scorecardresearch

പ്രണയം, രതി, വിദ്വേഷം

"പ്രണയത്തിന് നല്ല ഭംഗിയുണ്ടെന്ന് പറയാതെ പറഞ്ഞു തന്നത് നാണിമുത്തശ്ശിയാണ്", സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ', അധ്യായം 5

"പ്രണയത്തിന് നല്ല ഭംഗിയുണ്ടെന്ന് പറയാതെ പറഞ്ഞു തന്നത് നാണിമുത്തശ്ശിയാണ്", സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ', അധ്യായം 5

author-image
Sajitha Madathil
New Update
Sajitha Madathil Memories

The Life and Work of Sajitha Madathil- Part 5

ചുമരില്‍ തൂങ്ങിക്കിടക്കുന്ന നീണ്ടമൂക്കുള്ള സുന്ദരനായ ചെറുപ്പക്കാരന്റെ പടത്തിലും അമ്മയുടെ തോല്‍പ്പെട്ടിയില്‍ കല്ല്യാണസാരിക്കൊപ്പം ചേര്‍ത്തു വെച്ചിരുന്ന ഒരു കോടി കളര്‍ നൈലോണ്‍ ഷര്‍ട്ടിലും കസവുമുണ്ടിലും ഞാനക്കാലത്ത് അച്ഛനെ തിരഞ്ഞു നോക്കിയിരുന്നു. പൊട്ടു തൊടാത്ത, നീണ്ട മുടി അമർത്തി പിന്നിയിട്ട്‌ രണ്ടു ചെവിയോടും ചേർത്തി കറുത്ത സ്ലൈഡ് കുത്തി, വെള്ളസാരിയുടുത്ത് നിശ്ശബ്ദയായി സ്കൂളിലേക്കും തിരിച്ചും നടന്നു പോകുന്ന അമ്മയാണ് എൻ്റെ ആദ്യകാല ഓർമ്മയിലുള്ളത്.  ഒരിക്കൽ ഒരാഗ്രഹത്തിന് അമ്മ, പൂത്താലി അണിഞ്ഞ് സ്കൂളിലെ ഒരു പരിപാടിക്ക് പങ്കെടുക്കാൻ പോയി. കൈയ്യിൽ തൂങ്ങി ഞാനുമുണ്ട്.  ഇരുപതുകളുടെ അവസാനത്തിലായിരുന്നിരിക്കും അമ്മയപ്പോൾ. നല്ല ഭംഗി തോന്നി മാലയിട്ട അമ്മയെ കാണാൻ.

Advertisment

ടീച്ചേഴ്സ് റൂമിലെത്തിയപ്പോൾ മറ്റു അദ്ധ്യാപകർ അതിശയത്തോടെ അമ്മയെ നോക്കുന്നുണ്ടായിരുന്നു. കൂടെ പ്രവർത്തിക്കുന്ന പ്രായമുള്ള ടീച്ചർ അമ്മയുടെ അടുത്ത് വന്ന്  പതുക്കെ ഇങ്ങിനെ പിറുപിറുത്തു. "എന്താ സാവിത്രിക്ക് ഒരിളക്കം? മാലയൊക്കെ ഇട്ടിട്ട് എന്തിൻ്റെ പൊറപ്പാടാ? രണ്ടു പെൺകുട്ടികളാന്ന് മറക്കണ്ട."

ആ ടീച്ചറുടെ ഭാവത്തിനും പെരുമാറ്റത്തിനും എന്തോ പ്രശ്നമുണ്ടല്ലോ എന്ന് അവിടുന്ന് കിട്ടിയ പഴംപൊരി കഴിക്കുന്നതിനിടയിൽ എനിക്കും തോന്നി. അമ്മയുടെ കണ്ണിലൂടെ കണ്ണീര് പെട്ടെന്ന് ധാരയായി ഒഴുകി. നമുക്ക് വീട്ടിലേക്ക് പോവാം എന്നു പറഞ്ഞ് പഴം പൊരിയിൽ നിന്ന് എന്നെ വേർപിരിച്ച് അമ്മ എഴുന്നേറ്റു. ലീവ് എഴുതി കൊടുത്ത്  വീട്ടിലേക്ക് നടന്നു. കൂടെ ഞാനും.

ചൂടുള്ള കണ്ണീര് എൻ്റെ കവിളിലേക്കും തെറിച്ച് വീണു! ഞാനും കരഞ്ഞു. വിധവയ്ക്ക് നിറങ്ങളും, ആഭരണങ്ങളും, സന്തോഷങ്ങളും, മാത്രമല്ല പ്രണയവും, കാമവും എല്ലാം അന്യമാണെന്ന് പതുക്കെ പതുക്കെ ഞാൻ തിരിച്ചറിഞ്ഞു.  അമ്മക്കൊപ്പം കരഞ്ഞുകൊണ്ട് ഓട്ടുകമ്പനി റോഡിൻ്റെ കയറ്റം കയറിയത് ഇന്നും എൻ്റെ മുമ്പിലുണ്ട്. 

അന്ന് ഞാൻ കണ്ട ഒരു ലോകമുണ്ട്, മനുഷ്യരുണ്ട്. നല്ലതും ചീത്തയുമായ കുറെ കഥകൾ ഉണ്ട്. ആ പ്രായത്തിൽ ഞാൻ  കേൾക്കേണ്ട കഥകൾ മാത്രമാണോ കേട്ടത് എന്ന് ചോദിച്ചാൽ ചിലപ്പോൾ ആകണമെന്നില്ല. മരണം, വിവാഹം, വഴക്ക്, പ്രണയം, ചതി, ശത്രുത എന്നിങ്ങനെ പലതരം മനുഷ്യാവസ്ഥകളും വികാരങ്ങളും, അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളുമൊക്കെ ഞാൻ കേൾക്കുന്നുണ്ട്.

Advertisment

ശാന്തമെന്ന് കരുതുന്ന ജീവിതത്തിനു ചുറ്റും കൊടുങ്കാറ്റുണ്ടെന്ന തിരിച്ചറിവ് നൽകിയ ഒരു സംഭവം പറയാം. മാളികപറമ്പിന്റെ റോഡരികിലെ  വീട്ടിൽ ഒരമ്മയും രണ്ടു പെൺകുട്ടികളും താമസിക്കുന്നുണ്ടായിരുന്നു. മൂത്തവളുടെ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത് വീടുവെച്ച് താമസിക്കുന്നു, ഇളയവൾ പഠിത്തമൊക്കെ നിർത്തി അമ്മയെ തീപ്പെട്ടി കമ്പു നിരത്താൻ സഹായിക്കുന്നു. പതിനാറു വയസ്സുള്ള ആ ഇളയ മകൾ ഒരു ദിവസം ട്രെയിനിന് തലവെച്ചു.

എനിക്ക് അവൾ പ്രിയപ്പെട്ടവളായിരുന്നു. എന്നെ  ദാവണി ഒക്കെ ഉടുപ്പിച്ച്, കണ്ണെഴുതി പൊട്ടു തൊടുവിച്ച് കണ്ണാടിയിൽ കാണിച്ചു തരുമായിരുന്നു. മറ്റാരും എന്നെ അതു പോലെ ഒരുക്കി തന്നിരുന്നില്ല. ഞങ്ങൾ ആ മേക്കപ്പിലും കോസ്റ്റ്യൂമിലും മര അലമാരയിൽ പതിച്ച നിറം മങ്ങിയ കണ്ണാടിയിൽ നോക്കി പല അഭിനയവും നടത്തി പോന്നു. കരച്ചിൽ അവൾക്ക് നന്നായി വഴങ്ങും. അങ്ങിനെ അഭിനയിക്കുമ്പോൾ   കണ്ണുനീർ ധാരയായി ഒഴുകും.

പിന്നെപ്പിന്നെ എന്ത് പറ്റി എന്നറിയില്ല. ഞാൻ ചെല്ലുമ്പോൾ അവൾ ഒന്നും മിണ്ടാതായി. ചിലപ്പോൾ എന്റെ കൈയിൽ അമർത്തി പിടിച്ചിരിക്കും. ഒന്നിനും താൽപര്യമില്ല. മുറ്റമടിക്കാത്തതിന് അന്നും  തീപ്പട്ടി കമ്പനിയിലേക്ക്  പണിക്കിറങ്ങും മുമ്പ് അവളെ ആ അമ്മ വഴക്ക് പറഞ്ഞിരുന്നു. അവളുടെ ചേച്ചിയുടെ ഭർത്താവ്  വിളിച്ചാൽ അടുത്തേക്ക് പോവരുതെന്നും എന്നോട് രഹസ്യമായി ഒരു ദിവസം അവൾ പറഞ്ഞു തന്നു. അതു കൊണ്ടു മാത്രമാണ് അയാളെനിക്ക് ഏറെ ഇഷ്ടപ്പെട്ട ഇരുമ്പി പുളി തരാമെന്നു പറഞ്ഞ് വിളിച്ചിട്ടും ഞാൻ അങ്ങോട്ട് പോവാതിരുന്നത്.

അവൾ മരണപ്പെട്ട ദിവസം എനിക്ക് നല്ല ഓർമ്മയുണ്ട്. ഒരു അണ്ണാൻ കുഞ്ഞിനെ വളർത്താൻ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാനന്ന്. അതിനാൽ ഞാൻ പകൽ മുഴുവൻ അതിനെയും കളിപ്പിച്ച് തറവാട്ടു മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. ഇടക്ക് ഞാൻ പിന്നാമ്പുറത്ത് വെള്ളമെടുക്കാൻ പോയപ്പോൾ അവൾ  വീടിന്റെ പുറകിലെ മണ്ണ് കൊണ്ട് കെട്ടിയ വരാന്തയിൽ  പുറത്തേക്ക് നോക്കി ഒറ്റക്കിരിക്കുന്നത്  ഞാൻ കണ്ടിരുന്നു. ഞാൻ കൈ വീശി കാണിച്ചെങ്കിലും അവൾ പ്രതികരിച്ചിരുന്നില്ല. പിന്നെ എന്താവും സംഭവിച്ചിരിക്കുക? 

Sajitha Madathil

മരിച്ച വിവരമറിഞ്ഞ് ആ അമ്മ തലതല്ലി കരഞ്ഞു. ചേച്ചിയുടെ ഭർത്താവ് ഉമ്മറപടിയിൽ പല്ല് തോണ്ടി ഇരിപ്പുണ്ടായിരുന്നു. അവളുടെ ചേച്ചി നിശ്ശബ്ദയായി വിങ്ങുന്നുണ്ടായിരുന്നു. മാനാരി ശ്മശാനത്തിലേക്ക് അവളുടെ ശരീരം എടുത്തപ്പോൾ ഞാൻ പറമ്പിന്റെ മൂലക്കലെ കല്ലിന്റെ മുകളിൽ കയറി നോക്കി. അവളുടെ നെറ്റിയിൽ അന്നുച്ചയ്ക്ക്  കണ്ട കറുത്ത ചെറിയ പൊട്ട് അവിടെ തന്നെ ഉണ്ടായിരുന്നു. ദേഹം മുഴുവൻ തീവണ്ടി  കയറി ഇറങ്ങിയത്രെ!

ആരും കാണാതെ എന്റെ കൈകൾ കോർത്ത് പിടിച്ച് അവൾ എന്തിനായിരുന്നു കരഞ്ഞതെന്ന് ഞാനാരോടും ചോദിച്ചില്ല.  അവൾ ഗർഭിണി ആയിരുന്നു എന്ന് അമ്മയോട് ചിന്നമ്മു പറയുന്നത് ഞാൻ കേട്ടു. ഗർഭവും ആത്മഹത്യയും തമ്മിലെന്താ ബന്ധമെന്ന് ആലോചിച്ചിട്ട് ഒരു എത്തുംപിടിയും  അന്നെനിക്ക് കിട്ടിയിരുന്നില്ല. ഏതായാലും ഞാൻ  കൊടുത്ത തീറ്റ കൂടുതലായതിനാൽ അത് തൊണ്ടയിൽ കുടുങ്ങി എൻ്റെ അണ്ണാനും അന്ന് ചത്തു പോയി. ഞാനന്ന് രാത്രി കുറെ കരഞ്ഞു.

സുലേഖയെ രവി കൊലപ്പെടുത്തിയതായിരുന്നു അക്കാലത്ത് ഞാൻ കേട്ട മറ്റൊരു വാർത്ത. ഞങ്ങൾ ഡാൻസ് പഠിക്കാൻ പോയിരുന്ന പാലാട്ട് വീട്ടിലെ മാളികമുകളിലാണ് സുലേഖയും തയ്യൽ പഠിക്കാൻ വന്നിരുന്നത്.  രവിക്ക് അവളോട് പ്രേമമായിരുന്നുവത്രെ! അവൾക്ക് അതിൽ യാതൊരു താൽപര്യവുമുണ്ടായിരുന്നില്ല. അവളെ പുറകെ നടന്ന് ശല്യപ്പെടുത്തുക അയാളുടെ സ്ഥിരം പരിപാടിയായിരുന്നു.

തയ്യല്‍ പഠിക്കാന്‍ പോയി ഉച്ചക്ക് വീട്ടിലേക്ക് മടങ്ങിയ ചെറുപ്പക്കാരിയായ സുലേഖയെ നടുറോഡിലിട്ടാണ് ആക്രമിച്ചു ബലാത്സംഗം ചെയ്ത് കൊന്നത്. ആളുകൾ പറഞ്ഞ് പറഞ്ഞ് വാർത്ത ഞങ്ങളിലുമെത്തി. പത്രത്തിലുമുണ്ടായിരുന്നു. എന്‍റെ വീടിന് അധികം ദൂരയല്ലാതെ നടന്ന ഈ സംഭവം ഞങ്ങള്‍ പെണ്‍കുട്ടികളെ ഒട്ടൊന്നുമല്ല നിയന്ത്രിച്ചത്. ഞാനും സുലേഖയെപ്പോലെ ആക്രമിക്കപ്പെടുമോ കൊല്ലപ്പെടുമോ എന്ന് അക്കാലത്ത് പന്നിയങ്കരയില്‍ വളര്‍ന്ന ഓരോ പെണ്‍കുട്ടിയും മനസ്സില്‍ ആകുലതപ്പെട്ടിട്ടുണ്ടാവും. 

ഓരോ അമ്മമാരും പെണ്‍കുട്ടികളോട് സുലേഖയുടെ അന്ത്യം ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തും. പ്രണയവും കൊലപാതകവും തമ്മിലുള്ള ബന്ധം തെളിഞ്ഞത് അങ്ങിനെയാണ്. പിന്നീട് കുറെക്കാലത്തിന് ശേഷം ഞാൻ പ്രതിയായിരുന്ന രവിയെ കണ്ടു. സ്വന്തം വീടിൻ്റെ ഗേറ്റ് പിടിച്ച് വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന ഒരു നാൽപതുകാരൻ, ജയിൽ ശിക്ഷ കഴിഞ്ഞ്  തിരിച്ച് എത്തിയിരിക്കയാണ്. ആദ്യമായിട്ടായിരുന്നു ഒരു കൊലപാതക പ്രതിയെ നേരിട്ടു കാണുന്നത്. അയാളുടെ മുഖത്തെ ഭാവമെന്താണെന്ന് നോക്കാൻ എനിക്കന്ന് ധൈര്യമുണ്ടായിരുന്നില്ല.

പ്രണയത്തിന് നല്ല ഭംഗിയുണ്ടെന്ന് പറയാതെ പറഞ്ഞു തന്നത് നാണിമുത്തശ്ശിയാണ്. അവരുടെ വീട് മാളിക പറമ്പിന്റെ പടിഞ്ഞാറെ അറ്റത്താണ്. കെട്ടി ഉയർത്തിയ ഒരു ഓലപ്പുര. നിലം ചാണകവും കരിയും ചേർത്ത് മിനുക്കിയിരിക്കും. പാത്രങ്ങൾ വെയിലെത്തു വച്ചുണക്കി അടുക്കളയിലെ കയറുകൊണ്ട് കെട്ടിയാടുന്ന റാക്കിൽ കമിഴ്ത്തി വെച്ചിരിക്കും. പ്ലാവില കുത്തിയെടുത്ത് അടിച്ചു വാരി ഈർക്കിലിന്റെ വളഞ്ഞ വരകൾ കൊണ്ട് മുറ്റത്ത് ചിത്രപ്പണിയൊരുക്കും. പ്ലാവിൻ്റെ വലിയ വേരുകൾ പടർന്ന പറമ്പ് ചാടി കടന്നു വേണം അങ്ങോട്ടേക്ക് എത്താൻ.

അധികം ഉയരമില്ല നാണിമുത്തശ്ശിക്ക്‌, വൃത്തിയുള്ള വെള്ളമുണ്ട് ധരിക്കും. ഭംഗിയുള്ള ചുവന്ന പതക്കവും വെള്ളക്കല്ലിൻ്റെ പതിഞ്ഞ മൂക്കുത്തിയും അവരെ സുന്ദരിയാക്കി. പണ്ട്  അവർ പാട്ടു ടീച്ചറായിരുന്നുവത്രെ. അധികം ശബ്മില്ലാതെ സംസാരിക്കുന്ന അവരെ എനിക്കിഷ്ടമായിരുന്നു. 

ഗോവിന്ദമാമ പ്ലാവിന്റെ തടിയൻ വേര് അതിരു കെട്ടിയ പറമ്പിലേക്ക് നിശ്ശബ്ദമായി പ്രവേശിക്കുന്നത് ഉച്ചതിരിഞ്ഞാണ്. ഉച്ചക്ക് ആ വഴിക്ക് പോകാൻ കുട്ടികൾക്ക് അനുവാദമില്ല. കാരണം കാവിലെ ഭഗവതിയുടെ നേർ പോക്ക് ഉള്ള സമയമാണ്, തട്ടിവീഴും! പക്ഷെ ഗോവിന്ദ മാമയുടെ കൈ പിടിച്ച് ഞാൻ ധൈര്യത്തോടെ അങ്ങോട്ട് പ്രവേശിക്കും. മാമക്ക് ഇതിലൊന്നും വിശ്വാസമില്ല. ആ വീടിന്റെ മുൻഭാഗത്തെ തിട്ടയിൽ മാമ കയറി ഇരിക്കുമ്പോൾ ശർക്കര കാപ്പിയുമായി നാണിമുത്തശ്ശി കടന്നു വരും, അവരുടെ സംഭാഷണം താഴ്ന്ന ശബ്ദത്തിലാവും. ഇടക്ക് ചിരിക്കും. 

Sajitha Madathil

ഞാനപ്പോൾ ആ പറമ്പിന്റെ അറ്റത്തു പോയി നിന്ന് താഴേക്ക് കല്ലുകൾ വലിച്ചെറിഞ്ഞ് ഉയരത്തിൻ്റെ ആഴം അളക്കുകയാവും. എനിക്ക് നാണിമുത്തശ്ശി ചക്കര തിന്നാൻ തരും, പല്ലു മുഴുവൻ പുഴു കുത്തിയിട്ടുണ്ടെങ്കിലും ഞാനത് വായിലിട്ട് അലിയിച്ച് ആസ്വദിക്കും. തിരിച്ച് ചെല്ലുമ്പോൾ അമ്മായി ചോദിക്കും ആ മൂധേവീന്റെ വീട്ടില് എന്തിനാ പോയത് എന്ന്.

നാണിമുത്തശ്ശിയോട് അമ്മായിക്ക് അസൂയ തോന്നിയിരുന്നോ? ഗോവിന്ദൻ മാമ പാവമാണെങ്കിലും ഇങ്ങിനെ അമ്മായിയെ സങ്കടപ്പെടുത്തിയത് എന്തിനായിരിക്കും? ഉത്തരമില്ലാത്തതാണ് ഈ ചോദ്യങ്ങൾ എന്നത് വലുതാവും തോറും എനിക്ക് മനസ്സിലായി. ഏതായാലും അമ്മായി തൻ്റെ കുത്തുന്ന പശുവിന് നാണി എന്നു പേരിട്ട് നീട്ടി വിളിച്ചു. തൻ്റെ വിദ്വേഷം  തീർക്കാൻ അക്കാലത്ത് ഒരു പശുവെങ്കിലും അമ്മായിക്ക് ഉണ്ടായിരുന്നു എന്നത് വലിയ ഭാഗ്യമാണെന്ന് ഞാൻ പിന്നീട് തിരിച്ചറിഞ്ഞു.

ഇതെല്ലാം അടുത്തു കാണാനുള്ള, കേൾക്കാനുള്ള അവസരം കിട്ടിയത് ഞാൻ വളർന്ന  സാഹചര്യം കൊണ്ടുതന്നെയായിരുന്നു. ആ രീതിയിൽ  വളർന്ന സാഹചര്യങ്ങളോട് ഞാൻ നന്ദിയുള്ളവളാണ് - എനിക്ക് കിട്ടിയിട്ടുള്ള ആ സ്വാതന്ത്ര്യത്തിന്!

ഞാൻ അടുത്ത വീടുകളിലെ കുട്ടികൾക്കൊപ്പം പൂർണ്ണ സമയവും ചിലവഴിക്കും. പല, പല കളികൾ ഉണ്ട് ഞങ്ങൾക്ക്, വലിയൊരു  ടീം തന്നെ ഉണ്ടായിരുന്നു അവിടെ. ഒരു കോറയുടെ ഷെമ്മീസും, ഉണ്ടക്കണ്ണും, നീണ്ട മുടിയും അതിൽ നിറച്ചു പേനും ആയി ഞാനവിടെ എൻ്റെ സാമ്രാജ്യം പണിതുയർത്തി.

ഇപ്പോഴും കോഴിക്കോട് പോവുമ്പോൾ റോഡിലൊക്കെ വെച്ച് ആ മനുഷ്യരെയൊക്കെ കാണും. അവരിൽ പല ജോലികൾ ചെയ്യുന്ന ആളുകളുണ്ട്. ചിലപ്പോൾ അവരുടെ മക്കളൊക്കെ വന്നിട്ട് പറയും, ഞാൻ ഇന്ന ആളുടെ മകളാണ് എന്നൊക്കെ. അതൊക്കെ വലിയ സന്തോഷമാണ്. അവരൊക്കെ തന്നെയാണ് എന്റെ ജീവിതത്തെ  അനുഭവങ്ങളും തിരിച്ചറിവുകളും കൊണ്ട് സമ്പന്നമാക്കിയത്. എനിക്ക് ധാരാളം കഥകൾ തന്ന മനുഷ്യരാണവർ. 

എട്ടാം ക്ലാസ്സിലെ വേനലവധിക്കാണ് എസ്.കെ. പെറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' വായിക്കുന്നത്. മാളികപറമ്പിനെ കുറിച്ചും എസ്. കെ. പൊറ്റക്കാട് എഴുതിയതു പോലെ ഒരു നോവൽ എഴുതണം എന്നൊക്കെ ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. അത്രയും രസകരമായിരുന്നു ആ കാലം.

-തുടരും

സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം: 

Sajitha Madathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: