/indian-express-malayalam/media/media_files/9nb4nPe35qgJ9u69S3yJ.jpg)
The Life and Work of Sajitha Madathil-Chapter 11
മുഖംമൂടിയണിയാനാവാത്തതിനാല്‍, മനസ്സിനെയും ജീവിതത്തെയും രൂപപ്പെടുത്തിയ ആശയങ്ങളെ ഉപേക്ഷിക്കാനാവാത്തതിനാല്‍, വഴക്കടിച്ചും വഴിപിരിഞ്ഞും ജീവിക്കേണ്ടിവരുന്ന സ്ത്രീ-പുരുഷന്മാരുടെ ഒരു തലമുറ കൂടിയായി ഞങ്ങളുടേത്.
പതിവു സ്ത്രീ ജീവിതം മാറ്റിമറിക്കണമെന്ന് ആഗ്രഹമുണ്ട്. ഇതുപോലെയല്ല ജീവിക്കേണ്ടത് എന്ന ബോധ്യമുണ്ട്. എനിക്ക് വിവാഹമൊന്നും വേണ്ട, പത്തു മുപ്പതു വയസ്സായിട്ട് ഞാൻ വേണമെങ്കിൽ കല്യാണം കഴിച്ചോളാം എന്ന് പറയാൻ സ്പേസ് ഇല്ല. ഒറ്റയ്ക്ക് ഒരു സ്ത്രീ സന്തോഷമായി ജീവിക്കുന്നത് കണ്ടിട്ടില്ല. അല്ലെങ്കിൽ ഒറ്റയ്ക്കു ജീവിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പറയുന്നവരെ കണ്ടിട്ടില്ല. അങ്ങിനെ ജീവിച്ചു നോക്കണമെന്നു ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ധൈര്യമില്ല.(എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ ഉള്ള ധൈര്യം കിട്ടിയത് എൻറെ അമ്പതാമത്തെ വയസ്സിലാണ്).
പുതിയ വിവാഹ സങ്കൽപ്പങ്ങൾ മനസ്സിലാക്കി തരുന്ന പുരോഗമന സാഹിത്യങ്ങളാണ് പിന്നെ നമ്മുടെ മുമ്പിലുള്ളത്. പുരോഗമന ചിന്താഗതിക്കാരനായുള്ള ബന്ധമാണ് പുരോഗമന നാടകങ്ങളിൽ സ്ത്രീയെ പുരോഗമന ചിന്താഗതിക്കാരിയാക്കുന്നത്. എല്ലാറ്റിലും പുരോഗമനചിന്തയുള്ള , വേറിട്ട വ്യക്തിത്വവുമുള്ള ഒരു പുരുഷൻ ഉണ്ടാവും.
അയാളെ പ്രേമിക്കുന്ന വിവാഹം കഴിക്കാൻ കാംക്ഷിക്കുന്ന ഒരു സ്ത്രീ കഥാപാത്രവും. ഈ പുരോഗമന പുരുഷനെ വിവാഹം കഴിക്കുന്നതിലൂടെ സ്ത്രീയും ഒരു പുരോഗമനവാദിയാവുന്നു എന്നാണ് സങ്കൽപ്പം.
അതിന് സാധിക്കാതെ വന്നാൽ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ' മാല പോലും കരയും വേദനിക്കും. അഥവാ ഇത്തരം വിവാഹം നടന്നാൽ പിന്നീട് അവൾക്ക് എന്തു സംഭവിക്കും? കഥയിൽ ചോദ്യമില്ല. (തുടക്കത്തിൽ പുരോഗമനയിടങ്ങളിലേക്ക് ചില മീറ്റിംഗിനൊക്കെ അവളെ കൊണ്ടുപോവുന്നുണ്ടാവുമായിരിക്കും. എന്നാൽ കുട്ടികളൊക്കെ ആകുന്നതോടു കൂടി സ്വാഭാവികമായും അവളിലെ പുരോഗമന ചിന്താഗതിക്കാരിയുടെ അസ്തമനമായി).
മനസ്സുകൊണ്ട് പരമ്പരാഗതമായ കാര്യങ്ങളിൽ നിന്നെല്ലാം മാറി നിൽക്കണം എന്ന് വിചാരിക്കുന്ന ഒരു കൂട്ടം പെണ്ണുങ്ങൾ ഉണ്ടായിരുന്നു ആ സമയത്ത്. പക്ഷേ, എങ്ങോട്ടാണ് പോവേണ്ടതെന്നോ, എങ്ങനെ അതു സാധ്യമാക്കാൻ കഴിയും എന്നോ പൂർണ്ണമായും അറിയില്ല. കുറെ പേര് വിചാരിക്കുന്നത് മേൽപറഞ്ഞ പോലെ പുരോഗമന ചിന്താഗതിക്കാരനെ വിവാഹം കഴിക്കുന്നതിലൂടെ നമ്മൾക്കിത് പരിഹരിക്കാൻ പറ്റും എന്നാണ്. അങ്ങനെ പോയവരിൽ വലിയൊരു പങ്ക് ആളുകളും പിന്നീട് പാരമ്പര്യ ചിട്ടകൾ നിർണയിക്കുന്ന ബന്ധങ്ങളിൽ പെട്ട് തലതല്ലി.
സ്ത്രീ-പുരുഷ സമത്വ ചിന്തകളെ കുറിച്ചൊന്നും അറിയില്ലെങ്കിൽ വളരെ 'സുഖകരമായി' ഒരു ബന്ധത്തിൽ ജീവിക്കാൻ പറ്റുമായിരിക്കും. ഇതൊക്കെ തെറ്റാണ് എന്ന് അറിഞ്ഞുകൊണ്ട്, ഇതിൽ ശരിയില്ലായ്മ ഉണ്ടെന്ന് മനസ്സിലാക്കി കൊണ്ട്, അതേ കാര്യം ചെയ്യുന്നതാണ് യഥാർത്ഥത്തിൽ വേദനാജനകം.
സാധാരണ പോലെ ജാതകമൊക്കെ നോക്കി, കുടുബം കണ്ടെത്തി തരുന്ന കൊള്ളാവുന്ന ഒരു കുടുംബത്തിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥനെയോ ഡോക്ടറെയോ എഞ്ചിനീയറെയോ ഒക്കെ വിവാഹം കഴിച്ച്, കുട്ടികളുമൊക്കെയായി ഞാൻ ജീവിച്ച് പോയേനെ. അങ്ങനെയൊക്കെയാണ് സംഭവിച്ചിരുന്നതെങ്കിൽ ഒരു പക്ഷെ സാമ്പത്തിക സുരക്ഷ ഉണ്ടായേനെ. പക്ഷേ, അന്നൊന്നും സാമ്പത്തിക സുരക്ഷ എൻറെ ജീവിതത്തിലെ വലിയ ചിന്താവിഷയമായിരുന്നില്ല. അതൊന്നും എൻ്റെ ആലോചനയിൽ പോലുമുണ്ടായിരുന്നില്ല. പുതിയ സമൂഹത്തിനായി മുന്നോട്ട് പ്രവർത്തിക്കാനായിരുന്നു അന്നത്തെ തീരുമാനം.
പുരോഗമന ചിന്താഗതിക്കാരായ പുരുഷന്മാരും വളരെ പരമ്പരാഗതമായ പശ്ചാത്തലത്തിൽ നിന്നും വരുന്നവരാണ് എന്ന് നമുക്കറിയാം, അവർക്ക് കുടുബത്തിനകവും പുരോഗമനപരമാവണമെന്നും ജീവിതം മാറണമെന്നും ആഗ്രഹമുണ്ടാവാം. പക്ഷേ ചിന്തിക്കുന്ന സ്ത്രീകളെ അംഗീകരിക്കാൻ അവർക്ക് ഭയങ്കര പ്രയാസമാണ്.
പുരുഷന്മാർ ചില കംഫർട്ട് സോണിൽ നിന്നാണ് വരുന്നത്. ഏതു സാമ്പത്തിക ശ്രേണിയിൽ നിന്നാണെങ്കിലും അവർക്ക് കുടുബത്തിനകത്തും പുറത്തും പുരുഷനായതിനാൽ ലഭിക്കുന്ന ഒട്ടേറെ സൗകര്യങ്ങളുണ്ട്. "ചോറ് വിളമ്പ്," "മീൻ കറിയില്ലെ?" "വെള്ളം താ," എന്നൊക്കെ മിനിമം സ്വാഭാവികമായി ഉത്തരവിടാനുള്ള അവകാശമുണ്ട്.
ഈ പുതിയ സ്ത്രീ പുരുഷ ബന്ധത്തിൽ അവർക്ക് ഈ കംഫർട്ട് ആണ് നഷ്ടപ്പെടുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒട്ടും കംഫർട്ടബിൾ അല്ലാത്ത നിത്യ ജീവിതത്തിൽ ചില മാറ്റങ്ങൾ ഉണ്ടാവണമെന്നു കരുതിയാണ് അവർ വരുന്നതും അതിനു വേണ്ടിയാണ് പോരാടുന്നതും. പുതിയ സ്ത്രീ പുരുഷ ബന്ധങ്ങൾ തുടങ്ങുന്നത് ഈ തിരിച്ചറിവുകളോടെ ആണെങ്കിലും എല്ലാം പഴയതിലേക്ക് പതിയെ കൂപ്പുകുത്തും.
ജൈവികമായ മാറ്റം ഇവിടെ സംഭവിച്ചിരുന്നില്ല.ആ യാത്രയുടെ, അനുഭവങ്ങളുടെ, തിരിച്ചറിവുകളുടെ വേദനകളൊക്കെ ഞങ്ങളുടെ തലമുറ അനുഭവിച്ചു. പക്ഷേ അത് പുതിയ തലമുറയ്ക്ക് കുറച്ചുകൂടി സ്പേസ് ഒക്കെ ഉണ്ടാക്കിയെടുക്കാൻ കുറെയെങ്കിലും കാരണമായി.
ഈ കാലത്ത് ഞാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാതലത്തിലുള്ള കലാജാഥയിലൊക്കെ അഭിനയിക്കുന്നുണ്ട്. സ്ത്രീകൾക്ക് വേണ്ടി ഒരു സംഘവും ഞങ്ങൾ ജില്ലാതലത്തിൽ ഉണ്ടാക്കിയിരുന്നു. രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരുമ്പോഴും അതിലൂടെയെല്ലാം ഞാനെത്തിപ്പിടിക്കാനാഗ്രഹിച്ചത് എന്നെ ഏറെ ഭ്രമിപ്പിച്ച കലയുടെ ലോകം തന്നെയായിരുന്നു.
പരിഷത്ത് നാടകവർക്ക്ഷോപ്പിൽ നിന്നാണ് ഞാൻ നാടകത്തിൻ്റെ രാഷ്ട്രീയ സാധ്യതകൾ മനസ്സിലാക്കുന്നത്. പലരും പറഞ്ഞ് കേട്ടാണ് 'സമത'യുടെ നാടകക്യാമ്പിലേക്ക് ഞാനെത്തിച്ചേരുന്നത്.ടി.എ ഉഷാകുമാരി ടീച്ചറുടെ നേതൃത്വത്തില്‍ ആണ് 1987 ൽ കോലഴിയിൽ ഈ ക്യാമ്പ് സംഘടിപ്പിച്ചത്. ഞങ്ങൾ ഒരു സംഘം പെണ്‍കുട്ടികള്‍ പ്രഫ. ഗംഗാധരന്‍ മാഷുടെയും ഡോ എൻ.കെ ഗീത ടീച്ചറുടെയും മുന്‍കൈയില്‍ നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാനാരംഭിച്ചു. ഗീത ടീച്ചറായിരുന്നു ക്യാമ്പ് ഡയറക്ടർ .
എന്ത് ഗംഭീര ക്ലാസ്സുകളായിരുന്നു! പരിചിതമായ നാടകാനുഭവങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു അത്. ഒരു പക്ഷെ ഞാൻ പങ്കെടുത്ത ആദ്യത്തെ ഗൗരവപ്പെട്ട നാടക വർക്ക്ഷോപ്പായിരുന്നു കോലഴിയിൽ സംഭവിച്ചത്. ഇവിടെ ഞങ്ങൾ ഞങ്ങളെക്കുറിച്ചു തന്നെയാണ് പറയുന്നത്. അതിനുള്ള നാടകഭാഷ കണ്ടെത്തുകയാണ്.
രാവിലെ വ്യായാമത്തോടെ ആരംഭിക്കുന്ന ക്യാമ്പ് പത്തു ദിവസം നീണ്ടുനിന്നു. കുറെ മിടുക്കികളായ പെൺകുട്ടികൾ ഈ ക്യാമ്പിൻ്റെ ഭാഗമായിരുന്നു. സുജാതയും, വിനോബയും, അന്നയും , സജിതയും എല്ലാം സജീവമായി ഇന്നും ഓർമ്മയിലുണ്ട്. സി.എസ് ചന്ദ്രികയും അവസാന ദിവസങ്ങളിൽ എത്തിയിരുന്നു.
ഒരു സ്പോഞ്ച് പോലെ ആയിരുന്നു ഞാൻ അന്ന്. ചുറ്റുമുള്ള എല്ലാം മനസ്സിലേക്ക് വലിച്ചെടുത്തു. തിരിച്ച് വീട്ടിലെത്തിയപ്പോൾ സംഗതികൾ അത്ര സുഖകരമായിരുന്നില്ല. ഇത് എന്തിനുള്ള പുറപ്പാടാണ് എന്ന് അമ്മക്ക് മനസ്സിലായതേ ഇല്ല.
പരിഷത്ത് 1980-കളുടെ ആദ്യം തന്നെ ആരംഭിച്ച കലാജാഥകളുടേതില്‍ നിന്നു വ്യത്യസ്തമായി, കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന വനിതാ കലാജാഥ സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നത് അതിനകത്ത് ഏറെ സുഘടിതമായ സ്ത്രീപക്ഷ ചര്‍ച്ചകള്‍ പല തലങ്ങളിൽ നടന്നതുകൊണ്ടാണ്. പെൺകുട്ടികളെ ജാഥക്കു വേണ്ടി സംഘടിപ്പിക്കുക അക്കാലത്ത് അത്ര എളുപ്പമേ അല്ല.
പരിഷത്ത് കുടുബങ്ങളിൽ നിന്നും, പരിചയങ്ങളിൽ നിന്നും, ഒട്ടേറെ പെൺകുട്ടികൾ ആ കലാജാഥയുടെ ഭാഗമായി. സുജാതയും, സുഹറയും, രാജേശ്വരിയും, ഗീതയും തുടങ്ങി ഇരുപതോളം പേർ. തൃശ്ശൂരിൽ വെച്ചു നടന്ന ഇതിൻ്റെ നാടക രചനാചർച്ചകളിലൊക്കെ പങ്കെടുക്കുന്നുണ്ടെങ്കിലും പുതിയ ജോലിയിൽ കയറിയതിനാൽ ആ കലാജാഥയിൽ പങ്കെടുക്കാനായില്ല.
എങ്കിലും കോഴിക്കോട് അതിൻ്റെ സംഘാടകയായി നിൽക്കാൻ എനിക്ക് ആയി. യഥാർത്ഥത്തിൽ ആ ജാഥയിലൂടെ ഗംഭീരമായ ഇടപെടലായിരുന്നു അന്ന് കേരള സ്ത്രീ ജീവിതത്തിൽ പരിഷത്ത് നടത്തിയത്. എത്രയെത്ര ഇടങ്ങളിലാണ് ഈ സംഘം നാടകമവതരിപ്പിച്ചത്.
കരിവള്ളൂർ മുരളിയുടെയും, കെ. കെ കൃഷ്ണകുമാറിൻ്റെയും കവിതകൾ മറക്കാനാവാത്ത സംഗീത ശില്പങ്ങളായി മാറി. നാടകം ഗൗരവമായി പഠിക്കണമെന്ന തോന്നലുണ്ടാക്കിയത് ഈ അനുഭവങ്ങളാണ്. അഭിനയത്തിനപ്പുറം മറ്റെന്തെങ്കിലും ചെയ്യാൻ ഈ കലാജാഥകളിൽ സ്ത്രീകൾക്ക് ഇടം അന്നുണ്ടായിരുന്നില്ല.
ആൺ പ്രവർത്തകരാൽ സംരക്ഷിച്ചു കൊണ്ടു നടക്കുന്ന പെൺകൂട്ടമായിരുന്നു ആ നാടക സംഘം എന്നു പറഞ്ഞാൽ അത് അധികമാകില്ല. അതിന് എന്തെങ്കിലും കുഴപ്പമുള്ളതായി ആ പ്രവർത്തകർ അന്നും ഇന്നും കാണുന്നുമില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.
പത്തുമുപ്പതു വർഷങ്ങൾക്കു ശേഷം, ഞാൻ പരിഷത്തിനു വേണ്ടി 2023ൽ ഒരു നാടകമെഴുതി. പരിഷത്ത് പ്രവർത്തകരായ ജൂനയുടെയും, സരസ്വതി ചേച്ചിയുടെയും വിലാസിനിയുടെയും പഴയ പരിഷത്ത് സുഹൃത്തായ ജ്യോതി നാരായണൻ്റെയും കൂട്ടായ്മയിലായിരുന്നു ഞങ്ങൾ അത് ഒരുക്കൂട്ടിയത്. എന്തൊരു നല്ല അനുഭവമായിരുന്നു ആ കൂട്ടായ്മയിലൂടെ നാടകമെഴുതുക എന്നത്. ഞങ്ങൾ വീണ്ടും പഴയ കാര്യങ്ങൾ ഓർത്തെടുത്തു, കുറെ ചിരിച്ചു. സ്ത്രീ പ്രശ്നങ്ങളിൽ പ്രവർത്തകർ കാണിക്കുന്ന ഇരട്ടത്താപ്പുകൾ കണ്ട് പഴയതുപോലെ അത്ഭുതം കൂറി.
വിദ്യാഭ്യാസം, തൊഴിൽ എന്നിവയുടെ കണക്കിൽ കേരളത്തിലെ സ്ത്രീകൾ ഏറെ മുന്നിലാണെന്നു് പറയുമ്പോഴും ഇതിനൊന്നും സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ ഉള്ള സ്ത്രീ വിരുദ്ധത ഇല്ലാതാക്കാൻ സാധിക്കുന്നില്ല എന്ന പ്രശ്നം ചർച്ച ചെയ്യാനാണ് നാടകത്തിലൂടെ ഞങ്ങൾ ശ്രമിച്ചത്.
'ഷി ആർക്കൈവ്' എന്ന നാടകം അരുൺലാൽ ആയിരുന്നു സംവിധാനം ചെയ്തത്. ഇന്ദുലേഖ ജയരാജും വർക്കിയും ആയിരുന്നു അതിനായി റാപ്പ് സംഗീതമൊരുക്കിയത്. മുന്നൂറിലധികം കേന്ദ്രങ്ങളിൽ നാടകം വിജയകരമായി അവതരിപ്പിച്ചു കൊണ്ട് ഞാൻ പരിഷത്തിന് എൻ്റെ സ്നേഹം തിരിച്ചു നൽകി.
-തുടരും
സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം:
- അധ്യായം 1: മുറിവുണങ്ങിയ ഓർമ്മകളിലൂടെ
- അധ്യായം 2: ഇല്ലി പൊട്ടിയ കുടകൾ
- അധ്യായം 3: വല്യമുത്തശ്ശൻ കിടപ്പിലായ കഥ
- അധ്യായം 4: മതിലുകളില്ലാത്ത മാളികപറമ്പ്
- അധ്യായം 5: പ്രണയം, രതി, വിദ്വേഷം
- അധ്യായം 6: പതുപതുത്ത നെറ്റിയുള്ള വെളിച്ചപ്പാട്
- അധ്യായം 7: സ്വപ്നം നൃത്തം ചെയ്യുമ്പോൾ
- അധ്യായം 8: 'അയ്യോ തൊട്ടഭിനയിക്കാൻ വയ്യ!'
- അധ്യായം 9: കടും നിറങ്ങൾ ഒഴിഞ്ഞ കാലം
- അധ്യായം 10: "അവളുടെ ശരിയല്ലാത്ത പോക്ക്!"
- അധ്യായം 11: പുരോഗമന ചിന്താഗതിക്കാരൻ്റെ ജീവിത പങ്കാളിപട്ടം!
- അധ്യായം 12: അവൾ അജിതയാവാൻ നടക്ക്വാ?
- അധ്യായം 13: മാവോസേതുങ്ങിന്റെ നാട്ടില്‍ കള്ളന്മാരില്ലെന്ന്!
- അധ്യായം 14: നാടകം ചെയ്താ പോരെ, പഠിക്കണോ?
- അധ്യായം 15: കാദംബരി ദേവിയുടെ താക്കൂർ ബാരി, ടാഗോറിന്റെയും!
- അധ്യായം 16: നാടകങ്ങൾ പൂത്ത ആ പെൺകാലം!
- അധ്യായം 17: എൻ്റെ കരളു പറിച്ചിട്ടല്ലേടാ നീ പോയത്?
- അധ്യായം 18: സൗത്ത് ആഫ്രിക്കൻ അരങ്ങിലെ മത്സ്യഗന്ധി
- അധ്യായം 19: ചിരുതയും ഞാനും
- അധ്യായം 20: പെണ്ണുങ്ങൾക്ക് പറ്റിയ പണി ചെയ്താൽ പോരേ? നാടകമെഴുതണോ?
- അധ്യായം 21: സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ, ഇരിക്കണമോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്!
- അധ്യായം 22: കണ്ണിൽ നിറഞ്ഞ വെളുത്ത കാർമേഘങ്ങൾ
- അധ്യായം 23: പൂക്കൾക്കു നിറങ്ങൾ വീണ്ടുകിട്ടിയപ്പോൾ
- അധ്യായം 24: അമ്മയുടെ മരണം സമ്മാനിച്ച ശൂന്യത
- അധ്യായം 25: സിനിമയുടെ ഷട്ടർ ഉയരുമ്പോൾ
- അധ്യായം 26: എനിക്കവളും അവൾക്ക് ഞാനും തണലായ കാലം
- അധ്യായം 27: ചിന്നേടത്തിയും ജാന്വേടത്തിയും!
- മുറിവുണങ്ങിയ ഓർമ്മകളിലൂടെ, അവസാനഭാഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.