/indian-express-malayalam/media/media_files/y4fy4QNAwXH6cAbgBpM5.jpg)
കേരളത്തെ പിടിച്ചുകുലുക്കിയ ഉരുൾപൊട്ടലിന് സംസ്ഥാന ഇതിന് മുമ്പ് സാക്ഷിയായത് 2019ലായിരുന്നു
കൊച്ചി: ഇതാദ്യമായല്ല, കേരളത്തിൽ ഉരുൾപൊട്ടൽ. എന്നാൽ മരണസംഖ്യ ഇത്രയും ഉയർന്ന ഉരുൾപൊട്ടൽ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമാണ്. മലവെള്ളപാച്ചിൽ സർവ്വവും കവർന്നെടുത്ത ഭൂമിയിലെ നിസഹായതയുടെ മുഖങ്ങൾ എന്നും നൊമ്പരമായി ഓരോ മലയാളികളുടെയും മനസ്സിലുണ്ട്. ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകൾ കേരളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ചില ഉരുൾപൊട്ടലിന്റെ നടുക്കുന്ന ഓർമ്മകളിലൂടെ ഒരെത്തിനോട്ടം.
അമ്പൂരി മുതൽ കവളപ്പാറ വരെ
2001 നവംബർ ഒൻപതിനാണ് തിരുവനന്തപരത്തെ കുടിയേറ്റ ഗ്രാമമായ അമ്പൂരിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. നെയ്യാറിന്റെ തീരത്തുള്ള അമ്പൂരി ഗ്രാമത്തിലെ കുരിശുമലയ്ക്ക് സമീപമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. അന്ന് ഗ്രാമത്തിലെ തോമസ് എന്നയാളുടെ മകന്റെ വിവാഹവുമയി ബന്ധപ്പെട്ട് നിരവധി പേരാണ് തോമസിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നത്. രണ്ട് ദിവസമായി സ്ഥലത്ത് ഇടിയോട് കൂടിയ കനത്തമഴ പെയ്യുന്നുണ്ടായിരുന്നു. അതിനാൽ, ആദ്യം ഉരുൾപൊട്ടിയപ്പോൾ നാട്ടുകാർ ഇടിമിന്നലാണെന്നാണ് കരുതിയത്. എന്നാൽ പൊട്ടിയൊഴികിയെത്തിയ ഉരുൾ കവർന്നെടുത്തത് 39പേരുടെ ജീവനായിരുന്നു. അന്നോളം കേരളം കണ്ടതിൽ ഏറ്റവും വലിയ ഉരുൾപൊട്ടലായിരുന്നു അമ്പൂരിൽ ഉണ്ടായത്.
കേരളത്തെ പിടിച്ചുകുലുക്കിയ ഉരുൾപൊട്ടലിന് സംസ്ഥാന ഇതിന് മുമ്പ് സാക്ഷിയായത് 2019ലായിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ എട്ട് ജില്ലകളിലായി 120 പേരുടെ ജീവൻ ഉരുൾപൊട്ടൽ കവർന്നു. കേരളത്തെ മുഴവൻ വിറപ്പിച്ച കവളപ്പാറയും പുത്തുമലയും സംഭവിക്കുന്നത് ആ വർഷമാണ്. 2019 ഓഗസ്റ്റ് എട്ടിനാണ് വയനാട്ടിലെ പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും ഉരുൾപൊട്ടിയത്. നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടി മണിക്കൂറുകളുടെ വ്യത്യാസത്തിൽ പുത്തുമലയിലും മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. 17 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിൽ ഇനിയും അഞ്ച് പേരെ കണ്ടെത്താനായിട്ടില്ല. മലവെള്ളപാച്ചിലിൽ കവളപ്പാറയിൽ ഇല്ലാതായത് 59 ജീവനുകൾ. അതിൽ 11 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
ആ വർഷം ഉണ്ടായ ഏറ്റവും വ്യാപ്തിയുള്ള ഉരുൾപൊട്ടൽ കവളപ്പാറയിലേതായിരുന്നു. ഒരുപക്ഷേ കേരളം കണ്ടതിലും വച്ച് ഏറ്റവും പ്രഹരശേഷിയുള്ളതും അത് തന്നെയായിരുന്നു. നഷ്ടപ്പെട്ടതൊന്നും, കൃഷിയിടങ്ങൾ പോലും ഇന്നും കവളപ്പാറക്കാർക്ക് തിരിച്ചെടുക്കാനായിട്ടില്ല. ആദിവാസി കുടുംബങ്ങളായിരുന്നു അന്ന് അപകടത്തിൽപെട്ടവർ ഏറെയും. പുത്തുമലയും കവളപ്പാറയും താമസയോഗ്യമല്ലെന്ന് ജിയോളജി വകുപ്പ് പിന്നീട് പ്രഖ്യാപിച്ചിരുന്നു. അന്ന് ദുരന്തമുണ്ടായ പുത്തുമലയിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ഇന്ന് ഉരുൾപൊട്ടൽ ഉണ്ടായി മുണ്ടക്കൈ.
നോവായി പെട്ടിമുടിയും കൂട്ടിക്കലും
പെട്ടിമുടിയും കവളപ്പാറയും പിന്നിട്ട് ഒരുവർഷം തികയുമ്പോഴേക്കും അടുത്ത ദുരന്തം ആവർത്തിച്ചു. മൂന്നാറിന് സമീപം പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ അന്ന് ജീവൻ നഷ്ടമായത് 66 പേർക്കായിരുന്നു. 2020 ഓാഗസ്റ്റ് ആറിന് രാത്രിയിലായിരുന്നു പെട്ടിമുടിയിലെ തോട്ടം തൊഴിലാളികളുടെ ലയങ്ങളിലേക്ക് മല പൊട്ടി ഒലിച്ചിറങ്ങിയത്. എല്ലാവരും ഉറക്കമായിരുന്ന സമയത്ത് സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി പുറംലോകം അറിയാൻ പിന്നെയും വളരെ വൈകി. പുലർച്ചയോടെ രക്ഷാദൗത്യ സംഘം എത്തുമ്പോഴേക്കും പലരുടേയും ജീവനുകൾ ഇല്ലാതായിരുന്നു. 66 ആളുകളാണ് അന്ന് ദുരന്തത്തിൽ മരിച്ചത്. മരിച്ചതത്രയും സാധാരണ എസ്റ്റേറ്റ് തൊഴിലാളികളും അവരുടെ ബന്ധുക്കളും. നാല് പേരുടെ മൃതദേഹങ്ങൾ ഇനിയും കിട്ടിയിട്ടില്ല. ഇവരെ പിന്നീട് സർക്കാർ മരിച്ചവരായി പ്രഖ്യാപിച്ചിരുന്നു.
2021 ഒക്ടോബർ 16ന് ഉച്ചയ്ക്കാണ് കോട്ടയം ജില്ലയിലെ കൂട്ടിക്കലും സമീപ പഞ്ചായത്തായ കൊക്കെയാറിലും ഉരുൾപൊട്ടലുണ്ടാകുന്നത്. കോട്ടയം,ഇടുക്കി ജില്ലകളുടെ അതിർത്തിയിലായാണ് ഉരുൾപൊട്ടൽ നടന്ന സ്ഥലം. പ്രദേശത്ത് ദിവസങ്ങളായി ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു.എങ്കിലും,ഉച്ചസമയത്തെ ഉരുൾപൊട്ടൽ ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇരുപത്തിയൊന്ന് ജീവനുകളാണ് അന്ന് മണിമലയാറിന്റെ തീരത്തുള്ള ആ കൊച്ചുഗ്രാമത്തിൽ നിന്ന് നഷ്ടമായത്. 2018ൽ മഹാപ്രളയത്തെ മുന്നിൽ കണ്ട വർഷത്തിൽ കേരളത്തിൽ 10 ജില്ലകളിലായി 341 മണ്ണിടിച്ചിലുകളാണ് ഉണ്ടായത്. 104 പേർ ആ വർഷത്തിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചു.
Read More
- വയനാടിനായി...കേരളം ഒറ്റക്കെട്ട്
- തിരിച്ചറിയാനാവാത്ത ശരീരഭാഗങ്ങൾ; കണ്ടുനിൽക്കാനാവില്ല ഈ കാഴ്ചകൾ
- വയനാട്ടിലെ രക്ഷാപ്രവർത്തനം: അവലോകന യോഗം ചേർന്നു
- വയനാട് ദുരന്തം: മരണം 163, കാണാതായവർ 85, ചികിത്സയിൽ 191 പേർ
- സ്വപ്നങ്ങൾ ബാക്കി; യാത്രപോലും പറയാതെ അവർ മടങ്ങി
- മുണ്ടക്കൈയിലുണ്ടായിരുന്നത് 500 ലധികം വീടുകൾ, അവശേഷിച്ചത് 30 എണ്ണം മാത്രം
- മുണ്ടക്കൈ ദുരന്തം: തകര്ന്ന വീടുകൾക്കുള്ളിൽ നിരവധി മൃതദേഹങ്ങള്, പുറത്തെടുക്കൽ ദുഷ്കരം
- വെല്ലുവിളിയായി മഴയും കോടയും;വിശ്രമമില്ലാതെ രക്ഷാദൗത്യം
- മേപ്പാടിയിൽ ഉരുൾപൊട്ടൽ ഇത് മൂന്നാം തവണ
- നാട് ഒന്നായി ചൂരൽമലയിൽ രക്ഷാപ്രവർത്തനം
- പുത്തുമല, പെട്ടിമുടി: കേരളത്തിന് കണ്ണീരായി ഇപ്പോൾ മേപ്പാടിയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.