scorecardresearch

മുത്തശ്ശിക്കഥയുടെ വർണപ്പൊലിമയുള്ള ചിത്രം; ‘അജയന്റെ രണ്ടാം മോഷണം' റിവ്യൂ: ARM Review

Ajayante Randam Moshanam, A.R.M Movie Review: കരിയറിലെ ആദ്യ ട്രിപ്പിൾ റോൾ മികച്ചതാക്കിയിരിക്കുകയാണ് ടൊവിനോ തോമസ്. കേളു, മണിയന്‍, അജയന്‍ എന്നീ മൂന്നു കഥാപാത്രങ്ങളെയും തീർത്തും വ്യത്യസ്തമായ മാനറിസത്തോടെയും മൗലികതയോടെയും അവതരിപ്പിച്ച് വിസ്മയിപ്പിക്കുകയാണ് ടൊവിനോ

Ajayante Randam Moshanam, A.R.M Movie Review: കരിയറിലെ ആദ്യ ട്രിപ്പിൾ റോൾ മികച്ചതാക്കിയിരിക്കുകയാണ് ടൊവിനോ തോമസ്. കേളു, മണിയന്‍, അജയന്‍ എന്നീ മൂന്നു കഥാപാത്രങ്ങളെയും തീർത്തും വ്യത്യസ്തമായ മാനറിസത്തോടെയും മൗലികതയോടെയും അവതരിപ്പിച്ച് വിസ്മയിപ്പിക്കുകയാണ് ടൊവിനോ

author-image
Dhanya K Vilayil
New Update
A R M Review

Ajayante Randam Moshanam, A.R.M ARM Movie Review: കാഴ്ചയുടെ ആഘോഷക്കാഴ്ചയൊരുക്കുകയാണ് ടൊവിനോ തോമസ് നായകനായി എത്തുന്ന ‘അജയൻ്റെ രണ്ടാം മോഷണം'.  മിത്തുകളും നാടോടിക്കഥകളും മുത്തശ്ശിക്കഥകളുമൊക്കെ കേട്ടുവളർന്നവരെ ഒരിക്കൽക്കൂടി അത്തരം കഥകളുടെ വശ്യമനോഹാരിതയിലേക്ക് കൂട്ടികൊണ്ടുപോവുകയാണ് സംവിധായകൻ ജിതിൻ ലാൽ.

Advertisment

മോഹൻലാലിന്റെ വോയിസ് ഓവറോടെയാണ് ചിത്രം ആരംഭിക്കുന്നത്. പ്രപഞ്ചത്തെ കുറിച്ചും മനുഷ്യജീവിതങ്ങളെ കുറിച്ചുമെല്ലാം മനോഹരമായി വിവരിക്കുന്ന നരേഷൻ തന്നെ കഥയിലേക്ക് കാഴ്ചക്കാരെ ഹുക്ക് ചെയ്യുന്നുണ്ട്. പിന്നീട് ഒരു മുത്തശ്ശിക്കഥയിലൂടെ ചിയോതിക്കാവ് എന്ന നാടിന്റെ മിത്തുകളിലേക്കാണ്  സംവിധായകൻ പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. കാലങ്ങൾക്കു മുൻപു അവിടേക്ക് പതിച്ചൊരു ഉൽക്കയും ആ നക്ഷത്ര ഉൽക്കയിൽ നിന്നും പണിയിപ്പിച്ചെടുത്ത ഒരു മാന്ത്രികവിളക്കിനെ കുറിച്ചെല്ലാമുള്ള കഥകൾ ചിയോതിക്കാവിലെ കാറ്റിനുപോലും സുപരിചിതമാണ്. കേളു, മണിയൻ, അജയൻ എന്നിങ്ങനെ മൂന്നു കാലഘട്ടത്തിലുള്ള കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. 

എതിരാളികളെ നിമിഷനേരം കൊണ്ട് നിലംപരിശരാക്കുന്ന കേളുവെന്ന പോരാളിയായും കാറ്റിന്റെ വേഗത്തിൽ കവർന്നെടുക്കേണ്ടതെല്ലാം കവർന്ന് കൺകെട്ടുവിദ്യപോലെ മാഞ്ഞുപോവുന്ന മണിയനെയും അച്ഛനപ്പൂപ്പന്മാരുടെ വീരകഥകളും പേരുദോഷവുമൊക്കെ ജീവിതത്തിലെ ബാധ്യതകളായി ചുമക്കേണ്ടിവരുന്ന നിസ്സഹായനായ അജയൻ.... ഈ മൂന്നു കഥാപാത്രങ്ങളെയും തീർത്തും വ്യത്യസ്തമായ മാനറിസത്തോടെയും മൗലികതയോടെയും  അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് ടൊവിനോ എന്ന നടന്റെ വിജയം. ആക്ഷൻ സീനുകളിലെ പെർഫെക്ഷനും മെയ്‌വഴക്കവും അഭിനയ മുഹൂർത്തങ്ങളും കൊണ്ട് സിനിമയെ മൊത്തത്തിൽ തന്റേതാക്കി മാറ്റുകയാണ് ടൊവിനോ തോമസ്. 

ആദ്യചിത്രം തന്നെ ഇത്രയും മികവോടെ ഒരുക്കിയ സംവിധായകൻ ജിതിൻ ലാലും കയ്യടി അർഹിക്കുന്നുണ്ട്. മിത്തുകളും കഥകളും ഉപകഥകളുമെല്ലാം ഇഴപിരിഞ്ഞുകിടക്കുന്ന ചിയോതിക്കാവിന്റെ കഥയെ അത്രയേറെ കയ്യടക്കത്തോടെയാണ് ജിതിൻ അവതരിപ്പിച്ചിരിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ചിത്രം പറയുന്ന കഥകളും മിത്തുകളുമെല്ലാം പല രൂപഭാവങ്ങളിൽ മലയാളികൾ കേട്ടുമറന്നവയാവാം. എന്നാൽ, ഒരു പസിൽ പൂരിപ്പിക്കും പോലെ അതിനെ തിരക്കഥയിൽ പ്ലെയ്സ് ചെയ്ത് രഹസ്യങ്ങളുടെ പൂട്ട് തുറക്കുന്ന ആഖ്യാനരീതിയാണ് തിരക്കഥയെ വേറിട്ടുനിർത്തുന്നത്.  

Advertisment

സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്,  കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, ജഗദീഷ്, അജു വർഗീസ്, രോഹിണി, ഹരീഷ് ഉത്തമൻ, നിഷ്താർ സെയ്ത് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി. മണിയന്റെ പെണ്ണ് മാണിക്യമായി എത്തിയ സുരഭി ലക്ഷ്മിയുടെ പ്രകടനം പ്രത്യേകം എടുത്തുപറയേണ്ടതാണ്. ആത്മാഭിമാനത്തിലും  വീരപരിവേഷത്തിലുമെല്ലാം മണിയനോട് കിടപിടിക്കുന്ന ശക്തയായ സ്ത്രീ കഥാപാത്രമാണ് സുരഭിയുടേത്. 

ജോമോൻ ടി. ജോണിന്റെ ക്യാമറ ചിയോതിക്കാവിന് മാജിക്കലായൊരു പരിവേഷം നൽകുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. മാജിക് ഫ്രെയിംസും യുജിഎം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 

കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാനാവുന്ന ‘അജയൻ്റെ രണ്ടാം മോഷണം'  തിയേറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന, വിഷ്വൽ ട്രീറ്റ് സമ്മാനിക്കുന്ന ചിത്രമാണ്. 

Read More

Tovino Thomas Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: