scorecardresearch

അമ്മയുടെ മരണം സമ്മാനിച്ച ശൂന്യത

"പൂവെക്കാൻ അമ്മക്ക് ഇഷ്ടമായിരുന്നു. പൊട്ടുവെക്കാനും. എന്നാൽ അച്ഛൻ്റെ മരണശേഷം അമ്മ അതൊന്നും ചെയ്തിട്ടില്ല.  മരണത്തിലെങ്കിലും അവർ പൂ ചൂടി, പൊട്ടു കുത്തി സുന്ദരിയായി പോവട്ടേ എന്നു ഞങ്ങൾ കരുതി" സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 24

"പൂവെക്കാൻ അമ്മക്ക് ഇഷ്ടമായിരുന്നു. പൊട്ടുവെക്കാനും. എന്നാൽ അച്ഛൻ്റെ മരണശേഷം അമ്മ അതൊന്നും ചെയ്തിട്ടില്ല.  മരണത്തിലെങ്കിലും അവർ പൂ ചൂടി, പൊട്ടു കുത്തി സുന്ദരിയായി പോവട്ടേ എന്നു ഞങ്ങൾ കരുതി" സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ,' അധ്യായം 24

author-image
Sajitha Madathil
New Update
Sajitha Madathil | Memories

The Life and Work of Sajitha Madathil-Chapter 24

അമ്മ മരിക്കുന്നത് 2018ലാണ്. ആ  ശൂന്യത പോകെ പോകെ കൂടിവരികയാണ്. അമ്മ മരിച്ചതിനു ശേഷം ഞാൻ കോഴിക്കോട്ട് അനിയത്തിയുടെ വീട്ടിൽ പോയി  നിൽക്കുന്നത് അപൂർവ്വമാണ്. മുൻപ് ഞാൻ വീട്ടിലേക്കു വരുന്നു എന്നു പറഞ്ഞാൽ അമ്മ കുളിച്ച്  നല്ല സുന്ദരിയായി, പൂമുഖത്തു തന്നെ എന്നെ കാത്തിരിക്കുന്നുണ്ടാവും. അമ്മ വീൽച്ചെയറിലായിരുന്ന കാലത്തുപോലും ഇങ്ങനെയായിരുന്നു,

Advertisment

വരുമ്പോൾ തന്നെ അമ്മയ്ക്ക് എന്നെ കാണണം. കാണുമ്പോൾ അമ്മയുടെ ഒരു ഭാവമുണ്ട്, ഒരു മരം പെട്ടെന്ന് പൂത്തുലയുന്നതുപോലെ ഉള്ള സന്തോഷമാണ്. അമ്മയെ കുറിച്ചോർക്കുമ്പോൾ സന്തോഷത്താൽ പൂത്തുലഞ്ഞ ആ മുഖം കൂടിയാണ് മനസ്സിൽ തെളിയുക. ആ വീട്ടിലേക്ക് ഇപ്പോൾ പോവാനുള്ള സങ്കടവും അതാണ്, ചെന്നു കയറുമ്പോൾ വരവേൽക്കാൻ ആ മുഖം അവിടെയില്ലല്ലോ.  

ഒരിക്കൽ ഞാൻ ചെല്ലുമ്പോൾ അമ്മ വീടിനു മുന്നിലുള്ള പടിയിൽ തന്നെ ഇരിക്കുകയാണ്. സബിയുടെ വീടിനു മുൻവശത്തെ നിറഞ്ഞു നിൽക്കുന്ന ചെടികൾക്കിടയിൽ അനങ്ങാതെ ഇരിക്കുന്ന അമ്മയുടെ കയ്യിൽ  അനിയത്തി വാങ്ങിക്കൊടുത്ത ഒരു ചെറിയ ഹാൻഡ്ബാഗും ഉണ്ട്.

ഹാൻഡ്ബാഗുകൾ അമ്മയ്ക്കൊരു  ദൗർബല്യമായിരുന്നു.  അതുപോലെ തന്നെ, അമ്മയ്ക്ക് എപ്പോഴും വാച്ച് കെട്ടണം. ഈ രണ്ടു കാര്യങ്ങൾ ഇല്ലാതെ അമ്മ പുറത്തിറങ്ങില്ല. വയ്യാതായി തുടങ്ങിയപ്പോഴും ഇത് രണ്ടും രാവിലെ തന്നെ അമ്മയുടെ കയ്യിൽ കൊടുത്തിരിക്കണം എന്നത് നിർബന്ധമാണ്. ഞങ്ങൾ അമ്മക്ക് ചെറിയ ഹാൻ്റ് ബാഗ് വാങ്ങി അതിൽ അല്പം കാശൊക്കെ ഇട്ടു കൊടുക്കും. 

Advertisment

"എന്താ അമ്മേ  പരിപാടി?" എന്ന് ഞാൻ ചോദിച്ചപ്പോൾ പെട്ടെന്ന് മറുപടി വന്നു . "പിണറായി സഖാവിന് ഫണ്ട് കൊടുക്കാൻ വന്നതാണ്  മോളെ..."  അതായത്, പിണറായി സഖാവിന് ഫണ്ട് കൊടുക്കാൻ വേണ്ടി അമ്മ കാത്തുനിൽക്കുകയാണ് എന്നാണ് പറയുന്നത്.

വയ്യാതെ സ്വന്തം വീടിന്റെ ഉമ്മറത്താണ് ആളിരിക്കുന്നത്, പക്ഷേ അമ്മ കരുതുന്നത് പാർട്ടി ഓഫീസിന്റെ പുറത്താണ് എന്നാണ്. പിണറായി സഖാവ് അകത്തുണ്ട്. അമ്മയ്ക്ക് ആ തുക ഏൽപ്പിച്ചിട്ട് വേണം മടങ്ങാൻ. ദുരിതാശ്വാസ ഫണ്ടിലേക്കുള്ള അമ്മയുടെ സംഭാവന.

"അമ്മ അകത്തേക്ക് വരൂ" എന്നു ഞാൻ പറഞ്ഞു. "അങ്ങനെയൊന്നും അകത്തേക്ക് പോകാൻ പറ്റില്ല. വിളിക്കും,  വിളിക്കുമ്പോൾ നമ്മൾ അകത്തേക്ക് പോയിട്ട് പൈസ കൊടുക്കുക, മടങ്ങുക. അത്രയേ ഉള്ളൂ." അന്ന് ഞങ്ങൾ കുറേ കഷ്ടപ്പെട്ടിട്ടാണ് ഫണ്ട് എന്നുള്ള ചിന്ത അമ്മയുടെ തലയിൽ നിന്നൊന്നു മാറ്റിയതും അകത്തേക്ക് കൂട്ടികൊണ്ടുപോയതും.

അവസാന കാലത് അമ്മയെ പണം കൈകാര്യം ചെയ്യാൻ  അനുവദിക്കാൻ പറ്റില്ലായിരുന്നു. തൻ്റെ സ്വർണ്ണമാലകളും വളകളും എല്ലാം ആരോട് സഹതാപം തോന്നിയാലും എടുത്തു നൽകാൻ മടിയില്ലായിരുന്നു. പലരും ആ കരുണ സാമർത്ഥ്യത്തോടെ ഉപയോഗിക്കാനും ആരംഭിച്ചിരുന്നു. അമ്മയെ തടയാൻ എളുപ്പമല്ല. 'നിങ്ങൾ ഏടുത്തിക്കും അനുജത്തിക്കും  സ്വർണ്ണമൊന്നും വേണ്ടാന്നല്ലെ പറയാറ്.  ഞാൻ എൻ്റെ സ്വർണ്ണം എൻ്റെ ഇഷ്ടപ്രകാരം ആർക്കും കൊടുക്കും' എന്നായിരുന്നു അമ്മയുടെ വാദം. അമ്മ മരിച്ചപ്പോൾ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന ബാക്കി തുക ഞങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു  കൊടുത്തു. അമ്മക്കും അതാവും സന്തോഷം.

മറ്റൊരിക്കൽ അമ്മ യൂറിൻ ട്യൂബൊക്കെയിട്ട് കിടപ്പാണ്.  ഞാനും സബിയും കൂടി അമ്മയോട്  ഓരോന്നു മിണ്ടിപറഞ്ഞ് ഇരിക്കുന്നതിനിടയിൽ  ചോദിച്ചു. "ഇങ്ങനെ കിടന്നിട്ട് അമ്മയ്ക്ക് ബോറടിക്കുന്നുണ്ടല്ലേ?"  അപ്പോൾ അമ്മ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് മറുപടി പറഞ്ഞു. "അതിന് ആര് കിടന്നു. ഞാനിപ്പോ പോയി വന്നിട്ടല്ലേ ഉള്ളൂ. ലീലയേയും ശ്യാമളെയും കണ്ടു വന്ന്, സാരി മാറ്റി ഒന്ന് കിടന്നു അത്രയേ ഉള്ളൂ," എന്ന്.

Sajitha Madathil
സഹോദരിമാർക്കൊപ്പം അമ്മ

ലീലയും ശ്യാമളയും അമ്മയുടെ പ്രിയപ്പെട്ട അനുജത്തിമാരാണ്. അമ്മക്ക് ഞങ്ങളെക്കാളും അവരെ ഇഷ്ടമാണ് എന്നു സബിയും ഞാനും കുശുമ്പ് പറയും. അമ്മയുടെ ചേച്ചി രുഗ്മിണി വല്യമ്മ അവരുടെ അമ്പതുകളിൽ തന്നെ മരിച്ചു പോയി. പിന്നെ ഇവർ മൂന്നു പേരുമായി കൂട്ട്.

ഇന്ന് ശ്യാമളമേമ്മ മാത്രമേ ഞങ്ങൾക്കൊപ്പമുള്ളൂ. ശ്യാമളമേമ്മ അമ്മൂമ്മയുടെ ഏറ്റവും ഇളയ കുട്ടിയാണ്. മുടിയിൽ എല്ലാ ദിവസവും റോസാപൂ ചൂടി പ്രൊവിഡൻസ് കേളേജിലേക്ക് പോകുന്ന ശ്യാമളമേമ്മ ഞാനക്കാലത്ത് കണ്ട ഏറ്റവും സുന്ദരിയായ ആയ പെൺകുട്ടിയായിരുന്നു. അമ്മയുടെ അനുജന്മാരായ രാജനും, രവിയും, സോമനും അമ്മക്കൊപ്പം എന്നും എന്തിനുമുണ്ടായിരുന്നു. സോമമ്മാമയുടെ അകാലത്തിലുള്ള മരണം ചെറുതായൊന്നുമല്ല അമ്മയെ ഉലച്ചത്.

കിടപ്പിലായപ്പോഴും മനസ്സുകൊണ്ട് അമ്മ പോസിറ്റീവ് ആയിരുന്നു. നമ്മൾ വിചാരിക്കുന്നത് ആ കിടപ്പ് അമ്മയെ സങ്കടപ്പെടുത്തുന്നു എന്നാണ്. എന്നാൽ അമ്മ മനസ്സുകൊണ്ട് ഒരുപാട് യാത്ര ചെയ്യുകയാണ് അപ്പോഴും. 

കസിൻസിനെ ഭാര്യാസമേതം കാണുമ്പോൾ അവരെ പരസ്പരം വിവാഹം കഴിപ്പിക്കാൻ അമ്മ കിടന്നു കൊണ്ട് തീരുമാനിക്കും. ഹാൾ ബുക്കിങ്ങ്, സ്വർണ്ണം വാങ്ങൽ , സദ്യ എന്നിവ ഏർപ്പാടാക്കുന്ന തിരക്കിലായിരിക്കും കുറച്ചു ദിവസം. പിന്നെ അതു മറക്കും.മറ്റൊരു പുതിയ ഒരു സന്നദ്ധ പ്രവർത്തനത്തിൽ കയറി പിടിക്കും.

നമുക്ക് മാത്രമാണ് അമ്മ കിടപ്പിലായത്, അമ്മയെ സംബന്ധിച്ച് അമ്മയുടെ മനസ്സും ലോകവും അപ്പോഴും സജീവമാണ്.ഇടയ്ക്ക് ഞാനും സബിയും കൂടി അമ്മയുടെ അലമാര തുറന്ന് സാരികളൊക്കെ അടുക്കിവയ്ക്കും. അമ്മയ്ക്ക് കുറേയേറെ സാരികൾ ഉണ്ടായിരുന്നു.

ഒരിക്കൽ കോഴിക്കോട്ടെ ഒരു പരിപാടിയ്ക്ക് പോവാൻ എനിക്കൊരു സാരി വേണം. അതിനായുള്ള സാരി ഞാൻ കയ്യിൽ കരുതിയിരുന്നില്ല. എന്നാൽ പിന്നെ അമ്മയുടെ സാരിയുടുക്കാം എന്നു തീരുമാനിച്ചു. അമ്മയുടെ സാരികളൊന്നും എന്റെ ടേസ്റ്റിനു പറ്റിയതല്ല. എന്നാലും അതിൽ ഏതെങ്കിലുമൊന്നു ഒപ്പിക്കാം എന്നോർത്ത് അലമാര തുറന്ന് പരിശോധിക്കുകയാണ്. അതുകണ്ട്  കിടപ്പിലായ അമ്മ പറയുകയാണ്, "മോളെ ഉടുത്തിട്ട് ഡ്രൈക്ലീൻ ചെയ്ത് അകത്തേക്ക് തന്നെ വെക്കണേ. എനിക്ക് പിന്നെ ഒരു അവസരത്തിൽ ഉടുക്കാനുള്ളതാണ്."

തന്റെ സജീവ ജീവിതം കഴിഞ്ഞെന്ന് അമ്മ അപ്പോഴും വിചാരിക്കുന്നില്ല, അമ്മയെ സംബന്ധിച്ച്  ജീവിതം അപ്പോഴും 'ഓൺ' ആണ്. വേറെ ഏതോ ലോകത്ത് അമ്മ ആക്റ്റീവായി ഓടിനടക്കുകയാണ്. ഒന്നര വർഷത്തോളം അമ്മ ഒട്ടും വയ്യാതെ കിടന്നു. ആ സമയത്ത് അമ്മയുടെ കൂടെ ഏറ്റവുമധികം സമയം ചിലവഴിച്ചത് സബിയുടെ മക്കൾ അലനും കെവിനും, അവരുടെ അച്ഛൻ ശുഹൈബും ആണ്.

ശുഹൈബ് വീട്ടിലുണ്ടെങ്കിൽ അമ്മക്ക് വലിയ സമാധാനമാണ്. പാട്ടു പാടിയും തമാശകൾ പറഞ്ഞും അവർ അമ്മക്ക് ചുറ്റും ഉണ്ടാകും. അമ്മക്ക് പ്രിയപ്പെട്ട മറ്റൊരാൾ   സി പി എമ്മിൻ്റെ കല്ലായി ലോക്കൽ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായ ആയിരുന്ന ഗിരീഷ് സി.വി ആണ്. അമ്മ ഇടക്കിടെ ഗിരീഷിനെ കിടന്നു കൊണ്ട് ഫോണിൽ വിളിച്ച് ശല്യം ചെയ്യും. അവൻ തിരക്കിൻ്റെ ഇടയിലും ഓടി വരും. അവർ തമ്മിൽ രസകരമായ ഒരു ബന്ധമുണ്ടായിരുന്നു. ഗിരീഷിൻ്റെ സാന്നിദ്ധ്യം അമ്മക്ക് പ്രിയപ്പെട്ടതായിരുന്നു.
അതുപോലെ തന്നെയാണ് സഖാക്കളായ ബാലുവും ഹരിദാസേട്ടനും. രജിതയും, ഷീബയും, അംബികയും വാരിജാക്ഷനുമെല്ലാം അമ്മക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. ഇവരുടെയൊക്കെ സാന്നിധ്യമാണ് അമ്മയെ ആ കാലത്ത് സജീവമായി നിലനിർത്തിയത്.

Sajitha Madathil
ഗിരീഷിനൊപ്പം അമ്മ

ബ്രെയിൻ ഓപ്പറേഷനു ശേഷം കെ.ആർ നാരായണൻ ഫിലീം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമയും പഠനക്കളരികളുമൊക്കെയായി തിരക്കു പിടിച്ച ദിവസങ്ങളിലായിരുന്നു ഞാനക്കാലത്ത്. പട്ടണം റഷീദ് പങ്കെടുക്കുന്നൊരു മേക്കപ്പ് വർക്ക്‌ഷോപ്പ് ക്യാംപസിൽ നടക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് പ്രളയത്തിനു മുൻപേയുള്ള ആ മഴ ദിവസങ്ങൾ തുടങ്ങിയത്.

ക്യാമ്പസ്സിൽ അവധി പ്രഖ്യാപിച്ചു. കൊച്ചിയിലെത്താൻ ടാക്സി ഒന്നും കിട്ടുന്നില്ല. പാല മുഴുവൻ വെള്ളം കയറിയിരിക്കയാണ്. അവസാനം ഒരു സുഹൃത്തുവഴി ഒരു ടാക്സി കിട്ടി. കോട്ടയം വഴിയാണ് യാത്ര. റോഡിലേക്കും, പാലങ്ങളിലേക്കും വെള്ളം അരിച്ചു കയറി തുടങ്ങിയിട്ടുണ്ടായിരുന്നു. അപ്പോഴും വരാൻ പോകുന്ന ദിവസങ്ങളുടെ ഭീകരത എനിക്കറിയില്ലായിരുന്നു.

ഞാൻ എത്തിയപ്പോഴേക്കും എറണാകുളത്തെ തൊട്ടടുത്ത സൂപ്പർ മാർക്കറ്റുകൾ കാലിയായി കിടന്നിരുന്നു. പാലും മുട്ടയും ഒന്നും ലഭ്യമല്ലാതായി. പല  സുഹുത്തുക്കളും ദുരിതാശ്വാസ പ്രവർത്തനങ്ങളിലായിരുന്നു. എനിക്കെന്തോ മനസ്സ് എവിടേയും നിർത്താൻ പറ്റുന്നില്ല. "ഈ കർക്കിടകം കഴിഞ്ഞു കിട്ടുമോ?" എന്നമ്മ കഴിഞ്ഞ തവണ കണ്ടപ്പോൾ ചോദിച്ചതുമാണ്. എനിക്ക് എങ്ങനെയെങ്കിലും അമ്മയുടെ അടുത്തുപോവണം എന്നായി. എന്നാൽ പോകാൻ ആണെങ്കിൽ ഒരു വഴിയുമില്ല.

ഞാനത് എഫ്ബിയിലെഴുതി. സുഹൃത്തുക്കൾ യാത്ര വിലക്കി. പ്രളയം മൂലം ആർക്കും എങ്ങോട്ടും പോവാനാവാതെ കുടുങ്ങിയിരിക്കുകയാണ്. വല്ല ലോറിയിലും കയറി പോയാലോ എന്നായി ചിന്ത. ഞാനിങ്ങനെ പല വഴികൾ തേടുകയാണ്. എളുപ്പമല്ല ഇപ്പോൾ യാത്ര. കോഴിക്കോട് എത്തുമെന്ന് ഒരുറപ്പുമില്ല, പകുതിയ്ക്ക് പെട്ടുപോവാനുള്ള സാധ്യത  കൂടുതലാണ് എന്നൊക്കെ എല്ലാവരും പറയുന്നുണ്ട്. എല്ലാവരും വെള്ളം പൊങ്ങുന്നതിന്റെ ടെൻഷനിൽ നിൽക്കുകയാണ്. 

പിറ്റേദിവസം രാവിലെ എൻ്റെ നാടക സുഹൃത്തുക്കൾ ഗോപൻ മങ്ങാടും നസ്റുദീനും വിളിച്ചിട്ടു പറഞ്ഞു, "നമുക്ക് കോഴിക്കോട് പോയാലോ, ഞങ്ങൾക്കും  പോവേണ്ട ആവശ്യമുണ്ട്.". എനിക്ക് ആശ്വാസമായി. "പക്ഷെ പോകാൻ പറ്റുമോ? വെള്ളം കെട്ടി കിടക്കുകയല്ലേ?" ഞാൻ ആശങ്കയോടെ ചോദിച്ചു.

അതൊക്കെ പറ്റുമെന്ന് അവർ ആത്മവിശ്വാസത്തോടെ പറഞ്ഞു.  നസ്റുദീനാണ് വണ്ടി ഓടിക്കുന്നത്.  പറവൂർ ഭാഗത്തൊക്കെ  വണ്ടിയുടെ ജനലു വരെ വെള്ളമാണ്. അതിൽ കൂടെയാണ് ഓടിച്ചു പോകുന്നത്. കഷ്ടപ്പാടായിരുന്നു ആ യാത്ര. അവൻ മടുപ്പില്ലാതെ വണ്ടി ഓടിച്ചു. ഗോപൻ പതിവ് തമാശയും എന്നെ കളിയാക്കലുമായി സജീവമായി.

കോഴിക്കോട് എത്തിയപ്പോഴാണ് മനസ്സിലായത്, യഥാർത്ഥത്തിൽ ഇവർ എന്നെ അമ്മയുടെ അടുത്തേക്ക് കൊണ്ടുവരാനായി മാത്രം വന്നവരാണ് എന്ന്. അവർ പക്ഷേ അതെന്നോട് പറഞ്ഞില്ല, തമാശയൊക്കെ പറഞ്ഞ് എന്നെ സന്തോഷിപ്പിച്ച് നിർത്താൻ നോക്കുകയായിരുന്നു അവർ ആ യാത്രയിലുടനീളം. ഈ പ്രിയപ്പെട്ടവരോട് , ഈ കരുതലിന് നന്ദി പറയുന്നതു പോലും മര്യാദകേടാവും.

ശ്യാമള മേമ്മയുടെ മക്കൾ നിഷിലും നിഷയും കുടുബവും ഈ പ്രളയജലം നീന്തി കടന്നു കൊച്ചിയിൽ നിന്നു അവരുടെ സാവിത്രി മേമ്മയെ കാണാൻ  എത്തി.

തലേദിവസം രാവിലെ തന്നെ അമ്മയ്ക്ക് വയ്യാതെ ആയിട്ട് അനിയത്തിയും അലനും അമ്മയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. അമ്മയെ അവിടെ കിടത്തിയിരിക്കുകയാണ്. എന്നിട്ടാണ് എന്നെ വിളിപ്പിച്ചിരിക്കുന്നത്. അപ്പോഴും ഞാൻ വിചാരിക്കുന്നത് അമ്മയ്ക്ക് എന്തെങ്കിലും ഓപ്പറേഷനൊക്കെ ചെയ്താൽ ശരിയാവുമായിരിക്കും എന്നാണ്.

Sajitha Madathil
അമ്മയ്ക്കും സബിയ്ക്കുമൊപ്പം

പക്ഷേ,നമ്മൾ നിൽക്കുന്നിടത്തല്ലല്ലോ ജീവിതം നിൽക്കുക. ഇവിടെയും  അതുതന്നെ സംഭവിച്ചു. അമ്മ പോയി. യാതൊരു ചടങ്ങുകളും ഞങ്ങൾ ചെയ്തില്ല. അമ്മക്ക് അതൊന്നും ഇഷ്ടമായിരുന്നില്ല. ലീലമേമ്മയുടെ മക്കൾ മനോജും മധുവും കൂടെ നിന്നു. മധുവിനെ വിളിച്ച് ഞാൻ ചെവിയിൽ പറഞ്ഞു. "മോനെ പത്തു മുഴം മുല്ലപ്പൂ വേണം." എന്തിനാണ് എന്നവൻ ചോദിച്ചില്ല.

പൂവെക്കാൻ അമ്മക്ക് ഇഷ്ടമായിരുന്നു. പൊട്ടുവെക്കാനും. എന്നാൽ അച്ഛൻ്റെ മരണശേഷം അമ്മ അതൊന്നും ചെയ്തിട്ടില്ല.  മരണത്തിലെങ്കിലും അവർ പൂ ചൂടി, പൊട്ടു കുത്തി സുന്ദരിയായി പോവട്ടേ എന്നു ഞങ്ങൾ കരുതി. ഞങ്ങൾ അമ്മയുടെ ചുറ്റും മുല്ലപൂക്കൾ തൂക്കിയിട്ടു. നെറ്റിയിൽ പൊട്ടു തൊടുവിച്ചു. 

മാനാരി ശ്മശാനത്തിലേക്ക് ഞങ്ങൾ അമ്മയെ അനുഗമിച്ചു. അവിടേക്ക് സാധാരണ സ്തീകൾ കടന്നു ചെല്ലാറില്ല. ഞങ്ങൾക്കൊപ്പം അമ്പതോളം സ്ത്രീകളും അമ്മയുടെ അന്ത്യയാത്രക്കു സാക്ഷിയാവാൻ അവിടെ എത്തി. ഞങ്ങളെക്കാൾ നെഞ്ച് പൊട്ടി കരഞ്ഞത് അമ്മക്കൊപ്പം പ്രവൃത്തിച്ച സാധാരണ മനുഷ്യരായിരുന്നു.

ഒരേസമയം അച്ഛനും അമ്മയുമൊക്കെയായി എല്ലായിപ്പോഴും അമ്മയാണ് ഞങ്ങളുടെ ജീവിതത്തിൽ നിറഞ്ഞുനിന്നത്. ഒരുപാട് കാര്യങ്ങളിൽ വഴക്കടിച്ചിട്ടുണ്ട്. പക്ഷേ, നിർണായക ഘട്ടങ്ങളിലൊക്കെ അമ്മ ഒപ്പം ഉറച്ച് നിൽക്കും. അമ്മ വയ്യാതായി കിടന്ന മുറിയിൽ എന്റെ പേരെഴുതിയ മൊമന്റോ കളൊക്കെ ഇരിക്കുന്നുണ്ടായിരുന്നു.

അമ്മ കണ്ണു കൂർപ്പിച്ച് 'സ്നേഹാദരങ്ങളോടെ സജിതയ്ക്ക്' എന്നൊക്കെ അതിൽ എഴുതിയത് വായിക്കും. എന്നിട്ട് നിറഞ്ഞ് ചിരിക്കും. അമ്മയ്ക്ക് വലിയ അഭിമാനമാണ്. എന്നെക്കുറിച്ചു മാത്രമല്ല, തൻ്റെ പരിമിതികളെയെല്ലാം മറികടന്ന് പഠിച്ചും ചിന്തിച്ചും വളർന്ന സബിയെക്കുറിച്ചും അമ്മയ്ക്ക്  വലിയ അഭിമാനമായിരുന്നു. അതാണ് ഞങ്ങളിരുവരും നേടിയ ഏറ്റവും വലിയ അംഗീകാരം.

-തുടരും

സജിത മഠത്തിൽ എഴുതുന്ന 'മുറിവുണങ്ങിയ ഓർമ്മകളിലൂടെ'ഇതുവരെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാം: 

Memories Sajitha Madathil Memoirs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: