scorecardresearch

എൻ്റെ കരളു പറിച്ചിട്ടല്ലേടാ നീ പോയത്?

"ഞാന്‍ എൻറെ മാത്രം സന്തോഷങ്ങളിൽ അഭിരമിക്കുന്നവളല്ലെന്ന് ഉറപ്പിക്കാനായി എന്നിലെ നാടകക്കാരിയെ തല്ലിക്കെടുത്താന്‍ ഞാൻ പരമാവധി ശ്രമിച്ചു, ആത്മാര്‍ത്ഥമായി." സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 17

"ഞാന്‍ എൻറെ മാത്രം സന്തോഷങ്ങളിൽ അഭിരമിക്കുന്നവളല്ലെന്ന് ഉറപ്പിക്കാനായി എന്നിലെ നാടകക്കാരിയെ തല്ലിക്കെടുത്താന്‍ ഞാൻ പരമാവധി ശ്രമിച്ചു, ആത്മാര്‍ത്ഥമായി." സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 17

author-image
Sajitha Madathil
New Update
Sajitha Madathil |  Memories

The Life and Work of Sajitha Madathil-Chapter 17

ഞാൻ അവതരിപ്പിച്ച 'ബ്യൂട്ടിപാര്‍ലര്‍' സോളോ നാടകത്തെക്കുറിച്ച് അന്നതുകണ്ട പ്രേക്ഷകര്‍ ഇപ്പോഴും നല്ലതു പറയുമ്പോള്‍ മനസ്സില്‍ മുലപ്പാലുകൊണ്ടു കുതിര്‍ന്ന എന്‍റെ മേല്‍വസ്ത്രവും പനിപിടിച്ചു കിടക്കുന്ന മകന്റെ മുഖവും ഓടിയെത്തും. എന്തിനാണ് ഞാനിത്രയും സ്വാര്‍ത്ഥയാവുന്നത്, എനിക്കെന്താണ് മറ്റു സ്ത്രീകളെപ്പോലെ ലഭ്യമായ പതിവുജീവിതത്തിന്‍റെ സൗഭാഗ്യങ്ങളില്‍ ആഹ്ളാദിക്കാനാവാത്തത് എന്നെല്ലാം ഞാൻ എന്നെത്തന്നെ ശപിച്ചിട്ടുണ്ട്.

Advertisment

നാടകപഠനം എന്‍റെ ജീവിതത്തെ ഏറെ മാറ്റി. ഞാന്‍ പുതിയ ഒരാളായി. അഭിനയിക്കാതിരുന്ന, നാടകവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടാതിരുന്ന, ദിനങ്ങളില്‍ എന്‍റെ മനസ്സ് നീറിപ്പുകഞ്ഞു. ആ പുക എന്‍റെ പ്രിയപ്പെട്ടവരെ ശ്വാസം മുട്ടിച്ചു. പക്ഷെ എനിക്കതില്‍ ഒന്നും ചെയ്യാനാവില്ലെന്നും ഞാന്‍ തിരിച്ചറിഞ്ഞു. നാടകവഴിയേ പോവുക എന്നതല്ലാതെ. നാടകാവതരണം കഴിഞ്ഞ് ദില്ലിയിലേക്ക് തിരിച്ചു പോയെങ്കിലും മകൻ്റെ ആരോഗ്യം ഒട്ടും മെച്ചപ്പെട്ടില്ല. അവസാനം അവനുമായി തിരിച്ച് നാട്ടിലേക്ക് പോന്നു. 

കൽക്കത്തയിൽ പഠിക്കുന്ന കാലത്ത് സ്ത്രീ പOന കേന്ദ്രത്തിൻ്റെ നാടക വർക്ക് ഷോപ്പിൽ വെച്ച് പരിചയപ്പെട്ട ശ്രീലതയും സുധിയുമായി ചേർന്ന് 'അഭിനേത്രി' എന്ന നാടക സംഘം ഉണ്ടാക്കിയിരുന്നു. കൽക്കത്തയിലെ പഠനത്തിനിടക്കുള്ള അവധിക്കാലവും പിന്നെ കുറച്ച് അവധിയും എടുത്തായിരുന്നു ആ സംഘമുണ്ടാക്കലും അതിൻ്റെ ആദ്യ നാടക അവതരണവും.

കുടുബത്തിനു നൽകേണ്ട സമയം പാതിയും നാടകത്തിനായി ചിലവഴിച്ചു. ഒരു സ്ത്രീയിൽ നിന്ന് കുടുബം പ്രതീക്ഷിക്കുന്ന കാര്യങ്ങളിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. അതിനിടയിൽ പകൽ മുഴുവൻ നീളുന്ന നാടക റിഹേഴ്സലും, ഔചിത്വ ബോധമില്ലാതെ ഒറ്റമുറി വീട്ടിലേക്ക് ഇടിച്ചുകയറുന്ന സുഹൃത്തുക്കളും എൻ്റെ ദിവസങ്ങൾ സങ്കീർണ്ണമാക്കി. 

Advertisment

'ചിറകടിയൊച്ചകൾ' നന്നായി തന്നെ തിരുവനന്തപുരത്തെ മ്യൂസിയം ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചു. സുധിയായിരുന്നു സംവിധാനം ചെയ്തത്. ശ്രീലതയും ഞാനും അഭിനയിച്ചു. 'അഭിനയ'യിലെ രഘുത്തമനും, പ്രിയപ്പെട്ട ഷാജി കാര്യാട്ടും, ശ്രീകാന്തും സാങ്കേതിക സഹായവുമായി ഒപ്പം ചേർന്നു.

പിന്നീട് തൃശ്ശൂരിൽ സ്ത്രീവേദിയുടെ നേതൃത്വത്തിൽ നാടകം അവതരിപ്പിച്ചു. ബിന്ദു മേനോനും, അമൃതയും, സജിതയും, ചന്ദ്രികയുമൊക്കെ കൂടെ നിന്നു. എറണാകുളത്ത് ജ്യോതി നാരായണനും, അഡ്വ ഭദ്രയും, മറ്റു സ്ത്രീ വേദി പ്രവർത്തകരും, പ്രിയ സുഹൃത്ത് ശിവരാമനുമൊക്കെ ഏറെ പണിയെടുത്താണ് നാടകമവതരണത്തിനുള്ള  ഒരുക്കം നടത്തിയത്.  

Sajitha Madathil
അരങ്ങിൽ ശ്രീലതയ്‌ക്കൊപ്പം സജിത

നരേന്ദ്രപ്രസാദ്  എറണാകുളത്ത് ഞങ്ങളുടെ നാടകം കാണാൻ വരികയും പതിനായിരം രൂപ നാടക സംഘാടകർക്ക് നൽകുകയും ചെയ്തു. അദ്ദേഹത്തിൻ്റെ പ്രോത്സാഹനം ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകി.  കോട്ടയത്ത് 'സഹജ'യുടെ നേതൃത്വത്തിൽ എലിസബത്തും സുഹൃത്തുക്കളും സംഘാടനമൊരുക്കി. സ്ത്രീ സംഘടനകൾ താൽപര്യമെടുത്ത് നാടകം അവതരിപ്പിക്കാനുള്ള അവസരമുണ്ടാക്കി എന്നത് ഏറെ സന്തോഷമുണ്ടാക്കിയ കാര്യമാണ്.

പിന്നീട് ഒരു നാടക വർക്ക് ഷോപ്പും, തെരുവു നാടകവും 'അഭിനേത്രി' ചെയ്യുകയുണ്ടായി. ഞാനതിനിടക്ക് പൂർണ്ണമായും ദില്ലിയിലേക്ക് മാറുകയും ഗർഭധാരണവും പ്രസവവും കുഞ്ഞിനെ വളർത്തലിൻ്റെയും തിരക്കിലുമായി. ശ്രീലത ഫ്രാൻസിലെ നാടകസംഘത്തിൽ പ്രവൃത്തിക്കാനും ആരംഭിച്ചു. പതുക്കെ 'അഭിനേത്രി' നിശ്ശബ്ദമായി. പിന്നെയാണ് 'ബൂട്ടി പാർലർ' നാടകമൊക്കെ ഞാൻ ചെയ്യുന്നത്. ആയതിനാൽ മോനുമായി നാട്ടിലേക്ക് വീണ്ടും വന്നപ്പോൾ നാടകപ്രവർത്തനത്തിനുള്ള കൂട്ടായ്മകൾ എനിക്ക് ചുറ്റും ഉണ്ടായിരുന്നില്ല.

ഞാൻ വീണ്ടും സർക്കാർ ഗുമസ്തയായി, ഇത്തവണ കോഴിക്കോട് പുതിയാപ്പ ഗവൺമെൻ്റ് ഹൈസ്ക്കൂളിലായിരുന്നു ജോലി. ഒരു കൈനറ്റിക്ക് ഹോണ്ട വാങ്ങിച്ച് അതിലായി പിന്നെ യാത്ര. മോനെ നോക്കാൻ തൊട്ടടുത്ത വീട്ടിലെ ഒരു പെൺകുട്ടിയെ കിട്ടി. സിജിയും അവളുടെ അമ്മ സുലുവും എൻ്റെ വീട്ടുകാരും എല്ലാം ചേർന്ന് അവനെ മിടുക്കനാക്കി.

 സ്കൂളിലെ ജോലിയില്‍ തൃപ്തിപ്പെടാനും മകനെ നോക്കി ജീവിക്കാനും ഞാന്‍ ശ്രമിച്ചു. പരിഷത്തിൻ്റെ ലോകത്തും ഞാനുണ്ടായിരുന്നില്ല. സജീവമായ നാടക ജീവിതത്തിനു ശേഷം വരുന്ന ഈ ഗ്യാപ്പുകൾ എന്നെ ഏറെ അസ്വസ്ഥതപ്പെടുത്തി. എങ്കിലും ജോലിയും കുഞ്ഞുമായി സന്തോഷമായി ദിവസങ്ങൾ മുന്നോട്ട് പോയി. എന്നാൽ നാടകം മനസ്സിൽ നിന്നു കളയാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. ഞാന്‍ വീണ്ടും തിരക്കുകളിലേക്ക് സ്വയം എടുത്തെറിഞ്ഞു.

കേരളത്തിലെ പ്രൊഫഷണല്‍ നടികളുടെ ജീവിതാവസ്ഥ പഠിക്കാനുള്ള സംഗീതനാടക അക്കാദമി പ്രോജക്ട് ലഭിക്കുന്നതും പഠനം ആരംഭിക്കുന്നതും ഇക്കാലത്താണ്. ഒട്ടേറെ യാത്രകള്‍ ചെയ്ത്, നാടകപ്രവര്‍ത്തകരോട് സംസാരിച്ച്, നാടകസ്ത്രീജീവിതങ്ങളെ അടുത്തറിഞ്ഞ്, തയ്യാറാക്കിയ ഈ പഠനം എനിക്ക് നാടകവേദിയെ കുറിച്ച് ഏറെ ഉൾക്കാഴ്ചയുണ്ടാക്കാൻ സഹായിച്ചു.

ഇരുന്നൂറിലധികം നടികളുടെ വിവരങ്ങൾ ചോദ്യാവലി അയച്ച് ശേഖരിച്ചു. പിന്നെ മുപ്പതോളം പേരെ നേരിട്ട് അഭിമുഖം നടത്തി. ആ പഠനം എൻ്റെ ഗവേഷണത്തിന് വലിയ മുതൽക്കൂട്ടായി. തൊട്ടാൽ പൊള്ളുന്ന ആ നടി ജീവിതം നാടകം മുറുകെ പിടിക്കാൻ എനിക്ക് കരുത്തു നൽകി. 

Sajitha Madathil
പെൺമലയാളം കാലം 

ആ സമയത്താണ് 'കൈരളി ടിവി' തുടങ്ങാൻ പോകുന്ന വിവരം അറിയുന്നത്. കേരളത്തിലെ  സ്ത്രീജീവിതത്തെ കുറിച്ച് ഡോക്യുമെൻ്ററി സ്വഭാവത്തിലുള്ള ടിവി പരമ്പര എന്ന ആശയം മനസ്സിൽ കൊണ്ടുനടക്കുന്ന സമയമാണത്. സർക്കാർ ഗുമസ്തയുടെ ജോലി എനിക്ക് മടുത്തു തുടങ്ങിയിരുന്നു.

'പെൺമലയാളം' എന്ന തലക്കെട്ടിൽ അങ്ങനെയൊരു പരമ്പരയുടെ ആശയവുമായി  കൈരളി ടിവിയെ സമീപിച്ചു. കുറച്ച് എപ്പിസോഡുകൾ പുറത്തു നിന്ന് ചെയ്തു കാണിച്ചു.  അത് കലാശിച്ചത് എനിക്ക് 'കൈരളി' ചാനലിൽ പ്രൊഡ്യൂസറായി നിയമനം ലഭിക്കുന്നതിലാണ്.

ആഴ്ചയിൽ ഒരു എപ്പിസോഡ് എന്ന രീതിയിൽ ആവിഷ്‌കൃതമാകുന്ന പരിപാടിയായിരുന്നു 'പെൺമലയാളം'. കേരളം മുഴുവന്‍ യാത്ര ചെയ്ത് മലയാളി സ്ത്രീയുടെ സന്തോഷങ്ങളെയും സങ്കടങ്ങളെയും മുന്നേറ്റങ്ങളെയുമൊക്കെ പകര്‍ത്താനുള്ള ശ്രമമായിരുന്നു അത്. ഏറെ ഗൗരവത്തോടെയായിരുന്നു എഴുപത്തഞ്ചോളം ആദ്യകാല എപ്പിസോഡുകള്‍ ഞാന്‍ തയ്യാറാക്കിയത്. കാരണം, 'പെണ്‍മലയാള'ത്തെ വെറും ഒരു ചാനല്‍പരിപാടിയായി കാണാന്‍ എനിക്ക് കഴിയില്ലായിരുന്നു.

'പെൺമലയാളം' എന്‍റെ ജീവിതാനുഭവങ്ങളുടെയും സ്ത്രീരാഷ്ട്രീയത്തിന്‍റെയുമൊക്കെ തുടർച്ചയും  പ്രകാശനവഴിയുമായിരുന്നു. അതിനായി ചാനലിനകത്ത് ഏറെ തര്‍ക്കിച്ചു, വഴക്കിട്ടു. 'കൈരളി'യുടെ പ്രക്ഷേപണ താല്‍പ്പര്യങ്ങള്‍ മാറിവരുന്നതിനനുസരിച്ച് ഇത്തരം പരിപാടികള്‍, ആരും ശ്രദ്ധിക്കപ്പെടാത്ത സമയങ്ങളിലേക്ക് മാറ്റിവയ്ക്കപ്പെട്ടു.

ഗൗരവമുള്ള എട്ടോളം ഡോക്യുമെന്‍ററി സ്വഭാവമുള്ള പരിപാടികള്‍ അക്കാലത്ത് കൈരളിയിലുണ്ടായിരുന്നു. അവയെല്ലാം പതുക്കെ പതുക്കെ അപ്രത്യക്ഷമായി തുടങ്ങി. 'പെണ്‍മലയാളം' എന്ന പരിപാടി കുറെക്കാലം കൂടി നിലനിര്‍ത്തി. പിന്നീട് അതും അവസാനിച്ചു.

 കൈരളിയിലെ 'പെണ്‍മലയാള'വും അതിനായുള്ള യാത്രകളും ഇന്നും എനിക്ക് പ്രിയപ്പെട്ടതാണ്. മലയാളി സ്ത്രീജീവിതത്തെ അടുത്തറിയാന്‍ എനിക്ക് ലഭിച്ച വലിയ അവസരമായിരുന്നു അത്. എന്നോടൊപ്പം കാടും മലയും കയറി മടുപ്പില്ലാതെ പണിയെടുത്ത സഹപ്രവര്‍ത്തകരാണ് 'പെൺമലയാളം' യഥാർത്ഥത്തിൽ സാധ്യമാക്കിയത്.

ഞങ്ങൾ ആദ്യഘട്ടത്തിൽ, 'കൈരളി' ഉദ്ഘാടനം ചെയ്യപ്പെടും മുൻപെ, 24 മണിക്കൂറും  പണിയെടുത്തുകൊണ്ടേയിരുന്നു. റഫീക്ക് റാവുത്തറും, സന്തോഷ് പാലിയും, ശ്രീകാന്ത് മുരളിയും, സന്ധ്യ ബാലസുമയും, വിശ്വനാഥനും, പ്രമോദ് പയ്യന്നൂരും, സനിതയും, സുധീറും, രാജീവും അടങ്ങുന്ന പോഗ്രാം ടീമിനെ നയിച്ചിരുന്നത് ബാബു ഭരദ്വാജും, കെ.ആർ. മോഹനനും ആയിരുന്നു.

ബാബുവേട്ടനും മോഹനേട്ടനും നമ്മെ വിട്ടുപോയി. മകനെയും വെച്ചുള്ള തിരക്കിട്ട ജോലി ദിവസങ്ങൾ സാധ്യമായത് അവർ നൽകിയ കരുതൽ കൊണ്ടായിരുന്നു. പി. ടി കുഞ്ഞുമുഹമ്മദ് അവിടെ പൂർണ്ണസമയവും നിർദേശങ്ങൾ നൽകികൊണ്ട് ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ബെറ്റിചേച്ചിയുടെയും പീറ്ററിൻ്റെയും പ്രൊഡക്ഷൻ ടീമും സജീവമായി കൂടെ ഉണ്ടായിരുന്നു.

Sajitha Madathil
കൈകുഞ്ഞായ മകനൊപ്പം 

ആര്യയായിരുന്നു  'പെൺമലയാള'ത്തിൻ്റെ മുഖം. വൃത്തിയായി ഭാഷ കൈകാര്യം ചെയ്യാൻ അറിവുള്ള, 'പെൺമലയാളം' മുന്നോട്ട് വെക്കുന്ന വിഷയങ്ങൾ മനസ്സിലാവുന്ന ഒരാൾ. അവളായിരുന്നു ആദ്യകാല എപ്പിസോഡുകൾ അവതരിപ്പിച്ചിരുന്നത്. മറ്റൊരു പ്രധാന ടീം അംഗം ജീവ ജയദാസ് എന്ന മിടുക്കിയായിരുന്നു.

'കൈരളി' ന്യൂസിൽ ഇൻ്റേൺ ആയി സേവനം അനുഷ്ഠിക്കുന്ന കാലത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്. അങ്ങിനെ ആദ്യത്തെ കുറച്ച് എപ്പിസോഡുകൾക്ക് ശേഷം അവൾ കൂടെ കൂടി. ഞങ്ങൾ ഒന്നിച്ച് യാത്ര ചെയ്തു, ഒട്ടേറെ 'പെൺമലയാള'ങ്ങൾ ഒന്നിച്ചു രൂപപ്പെടുത്തി. 'കൈരളി' വിട്ട ശേഷം എൻ്റെ യാത്രകൾ മറ്റുവഴിക്ക് പോയെങ്കിലും ജീവ ആ യാത്ര ഇപ്പോഴും തുടരുന്നു.

ഇന്ന് 'സിഡിറ്റിൽ' പ്രൊഡക്ഷൻ ജോലികളിൽ സജീവമായ അവൾ എപ്പോൾ നേരിട്ട് കാണുമ്പോഴും ഓടി വരും. ഞങ്ങൾ 'പെൺമലയാള' യാത്രകൾ ഓർമ്മിക്കും, കുറെ ചിരിക്കും. 'പെൺമലയാളം' എനിക്ക് തന്ന കൂടപ്പിറപ്പാണവൾ.

 തിരുവനന്തപുരത്ത് എൻറെ വീട്ടിലെ അംഗമായിരുന്നു അവളും 'പെൺമലയാളം' ടീമിലെ മറ്റുള്ളവരും. തിരുവനന്തപുരത്തുള്ളപ്പോഴെല്ലാം എൻറെ അമ്മ അവർക്കെല്ലാം വെച്ചുവിളമ്പി.

എൻറെ മകൻ 'പെൺമലയാളം' ടീമിൻറെ അനൗദ്യോഗിക അംഗമായിരുന്നു എന്നുപറഞ്ഞാലും തെറ്റാവില്ല. അവനും ആ ദിവസങ്ങൾ ആസ്വദിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. സന്തോഷും റഫീക്കും ഒക്കെ അവനിപ്പോഴും പ്രിയപ്പെട്ട അങ്കിൾമാരാണ്.  പാലിയും ആനും പരിചയപ്പെടുന്നതും വിവാഹിതരാവുന്നതും അക്കാലത്താണ്.

'പെൺമലയാളം' എനിക്ക് ഏറെ അനുഭവങ്ങൾ നൽകി. ഒരിക്കൽ കോഴിക്കോട്ടെ പുല്ലൂരാമ്പാറയിൽ  ഒരു സ്‌കൂൾ വിദ്യാർത്ഥിനിയെ സ്വന്തം കസിൻ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി. ആ സംഭവത്തെ തുടർന്നുള്ള ഭയപ്പാടിൽ  അവിടുത്തെ അച്ഛനമ്മമാർ പെൺകുട്ടികളെ സ്‌കൂളിൽ വിടുന്നില്ലായിരുന്നു. അതെ കുറിച്ച് സ്റ്റോറി ചെയ്യാനാണ് ഞങ്ങൾ അവിടെ എത്തിയത്.

ഞങ്ങൾ അവിടെ എത്തിയപ്പോൾ ബലാൽസംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്ത പെൺകുട്ടിയെ അടക്കിയ സ്ഥലത്തിനു മുകളിൽ വെച്ച റീത്തിലെ പൂക്കൾ ഉണങ്ങിയിരുന്നില്ല. നിശ്ശബ്ദത തളം കെട്ടിയ അന്തരീക്ഷത്തിലാണ് ഞാൻ അവിടുത്തെ അമ്മമാരോടും പെൺകുട്ടികളോടും സംസാരിച്ചിരുന്നത്. പെട്ടെന്നായിരുന്നു പ്രതിയുമായി പൊലീസ് അവിടേക്ക് എത്തിയത്. കൂടെ ആരവത്തോടെ ജനക്കൂട്ടവും ആ മലമുകളിലേക്ക് കയറി വന്നു. അതു വരെ നിശ്ശബ്ദയായിരുന്ന ആ പെൺകുട്ടിയുടെ അമ്മ നെഞ്ചുപൊട്ടും വിധം കരയാൻ തുടങ്ങി. 

"എൻ്റെ കരളു പറിച്ചിട്ടല്ലേടാ നീ പോയത്..." 

 ആ അമ്മയുടെ വിലാപം ഒരിക്കലും മറക്കില്ല. ഞാനാ കരച്ചിലിൽ സ്തംഭിച്ചു പോയി. 'പെൺമലയാള'ത്തിനായി സ്ഥിരം ക്യാമറ ചെയ്തിരുന്ന ഗോപൻ ഓടി നടന്ന് ആ സംഭവവികാസങ്ങൾ പകർത്തി. അത്തരമൊരു പ്ലാൻ തുടക്കത്തിൽ എനിക്കില്ലായിരുന്നു, ഇത്തരം ഒട്ടേറെ ഓർമ്മകള്‍ നിറഞ്ഞതാണ്‌ ആ കാലം. എഴുപത്തിയഞ്ച് എപ്പിസോഡുകൾ ചെയ്തു കഴിഞ്ഞപ്പോഴേക്കും ആ പരിപാടിക്ക് രണ്ട് സംസ്ഥാന അവാർഡുകളും ഒരു ഫിലിം ക്രിട്ടിക്ക് അവാർഡും ലഭിച്ചു.

Sajitha Madathil
സജിത മഠത്തിൽ

എന്‍റെ മകന്‍ ആരോമലിനെ സ്കൂളില്‍ വിടാനുള്ള സമയമായപ്പോള്‍ ഞാന്‍ വീണ്ടും ദില്ലിയിലേക്ക് മടങ്ങി. ഈ കാലത്ത് ഹൈദരാബാദിലും കോഴിക്കോട്ടും  തിരുവനന്തപുരത്തും 'ബ്യൂട്ടിപാര്‍ലര്‍' അവതരിപ്പിച്ചിരുന്നുവെന്നതൊഴിച്ചാല്‍ ചാനല്‍ ജോലിയും കൊച്ചുകുഞ്ഞുമൊത്തുള്ള ജീവിതവും നാടകത്തിനിടം നല്‍കാത്തവിധം പൂര്‍ണ്ണമായിരുന്നു.

പതുക്കെ പതുക്കെ നാടകം ചെയ്യുന്നത് എന്‍റെ ജീവിതസാഹചര്യത്തില്‍ കൂടുതല്‍ പ്രയാസകരമായി അനുഭവപ്പെടാന്‍ തുടങ്ങി. നാടകം സാമ്പത്തികലാഭമില്ലാത്ത, എന്‍റെ വ്യക്തിപരമായ, താല്‍പ്പര്യം മാത്രമാണല്ലോ. ഞാന്‍ എൻറെ മാത്രം സന്തോഷങ്ങളിൽ അഭിരമിക്കുന്നവളല്ലെന്ന് ഉറപ്പിക്കാനായി എന്നിലെ നാടകക്കാരിയെ തല്ലിക്കെടുത്താന്‍ ഞാൻ പരമാവധി ശ്രമിച്ചു, ആത്മാര്‍ത്ഥമായി. പക്ഷെ ആ  കനലുകള്‍ അത്ര എളുപ്പം കെട്ടുപോകുന്നവയായിരുന്നില്ല.

-തുടരും

സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം: 

Memories Sajitha Madathil Memoirs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: