scorecardresearch

മുറിവുണങ്ങിയ ഓർമ്മകളിലൂടെ: അധ്യായം 1

പലകക്കട്ടിൽ പോലുള്ള എന്തിലോ എടുത്ത് കൊണ്ടു പോണം ആശുപത്രിയിലേക്ക് എത്തിക്കാൻ. അച്ഛനെയും കൊണ്ട് ആളുകൾ കുറേ ദൂരം ഓടി, പുത്തൻ തെരുവ് വരെ എത്തണമായിരിക്കും ആശുപത്രിയിലെത്താൻ. പക്ഷേ അപ്പോഴേക്കും അച്ഛൻ പോയിരുന്നു

പലകക്കട്ടിൽ പോലുള്ള എന്തിലോ എടുത്ത് കൊണ്ടു പോണം ആശുപത്രിയിലേക്ക് എത്തിക്കാൻ. അച്ഛനെയും കൊണ്ട് ആളുകൾ കുറേ ദൂരം ഓടി, പുത്തൻ തെരുവ് വരെ എത്തണമായിരിക്കും ആശുപത്രിയിലെത്താൻ. പക്ഷേ അപ്പോഴേക്കും അച്ഛൻ പോയിരുന്നു

author-image
Sajitha Madathil
New Update
Sajitha Madathil Memories part 1

The Life and Work of Sajitha Madathil

ഉണ്ടക്കണ്ണി

പണ്ട് കുടുബത്തിലെ കുട്ടികൾ എന്നെ ഉണ്ടക്കണ്ണി എന്ന് വിളിച്ചിരുന്നു, എപ്പോഴും കണ്ണുരുട്ടി പിടിച്ച് ചുറ്റും  നോക്കി കൊണ്ടിരിക്കും. അഞ്ഞൂറിന്റെ ബൾബു പോലെയാണത്രെ എന്റെ കണ്ണ് അപ്പോൾ! ആ വിളിപ്പേര് എനിക്കൊട്ടും ഇഷ്ടമായിരുന്നില്ല. ഉണ്ടക്കണ്ണിയുടെ മനസ്സും കണ്ണും കണ്ട കാഴ്ചയാണ് ഇവിടെ എഴുതാൻ ശ്രമിക്കുന്നത്. നീറിപ്പിടയുന്നവയോ, രക്തം കിനിയുന്നവയോ, ഊടും പാവും തിരിച്ചെടുക്കാനാവാത്തവയോ ഒന്നും ഇതിലില്ല. മറ്റൊരിക്കലിലേക്ക് ഞാനത് മാറ്റി വെക്കുന്നു.

Advertisment

നാലഞ്ചു വർഷം മുമ്പാണ് എനിക്ക് ആ കാര്യം മനസ്സിലായത്. ഒരു ഓപ്പറേഷനുമായി ബന്ധപ്പെട്ട് തലച്ചോറിന്റെ പ്രവർത്തനത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പരിശോധിക്കാനുള്ള ടെസ്റ്റിന്റെ ഭാഗമായി ഡോക്ടർ ഒരു ചെറിയ കഥ പറഞ്ഞു തന്നു. അതേ കഥ എന്നോട് പറയാൻ പറഞ്ഞു. ഞാനാ കേട്ട കഥ യാതൊരു സംശയവുമില്ലാതെ പറഞ്ഞു കൊടുത്തു. ഡോക്ടർ അതു കേട്ട് ഞെട്ടി. കാരണം പുതിയ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ചേർന്ന് ഡോക്ടർ പറഞ്ഞ കഥയായിരുന്നില്ല എന്റേത്.

നിങ്ങൾ നിത്യജീവിതത്തിലെ സന്ദർഭങ്ങൾ വിവരിക്കുമ്പോഴും ഇങ്ങിനെയൊക്കെ തന്നെയാണോ? അവർ അത്ഭുതപ്പെട്ടു. അതെ! ഞാനിങ്ങനെയൊക്കെയാണ്. പാറി പറിഞ്ഞു കിടക്കുന്ന എന്റെ ഓർമ്മകളെ എഴുതി നോക്കുമ്പോഴും ഇതേ പ്രശ്നം ഞാനനുഭവിക്കുന്നുണ്ട്. ആയതിനാൽ ആത്മകഥാരചനാ രീതിയിലല്ല ഈ എഴുത്ത്.
ആത്മകഥയിൽ ഫിക്ഷൻ വരാമോ എന്നെനിക്കറിയില്ല. പക്ഷേ ഞാൻ പറഞ്ഞത് പോലെ പറച്ചിലിൽ എന്റെ ഫിക്ഷനും ജീവിതവും കൂടി ചേർന്നാണ് അത് രൂപപ്പെടുന്നത്. അല്ലെങ്കിൽ അവ പരസ്പരം ഇവിടെ പൂരകങ്ങളാണ്.

അപ്പോൾ, അച്ഛനിൽ നിന്ന് ഈ ആത്മകഥനം തുടങ്ങാം.

അച്ഛന്റെ തറവാട് വീട് താനൂരിലെ ഒഴൂർ എന്ന സ്ഥലത്തായിരുന്നു. എനിക്ക് മൂന്നു വയസ്സുള്ളപ്പോൾ തന്നെ അച്ഛൻ മരിച്ചു. ആത്മഹത്യയായിരുന്നു. പണ്ടൊക്കെ ഞാൻ അതാരോടും തുറന്നു പറഞ്ഞിരുന്നില്ല, നാട്ടിൽ എല്ലാവർക്കുമറിയുന്ന ഒരു രഹസ്യമായിരുന്നു എങ്കിലും. പെൺകുട്ടികളുടെ അച്ഛൻ ആത്മഹത്യ ചെയ്തതാണ് എന്നത് അത്ര നല്ല കാര്യമല്ലല്ലോ! എന്റെ അച്ഛനും അമ്മയും അധ്യാപകർ ആയിരുന്നു. അച്ഛന്റെ അച്ഛൻ മുൻകോപിയായിരുന്നു. അച്ഛൻ താഴ്ന്ന ജാതിയിലെ ആളുകളുമായി കൂട്ടുകൂടുന്നതൊന്നും ഒട്ടും ഇഷ്ടമായിരുന്നില്ല. അതിന്റെ പേരിൽ വലിയ വഴക്കുകൾ അവർക്കിടയിൽ നടന്നിരുന്നു. ആയതിനാൽ അച്ഛൻ വീട്ടിന്റെ മുന്നിലൂടെയുള്ള വരവ് നിർത്തി. പുറകു വശം വഴിയായിരുന്നുവത്രേ അച്ഛൻ വീട്ടിനകത്തേക്ക് പ്രവേശിക്കുക. 

Advertisment

അച്ഛന്റെ അനുജത്തി തങ്കമണിയുടെ വിവാഹം തന്റെ കൂട്ടുകാരനുമായി നടത്താൻ മുൻകൈ എടുത്തത് അച്ഛനായിരുന്നു. അതിനിടക്ക് അനിയത്തിയുടെ ഭർത്താവ് നിർഭാഗ്യവശാൽ അസുഖം ബാധിച്ച് പെട്ടെന്ന് മരിച്ചു. മൂന്ന് കുഞ്ഞിക്കുട്ടികളുമായി അച്ഛൻ പെങ്ങൾ വേങ്ങരിയിലെ ഭർത്താവിന്റെ തറവാട്ടിൽ ഒറ്റക്കായി. ഏക പെങ്ങൾ!

അതിനെ ചൊല്ലിയും അപ്പൂപ്പൻ അച്ഛനെ വല്ലാതെ വഴക്കു പറഞ്ഞു. അച്ഛൻ ഇമോഷണൽ കക്ഷിയായിരുന്നിരിക്കണം. ആൾക്ക് ആ പ്രഷർ താങ്ങാനായില്ല, അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഐആർഎട്ടിന് തളിക്കാൻ വാങ്ങി വെച്ച വിഷം കഴിച്ച അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന രംഗമൊക്കെ അച്ഛന്റെ നാട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന വഴിയിലൊക്കെ അച്ഛൻ കരയുകയാണ്, "എനിക്ക് ജീവിക്കണം, എനിക്ക് രക്ഷപ്പെടണം..." 

അന്ന് പലകക്കട്ടിൽ പോലുള്ള എന്തിലോ എടുത്ത് കൊണ്ടു പോണം ആശുപത്രിയിലേക്ക് എത്തിക്കാൻ. അച്ഛനെയും കൊണ്ട് ആളുകൾ കുറേ ദൂരം ഓടി, പുത്തൻ തെരുവ് വരെ എത്തണമായിരിക്കും ആശുപത്രിയിലെത്താൻ. പക്ഷേ അപ്പോഴേക്കും അച്ഛൻ പോയിരുന്നു... രക്ഷിക്കാനായില്ല.

താങ്ങാനാവാത്ത വിഷമം വന്നപ്പോൾ അച്ഛൻ ചെയ്തു പോയതാണ്, ഒരെടുത്തുചാട്ടം. അത് അച്ഛന്റെ പ്രിയപ്പെട്ടവരെ എത്ര മാത്രം മുറിവേൽപ്പിച്ചു എന്നത് ആലോചിച്ചു കൊണ്ടാണ് പലപ്പോഴും ആത്മഹത്യാ വക്കിലേക്ക് ഓടിച്ചെല്ലുന്ന എന്റെ മനസ്സിനെ ഞാൻ പിടിച്ചു നിർത്താറ്. പിന്നീട് വലുതായി അച്ഛന്റെ വീട്ടിലേക്ക് പുത്തൻതെരുവ് മുതൽ ഒഴൂര് വരെ നടക്കുമ്പോൾ അച്ഛന്റെ അവസാന നിമിഷങ്ങളെ മനസ്സിൽ കാണും.

പുത്തൻ തെരുവിൽ നിന്ന് ഒഴൂരിൽ എത്തണമെങ്കിൽ അന്നു നടക്കണം. നീണ്ട നടത്തമായിരുന്നു. പൂഴിമണ്ണ് ചൂടായി ഹവായ് ചെരുപ്പിനെ ഭേദിച്ച് കാൽപാദങ്ങൾ പൊള്ളിക്കും. കൈതച്ചെടിയുടെ മുള്ളുവേലി വെച്ച പറമ്പുകൾക്കിടയിലൂടെ നടക്കുമ്പോൾ അമ്മ നിശ്ശബ്ദയായിരിക്കും. ഇരുപതുകളിലെ വൈധവ്യം അത്ര എളുപ്പമല്ല എന്ന് അന്ന് മനസ്സിലാവില്ലായിരുന്നു...

അമ്മക്ക് പുറകെ നടന്ന് ഞാൻ എന്റെ മനോരാജ്യങ്ങളിൽ മുഴുകും. അപ്പോൾ എന്റെ കാഴ്ചയിൽ ഒരു പല്ലക്കിൽ അച്ഛൻ കിടന്ന് കൊണ്ട് പ്രവേശിക്കും. തൂങ്ങിക്കിടക്കുന്ന ഒരു കൈ എന്റെ നെറ്റിയിലൂടെ സ്പർശിച്ചു കൊണ്ട് കടന്നു പോകും. അച്ഛന്റെ കൈക്ക് ഭയങ്കര തണുപ്പ് എന്നു പിറുപിറുത്തപ്പോൾ അമ്മ തിരിഞ്ഞെന്നെ കണ്ണുരുട്ടി നോക്കിയത് ഓർമ്മയുണ്ട്. പിന്നീട് യാത്രകൾ ബസ്സിലും ജീപ്പിലും ഒക്കെയായി, അപ്പോഴോക്കെ ആ തണുത്ത സ്പർശം ഞാൻ വീണ്ടും വീണ്ടും  അനുഭവിച്ചു.

Sajitha Madathi Father and Mother

അച്ഛനും അമ്മയും (പഴയ ചിത്രം)

കോഴിശ്ശേരി പറമ്പിലെ തറവാട് വീടിനു ചുറ്റും പാടമാണ്. വലിയൊരു പറമ്പിൽ നിൽക്കുന്ന ഒരു വീട്. വീടിനോട് ചേർന്ന് വലിയൊരു മരത്തിൽ നിന്ന് ചുവന്ന പൂക്കൾ താഴെ വീണു കിടക്കുന്നുണ്ടാവും. ഇരുവശത്തും ലില്ലിപ്പൂക്കൾ കുലച്ചു വീട്ടിലേക്ക് വഴി കാട്ടും. വലിയ മിറ്റം നന്നായി തൂത്ത് വൃത്തിയാക്കി കൊയ്ത്ത് സമയത്ത് ചാണകം മെഴുക്കിയിരിക്കും. 

കൊയ്ത്തും മെതിയും പരന്നു കിടക്കുന്ന പറമ്പിലെ കമുങ്ങിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ആടി പിടിച്ച് കയറി അടക്കാ പറക്കുന്ന രാമനും മക്കളും, പാടത്ത് വെള്ളം തേവുന്ന പണിക്കാരും ചേർന്ന അധ്വാനത്തിന്റെ ആഘോഷം  മധ്യവേനലവധിക്കാല ഓർമ്മകളാണ്. ഞാൻ ലില്ലി പൂ പറിച്ച് അച്ഛനെ അടക്കിയ സ്ഥലത്ത് കൊണ്ടു വെച്ച് സിനിമയിലെ പോലെ ആരും കാണാതെ നിന്ന് കരഞ്ഞിട്ടുണ്ട്.

അച്ഛൻ മരിക്കുമ്പോൾ മൂന്നു വയസ്സല്ലേ ഉള്ളൂ. ഇടയ്ക്കൊക്കെ ഇരുന്ന് അച്ഛനെ ഓർത്തെടുക്കാൻ ശ്രമിക്കാറുണ്ട്. കൃത്യമായൊരു ഓർമയൊന്നുമില്ല. പക്ഷേ നേരിയ ഒരു വിഷ്വൽ ഇടയ്ക്ക് കൺമുന്നിൽ തെളിഞ്ഞുവരും. അച്ഛൻ പാടത്തിലൂടെ നടന്നു വന്നിട്ട് കാലൊക്കെ കഴുകുകയാണ്. വെള്ള മുണ്ടും ഷർട്ടുമാണ് വേഷം. ആകെ അവശനായി നിന്നു ശർദ്ദിക്കുകയാണ്, അങ്ങനെയൊരു ഓർമ വല്ലപ്പോഴും മനസ്സിലേക്ക് തെളിഞ്ഞു വരും.

ഞാനിതൊരിക്കൽ അമ്മയോടു പറഞ്ഞപ്പോൾ അമ്മ പറഞ്ഞു, അച്ഛന് ഇടയ്ക്ക് ടൈഫോയിഡ് വന്നിരുന്നു, ആ സമയത്തെങ്ങാനും നിന്റെ മനസ്സിൽ പതിഞ്ഞ കാഴ്ചയാവും അതെന്ന്. പക്ഷേ ആ ഓർമ്മ കുറേക്കാലം ഉണ്ടായിരുന്നു പിന്നെ അതും മറന്നു. ഇതിപ്പോ ഞാൻ ആ ഓർമ്മയെ ഓർത്തെടുക്കുകയാണ്.
അച്ഛനെ കുറിച്ചുള്ള ഓർമകളൊന്നും അമ്മ അങ്ങനെ ഞങ്ങളോട് പറഞ്ഞിട്ടില്ല. ചിലപ്പോൾ ഓർത്ത് സങ്കടപ്പെടേണ്ട എന്നോർത്താവും.

ആ കാലത്തെ കുറിച്ച് ദേഷ്യത്തോടെയുള്ള ചില പരാമർശങ്ങളേ ഞാൻ കേട്ടിട്ടുള്ളൂ. അച്ഛൻറെ അടുത്ത ചങ്ങാതിയായ ഒരാളുണ്ട്, പ്രഭാകര വൈദ്യർ. ഇത്രയും സ്നേഹമുള്ള മനുഷ്യരെ ഞാൻ എന്റെ ജീവിതത്തിൽ അധികം കണ്ടിട്ടേയില്ല. അദ്ദേഹം ഇപ്പോഴില്ല. ആ കുടുംബവുമായും അച്ഛന് വളരെ അടുപ്പമുണ്ടായിരുന്നു. നാട്ടുവൈദ്യനായിരുന്നു അദ്ദേഹമെന്നാണ് എന്റെയോർമ്മ, അദ്ദേഹത്തിന്റെ ഒരു മകൾ പിന്നീട് ആയുർവേദ ഡോക്ടറായി. 

എനിക്ക് 18 വയസ്സായ സമയത്ത്  പ്രഭാകര വൈദ്യർ ഞങ്ങൾക്കൊരു ദീർഘമായ കത്തെഴുതി, എനിക്കും സബിയ്ക്കും. ഞങ്ങൾക്കറിയാത്ത ഞങ്ങളുടെ അച്ഛന്റെ ജീവിതത്തെ കുറിച്ചായിരുന്നു ആ കത്ത്. ചിലപ്പോൾ ആ കത്ത്  സബിയുടെ കയ്യിൽ ഉണ്ടാകുമായിരിക്കും.

ആ കത്തിൽ വൈദ്യരങ്കിൾ എഴുതിയിട്ടുണ്ടായിരുന്നു, ആത്മഹത്യക്കു തൊട്ടു മുൻപ് വൈദ്യരങ്കിളിനെ കാണാൻ വേണ്ടി അച്ഛൻ വീട്ടിൽ ചെന്നിരുന്നു എന്ന്. ഒരു പാടം കഴിഞ്ഞാൽ വൈദ്യരങ്കിളിന്റെ വീടാണ്. അച്ഛൻ വീട്ടിൽ നിന്നിറങ്ങി പാടവരമ്പിലൂടെ നടന്ന് വൈദ്യരങ്കിളിന്റെ വീട്ടിലെത്തിയപ്പോൾ, അങ്കിൾ കുളിക്കുകയായിരുന്നു. കുളി കഴിഞ്ഞ് ഇറങ്ങുന്നതു കാത്തു നിൽക്കാതെ അച്ഛൻ മടങ്ങി. അന്ന് അച്ഛനോട് സംസാരിച്ചിരുന്നെങ്കിൽ, ഒന്ന് മിണ്ടിയിരുന്നെങ്കിൽ, ആത്മഹത്യ ചെയ്യില്ലായിരുന്നു എന്നാണ് വൈദ്യരങ്കിൾ എഴുതിയത്.  

മരിക്കുന്നതുവരെയും ആ കൂട്ടുകാരൻ അങ്ങനെ തന്നെ വിശ്വസിച്ചു. അച്ഛൻ അഭിനയിക്കുമായിരുന്നു എന്നതൊക്കെ ഞങ്ങളെ സംബന്ധിച്ച് പുതിയ അറിവായിരുന്നു. വൈദ്യരങ്കിളാണ് അത് പറഞ്ഞു തന്നത്. അനിയത്തി സബിതക്ക് അച്ഛനെ കാണാനുള്ള ഭാഗ്യം കൂടി ലഭിച്ചിട്ടില്ല. അച്ഛൻ പോവുമ്പോൾ അമ്മ അനിയത്തിയെ ഗർഭം ധരിച്ചിരിക്കുകയാണ്. അച്ഛൻ മരിച്ച ശേഷമാണ് ഞങ്ങൾ കോഴിക്കോട്ടെ അമ്മ വീട്ടിലേക്ക് വരുന്നത്.

Sajitha Madathi Mother sister

സഹോദരിയ്ക്കും അമ്മയ്ക്കുമൊപ്പം സജിത മഠത്തിൽ 

അച്ഛൻ പെങ്ങളും കുടുബവുമായി എനിക്ക് വലിയ അടുപ്പമായിരുന്നു. പെൺമക്കളായ സുധയും സുമയും  സുനിലേട്ടനും എന്റെ ഹൃദയത്തിൻ്റെ ഭാഗമാണ്. അച്ഛൻ പെങ്ങൾ തേങ്ങ ചിരകിയിട്ട് മുട്ട പൊരിച്ച് മിതമായ വിഭവങ്ങൾക്കൊപ്പം ചോറ് വിളമ്പിത്തരും. അതിന്റെ സ്വാദ് ഇന്നോളം ഞാൻ കഴിച്ച ഏതു ഭക്ഷണത്തിനും മുകളിലാണ്. ആ സ്നേഹക്കൂട് എനിക്കിഷ്ടമായിരുന്നു. പക്ഷേ ജിവിതം മറ്റെവിടേക്കോ എന്നെ നയിച്ചു.

പിന്നീട് അച്ഛന്റെ വീട്ടിൽ പോകുന്നത് അവധിക്കാലത്താണ്. അച്ഛനുമായി ബന്ധപ്പെട്ട എന്തിനോടും എനിക്ക് കൊളുത്തിപ്പിടിക്കുന്ന ഒരു ഇഷ്ടം ഉണ്ട്. അവധിക്കാലത്ത് കൃഷിയൊഴിഞ്ഞ പാടത്ത് ഉയര്‍ത്തിയ സ്റ്റേജിലെ കലാസമിതി നാടകങ്ങള്‍ ഉണ്ടാകും. പായയില്‍ ഇരുന്നും കിടന്നും ഇടക്ക്  ഉറങ്ങിയും ഞാനത് കണ്ടുരസിച്ചു. വെള്ളരി നിരനിരയായി തൂക്കിയിട്ട, കോലായിലെ പടികളിലൂടെ ബാലന്‍സു തെറ്റാതെ നടന്നു. ഇന്ന് എന്റെ മകന്‍ ആരോമലിന് ഏറ്റവും ഇഷ്ടം വെള്ളരിക്കാ മോരു കറിയാണെന്നു പറയുമ്പോള്‍ ഞാന്‍ അവനറിയാത്ത പഴയ കോലായപടികളില്‍ ഏന്തി വലിഞ്ഞു കേറി സ്വര്‍ണ്ണനിറമുള്ള വെള്ളരിക്കാ തട്ടി നോക്കുന്ന പത്തു വയസ്സുകാരിയാകും.

പാടത്തെ കുളം വറ്റിച്ച് മീൻ പിടിക്കുന്നത് വേനൽക്കാലത്തെ കലാപരിപാടിയാണ്. രാജേട്ടനും സുനിലേട്ടനും സുധിയുമൊക്കെ പിടിക്കുന്ന 'മുഴുവിന്റെയും' 'ബ്രാലിന്റെയും' വറുത്തരച്ചു വെച്ച  കറിയും, വെള്ളരിക്കാ മോരുകറിയും പപ്പടവും ചേര്‍ത്ത് ചോറുണ്ടും ഞാനെന്റെ മറക്കാനാവാത്ത അവധിക്കാലങ്ങള്‍ ചിലവഴിച്ചു. കോഴിക്കോട്ടെ ജീവിതം അമ്മൂമ്മക്ക് ചുറ്റുമായിരുന്നു. അതൊരു സ്ത്രീ ലോകമായിരുന്നു

-തുടരും

സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം: 

    Features Memories Sajitha Madathil

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: