scorecardresearch

കാദംബരി ദേവിയുടെ താക്കൂർ ബാരി, ടാഗോറിന്റെയും!

"അഭിനയത്തിനൊടുവില്‍ തലചുറ്റി വീണതുമാത്രം ഓര്‍മ്മയുണ്ട്" സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 15

"അഭിനയത്തിനൊടുവില്‍ തലചുറ്റി വീണതുമാത്രം ഓര്‍മ്മയുണ്ട്" സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 15

author-image
Sajitha Madathil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sajitha Madathil Memories

The Life and Work of Sajitha Madathil-Chapter 15

കല്ലായി സ്റ്റേഷനുമുമ്പിലുള്ള ചെറിയമ്മാവന്‍റെ വീട്ടിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളൂ എന്നു പറഞ്ഞാൽ രണ്ടു കിലോമീറ്ററെങ്കിലും വരും. മാളികപ്പറമ്പിലെ പടികള്‍ ഇറങ്ങുമ്പോഴേക്കും ട്രെയിനിന്‍റെ ശബ്ദം എന്‍റെ മനസ്സില്‍ ഇരച്ചുകയറും. ആ ഇരുനില വീടിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടു പായുന്ന വണ്ടികളെ ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു.

Advertisment

സമപ്രായക്കാരനായ അമ്മയുടെ ചെറിയമ്മാവൻ്റെ മകൻ ഹരീഷിനൊപ്പം ഗുഡ്സ് വണ്ടിയുടെ ബോഗികള്‍ എണ്ണിയും ആരും കാണാതെ വണ്ടിക്കടിയിലൂടെ പാളം മുറിച്ചു കടന്നും അവധി ദിവസങ്ങള്‍ ചിലവഴിച്ചു. ഞങ്ങള്‍ നിരന്നുനിന്ന് ട്രെയിനിലേക്ക് നോക്കി കൈവീശും. പലതരം വേഷങ്ങളും ഭാവങ്ങളുമുള്ള ഒരു വലിയ മനുഷ്യലോകത്തെ വഹിച്ചുകൊണ്ട് വേഗത്തിൽ പായുന്ന ആ വലിയ തേരട്ട ഞങ്ങള്‍ക്ക് മുമ്പിലൂടെ കടന്നുപോകും. അത്ഭുതങ്ങളുടെ കലവറയാണ് ഓരോ ട്രെയിനും എന്നെനിക്ക് തോന്നിയിരുന്നു. 

കല്‍ക്കത്തയിലേക്കും ദില്ലിയിലേക്കും നിരന്തരമായി പിന്നീട് തീവണ്ടി യാത്രകള്‍ നടത്തി. ഒറ്റയ്ക്കും കൂട്ടായും. ആദ്യം ഏറെ ഇഷ്ടത്തോടെയും പിന്നെ ഒത്തിരി മടുപ്പോടെയും. ഇതിനിടയില്‍ കല്ലായി സ്റ്റേഷന്‍റെയും ട്രെയിനുകളുടെയും വലുപ്പം കുറഞ്ഞു ചെറുതായി. നിരനിരയായി നിന്നു കൈവീശുന്ന പഴയ കുട്ടികളെ വണ്ടിയുടെ കറുത്ത ഗ്ലാസിലൂടെ വീണ്ടും തിരയും, ഞാനറിയാതെ തിരിച്ചുവീശാനായി കൈകള്‍ ഉയര്‍ന്നു വരും.

പ്രിയപ്പെട്ട ഹരീഷ് ജീവിതത്തിൽ നിന്നു തന്നെ രണ്ട് വർഷം മുമ്പ് യാത്ര പറഞ്ഞ് പോയി. ഞാനപ്പോൾ ഇന്ത്യയിൽ തന്നെയില്ലായിരുന്നു. ചിട്ടയായ ജീവിതവും, എന്തും തമാശയോടെ അവതരിപ്പിക്കാനുള്ള കഴിവും കൊണ്ട് അവൻ ഞങ്ങൾ കസിൻസിനിടയിൽ പ്രിയപ്പെട്ടവനായിരുന്നു. ഞാനിപ്പോൾ കല്ലായി എത്തുമ്പോൾ ആ വീടിരുന്ന ഭാഗത്തേക്ക് നോക്കാറേ ഇല്ല.

Advertisment

കൽക്കത്തയിലേക്കുള്ള ആദ്യ ട്രെയിൻ യാത്ര ഒരിക്കലും മറക്കാനാവില്ല. മദ്രാസ് വരെയേ റിസർവേഷൻ കിട്ടിയുള്ളൂ. പിന്നെ ജനറൽ കമ്പാർട്ട്മെൻ്റിൽ കയറി വേണം യാത്ര ചെയ്യാൻ. രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയിലെ ഡാൻസ് വിഭാഗത്തിൻ്റെ ചുമതലയുള്ള ശിവശങ്കരൻ മാഷിൻ്റെ നിർദ്ദേശപ്രകാരമാണ് ഇൻറർവ്യൂവിന് പങ്കെടുക്കാനായി പുറപ്പെട്ടത്.

Sajitha Madathil

സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ പഠിച്ച ശ്രീനാഥും കൂടെയുണ്ട്. ഭീകരമായ ഒരു യാത്രയായിരുന്നു കൽക്കത്തയിലേക്ക്. മൂത്രമൊഴിക്കാൻ പോലും സാധിക്കാതെ ഏറെ കഷ്ടപ്പെട്ട് ഒരേ ഇരിപ്പ് ഇരുന്ന്. എന്നാൽ മനസ്സിൽ അത്രയും ശക്തമായ നിശ്ചയമുണ്ടായിരുന്നു. ഇതാണ് എൻ്റെ വഴിയെന്ന്. ഒട്ടും സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ എടുത്ത തീരുമാനം. അത് വിജയിപ്പിക്കേണ്ടത് എൻ്റെ ആവശ്യമായിരുന്നു.

കല്‍ക്കത്തയിലെ നാടകപഠനം എന്നെ പുതിയൊരാളാക്കി മാറ്റി. ആദ്യമായാണ് ഒരു വലിയ നഗരത്തില്‍ ഞാന്‍ താമസിക്കുന്നത്. കല്‍ക്കത്തയുടെ ആള്‍തിരക്കും, എപ്പോഴും പണികള്‍ നടന്നുകൊണ്ടിരിക്കുന്ന റോഡുകളും, ഗലികളിലെ വൃത്തിയില്ലായ്മയും, കടുകെണ്ണയിലെ ഭക്ഷണവും, പരിചിതമല്ലാത്ത ഭാഷയും എല്ലാം ശ്വാസംമുട്ടിക്കുന്ന തരത്തില്‍ എനിക്ക് പ്രശ്നമായി തോന്നി. എന്നാൽ കല്‍ക്കത്തയിലെ ജോറാസങ്കോയിലുള്ള ജോറാസങ്കോ - താക്കൂർ ബാരി എനിക്ക് പ്രിയപ്പെട്ട ഇടമായിരുന്നു. അവിടെയാണ്  കവി രവീന്ദ്രനാഥ ടാഗോറിൻ്റെ ജന്മഗൃഹം.

രബീന്ദ്ര ഭാരതി സർവ്വകലാശാലയുടെ തീയേറ്റർ, ഡാൻസ് , സംഗീതം, ആർട്ട് ഡിപ്പാർട്ട്മെൻറ്കൾ സ്ഥിതി ചെയ്യുന്ന ഇടവുമായിരുന്നു അത്. "ഇവിടെയിരുന്നാണ് ടാഗോര്‍ കാബൂളിവാല എഴുതിയത്..." , "ഇവിടെയിരുന്നായിരുന്നു ഗുരുദേബ് രാജാ നാടകം എഴുതിയത്..." ബംഗാളി കുട്ടികള്‍ ഓടിനടന്ന് ടാഗോര്‍ വസതി എനിക്ക് പരിചയപ്പെടുത്തി തരും.

സംസാര പ്രിയരാണ്. അതിനകത്തെ ചെറിയ ഡാബയിലിരുന്ന് ആ വീടിനെ കുറിച്ചും ടാഗോറിനെ കുറിച്ചും മണിക്കൂറുകൾ സംസാരിക്കാൻ അവർക്ക് മടിയില്ല. നീണ്ട വരാന്തകളും, തുറന്ന ടെറസ്സുകളും, നാടക അവതരണത്തിനുള്ള വേദികളും ഒക്കെ ചേർന്ന ഒരു വലിയ വീട്. അതിൻ്റെ കൂടുതൽ അകത്തേക്ക് പോയാൽ ഇരുണ്ട ചെറിയ മുറികളും ഗോവണികളും തെരുവിലേക്ക് തുറക്കുന്ന ജനലുകളും കാണാം. ടാഗോർ കുടുബത്തെ കുറിച്ച് അറിവു നൽകുന്ന മ്യൂസിയവും ഉണ്ട്.

അവിടെ വെച്ചാണ് കൂട്ടുകാരി മോഷ്മി ചാറ്റർജി  ഒരു ഫോട്ടോ ചൂണ്ടി ഇതാണ് ആത്മഹത്യ ചെയ്ത കാദംബരി ദേവി എന്നു പറഞ്ഞു തന്നത്. മോഷ്മി ശബ്ദം കുറച്ചായിരുന്നു അവരെ കുറിച്ചു പറഞ്ഞത്. ഞാൻ സൂക്ഷിച്ചു നോക്കി. ഒരു കൊച്ചു ചിത്രമായിരുന്നു അത്. സുന്ദരിയായ ഒരു ചെറുപ്പക്കാരി. എന്തിനായിരിക്കും അവർ ആത്മഹത്യ ചെയ്തത്? പിന്നെ ഞങ്ങളുടെ സംസാരങ്ങളിൽ കാദംബരി ഇടക്കിടക്ക് കടന്നു വന്നു.

രബീന്ദ്രനാഥ ടാഗോറിൻ്റെ ജേഷ്ഠൻ ജ്യോതിരിന്ദ്രനാഥുമായി ഒമ്പതാമത്തെ വയസ്സിൽ അവളുടെ വിവാഹം നടന്നു. വിവാഹശേഷം ഭർതൃഗൃഹത്തിലെ പേരായിരുന്നു കാദംബരി. ജ്യോതിരിന്ദ്രനാഥിന് കാദംബരിയേക്കാൾ ഒമ്പതു വയസ്സു മൂപ്പും രബീന്ദ്രനാഥിന് കാദംബരിയേക്കാൾ രണ്ടു വയസ്സു ഇളപ്പവും.

കാദംബരിയും രബീന്ദ്രനാഥും ഒന്നിച്ചു വളർന്നു. അവൾ വീട്ടിലിരുന്ന് പഠിച്ചു.  കുതിര സവാരി പഠിച്ച് കാദംബരി കൽക്കത്ത തെരുവിൽ സവാരി നടത്തിയത് അന്നത്തെ വലിയ സംസാരവിഷയമായിരുന്നത്രെ.

 രബീന്ദ്രനാഥിന്റെ രചനകളെ ഏറ്റവുമാദ്യം വായിച്ച് വിലയിരുത്തിയിരുന്നത് കാദംബരിയായിരുന്നു. തിരക്കുപിടിച്ച ജീവിതം നയിച്ച ഭർത്താവിനെ സാമീപ്യമില്ലായ്മയും കുട്ടികളില്ലാത്തതും അവളെ ആ വലിയ കുടുബത്തിൽ ഒറ്റപ്പെടുത്തിയിരിക്കാം. ഏക സുഹൃത്തായ  രബീന്ദ്രനാഥ ടാഗോറിൻ്റെ വിവാഹം കഴിഞ്ഞ് അല്പം കഴിഞ്ഞ് അവർ ആത്മഹത്യ ചെയ്തു. 

Sajitha Madathil

'നഷ്ട നീഡ്' (തകർന്ന കിളിക്കൂട്) എന്ന ടാഗോർ എഴുതിയ നോവെല്ലയിൽ പരോക്ഷമായി കാദംബരിയുടെ ജീവിതവും അവരുടെ ബന്ധവും വരുന്നുണ്ട്.  1964-ൽ സത്യജിത് റേ ഈ കഥ 'ചാരുലത' എന്ന പേരിൽ ചലച്ചിത്രമാക്കിയത് ഞാൻ കാണുന്നത് എൺപതുകളിലാണ്.

ചാരുലതയെ ഞാൻ കാദംബരിയിൽ തിരഞ്ഞു. കാദംബരിയുടെ ജീവിതത്തിൻ്റെ പാതി സത്യങ്ങളേ ഇവയിലൊക്കെ ഉള്ളൂ.  ഞാനിടക്ക് കാദംബരിയെ കാണാൻ ആ ചിത്രത്തിനടുത്തേക്ക് പോവും. അവിടെ പ്രദർശിപ്പിക്കപ്പെട്ട വലിയ വലിയ കുടുബ ചിത്രങ്ങൾക്കിടയിൽ അവൾക്ക് ശ്വാസം മുട്ടുന്നുണ്ടാവുമോ?

മനോജ് മിത്രയും, ബിബാസ് ചക്രവര്‍ത്തിയും, കനൈയ്സെന്നും, ജോഗേഷ് ദത്തും അടങ്ങുന്ന ബംഗാള്‍ നാടകവേദിയിലെ പ്രമുഖര്‍ വന്നുപോയിക്കൊണ്ടിരുന്ന ആ ഡിപ്പാര്‍ട്ട്മെന്‍റും എന്‍റെ കഴിവില്‍ അവര്‍ കാണിച്ച വിശ്വാസവും എനിക്ക് നാടകമെന്ന മാധ്യമത്തെ കൂടുതല്‍ അറിയാന്‍ പ്രേരണ നല്‍കി.

മലയാളി വിദ്യാർത്ഥിയായ പ്രിയപ്പെട്ട സുഹൃത്ത് രാജീവ് നായർ അക്കാലത്ത് ഇതേ ക്യാമ്പസിൽ ഗ്രാഫിക് ഡിസൈനു പഠിക്കുകയായിരുന്നു. ഇന്ന് തെലുങ്ക് സിനിമാലോകത്തെ അറിയപ്പെടുന്ന ആർട്ട് ഡിസൈനറാണ് അദ്ദേഹം.  എന്നും നാടകങ്ങള്‍ കളിച്ചിരുന്ന രബീന്ദ്ര സദനും, ഫൈന്‍ ആര്‍ട്സ് ഹാളും, പുതുതായി അക്കാലത്ത് പണികഴിപ്പിച്ച നന്ദനും പരിസരവും കല്‍ക്കത്തയിലെ സാംസ്കാരിക ജീവിതത്തിന് മിഴിവേകി.

ലോകത്തിന്‍റെ പലഭാഗത്തുനിന്നുള്ള നാടകസംഘങ്ങള്‍ അവിടേക്ക് എത്തി, അവയെന്‍റെ നാടകക്കാഴ്ചകളെ മാറ്റിമറിച്ചു. നാടകം ചെയ്തും, കണ്ടും, ഉറ്റവരെ പിരിഞ്ഞിരിക്കുന്നതില്‍ കരഞ്ഞും  നാഷണല്‍ ലൈബ്രറിയില്‍ മണിക്കൂറുകൾ ചിലവഴിച്ചും കല്‍ക്കത്താ ജീവിതം പൂര്‍ത്തിയാക്കി. കൽക്കത്തയിൽ ജീവിച്ച ദിവസങ്ങളാണ് എന്‍റെ നാടക പഠനത്തിന്  അടിത്തറയിട്ടത്. 

ആ ദാരിദ്ര്യം പിടിച്ച നാളുകളില്‍ കൂട്ടുകാര്‍ക്കൊപ്പം രബീന്ദ്ര സദന്‍ മുതല്‍ 'എസ്പ്ലനേഡ്' വരെ നടക്കും, അവിടെനിന്ന് ട്രാമില്‍ കേറി കോളജിലേക്കും. വഴിയരികിലെ കച്ചോരിയും കറിയും സ്വാദോടെ കഴിക്കും, ചിലപ്പോള്‍ രസഗുളയും. എപ്പോഴും തിരിച്ചുപോകാന്‍ കൊതിക്കുന്ന ഒരു മനസ്സുമായാണ് ഞാന്‍ കല്‍ക്കത്തയില്‍ കഴിഞ്ഞത്. 

കോഴ്സ് പൂര്‍ത്തിയാക്കിയതുതന്നെ വലിയൊരു പരീക്ഷണമായിരുന്നു. അവസാനദിവസത്തേത് അഭിനയത്തിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷയായിരുന്നു. അന്നുരാവിലെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ മുഖത്ത് ചെറിയ പൊള്ളകള്‍... കൈയിലും, ശരീരത്തിലുമുണ്ട് ചെറുത് ചെറുത്. ചിക്കന്‍പോക്സാണെന്ന് മനസ്സിലായി.

ഫോണിലൂടെ അമ്മപറഞ്ഞു, 'ഇത്രയും ദൂരെ നീ ഒറ്റക്ക്... എന്‍റെകൂടെ ആയിരുന്നപ്പോള്‍ ഒന്നും വരാതെ ഞാന്‍ നോക്കി..." എന്ന്. നിസ്സഹായമായ അവസ്ഥ. കൂട്ടുകാരുടെ സഹായത്തോടെ പരീക്ഷയില്‍ പങ്കെടുക്കാന്‍ തന്നെ തീരുമാനിച്ചു. കൂടെ അഭിനയിക്കുന്നവര്‍ എന്നെ കണ്ട് ഞെട്ടിയിരിക്കണം. പക്ഷെ അവര്‍ സഹകരിച്ചതുകൊണ്ടു മാത്രം ഞാന്‍ അഭിനയിച്ചുതീര്‍ത്തു. അഭിനയത്തിനൊടുവില്‍ തലചുറ്റി വീണതുമാത്രം ഓര്‍മ്മയുണ്ട്. 

Sajitha Madathil

തിരിച്ചുപോരാനാവുമ്പോഴേക്ക് കറുത്ത മണ്ണും, ഹൂഗ്ലിനദിയും, തെരുവില്‍ പലപ്പോഴും ഉണ്ണാതെ ഉറങ്ങാൻ ശ്രമിക്കുന്ന ആയിരക്കണക്കിന് ദരിദ്രരായ മനുഷ്യരും നിറഞ്ഞ കല്‍ക്കത്ത ഞാന്‍ പതുക്കെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. രബീന്ദ്ര സംഗീതവും, ടെറാകോട്ടയിലെ ആഭരണങ്ങളും, ബംഗാളി സാരിയും, വലിയ പൊട്ടും ഒക്കെ എന്നോടൊപ്പം ഞാന്‍ കൊണ്ടുപോന്നു.

കല്‍ക്കത്തയുമായുള്ള എന്‍റെ പൊക്കിള്‍കൊടി ബന്ധം നിലനിര്‍ത്തിയിരുന്നത് ഫിലോമിന ആന്‍റിയാണ്. മലയാളത്തിലും കൂടുതല്‍ ഇംഗ്ലീഷിലും സംസാരിക്കുന്ന സുന്ദരിയായ എന്‍റെ ആന്‍റി. അവരുടെ വീട്ടിലെ പേയിങ് ഗസ്റ്റായിരുന്നു ഞാന്‍.

ചൗരങ്കി ലെയ്‌നിലെ വീട്ടില്‍ പതുക്കെ ഞാന്‍ അതിഥിയല്ലാതായി. ദാരിദ്ര്യത്തിന്‍റെ ദിനങ്ങളില്‍ അവരെനിക്ക് പഠിക്കാനുള്ള കാശുതന്നു. വീടുവിട്ടു നില്‍ക്കുന്നതിന്‍റെ ദു:ഖം അകറ്റിയത് അവരാണ്. ക്രിസ്തുമസ്സിനും ദീപാവലിക്കും ഞങ്ങള്‍ ഗലികളിലെ കുട്ടികള്‍ക്കായി ഭക്ഷണവും മധുരവും ഉണ്ടാക്കി വിതരണം ചെയ്തു. രാത്രിമുഴുവന്‍ പാട്ടുപാടി നൃത്തം ചവിട്ടി രസിച്ചു. 

ആന്‍റി ഞാനതുവരെ കണ്ട സ്ത്രീകളില്‍ നിന്ന് വ്യത്യസ്തയായിരുന്നു. വലിയ നഗരത്തില്‍ ജനിച്ചു വളര്‍ന്ന്, മലയാളിയായ ഒരു ക്രിസ്ത്യാനിയെ വിവാഹം കഴിച്ച്, നാല് ആണ്‍കുട്ടികളുടെ അമ്മയായ, ഒറ്റക്കു ജീവിക്കുന്ന ആ വിധവ എന്നെ നിബന്ധനകളില്ലാതെ സ്നേഹിച്ചു, ശാസിച്ചു, സന്തോഷങ്ങളില്‍ ആനന്ദിക്കാനും, ദു:ഖങ്ങളില്‍ തകരാതിരിക്കാനും അവര്‍ പഠിപ്പിച്ചു. എന്‍റെ കൂട്ടുകാരുടെ ആസ്ഥാനമായി ആ വീട് മാറി. 

കല്‍ക്കത്തയിലെത്തുന്ന എന്‍റെ കൂട്ടുകാര്‍ അവരെ അന്വേഷിച്ച് പോയി  സൗഹൃദം പുതുക്കാറുണ്ടായിരുന്നു. പിന്നെ ഞാന്‍ കല്‍ക്കത്ത സന്ദര്‍ശിക്കുന്നത് പത്തുവര്‍ഷത്തിനു ശേഷമായിരുന്നു. 70-ാം നമ്പര്‍ വീട് അപ്പോഴേക്കും, മണ്ണിനോട് ചേര്‍ന്ന് അവിടെ പുതിയൊരു  ഫ്ളാറ്റ് സമുച്ചയം പൊങ്ങിയിട്ടുണ്ടായിരുന്നു.

ബ്രഹദേശി ഫെസ്റ്റിവല്‍ ഡോക്യുമെന്‍റ് ചെയ്യാനായി സംഗീതനാടക അക്കാദമി സംഘത്തോടൊപ്പം എത്തിയതായിരുന്നു ഞാന്‍. ആന്‍റി അവിടെയൊക്കെ ഓടി നടന്ന്, ഞാനുമായുള്ള ബന്ധം പറഞ്ഞ് സന്തോഷിക്കുന്നുണ്ടായിരുന്നു. 

ഓരോ ക്രിസ്തുമസ്സിനും ന്യൂയിയറിനും ആ നമ്പരിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ഒരു നിമിഷം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കും, "മാളികക്കാവിലമ്മേ, ആന്‍റിയുടെ ശബ്ദം കേള്‍ക്കണേ, അവര്‍ ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടാവണേ..." ഒടുവിൽ കഴിഞ്ഞ വർഷം ആൻറിയുടെ മരണവിവരം എന്നെ തേടിയെത്തി.

കൽക്കത്തയിലേക്ക് എത്താൻ സാധിക്കാത്ത അവസ്ഥയായിരുന്നു എനിക്കപ്പോൾ.  ആൻ്റി, ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരാൾ, കൽക്കത്തയിലെ എൻ്റെ അമ്മ. ഓരോ പ്രിയപ്പെട്ടവരുടെ മരണവും നമ്മളെ ഈ ലോകത്ത് കൂടുതൽ അപരിചിതരാക്കുന്നു.

കുറച്ചു പൂക്കൾ അവരുടെ കാൽക്കൽ വെപ്പിക്കാൻ എനിക്കായി. എനിക്കു പകരമായി അവിടെ എത്തിയ മിസ്സിസ്സ് കൃഷ്ണൻ നായർ എന്ന അപരിചിതയായ ആ നാടക സുഹൃത്തിന് എങ്ങിനെയാണ് നന്ദി അറിയിക്കുക ജീവിതത്തിന്റെ ചിട്ട, വൃത്തിബോധം, ശുചിത്വം, പെരുമാറ്റരീതികൾ എന്നിവയൊക്കെ എന്നെ പഠിപ്പിച്ചത് അവരാണ്. ചെറിയ സൗകര്യത്തിൽ ജീവിക്കുമ്പോഴും അവിടം ഭംഗിയായി വെക്കാൻ അവർ ശ്രമിച്ചു. അവർക്കൊപ്പം ജീവിച്ച് ഞാനുമത് കുറെ സ്വാംശീകരിച്ചു.

കല്‍ക്കത്തയിലെ പഠനത്തെ ഞാൻ  അതീവ ഗൗരവകരമായ കാര്യമായി കണ്ടു. എന്റെ വായന മറ്റൊരു രീതിയിലേക്ക് മാറി. ധാരാളം നാടകങ്ങൾ കാണാൻ തുടങ്ങി. അതൊക്കെ ആ കാലഘട്ടത്തെ വളരെ സന്തോഷകരമായൊരു കാലമാക്കാൻ എന്നെ സഹായിച്ചു. എന്നാൽ നാടകം പഠിച്ച് തിരിച്ചു പോയത് ദില്ലിയിലേക്കായിരുന്നു. എൻ്റെ ചുറ്റുംമുള്ള സാംസ്കാരിക-സാമൂഹിക ലോകം ഒഴിഞ്ഞു പോയി. ഒന്നും ചെയ്യാതെ വീട്ടിലിരിക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. 

പാചകം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അതുപോലെ വീട് വൃത്തിയാക്കി വെക്കലും എനിക്ക് നിർബന്ധമാണ്. എന്നാൽ ഒരു ശരാശരി വീട്ടമ്മ ചെയ്യേണ്ട നിരന്തരമായ വീട്ടുപണികൾ എന്നെ ബോറടിപ്പിക്കും.

അന്ന് അതൊന്നും തുറന്നു പറയാൻ സാധിച്ചിരുന്നില്ല. അല്ലെങ്കിൽ ഞാനനുഭവിച്ചിരുന്ന അസ്വസ്ഥതകളെ സ്വയം തിരിച്ചറിയാനും കുറ്റബോധമില്ലാതെ റിഫ്ളക്സ്റ്റ് ചെയ്യാനും അറിയില്ലായിരുന്നു. ഒന്നറിയാം, നാടകമില്ലാത്ത ലോകം എന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു.

-തുടരും

സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം: 

Memories Sajitha Madathil Memoirs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: