ കലാരൂപങ്ങളുടെ വിശദമായ ഡോകുമെൻ്റേഷൻ ഉണ്ടാക്കിയെടുക്കണമെന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. നഷ്ടമായി കൊണ്ടിരിക്കുന്ന നാടൻ കലാരൂപങ്ങൾക്ക് ഓൺലൈൻ ആർക്കൈവ് ഉണ്ടാക്കാനായുള്ള ജോലികളും ആരംഭിച്ചിരുന്നു.
കലാരൂപങ്ങളുടെ വീഡിയോ, അവയുടെ ചരിത്രം, പ്രധാന കലാകാരന്മാരുടെ ഇൻറർവ്യൂ, കലാസംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാം ചേർത്ത് ആട്ടക്കളം എന്ന വെബ് സൈറ്റ് രൂപപ്പെടുത്തിയിരുന്നു. എന്നാൽ തുടർന്ന് കൊണ്ടുപോകാനുള്ള സാമ്പത്തികമായ പിന്തുണ ലഭിച്ചില്ല.
നാടൻ കലാകാരന്മാർക്ക് അവതരണങ്ങൾ ലഭിക്കാനുള്ള ഓൺലൈൻ പബ്ലിസിറ്റി എന്ന കാഴ്ചപ്പാടോടെ, പുറത്തു നിന്നുള്ള ഗവേഷകർക്കു കൂടി വേണ്ടി മനസ്സിലാവുന്ന തരത്തിൽ ഇംഗ്ലീഷ് ഭാഷയിലായിരുന്നു ആട്ടക്കളം തയ്യാറാക്കിയത്.
കേരളത്തിൽ ഗൗരവപ്പെട്ട രീതിയിലുള്ള ആർക്കൈവിങ്ങ് ഈ രംഗത്ത് ഇല്ലാ എന്നു തന്നെ പറയേണ്ടി വരും. ഏതായാലും കുറെ വർഷങ്ങളുടെ നിശ്ശബ്ദതക്ക് ശേഷം ഇപ്പോഴത് മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള ചില ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അഭിനയവും എഴുത്തും എന്ന പോലെ എനിക്ക് പ്രിയപ്പെട്ടതാണ് ഈ ക്യുറേഷൻ ജോലികളും. പക്ഷെ അതിനുള്ള ഇടങ്ങൾ കേരളത്തിൽ കുറവാണെന്നു മാത്രം.
/indian-express-malayalam/media/post_attachments/a3f0310b4ac56e1d0e4fc3e4fe6c9bea1bf2fa04a7b9fba9d6ed511ed200b67c.webp)
ഇത്തരം പല ജോലികൾക്കിടയിൽ ഭാവിയിലേക്ക് ഉള്ള സാമ്പത്തിക കരുതൽ എന്നത് അടുത്ത കാലം വരെ എൻ്റെ വിദൂരചിന്തകളിൽ പോലും ഉണ്ടായിരുന്നില്ല. അമ്മയുടെ ശീലമാണ് എനിക്ക് കിട്ടിയിരുന്നത്. സ്വന്തമായ സമ്പാദ്യം എന്നത് സ്ത്രീകള്‍ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യമാണിത്.
ഈ തവണ മകൻ ജോലി സ്ഥലത്തേക്ക് യാത്ര പറയും മുമ്പ് പറഞ്ഞു. അമ്മ കുറെ കൂടി കാര്യങ്ങൾ ഒറ്റക്കു ചെയ്യാൻ പഠിക്കണം. സ്വന്തമായി സിനിമക്ക് പോണം, ഒറ്റക്ക് ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാൻ പഠിക്കണം എന്നൊക്കെ.
ഞാനവനെ കണ്ണുരുട്ടി പുച്ഛത്തോടെ നോക്കി. 'എന്നോടോ ബാലാ!' എന്ന മട്ടിൽ! ലോകത്തിൻ്റെ പല ഭാഗങ്ങളിൽ ഒറ്റക്ക് ഞാൻ യാത്ര ചെയ്തിട്ടുണ്ട്, താമസിച്ചിട്ടുണ്ട്. പക്ഷേ, ചില കാര്യങ്ങൾ ചെയ്യാൻ എനിക്ക് കൂട്ടു വേണം. അത് ഒറ്റക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്തതു കൊണ്ടല്ല, കൂട്ടു വേണം എന്ന ആഗ്രഹം കൊണ്ടാണ്.
ഒറ്റക്ക് ജീവിച്ച അമ്മ എപ്പോഴും എൻ്റെ മുമ്പിലുണ്ട്. അവരും അകം കൊണ്ട് വേദനിച്ചിരിക്കും. എനിക്കിപ്പോഴത് മനസ്സിലാവും. മനുഷ്യർ കൂട്ടായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ തന്നെയാണ്.
സൗത്ത് ആഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ വെച്ച് ഞങ്ങളുടെ തീയേറ്റർ സംഘത്തിൻ്റെ മാനേജറായിരുന്ന നിക്കിൻ്റെ അമ്മയെ ഈ കാലത്ത് ഞാൻ ഇടയ്ക്ക് ഓർക്കാറുണ്ട്. അവർക്കന്നു അമ്പതു വയസ്സ് കഴിഞ്ഞിരിക്കും. അധികം ബഹളമൊന്നുമില്ലാത്ത, നല്ല സന്തോഷം പ്രസരിപ്പിക്കുന്ന സ്ത്രീ. അവരുമായി സംസാരിക്കുന്നത് എനിക്കിഷ്ടമായിരുന്നു. മകനെ കാണാൻ എത്തിയതായിരുന്നു അവർ.
പോകുന്നതിന് മുമ്പ് ഒരു ദിവസം അവരെന്നോട് പറഞ്ഞു, "ഞാൻ നിക്കിൻ്റെ അച്ഛനെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചു." എന്ന്. ആ പ്രായത്തിൽ എന്തിന് ഡിവോഴ്സ് എന്നായിരുന്നു എൻ്റെ മനസ്സിലുദിച്ച ആദ്യത്തെ ചോദ്യം. ഞാനത് മറ്റൊരു രീതിയിൽ അവരോട് ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു. അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഞങ്ങൾ ഇരുപത്തിയഞ്ചു വർഷം മുമ്പ് ഒന്നിച്ചു ഒരു യാത്ര പുറപ്പെട്ടു. ആദ്യകാലങ്ങളിൽ ഞങ്ങൾക്കിടയിൽ കുറെ കാര്യങ്ങളുണ്ടായിരുന്നു. പിന്നെ ഞങ്ങൾ പുറത്തേക്ക് മാത്രം നോക്കി-പരസ്പരം നോക്കാൻ പോലും തോന്നാത്ത രീതിയിൽ. പിന്നീട് അതിന് പല കാരണങ്ങൾ ഞങ്ങൾ കണ്ടെത്തി, പരസ്പരo കുറ്റപ്പെടുത്താനും ശിക്ഷിക്കാനും തുടങ്ങി. ഇപ്പോൾ തീരുമാനിച്ചു ഇനി മുന്നോട്ടുള്ള യാത്ര രണ്ടു കപ്പലിലാവാമെന്ന്," അവർ പറഞ്ഞു നിർത്തി. വീണ്ടും ചിരിച്ചു.
എനിക്ക് എന്തോ അത് കേട്ട് കരച്ചിൽ വന്നു. അവർ ഓർമ്മക്കായി എനിക്കൊരു തൊപ്പി സമ്മാനിച്ചിരുന്നു.. ഈ സംഭാഷണം ഞാൻ കേൾക്കുന്നത് ഇരുപത് വർഷങ്ങൾ മുൻപാണ്. എനിക്ക് അന്നതൊന്നും മനസ്സിലാവില്ലായിരുന്നു. ഇന്നെനിക്കത് പൂർണ്ണമായും മനസ്സിലാവും, അവരവരുടെ ശരികളും ബോധ്യങ്ങളുമായി ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതാണ് ശരി എന്ന്.
/indian-express-malayalam/media/post_attachments/b7c4175d6ccfeaa4b3ec53200dac3a1907631a24f0d08833cffe80af78a2bdfe.jpg)
നിക്കിന് അച്ഛനും അമ്മയും പ്രിയപ്പെട്ടവരാണ്. അമ്മ കടന്നു പോയ വയലൻസും അവനറിയാം. അവന് ആ തീരുമാനത്തിൽ അഭിപ്രായവ്യത്യാസമോ ദുഃഖമോ ഇല്ലായിരുന്നു. അച്ഛൻ്റെയും അമ്മയുടെയും വഴക്കിലും പ്രശ്നങ്ങളിലും പെട്ട് അവൻ കഷ്ടപ്പെട്ടിരുന്നില്ല. പരസ്പരമുള്ള വിഴുപ്പലക്കാൻ ഉള്ള ഇടം കുട്ടികളല്ല എന്നു മനസ്സിലാക്കാനുള്ള തിരിച്ചറിവ് ആ രക്ഷിതാക്കൾക്ക് ഉണ്ടായിരുന്നു എന്നതായിരുന്നു അവൻ്റെ ഭാഗ്യം.
ഇതൊരു ആത്മകഥയല്ല. ഞാൻ നടന്ന കലയുടെയും ജീവിതത്തിൻറെയും തെളിവഴികളെയും ഇരുൾവഴികളെയും കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളാണ്. എൻ്റെ ഓർമ്മകൾക്കു നടുവിൽ നിൽക്കുന്നത് എൻ്റെ ജീവിതമാണ് മറ്റാരുടെതുമല്ല.
"തന്നിഷ്ടക്കാരി," "കാമമോഹിനി," "മോശം മാതാവ്," എന്നീ ആൺകാഴ്ചയുടെ വിശേഷണങ്ങൾ ഞാനും ഏറെ കേട്ടിട്ടുണ്ട്. നേരത്തെ അത്തരം പരാമർശങ്ങൾ എന്നെ തളർത്തിയിരുന്നു. ഇന്ന് അവയൊന്നും ചെറുതായിട്ടു പോലും അസ്വസ്ഥപ്പെടുത്തുന്നില്ല.
പ്രകാശ ചിന്തുകൾ നിറം പകർന്ന എത്രയോ ഇടങ്ങൾ എൻ്റെ ഓർമ്മകളിലുണ്ട്. അതു മതി മുന്നോട്ട് പോകുവാൻ. വീണ് മുറിവേറ്റ് ചോരവാർന്ന എത്ര മറ്റിടങ്ങൾ ഉണ്ടെന്ന് ചോദിക്കുമായിരിക്കും. ഉണ്ട്... പക്ഷെ, എനിക്കുറപ്പുണ്ട്, എല്ലാ മുറിവുകളും ഉണങ്ങും. ചോര കിനിയുന്ന ഓർമ്മകൾ പോലും പൂക്കളായി വിടരും...
സംഘർഷത്തിൻ്റെയും, കാലുഷ്യത്തിൻ്റെയും ലോകം എൻ്റെതല്ല. സ്വസ്ഥതയുടെയും, സമാധാനത്തിൻ്റെയും ചെറിയ ജീവിതം എൻ്റെ മുമ്പിമുണ്ട്. അവിടെ തമാശ പറയാനും ചിരിക്കാനും മനസ്സു തുറന്ന് ആഘോഷിക്കാനും ആണ് ഞാനിനി ആഗ്രഹിക്കുന്നത്.
ഈ ചെറിയ പെൺജീവിതത്തിനൊപ്പം യാത്ര ചെയ്ത നിങ്ങൾക്ക് നന്ദി.
'മുറിവുണങ്ങിയ ഓർമ്മകളിലൂടെ' ഇവിടെ അവസാനിക്കുന്നു.
സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം:
- അധ്യായം 1: മുറിവുണങ്ങിയ ഓർമ്മകളിലൂടെ
- അധ്യായം 2: ഇല്ലി പൊട്ടിയ കുടകൾ
- അധ്യായം 3: വല്യമുത്തശ്ശൻ കിടപ്പിലായ കഥ
- അധ്യായം 4: മതിലുകളില്ലാത്ത മാളികപറമ്പ്
- അധ്യായം 5: പ്രണയം, രതി, വിദ്വേഷം
- അധ്യായം 6: പതുപതുത്ത നെറ്റിയുള്ള വെളിച്ചപ്പാട്
- അധ്യായം 7: സ്വപ്നം നൃത്തം ചെയ്യുമ്പോൾ
- അധ്യായം 8: 'അയ്യോ തൊട്ടഭിനയിക്കാൻ വയ്യ!'
- അധ്യായം 9: കടും നിറങ്ങൾ ഒഴിഞ്ഞ കാലം
- അധ്യായം 10: "അവളുടെ ശരിയല്ലാത്ത പോക്ക്!"
- അധ്യായം 11: പുരോഗമന ചിന്താഗതിക്കാരൻ്റെ ജീവിത പങ്കാളിപട്ടം!
- അധ്യായം 12: അവൾ അജിതയാവാൻ നടക്ക്വാ?
- അധ്യായം 13: മാവോസേതുങ്ങിന്റെ നാട്ടില് കള്ളന്മാരില്ലെന്ന്!
- അധ്യായം 14: നാടകം ചെയ്താ പോരെ, പഠിക്കണോ?
- അധ്യായം 15: കാദംബരി ദേവിയുടെ താക്കൂർ ബാരി, ടാഗോറിന്റെയും!
- അധ്യായം 16: നാടകങ്ങൾ പൂത്ത ആ പെൺകാലം!
- അധ്യായം 17: എൻ്റെ കരളു പറിച്ചിട്ടല്ലേടാ നീ പോയത്?
- അധ്യായം 18: സൗത്ത് ആഫ്രിക്കൻ അരങ്ങിലെ മത്സ്യഗന്ധി
- അധ്യായം 19: ചിരുതയും ഞാനും
- അധ്യായം 20: പെണ്ണുങ്ങൾക്ക് പറ്റിയ പണി ചെയ്താൽ പോരേ? നാടകമെഴുതണോ?
- അധ്യായം 21: സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ, ഇരിക്കണമോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്!
- അധ്യായം 22: കണ്ണിൽ നിറഞ്ഞ വെളുത്ത കാർമേഘങ്ങൾ
- അധ്യായം 23: പൂക്കൾക്കു നിറങ്ങൾ വീണ്ടുകിട്ടിയപ്പോൾ
- അധ്യായം 24: അമ്മയുടെ മരണം സമ്മാനിച്ച ശൂന്യത
- അധ്യായം 25: സിനിമയുടെ ഷട്ടർ ഉയരുമ്പോൾ
- അധ്യായം 26: എനിക്കവളും അവൾക്ക് ഞാനും തണലായ കാലം
- അധ്യായം 27: ചിന്നേടത്തിയും ജാന്വേടത്തിയും!
- മുറിവുണങ്ങിയ ഓർമ്മകളിലൂടെ, അവസാനഭാഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.