scorecardresearch

സോഷ്യൽ മീഡിയയിൽ എഴുതുമെന്ന് ഭീഷണിപ്പെടുത്തേണ്ടി വന്നു പറഞ്ഞുറപ്പിച്ച കൂലി വാങ്ങിയെടുക്കാൻ

ആ സിനിമയുടെ പ്രൊഡ്യൂസർമാരിൽ ഒരാൾ നായകനടന്റെ ഭാര്യയാണ്. ഒടുവിൽ ഞാൻ അവരുടെ നമ്പർ ആവശ്യപ്പെട്ടു, 'അവരൊരു സ്ത്രീയാണല്ലോ, അവർക്കെങ്കിലും എന്റെ പ്രശ്നം പറഞ്ഞാൽ മനസ്സിലാവുമല്ലോ' എന്നു പറഞ്ഞു. കൺട്രോളർ അവരുടെ നമ്പർ തരാൻ തയ്യാറായില്ല

ആ സിനിമയുടെ പ്രൊഡ്യൂസർമാരിൽ ഒരാൾ നായകനടന്റെ ഭാര്യയാണ്. ഒടുവിൽ ഞാൻ അവരുടെ നമ്പർ ആവശ്യപ്പെട്ടു, 'അവരൊരു സ്ത്രീയാണല്ലോ, അവർക്കെങ്കിലും എന്റെ പ്രശ്നം പറഞ്ഞാൽ മനസ്സിലാവുമല്ലോ' എന്നു പറഞ്ഞു. കൺട്രോളർ അവരുടെ നമ്പർ തരാൻ തയ്യാറായില്ല

author-image
Dhanya K Vilayil
New Update
Jolly Chirayath

ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നതിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ വേതനവുമായി ബന്ധപ്പെട്ടു അഭിനേതാക്കൾ നേരിടുന്ന പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന 'കൂലിക്ക് 'വേല' പരമ്പരയിലെ ആദ്യ ഭാഗം.

Advertisment

2021ൽ ആദ്യ ലോക്ക്ഡൗണിനു ശേഷം സിനിമാമേഖല പതിയെ ഉണർന്നു വരുന്ന സമയമായിരുന്നു അത്. ഒരു സൂപ്പർസ്റ്റാറും പ്രശസ്തനായ സംവിധായകനും ഒന്നിക്കുന്ന ചിത്രത്തിലേക്ക് ഓഫർ വന്നു. പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചിട്ട് പറഞ്ഞത്, "ഇതൊരു ചെറിയ ബജറ്റ് സിനിമയാണ്, വലിയ പ്രതിഫലമുണ്ടാവില്ല" എന്നാണ്. കോവിഡ് കാലത്തെ പ്രതിസന്ധിയൊക്കെ പറഞ്ഞാണ് അവരൊരു തുക ഉറപ്പിക്കുന്നത്.

പത്ത് ദിവസത്തെ ഡേറ്റാണ് അവർ ചോദിച്ചത്. അങ്ങനെ ഷൂട്ടിംഗ് തുടങ്ങി. പക്ഷേ അവർ പറയുന്ന ഡേറ്റുകളിൽ ഒന്നുമല്ല ഷൂട്ട് നടക്കുന്നത്. ഇടയിൽ ഡേറ്റ് മാറ്റി കൊണ്ടേയിരുന്നു. പല വിധ കാരണങ്ങളാൽ, 10 ദിവസം എന്നു പറഞ്ഞു തുടങ്ങിയ സിനിമയുടെ ഷൂട്ടിംഗ് കാലാവധി തീരാൻ ഏതാണ്ട് ആറു മാസമെടുത്തു.

ഇതിനിടയിൽ  രണ്ടു സിനിമകളിൽ നിന്നും എനിക്ക് ഓഫർ വന്നെങ്കിലും, ഇവരുടെ തെറ്റായ ഷെഡ്യൂളിംഗ് കാരണം എനിക്കത്  വിട്ടു കളയേണ്ടി വന്നു. പത്ത് ദിവസമാണ് അവർ ഡേറ്റ് ചോദിച്ചതെങ്കിലും അവസാനം 24 ദിവസത്തോളമാണ് എനിക്കു ജോലി ചെയ്യേണ്ടി വന്നത്. അധിക ദിവസങ്ങൾക്ക് അധികശമ്പളം വേണമെന്നു പറഞ്ഞപ്പോൾ, 'അതൊന്നും നടക്കില്ല. ഒരു പ്രൊജക്റ്റ് കമിറ്റ് ചെയ്താൽ തീർക്കേണ്ടേ' എന്നായിരുന്നു മറുചോദ്യം.

Advertisment

അധിക ശമ്പളം പോട്ടെ, പറഞ്ഞുറപ്പിച്ച പ്രതിഫലവും തരുന്ന ലക്ഷണമില്ല. ഞാൻ ഇടയ്ക്ക് പ്രതിഫലത്തെ കുറിച്ചു ചോദിക്കുന്നുണ്ട്.

ഇതിനിടയിൽ ചിത്രത്തിലെ ഒരു ആക്ഷൻ സീൻ ചിത്രീകരണത്തിനിടയിൽ എന്റെ തോളെല്ലിന് പരിക്കു പറ്റി. പിന്നീടത് സർജറി ചെയ്ത് പരിഹരിക്കേണ്ടിയും വന്നു. ആക്സിഡന്റ് നടന്ന ദിവസം തന്നെയാണ് സെക്കന്റ് ലോക്ക്ഡൗണിനുള്ള അറിയിപ്പു വരുന്നതും സിനിമ തത്കാലത്തേക്ക് പാക്കപ്പ് ആവുന്നതും. ആ ബഹളത്തിനിടയിൽ, തോളെല്ലിനു പരുക്കു പറ്റിയ എന്റെ വേദനയോ കരച്ചിലുമൊന്നും ആരും ശ്രദ്ധിക്കാൻ പോലും ഉണ്ടായിരുന്നില്ല. സെറ്റിനകത്തെ തൊഴിലാളികൾ മാത്രം കരുണ കാണിക്കുന്നുണ്ട്.

പാക്കപ്പ് ആയതോടെ എല്ലാവരെയും പിരിച്ചു വിട്ടു. ഞാൻ പെട്ടെന്ന് തന്നെ റൂമിലെത്തി പാക്ക് ചെയ്ത് വീട്ടിലേക്ക് വന്നു. വന്നത് കോവിഡുമായാണ്. അന്നു രാത്രി തന്നെ കടുത്ത പനി തുടങ്ങി, കൈയുടെ വേദനയും സഹിക്കാനാവുന്നില്ല. വേദന കലശലായപ്പോൾ ഓർത്തോയെ കണ്ടു. ഷോൾഡറിലെ ടെൻഡന്റ് വിടുകയും മസിൽ ടെയറാവുകയും എല്ല് അകത്തോട്ട് വളയുകയും ചെയ്തിരുന്നു. ഉടനെ സർജറി വേണമെന്നു പറഞ്ഞു.

ആ സിനിമയിൽ നിന്നും എനിക്ക് ലഭിക്കുന്ന പ്രതിഫലത്തേക്കാൾ കൂടുതൽ തുക സർജറിയ്ക്ക് ചിലവായി. അപ്പോഴും ആ സിനിമയിൽ നിന്നും ലഭിക്കേണ്ട എന്റെ ശമ്പളം മുഴുവനായി കിട്ടിയിരുന്നില്ല. ആ അപകടം മൂലം എനിക്കൊരു സർജറി വേണ്ടി വന്നെന്നു അറിയിച്ചിട്ടും കൺട്രോളർ അതു കേട്ടതായി പോലും ഭാവിച്ചില്ല. സെക്കന്റ് ലോക്ക്ഡൗണിനു ശേഷം ഞാൻ പോയി ബാക്കി പോർഷൻസും തീർത്തു കൊടുത്തു. എന്നിട്ടും പ്രതിഫലത്തുകയുടെ ബാലൻസ് തന്നില്ല.

വൈകിയാലും സാരമില്ല, ഡബ്ബിംഗ് സമയത്തെങ്കിലും അതു കിട്ടുമെന്നോർത്ത് സമാധാനിച്ചു. പിന്നീട് കുറേ മാസങ്ങൾക്കു ശേഷം സിനിമയുടെ റിലീസിംഗ് പോസ്റ്റർ ആണ് ഞാൻ കാണുന്നത്. അപ്പോഴാണ് ഡബ്ബിംഗിന് പോലും വിളിക്കാത്തതിന്റെ ചതി മനസ്സിലാക്കിയത്. ഉടനെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, മാനേജർ, കാഷ്യർ, കൺട്രോളർ എന്നിവരെയെല്ലാം ഞാൻ മാറി മാറി വിളിച്ചു. കൺട്രോളറാണ് അതു തീരുമാനിക്കേണ്ടത്, ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞ് മാനേജരും കാഷ്യറും കൈകഴുകി.

കൺട്രോളറെ ഞാൻ പലകുറി വിളിച്ചെങ്കിലും അയാൾ ഫോൺ അറ്റൻഡ് ചെയ്തില്ല. ഒടുവിൽ, എന്റെ ശമ്പളം സെറ്റിൽ ചെയ്യാൻ പറഞ്ഞു കൊണ്ട് ഞാൻ വോയിസ് മെസേജ് അയച്ചു. എന്നിട്ടും അയാളത് കണ്ടതായോ കേട്ടതായോ ബാധിച്ചില്ല. ഈ സിനിമ മൂലം രണ്ടു വർക്കുകൾ നഷ്ടപ്പെട്ടതും ഷൂട്ടിംഗിനിടെ ഉണ്ടായ പരുക്കും അതുമൂലം വന്ന സർജറിയുമെല്ലാം ആലോചിച്ചപ്പോൾ എനിക്ക് വല്ലാത്ത സങ്കടവും ദേഷ്യവും വന്നു. പണിയെടുത്ത കാശ് കിട്ടണമെന്ന് ഞാൻ നിർബന്ധം പറഞ്ഞു.

ആ സിനിമയുടെ പ്രൊഡ്യൂസർമാരിൽ ഒരാൾ നായകനടന്റെ ഭാര്യയാണ്.  ഒടുവിൽ ഞാൻ അവരുടെ നമ്പർ ആവശ്യപ്പെട്ടു, 'അവരൊരു സ്ത്രീയാണല്ലോ, അവർക്കെങ്കിലും എന്റെ പ്രശ്നം പറഞ്ഞാൽ മനസ്സിലാവുമല്ലോ' എന്നു പറഞ്ഞു. കൺട്രോളർ അവരുടെ നമ്പർ തരാൻ തയ്യാറായില്ല. ഒടുവിൽ സഹികെട്ട് ഞാൻ, എനിക്കുണ്ടായ അന്യായങ്ങൾ പറഞ്ഞു കൊണ്ട് നടനെയും പ്രൊഡ്യൂസേഴ്സിനെയും ടാഗ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതുമെന്നും നാളെ മുതൽ മലയാള സിനിമയിൽ ഇല്ലെങ്കിലും സാരമില്ല, മറ്റൊരാൾക്കും ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടാവാതിരിക്കാൻ ഇതെല്ലാം മീഡിയയ്ക്ക് മുന്നിൽ പറയുമെന്നും അയാളോട് പറഞ്ഞു. അതോടെ, മണിക്കൂറുകൾക്ക് അകത്ത് തന്നെ എനിക്കു ലഭിക്കാനുള്ള പ്രതിഫലം അക്കൗണ്ടിൽ വന്നു.

ഒന്നോർത്താൽ എന്തു സങ്കടകരമായ അവസ്ഥയാണിത്? ജോലിയ്ക്ക് കൂലി കൊടുക്കുക എന്ന സ്വാഭാവിക സമ്പ്രദായങ്ങളില്ലാതെ, കരഞ്ഞും ഭീഷണിപ്പെടുത്തിയുമാണോ അവർ പറഞ്ഞുറപ്പിച്ച ശമ്പളമെങ്കിലും തരേണ്ടത്? അതും 14 ദിവസത്തെ അധികവേതനം വേണ്ടെന്നു വച്ചിട്ടും. ഞാൻ മനസ്സിലാക്കിയിടത്തോളം, ഇതൊന്നും എന്റെ മാത്രം അനുഭവമല്ല. കൂടുതൽ ദിവസങ്ങൾ ജോലി ചെയ്യേണ്ടി വന്നതും വേതനം കിട്ടാതെ പോയതുമായ സഹപ്രവർത്തകരുടെ അനുഭവങ്ങൾ ഞാൻ കേട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള ഒരുപാടു അനുഭവങ്ങൾ മറ്റു സിനിമകളിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. ശമ്പളം കിട്ടായ്ക മാത്രമല്ല, അതിഥി താരങ്ങളായും മറ്റും സീനിയർ ആർട്ടിസ്റ്റുകൾ ലൊക്കേഷനിൽ വരുമ്പോൾ അതു വരെ ഞങ്ങളുപയോഗിച്ച കാരവാനിൽ നിന്നു ഇറക്കി വിടുന്ന അവസ്ഥയും അത്തരത്തിലുള്ള വിവേചനവുമൊക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

അതേ സമയം, വളരെ പ്രൊഫഷണലായ സമീപനവും സിനിമാ ലോക്കേഷനുകളിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. ഡോൺ പാലത്തറയുടെ 'ഫാമിലി' എന്ന ചിത്രത്തിൽ. ന്യൂടൺ സിനിമ ആയിരുന്നു അതിന്റെ നിർമാതാക്കൾ. അതിൽ ഒരു ദിവസം അഭിനയിക്കുന്നവർക്കു പോലും കൃത്യമായ കോൺട്രാക്റ്റ് ഉണ്ടായിരുന്നു. മുൻകൂർ തന്നെ ശമ്പളം, എത്ര വർക്കിംഗ് ഡേയ്സ് വരും, പോസ്റ്റ് പ്രൊഡക്ഷനിൽ പ്രമോഷൻ അടക്കം നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നൊക്കെ കൃത്യമായി പറഞ്ഞു കൊണ്ടുള്ള കോൺട്രാക്റ്റ് ആയിരുന്നു അത്. അഡ്വാൻസ് ആദ്യം തന്നെ തന്നു, ജോലി കഴിഞ്ഞുടനെയുള്ള കൃത്യമായി ശമ്പളവും സെറ്റിൽ ചെയ്തു. ഇത്തരം മാതൃകകളും സിനിമ മേഖലയിൽ പിൻതുടരാവുന്നതാണ്.

(ധന്യ കെ. വിളയിലിനോട് പറഞ്ഞത്)

കൂലിക്ക് 'വേല' പരമ്പര ഇതുവരെ

Jolly Chirayath Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: