/indian-express-malayalam/media/media_files/eIKXR9kkm6H78ETjlN05.jpg)
The Life and Work of Sajitha Madathil- Part 2
ഞാൻ വളരുന്നത് സ്ത്രീകൾക്കിടയിലാണെന്ന് പറഞ്ഞല്ലോ. അമ്മൂമ്മയും അമ്മയും അനുജത്തിമാരും ചേച്ചിയും അമ്മൂമ്മയുടെ അനുജത്തിയുടെ രണ്ടു പെൺകുട്ടികളും എല്ലാം ചേർന്ന ഒരു പെൺലോകം. അവിടെ പാറി പറന്നു നടന്ന കഥകൾ എന്റെ കൗമാരത്തെ നിറമുള്ളതാക്കി.
മറ്റു പലതും ചെയ്യുന്നു എന്ന ഭാവത്തിൽ ഞാനതെല്ലാം പിടിച്ചെടുത്തു. അമ്മൂമ്മയും വല്യമുത്തശ്ശിയും ജീവിച്ചു വന്ന കാലത്തെ കറിച്ച് എനിക്ക് പറഞ്ഞറിവുകളേ ഉള്ളൂ. എങ്കിലും എന്റെ കഥ പറച്ചിലിന് സാധ്യതയുള്ളതാണ് അക്കാലം. അതു പറയാതെ ഞാൻ എന്നെ കുറിച്ച് പറയുന്നതെങ്ങിനെ?
വല്യമുത്തശ്ശിയുടെ കയറിന്റെ ഒരറ്റമാണ് ഞാനും എന്ന് അമ്മൂമ്മ പറയാറുണ്ട്. എന്തൊരു ചിട്ടയായിരുന്നു വല്യമുത്തശ്ശിക്ക്. എന്റെ അമ്മയുടെ അമ്മ, അമ്മിണി അമ്മൂമ്മ. അമ്മൂമ്മയുടെ അമ്മ വല്യമുത്തശ്ശി, മുത്തശ്ശിയുടെ അനുജൻ ഗോവിന്ദൻ മാമ, അമ്മയുടെ അച്ഛൻ, അതായത് എൻ്റെ അപ്പൂപ്പൻ കൊച്ചുനായർ എന്നിവരെ കുറിച്ചാണ് ഞാനിനി പറയുന്നത്.
വല്യമുത്തശ്ശിയുടെ വലിയമ്മാവൻ വിവാഹമൊന്നും കഴിച്ചിരുന്നില്ല. ഒരു സന്യാസിമട്ട്. സാധാരണ ഗതിയിൽ ചെറുപ്പക്കാരായ ആണുങ്ങളെല്ലാം ഞങ്ങളുടെ കുടുബത്തിൽ കൃഷിപ്പണി ചെയ്തേ പറ്റൂ. എന്നാൽ ഈ വല്യമ്മാവൻ ചെറുപ്പം മുഴുവൻ യാത്ര ചെയ്തു. പ്രായമായപ്പോൾ പത്തായപ്പുരയുടെ മുകളിൽ താമസമാക്കി. കുട്ടിക്കാലത്ത് വല്യ മുത്തശ്ശിയുടെ ഇളയ ആങ്ങളയായ ഗോവിന്ദൻ മാമയും, വല്യ മുത്തശ്ശിയും പത്തായപ്പുരയുടെ മുകളിൽ താമസിക്കുന്ന ഈ അമ്മാവനൊപ്പമാണ് പകൽ ചിലവിടാറ്.
കുടുബത്തിലെ കുട്ടികളുടെ പഠനമൊക്കെ വലിയമ്മാവൻ ശ്രദ്ധയോടെ നോക്കി വന്നു. എഴുത്താശ്ശാൻ പത്തു-പന്ത്രണ്ടു വയസ്സായപ്പോഴേക്കും നല്ലവണ്ണം എഴുതാനും വായിക്കാനും അവരെ പഠിപ്പിച്ചു. എന്നാൽ വല്യമ്മാവനാണ് ഭാഗവതം, രാമായണം, കൃഷ്ണഗാഥ, കിളിപ്പാട്ടുകൾ എന്നിവയൊക്കെ വായിച്ച് അർത്ഥം പറഞ്ഞും പറയിപ്പിച്ചും ഞങ്ങൾക്ക് യഥാർത്ഥത്തിൽ വായനയുടെ ലോകം കാണിച്ചു തന്നതെന്ന് ഗോവിന്ദമാമ പറയും.
വല്യമുത്തശ്ശി വയസ്സറിയിച്ചതിന്റെ പിറ്റേ വർഷമാണ് വല്യമുത്തശ്ശൻ പുടവ കൊടുത്ത് തറവാട്ടിൽ പാർപ്പു തുടങ്ങിയത്. അതോടെ മുത്തശ്ശി ഗൃഹിണിയായി. വല്യമുത്തശ്ശി നാലു പ്രസവിക്കുകയും മൂന്നു കുഞ്ഞുങ്ങൾ മരണപ്പെട്ട് മകൾ അമ്മിണി മാത്രം ഈ ലോകത്ത് ബാക്കിയാവുകയും ചെയ്തു.
വല്യമുത്തശ്ശി എന്നും രാവിലെ എഴുന്നേൽക്കും. ഒന്നു മുറുക്കിയ ശേഷം വീടിനകവും പൂമുഖവും അടിച്ചു തളിക്കും. മച്ചിനകത്തെ വിളക്ക് തെളിയിക്കും. ഭാഗവതമോ രാമായണമോ നീട്ടി വായിക്കും. അടുക്കളയിലും പുറം പണിക്കും ഒരാൾ വെച്ച് എപ്പോഴും മുത്തശ്ശിക്കൊപ്പം കാണും.
മുത്തശ്ശി കഞ്ഞി കാലാക്കുമ്പോഴേക്കും മുത്തശ്ശൻ അന്നത്തെ പണിക്കാരെ വിളിച്ചു കൂട്ടി പണിസ്ഥലത്തേക്ക് അയക്കും. കഞ്ഞികുടി കഴിഞ്ഞാൽ മുത്തശ്ശി വീടിനു ചുറ്റുമുള്ള കൃഷി സ്ഥലത്താവും വലിയൊരു സമയവും ചിലവഴിക്കുക. രണ്ടു കൂട്ടാനുണ്ടാക്കാനുള്ള പച്ചക്കറിയൊക്കെ അവിടുന്നു കിട്ടും.
പ്രകടനപരമായ ഒന്നിലും വല്യമുത്തശ്ശി വിശ്വസിച്ചിരുന്നില്ല. എല്ലാം മര്യാദക്ക് ചിട്ടയോടെ നടന്നു പോണം എന്നതിലായിരുന്നു ശ്രദ്ധ. തന്റെ കൂട്ടുകാരി മീനാക്ഷിയുടെ ഭർതൃപൂജയെ കുറിച്ച് ചെറിയ പുച്ഛത്തോടെയാണ് മുത്തശ്ശി പറയുക.
"മീനാക്ഷിയുടെ ഭർത്താവ് ഉണ്ണി നായര് വീട്ടിൽ നിന്ന് ഇറങ്ങുമ്പോ ഒന്നു തിരിഞ്ഞു നോക്കും എന്നാ അവള് പറയുന്നത്. അപ്പോ തൂറാൻ മുട്ടിയാലും കാണാവുന്ന തരത്തില് അവളവിടെ ഉണ്ടാവണം പോലും.
ഉണ്ണി നായര് വെപ്പുകാർ വിളമ്പി കൊടുത്താൽ കഴിക്കാൻ താൽപര്യം കാണിക്കില്ല. മീനാക്ഷി വിളമ്പിയാലേ സ്വാദോടെ കഴിക്കൂത്ര! അയാൾക്ക് കയ്യിന് തളർവാതമാണ് എന്നാ തോന്നുന്നത്. അപ്പാപ്പം മുറുക്കാൻ ഉണ്ടാക്കി വെറ്റിലത്തട്ടിൽ അവൾ തന്നെ വെച്ചു കൊടുക്കണം. തേച്ചു കുളിക്കുള്ള സാധനങ്ങള് കുളിപ്പുരയില് തയ്യാറാക്കിട്ടാത്രെ അവള് മേല് കഴുകുക! വല്ലാത്ത കാട്ടിക്കൂട്ടല് തന്നെ. അയാളുടെ കട്ടിലിലെ പരാക്രമമൊക്കെ എന്നും സഹിച്ച് അയാള് ഉറങ്ങീന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മീനാക്ഷി ഉറങ്ങാറ്ത്രെ. ഓരോ പുതിയ പരിഷ്ക്കാരങ്ങള്!"
വല്യമുത്തശ്ശൻ ഇതൊക്കെ ആഗ്രഹിച്ചിരുന്നുവോ? എന്ന് ഞാൻ എന്റെ അമ്മൂമ്മ അമ്മിണിയമ്മയോട് ചോദിച്ചിട്ടുണ്ട്. അതിന് വല്യമുത്തശ്ശന് ഒരു കൊറവും ഇല്ലായിരുന്നു. നീണ്ടു നിവർന്നു കെടക്കാൻ നല്ല വീട്ടീന്റെ കട്ടിലുണ്ടായിരുന്നില്ല? സംബന്ധക്കാരന് എന്തെങ്കിലും ഒരു കൊറവ് ഇവിടെ ഉണ്ടായിരുന്നോ? രാവിലെ കഞ്ഞിയും കൊണ്ടാട്ടവും ഉച്ചക്ക് രണ്ടു കറീം ചോറും, ഒരു പുളിയുള്ളതും അല്ലാത്തതും ഉണ്ടായാൽ ഗംഭീരമായി. ഇടക്കിടെ സംഭാരം. രാത്രീല് ആവശ്യത്തിന് അത്താഴം. കുളിക്കാൻ എണ്ണയും അടിയിലെരിയുന്ന കലത്തില് ചൂടു വെള്ളവും. പിന്നെ കൂടെ കെടക്കാൻ ഒരു കൂട്ട്. അതിന്റെ ഇഷ്ടവും സ്നേഹവും ഒക്കെ മുത്തശ്ശിക്ക് ഉണ്ടായിരുന്നു. വല്യമുത്തശ്ശന് തിരിച്ചും. കൂട്ടുകാരി മീനാക്ഷീടെ നാടകത്തിനൊന്നും എന്റെ വല്യമുത്തശ്ശീനെ കിട്ടില്ലായിരുന്നു.
അമ്മിണി അമ്മൂമ്മ പഠിക്കാൻ മിടുക്കിയായിരുന്നൂത്രെ. പക്ഷേ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ വയസ്സറിയിച്ചു. പിന്നെ പഠിക്കാൻ വിടുന്നത് ശരിയാവില്ല എന്ന വല്യമുത്തശ്ശിയുടെ ആശങ്കയിൽ പള്ളിക്കൂടത്തിലേക്ക് ഉള്ള യാത്ര നിലച്ചു. പക്ഷേ അമ്മിണി വായന ഒഴിവാക്കിയില്ല. വല്യമുത്തശ്ശിയുടെ ഇളയ ആങ്ങള ഗോവിന്ദൻ മാമ കൊണ്ടു വരുന്നതൊക്കെയും അമ്മിണി വായിച്ചു തീർത്തു. ഗോവിന്ദമാമ നിയമ ലംഘന സമരത്തിൽ പങ്കെടുത്ത് ജയിലിലാവും മുമ്പാണ് മേൽകുപ്പായം ഇടണമെന്ന് അമ്മിണി വാശി പിടിച്ചത്. സമപ്രായക്കാരായ കാഞ്ഞങ്ങാട്ടെ ലീലയും, വട്ടപറമ്പിലെ മീനാക്ഷിയും അപ്പോഴേക്കും മേൽകുപ്പായം ഇടാൻ തുടങ്ങിയിരുന്നു.
അമ്മിണിയും വല്യമുത്തശ്ശിയും തമ്മിൽ പതിനാലു വയസ്സിന്റെ പ്രായവ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അമ്മിണി കൊച്ചു നായരുമായുള്ള സംബന്ധം തുടങ്ങി കൊല്ലാകൊല്ലം പെറാൻ തൊടങ്ങിയ ശേഷം അവരെ കണ്ടാൽ ചേച്ചിയും അനിയത്തീംന്നേ ആളുകള് പറയൂ. വല്യമുത്തശ്ശി മേലുടുപ്പിട്ടത് മകൾ അമ്മിണിയുടെ നിർബന്ധം കൊണ്ടായിരുന്നു. അമ്മിണി മേൽ കുപ്പായം ഇടാൻ തൊടങ്ങിയപ്പോൾ അമ്മക്കും നീളത്തിലൊന്ന് തയ്പിച്ചെടുത്തു.
വല്യമുത്തശ്ശനോട് അഭിപ്രായം ചോദിക്കാനൊന്നും വല്യമുത്തശ്ശി നിന്നില്ല. അല്ലെങ്കിൽ തന്നെ അങ്ങനെ ഒരു പതിവും ഇല്ലായിരുന്നു. തന്റെ കനത്ത മുലകളെ പുറത്തേക്ക് പോകുമ്പോൾ മേൽമുണ്ടുകൊണ്ട് ഒന്നു മറക്കുന്ന പതിവേ ഉണ്ടായിരുന്നുള്ളൂ.
പിന്നീട് ബന്ധുവീടുകളിൽ പോകുമ്പോൾ മേൽ കുപ്പായമിടുന്നത് വല്യമുത്തശ്ശി പതിവാക്കി. പക്ഷേ അമ്പലത്തില് കുപ്പായമിട്ടു പോകുന്ന പതിവില്ല. പൊറത്ത് അഴിച്ചു വെച്ചാണ് കേറുന്നത്. കൃഷ്ണാ! ഗോവിന്ദൻ മാമയുടെ ഭാര്യ വല്യമ്മായി ഓർത്തെടുത്തു.
അച്ഛന്റെ വീട്ടിൽ സജിത മഠത്തിൽ
"അതെന്താ കൃഷ്ണന് വല്ല്യമുത്തശ്ശിയുടെ വലിയ അമ്മിഞ്ഞ കാണിക്കാനാണോ?" എന്ന എന്റെ ചോദ്യം "ഓരോ പൊട്ടത്തരം പറയാതെ!" എന്നും പറഞ്ഞ് വല്യമ്മായി തള്ളിക്കളഞ്ഞു.
ഇതിലെന്ത് പൊട്ടത്തരമാണ് ഉള്ളത്? എന്നെനിക്ക് മനസ്സിലായില്ല! അന്നൊക്കെ കുപ്പായത്തിനകത്ത് ഉരുണ്ടു നിക്കണ മുലകളായിരുന്നു നാണക്കേട് അവർ വിശദീകരിച്ചു. കൈയ്യും കാലും മൊഖവും കാണിച്ചു നടക്കും പോലെ അമ്മിഞ്ഞയും കാണിക്കുമ്പം എന്താ കൊഴപ്പം? കുപ്പായത്തിനടിയിൽ കിടക്കുന്ന മൊലയുടെ വലുപ്പവും മൊഴപ്പും ആലോചിച്ച് വെറുതെ മനക്കോട്ട കെട്ടി വലയണ്ടല്ലോ!
അമ്മിണിക്ക് പത്തു വയസ്സ് ഉളളപ്പോഴാണ് കുട്ടിമാളുവമ്മ കോഴിക്കോട് നഗരത്തിൽ നിലവിലുണ്ടായിരുന്ന 144 ലംഘിച്ച് പ്രകടനം നടത്തി അറസ്റ്റിലായത്. രണ്ടാം സിവിൽ നിയമലംഘന കാലം. കൈക്കുഞ്ഞുമായി ജയിലിൽ പോയ കുട്ടിമാളുവമ്മയായിരുന്നു അമ്മിണിയുടെ മനസ്സിലെ മാതൃകാ സ്ത്രീരൂപം.
"എന്നിട്ട് അമ്മിണി മുത്തശ്ശി സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തോ?" ഞാൻ എന്റെ സ്വാഭാവികമായ സംശയം ചോദിച്ചു. എന്റെ ചരിത്രരചനക്ക് ആ വിവരങ്ങൾ ഉതകുമെന്ന് എനിക്കന്നേ തോന്നിയിരുന്നു!
"അതിനൊക്കെ ജീവിതം സമ്മതിച്ചിട്ടു വേണ്ടേ? പുസ്തകവും മാസികയും വായിക്കണത് തന്നെ വലിയ ആഢംബരാ.. പിന്നെ ഗോവിന്ദമാമ ജയിലിലുമായി. ആ കാലത്ത് അമ്മിണീന്റെ ആദ്യത്തെ സംബന്ധവും ഒഴിയലും ഒക്കെ നടന്നു. പിന്നെ പിറ്റേവർഷം കൊച്ചുനായര് പൊടവ കൊടുത്തു. അടുപ്പിച്ചടുപ്പിച്ച് പന്ത്രണ്ട് എണ്ണത്തിനെ പെറ്റുകൂട്ടി. അതിൻ്റെന്റെ എടേല് സത്യാഗ്രഹത്തിന് പോവ്വോ, അതോ കുട്യാൾടെ മൂക്കീര് തൊടയ്ക്കോ? പറ?"
എന്നിട്ടും അമ്മിണി പണിപറ്റിച്ചു. കൊച്ചുനായരുമായി സംബന്ധം കഴിഞ്ഞ് വിഷ്ണുവിനെ പെറ്റു കിടക്കണ സമയത്താണ് ഗോവിന്ദമാമ ജയിൽവാസം കഴിഞ്ഞ് വന്നത്. അമ്മിണിയുടെ മകന് കൊടുക്കാൻ അമ്മാവന്റെ കൈയ്യിൽ ഒന്നുമില്ലായിരുന്നു. അതിന്റെ ദുഃഖത്തിലായിരുന്നു അമ്മാവൻ.
ഭാര്യവീട്ടിലേക്ക് അമ്മാവൻ തിരിച്ച് പോവുമ്പോൾ അമ്മിണി കൈയ്യിലെ വള ഊരി മാമക്ക് കൊടുത്തിട്ട് പറഞ്ഞു: "എനിക്ക് ഇങ്ങനെ പെറ്റു കെടക്കാനെ വിധിച്ചിട്ടുള്ളൂ, വാർധയിൽ പോവുമ്പോൾ സ്വാതന്ത്ര്യ സമരത്തിന് എന്റെ വകയായി ഇത് ഗാന്ധിക്ക് കൊടുക്കണം," എന്ന്. ഗോവിന്ദമാമ അത് വാങ്ങാൻ ഒരുക്കമായില്ല. അങ്ങിനെ അമ്മിണി മുത്തശ്ശിയുടെ സമരഭടയാവാനുള്ള മോഹത്തെ അമ്മാവനും തള്ളിക്കളഞ്ഞു.
അതോണ്ടാവും കണ്ണായ സ്ഥലം മുത്തശ്ശി വായനശാലക്ക് കൊടുത്തിട്ടുണ്ടാവുക. ഞാൻ കാലത്തെ ചേർത്ത് പിടിക്കാൻ നോക്കി. "അതിനെന്താ? അമ്മിണീടെ മാതാപിതാക്കൾ നൽകിയ ഭുമി എന്തു ചെയ്യണമെന്ന് തീരുമാനിക്കാൻ പിന്നെ ആർക്കാ അവകാശം?"
"അപ്പോ കൊച്ചുനായര്? അപ്പൂപ്പൻ?" ഞാൻ വീണ്ടും ഇടപെട്ടു. വയറ്റിലുണ്ടാക്കാനല്ലാതെ ഒന്നിനും കൊള്ളാത്ത ഒരു കോന്തൻ. നിന്റെ അമ്മൂമ്മയുടെ തേജസ്സിനു മുമ്പില് ഒരു വേതാളം പോലെ അങ്ങിനെ നടക്കും.
-തുടരും
സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം:
- അധ്യായം 1: മുറിവുണങ്ങിയ ഓർമ്മകളിലൂടെ
- അധ്യായം 2: ഇല്ലി പൊട്ടിയ കുടകൾ
- അധ്യായം 3: വല്യമുത്തശ്ശൻ കിടപ്പിലായ കഥ
- അധ്യായം 4: മതിലുകളില്ലാത്ത മാളികപറമ്പ്
- അധ്യായം 5: പ്രണയം, രതി, വിദ്വേഷം
- അധ്യായം 6: പതുപതുത്ത നെറ്റിയുള്ള വെളിച്ചപ്പാട്
- അധ്യായം 7: സ്വപ്നം നൃത്തം ചെയ്യുമ്പോൾ
- അധ്യായം 8: 'അയ്യോ തൊട്ടഭിനയിക്കാൻ വയ്യ!'
- അധ്യായം 9: കടും നിറങ്ങൾ ഒഴിഞ്ഞ കാലം
- അധ്യായം 10: "അവളുടെ ശരിയല്ലാത്ത പോക്ക്!"
- അധ്യായം 11: പുരോഗമന ചിന്താഗതിക്കാരൻ്റെ ജീവിത പങ്കാളിപട്ടം!
- അധ്യായം 12: അവൾ അജിതയാവാൻ നടക്ക്വാ?
- അധ്യായം 13: മാവോസേതുങ്ങിന്റെ നാട്ടില് കള്ളന്മാരില്ലെന്ന്!
- അധ്യായം 14: നാടകം ചെയ്താ പോരെ, പഠിക്കണോ?
- അധ്യായം 15: കാദംബരി ദേവിയുടെ താക്കൂർ ബാരി, ടാഗോറിന്റെയും!
- അധ്യായം 16: നാടകങ്ങൾ പൂത്ത ആ പെൺകാലം!
- അധ്യായം 17: എൻ്റെ കരളു പറിച്ചിട്ടല്ലേടാ നീ പോയത്?
- അധ്യായം 18: സൗത്ത് ആഫ്രിക്കൻ അരങ്ങിലെ മത്സ്യഗന്ധി
- അധ്യായം 19: ചിരുതയും ഞാനും
- അധ്യായം 20: പെണ്ണുങ്ങൾക്ക് പറ്റിയ പണി ചെയ്താൽ പോരേ? നാടകമെഴുതണോ?
- അധ്യായം 21: സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ, ഇരിക്കണമോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്!
- അധ്യായം 22: കണ്ണിൽ നിറഞ്ഞ വെളുത്ത കാർമേഘങ്ങൾ
- അധ്യായം 23: പൂക്കൾക്കു നിറങ്ങൾ വീണ്ടുകിട്ടിയപ്പോൾ
- അധ്യായം 24: അമ്മയുടെ മരണം സമ്മാനിച്ച ശൂന്യത
- അധ്യായം 25: സിനിമയുടെ ഷട്ടർ ഉയരുമ്പോൾ
- അധ്യായം 26: എനിക്കവളും അവൾക്ക് ഞാനും തണലായ കാലം
- അധ്യായം 27: ചിന്നേടത്തിയും ജാന്വേടത്തിയും!
- മുറിവുണങ്ങിയ ഓർമ്മകളിലൂടെ, അവസാനഭാഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.