scorecardresearch

വല്യമുത്തശ്ശൻ കിടപ്പിലായ കഥ

പാല് കറക്കാനായി ആലയിലേക്ക് നടക്കും വഴി അവൾ ഉമ്മറത്തിരിക്കുന്ന വല്യമുത്തശ്ശനെ ഒന്നു തിരിഞ്ഞു നോക്കും. മൊന്തയിൽ പാലുമായി തിരിച്ചു പോകുമ്പോൾ പാത്രമൊന്നു മണക്കും... വൈകിട്ട് ഭസ്മക്കൊട്ടയിലേക്ക് കാല് ഏന്തി കൈ നീട്ടി നിന്ന് ഭസ്മമെടുത്ത് തൊടും...

പാല് കറക്കാനായി ആലയിലേക്ക് നടക്കും വഴി അവൾ ഉമ്മറത്തിരിക്കുന്ന വല്യമുത്തശ്ശനെ ഒന്നു തിരിഞ്ഞു നോക്കും. മൊന്തയിൽ പാലുമായി തിരിച്ചു പോകുമ്പോൾ പാത്രമൊന്നു മണക്കും... വൈകിട്ട് ഭസ്മക്കൊട്ടയിലേക്ക് കാല് ഏന്തി കൈ നീട്ടി നിന്ന് ഭസ്മമെടുത്ത് തൊടും...

author-image
Sajitha Madathil
New Update
Sajitha Madathil Memories

The Life and Work of Sajitha Madathil- Part 3

എല്ലാ കഥയിലും കുറച്ച് ചുഴിയും തിരിവും ഉണ്ട്. ജീവിതവും അങ്ങിനെ തന്നെയല്ലേ? അതിലൊന്നാണ് വല്യമുത്തശ്ശൻ കിടപ്പിലായ കഥ. അത് കുടുബരഹസ്യമാണ്. ഞാനിത് ആദ്യമായാണ് പുറത്ത് പറയുന്നത്. ദയവു ചെയ്ത് മറ്റാരോടും പറയരുത്.

Advertisment

വല്യ മുത്തശ്ശന്റെ നടുവിന് വയ്യാതെ കിടപ്പാവണ സംഭവം ഉണ്ടാവണ വരെ വല്യമുത്തശ്ശി കാര്യമായി തന്നെയാണ് വല്യമുത്തശ്ശനെ പരിഗണിച്ചിരുന്നത്. മൂപ്പര് നല്ല മിടുക്കനും ആയിരുന്നു.

അത്രക്കും ഇഷ്ടണ്ടായിട്ടാണോ വല്യ മുത്തശ്ശി മുത്തശ്ശനെ ചവിട്ടി നടുവൊടിച്ചത്? "നിന്റെ വായേൽ നാവ് ഒന്ന് ഒതുക്കിക്കോ!" ഗോവിന്ദൻമാമയുടെ അമ്മായി ദേഷ്യപ്പെട്ടു. വല്യമുത്തശ്ശിയുടെ കാലുകൾ പണിയെടുത്ത് ഉറപ്പുള്ളതായിരുന്നു എന്നത് സത്യമാണ്. സംഗതിയുടെ വിശദാംശങ്ങൾ പറയാം. അത് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.

Sajitha Madathil

Advertisment

എൻ്റെ അമ്മൂമ്മ , അമ്മിണിയുടെ  നാലാമത്തെ പ്രസവത്തിന് വല്യ ബുദ്ധിമുട്ടായിരുന്നു. വെളിച്ചം കയറാത്ത കുട്ടിഅകത്തു നിന്ന് അമ്മിണിയുടെ കരച്ചിലും, വയറ്റാട്ടി മാളുവിൻ്റെ കാല് കുറച്ചു കൂടി പൊളത്തിവെക്ക് തുടങ്ങിയ നിർദ്ദേശങ്ങളും പുറത്തേക്ക് കേട്ടു.  തള്ളയോ കുഞ്ഞോ എന്നറിയാത്ത അവസ്ഥ. വയറ്റാട്ടി മാളൂം വല്യമുത്തശ്ശീം കിണഞ്ഞു ശ്രമിച്ചിട്ടാ കൊച്ചിന്റെ തല പൊറത്തു വന്നത്. ചോരപ്പൊഴയായിരുന്നു, നിക്കാതെ! പേടിച്ചു പോയ അമ്മിണിയുടെ അമ്മ, എൻ്റെ വല്യമുത്തശ്ശി "അമ്മിണീ, അമ്മിണീ" എന്ന് വിളിച്ചോണ്ടിരുന്നു. ഒരു വിധം രണ്ടും രണ്ടു വഴിക്കായി കിട്ടീന്ന് ബോധ്യായപ്പോ വല്യമുത്തശ്ശി ആ കുഞ്ഞിനെ കാടാമ്പുഴയിൽ കൊണ്ടു പോയി ചോറു കൊടുക്കാം എന്ന് വഴിപാട് നേർന്നു.

അമ്മിണിയും, കൊച്ചുനായരും വല്യമുത്തശ്ശിം കൂടി കുഞ്ഞിന്, അതായത് എൻ്റെ അമ്മക്ക്, ആറു മാസമായപ്പോൾ കാടാമ്പുഴ ക്ഷേത്രത്തിലേക്ക് പൊറപ്പെട്ടു. വല്യമുത്തശ്ശനും, പോലീസിന്റെ അടി കൊണ്ട് വയ്യാതെ കിടപ്പായ ഗോവിന്ദൻമാമയും അരി വേവിക്കുന്ന കല്യാണിയും പിന്നെ രാമനും ചിരുതയും വീടും പറമ്പും ഏറ്റെടുത്തു. രാമനും ചിരുതയും തൊടിയുടെ പടിഞ്ഞാറെ അറ്റത്താണ് കുടിവെച്ച് താമസിച്ചിരുന്നത്.

"എന്നിട്ട്?" ഞാനറിയാതെ ചോദിച്ചു പോയി.

"എന്നിട്ടെന്താ, പറ്റുപറ്റി..."

 ഗോവിന്ദമാമയുടെ അമ്മായി മുറുക്കി കറുത്ത പൊങ്ങിയ പല്ലുകൾ കാണിച്ചു ചിരിച്ചു. സാഹചര്യങ്ങൾ മനുഷ്യനെ തെറ്റിലേക്കു നയിക്കുമോ? ഞാനത് വിശ്വസിക്കുന്നില്ല. സാഹചര്യങ്ങൾ തെറ്റിനായും ശരിക്കായും നമ്മളാണ് സൃഷ്ടിക്കുന്നത്. അല്ലെങ്കിൽ ശരിയും തെറ്റും തീരുമാനിക്കാൻ നമ്മളാരാണ്.
 വല്യമുത്തശ്ശന് അതായിരുന്നു അന്നത്തെ ശരി. ശരികൾ തെറ്റായി മാറുന്നത് കാണുന്ന ആളുകളുടെ കാഴ്ച കൊണ്ടല്ലെ?
ഏതായാലും വല്യമുത്തശ്ശിക്കത് മരണം വരെ പൊറുക്കാനായില്ല! അങ്ങിനെ ആലോചിച്ചാൽ വല്യമുത്തശ്ശൻ്റെ മിടുക്ക് അല്പം കൂടി പോയതു കൊണ്ടാവും നടുവൊടിഞ്ഞു പോയത്.

ഞാനിനി ഒരു സ്വകാര്യം കൂടി പറയാം.  എന്നോടിതൊക്കെ പുറം പണിക്ക് വന്നിരുന്ന രാമന്റെ മകൾ വള്ളി പറഞ്ഞതാ. അവളോട് അവളുടെ അമ്മ ചിരുത പറഞ്ഞതാണത്രെ! വല്യമുത്തശ്ശി നടുവിന് ചവുട്ടിയേ പിന്നെയാ നായര് അമ്പേ കിടപ്പിലായത് എന്ന്. എനിക്ക് അവിശ്വാസമൊന്നും തോന്നുന്നില്ല. ശരിയായിരിക്കും. ആ കാലിലൂടെ ഞാൻ കുറെ ഇഴഞ്ഞു കയറിയിട്ടുള്ളതല്ലെ? ഞാനാ കാലിൽ കിടന്ന് കുറെ ഉറങ്ങിയിട്ടുമുണ്ട്. നല്ല പണിയെടുത്ത് ഉറച്ച കാലു തന്നെയാ.

എല്ലാം തുടങ്ങിയത് കല്യാണിയിൽ നിന്നാണ്. അടുക്കളയിൽ വല്യമുത്തശ്ശിയെ സഹായിച്ചത് അകന്ന ബന്ധുവായ കല്യാണിയാണ് എന്നു ഞാൻ പറഞ്ഞിരുന്നില്ലേ? കല്ല്യാണി പ്രായത്തിൽ മകൾ അമ്മിണിയെക്കാൾ ചെറുതാണ്. സംബന്ധക്കാരൻ ഒഴിഞ്ഞ് കല്ല്യാണി വീട്ടിൽ നിക്കണ കാലം. ദാരിദ്ര്യം നല്ലോണമുള്ള കുടുബം.രാമനെ പറഞ്ഞു അയച്ചാണ് അവളെ കൂട്ടി കൊണ്ടു വന്നത്.  കൊച്ചു കുട്ടിയാണല്ലോ? അവൾക്ക് പണിയൊക്കെ ചെയ്യാൻ പറ്റുമോ എന്നൊക്കെ വല്യമുത്തശ്ശൻ സംശയവും ഉന്നയിച്ചിരുന്നു.  പക്ഷേ, മകൾ അമ്മിണിയുടെ കുട്ടികളെ നോക്കാനൊരാൾ വേണമായിരുന്നു. അതിന് വല്യമുത്തശ്ശി വിളിച്ചു വരുത്തിയതാണ്. 

അമ്മിണി കൊല്ലം തോറും പെറ്റു കൂട്ടുന്ന കാലം. അഥവാ ഗർഭമില്ലാത്ത വർഷങ്ങളിൽ നാട്ടിലെ പെണ്ണുങ്ങള് ചോദിക്കുംത്രെ എന്താ അമ്മിണീ വെറുതെ ഇരിക്കുന്നതെന്ന്! അതിനാൽ അത്തരം ചോദ്യങ്ങൾക്കുള്ള അവസരം അമ്മിണിയും കൊച്ചുനായരും കൊടുത്തിട്ടില്ല.

Sajitha Madathil

വല്യമുത്തശ്ശി പറമ്പിലും വീട്ടിലും ഓടിനടന്ന് പണിയെടുക്കും. ഉച്ചയുറക്കം പോലുമില്ല. വൈകിട്ട് വെളക്കു കത്തിച്ച ശേഷം കാലുനീട്ടിയിരുന്ന് ഭർത്താവിനോട് അന്നത്തെ വിശേഷങ്ങളും ചിലവു കണക്കുകളും പറയും. നടുമുറിയിൽ അമ്മിണിയുടെ കുട്ടികൾക്കൊപ്പം കിടന്നുറങ്ങും.വല്യമുത്തശ്ശൻ അപ്പോഴേക്കും ഉമ്മറത്തെ മുറിയിൽ ഒറ്റക്ക് കിടക്കാൻ ആരംഭിച്ചിരുന്നു. നെല്ലുവിത്ത് ചാക്കിലായി അതേ മുറിയിൽ വിങ്ങുന്നുണ്ടായിരുന്നു. 

ഇക്കിളിയുടെ കൂട് കഴുത്തിലും അരക്കെട്ടിലും, കാൽപാദത്തിനിടയിലുമെല്ലാം ഞാൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് എന്നെ കുളിപ്പിയ്ക്കുമ്പോൾ അമ്മായി പറയും.

വല്യമുത്തശ്ശനും ഇക്കിളിക്കാരനായിരുന്നു. എനിക്കതാണ് കിട്ടിയത്!  ഉമ്മറത്തെ മുറിയിൽ ഉച്ചമയക്കത്തിൽ നിന്ന് മുത്തശ്ശൻ അന്ന് ഉണർന്നിരുന്നത് തന്റെ പാദങ്ങളിൽ കല്ല്യാണി വിരൽ കൊണ്ട് ഇക്കിളിപ്പെടുത്തുമ്പോഴാണ്. ചായ കൊണ്ടുവെക്കുമ്പോഴെല്ലാം കല്യാണി എന്തു കൊണ്ടോ അങ്ങിനെ ചെയ്തിരുന്നു. ആദ്യമത് വല്യമുത്തശ്ശനിൽ ആശ്ചര്യവും അത്ഭുതവുമുണ്ടാക്കിയിരുന്നു, പിന്നെ ആ വിരലിന്റെ മാന്ത്രികതക്കായി വല്യമുത്തശ്ശൻ കാത്ത് കണ്ണടച്ച് കിടക്കുമായിരുന്നത്രെ!

നല്ല രസമുള്ള പെണ്ണായിരുന്നു കല്യാണി. അവൾ അധികം സംസാരിക്കില്ല, നല്ല ഭംഗിയുള്ള കണ്ണും മൂക്കും അവർക്ക് ഉണ്ടായിരുന്നു. ഉറച്ച കാലും. പണിയെടുത്തും ഉച്ചത്തിൽ അഭിപ്രായങ്ങൾ പറഞ്ഞും ഓടിനടന്ന വല്യമുത്തശ്ശിയും സ്വാതന്ത്രഭടയാവാൻ സാധിക്കാത്ത ദുഃഖത്തിൽ പന്ത്രണ്ടു പെറ്റ് ജീവിതം കോഞ്ഞാട്ടയായെന്ന് കരുതി ജീവിച്ച അമ്മിണി അമ്മൂമ്മക്കും ഇല്ലാത്ത എന്തോ ഒന്ന് കല്യാണിയിൽ ഉണ്ടായിരുന്നു. കൈയ്യിലെ വിരൽ തുമ്പു മുതൽ പെരുങ്കാലു വരെ അവൾ പെണ്ണായിരുന്നു. 

അവളുടെ കണ്ണിന്റെ ഒരു ചലനം, കഴുത്ത് ചെറുതായി വെട്ടിക്കൽ, ചുണ്ടിന്റെ വിടർച്ച തുടങ്ങി എന്തും പുരുഷനിൽ കാമമുണർത്തുമത്രെ! വലിയ മുലകളോ, ചന്തിയോ, നീണ്ട മുടിയോ അവൾക്കില്ലായിരുന്നു. എന്നാൽ പശുവിന്റെ പാല് കറക്കാനായി ആലയിലേക്ക് നടക്കും വഴി അവൾ ഉമ്മറത്തിരിക്കുന്ന വല്യമുത്തശ്ശനെ ഒന്നു തിരിഞ്ഞു നോക്കും. മൊന്തയിൽ പാലുമായി തിരിച്ചു പോകുമ്പോൾ പാത്രമൊന്നു മണക്കും. വൈകിട്ട് ഭസ്മക്കൊട്ടയിലേക്ക് കാല് ഏന്തി കൈ നീട്ടി നിന്ന് ഭസ്മമെടുത്ത് തൊടും. ഉമ്മറത്തെ കിണ്ടിയിൽ വെള്ളം കൊണ്ടു വെച്ച് അല്പം കാലിലേക്ക് ഒഴിക്കും...

അവൾ ചെയ്യുന്ന എന്തിനും ഒരു ഭംഗിയുണ്ടായിരുന്നു. ഒട്ടും ബഹളമില്ലാത്ത ശാന്തമായ ശരീരം, പ്രണയവും കാമവും ഒളിപ്പിച്ച ശരീരം കൊണ്ട് പതിഞ്ഞ താളത്തിൽ നൃത്തം വെക്കുന്നവൾ. അവൾ ഒന്നും അവിവേകമായി ചെയ്തിട്ടില്ല, വല്യമുത്തശ്ശനും. പക്ഷേ, ആ വലിയ ലോകത്ത് അവർ മാത്രമായതായി അവർക്ക് തോന്നാൻ തുടങ്ങി. അടുക്കള അഴിയിലൂടെ ചാരുകസാരയിൽ കിടന്ന് വല്യമുത്തശ്ശൻ അടുക്കള പണിയിൽ മുഴുകിയ അവളുടെ മുഖത്തിന്റെ തിളക്കം തീയിന്റെ, വെയിലിന്റെ, താളത്തിൽ കാണാനിഷ്ടപ്പെട്ടു. തന്നെ തലോടുന്ന ആ നോട്ടം അവളിലും ഇടക്കെങ്കിലും കൊരുക്കുന്ന തിരിച്ചു നോട്ടം വല്യമുത്തശ്ശനിലും ഒരു തരം വേവലുണ്ടാക്കി.

വല്യമുത്തശ്ശി തീർത്തും വ്യത്യസ്തയായിരുന്നു. അമ്മിണി പെറാൻ തൊടങ്ങിയേ പിന്നെ വല്യമുത്തശ്ശി മൂത്ത കുട്ടികളെ നോക്കാനായി നടുമുറിയിലേക്ക് പോന്നു എന്ന് പറഞ്ഞല്ലോ. നേരത്തെ അവരുടെ മുറി മുകളിലായിരുന്നു. പിന്നീടത് അമ്മിണിക്കും കൊച്ചുനായർക്കും കൊടുത്തു. വല്യമുത്തശ്ശി ശരീരത്തെ വൃത്തിയായി സൂക്ഷിക്കാനും, നീണ്ട മുടി മുകളിലേക്ക് കൊണ്ട കെട്ടിവെക്കാനും, വസ്ത്രങ്ങൾ അലക്കി വെളുപ്പിക്കാനും, ശ്രദ്ധ കാണിച്ചിരുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കുട്ടികളുടെ പഠിത്തത്തിൽ ശ്രദ്ധിക്കുക എന്നിവയിൽ അമ്മിണിയും ഏറെ ശ്രദ്ധിച്ചു. എന്നാൽ ശരീരത്തിൽ പ്രണയവും കാമവും അതോടൊപ്പം നൃത്തമാടാവുന്നതാണ് എന്നുമാത്രം അവർക്കറിയില്ലായിരുന്നു.

Sajitha Madathil

"കാരണവര് എന്തൊക്കെയോ ആക്രാന്തം കാണിച്ചു. നാലണ്ണത്തിനെ പെറ്റു" എന്നാണ് വല്യമുത്തശ്ശി തന്റെ ദാമ്പത്യജീവിതത്തെ കുറിച്ച് പറഞ്ഞിരുന്നത്. ശൃംഗാരമൊക്കെ ''അശ്ലീലം" എന്ന ഒറ്റവാക്കിൽ അവർ ഒതുക്കി. കല്യാണിയാവാട്ടെ വളരെ പാകതയോടെ ശൃംഗാരവും കാമവും കൈകാര്യം ചെയ്തു. കോലായിലിരുന്ന വല്യമുത്തശ്ശന്റെ തലമുടിയിൽ എണ്ണതേച്ചു കൊടുക്കാനെന്ന ഭാവത്തോടെ വിരലോടിച്ചു. മുതുകത്ത് തൈലമിട്ട് ഇക്കിളിപ്പെടുത്തി. വല്യമുത്തശ്ശിക്ക് അതൊന്നും അപാകതയായി അന്ന് തോന്നിയില്ല. അവരത് അങ്ങിനെ മനസ്സിലാക്കിയില്ല.

കല്യാണി വല്യമുത്തശ്ശിക്ക് മകൾ അമ്മിണിയുടെ താഴത്തെ കുട്ടിയെ പോലെ ആയിരുന്നു. പക്ഷേ,  എല്ലാറ്റിലും കണ്ണുണ്ടായിരുന്ന വല്യമുത്തശ്ശിയുടെ കണ്ണിന്റെ മുന്നിൽ വെച്ചു തന്നെ ഇതൊക്കെ സംഭവിച്ചു. മുത്തശ്ശന്റെ കൈക്കാരനായ രാമൻ എന്തിനാ ഭാര്യ ചിരുതയോട് വല്യമുത്തശ്ശന്റെ  രഹസ്യം പറഞ്ഞത്? രഹസ്യം പറയാനുള്ളതല്ല എന്നു വല്യമുത്തശ്ശൻ മറന്നു പോയി. ഹൃദയം തൊറക്കുന്ന ഓരോ തവണയും നമ്മൾ അതറിയണം. പിന്നെ അത് തൊറന്ന ലോകത്ത് പാറിപ്പറന്നു നടന്ന് നമ്മെ തിരിച്ച് കൊത്തുമെന്ന്!

- തുടരും...

സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം: 

Features Memories Sajitha Madathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: