/indian-express-malayalam/media/media_files/vXdzEsPey020YUCXnr2H.jpg)
The Life and Work of Sajitha Madathil-Chapter 25
ചെറുപ്പത്തിൽ സിനിമ കാണണമെങ്കിൽ കല്ലായിലോ, മാങ്കാവിലോ പോകണം. ടൗണിൽ പോയി സിനിമ കാണുന്നത് ആഡംബരമാണ്, അപൂർവ്വമായി മാത്രം സംഭവിക്കുന്നത്. ഞാൻ അക്കാലത്ത് കണ്ട സിനിമകൾ മിക്കവാറും കല്ലായിയിലെ ലക്ഷ്മി ടാക്കീസിൽ നിന്നാണ്. ഇന്ന് ആ ടാക്കീസ് ഇല്ല എന്നാണ് തോന്നുന്നത്.
മൂന്നു തരം ടിക്കറ്റായിരുന്നു ഉണ്ടായിരുന്നത്. തറ ടിക്കറ്റുകാർക്കൊപ്പമിരുന്നാണ് എൻ്റെ കൂട്ടുകാരൻ വേണു സിനിമ കാണാറ്. അവൻ്റെ അമ്മ പപ്പടമുണ്ടാക്കിയാണ് ജീവിതം കഴിച്ചിരുന്നത്. എല്ലാ സിനിമക്കും അവൻ പോകും. സിനിമാ പോസ്റ്റർ നോക്കി അടുത്ത പടത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കും. സ്വന്തം വീട്ടിലെ എന്ന പോലെ നസീറിൻ്റെയും ഷീലയുടെയും അടക്കമുള്ള വിവരങ്ങൾ അവൻ ശബ്ദം കുറച്ച് രഹസ്യമെന്ന പോലെ പറയും. 'ആരോമലുണ്ണി,' 'പോസ്റ്റുമാനെ കാണാനില്ല,' 'പണിതീരാത്ത വീട്,' 'പൊന്നാപുരം കോട്ട' തുടങ്ങിയ ഒട്ടേറെ സിനിമകളുടെ പേരുകൾ അവൻ പറഞ്ഞാണ് ഞാൻ ആദ്യം കേട്ടത്.
'നഖങ്ങൾ' എന്ന സിനിമയുടെ കഥയൊന്നും ഓർമ്മ വരുന്നില്ലെങ്കിലും നീണ്ട വിരലുകൾ കുറെ കാലം എൻ്റെ പേടി സ്വപ്നമായിരുന്നു. അനുവേട്ടനും ആനന്ദേട്ടനും വെളിച്ചം കുറഞ്ഞ വരാന്തയിലേക്ക് ചാടി വീണ് "നഖങ്ങൾ" എന്നു പറഞ്ഞ് പേടിപ്പിക്കുന്നതും ഞാൻ വീടു മുഴുവൻ ഓടിനടന്ന് കരയുന്നതും മറക്കാനാവില്ല.
എൻ്റെ വീട്ടിൽ സിനിമ ഭ്രാന്തന്മാരായ ആരും ഇല്ലായിരുന്നു. അപൂർവ്വമായി മാത്രം ഞങ്ങൾ കുട്ടികളെ സിനിമക്ക് കൊണ്ടുപോയി. മിക്കവാറും അമ്മാവന്മാർ ലീവിൽ വരുമ്പോൾ. അമ്മക്ക് സിനിമ കാണാൻ യാതൊരു താൽപര്യവും ഇല്ലായിരുന്നു. കൂട്ടുകാർക്കൊപ്പം സിനിമ കാണാൻ പോകുന്ന പതിവൊന്നും അന്ന് ഇല്ലായിരുന്നു. അതൊക്കെ മോശം കാര്യമായിട്ടായിരുന്നു ഞാൻ മനസ്സിലാക്കിയിരുന്നത്.
ഞാനാദ്യം കണ്ട സിനിമാ ഷൂട്ടിങ്ങ് ബാലചന്ദ്രമേനോൻ്റെ 'ഏപ്രിൽ 18' ആണ്. അദ്ദേഹം ക്യാമറയിലൂടെ നോക്കി ശബ്ദത്തിൽ എന്തൊക്കയോ പറയുന്നത് നല്ല ഓർമ്മയുണ്ട്.
ഞാൻ അമ്മ ഉണ്ടാക്കിയ വീട്ടിൽ നിന്ന് മാനാരിയിലൂടെ നടന്ന് തറവാട്ടിലേക്ക് പോകുമ്പോഴാണ് ഈ ആൾക്കൂട്ടം ശ്രദ്ധിക്കുന്നത്. ഞാനൊരിക്കലും ആ ക്യാമറക്കു മുമ്പിൽ നിൽക്കണമെന്ന് സ്വപ്നം കണ്ടിട്ടില്ല. കാരണം ആ ലോകത്തെ പറ്റി അതിൻ്റെ മാസ്മരികതയെ പറ്റി എനിക്കൊന്നും അറിയില്ലായിരുന്നു.
പിന്നീട് കോളേജിലെത്തിയപ്പോഴാണ് ഫിലിം സൊസൈറ്റി വഴി സിനിമകൾ കാണാൻ തുടങ്ങിയത്. ആദ്യത്തെ ഡോക്യുമെൻ്ററി ഫെസ്റ്റിവൽ കാണാൻ അമ്മയോട് വഴക്കടിച്ച് തിരുവനന്തപുരത്ത് പോയത് നല്ല ഓർമ്മയാണ്.
കൽക്കത്തയിലും ദില്ലിയിലും ഗോവയിലും ഐഎഫ്എഫ്ഐയിലും പിന്നീട് ഐഎഫ്എഫ്കെയിലും സിനിമകൾ കാണാൻ തുടങ്ങിയത് കാഴ്ചാചാനുഭവത്തെ ഏറെ സ്വാധീനിച്ചു. ചലച്ചിത്ര അക്കാദമി കാലമാണ് മലയാള സിനിമയിലെ അകവും പുറവും മനസ്സിലാക്കാൻ എനിക്കവസരം നൽകിയത്. ഒട്ടേറെ സിനിമാ പ്രവർത്തകരെ അക്കാലത്ത് പരിചയപ്പെട്ടു. ആ വ്യവസായത്തെക്കുറിച്ച് ധാരണ ലഭിക്കാനും ചലച്ചിത്ര അക്കാദമി കാലം സാധ്യമാക്കി.
കേരളത്തിൽ എത്തിയ ശേഷമാണ് തീയേറ്ററിൽ ഇറങ്ങുന്ന സിനിമകൾ കാണാനുള്ള അവസരവും സൗകര്യവും ലഭിക്കുന്നത്. ദില്ലിക്കാലത്ത് അപൂർവ്വമായി മാത്രമേ സിനിമകൾ കാണാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ സ്മിതാ പാട്ടീലും, ശബ്ന ആസ്മിയും, നസറുദീൻ ഷായും , ഓംപുരിയും എല്ലാം അതിനൊക്കെ മുൻപുതന്നെ എൻ്റെ പ്രിയപ്പെട്ടവരായിരുന്നു.
'ചരന്ദാസ് ചോർ,' 'ഭൂമിക,' 'ചക്ര,' 'മണ്ഡി,' 'അർദ്ധ സത്യ,' 'ചിദംബരം,' 'മിർച്ച് മസാല' എന്നീ സ്മിതാ പാട്ടീൽ പടങ്ങളിൽ മിക്കവാറും കണ്ടത് ദൂരദർശൻ വഴിയായിരുന്നു. 'അങ്കുർ,' 'അർത്ഥ്' എന്നീ സിനിമകൾ എന്നെ ശബ്ന ആസ്മിയുടെ അഭിനയത്തിൻ്റെ ആരാധികയാക്കി. അഭിനയത്തിൻ്റെ ബഞ്ച് മാർക്ക് മനസ്സിൽ നിശ്ചയിക്കുന്നത് ഇവരുടെയൊക്കെ സിനിമകൾ കണ്ടാണ്.
തീവ്രമായ താൽപര്യമാണ് എന്നെ നാടകത്തിലേക്ക് എത്തിച്ചതെങ്കിൽ, സിനിമ എന്നിലേക്ക് എത്തിപ്പെടുകയായിരുന്നു. ഞാനതിനു വേണ്ടി കഷ്ടപ്പെട്ടിട്ടില്ല എന്നതാണ് സത്യം.
ഞാനാദ്യമായി വിഷ്വൽ മീഡിയയിൽ വരുന്നത് മുടിത്തെയ്യം എന്ന നാടകം ദൂരദർശനു വേണ്ടി ചെയ്തപ്പോഴാണ്. അതു കണ്ടിട്ടാണ് പ്രിയപ്പെട്ട സംവിധായകൻ കെ.പി.കുമാരൻ ദൂരദർശനു വേണ്ടി സംവിധാനം ചെയ്ത കഥാപാത്രങ്ങൾ മുഹൂർത്തങ്ങൾ എന്ന ടി.വി സീരീസിൽ അഭിനയിക്കാനായി ക്ഷണിക്കുന്നത്. സുഭദ്രയുടെ കഥാപാത്രമായിരുന്നു ഞാൻ ആദ്യമായി ക്യാമറക്കു മുമ്പിൽ അഭിനയിച്ചത്.
ആദ്യത്തെ ഫീച്ചർ ഫിലിം അടൂർ ഗോപാലകൃഷ്ണൻ സാറിൻറെ പടമായിരുന്നു, 'നിഴൽക്കൂത്ത്.' എന്റെ സുഹൃത്തായ സജീവ് പിള്ളയാണ് ആ ചിത്രത്തിലേക്ക് വിളിക്കുന്നത്. ഒരൊറ്റ സീനിലെ ഉള്ളൂ, ഞാനും മോനും ഉണ്ടതിൽ. ഞങ്ങൾ രണ്ടുപേരും കൂടി ഒരു കുടിയിലേക്ക് കയറി വരുന്ന സീനാണത്.
പിന്നീട്, മണിലാൽ സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രം 'പച്ചക്കുതിര,' എം.ജി. ശശി സംവിധാനം ചെയ്ത 'ജാനകി', ഷെറിയുടെ 'ആദിമധ്യാന്തം', ശാലിനിയുടെ 'അകം' എന്നീ മുഴുനീള ഫീച്ചർ ചിത്രങ്ങളിലും സിബി ജോസ് ചാലിശ്ശേരിയുടെ 'തുരുത്ത്,' കെ.ജെ സിജു വിൻ്റെ 'ഇൻഡോർ' എന്നീ ഹ്രസ്വ ചിത്രങ്ങളിലും ഇക്കാലത്ത് അഭിനയിക്കുന്നുണ്ട്.
അഭിനയം പഠിച്ചിട്ടുള്ള ഒരാളെന്ന നിലയ്ക്ക് വിളിക്കുന്നതാണ്. അല്ലാതെ സിനിമ എന്റെ ഒരു മേഖലയാണെന്നോ എനിക്കവിടെ എന്തെങ്കിലും ചെയ്യാനുണ്ടെന്നോ ഒന്നും അക്കാലത്ത് തോന്നിയിട്ടില്ല.
/indian-express-malayalam/media/post_attachments/8969692b5ac90100b232ff6bda2bbafa71fa5443188eff8334b722135318d01a.webp)
ജോയ് മാത്യുവിനെ ആർട്സ് കോളേജ് കാലം മുതൽ അറിയാം. മാധവിക്കുട്ടി എഴുതിയ ഒരു നാടകം വായിക്കുന്നതിനായി ഞാൻ ജോയിയെ ഓൺലൈൻ വഴി പിന്നീട് ബന്ധപ്പെട്ടിരുന്നു. അന്ന് ജോയ് ഗൾഫിലാണ്. വരുമ്പോൾ കാണമെന്നും ഒരു കഥ പറയാനുണ്ടെന്നു പറയുന്നുണ്ടെങ്കിലും ഞാനത് ഫീച്ചർ ഫിലിമാണ് എന്നൊന്നും കരുതുന്നില്ല.
ജോയ് മാത്യു ആദ്യം കഥ പറയുമ്പോൾ ജോയിയുടെ മനസ്സിൽ ഇതൊരു വലിയ സിനിമ ആയിരുന്നില്ല. ഒരു ഷോർട്ട് ഫിലിം പോലെ ചെയ്യാം എന്നായിരുന്നു പ്ലാൻ. പതിയെ പതിയെ അതൊരു മുഴുനീള സിനിമയുടെ രൂപത്തിലേക്ക് മാറുകയായിരുന്നു. കഥയൊക്കെ നരേറ്റ് ചെയ്ത ശേഷമാണ് ആ കഥാപാത്രം ഞാൻ ചെയ്യണമെന്ന് പറയുന്നത്.
പ്രോജക്റ്റ് വലുതാവുന്ന കാര്യമൊക്കെ ഒരു സുഹൃത്തെന്ന രീതിയിൽ ജോയ് എന്നോട് പലപ്പോഴായി പറയുന്നുണ്ട്. പക്ഷേ അപ്പോഴും ഞാൻ തന്നെ വേണം അതിൽ അഭിനയിക്കാൻ എന്നൊന്നും എനിക്കില്ലായിരുന്നു.
ഇടയ്ക്ക് കോഴിക്കോട് പോയപ്പോൾ ഞാൻ ആ തോന്നൽ ജോയിയോട് പറയുക പോലും ചെയ്തു, 'എന്നെ വയ്ക്കരുത്' എന്ന്. കാരണം അന്ന് ശ്വേതാമേനോനും ലാൽ സാറുമൊക്കെ 'സാൾട്ട് ആൻഡ് പെപ്പറൊ'ക്കെ ചെയ്ത് തിളങ്ങി നിൽക്കുന്ന സമയമാണ്.
എനിക്കു തോന്നി അവരൊന്നിച്ചുള്ള കോമ്പിനേഷനാവും നന്നാവുക എന്ന്. പക്ഷേ ജോയ് എന്തുകൊണ്ടോ ഞാൻ തന്നെ മതി എന്നു തീരുമാനിച്ചു. ആ കഥാപാത്രത്തിന് എന്ത് സംഭവിക്കും എന്ന് ആർക്കും പെട്ടെന്ന് പിടികിട്ടരുത് എന്നുള്ളതുകൊണ്ട് പുതിയ ആള് മതിയെന്ന് ജോയി തീരുമാനിക്കുകയായിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി.
ഞാൻ ചലച്ചിത്ര അക്കാദമിയിൽ നിന്നും ലീവ് എടുത്തിട്ടാണ് അഭിനയിക്കുന്നത്. ആരോമൽ തിരുവനന്തപുരത്താണ് പഠിക്കുന്നത്. കുറെ ദിവസം മാറി നിൽക്കാൻ പ്രയാസമാണ്. അഭിനയിക്കുക എന്നത് എൻ്റെ മാത്രം താൽപര്യമാണ്. ജോലിയുടെ തിരക്കിനിടയിൽ ലീവെടുക്കുന്നതിൻ്റെ ടെൻഷനും ഉണ്ട്.
ലൊക്കേഷനിൽ ചെന്നപ്പോൾ രണ്ടു ദിവസം ഒരു പണിയുമില്ല എനിക്ക്. എന്നെ വിളിക്കുന്നുമില്ല. അവിടെ വേറെ എന്തോ ഷൂട്ട് നടക്കുകയാണ്. ഞാൻ മുറിയിൽ ഇരിക്കുകയാണ്. മനസ്സിന് യാതൊരു സമാധാനവുമില്ലാത്ത കാലം.
അവസാനം ഞാൻ സങ്കടപ്പെട്ടുകൊണ്ട് പറഞ്ഞു "ഞാൻ പോവുകയാണ്..." "എനിക്ക് വെറുതെ ഇരിക്കാൻ വയ്യ." എന്നൊക്കെ. ജോയിക്ക് പ്രാന്തായിട്ടുണ്ടാകും അന്ന് അതൊക്കെ കേട്ടപ്പോൾ. ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരും.
/indian-express-malayalam/media/post_attachments/caedadae0fc311a83fba6cf941c45ecb6d3ff0b129dd0313c268cecf7612672e.webp)
അങ്ങനെ ഒടുവിൽ എന്റെ സീനുകൾ ഷൂട്ട് ചെയ്യുന്ന ദിനം എത്തി. ആദ്യത്തെ ദിവസം മറക്കാൻ പറ്റില്ല, 'ഷട്ടറി'നുള്ളിലേക്ക് കയറുന്ന സീനായിരുന്നു അത്. എനിക്ക് അതിൻറെ ടെക്നിക്കൽ ആയിട്ടുള്ള കാര്യങ്ങൾ എന്തോ ശരിയാകുന്നില്ല.
നാടകം പോലെയല്ലല്ലോ സിനിമ. പറഞ്ഞുതരുന്ന കാര്യങ്ങളൊന്നും എനിക്ക് വർക്കാവുന്നില്ല. പത്തോ പന്ത്രണ്ടോ ടേക്ക് ഒക്കെ എടുക്കേണ്ടി വന്നു. എല്ലാം കുളമായെന്ന് ജോയ് വിചാരിച്ചു കാണും.
അതും അത്രയും അഭിനയശേഷിയുള്ള ആളുകൾ ചുറ്റുമുള്ളപ്പോൾ. ലാൽ സാറൊക്കെ സ്വാഭാവികമായും ഇറിറ്റേറ്റഡ് ആയി കാണും. എന്റെ കൂടെ അഭിനയിക്കുന്ന മറ്റൊരാൾ വിനയ് ഫോർട്ടാണ്. എല്ലാവർക്കും ആ ദിവസം ബുദ്ധിമുട്ടായി.
പിറ്റേദിവസം രാവിലെ ഞാൻ മാത്രമുള്ള സീനായിരുന്നു എടുത്തത്. അപ്പോഴേക്കും ഞാൻ നോർമലായി. ജോയിക്കും സമാധാനമായി. പിന്നെ എല്ലാം ട്രാക്കിലായി. റിഹേഴ്സൽ ചെയ്യുന്ന സമയത്ത് ലാൽ സാറിന്റെ പോർഷൻ ജോയ് ചെയ്യും.
എനിക്കൊരു കോൺഫിഡൻസ് വന്നാൽ പിന്നെ ടേക്കിലേക്ക് പോവും. അങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത്. പിന്നെ ലാൽ തന്നെ പറയാൻ തുടങ്ങി, എന്നെയും റിഹേഴ്സലിനു വിളിച്ചോളൂ എന്ന്.
അതൊരു നല്ല ബന്ധമായി. ഞങ്ങൾ മത്സരിച്ച് പണിയെടുത്തു. കൂടുതൽ മികച്ചതാക്കാൻ ഓരോരുത്തരും ശ്രമിച്ചു. അതിന്റെ ഫലവും ആ ചിത്രത്തിന് കിട്ടി. ഈ സിനിമ പുറത്തിറങ്ങും മുമ്പ് ഞാൻ ദില്ലിയിലേക്ക് തിരിച്ചുപോയിരുന്നു.
ഇടയ്ക്ക് ഡബ്ബിങ്ങിനൊക്കെ വന്നെങ്കിലും ഞാൻ പിന്നെ അവിടുത്തെ ജോലിയിൽ മുഴുകി. ഐ എഫ് എഫ് കെയ്ക്ക് സിനിമ സെലക്ട് ചെയ്യുമെന്ന യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. ചലച്ചിത്ര അക്കാദമിയിൽ നിന്നും പറഞ്ഞുവിട്ട ശേഷം വന്ന ആദ്യത്തെ ഫെസ്റ്റിവലാണ്.
അതുകൊണ്ടുതന്നെ ഐഎഫ്എഫ്കെയിൽ ചിത്രം പ്രദർശിച്ചപ്പോൾ കാണാൻ ഞാൻ പോയില്ല. ആരെയും കാണാനും മിണ്ടാനും ഒന്നും എനിക്ക് താല്പര്യമുണ്ടായില്ല. സത്യം പറഞ്ഞാൽ പേടിയായിരുന്നു എൻ്റെ അഭിനയത്തേയും സിനിമയേയും എങ്ങിനെ സ്വീകരിക്കപ്പെടുമെന്ന് .
ആദ്യത്തെ സ്ക്രീനിങ്ങ് കഴിഞ്ഞ് ഒട്ടേറെ പേർ വിളിച്ചു, അഭിനന്ദിച്ചു. അത് നൽകിയ ആശ്വാസം വലുതായിരുന്നു. ദുബായിലെ ഫിലിം ഫെസ്റ്റിവലിൽ 'ഷട്ടർ' പ്രദർശിപ്പിച്ചിരുന്നു. അതിനു ഞാൻ പോയി. ആദ്യമായിട്ട് ഷട്ടർ തീയേറ്ററിൽ കാണുന്നത് അവിടെ വെച്ചാണ്. വല്ലാത്ത അനുഭവമായിരുന്നു അത്. ജോയ് എന്നിൽ സമർപ്പിച്ച വിശ്വാസം ഞാൻ നഷ്ടമാക്കിയില്ല എന്ന തോന്നലിൽ ആശ്വാസവും തോന്നി.
ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപാണ് എനിക്ക് സംസ്ഥാന അവാർഡ് ലഭിക്കുന്നത്. അതൊന്നും ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. ഞാൻ ബാംഗ്ലൂർ ആയിരുന്നു ആ ദിവസം. ഇന്ത്യൻ ഫൗണ്ടേഷൻ ഓഫ് ആർട്ടിൻ്റെ ഗവേഷണ പ്രോജക്ടിൻ്റെ ഫൈനൽ പ്രസന്റേഷൻ കഴിഞ്ഞ് തിരിച്ച് എയർപോർട്ടിൽ എത്തിയപ്പോഴാണ് ചാനലുകളിൽ നിന്നൊക്കെ വിളിക്കുന്നത്.
ജീവിതത്തിലെ അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു അത്. സംഘർഷഭരിതമായ വ്യക്തി ജീവിതത്തിനിടയിലും ലഭിക്കുന്ന ചില അനുഗ്രഹങ്ങൾ. ജീവിതം പ്രതീക്ഷിക്കാത്ത പാതയിലേക്ക് യാത്രയാവുകയായിരുന്നു. ഞാൻ പോലും അറിയാതെ.
'ഷട്ടറി'ൽ അഭിനയിക്കുമ്പോഴും ഇനി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നുള്ള ചിന്തയൊന്നുമില്ലായിരുന്നു. സിനിമ അങ്ങനെയൊന്നും നമ്മളെ ബാധിക്കില്ല എന്നൊക്കെയാണ് അപ്പോഴും വിചാരം.
പക്ഷേ അതൊരു തെറ്റിദ്ധാരണയാണ്, സിനിമയിലൂടെ മാത്രം സാധ്യമാകുന്ന ഒരു അംഗീകാരം ഉണ്ട്. അത് നാടകത്തിൽ എത്രവർഷം പണിയെടുത്താലും കിട്ടില്ല. നാടകം എന്നെ സംബന്ധിച്ച് ഏറ്റവും വലിയ പാഷനാണ്, പക്ഷേ അംഗീകാരം, തിരിച്ചറിയപ്പെടുക എന്നതൊക്കെ വേറൊരു ഫീലിംഗ് ആണ്, അത് തന്നത് സിനിമയാണ്.
സിനിമ മറ്റൊരു ലോകത്തേക്ക് നടത്തിക്കും, നമ്മളത് ആസ്വദിക്കാൻ തുടങ്ങും. സൂക്ഷിച്ചില്ലെങ്കിൽ വലിയ അബദ്ധങ്ങളും സംഭവിക്കും. സിനിമ ഇനിയും ചെയ്യണം എന്ന് ആഗ്രഹിച്ചു തുടങ്ങും പതിയെ, അവസരങ്ങൾ വരാതിരിക്കുമ്പോൾ സങ്കടം വരും. ഇതിലൂടെയെല്ലാം ഇന്ന് ഞാനും കടന്നുപോവുന്നുണ്ട്.
സിനിമയുടെ ലോകം അങ്ങനെയാണ്, അത് നമ്മളെ കാന്തം പോലെ പിടിച്ചു വലിക്കും. അപ്പോൾ ഒരുപാട് ആഗ്രഹിച്ച് സിനിമയിലെത്തിയിട്ട് അവസരങ്ങളില്ലാതെ പോകുന്നവരുടെ വിഷമവും വിഷാദവുമൊക്കെ ആലോചിച്ചു നോക്കൂ.
സിനിമയിൽ നിന്നും പൂർണമായി മാറി നിൽക്കുമ്പോൾ അവരുടെ മനസ് അസ്വസ്ഥമാവും, അതുകൊണ്ടാണ് സിനിമ വിട്ടുപോയാലും പലരും വർഷങ്ങൾക്കു ശേഷം അവസരം കിട്ടുമ്പോൾ ഓടിയെത്തുന്നത്. മറ്റു പല കാര്യങ്ങളിലും കൂടി ഇടപെട്ട് നിൽക്കുന്നതു കൊണ്ടായിരിക്കാം ഒരു പരിധിയ്ക്കപ്പുറം അത്തരം വിഷമങ്ങളെന്നെ ബാധിക്കാത്തത്.
കാന്തിക ആകർഷണം എന്നു പറയുന്നത് കലയുടെ സ്വഭാവമാണ്, അത് നാടകമായാലും സിനിമ ആയാലും. സത്യം പറഞ്ഞാൽ നാടകത്തിനും അതേ കാന്തശക്തിയുണ്ട്. എനിക്ക് കുറെ കാലം നാടകം ചെയ്യുകയോ, എഴുതുകയോ ഒക്കെ ചെയ്യാതിരുന്നാൽ താങ്ങാനാവാത്ത മനോവ്യഥയുണ്ടാവും.
ഒരിക്കൽ നമ്മുടെ മനസ്സിൽ പ്രതിഷേധത്തിൻറെയും പ്രതിരോധത്തിൻറെയും കനലുകൾ വീണാൽ അത് നീറിനിൽക്കും. ഞാൻ സിനിമയിലെത്തിയപ്പോഴും അതുതന്നെ സംഭവിച്ചു.
ഒരു സഹപ്രവർത്തകയ്ക്ക് നേരെ ലൈംഗികാക്രമണമുണ്ടായപ്പോൾ മനസാക്ഷിയുള്ള മറ്റു പലരെയും എന്ന പോലെ എൻ്റെയും മനസ്സ് തീക്കനൽ പോലെ എരിഞ്ഞു കത്തിയാളുന്നത് ഞാൻ അറിഞ്ഞു. അതിൻറെ പൊള്ളലിലാണ് കുറച്ചു സ്ത്രീകൾ 'വിമൻ ഇൻ സിനിമാ കലക്ടീവ്' (ഡബ്ല്യുസിസി) എന്ന സംഘടനയുടെ രൂപീകരിക്കുന്നത്. അത് അങ്ങിനെ സംഭവിച്ചതാണ്.
ഡബ്ല്യുസിസിയുടെ ഭാഗമായതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. പല കാലങ്ങളിൽ വിവിധ സംഘടനകളിലും ഗ്രൂപ്പുകളിലും ഞാൻ പ്രവൃത്തിച്ചിട്ടുണ്ട്. എന്നാൽ തൊഴിലിടത്തെ വിവിധ ശ്രേണിയിലുള്ള സ്ത്രീകൾ ഒന്നിച്ച് തങ്ങളുടെ സഹപ്രവർത്തക്കു നേരെ നടന്ന ലൈംഗികാക്രമണത്തെ ചോദ്യം ചെയ്തുകൊണ്ട് മുന്നോട്ട് വരികയും അതിൻ്റെ തുടർച്ചയായി തൊഴിലിടത്തിലെ സ്ത്രീ വിരുദ്ധതക്കെതിരെ സംസാരിച്ചു തുടങ്ങുകയും ചെയ്ത ഈ യാത്ര എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.
തങ്ങൾ പറയുന്നതിലും ചെയ്യുന്നതിലും സ്ത്രീവിരുദ്ധതയുണ്ടെന്നും, തങ്ങളുടെ അനുകമ്പയിലല്ല സ്ത്രീകൾക്ക് ഇടം കിട്ടേണ്ടതെന്നും മനസ്സിലാക്കുന്നവരുടെ എണ്ണം കുറവായ ഒരിടത്ത് പണിയെടുക്കുക ഏറെ പ്രയാസമേറിയ കാര്യമാണ്.
2017ൽ ആരംഭിച്ച ഈ യാത്ര അതിൻ്റെ ഭാഗമായിരുന്ന സ്ത്രീകൾക്ക് ആർക്കും തന്നെ എളുപ്പമായിരുന്നില്ല. സിനിമാരംഗത്തെ ഉന്നത ശ്രേണിയിലുള്ള നേതാക്കൾ മുതൽ താഴെ തട്ടിലുള്ളവരുടെ വരെയുള്ള പരിഹാസങ്ങൾ സഹിച്ചു കൊണ്ട് തൊഴിലെടുക്കണം. എപ്പോഴും നിങ്ങൾ നിരീക്ഷണത്തിലായിരിക്കും, സംഘടനയുടെ പേരു പറഞ്ഞ് കളിയാക്കും. ഈ അനുഭവം ഇതു വരെയുള്ള മറ്റൊരു രാഷ്ട്രീയ, സാമൂഹിക പ്രവർത്തനത്തിലും ഞാനനുഭവിച്ചിട്ടില്ല.
ഇത് ചോദ്യം ചെയ്തവരുടെ തൊഴിവസരങ്ങൾ പതുക്കെ കുറഞ്ഞു. ചിലർ നിശ്ശബ്ദരായി മാറി നിന്ന് അതിജീവനത്തിനായി ശ്രമിച്ചു. ഏറെ സൈബർ അറ്റാക്കുകളിലൂടെ മിക്കവാറും അംഗങ്ങൾ കടന്നു പോയി.
വിഷമം പിടിച്ച കാലങ്ങളിലൂടെയാണ് കടന്നു പോയത്. ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. ഈ കൂട്ടായ്മയുടെ ഒരു പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് പഠിക്കാനും സ്വയം മാറാനും മാറ്റാനും , ഗൗരവതരമായ ശ്രമങ്ങളാണ്. അന്നും ഇന്നും ഈ ചെറിയ സംഘടനയുടെ സാന്നിദ്ധ്യം പലരേയും അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ അതിനർത്ഥം ഞങ്ങളുടെ ഇടപെടലുകൾക്ക് പ്രാധാന്യമുണ്ട് എന്നതാണല്ലോ.
നിശ്ശബ്ദമായും ചിലപ്പോൾ ഉറക്കെ പറഞ്ഞും ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്ത്രീ സിനിമാ സംഘടന ഇവിടെ തന്നെയുണ്ട്. കുറെ സ്ത്രീകൾ നേരിട്ടും പുറകിൽ നിന്നും പിന്തുണ നൽകി അത് വളർന്നുകൊണ്ടിരിക്കുക തന്നെയാണ്.
/indian-express-malayalam/media/post_attachments/1b26f04173bc37a58f2b79854b7182e7098240fd53c93276da1342f3c4dedab3.webp)
കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ നാല്പതോളം സിനിമകൾ, ഒത്തിരി നല്ല കഥാപാത്രങ്ങൾ എല്ലാം ചെയ്തു. രണ്ടു സിനിമകളുടെ സ്ക്രിപ്റ്റ് തയ്യാറാക്കി. 'ഷട്ടറി'ലെ തങ്കത്തെ പോലെ, 'ആണ്' എന്ന പേരിൽ ഞാനെഴുതി സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്ത സിനിമയിലെ സുധർമ്മയും എനിക്ക് പ്രിയപ്പെട്ടതാണ്.
ലഭിക്കാതെ പോയ വേഷങ്ങളെ കുറിച്ച് ദുഃഖമൊന്നുമില്ല. ആരൊക്കെ തടയാൻ ശ്രമിച്ചാലും എനിക്കും ഇവിടെ ഒരിടമുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
-തുടരും
സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ' ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം:
- അധ്യായം 1: മുറിവുണങ്ങിയ ഓർമ്മകളിലൂടെ
- അധ്യായം 2: ഇല്ലി പൊട്ടിയ കുടകൾ
- അധ്യായം 3: വല്യമുത്തശ്ശൻ കിടപ്പിലായ കഥ
- അധ്യായം 4: മതിലുകളില്ലാത്ത മാളികപറമ്പ്
- അധ്യായം 5: പ്രണയം, രതി, വിദ്വേഷം
- അധ്യായം 6: പതുപതുത്ത നെറ്റിയുള്ള വെളിച്ചപ്പാട്
- അധ്യായം 7: സ്വപ്നം നൃത്തം ചെയ്യുമ്പോൾ
- അധ്യായം 8: 'അയ്യോ തൊട്ടഭിനയിക്കാൻ വയ്യ!'
- അധ്യായം 9: കടും നിറങ്ങൾ ഒഴിഞ്ഞ കാലം
- അധ്യായം 10: "അവളുടെ ശരിയല്ലാത്ത പോക്ക്!"
- അധ്യായം 11: പുരോഗമന ചിന്താഗതിക്കാരൻ്റെ ജീവിത പങ്കാളിപട്ടം!
- അധ്യായം 12: അവൾ അജിതയാവാൻ നടക്ക്വാ?
- അധ്യായം 13: മാവോസേതുങ്ങിന്റെ നാട്ടില് കള്ളന്മാരില്ലെന്ന്!
- അധ്യായം 14: നാടകം ചെയ്താ പോരെ, പഠിക്കണോ?
- അധ്യായം 15: കാദംബരി ദേവിയുടെ താക്കൂർ ബാരി, ടാഗോറിന്റെയും!
- അധ്യായം 16: നാടകങ്ങൾ പൂത്ത ആ പെൺകാലം!
- അധ്യായം 17: എൻ്റെ കരളു പറിച്ചിട്ടല്ലേടാ നീ പോയത്?
- അധ്യായം 18: സൗത്ത് ആഫ്രിക്കൻ അരങ്ങിലെ മത്സ്യഗന്ധി
- അധ്യായം 19: ചിരുതയും ഞാനും
- അധ്യായം 20: പെണ്ണുങ്ങൾക്ക് പറ്റിയ പണി ചെയ്താൽ പോരേ? നാടകമെഴുതണോ?
- അധ്യായം 21: സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ, ഇരിക്കണമോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്!
- അധ്യായം 22: കണ്ണിൽ നിറഞ്ഞ വെളുത്ത കാർമേഘങ്ങൾ
- അധ്യായം 23: പൂക്കൾക്കു നിറങ്ങൾ വീണ്ടുകിട്ടിയപ്പോൾ
- അധ്യായം 24: അമ്മയുടെ മരണം സമ്മാനിച്ച ശൂന്യത
- അധ്യായം 25: സിനിമയുടെ ഷട്ടർ ഉയരുമ്പോൾ
- അധ്യായം 26: എനിക്കവളും അവൾക്ക് ഞാനും തണലായ കാലം
- അധ്യായം 27: ചിന്നേടത്തിയും ജാന്വേടത്തിയും!
- മുറിവുണങ്ങിയ ഓർമ്മകളിലൂടെ, അവസാനഭാഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us