/indian-express-malayalam/media/media_files/H7a1HUv6Rgz5805Pfk2o.jpg)
The Life and Work of Sajitha Madathil-Chapter 16
കൽക്കത്തയിൽ നിന്ന് പെർഫോമിങ്ങ് ആർട്ടിൽ എംഎ കഴിഞ്ഞ ശേഷം ഞാൻ വീണ്ടും ദില്ലിയിലെത്തി. അതിനിടക്ക് എനിക്ക് നാടകസംബന്ധമായ റിസർച്ചിന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ (എം. എച്ച്.ആർ.ഡി.) ജൂനിയർ ഫെലോഷിപ്പ് കിട്ടിയതിനാൽ ദില്ലിയിലെ സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലൈബ്രറികളിൽ എന്നും പോയിരുന്ന് വായിക്കും. അവിടുത്തെ അന്തരീക്ഷം എനിക്കേറെ ഇഷ്ടമായിരുന്നു.
സ്ഥിരമായി ലൈബ്രറിയിലെത്തുന്ന കുറെ പേർ അന്ന് സുഹൃത്തുക്കളായി മാറി. സാഹിത്യ അക്കാദമി ലൈബ്രറിയിൽ മലയാളം സെക്ഷനിൽ നിന്നാണ് മറ്റു പല പ്രധാനപ്പെട്ട പുസ്തകങ്ങൾക്കൊപ്പം സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരുടെ നാടക സ്മരണകൾ വായിക്കുന്നത്. എൻ്റെ എല്ലാ കാലത്തേയും പ്രിയപ്പെട്ട നാടക പുസ്തകമാണിത്. അക്കാലത്ത് സച്ചിദാനന്ദൻ മാഷ് ഇന്ത്യൻ ലിറ്ററേച്ചറിൻ്റെ ചുമതല വഹിച്ച് അവിടെ ഉണ്ടായിരുന്നു.
സംഗീത നാടക അക്കാദമി ലൈബ്രറിയിലെ പുസ്തകങ്ങൾക്കിടയിൽ വെച്ചാണ് അവിടുത്തെ പ്രോഗ്രാം ഓഫീസറായ ഹലൻ ആചാര്യയെ പരിചയപ്പെടുന്നത്. (പിന്നീട് ഞങ്ങൾ ഒന്നിച്ച് ആ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്തു. അടുത്ത കൂട്ടുകാരായി).
ഫെലോഷിപ്പ് കാലം കഴിയുന്നതോടെ ഞാൻ എം.ഫില്ലിനായി മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സിൽ ചേർന്നു. വി.സി ഹാരിസ്സും, രവീന്ദ്രൻ മാഷും, പി ബാലചന്ദ്രനും, കൃഷ്ണൻ മാഷും ചേർന്ന ആ ഡിപ്പാർട്ട്മെൻ്റിലെ പഠന കാലം ഗംഭീരമായിരുന്നു. ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം. ഒ.വി ഉഷയായിരുന്നു ഞങ്ങളുടെ ഹോസ്റ്റൽ വാർഡൻ.
ഞാനാദ്യമായാണ് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്. നിഷയും ഇന്ദുവും ഡിപ്പാർട്ട്മെൻ്റിൽ നിന്നും കൂടെ ഉണ്ടായിരുന്നു. എന്നാൽ എൻ്റെ എല്ലാ വിധ തമാശകൾക്കും കൈയ്യാളായി കൂടെ ഉണ്ടായിരുന്നത് ഇന്നത്തെ അറിയപ്പെടുന്ന അഡ്വ.രശ്മിത രാമചന്ദ്രനാണ്. ഞങ്ങൾ പറ്റാവുന്ന രീതിയിൽ അലമ്പുകളുണ്ടാക്കി ഹോസ്റ്റൽ ജീവിതം സജീവമാക്കി.
കോട്ടയത്ത് എലിസബത്തും, എ.കെ രാമകൃഷ്ണനും സൗഹൃദ തണലായി ഉണ്ടായിരുന്നു. പരീക്ഷ എഴുതുമ്പോൾ ഞാൻ ഗർഭിണിയായിരുന്നു. പി.ബാലചന്ദ്രനായിരുന്നു ഗവേഷണത്തിന് ഗൈഡായത്. എം.എഫിൽ ഡിസർറ്റേഷൻ സബ്‌മിറ്റ് ചെയ്യുമ്പോഴേക്കും മകൻ ആരോമലിന് നാലു മാസമായിരുന്നു.
/indian-express-malayalam/media/post_attachments/aa713c250428918b9f6de7b2342a6c1e126f3d5a65545f0a78365fc394d309d5.webp)
കേരള സംഗീത നാടക അക്കാദമിയുടെ നാടക പണിപ്പുരയിൽ അവതരണത്തിനായി ഒരു നാടകം ചെയ്യാൻ അക്കാദമിക്കു വേണ്ടി ആവശ്യപ്പെടുന്നത് ആകാശവാണിയിലെ സുഹൃത്ത് ബാലനാണ്. ഞാനന്ന് ദില്ലിയിൽ ഭാരതീയ വിദ്യാഭവനിൽ ഒരു പ്രോജക്ടിൽ സഹകരിക്കുകയാണ്. മകൻ ആരോമലിന് അപ്പോഴേക്കും എട്ടു മാസം പ്രായം കാണും. മുലകുടിക്കുന്ന കാലമാണ്. എങ്കിലും നാടകം ചെയ്യാനുള്ള ആവേശത്തിൽ ഞാൻ എടുത്തു ചാടി.
ഒരു പത്രറിപ്പോർട്ടിൽ നിന്ന് പതുക്കെ ഇംപ്രവൈസ് ചെയ്തു തുടങ്ങി. ശ്രീനാഥ് അതിൻ്റെ രചന അതിനൊപ്പം മുന്നോട്ട് കൊണ്ടുപോയി. കയ്യിൽ സാമ്പത്തികമൊന്നുമില്ല. എങ്കിലും ഒരു മാനെക്വിനും ട്രോളിയും ആവശ്യമായ മറ്റു പ്രോപ്പർട്ടികളും എല്ലാം സംഘടിപ്പിച്ചു. പാക്കു ചെയ്ത് കൊണ്ടു പോകാവുന്ന രീതിയിലായിരുന്നു അവ. പത്തു പതിനഞ്ചു ദിവസം കൊണ്ട് 'ബ്യൂട്ടി പാർലർ' എന്ന സോളോ പ്ലേ പൂർത്തിയായി.
ഇന്നും ആ ദിവസങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ നെഞ്ച് വിങ്ങും. മുലപ്പാലു കൊണ്ട് കുതിർന്ന വസ്ത്രങ്ങളുമായി വൈകിട്ട് മോൻ്റെ അടുത്ത് എത്തുമ്പോൾ കുറ്റബോധം കൊണ്ട് മനസ്സ് തകരും. എന്നാൽ നാടകലോകത്തിൻ്റെ മാസ്മരിക ശക്തിയിൽ നിന്ന് മാറി നിൽക്കാനും പറ്റുന്നില്ലായിരുന്നു. അമ്മ അവൻ്റെ കൂടെ ഉള്ളതായിരുന്നു സമാധാനം.
കേരള ക്ലബ്ബിൽ റിഹേഴ്സൽ തുടർന്നുകൊണ്ടിരുന്നു. ഓംചേരി സാറും ദില്ലി സന്ദർശിക്കാനെത്തിയ അയ്യപ്പപണിക്കർ സാറും ഫൈനൽ റിഹേഴ്സൽ കാണാനെത്തി. റിഹേഴ്സൽ കണ്ട അവർ നൽകിയ ധൈര്യം വലിയ ആവേശമായി. പിറ്റേ ദിവസം പതിവുപോലെ ബാക്കി കറക്ഷൻ ചെയ്യാൻ റിഹേഴ്സൽ ആരംഭിച്ചു. കേരള ക്ലബ്ബിൻ്റെ അടച്ചിട്ട മുറിയിലെ ഫോൺ നിർത്താതെ അടിക്കുന്നുണ്ടായിരുന്നു.
മൊബൈൽ ഫോണില്ലാത്ത കാലമാണ്. ഉച്ചക്ക് വീട്ടിലെത്തിയപ്പോഴാണ് മോന് തലേരാത്രി മുതൽ ഉണ്ടായിരുന്ന ചെറിയ പനി വർദ്ധിച്ച് സന്നിപാതമായി മാറിയത് അറിയുന്നത്. വീണ്ടും രാത്രി അതാവർത്തിച്ചു. അവനെ ഞങ്ങൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. നാടകം ചെയ്യാൻ കേരളത്തിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കയാണ്. ഒരു ദിവസം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നില്ല എന്ന് അറിയിച്ചാലോ? നാടകം മുടക്കാൻ എന്നിലെ നാടകക്കാരി അനുവദിക്കുന്നുമില്ല. ഒടുവിൽ അവനെയും കൊണ്ട് കേരളത്തിലേക്ക് പോകാൻ തീരുമാനിച്ചു.
യാത്രയിലുടനീളം അവന് പനിയായിരുന്നു. എൻ്റെ അമ്മയും അവൻ്റെ അച്ഛനും കൂടെ ഉണ്ടായിരുന്നു. വല്ലാത്ത മാനസികാവസ്ഥയിലാണ് കോഴിക്കോട് എത്തിയത്. വീണ്ടും റിഹേഴ്സലും ഒരു റിഹേഴ്സൽ പ്രൊഡക്ഷനും കോഴിക്കോട് ചെയ്ത ശേഷം തൃശ്ശൂരിലേക്ക് പോയി. ആരോമലിനെ അമ്മക്കൊപ്പം കോഴിക്കോട്ടാക്കി.
കുറ്റബോധവും നാടക അവതരണത്തിൻ്റെ ടെൻഷനും എല്ലാം കൊണ്ട് ഞാനാകെ അവശയായിരുന്നു. എങ്കിലും ആ വലിയ സദസ്സിൽ ഞാൻ നാടകം അവതരിപ്പിച്ചു. ഇന്ന് പലരും അന്നത്തെ ആ അവതരണം ഗംഭീരമായിരുന്നു എന്നു പറയുമ്പോൾ എനിക്ക് ചിരി വരും, അല്പം കണ്ണീരിൻറെ നനവോടെ. കാരണം ആ ദിവസങ്ങളിൽ അങ്ങിനെ ആരും അഭിനന്ദിച്ചിരുന്നില്ല.
കേരളത്തിലെ നാടകക്കാർ പൊതുവിൽ സ്വന്തം നാടകങ്ങളെ അല്ലെങ്കിൽ അവരുടെ പ്രിയപ്പെട്ടവരുടെ നാടകങ്ങളെ മാത്രമേ ശ്രദ്ധിക്കാറുണ്ടായിരുന്നുള്ളൂ. അതിനപ്പുറത്തു നിന്നു വരുന്നവരെ, അവരുടെ വർക്കുകളെ, മനസ്സിലാക്കാൻ ശ്രമിക്കില്ലെന്ന് മാത്രമല്ല പരമാവധി പരിഹസിക്കാനും, മാനസികമായി തകർക്കാനും ശ്രമിച്ചുകൊണ്ടിരിക്കും.
ഒരു സ്ത്രീ എന്ന നിലയിൽ നാടകം ചെയ്യാൻ സാധ്യമേ അല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് വരുന്ന എന്നെപ്പോലെയൊരാൾ വ്യക്തിജീവിത സാഹചര്യങ്ങൾ നൽകുന്ന കുറ്റബോധവും നാടകക്കാരുടെ പരിഹാസമുനകളും ഒരേപോലെ നേരിടേണ്ടിവരും. ഒന്നിൻറെ ക്ഷീണവും പേറി ഏറെനാൾ ജീവിച്ചുകഴിയുമ്പോഴാണ് അടുത്ത നാടകം എന്നതിലേക്കെത്തുക. അതിന് ചിലപ്പോൾ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.
അതാണ് ഇന്ന് കേൾക്കുന്ന നല്ല വാക്കുകൾ എന്നിൽ കണ്ണീരീർപ്പമുള്ള ചിരി കൊണ്ടുവരുന്നത്. സ്ത്രീ നാടകപണിപ്പുര നൽകിയ ഈ അവസരം എന്നെപ്പോലെ കേരളത്തിലെ ഒട്ടേറെ നാടക പ്രവർത്തകരായ സ്ത്രീകൾക്ക് ശക്തിയായി. ഓരോ നാടകപ്രവർത്തകയും അവിടെ എത്തിയത് സമാനമായ സാഹചര്യങ്ങളിൽ നിന്നായിരുന്നു. ശ്രീലത 'ദേവശിലകൾ' സംവിധാനം ചെയ്ത് അവിടെ അവതരിപ്പിക്കുമ്പോൾ പൂർണ്ണഗർഭിണിയായിരുന്നു. കൊച്ചു കുട്ടികളെ കൈയ്യിൽ പിടിച്ചു കൊണ്ടായിരുന്നു ചിലർ എത്തിയത്.
ഷൈലജ ജെ, ശ്രീജ ആറങ്ങോട്ടുകര, സി.എസ്. ചന്ദ്രിക, സുധി ദേവയാനി, ജീവ എന്നിവരെല്ലാം ഈ നാടക പണിപ്പുരയുടെ ഭാഗമായവരാണ്. അന്ന് അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന ഉഷാകുമാരി ടീച്ചറായിരുന്നു ക്യാമ്പ് ഡയറക്ടർ. അക്കാദമി ഭാരവാഹികളായ തിക്കോടിയൻ മാഷും, അപ്പുക്കുട്ടൻ മാഷും, കരിവള്ളൂർ മുരളിയും ഒക്കെ ഉത്സാഹിച്ചതിൻ്റെ ഭാഗമായാണ് അന്ന് ആ ക്യാമ്പ് നടന്നത്.
അനുരാധാ കപൂർ, നീലം മാൻസിങ്ങ്, കീർത്തി ജെയിൻ, മങ്കൈ, മായാറാവു എന്നിവരെല്ലാം അവരുടെ നാടകങ്ങൾ അവതരിപ്പിച്ചു. ഇവരെയെല്ലാം പരിചയപ്പെടുന്നത് ഈ അവസരത്തിലാണ്. പിന്നീട് പല കാലങ്ങളിൽ ഒന്നിച്ചു കാണുകയും പ്രവർത്തിക്കുകയും ചെയ്തു.
ഇതെല്ലാം പുതിയ അനുഭവമായിരുന്നു. ഔപചാരികവും അനൗപചാരികവുമായ ഏറെ ചർച്ചകൾ ഞങ്ങൾ നടത്തി. മനസിനും ബുദ്ധിക്കും ഏറെ നിറവുപകർന്ന ദിവസങ്ങളായിരുന്നു അവയെന്ന് ഇന്ന് ഞാനോർക്കുന്നു. പുതിയ ആശയങ്ങളിലേക്കും പുതിയ ചിന്തകളിലേക്കുമുള്ള സഞ്ചാരമായിരുന്നു ഞങ്ങളുടേത്. എന്നാൽ അന്നു തുടങ്ങി വെച്ച യാത്രയുടെ വിലയിരുത്തലോ തുടർപദ്ധതികളോ അക്കാദമി തലത്തിൽ സംഭവിച്ചിട്ടില്ല. ഇരുപത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ആ സ്ത്രീ നാടക പണിപ്പുര നടന്നിട്ട്.
-തുടരും
സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം:
- അധ്യായം 1: മുറിവുണങ്ങിയ ഓർമ്മകളിലൂടെ
- അധ്യായം 2: ഇല്ലി പൊട്ടിയ കുടകൾ
- അധ്യായം 3: വല്യമുത്തശ്ശൻ കിടപ്പിലായ കഥ
- അധ്യായം 4: മതിലുകളില്ലാത്ത മാളികപറമ്പ്
- അധ്യായം 5: പ്രണയം, രതി, വിദ്വേഷം
- അധ്യായം 6: പതുപതുത്ത നെറ്റിയുള്ള വെളിച്ചപ്പാട്
- അധ്യായം 7: സ്വപ്നം നൃത്തം ചെയ്യുമ്പോൾ
- അധ്യായം 8: 'അയ്യോ തൊട്ടഭിനയിക്കാൻ വയ്യ!'
- അധ്യായം 9: കടും നിറങ്ങൾ ഒഴിഞ്ഞ കാലം
- അധ്യായം 10: "അവളുടെ ശരിയല്ലാത്ത പോക്ക്!"
- അധ്യായം 11: പുരോഗമന ചിന്താഗതിക്കാരൻ്റെ ജീവിത പങ്കാളിപട്ടം!
- അധ്യായം 12: അവൾ അജിതയാവാൻ നടക്ക്വാ?
- അധ്യായം 13: മാവോസേതുങ്ങിന്റെ നാട്ടില് കള്ളന്മാരില്ലെന്ന്!
- അധ്യായം 14: നാടകം ചെയ്താ പോരെ, പഠിക്കണോ?
- അധ്യായം 15: കാദംബരി ദേവിയുടെ താക്കൂർ ബാരി, ടാഗോറിന്റെയും!
- അധ്യായം 16: നാടകങ്ങൾ പൂത്ത ആ പെൺകാലം!
- അധ്യായം 17: എൻ്റെ കരളു പറിച്ചിട്ടല്ലേടാ നീ പോയത്?
- അധ്യായം 18: സൗത്ത് ആഫ്രിക്കൻ അരങ്ങിലെ മത്സ്യഗന്ധി
- അധ്യായം 19: ചിരുതയും ഞാനും
- അധ്യായം 20: പെണ്ണുങ്ങൾക്ക് പറ്റിയ പണി ചെയ്താൽ പോരേ? നാടകമെഴുതണോ?
- അധ്യായം 21: സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ, ഇരിക്കണമോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്!
- അധ്യായം 22: കണ്ണിൽ നിറഞ്ഞ വെളുത്ത കാർമേഘങ്ങൾ
- അധ്യായം 23: പൂക്കൾക്കു നിറങ്ങൾ വീണ്ടുകിട്ടിയപ്പോൾ
- അധ്യായം 24: അമ്മയുടെ മരണം സമ്മാനിച്ച ശൂന്യത
- അധ്യായം 25: സിനിമയുടെ ഷട്ടർ ഉയരുമ്പോൾ
- അധ്യായം 26: എനിക്കവളും അവൾക്ക് ഞാനും തണലായ കാലം
- അധ്യായം 27: ചിന്നേടത്തിയും ജാന്വേടത്തിയും!
- മുറിവുണങ്ങിയ ഓർമ്മകളിലൂടെ, അവസാനഭാഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.