/indian-express-malayalam/media/media_files/O4rE8LtQunfd9B44d1er.jpg)
The Life and Work of Sajitha Madathil- Part 7
അമ്മയുടെ ആഗ്രഹത്തിനു വഴങ്ങിയാണ് നൃത്തം പഠിക്കാന്‍ തുടങ്ങിയത്. തുടക്കത്തില്‍ എനിക്ക് നൃത്തപഠനം ഒട്ടും ഇഷ്ടമായിരുന്നില്ല. ഒറ്റക്ക് വീടിന്റെ തളത്തില്‍ ചെയ്യുന്ന ആ നൃത്തച്ചുവടുകളും, അതിന്റെ ചിട്ടകളും എന്നെ ബോറടിപ്പിച്ചു. കാരണം ഞാന്‍ കളിയുടെ മൂര്‍ദ്ധന്യത്തിലിരിക്കുന്ന സമയത്താവും ടീച്ചർ വരിക.
കോഴിക്കോട്ടെ പ്രസിദ്ധ നാടക/സിനിമാ നടിയായ സാവിത്രി ശ്രീധരന്‍ ആയിരുന്നു എന്നെ ആദ്യം നൃത്തം പഠിപ്പിച്ചത്. അവരുടെ വട്ടമുഖം ഇടവഴിയുടെ അറ്റത്തു പ്രത്യക്ഷപ്പെടുമ്പോള്‍ ഞാന്‍ കിണറ്റിന്‍കരയിലേക്ക് തിരിച്ചോടും. ആരെങ്കിലും കോരിവെച്ച കുടത്തില്‍ നിന്ന് മുഖത്തും, കൈകാലുകളിലും അല്പം വെള്ളം തെളിച്ച് വൃത്തി വരുത്തിയെന്നു വരുത്തും, കളിച്ചു മുഷിഞ്ഞ എന്റെ പെറ്റിക്കോട്ട് വലിച്ചെറിഞ്ഞ് മറ്റൊന്ന് എടുത്തു ചാര്‍ത്തും. കൊട്ടിന്റെ ഊക്കിനനുസരിച്ച് കാലുകളമരും, കൈകള്‍ ശരീരത്തിനുചുറ്റും ഉലയും, അതിലപ്പുറം തിറകളുടെ ആടിത്തിമിര്‍ക്കലിന്റെ, ഉന്മാദത്തിന്റെ ഒരറ്റം പോലും എനിക്കതില്‍ അന്നു കണ്ടെത്താനായില്ല. എങ്കിലും ആ നിര്‍ബന്ധിത നൃത്തപഠനം ഊര്‍ജ്ജിതമായി തന്നെ തുടര്‍ന്നു.
സ്കൂള്‍ വാര്‍ഷികത്തിന് രംഗപൂജ അവതരിപ്പിക്കേണ്ടത് ഞാനാണെന്ന് മനസ്സിലാവുന്നത് തലേന്ന് റിഹേഴ്സലിനായി ടീച്ചര്‍ കൊണ്ടു പോകുമ്പോഴാണ്. എന്റെ വീടിന്‍റെ തളത്തില്‍, ചെറിയമ്മമാരുടെ സാന്നിദ്ധ്യത്തില്‍ നൃത്തം ചെയ്തു മാത്രം പരിചയിച്ച എനിക്ക് സ്കൂളിലെ കാഴ്ചക്കാര്‍ക്കു മുമ്പില്‍ താളവാദ്യത്തിന്റെ അകമ്പടിയോടെ നൃത്തം ചെയ്യുക കഠിനമായി തോന്നി. ഞാന്‍ പഠിച്ചതെല്ലാം മറന്നു. ടീച്ചര്‍ക്ക് ശരിക്കും ദേഷ്യം വന്നു. ഒരുപക്ഷേ ടീച്ചറോടുള്ള പേടി കൊണ്ടു മാത്രമായിരിക്കും ഞാന്‍ തെറ്റാതെ, വൃത്തിയായി അരങ്ങത്ത് ആദ്യ നൃത്തച്ചുവടുകള്‍ വെച്ചത്.
പക്ഷേ അരങ്ങില്‍ എന്തോ സംഭവിക്കുന്നതായി എനിക്ക് തോന്നി, സ്റ്റേജിലേക്ക് കയറുന്നതു വരെയുള്ള പിരിമുറുക്കം മാറി, കാഴ്ചക്കാരുടെ കണ്ണുകള്‍ എനിക്ക് ഊര്‍ജ്ജം പകര്‍ന്നു, ഒഴിഞ്ഞ പന്തിന് വായു നിറച്ച പോലെ ഞാന്‍ അരങ്ങില്‍ ഒഴുകി നടക്കാന്‍ ഇഷ്ടപ്പെട്ടു. രംഗപൂജ അവസാനിച്ചപ്പോള്‍ എനിക്ക് ദു:ഖം തോന്നി, സ്റ്റേജില്‍ നിന്നാരോ നിര്‍ബന്ധിച്ച് പിടിച്ചിറക്കി...
മുഖം നോക്കുന്ന ഒരു വട്ടക്കണ്ണാടിയും ഒരു കുപ്പി ഗ്ലാസുമായിരുന്നു എനിക്കാദ്യം കിട്ടിയ സമ്മാനം. അതുമായി വീട്ടിലേക്ക് പതിവു പോലെ ഞാന്‍ ഓടിയില്ല. പൊട്ടാതെ സൂക്ഷിക്കേണ്ടുന്ന അമൂല്യവസ്തുക്കള്‍ എന്റെ കൈവശമുണ്ടെന്ന് എനിക്ക് തോന്നി. അരങ്ങിന്റെ മാസ്മരികത എന്തെന്നറിഞ്ഞ ആ എട്ടാം വയസ്സു മുതല്‍ ഞാന്‍ നൃത്തം ഗൗരവമായി തന്നെ എടുക്കാന്‍ തുടങ്ങി. കലാക്ഷേത്രയില്‍ പഠിച്ച സുഭദ്ര ടീച്ചറാണ് ഭരതനാട്യ പഠനത്തിന് ആ കാലത്ത് പന്നിയങ്കരയില്‍ നേതൃത്വം നല്‍കിയിരുന്നത്. പാലക്കല്‍ തറവാടിന്റെ തളത്തില്‍ അന്നാട്ടിലെ കൊച്ചുപെണ്‍കുട്ടികളെല്ലാം എത്തിയിരുന്നു. ഒരു വിജയാഷ്ടമി ദിവസം ഞങ്ങള്‍ ദക്ഷിണ വെച്ച് അഭ്യാസം തുടങ്ങി.
കുറെ സ്റ്റേജുകളിൽ നൃത്തം അവതരിപ്പിച്ചു. പഠനത്തെക്കാൾ എനിക്കതായിരുന്നു പ്രിയപ്പെട്ടത്. ബാലെ എന്ന നൃത്തരൂപം ഞാന്‍ കാണുന്നതും പങ്കെടുക്കുന്നതും കലാമണ്ഡലം ചന്ദ്രിക ടീച്ചറുടെ ശിഷ്യയായതിനു ശേഷമാണ്. ദാസേട്ടന്റെ മകള്‍ പ്രിയയും ഞാനും അതില്‍ പ്രായം കുറഞ്ഞ അംഗങ്ങളായിരുന്നു. അവളാവട്ടെ, നൃത്തലോകത്തു തന്നെ വളര്‍ന്നതു കാരണം, ഏറെ മുമ്പിലായിരുന്നു നൃത്തത്തിലുള്ള പ്രാവീണ്യം. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചു നടന്ന അവതരണത്തിനിടക്കാണ്, ഞാന്‍ ചന്ദ്രിക ടീച്ചറുടെ നൃത്തം ആദ്യമായി കാണുന്നത്. നൃത്തത്തിന് കൈകാലുകളുടെയും കണ്ണിന്റെയും കൃത്യമായ ചലനങ്ങള്‍ക്കപ്പുറം, മറ്റെന്തോ ഒരു താളം കൂടിയുണ്ടെന്നും, അത് വരേണ്ടത് നര്‍ത്തകിയുടെ അകത്തു നിന്നാണെന്നും ഞാനങ്ങിനെ മനസ്സിലാക്കി. ഏറെക്കാലമായി അവര്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. അതു കൊണ്ടു തന്നെ എനിക്കത് അപൂര്‍വ്വഭാഗ്യമായി തോന്നി.
അത്ഭുതവും ആരാധനയും കാരണം എനിക്കവരുടെ അടുത്തേക്ക് ചെല്ലുവാന്‍ തന്നെ മടിയായി. ബാലെ അവതരണം നൃത്തത്തിനൊപ്പം അഭിനയത്തിന്റെ സാധ്യതകളാണ് എന്‍റെ മുമ്പില്‍ തുറന്നത്. നാടകീയരംഗങ്ങളില്‍ അഭിനയത്തിനായിരുന്നു നൃത്തച്ചുവടുകളെക്കാള്‍ പ്രാധാന്യം. ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ഭാഗ്യമാണ് കേന്ദ്ര സംഗീത നാടക അക്കാദമി ജോലിക്കാലത്ത് പ്രഗത്ഭരായ നർത്തകിമാരെ പരിചയപ്പെടാനും അവരുടെ വർക്കുകൾ കാണാനും അവസരം ലഭിച്ചത്. യാമിനി കൃഷ്ണമൂർത്തി, പത്മ സുബ്രമണ്യം, അലർമേൽവള്ളി, സോണൽ മാൻസിങ്ങ്, പ്രതിഭ പ്രഹളാദ്, ഗീത ചന്ദ്രൻ, ലീല സാംസൺ, രമ വൈദ്യനാഥൻ, ഭാരതി ശിവജി, കനക് റെലെ, ദീപ്തി ഓംചേരി ഭല്ല, ജയപ്രഭ മേനോൻ തുടങ്ങിയവരിലൂടെ ഇന്ത്യയിലെ വിവിധ നൃത്തരൂപങ്ങൾ അടുത്തു കാണാനായി. ജോലിയുടെ ഭാഗമായി നിന്ന് കലയെ അറിയാനും പഠിക്കാനും ആസ്വദിക്കാനും സാധിച്ചു എന്നതായിരുന്നു അതിലൂടെ ലഭിച്ച ഭാഗ്യം. പക്ഷേ നർത്തകിയാവുക എന്ന സ്വപ്നം എന്റെ ജീവിതത്തിൽ നിന്ന് എന്നേ നഷ്ടപ്പെട്ടു പോയിരുന്നു.
ഞാൻ ചെറുപ്പത്തിൽ നിലത്ത് കാലുറപ്പിച്ച് നടക്കുന്നത് കുറവാണ്. എവിടെ അവസരം കിട്ടിയാലും നൃത്തം ചെയ്യാനിഷ്ടമാണ്. ഒരിക്കൽ വീട്ടിലാരൊക്കയോ വിരുന്നു വന്നു. പഞ്ചസാര കുറവാണ്. ചെറിയമ്മ ഒരു സഞ്ചിയും കാശും തന്ന് ഉണ്ണികൃഷണൻ നായരുടെ കടയിലേക്ക് ഓടിച്ചു. ഞാൻ സാധനം വാങ്ങി തിരിച്ചു വരുമ്പോഴാണ് അമ്മയുടെ കൂട്ടുകാരി റോസമ്മ ടീച്ചറും മകളും അവരുടെ ഗേറ്റിൽ നിൽക്കുന്നത് കാണുന്നത്. നൃത്ത പഠനമൊക്കെ എന്തായി എന്ന് അവർ ചോദിച്ചത് എനിക്ക് ഓർമ്മയുണ്ട്. പിന്നെ ഞാൻ അവർക്ക് പഠിച്ച ഐറ്റമൊക്കെ മുറ്റത്തേക്ക് മാറി നിന്ന് കാണിച്ചു കൊടുത്തു. മിഠായിയും സമ്മാനമായി കിട്ടി. വീട്ടിലെത്തിയപ്പോൾ ആകെ പ്രശ്നമായിരുന്നു. വിരുന്നുകാർ പോയിക്കഴിഞ്ഞിരുന്നു, ദേഷ്യം വന്ന് ചെറിയമ്മ എന്റെ ചെവി പിടിച്ചു തിരിച്ചു. ഞാൻ വേദനിച്ച് വലിയ ശബ്ദത്തിൽ കരയാൻ തുടങ്ങി. പതിവു പോലെ ഉണ്ണികൃഷ്ണമാമ ഓടി വന്ന് ആശ്വസിപ്പിച്ചു.
അച്ഛന്റെ സ്ഥാനമായിരുന്നു മാമന്. എന്നാൽ ആ ചേർത്തു വെക്കൽ അധിക കാലം ഉണ്ടായില്ല. മറ്റൊരു ദുരിതം ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഉണ്ണികൃഷ്ണൻ മാമ മരണപ്പെടുന്നത്. അമ്മയുടെ അടുത്ത കൂട്ടായിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതം. ഇടതുപക്ഷ ചിന്താഗതിക്കാരൻ. അദ്ധ്യാപകൻ. ആ രംഗത്തെ സമരങ്ങളിലൊക്കെ പങ്കെടുക്കും. അമ്മയുടെ രാഷ്ട്രീയബോധം നിർണ്ണയിക്കുന്നതിൽ വലിയ പങ്കുവഹിച്ചത് അമ്മാവനായിരുന്നു.
അമ്മാവൻ വിവാഹം ചെയ്തത് മുറപ്പെണ്ണായ വത്സല അമ്മായിയെ ആണ്. അവർ രണ്ടു പേരും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു. പെട്ടെന്നായിരുന്നു മരണം. രണ്ടു ദിവസമായി തലവേദന വന്ന് ഇരിക്കുമ്പോഴാണ് ചെറിയ മാനസിക വിഭ്രാന്തിയുള്ള ഒരു ബന്ധു വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കുന്നത്. അമ്മൂമ്മ വലിയൊരു വീടുവെച്ച് ഞങ്ങൾ അവിടേക്ക് മാറി താമസിച്ച ഉടനെയായിരുന്നു സംഭവം. അയാളുടെ ബഹളം കഴിഞ്ഞ് തിരിച്ചുപോയി അല്പം കഴിഞ്ഞ ഉടനെ മാമൻ കുഴഞ്ഞ് വീണു. ആശുപത്രിയിലൊക്കെ കൊണ്ട് പോയി. വൈകുന്നേരത്തോടെ മരണവാർത്ത എത്തി. അത് വല്ലാത്തൊരു കാലമായിരുന്നു. ജീവിതത്തിന്റെ താളം മുഴുവൻ തെറ്റിപ്പോയ കാലം.
അനുജത്തി സബിയ്ക്ക് അമ്മൂമ്മയുമായി ആണ് കൂടുതൽ അടുപ്പമുണ്ടായിരുന്നത്. അവൾക്ക് കുഞ്ഞായിരുന്നപ്പോൾ മെനിഞ്ചൈറ്റിസ് വന്നു, ബ്രെയിൻ ഫീവർ. അമ്മ തകർന്നു പോയ കാലമായിരുന്നു അത്. അവളുടെ കാഴ്ച പ്രശ്നത്തിലായി. ഡബിൾ വിഷൻ വന്നു. അതും വെച്ച് ഏറെ വിഷമിച്ചാണ് അവൾ ഉന്നത വിദ്യാഭ്യാസം നേടിയത്.
ഇതെല്ലാം അവളുടെ ശരീരത്തെയും ബാധിച്ചു. അവൾ തടിയ്ക്കാൻ തുടങ്ങി. തുടക്കത്തിൽ ഡാൻസൊക്കെ കളിക്കുമായിരുന്നെങ്കിലും പിന്നീട് ഇത്തരം പ്രശ്നങ്ങളൊക്കെ കാരണം അതൊന്നും ഇല്ലാതായി. കാഴ്ചയിലെ പ്രശ്നങ്ങളും ശരീരത്തെക്കുറിച്ചുള്ള അപകർഷതയുമൊക്കെ അവളെ നല്ലവണ്ണം ബാധിച്ചു, അവളുടെ സ്വഭാവത്തെയും. വളരെ ദേഷ്യക്കാരിയായിട്ടുള്ള ഒരാളായിരുന്നു സബി. അവൾ പഠനകാര്യങ്ങളിൽ ശ്രദ്ധിച്ചു, ഞാനാവട്ടെ കൂടുതൽ നൃത്തവും കുറച്ചു പഠനവും എന്ന ലക്ഷ്യത്തിലായിരുന്നു.
ആ സമയത്തൊന്നും ഞങ്ങൾക്കിടയിൽ സഹോദരി സുഹൃത്താവുന്ന മാജിക്ക് സംഭവിച്ചിരുന്നില്ല. ഞാൻ എന്റെ വഴിയേ അങ്ങനെ പോവും. എന്റേത് തീർത്തും ഒറ്റപ്പെട്ടൊരു ലോകമായിരുന്നു. അമ്മ വേറൊരു ലോകത്തും. ഇതിനിടയിൽ കലാമണ്ഡലത്തിൽ പോയി നൃത്തം പഠിക്കുക എന്ന സ്വപ്നം പൂർണ്ണമായും മാഞ്ഞുപോയി...
തുടരും...
സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം:
- അധ്യായം 1: മുറിവുണങ്ങിയ ഓർമ്മകളിലൂടെ
- അധ്യായം 2: ഇല്ലി പൊട്ടിയ കുടകൾ
- അധ്യായം 3: വല്യമുത്തശ്ശൻ കിടപ്പിലായ കഥ
- അധ്യായം 4: മതിലുകളില്ലാത്ത മാളികപറമ്പ്
- അധ്യായം 5: പ്രണയം, രതി, വിദ്വേഷം
- അധ്യായം 6: പതുപതുത്ത നെറ്റിയുള്ള വെളിച്ചപ്പാട്
- അധ്യായം 7: സ്വപ്നം നൃത്തം ചെയ്യുമ്പോൾ
- അധ്യായം 8: 'അയ്യോ തൊട്ടഭിനയിക്കാൻ വയ്യ!'
- അധ്യായം 9: കടും നിറങ്ങൾ ഒഴിഞ്ഞ കാലം
- അധ്യായം 10: "അവളുടെ ശരിയല്ലാത്ത പോക്ക്!"
- അധ്യായം 11: പുരോഗമന ചിന്താഗതിക്കാരൻ്റെ ജീവിത പങ്കാളിപട്ടം!
- അധ്യായം 12: അവൾ അജിതയാവാൻ നടക്ക്വാ?
- അധ്യായം 13: മാവോസേതുങ്ങിന്റെ നാട്ടില്‍ കള്ളന്മാരില്ലെന്ന്!
- അധ്യായം 14: നാടകം ചെയ്താ പോരെ, പഠിക്കണോ?
- അധ്യായം 15: കാദംബരി ദേവിയുടെ താക്കൂർ ബാരി, ടാഗോറിന്റെയും!
- അധ്യായം 16: നാടകങ്ങൾ പൂത്ത ആ പെൺകാലം!
- അധ്യായം 17: എൻ്റെ കരളു പറിച്ചിട്ടല്ലേടാ നീ പോയത്?
- അധ്യായം 18: സൗത്ത് ആഫ്രിക്കൻ അരങ്ങിലെ മത്സ്യഗന്ധി
- അധ്യായം 19: ചിരുതയും ഞാനും
- അധ്യായം 20: പെണ്ണുങ്ങൾക്ക് പറ്റിയ പണി ചെയ്താൽ പോരേ? നാടകമെഴുതണോ?
- അധ്യായം 21: സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ, ഇരിക്കണമോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്!
- അധ്യായം 22: കണ്ണിൽ നിറഞ്ഞ വെളുത്ത കാർമേഘങ്ങൾ
- അധ്യായം 23: പൂക്കൾക്കു നിറങ്ങൾ വീണ്ടുകിട്ടിയപ്പോൾ
- അധ്യായം 24: അമ്മയുടെ മരണം സമ്മാനിച്ച ശൂന്യത
- അധ്യായം 25: സിനിമയുടെ ഷട്ടർ ഉയരുമ്പോൾ
- അധ്യായം 26: എനിക്കവളും അവൾക്ക് ഞാനും തണലായ കാലം
- അധ്യായം 27: ചിന്നേടത്തിയും ജാന്വേടത്തിയും!
- മുറിവുണങ്ങിയ ഓർമ്മകളിലൂടെ, അവസാനഭാഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.