/indian-express-malayalam/media/media_files/XPoWlmFOByG1fAt9u9EE.jpg)
The Life and Work of Sajitha Madathil-Chapter 27
ഞങ്ങൾ ചെറുപ്പത്തിൽ സ്ഥിരമായി പോകുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള, ഒഴിഞ്ഞ തെങ്ങിൻതോപ്പിനു നടുവിലെ ഭംഗിയുള്ള കൊച്ചു ഓലപ്പുരയിലാണ് ചിന്നേടത്തിയും ജാന്വേടത്തിയും താമസിച്ചിരുന്നത്. അവർ കൂട്ടുകാരികളാണ്.
ചിന്നേടത്തി ഞങ്ങളുടെ അകന്ന ബന്ധുവാണ്. അതിനാൽ അമ്പലത്തിൽ നിന്ന് മടങ്ങുമ്പോൾ ചിന്നേടത്തിയെ കാണാൻ പോകുന്നത് ഒരാചാരമാണ്. ഞങ്ങൾ കുട്ടികൾക്ക് തേങ്ങാ പൂളും ശർക്കരയും ഇടയ്ക്ക് ശർക്കര കിഴങ്ങ് പുഴുങ്ങിയതും തരും. അതുകൊണ്ട് ആ മൊത്തം പാക്കേജ് എനിക്കിഷ്ടമായിരുന്നു.
ആ പുരയുടെ ഭംഗിയുള്ള തുറന്ന ഉമ്മറം മണ്ണു കൊണ്ട് കെട്ടി ഉയർത്തി ചാണകം മെഴുകിയതാണ്. ആ വീടിനകത്തേക്ക് ഞാൻ കയറിയിട്ടില്ല. അല്ലെങ്കിൽ ആ ആതിഥേയർ അത് ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല. വീടിനകം വൃത്തിയാക്കുന്നത് ചിന്നേടത്തിയാണ്.
അകത്തുള്ള തുണികൾ സൂക്ഷിക്കുന്ന ഒരു കാലുപെട്ടി ഉമ്മറത്തു നിന്നു നോക്കിയാൽ കാണാം. പായയും കിടക്കയുമുരുട്ടി ഭംഗിയായി കയറിൽ തൂക്കിയിട്ടിരിക്കുന്നതും കാണാനാവും. മുറ്റത്ത് ഒരു കല്ലു പോലുമില്ല. അതിനാൽ ഓടി കളിച്ചു വീണാലും മുട്ട് പൊട്ടില്ല. ഞാൻ വലുതാവുമ്പോൾ ഇതുപോലെ ഒരു വീട്ടിൽ താമസിക്കാനാണ് ആഗ്രഹിച്ചിരുന്നത്.
ചിന്നേടത്തിയും ജാന്വേടത്തിയും തമ്മിലുള്ള കൂട്ട് കാണാൻ എനിക്കന്ന് വലിയ കൗതുകമായിരുന്നു. പരസ്പരം പേൻ നോക്കിയും, മുടി മെടഞ്ഞു കൊടുത്തും, കുളിക്കാൻ ചൂട് വെള്ളം അനത്തിക്കൊടുത്തും, പുറം തേച്ചു കൊടുത്തും, തമാശ പറഞ്ഞ് ചിരിച്ചും, ഇടക്ക് വഴക്കു പറഞ്ഞുമുള്ള ആ കൂട്ട് കാണാൻ തന്നെ വലിയ ചന്തമാണ്.
എന്തുകൊണ്ടാവും ചിന്നേടത്തി ബന്ധു പോലുമല്ലാത്ത ജാന്വേടത്തിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചിട്ടുണ്ടാവുക? അതിനു മുമ്പ് അവർ വിവാഹം ചെയ്തിട്ടുണ്ടോ? കുട്ടികൾ? അറിയില്ല. ഞാൻ കാണുമ്പോൾ ഒരാൾക്ക് കാഴ്ച മങ്ങി തുടങ്ങിയിരുന്നു. മറ്റേ ആൾക്ക് കേൾവിയും. പക്ഷെ അവർ പരസ്പരം ചേർന്നു നിന്ന് അവരിരുവരുടെയും പോരായ്‌കകൾ പരിഹരിച്ചു.
എൻ്റെ സ്ത്രീ സൗഹൃദങ്ങളിലെല്ലാം ഞാനൊരു ചിന്നയേയും ജാനുവിനേയും തിരഞ്ഞുകൊണ്ടിരുന്നു. സ്ത്രീ സൗഹൃദങ്ങൾ എനിക്ക് വലിയ സന്തോഷവും ആശ്വാസവുമാണ്. അതിൽ നിന്ന് കിട്ടുന്ന അത്രയും സ്വസ്ഥത എനിക്ക് ആൺ സൗഹൃദങ്ങളിൽ നിന്ന് ലഭിക്കാറില്ല.
നമുക്ക് നല്ല സൗഹൃദങ്ങൾ മനസ്സിലാക്കാൻ ഒരു പ്രായമാവണം എന്നു തോന്നിയിട്ടുണ്ട്. നമ്മൾ സുഹൃത്തുക്കൾ എന്നു പറയുന്ന പലരും ചിലപ്പോൾ യഥാർത്ഥത്തിൽ നമ്മളെ മനസ്സിലാക്കിയവർ ആയിരിക്കണമെന്നില്ല. നമ്മളെ നമ്മളായി മനസ്സിലാക്കുന്ന സുഹൃത്തുക്കളാണ് നമുക്ക് വേണ്ടത്.
ചില ആളുകൾക്ക് അവരെപ്പോലെ നമ്മൾ ആകണം എന്നാണ് ആഗ്രഹിക്കുക. നീ ചെയ്തതിൽ ഇങ്ങനയൊരു പ്രശ്നമില്ലേ എന്ന് പറഞ്ഞു തരാൻ പറ്റുന്ന നല്ല സുഹൃത്തുക്കൾ ഉണ്ടാകണം.
അല്ലാതെ, നമ്മൾ വേദനിക്കുമ്പോൾ "നീ ഇന്ന കാര്യം ചെയ്തതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്" എന്ന് കുറ്റപ്പെടുത്തുന്നവരെയല്ല. ആ നിമിഷത്തിൽ "സാരമില്ലെടാ" എന്ന് പറയാനാണ് ഒരാൾ വേണ്ടത്. "ഇങ്ങനെ ഒരു പ്രശ്നം നിൻറെ ഭാഗത്തും പറ്റിയിട്ടുണ്ട്" എന്ന് പറയേണ്ടത് അപ്പോഴല്ല, കുറച്ചുകൂടി കഴിഞ്ഞിട്ടാണ് എന്നർത്ഥം.
മറ്റു ചിലരുണ്ട്, അവർ നമ്മുടെ അടുത്ത സുഹുത്തുക്കളാണെന്നാണ് നമുക്കും അവർക്കും തോന്നുക. അവർ ഇടക്കിടെ വിളിക്കും, നമ്മുടെ വിവരങ്ങളൊക്കെ ശേഖരിക്കും. നമ്മൾ നമ്മുടെ പ്രയാസങ്ങളും, സന്തോഷങ്ങളും, ആലോചനകളും എല്ലാം അവരോട് പങ്കിട്ടു കൊണ്ടിരിക്കും.
യഥാർത്ഥത്തിൽ അവരുടെ ഉദ്ദേശം വിവരശേഖരണം മാത്രമാണ്. അവർ നിങ്ങളുടെ അവസ്ഥയെ മെച്ചപ്പെടുത്താൻ ഒരില പോലും എടുത്തു മാറ്റില്ല. നിങ്ങളുടെ ജീവിതം അവരുടെ ഒരു സംഭാഷണ വിഷയം മാത്രമായിരിക്കും. നിങ്ങൾ പുറത്ത് അറിയണമെന്ന ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രം അവരോട് പറയുക. ഇവരും നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്.
അടുത്ത കൂട്ടരായി പത്തു പേരെങ്കിലും എൻറെ ജീവിതത്തിലുണ്ടെന്ന് ധൈര്യമായിട്ട് എനിക്ക് പറയാൻ പറ്റും. ആ സൗഹൃദങ്ങൾ തന്നെയാണ് എന്നെ മുന്നോട്ടു കൊണ്ടുപോകുന്നത്. അതൊരു നിധിപേടകമാണ്. എനിക്ക് എപ്പോൾ വേണമെങ്കിലും അതിനുള്ളിലെ മുത്തും പവിഴവുമെടുത്ത് നെഞ്ചോട് ചേർക്കാം.
ഒട്ടേറെ ഗംഭീര സ്ത്രീകളെ പല കാലങ്ങളിലായി പരിചയപ്പെടാനുള്ള അവസരം കിട്ടിയത്, അവർക്കൊപ്പം സമയം ചിലവഴിക്കാനും ഒന്നിച്ച് ജോലി ചെയ്യാനും സാധിച്ചത്, അതൊക്കെ എൻറെ ജീവിതത്തിലെ വലിയ സന്തോഷവും സൗഭാഗ്യവുമായി ഞാൻ കരുതുന്നു. അവരെല്ലാവരും എന്നിൽ ചിലതൊക്കെ അവശേഷിപ്പിച്ച് പോയിട്ടുണ്ട്.
ചലച്ചിത്ര അക്കാദമിയിലെ സഹപ്രവർത്തകയായിരുന്ന ബീനാ പോളിൻ്റെ മാനേജീരിയൽ സ്കിൽ അവരുടെ മറ്റെല്ലാ കഴിവുകൾക്കും മുകളിൽ എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്. തന്നെ സമീപിക്കുന്നവർക്ക്, വലുപ്പച്ചെറുപ്പങ്ങൾ ഇല്ലാതെ വിവരങ്ങൾ കൃത്യതയോടെ പറഞ്ഞു കൊടുക്കുന്ന കേന്ദ്ര സംഗീത നാടക അക്കാദമിയിലെ സെക്രട്ടറിയായിരുന്ന എൻ്റെ കൂട്ടുകാരി ഹെലൻ ആചാര്യയുടെ പ്രവർത്തനരീതി എനിക്ക് വലിയ പാഠമായിരുന്നു.
ജീവിതത്തേയും മനുഷ്യരേയും സ്നേഹത്തോടെ കാണുന്ന മേദിനി അമ്മ എനിക്ക് നൽകിയത് വൈരാഗ്യ ചിന്തയില്ലാതെ സ്നേഹിക്കുന്നതിനെയും സ്നേഹിക്കപ്പെടുന്നതിനെയും കുറിച്ചുള്ള പാഠങ്ങളാണ്.
നിർബന്ധിച്ചും സ്നേഹിച്ചും, കാർക്കശ്യം കാട്ടിയും, വായിപ്പിച്ചും ചോദ്യം ചെയ്തും, മാറ്റിയെഴുതിച്ചും പിഎച്ച്ഡി പൂർത്തിയാക്കാൻ കൂടെ നിന്ന ബിഷ്ണു പ്രിയദത്ത് എൻ്റെ മുമ്പിലെ ഏറ്റവും നല്ല അദ്ധ്യാപികയാണ്.
എൻ്റെ ഏതു പ്രശ്നങ്ങൾക്കും ഉത്തരം കണ്ടെത്താൻ ഞാൻ ഓടി ചെല്ലുന്നത് ആർട്ടിസ്റ്റ് ശോഭാ മേനോൻ്റെ അടുത്തേക്കാണ്. ഏതു പ്രതിസന്ധിയിലും പരിഹാരത്തിനുള്ള വഴി എവിടുന്നെങ്കിലും കണ്ടെത്താനുള്ള കഴിവ് ശോഭയുടെ മാത്രം പ്രത്യേകതയാണ്.
യാതൊരു മുൻവിധിയുമില്ലാതെ, വലുപ്പ ചെറുപ്പമില്ലാതെ കൂട്ടുകാരെ ചേർത്തു പിടിക്കുന്ന കലാകാരിയായ എൻ്റെ സുഹൃത്ത് ഷേന ഗാമത്ത് എന്നെ പഠിപ്പിച്ചത് സ്ത്രീ സൗഹൃദത്തിൻ്റെ വലിയ പാOങ്ങളാണ്.
എപ്പോൾ വേണമെങ്കിലും കയറി ചെല്ലാവുന്ന ഒരിടമായി തൻ്റെ വീടിനെ തുറന്നിടുന്ന ഷീല റാണിയാണ് ഒറ്റയ്ക്കുള്ള ജീവിതത്തെ സന്തോഷത്തോടെ നേരിടാൻ പഠിപ്പിച്ചത്. ഒരു സ്ഥാപനത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിന് ഒരു പെൺവഴിയുണ്ടെന്ന് പരിചയപ്പെടുത്തിയത് KSWDC മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സിയാണ്.
ഈ വീടൊന്നു മറിച്ചു വെച്ചാലോ എന്നു ചോദിച്ചാൽ നാളെ രാവിലെ പോരെ എന്ന് ചോദിച്ച് എൻ്റെ ഭ്രാന്തിനെ അടക്കുന്ന വിധു വിൻസെൻ്റ് എൻ്റെ ജാനു അമ്മയാണ്.
സ്നേഹത്തിൻ്റെ ഒരു കയർ പരസ്പരമുണ്ടെന്ന് എന്നും ഓർമ്മിപ്പിക്കുന്ന ബന്ധം എന്നോടു കാണിക്കുന്ന കെ.എ ബീന എൻ്റെ ചേച്ചിയാണ്, കുറ്റബോധമില്ലാതെ സന്തോഷമായി ജീവിക്കാൻ എന്നെ എന്നും പ്രേരിപ്പിക്കുന്നവരിൽ പ്രധാനി പിയൂഷ് ആന്റണിയാണ്.
എപ്പോൾ വിളിച്ചാലും സ്നേഹത്തോടെ 'പറയടാ' എന്ന മറുപടിയുമായി ഷൈനി ജേക്കബ് ബഞ്ചമിൻ ഫോണിൻ്റെ അപ്പുറത്ത് എനിക്കായി ഉണ്ടാവുമെന്ന ഉറപ്പ്, സമാധാനമാണ്. അങ്ങിനെ എഴുതിയാൽ ലിസ്റ്റ് നീളും.
/indian-express-malayalam/media/media_files/TkQiWarCF2tTKnZKqIHY.jpg)
ഒരു വിളിക്കപ്പുറത്ത് ഷീബ മാത്യുവും എൻ്റെ ജീവിതത്തിനൊപ്പം ഉണ്ട്. ബിന്ദു മേനോനുമായുള്ള കൂട്ട് ദില്ലി കാലത്ത് തുടങ്ങിയതല്ല. ചില ദീർഘകാല സൗഹൃദങ്ങൾ സഹോദരസ്നേഹം പോലെയാവും. അവർ അവിടെ നമുക്കായി ഉണ്ടാവും. വഴക്കും പിണക്കവുമൊക്കെ ചേർന്ന ഒന്ന്.
തമാശയുടെ, ചിരിയുടെ, വഴക്കിൻ്റെ, അതുപോലെ രാഷ്ട്രീയ-സാമൂഹിക ചർച്ചകളുടെയെല്ലാം ചൂടും ചൂരും നനവും നിറഞ്ഞതാണ് എൻ്റെ പെൺസൗഹൃദങ്ങളെല്ലാം. ഒട്ടേറെ പേരുകൾ.
മനുഷ്യർ തമ്മിൽ സംസാരിച്ചു തുടങ്ങാൻ, കൂട്ടു തോന്നാൻ വർഷങ്ങളുടെ പരിചയമൊന്നും വേണ്ട. അതിന് പരസ്പരം ഇഷ്ടം തോന്നിക്കുന്ന എന്തോ ഒന്ന് അവർക്കിടയിൽ സംഭവിക്കും.
എൻ്റെ സ്ഥിരം ലീഗൽ കൺസൾട്ടൻ്റായ പ്രിയപ്പെട്ട ആശാ ഉണ്ണിത്താനും, യാത്ര ഇഷ്ടപ്പെടുന്ന സി.ആർ പുഷ്പയുമെല്ലാം ഈ കാലയളവിൽ ഞാൻ പരിചയപ്പെട്ട കൂട്ടുകാരാണ്.
കോഴിക്കോട്ടെ കൂട്ടുകാരി അനിതയിൽ നിന്നാണ് സൗഹൃദത്തിൻ്റെ തണുപ്പ് ഞാനാദ്യം അറിഞ്ഞത്. എൻ്റെ കളിക്കൂട്ടുകാരി. അവൾ ആയിരുന്നു എനിക്കെല്ലാം.
വിവാഹിതരാവുന്നതോടെ സ്ത്രീകളുടെ ജീവിതം പല വഴിക്ക് പോലും. വിവാഹിതരായ സ്ത്രീകൾക്ക് പലപ്പോഴും തങ്ങളുടെ സ്ത്രീസൗഹൃദങ്ങൾക്കായി അധികം സമയം ചിലവഴിക്കാൻ സാധിക്കില്ല. പലപ്പോഴും അതിന് ആഴവും തുടർച്ചയും കുറവായിരിക്കും. ഇപ്പോൾ വലിയ മാറ്റങ്ങൾ ഉണ്ടെന്നു തോന്നുന്നു.
ഒറ്റക്ക് ജീവിതം സന്തോഷത്തോടെ കൊണ്ടുപോകുന്ന സ്ത്രീകളുടെ കൂട്ടായ്മകൾ കാണുമ്പോൾ ഏറെ സന്തോഷം തോന്നും. ആൺ സൗഹൃദങ്ങളിൽ ഈഗോ ഇല്ലാതെ, ആണത്തത്തിൻ്റെ അതിപ്രസരമില്ലാതെ, ഇടപെടാൻ പറ്റുന്ന ഒട്ടേറെ ആൺ സുഹൃത്തുക്കൾ ഇക്കാലത്ത് എൻ്റെ ജീവിതത്തിനു ചുറ്റുമുണ്ട്. അവരും കൂടി ചേർന്നാണ് എന്നിലെ ചിരിയെ, സന്തോഷത്തെ, തിരിച്ചു കൊണ്ടുവന്നത്.
ചില സൗഹൃദങ്ങളുടെ, ബന്ധങ്ങളുടെ, വേദനിപ്പിക്കുന്ന അനുഭവങ്ങളെ, അവ നാവിലവശേഷിപ്പിച്ച ചവർപ്പിനെ ഞാനെന്നേ തുപ്പിക്കളഞ്ഞു... അതൊന്നും ഇനി എൻ്റെ ലോകത്തില്ല. ആ മനുഷ്യരും!
-തുടരും
സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം:
- അധ്യായം 1: മുറിവുണങ്ങിയ ഓർമ്മകളിലൂടെ
- അധ്യായം 2: ഇല്ലി പൊട്ടിയ കുടകൾ
- അധ്യായം 3: വല്യമുത്തശ്ശൻ കിടപ്പിലായ കഥ
- അധ്യായം 4: മതിലുകളില്ലാത്ത മാളികപറമ്പ്
- അധ്യായം 5: പ്രണയം, രതി, വിദ്വേഷം
- അധ്യായം 6: പതുപതുത്ത നെറ്റിയുള്ള വെളിച്ചപ്പാട്
- അധ്യായം 7: സ്വപ്നം നൃത്തം ചെയ്യുമ്പോൾ
- അധ്യായം 8: 'അയ്യോ തൊട്ടഭിനയിക്കാൻ വയ്യ!'
- അധ്യായം 9: കടും നിറങ്ങൾ ഒഴിഞ്ഞ കാലം
- അധ്യായം 10: "അവളുടെ ശരിയല്ലാത്ത പോക്ക്!"
- അധ്യായം 11: പുരോഗമന ചിന്താഗതിക്കാരൻ്റെ ജീവിത പങ്കാളിപട്ടം!
- അധ്യായം 12: അവൾ അജിതയാവാൻ നടക്ക്വാ?
- അധ്യായം 13: മാവോസേതുങ്ങിന്റെ നാട്ടില് കള്ളന്മാരില്ലെന്ന്!
- അധ്യായം 14: നാടകം ചെയ്താ പോരെ, പഠിക്കണോ?
- അധ്യായം 15: കാദംബരി ദേവിയുടെ താക്കൂർ ബാരി, ടാഗോറിന്റെയും!
- അധ്യായം 16: നാടകങ്ങൾ പൂത്ത ആ പെൺകാലം!
- അധ്യായം 17: എൻ്റെ കരളു പറിച്ചിട്ടല്ലേടാ നീ പോയത്?
- അധ്യായം 18: സൗത്ത് ആഫ്രിക്കൻ അരങ്ങിലെ മത്സ്യഗന്ധി
- അധ്യായം 19: ചിരുതയും ഞാനും
- അധ്യായം 20: പെണ്ണുങ്ങൾക്ക് പറ്റിയ പണി ചെയ്താൽ പോരേ? നാടകമെഴുതണോ?
- അധ്യായം 21: സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ, ഇരിക്കണമോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്!
- അധ്യായം 22: കണ്ണിൽ നിറഞ്ഞ വെളുത്ത കാർമേഘങ്ങൾ
- അധ്യായം 23: പൂക്കൾക്കു നിറങ്ങൾ വീണ്ടുകിട്ടിയപ്പോൾ
- അധ്യായം 24: അമ്മയുടെ മരണം സമ്മാനിച്ച ശൂന്യത
- അധ്യായം 25: സിനിമയുടെ ഷട്ടർ ഉയരുമ്പോൾ
- അധ്യായം 26: എനിക്കവളും അവൾക്ക് ഞാനും തണലായ കാലം
- അധ്യായം 27: ചിന്നേടത്തിയും ജാന്വേടത്തിയും!
- മുറിവുണങ്ങിയ ഓർമ്മകളിലൂടെ, അവസാനഭാഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.