scorecardresearch

അവൾ അജിതയാവാൻ നടക്ക്വാ?

"പെണ്‍കുട്ടികള്‍ക്ക് ലോകം കാണാന്‍ തോന്നുന്നത് തെറ്റാണോ? അതിനായി യാത്ര ചെയ്യുന്നത് കുഴപ്പം പിടിച്ച കാര്യമാണോ?" സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 12

"പെണ്‍കുട്ടികള്‍ക്ക് ലോകം കാണാന്‍ തോന്നുന്നത് തെറ്റാണോ? അതിനായി യാത്ര ചെയ്യുന്നത് കുഴപ്പം പിടിച്ച കാര്യമാണോ?" സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 12

author-image
Sajitha Madathil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sajitha Madathil Memories

The Life and Work of Sajitha Madathil-Chapter 12

എനിക്ക് ഓർമ്മ വെക്കും മുമ്പാണ് അജിതയെ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആകമണത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യുന്നതും  പിന്നീട് വിചാരണ ചെയ്ത് ഒമ്പത് വർഷം തടവിന് ശിക്ഷിക്കുകയും ചെയ്യുന്നത്. അജിതക്ക് ജയിലിൽ വെച്ച് കടന്നു പോകേണ്ടി വന്ന കഷ്ടപ്പാടുകളെ കുറിച്ച് ഒട്ടേറെ കഥകൾ  പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അതെല്ലാം സ്ത്രീകൾ ശബ്ദം കുറച്ച് ആവും പറയുക

Advertisment

അജിത എന്ന പേര് ഞാൻ ചെറുപ്പം മുതൽ കേട്ടു വളരുന്നതാണ്. അക്കാലത്ത് തന്നിഷ്ടക്കാരികളായ എല്ലാ പെൺകുട്ടികളെയും 'അജിത' എന്നാവും വീട്ടുകാരും കൂട്ടുകാരും നാട്ടിലെ 'ക്രിട്ടിക്കു'കളും വിളിച്ചിട്ടുണ്ടാവുക. 

''അവൾ അജിതയാവാൻ നടക്ക്വാ" എന്ന് എന്നെ കുറിച്ച് അമ്മൂമ്മ പറഞ്ഞതിന് ഒരു കാരണമുണ്ടായിരുന്നു. എന്നെ കൂട്ടാതെ, എന്നോട് പറയുക പോലും ചെയ്യാതെ അമ്മയും മാമനും ടൗണിലേക്ക് ഓട്ടോറിക്ഷയിൽ പോയി. എനിക്ക് അത് വല്ലാത്ത ചതിയായി തോന്നി.  ഓട്ടുകമ്പനിയുടെ കയറ്റത്തില്‍ നിന്നു നോക്കുമ്പോള്‍ അവരെയും വഹിച്ചുകൊണ്ടുപോകുന്ന ഓട്ടോറിക്ഷ വ്യക്തമായി കാണാമായിരുന്നു. അതിനെ ലക്ഷ്യമാക്കി ഞാന്‍ ഇറക്കമിറങ്ങിയോടി.

ശൂരന്‍പട കടന്നുവരാറുള്ള വഴികളിലൂടെ കാളിയായി ഞാന്‍ സ്വയം സങ്കല്‍പ്പിച്ച് അലറിവിളിച്ചു. മല്ലിന്‍റെ കമ്മീസുമാത്രമായിരുന്നു ശരീരത്തിലുണ്ടായിരുന്നത്. കാലില്‍ ചെരിപ്പ് ഇല്ലായിരുന്നു. ഓടിയോടി കണ്ണന്തറയും കൊളത്തോട്ടെ വീടും വി കെ കൃഷ്ണമേനോന്‍റെ തറവാടായ എറണാമ്പലവും കടന്ന്, തട്ടാന്‍കാവു ചുറ്റി, മേനക ടെയിലേഴ്സിലെ കേശവന്‍ ചേട്ടന്‍റെ പിന്‍വിളികളെ ശ്രദ്ധിക്കാതെയുള്ള ഭ്രാന്തമായ ഓട്ടമായിരുന്നു അത്.

കല്ലായി ലക്ഷ്മി ടാക്കീസിന്‍റെ മുമ്പിലെത്തിയപ്പോള്‍ ഓട്ടത്തിൻ്റെ ലക്ഷ്യം ഞാന്‍ മറന്നു. ടാക്കീസില്‍ നിന്നുയരുന്ന സിനിമാ പാട്ടുകളില്‍ ചെവിവട്ടം പിടിച്ച്, അവിടെ പതിപ്പിച്ച സിനിമാ പോസ്റ്ററുകളില്‍ മനസ്സുടക്കി, വറുത്ത കടലയുടെ ഗന്ധത്തെ വട്ടം പിടിച്ച് ഞാന്‍ പതുക്കെ കല്ലായി ലക്ഷ്യം വെച്ച് നടന്നു. വിതുമ്പി വിതുമ്പി, കരച്ചില്‍ ഓര്‍മ്മിച്ചെടുത്തുകൊണ്ട്.

Advertisment

Sajitha Madathil

"ടീച്ചറുടെ മോളല്ലേ അത്?" കടലവണ്ടിക്കാരന്‍ എന്നെ തിരിച്ചറിഞ്ഞു. വറുത്ത കടലയുടെ തവിട്ടുമണികള്‍ കയ്യിലിട്ടു തന്ന്, വണ്ടിക്കരികില്‍ കാളിയെ ആണിയടിച്ചു നിര്‍ത്തി. പിന്നെ കുറച്ചു ദിവസം ഞാൻ മര്യാദ രാമിയായി മുന്നോട്ട് നീങ്ങി. 

നാലിലോ മറ്റോ പഠിക്കുമ്പോഴാണ് ഞാൻ ഇത്തരം ഒളിച്ചോട്ടത്തിൻ്റെ സാധ്യത മനസ്സിലാക്കുന്നത്. എന്‍റെ ഒരു കൂട്ടുകാരന്‍, അവന്‍ പഠിക്കാന്‍ പിന്നോക്കമായിരുന്നു. വലിയ തറവാട്ടിലെ അമ്മയുടെ ഇളയമകന്‍. അവൻ ഒരു ദിവസം ഒളിച്ചോടി. അപ്രത്യക്ഷനായ അവന്‍റെ ചെരുപ്പ് ചാണകക്കുണ്ടിനടുത്തു കണ്ടതിനാല്‍ അബദ്ധവശാല്‍ അവനതിനകത്തേക്ക് പൂണ്ടുപോയിരിക്കുമെന്ന് എല്ലാവരും വേവലാതിപ്പെട്ടു. ഗ്രാമം മുഴുവന്‍ ഉത്സാഹപൂര്‍വ്വം ആ ചാണകക്കുണ്ട് കോരി പുറത്തിട്ടു തിരഞ്ഞു. കണ്ടു കിട്ടിയില്ല. 

പിന്നെ കുറച്ചു ദിവസങ്ങള്‍ വീടുകളില്‍ ചര്‍ച്ചാവിഷയം അവന്‍ തന്നെയായിരുന്നു. അവനു ലഭിക്കുന്ന ഈ ശ്രദ്ധ അസൂയ ഉണ്ടാക്കുന്നതായിരുന്നു. അക്കാലത്ത് ആണ്‍ ഒളിച്ചോട്ട യാത്രകള്‍ മദ്രാസ്സിലേക്കും ബോംബയിലേക്കുമായിരുന്നു. പതിവുപോലെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് അവനും തിരിച്ചെത്തി. തന്‍റെ സാഹസികയാത്രയുടെ ഭണ്ഡാരം എന്‍റെ മുമ്പില്‍ തുറന്നു. എനിക്കിതെല്ലാം വലിയ അതിശയങ്ങളായിരുന്നു. 

എനിക്കും എസ് കെ പൊറ്റക്കാടിനെപ്പോലെ, എന്‍റെ ചുറ്റുമുള്ള ചേട്ടന്മാരെപ്പോലെ എവിടേക്ക് എങ്കിലും പോണം എന്ന ആഗ്രഹം വല്ലാതെ മനസ്സില്‍ നിറഞ്ഞു. പെണ്‍കുട്ടികള്‍ ഒളിച്ചോടിയാല്‍ പിന്നെ വീട്ടില്‍ കേറ്റില്ല എന്ന് ചെറിയമ്മ പറഞ്ഞു തന്നു. ഒരു രാത്രി അങ്ങിനെ വീടിനു പുറത്തു താമസിച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് ട്രെയിനിന് തല വെക്കേണ്ടിവരും. ശ്യാമള ചെറിയമ്മ നയം വ്യക്തമാക്കിയിരുന്നു.

പെണ്‍കുട്ടികള്‍ക്ക് ലോകം കാണാന്‍ തോന്നുന്നത് തെറ്റാണോ? അതിനായി യാത്ര ചെയ്യുന്നത് കുഴപ്പം പിടിച്ച കാര്യമാണോ? റെയില്‍പ്പാളങ്ങളില്‍ അവരുടെ സ്വപ്നങ്ങള്‍ അരഞ്ഞു തീരണമോ? ഇതൊന്നും അന്ന് ചോദിക്കാൻ എനിക്കറിയില്ലായിരുന്നു.

Sajitha Madathil
അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം സജിത

എന്നാൽ അമ്മൂമ്മ പറയുന്നതുപോലെ ഞാൻ വീണ്ടും 'അജിത'യാവാൻ ശ്രമിച്ചു. അതിനൊരു  കാരണമുണ്ടായി. ഓണപ്പരീക്ഷക്ക് കണക്കിന് തീരെ മാര്‍ക്ക് കുറവ്. ക്ലാസ്സില്‍ ഒന്നാമതാവില്ല എന്നത് എനിക്ക് നാണക്കേടുണ്ടാക്കി, അമ്മയാണെങ്കില്‍ അതേ സ്കൂളിലെ അദ്ധ്യാപികയും.

അമ്മ അറിഞ്ഞാൽ വിഷമമാവും. ചീത്ത പറയുമായിരിക്കാം. അധികമൊന്നും ആലോചിക്കാതെ ഇന്‍റര്‍വെല്ലിനു പതുക്കെ ബാഗ് എടുത്ത് പുറത്തേക്കിറങ്ങി. കുട്ടികളുടെ ബഹളത്തില്‍ എന്നെ ആരും ശ്രദ്ധിച്ചില്ല. 

പക്ഷെ, എവിടേക്ക് പോകുമെന്നതിനെക്കുറിച്ച് വലിയ ധാരണയില്ല. ട്രെയിനിലും ബസ്സിലും കയറി ഒളിച്ചോടാന്‍ കയ്യില്‍ കാശുമില്ല. അപ്പോള്‍ ഒളിച്ചു താമസിക്കാന്‍ വീടിനുപുറത്ത് ഒരിടം വേണം എന്നു ഞാന്‍ തീരുമാനിച്ചു. കുറച്ചു ദിവസം കഴിഞ്ഞാല്‍ തിരിച്ച് എത്തണമല്ലോ.

ഏറെ നിരീക്ഷണങ്ങള്‍ക്കുശേഷം ഒരു ഒഴിഞ്ഞ വീടും പറമ്പും കണ്ടെത്തി. അമ്മയുടെ കൂട്ടുകാരി മാലതി ആന്‍റിയും മക്കളായ നീനചേച്ചിയും ഉണ്ണിയുമൊക്കെ വീടുവിറ്റ് മാറിയപ്പോള്‍ ഒഴിഞ്ഞുകിടപ്പായ ഒരു ചെറിയ വീടും വലിയ പറമ്പും സ്ഥിതിചെയ്യുന്നത് ഓട്ടുകമ്പനിയ്ക്കടുത്തുള്ള ഇടവഴിയിലാണ്. കല്ലായി പുഴക്കരയിലെ അരിപ്പൂക്കള്‍ പറിക്കാന്‍ കഴിഞ്ഞ ഓണത്തിനും ഞാനാവഴിക്ക് പോയിട്ടുണ്ട്.  

ഞാന്‍  പതുക്കെ ആ ഒഴിഞ്ഞ വീട് ലക്ഷ്യമാക്കി നടന്നു. മഞ്ഞപൂവുള്ള കാട്ടുചെടി എന്‍റെ ഉയരത്തിനെക്കാള്‍ വളര്‍ന്നു പന്തലിച്ചു കിടക്കുന്നു. ഞാനതിനിടയിലൂടെ നടന്ന് വീട്ടിനകത്തേക്ക് കയറി.

വാതിലൊന്നുമില്ലായിരുന്നു. വീടിനകം മുഴുവന്‍ സിഗരറ്റു കുറ്റികളും പിന്നെ കുറേ മദ്യ കുപ്പികളും. പുറത്തേക്ക് നോക്കിയാല്‍ പച്ചിലക്കാടിനിടയിലെ അപ്പുറത്തെ ഇടവഴി കാണാം. ഓടുകൾ അടുക്കി വെച്ച് കെട്ടിപ്പൊക്കിയ ഓട്ടുകമ്പനിയുടെ മതിലും കാണാം.

അവിടെ ഇരുന്ന് കയ്യില്‍ കരുതിയിരുന്ന ലൈബ്രറി പുസ്തകം മുഴുവനും  വായിച്ചു തീര്‍ത്തു. ലീലയുടെയും ആനയുടെയും സൗഹൃദത്തിൻ്റെ കഥ. പിന്നെ കണക്ക് ഉത്തരക്കടലാസു നോക്കി കണ്ണില്‍ വെള്ളം നിറച്ചു. ജീവിതം ഇങ്ങിനെ ആയിപ്പോയല്ലോ എന്നോര്‍ത്ത് ഉത്കണ്ഠപ്പെട്ടു.

Sajitha Madathil

ഇതിനിടയില്‍ സമയം ഉച്ചയായി. വിശപ്പ് എന്ന അടിയന്തിര പ്രശ്നം എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്താന്‍ തുടങ്ങി. ഊണുകഴിക്കാനുള്ള നേരമായിട്ടും ആരും എന്നെ തിരഞ്ഞു വരാത്തതില്‍ എനിക്ക് സങ്കടം വന്നു.

ഒരു മകളെ കാണാതായാല്‍ ഒരമ്മ ഒന്നു തിരിഞ്ഞു നോക്കാനെങ്കിലും മിനക്കെടണ്ടെ? എന്തൊരമ്മയാണിത്? മൂന്നുമണിവരെ ഞാനവിടെ കടിച്ചുപിടിച്ചിരുന്നു. ഒടുവില്‍ തിരിച്ചുപോകാന്‍ തന്നെ തീരുമാനിച്ചു. പടി കയറി വരുമ്പോൾ തന്നെ കേൾക്കാം ലീല മേമ പറയുന്നത്: "നമ്മുടെ അജിത തെണ്ടിതിരിഞ്ഞ് വരുന്നുണ്ട്..." എന്ന്.

ഞാൻ ഹൈസ്ക്കൂളിലെത്തിയപ്പോഴേക്കും അജിത ജയിൽ മുക്തയായി ഫ്രാൻസിസ് റോഡിലെ അച്ഛൻ കുന്നിക്കൽ നാരായണൻ്റെ വീട്ടിലെത്തിയിട്ടുണ്ടായിരുന്നു. ഞാൻ അപ്പോൾ ചാലപ്പുറം ഗവൺമെൻറ് ഗേൾസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയാണ്.

എൻ്റെ കൂട്ടുകാരി ലതികയുടെ വീട് അജിത താമസിച്ചിരുന്ന വീടിനു പുറകിലാണ് എന്നു ഞാനറിയുന്നത് പിന്നീടാണ്. ഒരു ദിവസം ലതിക തൊട്ടു മുന്നിലുള്ള വീടിൻ്റെ ജനലിലേക്ക് നോക്കി പറഞ്ഞു. നിനക്ക് അവിടേക്ക് നോക്കുമ്പോൾ എന്തെങ്കിലും കാണാൻ സാധിക്കുന്നുണ്ടോ? ഞാൻ സൂക്ഷിച്ചു നോക്കി. ഇല്ല.

വൈകുന്നേരത്തെ വെയിലിൽ ഇളകിയിടുന്ന നിഴലുകൾ മാത്രമെ എനിക്ക് കാണാനാവുന്നുള്ളൂ. അവൾ പറഞ്ഞു സൂക്ഷിച്ചു നോക്കിയാൽ ഒരു വാള് കാണാം. ചുവന്ന പട്ട് വിരിച്ചിട്ടുണ്ട്. അജിതയാണ് ആ നടന്നുകൊണ്ടിരിക്കുന്ന രൂപം എന്നൊക്കെ പറഞ്ഞ്  അവൾ തല ചെരിച്ച് ചെറിയകണ്ണുകൾ ഉരുട്ടി.

എനിക്ക് ആകെ പേടി തോന്നി. തല വെട്ടിയ വാളാണ്. അവൾ വീണ്ടും പേടിപ്പിച്ചു. പിന്നെ അവളുടെ വീട്ടിലേക്കുള്ള യാത്ര ഞാൻ കുറച്ചു. അഥവാ അവിടേക്ക് പോകേണ്ടി വന്നപ്പോഴൊക്കെ ഒരൊറ്റ ഓട്ടത്തിൽ ഇടവഴി താണ്ടി.പിന്നീട് യഥാർത്ഥ അജിതയെ ഞാൻ പരിചയപ്പെടുന്നത് എൺപതുകളുടെ പകുതിയോടെയാണ്.

കോഴിക്കോട് ടൗൺ ഹാളിൽ റാഡിക്കൽ പെയിൻ്റേഴ്സിൻ്റെ ഒരു എക്സിബിഷൻ നടക്കുന്നു . അന്നവിടെ പ്രമുഖ ആർട്ടിസ്റ്റുകൾക്കൊപ്പം രാധ ഗോമതിയും ഒരു കൂട്ടുകാരിയുമുണ്ട്. അവരുടെ പെരുമാറ്റ രീതികൾ ഞാനതു വരെ കണ്ട പെൺകുട്ടികളെ പോലെയേ അല്ല. എനിക്കവരോട് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നി.

അവരെ കുറിച്ച്, അവരുടെ പൊതുയിടത്തെ പെരുമാറ്റരീതികളെ കുറിച്ച്,കോഴിക്കോട്ടെ ബുദ്ധിജീവി ചില പരാമർശങ്ങൾ വൈകുന്നേരത്തെ പൊതുവേദിയിൽ വെച്ചു നടത്തുന്നത് കേട്ടപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും വന്നു. ഞാനതിന് ആ വേദിയിൽ വെച്ചു തന്നെ പ്രതികരിച്ചു.  ഞങ്ങൾ തമ്മിൽ വാക്കുതർക്കമായി. ആദ്യത്തെ എൻ്റെ പൊതു ഇടപെടലായിരുന്നു അത്. അവസാനം സംഘാടകർ ഇടപെട്ടു. 

Sajitha Madathil | Ajitha
അജിതയ്ക്ക് ഒപ്പം സജിത മഠത്തിലും മകൻ ആരോമലും

ഈ ബുദ്ധിജീവി വലിയൊരു കക്ഷി ആയിരുന്നു എന്നും അങ്ങിനെ പ്രതികരിച്ചത് ശരിയായില്ല എന്നും ആ സംഘത്തിലെ ചിലരെന്നെ കുറ്റപ്പെടുത്തി.  പിറ്റേദിവസം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് 'ബോധന'യുടെ പ്രവർത്തകർ കൂടിയായ അജിതയും ഗംഗയും എന്നെ പരിചയപ്പെടാൻ വന്നു. അവരെന്നെ അഭിനന്ദിച്ചു.അത് ആ പ്രായത്തിൽ എന്നിലുണ്ടാക്കിയ ആത്മവിശ്വാസവും ആവേശം ഏറെ വലുതായിരുന്നു. പിന്നീട് അവർ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായി. അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറത്ത് "സജീ..." എന്ന വിളിയുടെ സ്നേഹം ഓരോ സംഘർഷ ജീവിതഘട്ടങ്ങളിലും ഞാൻ തിരിച്ചറിഞ്ഞു.

-തുടരും

സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം: 

Sajitha Madathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: