/indian-express-malayalam/media/media_files/dbrZ3HYSJgjIN3ospI4T.jpg)
The Life and Work of Sajitha Madathil-Chapter 23
എൻ്റെ കാഴ്ചയിൽ ഉണ്ടായ വ്യതിയാനം അപകടകരമാവുന്നുണ്ടായിരുന്നു. അത് വെറും കാഴ്ചയുടെ മങ്ങൽ മാത്രമല്ലായിരുന്നു. ഉയരങ്ങളിലേക്ക് നോക്കുമ്പോൾ അവ പല ഇരട്ടിയായി കാണും, കെട്ടിടങ്ങൾക്ക് മുകളിൽ മറ്റൊന്ന് എന്ന പോലെ. പടികൾ ഇറങ്ങുമ്പോൾ ആഴം നിർണ്ണയിക്കാൻ പറ്റുന്നില്ല. രണ്ടു വശത്തേക്കും നോക്കുമ്പോഴും ഇതേ പോലെ. കാറ് ഓടിക്കുമ്പോൾ വശങ്ങളിൽ നിൽക്കുന്നവരെ കാണാൻ പറ്റുന്നില്ല. വായന ഒട്ടുമേ സാധ്യമല്ല.
ഇത്രയുമായപ്പോൾ സ്കാൻ റിപ്പോർട്ട് പ്രകാരം കാഴ്ചയെ തടസ്സപ്പെടുത്തിയ തലച്ചോറിൽ വളരുന്ന ട്യൂമർ എടുത്ത് കളഞ്ഞേ പറ്റൂ എന്ന തീരുമാനത്തിലേക്ക് ഞാനെത്തി. പലരും പറഞ്ഞറിഞ്ഞ് ഡോ. ദിലീപ് പണിക്കരെ ചെന്ന് കണ്ടു. ചിരിക്കുന്ന ശാന്തപ്രകൃതനായ ഒരാൾ. സ്കാൻ റിപ്പോർട്ട് അദ്ദേഹത്തിൻ്റെ മുന്നിലേക്ക് നീക്കിവെച്ച് എന്തായാലും എനിക്കൊന്നുമില്ല എന്ന ഭാവത്തിൽ ഞാനിരുന്നു.
എന്റെ നിസ്സംഗതയെ അദ്ദേഹം തട്ടി ദൂരെയെറിഞ്ഞു. "സർജറി വൈകിക്കാനാവില്ല. കാഴ്ചയെ ബാധിച്ചിരിക്കയാണ്. കൂടുതൽ മോശമാകാൻ കാത്തു നിൽക്കരുത്. അപസ്മാരം വരാം, കഠിനമായ തലവേദന വരാം..." മുഖത്തെ പ്രസന്നത നിലനിർത്തിക്കൊണ്ട് തന്നെ ദിലീപ് ഡോക്ടർ പറഞ്ഞു.
"നിങ്ങൾ ഉറപ്പായും ഗൂഗിൾ ചെയ്തിട്ടുണ്ടാവുമല്ലോ" എന്ന കളിയാക്കലോടെ ദിലീപ് ഡോക്ടറുടെ ടീമിലുള്ള അനൂപ് നായർ സർജറിയുടെ വിശദാംശങ്ങൾ ലളിതമായി വിശദീകരിച്ചു.
പിന്നീടുള്ള ദിവസങ്ങൾ പെട്ടെന്നാണ് മുന്നോട്ടു പോയത്. ശസ്ത്രക്രിയയ്ക്കു മുൻപുള്ള പരിശോധനകൾ. ഹൃദയ പരിശോധന പറ്റിച്ചു, ഹൃദയ മിടിപ്പിലെ ഏറ്റക്കുറച്ചിലുകൾ തടസ്സമായി. തുടർന്നു ആൻജിയോഗ്രാം ചെയ്തു വലിയ പ്രശ്നങ്ങളില്ലാത്തതിനാൽ ഓപ്പറേഷന് ഗ്രീൻ സിഗ്നൽ കിട്ടി.
മകൻ ആരോമൽ പഠിത്തത്തിൽ നിന്ന് അവധിയെടുത്ത് പറന്നെത്തി. അവനെ കാണുമ്പോൾ നെഞ്ച് പിടച്ചു. അവനെ കണ്ണു നിറയെ എന്നും കാണാൻ കാഴ്ച തിരിച്ചുപിടിച്ചേ പറ്റൂ. ഞാനത് ഉറപ്പിച്ചു.
ചലച്ചിത്ര അക്കാദമിയിൽ നിന്ന് അന്നത്തെ ചെയർമാൻ കമൽ സാറും സെക്രട്ടറി മഹേഷ് പഞ്ചുവും ഡബ്ല്യുസിസി കൂട്ടുകാരികളും, സിനിമാ മേഖലയിലെ മറ്റു പ്രിയപ്പെട്ടവരും, എൻ്റെ അടുത്ത സുഹൃത്തുക്കളും, 'കാളി' നാടക സംഘവും ഒക്കെ വാക്കിലും പ്രവൃത്തിയിലും കൂടെ ഉണ്ടെന്ന് ഉറപ്പു വരുത്തി.
ഇതിനിടെ കോട്ടയത്തെ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ അഭിനയ വിഭാഗത്തിൽ മേധാവിയായി ചേർന്നു. കയറ്റിറക്കങ്ങളുള്ള ക്യാംപസാണത്. മിക്കപ്പോഴും ഞാൻ തളർന്നിരുന്നു. വളരെ അടുത്ത കുറച്ച് പേർക്കേ ഈ വയ്യായ്ക എന്താണെന്ന് അറിയൂ.
/indian-express-malayalam/media/media_files/tn5bsBfipkKT2WJ4Gnlg.jpg)
എനിക്കാവട്ടെ ഒറ്റക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി. നടക്കാൻ പോലും പേടി തോന്നാൻ തുടങ്ങി. അന്നത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അമ്പാടിയോട് ഞാനിക്കാര്യം പറഞ്ഞു. ഉടൻ അവധിയെടുക്കണമെന്നായി അദ്ദേഹം. ഒരു മെഡിക്കൽ ഡോക്ടർ കൂടിയായ അദ്ദേഹത്തിന് എന്റെ അവസ്ഥ പെട്ടെന്ന് മനസ്സിലായി. അതേറെ ആശ്വാസമായി.
ഫെബ്രുവരി 13ന് ശസ്ത്രക്രിയയ്ക്ക് തീയതി കുറിച്ചു. ഡോ. പണിക്കരും സംഘവും തന്ന പിന്തുണ ഒരിക്കലും മറക്കാനാവില്ല. സ്വന്തം പാട്ടുകാരി സിതാരയുടെ ഭർത്താവ് ഡോക്ടർ സജീഷ്, പിന്നെ കൂട്ടുകാരി ഡോ മായ എന്നിവരും കൂടെ നിന്നു ധൈര്യം നൽകി. അവർ എല്ലാവരും ചേർന്ന് എന്റെ ആശുപത്രിദിനങ്ങളെ സ്നേഹവും സന്തോഷവും കൊണ്ടുനിറച്ചു.
ആശുപത്രിയും പരിസരവും അസ്വസ്ഥതപ്പെടുത്തുന്നതല്ലായിരുന്നു. എന്നാൽ സർജറി ചിലപ്പോൾ ഓർമ്മയെ ബാധിക്കിനിടയുണ്ടെന്ന് ഡോക്ടർ പറഞ്ഞത് പുറത്തേക്ക് ചിരിക്കുമ്പോഴും എൻ്റെ ദിവസങ്ങളെ സംഘർഷഭരിതമാക്കി. എങ്കിലും ആ സന്ദർഭത്തെ പലതും പറഞ്ഞ് അതീവതമാശയാക്കാൻ കൂട്ടുകാർ ഗോപനും, നസ്റുവും, മനോജും ആവും പോലെ ശ്രമിച്ചു കൊണ്ടേയിരുന്നു.
അനുജത്തി സബിതയും കൂട്ടുകാരികൾ ശോഭയും ഷാഹിനയുമെല്ലാം ആശുപത്രിയിലെ വിവിധ കാര്യങ്ങൾ കോർഡിനേറ്റ് ചെയ്തു കൊണ്ട് ഓടി നടന്നു. അത്ഭുതകരമായ ചില കാര്യങ്ങൾ ഇതിനിടയിൽ സംഭവിച്ചിരുന്നു. ഈ രോഗവിവരമൊക്കെ അറിയുന്നതിനു കുറച്ചു മാസം മുമ്പ് മാത്രമാണ് സുഹൃത്തായ ഒരു ഏജൻറ്റിൻ്റെ നിർബന്ധപ്രകാരം ഞാൻ മെഡിക്കൽ ഇൻഷൂറൻസ് എടുക്കുന്നത്.
ആറുമാസം കഴിയും മുമ്പ് വന്ന ഈ വലിയ ശസ്ത്രക്രിയയുടെ സാമ്പത്തിക ഭാരത്തിൻ്റെ ഒരു പങ്ക് അതിനാൽ അവിടെ നിന്നു ലഭിച്ചു. ഇത് എന്നിലുണ്ടാക്കിയ അത്ഭുതം വലുതാണ്. എല്ലാം നേരത്തെ നിശ്ചയിക്കപ്പെട്ടതു പോലെ.. ഫ്ലാറ്റ് വാങ്ങൽ എൻ്റെ കൈ തീർത്തും ശൂന്യമാക്കിയിരുന്നു. മെഡിക്കൽ ഇൻഷൂറൻസും, ഗവൺമെൻ്റിൻ്റെ ചികിത്സാ സഹായവും, ഡബ്ല്യുസിസിയിലെ കൂട്ടുകാരും അടുത്ത ബന്ധുക്കളും, സുഹുത്തുക്കളും മറ്റും നൽകിയ ധനസഹായവുമൊക്കെയായിരുന്നു എനിക്ക് താങ്ങായത്.
അവസാനം ആ ദിനം വന്നെത്തി. സർജറിയുടെ അന്നു രാവിലെ നാലിന് എഴുന്നേറ്റ് കുളിച്ചു. നഴ്സ് തന്ന പുതിയ വസ്ത്രങ്ങൾ ധരിച്ചു. ഞാൻ കണ്ണാടിയിൽ നോക്കി മനസ്സിൽ പറഞ്ഞു. ഞാൻ തിരിച്ചു വരും. കൂടുതൽ കരുത്തോടെ, ധൈര്യത്തോടെ ഇവിടെ ജീവിക്കും. ശരിയെന്നു തോന്നുന്നത് ഉറക്കെ പറഞ്ഞും ചെയ്തും.
/indian-express-malayalam/media/media_files/WKFv5jiJIZHl0HIefXwx.jpg)
ശസ്ത്രക്രിയാ മുറിയെത്തുവോളം ആരോമലിന്റെ വിരലുകൾ എന്നെ തൊട്ടിരുന്നു. ഒരു പരിചിത സീൻ പോലെ തോന്നിച്ചു എനിക്ക് അപ്പോഴവിടം. തിയറ്ററിലേക്ക് കയറുമ്പോൾ മോന്റെ കണ്ണിലേക്ക് ഒന്നുകൂടി നോക്കി. അവനിൽ ഒളിച്ച് ആർത്ത കരച്ചിൽ എനിക്ക് മങ്ങിയാണെങ്കിലും കാണാമായിരുന്നു. പാവം കുട്ടി.
തിയേറ്ററിൽ ഡോക്ടറുടെ ഒരു നേരമ്പോക്കും അതിനൊപ്പം ഉയർന്ന കൂട്ടച്ചിരിയുമേ കേട്ടുള്ളൂ, പിന്നൊരുറക്കത്തിലേക്ക്. പത്തിലധികം മണിക്കൂറുകൾ കൊണ്ട് തലച്ചോറിനിടയിലൊളിച്ചിരുന്ന ട്യൂമർ ഡോക്ടർ പിഴുതെറിഞ്ഞു. മിക്കവാറും പൂർണമായി തന്നെ.
കണ്ണു പാതി തുറക്കുമ്പോൾ അനിയത്തിയുടെ രൂപം മുന്നിലുണ്ട്. പിന്നെ ഞാൻ കാണുന്നത് ഷാഹിനയെയാണ്. എന്റെ ഓർമ നഷ്ടമായിട്ടുണ്ടാവുമോ എന്ന ആശങ്കയിൽ ഉഴറിയാണ് അവളുടെ നിൽപ്. ശാന്തമായ ദീർഘമായ ഉറക്കമായിരുന്നു പിന്നെയും.
ആശുപത്രി മുറിയുടെ ഇത്തിരി ജനലിലൂടെ വെണ്മയാർന്നൊരാകാശം എന്നെ വന്നു തൊട്ട പോലെ. ആളുകൾക്കൊക്കെയും എന്തു ഭംഗി. എല്ലാവരും സുന്ദരൻമാരും സുന്ദരികളും. പൂക്കൾക്കു നിറങ്ങൾ വീണ്ടുകിട്ടിയിട്ടുമുണ്ട്.
സർജറി കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ഡോക്ടർ എന്നോട് നടക്കാൻ ആവശ്യപ്പെട്ടു. ഒട്ടേറെ പ്രിയപ്പെട്ടവർ രോഗവിവരം അന്വേഷിച്ച് വിളിക്കുന്നുണ്ടായിരുന്നു. അമ്മയെ കാണണമെന്നായിരുന്നു എനിക്കപ്പോൾ. എന്റെ അസുഖമൊന്നും അമ്മ അറിഞ്ഞിട്ടുണ്ടായിരുന്നില്ല.
ഫ്ലാറ്റിലേക്കു ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം തിരികെപ്പോവുകയാണ്. ചെളിയടിഞ്ഞ കാറിന്റെ ചില്ലു തെളിഞ്ഞു തെളിഞ്ഞു വരുന്നതും കൊച്ചിയിലെ വൃക്ഷച്ഛായകളിലൂടെ വഴികൾ വളരുന്നതും ഞാനറിഞ്ഞു.
സോണിയെന്ന സ്നേഹവതിയായ സഹായി പിന്നീട് കുറെ മാസങ്ങൾ കൂടെ നിന്നു. പിന്നെന്റെ കൂട്ടുകാർ, അവരൊക്കെയും മാറിമാറി കൂട്ടുനിന്നു. മുഖം നീരുവന്നിരുന്നു. വലതു കണ്ണിനു ചുറ്റും വലിയ അടി കിട്ടിയതുപോലെ നീലിച്ച് കിടപ്പുണ്ടായിരുന്നു എന്നതുമൊഴിച്ചാൽ വലിയ അസ്വസ്ഥതകളൊന്നും ഇല്ലായിരുന്നു. ദൂരെ സ്ഥലത്തു നിന്നു പോലും സുഖവിവരമന്വേഷിച്ച് കൂട്ടുകാരും ബന്ധുക്കളുമെത്തി. വളരെ വേഗത്തിൽ ഞാൻ രോഗാവസ്ഥ പിന്നിട്ടു.
ഒരു മാസത്തെ വിശ്രമ കാലം, അതിൽ കൂടുതൽ ലീവ് എടുക്കാനുളള സാമ്പത്തികാവസ്ഥ എനിക്കില്ലായിരുന്നു. ക്യാംപസിലേക്കു തിരിച്ചെത്തുമ്പോൾ ആദ്യമൊന്ന് അമ്പരന്നു. പഴയ ഊർജ്ജം തോന്നുന്നില്ല, എല്ലാറ്റിനും വേഗത കുറവ്. മുഖത്തിന്റെ ഒരു വശം തൊട്ടാൽ അറിയുന്നില്ല. വിശപ്പില്ല. വിശപ്പ് അറിയാനായി പിന്നെയും കുറെ സമയമെടുത്തു. മുഖത്തിൻ്റെ ഒരു ഭാഗത്ത് തൊട്ടാൽ അറിയാത്ത അവസ്ഥ മാറി വരുന്നതേ ഉള്ളൂ.
/indian-express-malayalam/media/media_files/k4D05Rna8N2kJPgf2MMK.jpg)
ചെറിയ സംഘർഷങ്ങളിൽ പോലും തലയ്ക്കുള്ളിൽ വേദനയോടെ വലിഞ്ഞു മുറുകുന്ന ഞരമ്പുകൾ. എങ്കിലും തളർന്നിരിക്കാൻ സമയമില്ലായിരുന്നു. ഉള്ളിൽ നിന്നും ചുറ്റും നിന്ന മനുഷ്യരിൽ നിന്നും ഊർജം വലിച്ചെടുത്ത് സിനിമയും പഠനക്കളരികളുമൊക്കെയായി പതുക്കെ ഉണർവിലേക്കു നടന്നടുത്തു.
സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥ അടിസ്ഥാനമാക്കി കുട്ടികൾക്കു വേണ്ടിയുള്ള ടെലിഫിലിമിനായി തിരക്കഥയെഴുതി. ഫൗസിയ ഫാത്തിമയാണു സംവിധാനവും ക്യാമറയും ചെയ്തത്. കഠിനമായ ആ പരീക്ഷണ കാലം സൗഹൃദങ്ങളുടെ ഊഷ്മളതയിലും, തളർന്നു കിടക്കാൻ തണലില്ലാത്തതിനാലും ഞാൻ വിജയകരമായി തരണം ചെയ്തു.
മോശം ദിവസങ്ങൾ ഇതോടെ ഒഴിഞ്ഞു പോയി എന്നു ഞാൻ കരുതിയെങ്കിൽ തെറ്റി. എൻ്റെ ജീവിതാകാശത്തിന് മുകളിൽ കറുത്ത കാർമേഘങ്ങൾ പതിയെ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു...
-തുടരും
സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ' ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം:
- അധ്യായം 1: മുറിവുണങ്ങിയ ഓർമ്മകളിലൂടെ
- അധ്യായം 2: ഇല്ലി പൊട്ടിയ കുടകൾ
- അധ്യായം 3: വല്യമുത്തശ്ശൻ കിടപ്പിലായ കഥ
- അധ്യായം 4: മതിലുകളില്ലാത്ത മാളികപറമ്പ്
- അധ്യായം 5: പ്രണയം, രതി, വിദ്വേഷം
- അധ്യായം 6: പതുപതുത്ത നെറ്റിയുള്ള വെളിച്ചപ്പാട്
- അധ്യായം 7: സ്വപ്നം നൃത്തം ചെയ്യുമ്പോൾ
- അധ്യായം 8: 'അയ്യോ തൊട്ടഭിനയിക്കാൻ വയ്യ!'
- അധ്യായം 9: കടും നിറങ്ങൾ ഒഴിഞ്ഞ കാലം
- അധ്യായം 10: "അവളുടെ ശരിയല്ലാത്ത പോക്ക്!"
- അധ്യായം 11: പുരോഗമന ചിന്താഗതിക്കാരൻ്റെ ജീവിത പങ്കാളിപട്ടം!
- അധ്യായം 12: അവൾ അജിതയാവാൻ നടക്ക്വാ?
- അധ്യായം 13: മാവോസേതുങ്ങിന്റെ നാട്ടില് കള്ളന്മാരില്ലെന്ന്!
- അധ്യായം 14: നാടകം ചെയ്താ പോരെ, പഠിക്കണോ?
- അധ്യായം 15: കാദംബരി ദേവിയുടെ താക്കൂർ ബാരി, ടാഗോറിന്റെയും!
- അധ്യായം 16: നാടകങ്ങൾ പൂത്ത ആ പെൺകാലം!
- അധ്യായം 17: എൻ്റെ കരളു പറിച്ചിട്ടല്ലേടാ നീ പോയത്?
- അധ്യായം 18: സൗത്ത് ആഫ്രിക്കൻ അരങ്ങിലെ മത്സ്യഗന്ധി
- അധ്യായം 19: ചിരുതയും ഞാനും
- അധ്യായം 20: പെണ്ണുങ്ങൾക്ക് പറ്റിയ പണി ചെയ്താൽ പോരേ? നാടകമെഴുതണോ?
- അധ്യായം 21: സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ, ഇരിക്കണമോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്!
- അധ്യായം 22: കണ്ണിൽ നിറഞ്ഞ വെളുത്ത കാർമേഘങ്ങൾ
- അധ്യായം 23: പൂക്കൾക്കു നിറങ്ങൾ വീണ്ടുകിട്ടിയപ്പോൾ
- അധ്യായം 24: അമ്മയുടെ മരണം സമ്മാനിച്ച ശൂന്യത
- അധ്യായം 25: സിനിമയുടെ ഷട്ടർ ഉയരുമ്പോൾ
- അധ്യായം 26: എനിക്കവളും അവൾക്ക് ഞാനും തണലായ കാലം
- അധ്യായം 27: ചിന്നേടത്തിയും ജാന്വേടത്തിയും!
- മുറിവുണങ്ങിയ ഓർമ്മകളിലൂടെ, അവസാനഭാഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us