scorecardresearch

കണ്ണിൽ നിറഞ്ഞ വെളുത്ത കാർമേഘങ്ങൾ

"കണ്ണിൽ നിന്നു വരുന്ന ഞരമ്പുകളെ അമർത്തിക്കൊണ്ട് ഒരു ട്യൂമർ വളരുന്നുണ്ട്. അതാണു സജിതയുടെ കാഴ്ചയുടെ പ്രശ്നം. വേഗം സർജറി വേണം" സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 22

"കണ്ണിൽ നിന്നു വരുന്ന ഞരമ്പുകളെ അമർത്തിക്കൊണ്ട് ഒരു ട്യൂമർ വളരുന്നുണ്ട്. അതാണു സജിതയുടെ കാഴ്ചയുടെ പ്രശ്നം. വേഗം സർജറി വേണം" സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 22

author-image
Sajitha Madathil
New Update
Sajitha Madathil |  Memories

The Life and Work of Sajitha Madathil-Chapter 22

സിനിമകളുടെ മാത്രമല്ല സൗഹൃദങ്ങളുടെയും വീണ്ടെടുപ്പുത്സവമായിരുന്നു ചലച്ചിത്രമേളകൾ എനിക്കെന്നും. എന്നാൽ 2017ലെ ഫെസ്റ്റിവൽ ഞാനൊരിക്കലും മറക്കില്ല.

Advertisment

ആ വർഷത്തെ സിനിമകളൊക്കെയും മങ്ങിയ ഒരു  ഗ്ലാസ്സിലൂടെ എന്നവണ്ണമാണ് ഞാൻ കണ്ടുതീർത്തത്. "എന്റെ കാഴ്ചയ്ക്കെന്തോ സംഭവിച്ചിട്ടുണ്ട്..."  ഞാൻ കൂടെയുള്ള ദീദിയോട് (ദാമോദരന്‍) പറഞ്ഞു, ബീന പോളിനോടും. എൻ്റെ പതിവ് തോന്നലാവുമെന്ന് കരുതി അവരൊക്കെയതു സാരമില്ലെന്നു പറഞ്ഞ് വിട്ടുകളഞ്ഞു.

തുടർന്നു വന്ന ഹരിത വിദ്യാലയം സെക്കൻ്റ് സീസണിൻ്റെ ഷൂട്ടിങ്ങ് ദിവസങ്ങളിലും ഞാനേറെ ബുദ്ധിമുട്ടി. കൂട്ടായി സുഹൃത്ത് പിയൂഷ് ആൻ്റണി ഉണ്ടായതിനാലാണ് പല സന്ദർഭങ്ങളും ഞാൻ പരിഹാസ്യയാവാതെ മുന്നോട്ട് പോയത്. ഒരു പടി കയറുന്നത് പോലും വലിയ ബുദ്ധിമുട്ടായിരുന്നു. വഴിവക്കിലെ കാഴ്ചകളൊക്കെയും തെളിച്ചം പോരാതെ ചാരം പൂശി നിൽക്കുന്നപോലെ.

പക്ഷേ, ഈ പ്രയാസത്തിൻ്റെ കാരണങ്ങൾ ആലോചിക്കാൻ എനിക്ക് സമയമില്ലായിരുന്നു. എറണാകുളത്ത് കാക്കനാട് വലിയൊരു സന്തോഷം എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എൻ്റെ സ്വന്തമിടം, എനിക്ക് ധൈര്യത്തോടെ, സമാധാനത്തോടെ ജീവിക്കാൻ ഒരു മുറി ഫ്ലാറ്റ് . 'എ റൂം ഓഫ് വൺസ് ഓൺ'  വിർജീനിയ വൂൾഫ് എഴുതുന്നത് 1929ലാണ്. ഞാനാ പുസ്തകം വായിക്കുന്നത് അത് എഴുതി അറുപതു വർഷം കഴിഞ്ഞിട്ടും. സ്വന്തമായി മുറിയും ജീവിക്കാൻ പണവും ഒരു സ്ത്രീക്ക് എത്ര മാത്രം ആവശ്യമാണ് എന്ന എഴുത്തുകാരിയുടെ ചിന്തകൾ എന്നിലേക്ക് വേരുപിടിക്കാൻ വീണ്ടും വൈകി.

Advertisment
Sajitha Madathil

പുതുതായി വാങ്ങിയ ഫ്ലാറ്റിലേക്ക് ഞാൻ എൻ്റെ കൂട്ടുകാരി  ശോഭക്കൊപ്പം ചെന്നു കയറി. അതിൻ്റെ ഡിസൈനിൽ ആർക്കിടെക്ട് രഞ്ജിത്തിനൊപ്പം ശോഭയും വലിയ പങ്കുവഹിച്ചിരുന്നു. നാടക കൂട്ടുകാർ ഗോപനും നസ്റുദ്ദീനും പുറകെ എത്തി ചേർന്നു. ഞങ്ങൾ പാലു കാച്ചി. കേക്ക് മുറിച്ചു. മകൻ അക്കാലത്ത് ബാംഗ്ലൂരിൽ പഠിക്കുകയാണ്. അങ്ങിനെ ഏറെ സന്തോഷത്തോടെയാണ് 2018ലെ പുതുവർഷത്തിലേക്ക് ഞാൻ കണ്ണുതുറന്നത്.

എൻ്റെ പുസ്തകങ്ങൾ നിറഞ്ഞ റാക്ക്, ഞാൻ യാത്രകളിൽ ശേഖരിച്ച കൗതുകവസ്തുക്കൾ, ചെടികൾ, ഭംഗിയുള്ള അടുക്കള, കിടപ്പുമുറി,  എനിക്കിഷ്ടപ്പെട്ട വെളിച്ച വിതാനങ്ങൾ! പക്ഷെ ഒരു പുസ്തകം  വായിക്കാനെടുത്ത് ഇരുന്നതും കാഴ്ചയിൽ വെളുത്ത കാർമേഘങ്ങൾ നിറഞ്ഞു. അക്ഷരങ്ങൾ നൃത്തം വയ്ക്കുന്നപോലെയും വേച്ചുവീഴുന്ന പോലെയും. പരിശോധന അനിവാര്യമായിരുന്നു. 

ശോഭയുടെ നിർദേശപ്രകാരം ഐ സ്പെഷലിസ്റ്റ് ഡോ. രാജലക്ഷ്മിയെ കാണാൻ ടോക്കൺ എടുത്തു. എന്നാൽ അവിടുത്തെ തിരക്കു കാരണം കണ്ണു കാണിക്കാതെ ഞാൻ തിരിച്ചു പോന്നു. അതിനിടയിൽ ‘കൂടെ’ എന്ന സിനിമയുടെ ഷൂട്ടിങ് ഊട്ടിയിൽ തുടങ്ങുകയാണ്. തനിച്ചാണ് യാത്ര. അ‍ഞ്ജലി മേനോൻ എനിക്കു ‘സീൻ’ വായിക്കാൻ തന്നു. ഒരു വരി തെളിയുന്നില്ല. അഞ്ജലിയോടു ഞാനെന്റെ സങ്കടം പറഞ്ഞു. "സാരമാക്കേണ്ട,  ഞാനോർമിപ്പിക്കാം..." അവളെന്റെ തൊളിൽ തൊട്ട്  ആത്മവിശ്വാസം നൽകി.

തിരക്കിൽ നടക്കുമ്പോൾ, പടികളിറങ്ങുമ്പോൾ, ഒരു കുഞ്ഞിനെപ്പോലെയായി ഞാൻ. പടികൾ  ഓടിക്കളിക്കുകയാണ്. വല്ലാതെ ബദ്ധപ്പെട്ട് അവിടെ നിന്ന് മൈസൂരുവിലെത്തി. അവിടെ 'കാളി നാടകം' അവതരിപ്പിക്കുന്നുണ്ട്. കൂട്ടുകാരെല്ലാം കേരളത്തിൽ നിന്ന് നേരിട്ട് എത്തിയിരിക്കയാണ്. അവരെ കണ്ടതോടെ പഴയ ഉത്സാഹം മടങ്ങിയെത്തി. ഞാനെല്ലാം മറന്നു. എൻ്റെ കാഴ്ചയിൽ നിറം മങ്ങിയ സദസ്സിനു മുൻപിൽ വീറോടെ കാളി നല്ല പോരു, പൊരുതി. കാളിനാടകത്തിന്റെ ഇന്നോളമുള്ള അവതരണങ്ങളിൽ ഏറ്റവും മികച്ചത് അവിടെയായിരുന്നു. പക്ഷെ സ്റ്റേജിൽ നിന്ന് ഓഡിയൻസിൻ്റെ അടുത്തേക്ക് ഓടി ഇറങ്ങാൻ, പടികൾ ചാടി കടക്കാൻ, ഞാൻ മടിച്ചു. 

Sajitha Madathil
അമ്മയ്‌ക്കൊപ്പം

തിരിച്ചു വരുമ്പോൾ അമ്മയെ കാണാൻ കോഴിക്കോട് ഇറങ്ങി. അമ്മയും അനിയത്തി സബിതയും കാത്തിരിപ്പുണ്ട്. ഞാനീ കഥകളൊക്കെ അനിയത്തിയോടു പറഞ്ഞു. അവൾക്കു ചെറുപ്പത്തിൽ മെനിഞ്ചൈറ്റിസ് വന്നിട്ടുള്ളതാണ്. ഇരട്ടക്കാഴ്ചയുടെ ബദ്ധപ്പാട് അവൾ വല്ലാതെ നേരിട്ടതാണ്. ആ കുറവു വച്ചാണ് അവൾ നന്നായി പഠിച്ചത്, പരീക്ഷകളിൽ ജയിച്ചത്.

"നീ പണ്ടു പറയുമായിരുന്ന കണ്ണിന്റെ പ്രശ്നമൊക്കെ എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്," ഞാനവളോടു പറഞ്ഞു. "ഫോണിൽ കണ്ണുകൂർപ്പിച്ചിരിക്കുന്നതു കുറയ്ക്ക്..." അവൾ ഉപദേശിയായി.

ഫോണിനെ ഞാൻ ദൂരേയ്ക്കു നീക്കിവച്ചു. എന്നിട്ടും അക്ഷരങ്ങൾ എന്നോടു ദയ കാട്ടിയില്ല. ഒരു വരി വായിക്കാനാവുന്നില്ല. അപ്പോഴും പരിചിതകാഴ്ചകളെ കേടില്ലാതെ കാണിക്കുന്ന എന്തോ ഒന്ന് എന്നിലുണ്ടെന്ന് ഞാനറിഞ്ഞു.

എൻ്റെ കാഴ്ചയുടെ പ്രശ്നങ്ങൾ എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല.  ഏകദേശം സിലിൻഡ്രിക്കൽ കാഴ്ചയാണ് എനിക്ക് ഉണ്ടായിരുന്നത്. ജീവിതം മാറുന്നത് എത്ര പെട്ടെന്നാണ്? ഞാൻ ഓരോ വസ്തുക്കളെയും സൂക്ഷ്മമായി നോക്കാൻ തുടങ്ങി. ഈ കാണുന്നതെല്ലാം, കാണാൻ പറ്റാത്തതെല്ലാം എന്റെ തോന്നലാണോ?

Sajitha Madathil

ജനുവരി 22നു നടി ഭാവനയുടെ കല്യാണദിവസം. അവിടേക്കു പോകാൻ ഒരുങ്ങുകയാണ്. കണ്ണാടിയിൽ അന്നു ഞാൻ എന്നെയല്ല കണ്ടത്. ഒരു കണ്ണു വീർത്തുവിങ്ങുന്ന പോലെ. എന്നെ കാത്തുനിന്ന കൂട്ടുകാരോടു വരുന്നില്ലെന്നു വിളിച്ചുപറഞ്ഞു. വീണ്ടും ഡോ. രാജലക്ഷ്മിയുടെ അടുത്തേക്കു പോയി. "സജിതയുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന വേറെന്തോ ഒന്നുണ്ട്, അതൊന്നു പരിശോധിക്കണം,"  അത് പറയുമ്പോൾ വലിയ പ്രശനമാണെനൊന്നും  തോന്നിയില്ല. പക്ഷെ, ആ അവസ്ഥ പെട്ടെന്ന് മാറി.

 ഞാൻ കാറിന്റെ താക്കോലെടുത്ത് ഇറങ്ങുമ്പോൾ ഡോക്ടർ ചോദിച്ചു, "സജിത എങ്ങനെയാണ് വന്നത്‌?"  ഞാൻ മറുപടി പറഞ്ഞു: "കാറോടിച്ചാണ്..." ഒരു നിമിഷം ആലോചിച്ചിട്ട് ഡോ. രാജലക്ഷ്‌മി പറഞ്ഞു: "തനിച്ച് കാറോടിച്ചു പോകേണ്ട,  സജിതയുടെ രണ്ടു കണ്ണിന്റെ കാഴ്ചയ്ക്കും കാര്യമായ തകരാറുണ്ട്."

ഡോക്ടറുടെ ആ വാക്കുകൾ കേട്ടപ്പോൾ എല്ലാമവസാനിക്കുന്നുവെന്ന തോന്നലാണ് എൻറെ മനസിലുണ്ടായത്. വീട്ടിലേക്ക് തിരിച്ചു പോകാനാണ് ആദ്യം തീരുമാനിച്ചത്.  എന്റെ മുഖഭാവം കണ്ടിട്ടാവും ഡോക്ടർ ഒരിക്കൽ കൂടി പറഞ്ഞു, "എന്റെ വീട്ടിലെ ആരെങ്കിലും ആയിരുന്നെങ്കിൽ  ഞാൻ ഉറപ്പായും പറഞ്ഞേനെ, ഉടൻ സ്കാൻ ചെയ്യണമെന്ന്."

ആ വാക്കുകൾ നിസ്സാരമാക്കാനെനിക്കു തോന്നിയില്ല. സുഹൃത്ത് മനോജ് നിരക്ഷരൻ അടുത്തു തന്നെ ഉണ്ടായിരുന്നു. കക്ഷി വേഗമെത്തി. അങ്ങിനെ അദ്ദേഹം വണ്ടിയോടിച്ച് ഞാൻ ആശുപത്രിയിലെത്തി.

കൂട്ടുകാർ ഓടിയെത്തി. ശോഭയും ബീന ചേച്ചിയും മനോജുമൊക്കെ സ്കാനിങ് മുറിക്കു മുൻപിലുണ്ട്. 'നിനക്കു  ബ്രെയിൻ ഉണ്ടോ?' എന്നറിയാനുള്ള അസുലഭ അവസരമല്ലേ ഇതെന്നവർ കളിയാക്കി. പരിചയത്തോടെ നഴ്സുമാർ അരികെ വന്നു. ആദ്യപരിശോധന കഴിഞ്ഞ് അവരിൽ പലരുടെയും മുഖം ഞാൻ ശ്രദ്ധിച്ചു. ആകെ മൂടിക്കെട്ടിയ പോലെ.

Sajitha Madathil
കൂട്ടുകാരി ശോഭ മേനോനൊപ്പം

ആശുപത്രിയിലെ കോഫി ഷോപ്പിൽ സ്കാന്‍ റിസൽറ്റിനു കാത്തിരിക്കുമ്പോൾ ഫോണിലെ മെയിൽ ബോക്സിൽ മറ്റൊരു റിസൾറ്റ് വന്നു കിടപ്പുണ്ടായിരുന്നു.  കോട്ടയത്തെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിക്കു ചേരാൻ അറിയിച്ചു  കൊണ്ടുള്ള മെയിൽ. ചിലപ്പോൾ ജീവിതം സിനിമയെക്കാൾ നാടകീയമാണ്. തൊട്ടടുത്ത ഷോട്ടിലേക്ക് ഡോക്ടർ ഷാജി കടന്നു വന്നു.

"സജിതാ...ഗൗരവമുള്ളൊരു കാര്യം പറയുകയാണ്. കണ്ണിൽ നിന്നു വരുന്ന ഞരമ്പുകളെ അമർത്തിക്കൊണ്ട് ഒരു ട്യൂമർ വളരുന്നുണ്ട്. അതാണു സജിതയുടെ കാഴ്ചയുടെ പ്രശ്നം. വേഗം സർജറി വേണം." ചില സന്ദർഭങ്ങൾ അങ്ങനെയാണ്. ഡോക്ടർ ഷാജി പറഞ്ഞത് കേട്ടെങ്കിലും ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ സർജറി എങ്ങനെ മാറ്റിവയ്ക്കാമെന്നായിരുന്നു എൻറെ ആലോചന.

-തുടരും

സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം: 

Memories Sajitha Madathil Memoirs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: