/indian-express-malayalam/media/media_files/j5Y4857ulDFRSDUIpSm1.jpg)
കൽപ്പറ്റ: ഒപ്പമുണ്ടായിരുന്നവരുടെ ചേതനയറ്റ മൃതശരീരത്തിനരികിൽ അലമുറയിടുന്നവർ...ഉറ്റവരെ തേടി അലയുന്നവർ...എല്ലാം നഷ്ടപ്പെട്ടവരുടെ നിർവികാര മുഖങ്ങൾ. ഉരുൾപൊട്ടൽ മുണ്ടൈക്കയിലും ചൂരൽമലയിലും അവശേഷിപ്പിച്ചത് ഇത് മാത്രമാണ്.ഒറ്റനിമിഷം കൊണ്ട് ഇല്ലാതായത് ഒരു ഗ്രാമം മാത്രമല്ല. ഒരുപാട് പേരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു. ദുരന്തം മുണ്ടൈക്കയിലും ചൂരൽമലയിലും ഒന്നും ബാക്കിവെച്ചില്ല. തിങ്കളാഴ്ച രാത്രി വരെ ഒരു ചെറുചാൽ മാത്രമാണ് മൂണ്ടൈക്കയിലൂടെ ഒഴുകിയിരുന്നത്. എന്നാൽ, ഇന്നവിടെ ഒരുവലിയ പുഴ രൂപപ്പെട്ട്, ചെളിയും മരവും കല്ലുമെല്ലാം നിറഞ്ഞ് നെടുകെ പിളർന്ന നിലയിലാണ്. ഒരു പുൽനാമ്പിനെ പോലും അവശേഷിപ്പിക്കാതെയാണ് പൊട്ടിയൊലിച്ചെത്തിയ മലവെള്ളം മുണ്ടൈക്കയിലിനെ ഒന്നാകെ കവർന്നെടുത്തത്.
ടിവി ചാനലുകളുടെ റിപ്പോർട്ടുകളനുസരിച്ച് ,ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 200കടന്നു. 167 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 96 പേരെ തിരിച്ചറിഞ്ഞു. 77 പേർ പുരുഷൻമാരും 67 പേർ സ്ത്രീകളുമാണ്. 22 കുട്ടികളുണ്ട്. ഒരു മൃതദേഹത്തിൻ്റെ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല.
166 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 61 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 49 എണ്ണവും പോസ്ററുമോർട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. 219 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 78 പേർ വിവിധ ആശുപത്രികളിൽ ചികിത്‌സയിൽ തുടരുന്നു. 142 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടിൽ 73 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.
രക്ഷാപ്രവർത്തകരുടെ കണ്ണിൽപ്പെടാത്തവർക്കായി മുണ്ടക്കൈയിൽ സംയുക്ത സംഘം രാവിലെ മുതൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.വീടിന്റെ കോൺക്രീറ്റും റൂഫും നീക്കം ചെയ്യൽ ഏറെ ദുഷ്‌കരമാണ്.
ഉരുൾപൊട്ടൽ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളിൽ കനത്ത നാശമാണ് വിതച്ചത്. മുണ്ടക്കൈ ഗ്രാമത്തെ അപ്പാടെ ഉരുൾ വിഴുങ്ങുകയായിരുന്നു.മേപ്പാടി പഞ്ചായത്തിന്റെ കണക്കനുസരിച്ച മുണ്ടക്കൈയിൽ 504കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ 375 എണ്ണവും വീടുകളായിരുന്നു. അതിൽ 150 വീടുകൾ പൂർണ്ണായി നശിച്ചെന്ന് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. എന്നാൽ പ്രദേശത്ത് 30 വീടുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് മേപ്പാടി പഞ്ചായത്ത് അംഗം കെ ബാബു പറയുന്നു. കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചു കിടക്കുന്നത് രക്ഷാപ്രവർത്തനത്തിനിടെ കണ്ടുവെന്ന് ബാബു കൂട്ടിച്ചേർത്തു. ജീവന്റെ കണികയുണ്ടായിരുന്നവരെ പോലും മാറ്റിയിട്ടുണ്ട്. മൃതശരീരങ്ങൾ പൂർണമായും മാറ്റാൻ കഴിഞ്ഞില്ല. ഇപ്പോളും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്-ബാബു പറയുന്നു.
മുണ്ടക്കൈ എന്ന ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലം പൂർണമായും തകർന്നതോടെ ഗ്രാമത്തിലെത്തിപ്പെടുന്നതിന് രക്ഷാപ്രവർത്തകർക്ക് തടസ്സമായത്. ഇഇതിനൊപ്പം മലവെള്ളപ്പാച്ചിലും മഴയും തുടരുന്നതും രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു. ഒട്ടേറെ കുടുംബങ്ങൾ ഇവിടെ കുടുങ്ങികിടക്കുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.മുണ്ടക്കൈ മേഖലയിലെ പാലം താത്കാലികമായി പുനർനിർമിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ പറഞ്ഞു.
പ്രദേശത്ത് രക്ഷാപ്രവർത്തനം അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ആർ.ഡി മേഘശ്രീ പറഞ്ഞു. എൻഡിആർഎഫ്, ഫയർ ഫോഴ്സ്, പൊലീസ്, വനം വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്
വയനാട് ഉരുൾപൊട്ടൽ നടന്ന പ്രദേശത്തേത്ത് കൂടുതൽ ദുരന്തനിവാരണ സംഘത്തെ എത്തിക്കുമെന്ന് റവന്യൂമന്ത്രി മന്ത്രി കെ രാജൻ പറഞ്ഞു.സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ നൽകരുതെന്നും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പൊതുജനം ദുരന്ത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണം. എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ല. മലയോര മേഖലകളിൽ യാത്ര ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കൺട്രോൾ റൂം നമ്പറുകൾ
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു. ഫോൺ നമ്പർ-ഡെപ്യൂട്ടി കളക്ടർ- 8547616025,തഹസിൽദാർ വൈത്തിരി - 8547616601,കൽപ്പറ്റ ജോയിന്റ് ബി.ഡി.ഒ ഓഫീസ് - 9961289892,അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ - 9383405093,അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ - 9497920271,വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688.
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം.സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566.
Read More
- സ്വപ്നങ്ങൾ ബാക്കി; യാത്രപോലും പറയാതെ അവർ മടങ്ങി
- മുണ്ടക്കൈയിലുണ്ടായിരുന്നത് 500 ലധികം വീടുകൾ, അവശേഷിച്ചത് 30 എണ്ണം മാത്രം
- മുണ്ടക്കൈ ദുരന്തം: തകര്ന്ന വീടുകൾക്കുള്ളിൽ നിരവധി മൃതദേഹങ്ങള്, പുറത്തെടുക്കൽ ദുഷ്കരം
- വെല്ലുവിളിയായി മഴയും കോടയും;വിശ്രമമില്ലാതെ രക്ഷാദൗത്യം
- മേപ്പാടിയിൽ ഉരുൾപൊട്ടൽ ഇത് മൂന്നാം തവണ
- നാട് ഒന്നായി ചൂരൽമലയിൽ രക്ഷാപ്രവർത്തനം
- പുത്തുമല, പെട്ടിമുടി: കേരളത്തിന് കണ്ണീരായി ഇപ്പോൾ മേപ്പാടിയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.