/indian-express-malayalam/media/media_files/B8rXjIRofHlPeKmU1Ers.jpg)
98 പേർ കാണാതായതായാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്
വയനാട്: കേരളത്തെയൊട്ടാകെ കണ്ണീരിലാഴ്ത്തി മുണ്ടക്കൈ ദുരന്ത ഭൂമിയിലെ കാഴ്ചകൾ. ഉരുൾപൊട്ടൽ ഒരു ഗ്രാമത്തെ മുഴുവൻ തുടച്ചുനീക്കുകയായിരുന്നു. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് ഇനിയുമേറെ മൃതദേഹങ്ങൾ. ഇവ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാദൗത്യം. മുണ്ടക്കൈയിൽ 540 വീടുകൾ ഉണ്ടായിരുന്നുവെന്നും ഉരുൾപൊട്ടലിനുശേഷം അവശേഷിച്ചത് വെറും 30 എണ്ണം മാത്രമാണെന്നും മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് 110-ാം വാർഡ് മെമ്പർ കെ.ബാബു പറഞ്ഞു.
ആരെങ്കിലും ദുരന്ത ഭൂമിയിൽ കുടുങ്ങി കിടക്കുന്നുണ്ടെങ്കിൽ അവരെ രക്ഷപ്പെടുത്താനായി സംയുക്ത സംഘം രാവിലെ മുതൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഓരോ വീട്ടിലും സ്ലാബിന്റേയും കട്ടിളയുടേയും ഇടയിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നുണ്ട്. കോൺക്രീറ്റ് കട്ടറുപയോഗിച്ച് വീടിന്റെ കോൺക്രീറ്റും റൂഫും നീക്കം ചെയ്താൽ മാത്രമേ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ കഴിയൂ. അതേസമയം, അത്യാധുനിക ഉപകരണങ്ങളുടെ കുറവ് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുണ്ട്.
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ, 98 പേർ കാണാതായതായാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്.
മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിനായി ബെയ്‌ലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം ബുധനാഴ്ച എത്തും. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ബുധനാഴ്ച രാവിലെ 11.30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക.
താൽക്കാലിക പാലം നിർമിക്കുന്നതിനാവശ്യമായ നിർമാണ സാമഗ്രികൾ കര-വ്യോമമാർഗങ്ങൾ ഉപയോഗിച്ചായിരിക്കും എത്തിക്കുക. 85 അടി നീളമുള്ള പാലം നിർമിക്കാനാണ് പദ്ധതി. കഴിഞ്ഞ ദിവസം പാലം തകർന്ന നിലയിലായതുകൊണ്ട് 12 മണിക്കൂറുകൾക്ക് ശേഷമായിരുന്നു രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈയിലേക്ക് എത്താൻപോലും സാധിച്ചത്. 150ഓളം വരുന്ന രക്ഷാപ്രവർത്തകരാണ് നിലവിൽ മുണ്ടക്കൈയിലെത്തിയിരിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.