/indian-express-malayalam/media/media_files/iYFCZGnXODN73kX6sL2X.jpg)
ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നതിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ വേതനവുമായി ബന്ധപ്പെട്ടു അഭിനേതാക്കൾ നേരിടുന്ന പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന 'കൂലിക്ക് 'വേല' പരമ്പരയിലെ മൂന്നാം ഭാഗം, നടി മാലാ പാർവ്വതി സംസാരിക്കുന്നു...
പ്രതിഫല കാര്യങ്ങളിൽ വ്യവസ്ഥയില്ലാത്തതും inconsiderate ആയി പെരുമാറുന്നതുമാണ് സിനിമയിൽ നിന്നും എനിക്ക് നിരവധി തവണ നേരിടേണ്ടി വന്ന ബുദ്ധിമുട്ട്.
പൊതുവെ മൂന്നോ നാലോ ഗഡുക്കളായിട്ടാണ് പ്രതിഫലം തരുക. എഗ്രിമെന്റ് പ്രകാരമാണെങ്കിൽ ആദ്യമൊരു അഡ്വാൻസ്, പിന്നെ 50% ഫോട്ടോഗ്രാഫി പൂർത്തിയാക്കുമ്പോൾ, 100% ഫോട്ടോഗ്രാഫി പൂർത്തിയാക്കുമ്പോൾ ഒരു തുക, ഡബ്ബിംഗ് കഴിയുമ്പോൾ അടുത്ത ഗഡു. ഇതാണ് എല്ലായിടത്തും പാലിക്കപ്പെടേണ്ട ഒരു സ്റ്റാൻഡേർഡ് സ്ട്രെക്ച്ചർ. ഇവിടെ പക്ഷേ അങ്ങനെയൊന്നില്ല.
എഗ്രിമെന്റ് ഇല്ലാത്ത സിനിമകളിൽ, അഡ്വാൻസ് തന്നാലായി, തന്നില്ലെങ്കിലായി. ഷൂട്ട് കഴിയുമ്പോൾ ആദ്യ ഗഡു നമ്മൾ ചോദിച്ചു വാങ്ങേണ്ട അവസ്ഥയാണ്. അടുത്ത ഗഡു, ചിലപ്പോൾ ഡബ്ബിംഗിനു വിളിക്കുമ്പോഴാവും തരിക. ചിലപ്പോൾ തരണമെന്നുമില്ല.
ബാക്കി പ്രതിഫലം കൊടുക്കണമല്ലോ എന്നോർത്ത് പലരെയും ഡബ്ബിംഗിൽ നിന്നും ഒഴിവാക്കിയ കഥകൾ കേട്ടിട്ടുണ്ട്. പക്ഷേ, താരതമ്യേന എനിക്ക് അത്തരം അനുഭവം കുറവാണ്. ചിലപ്പോൾ എന്റെ ശബ്ദം ആളുകൾക്ക് പരിചിതമായതു കൊണ്ടാവും ഡബ്ബിംഗിൽ നിന്നു അവർക്കു അങ്ങനെ ഒഴിവാക്കാൻ പറ്റില്ല. ഡബ്ബിംഗിൽ നിന്ന് ഒഴിവാക്കപ്പെട്ടാൽ, അമ്മയിലൊക്കെ പരാതിപ്പെട്ടാനുള്ള സാഹചര്യമുണ്ട്.
സ്ത്രീകൾ പ്രതിഫലം ചോദിക്കുന്നത് വലിയ എന്തോ തെറ്റു പോലെ നോക്കി കാണുന്നവരും ഇൻഡസ്ട്രിയിലുണ്ട്. എത്ര രൂപയാണ് തരിക എന്നു നമ്മൾ ചോദിച്ചാൽ, നമ്മൾ പറയുന്നതിന്റെ പകുതിയേ സമ്മതിക്കൂ. ചിലരോട് ഒക്കെ പ്രതിഫലം എത്ര തരും എന്നു ചോദിച്ചാൽ പിന്നെ വിളിക്കുകയേ ഇല്ല എന്ന സാഹചര്യമാണ്.
ഇന്നത്തെ ഒരു സാഹചര്യത്തിൽ എന്റെയൊക്കെ ലെവലിലുള്ള ഒരു നടിയ്ക്ക് ഇത്ര രൂപ പ്രതിഫലം വേണമെന്ന് പറയാനുള്ള സ്വാതന്ത്യമില്ല. നമ്മൾ ചോദിച്ചാൽ ആ വർക്ക് പോവും. പ്രതിഫലം ചോദിക്കുന്നതിനെ ഡിമാന്റിംഗ് ആയിട്ടാണ് അവർ കാണുന്നത്. അവർ പറയുന്ന തുക എത്ര കുറവാണെങ്കിലും നമ്മൾ സമ്മതിക്കണം എന്നതാണ് അവസ്ഥ. ഈ പ്രതിഫലത്തിനു ഇതു ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞാൽ, പ്രതിഫലം കുറവാണ് എന്തെങ്കിലും കൂട്ടിതരാമോ എന്നു ചോദിച്ചാൽ, നമ്മുടെ യഥാർത്ഥ പ്രതിഫലതുകയേക്കാൾ ആറും ഏഴും ഇരട്ടിയാണ് ഇപ്പോൾ നമ്മൾ ആവശ്യപ്പെടുന്നത് എന്നൊക്കെ ഇൻഡസ്ട്രിയിൽ കഥകളിറക്കി ദ്രോഹിക്കുന്നവരുമുണ്ട്. ലക്ഷങ്ങളാണ് ഞാൻ വാങ്ങിക്കുന്നത് എന്നൊക്കെ ഒരു സമയത്ത് ഇൻഡസ്ട്രിയിൽ കഥകൾ ഉണ്ടായിരുന്നു, ഞാൻ തമിഴിലേക്ക് പോയ സമയത്തായിരുന്നു അത്.
സിനിമയിൽ ഏറ്റവും വേദനിപ്പിച്ച അനുഭവം
മാമാങ്കം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും എനിക്ക് മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിലേക്ക് പോവണം. മാമാങ്കത്തിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ അസോസിയേറ്റ് വിനയൻ എന്നോടു ചോദിക്കുന്നുണ്ട്, 'ചേച്ചിയ്ക്ക് 12-ാം തീയതി എത്രമണിയ്ക്കാണ് പോവേണ്ടത്? അതിനു അനുസരിച്ച് വേണം എനിക്ക് ഷൂട്ട് പ്ലാൻ ചെയ്യാൻ'. മറ്റു ആർട്ടിസ്റ്റുകൾ കൂടി വരുന്ന സീൻ ആയതുകൊണ്ട് കാര്യങ്ങൾ അതിനനുസരിച്ച് പ്ലാൻ ചെയ്യാൻ വേണ്ടിയാണ് വിനയൻ എന്റെ ഫ്ളൈറ്റ് ടൈം എപ്പോഴാണെന്ന് തിരക്കുന്നത്. ചേച്ചി മറ്റേ പടത്തിന്റെ പ്രൊഡക്ഷനിൽ ഒന്നു അന്വേഷിച്ചു പറയാമോ? എന്ന് വിനയൻ തിരക്കുന്നുണ്ട്.
ഞാൻ ആ ബിഗ് ബജറ്റ് പടത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായ സിദ്ദു പനയ്ക്കലിനെ വിളിക്കുന്നു. അദ്ദേഹം റേഡിയോ പോലെയാണ് നമ്മുടെ ഫോൺകാൾ ട്രീറ്റ് ചെയ്യുന്നത്. ഫോണെടുക്കും, വിളിക്കാം എന്നു മാത്രം പറയും, കട്ട് ചെയ്യും. അദ്ദേഹം തിരക്കിലായിരിക്കും, അതെനിക്കു മനസ്സിലാക്കാം. പക്ഷേ, നമുക്കു കാര്യങ്ങൾ കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യണമല്ലോ. ഒരു ദിവസം ഞാൻ അദ്ദേഹത്തോടു പറഞ്ഞു, "നോക്കൂ... എന്റെ ഫ്ളൈറ്റ് എപ്പോഴാണ് എന്നൊന്ന് പറയാമോ? ഇവിടെ ഇവർ ചോദിച്ചുകൊണ്ടിരിക്കുകയാണ്. അതിനു അനുസരിച്ച് വേണം ഇവർക്കിവിടെ ഷൂട്ട് പ്ലാൻ ചെയ്യാൻ."
എനിക്കു കിട്ടിയ മറുപടി, "നിങ്ങൾ ആരാ ഇതെന്നോട് ചോദിക്കാൻ? മര്യാദയ്ക്ക് പറയുമ്പോൾ വന്ന് അഭിനയിച്ചിട്ടു പോയ്‌ക്കോണം, മനസ്സിലായോ?" എന്നാണ്. അത്രയും ധാർഷ്ട്യത്തോടെയാണ് അദ്ദേഹമെന്നോട് സംസാരിച്ചത്. ആ ആക്രോശം ഉണ്ടാക്കിയ അപമാനം ചെറുതല്ല. നൂറോളം സിനിമകൾ ചെയ്തിട്ടുള്ളയാളാണ്. നമ്മളത്ര നാൾ ചെയ്തതിനെയും നമ്മുടെ അസ്തിത്വത്തെയുമെല്ലാം ഡിസ്‌ക്രെഡിറ്റ് ചെയ്യുന്നതാണ് "നിങ്ങൾ ആരാണ്?" എന്ന ചോദ്യം. സീനിയേഴ്സായിട്ടുള്ള ഒരുപാടു പേരുടെ പേര് പറഞ്ഞുകൊണ്ട് നിങ്ങൾ ആരാണ് എന്നു ചോദിക്കുമ്പോൾ നമ്മൾ ഏതുതരത്തിലാണ് ആരെങ്കിലുമാവേണ്ടത് എന്നു നമുക്കു തന്നെ മനസ്സിലാവാതെ വരും. എന്താണ് അവർ ഉദ്ദേശിക്കുന്നത്? ഏതുതരത്തിലാണ് നമ്മൾ ആരെങ്കിലും ആവേണ്ടത്? നമ്മളെ കൺഫ്യൂഷനാക്കുകയാണ് ഇത്തരം അപമാനങ്ങൾ.
"നിങ്ങളുടെ പടത്തിൽ ഞാൻ അഭിനയിക്കുന്നില്ല," എന്നു പറഞ്ഞ് ഞാൻ ഫോൺവച്ചു. ആ സിനിമയിലേക്ക് എന്നെ വിളിച്ചത് അസിസ്റ്റന്റ് ഡയറക്ടേഴ്സ് ആയിരുന്നു. ഞാനവരെ കാര്യങ്ങൾ അറിയിച്ചു, "ഞാൻ ഈ പടത്തിനു വരുന്നില്ല. ഇതാണ് അവസ്ഥ." "അയ്യോ ചേച്ചീ, അങ്ങനെ പറയല്ലേ," എന്നു പറഞ്ഞ് അവരുടനെ തന്നെ എന്റെ കാര്യങ്ങൾ നോക്കാൻ മറ്റൊരാളെ ഏൽപ്പിച്ചു, ആ പടത്തിനൊരു തമിഴ് പ്രൊഡക്ഷൻ യൂണിറ്റ് ഉണ്ടായിരുന്നു. ആ ടീമിൽ നിന്നുള്ള ഒരാളെയാണ് ചുമതലപ്പെടുത്തിയത്.
അദ്ദേഹം എന്നെ വിളിച്ച് "എന്താണ് പ്രശ്നം?" എന്നു തിരക്കിയപ്പോൾ ഞാൻ കാര്യം പറഞ്ഞു, "എന്റെ ഫ്ളൈറ്റ് ടിക്കറ്റ് എപ്പോഴാണ്? എന്നെനിക്കറിയില്ല." ഉടനെ ശരിയാക്കാമെന്ന് പറഞ്ഞ് മിനിറ്റുകൾക്കുള്ളിൽ തന്നെ അദ്ദേഹം ഫ്ളൈറ്റ് ടിക്കറ്റ് അയച്ചുതന്നു. അന്ന് രാത്രി 10 മണിയ്ക്കായിരുന്നു ഫ്ളൈറ്റ്. അതുകൊണ്ട് എനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ പറ്റി. മുൻപു തന്നെ ബുക്ക് ചെയ്ത വച്ച ടിക്കറ്റായിരിക്കണം അത്, അതെനിക്ക് അയക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ, അതിനാണ് ആ പ്രൊഡക്ഷൻ കൺട്രോളർ എന്നോടത്ര രൂക്ഷമായി പെരുമാറിയത്.
ഹൈദരാബാദിലായിരുന്നു ആ ചിത്രത്തിന്റെ ലൊക്കേഷൻ. ടിക്കറ്റ് അയക്കുന്നതുവരെയുള്ള കോർഡിനേഷൻ മാത്രമായിരുന്നു തമിഴ് പ്രൊഡക്ഷനിലെ ആൾക്ക് ഉണ്ടായിരുന്നത്. ബാക്കി കോർഡിനേഷൻ എല്ലാം സിദ്ദു പനയ്ക്കൽ തന്നെയാണ് ചെയ്യേണ്ടത്. താമസിക്കുന്നയിടത്തു നിന്നും എവിടേക്കാണ് എത്തേണ്ടത്? സെറ്റിൽ എവിടെയാണ് ഭക്ഷണം അറേഞ്ച് ചെയ്തിരിക്കുന്നത് എന്നൊന്നും എന്നെ അറിയിച്ചിരുന്നില്ല.
റാമോജി ഫിലിം സിറ്റിയിലായിരുന്നു ഷൂട്ടിംഗ്. നെടുമുടി വേണു ചേട്ടൻ തന്നൊരു ആപ്പിളിന്റെ പാതി കഴിച്ചാണ് ഞാൻ ഇരുന്നത്. ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല എന്നു ശ്രദ്ധിച്ചിട്ട് പട്ടണം റഷീദ് ഇക്ക കഴിക്കുന്നില്ലേ എന്നു തിരക്കി. "എവിടെയാണ് കഴിക്കേണ്ടതെന്ന് പറഞ്ഞിട്ടില്ല ഇക്കാ," എന്നു പറഞ്ഞപ്പോൾ "സാരമില്ല, ഞങ്ങളുടെ കൂടെ കഴിച്ചോ," എന്നു പറഞ്ഞു. അന്ന് മേക്കപ്പ് ടീം അവരുടെ ഭക്ഷണം എനിക്ക് ഷെയർ ചെയ്തു.
പ്രൊഡക്ഷനിലെ ആളുകൾ എന്റെ അടുത്തേക്ക് വരുന്നേയില്ല. ആദ്യത്തെ രണ്ടുദിവസത്തോളം ഏറെക്കുറെ പട്ടിണിയായിരുന്നു. മൂന്നാം ദിവസം ആ സിനിമയിൽ ജോലി ചെയ്യുന്ന അക്കൗണ്ടിന്റെ ഭാര്യയായിട്ടുള്ള പെൺകുട്ടി അഭിനയിക്കാൻ വന്നു. "ഒന്നും കഴിക്കുന്നില്ലേ? എവിടെയാണ് പോവുന്നത്?" എന്നൊക്കെ തിരക്കി. "എന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ല," എന്നു പറഞ്ഞപ്പോൾ ആ കുട്ടി ഭർത്താവിനോട് സംസാരിച്ച് എന്റെ ഫുഡിന്റെ കാര്യങ്ങൾ ഓകെയാക്കി തന്നു. എന്നെ ഈ രീതിയിൽ അവഗണിക്കാനുള്ള പ്രധാന കാരണം, ആദ്യം പ്രൊഡക്ഷൻ കൺട്രോളറും ഞാനുമായി ഉണ്ടായ ആ തർക്കമായിരുന്നു.
ഒരാളെ കുറിച്ച് ഇങ്ങനെ പറയുമ്പോഴും, ആർട്ടിസ്റ്റുകളോട് മനുഷ്യത്വപരമായി പെരുമാറുന്ന എത്രയോ പ്രൊഡക്ഷൻ കൺട്രോളർമാരുണ്ട് ഇൻഡസ്ട്രിയിൽ. എല്ലാവരെയും അടച്ചു ആക്ഷേപിക്കാൻ പറ്റില്ല, ഞാൻ എന്റെ വ്യക്തിപരമായ അനുഭവം പറഞ്ഞെന്നു മാത്രം. അതേസിനിമയിൽ തന്നെ ഏറ്റവും മര്യാദയോടെ എന്നോട് പെരുമാറിയ, മികച്ച രീതിയിൽ കാര്യങ്ങൾ കോർഡിനേറ്റ് ചെയ്ത രാജ് നാരായണനെ മറക്കാൻ പറ്റില്ല. അതുപോലെ നിരവധി പേരുണ്ട്, പറഞ്ഞ പൈസ കൃത്യമായി തരികയും, സ്വന്തം വീട്ടിലെന്ന പോലെ നമുക്കു ഫ്രീഡം തരികയും, മനുഷ്യത്വപരമായി ഇടപെടുകയും ചെയ്യുന്നവർ. എസ്. മുരുകൻ, ജാവദ് ചെമ്പ്, ഷിബു ജി സുശീലൻ, മനോജ് കാരന്തൂർ, ബെന്നി കട്ടപ്പന, മനോജ് പൂങ്കുന്നം, ദീപക് നാരായണൻ, ഷാജി പട്ടിക്കര, റിച്ചാർഡ്, വിനോദ് മംഗലത്ത്, ജിതീഷ് അഞ്ചുമന, ഗിരീഷ് കൊടുങ്ങല്ലൂർ തുടങ്ങി ഒരുപാട് പേരുകൾ അങ്ങനെ എടുത്തുപറയാനാവും.
അനിശ്ചിതത്വത്തിലേക്ക് നീണ്ടു പോവുന്ന ഷൂട്ട്
സിനിമയുടെ ഷൂട്ടിങ് നീണ്ടുപോവുന്നതും വലിയ പ്രശ്നമാണ്. നമുക്ക് വേറെ ഓഫറുകൾ എടുക്കാൻ പറ്റില്ല. 22 ദിവസത്തെ ഷൂട്ട് കാണും എന്നൊക്കെ പറഞ്ഞു തുടങ്ങിയാൽ ചിലപ്പോൾ അതു കംപ്ലീറ്റ് ആവാൻ നാലു മാസമൊക്കെ എടുക്കും. അഡ്വാൻസായി ഒരു 25000 കിട്ടിയാൽ പിന്നെ നാലഞ്ചു മാസം കഴിയണം അടുത്ത ഗഡു കിട്ടാൻ. നാലു മാസത്തോളം ഈ പൈസയ്ക്കു ജീവിക്കണം, എപ്പോ വേണമെങ്കിലും ഷൂട്ടിലേക്ക് വിളിക്കുമെന്നതിനാൽ വേറെ സിനിമ കമ്മിറ്റ് ചെയ്യാൻ പറ്റില്ല. വലിയ നടിയല്ലേ, ഇവരുടെ കയ്യിൽ ധാരാളം കാശു കാണില്ലേ എന്നൊക്കെയാണ് ആളുകൾ വിചാരിക്കുക. സത്യത്തിൽ വാടക കൊടുക്കാൻ പോലും ചിലപ്പോൾ നമ്മൾ ബുദ്ധിമുട്ടും. വാടക കൊടുക്കാനുള്ള പേമെന്റ് എങ്കിലും ഇട്ടു തരാമോ എന്ന് കെഞ്ചേണ്ടി വരാറുണ്ട്. ഒന്നര ലക്ഷമോ രണ്ടു ലക്ഷമോ ഒക്കെ കിട്ടാനുള്ളപ്പോഴാണ് നമ്മളിങ്ങനെ പതിനായിരമൊക്കെ കടം വാങ്ങേണ്ടി വരുന്നത്.
വ്യവസ്ഥയില്ലാത്തതു കൊണ്ട് ഇവർ പറയുന്ന ഡേറ്റിലൊന്നും ഷൂട്ട് നടക്കില്ല, ഇടയ്ക്ക് വരുന്ന വർക്കും എടുക്കാൻ പറ്റില്ല. നമ്മുടെ ഡേറ്റ് മാറിയാലും ഇവർ നമ്മളെ അറിയിക്കില്ല. നമ്മളുമായി ഒരു കമ്മ്യൂണിക്കേഷനും ഉണ്ടാവില്ല. രണ്ടും മൂന്നും മാസം ഒരു വർക്കും ഇല്ലാതെ ഇരിക്കേണ്ടി വരും. പലപ്പോഴും വളരെ ഇൻകൺസിഡറേറ്റ് ആയാണ് പെരുമാറുക. അതൊക്കെ വലിയ മനപ്രയാസമാണ്.
പ്രമുഖരായ, എപ്പോഴും അവാർഡൊക്കെ നേടുന്ന ചില സംവിധായകരുണ്ട്, അവരുടെയൊക്കെ പടത്തിൽ പേമെന്റ് എന്നത് ആലോചനയിൽ പോലുമുള്ള കാര്യമല്ല. നമ്മൾ ചോദിക്കാനേ പാടില്ല എന്നൊരു അലിഖിത നിയമം ഉള്ളതു പോലെയാണ്. അഡ്വാൻസൊന്നും തരില്ലെന്നു മാത്രമല്ല, ഇങ്ങോട്ട് തരാമെന്നു പറഞ്ഞ പൈസയും തരാത്ത അനുഭവം ഉണ്ടായിട്ടുണ്ട്.
പണം ചോദിക്കുമ്പോൾ പ്രൊഡക്ഷൻ കൺട്രോളർമാരിൽ പലരും നമ്മളെ ഡീൽ ചെയ്യുന്നൊരു രീതിയുണ്ട്, അതാണ് കഷ്ടം. "അയച്ചല്ലോ, ബാങ്കിൽ നോക്കിയേ," എന്നു പറയും. നമ്മള് അന്വേഷിച്ചു ചെല്ലുമ്പോൾ ഒന്നും വന്നു കാണില്ല. അതു വിളിച്ചു പറയുമ്പോൾ "ഓ, വന്നില്ലേ, എന്നാൽ ഉടനെ വരും," എന്നു പറയും. അതൊരിക്കലും വരത്തുമില്ല. ഇതാണ് സങ്കടം. പറ്റിക്കപ്പെടുന്നൊരു ഫീൽ വരും നമുക്ക്. ഡിഗ്നിറ്റിയൊക്കെ പോവുന്ന പോലെ തോന്നും. നിങ്ങളിത്രയേ ഉള്ളൂ എന്നു വില കുറച്ചു കാണുകയാണ് അവർ. നമുക്ക് പ്രതിഫലം തരണമെന്ന് അവർക്ക് നിർബന്ധമേയില്ല.
ഇവരൊക്കെ നമ്മളെ സമീപിക്കുമ്പോൾ പറയുന്ന ഒരു സ്ഥിരം ഡയലോഗുണ്ട്, "ഇതൊരു കൊച്ചുപടമാണ്." നമ്മൾ ലൊക്കേഷനിൽ ചെല്ലുമ്പോൾ അവിടെ നാലഞ്ചു കാരവാനും വമ്പൻ താരനിരയുമൊക്കെ കാണും. നമുക്ക് പ്രതിഫലം തരുന്ന കാര്യത്തിൽ മാത്രമാണ് 'അതൊരു കൊച്ചുപടം' ആവുന്നത്.
ഇനി കുറച്ച് പണം റിലീസ് ചെയ്തിട്ട്, അവർ സ്ഥിരം പറയുന്ന ചില ഡയലോഗുകളുണ്ട്. "ആർക്കും കൊടുത്തില്ല, നിങ്ങൾക്ക് മാത്രം വാങ്ങി തന്നിട്ടുണ്ട്," എന്ന്. പ്രൊഡക്ഷനിലുള്ള ആളുകളുടെ പവർ നമ്മുടെ മേൽ കൂടുന്ന സാഹചര്യമാണിത്. നമ്മൾ ചെയ്ത ജോലിയ്ക്കുള്ള പ്രതിഫലമാണ് തന്നതെന്ന് മറന്ന്, ഔദാര്യം എന്തോ ചെയ്യുന്നു എന്ന രീതിയിലാണ് ട്രീറ്റ് ചെയ്യപ്പെടുന്നത്. എന്നോടു മാത്രമല്ല, പൊതുവെ അവരുടെ ഒരു രീതി ഇതാണ്.
ഇന്ന്, നാളെ, മറ്റന്നാൾ... മാറുന്ന ഡേറ്റുകൾ, കൈവിട്ടു പോകുന്ന അവസരങ്ങൾ
ഇടയ്ക്ക് നിത്യ മേനോനൊപ്പം ഒരു തമിഴ് പടം വന്നു. 28 ദിവസത്തെ വർക്കാണ്, വലിയ പടമാണ്, വനിത സംവിധായികയുടെ ചിത്രമാണ് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ പ്രതീക്ഷയോടെ ഇരുന്നതാണ്. ഇന്ന്, നാളെ, മറ്റന്നാൾ എന്നു പറഞ്ഞ് പല തവണ ഡേറ്റ് മാറ്റി. എന്റെ ഒരു നാലു മാസത്തോളം അതിനു പിന്നാലെ പോയി. ഇപ്പോൾ പറയുന്നത്, ആ പടം ഇല്ല എന്നാണ്.
എനിക്കറിയാവുന്ന ഒരു നടി, സിനിമയിലെ ക്യാരക്ടർ റോളുകൾ ചെയ്യുന്ന ഒരാളാണ്, ഇടയ്ക്ക് പ്രായമായൊരു സ്ത്രീയെ നോക്കാൻ പോകുമായിരുന്നു. ആ സാലറി വച്ചാണ് അവർ കുറച്ചു നാൾ ജീവിച്ചത്. അങ്ങനെ എന്തെങ്കിലും പാർട്ട് ടൈം ജോലി ഉണ്ടെങ്കിൽ മാത്രമേ സിനിമയിൽ നിൽക്കാനാവൂ എന്ന അവസ്ഥയാണ്. വരുന്ന എല്ലാ സിനിമയും ചെയ്തേ പറ്റൂ എന്ന രീതിയിലുള്ള ഗതികേടിലാണ് നമ്മളെങ്കിൽ ബുദ്ധിമുട്ടായി പോവും കാര്യങ്ങൾ.
മലയാളത്തിൽ മാത്രമല്ല, തമിഴിൽ ആണെങ്കിലും പ്രതിഫലം കിട്ടാൻ ഡിലേയുണ്ട്. അവിടെ എല്ലാറ്റിനും എഗ്രിമെന്റ് ഉണ്ട്. അതിനാൽ വൈകിയാലും എപ്പോഴെങ്കിലും കിട്ടും എന്നൊരു ഉറപ്പുണ്ട്. അടുത്തിടെയായി, മലയാളത്തിലും കൂടുതൽ ചിത്രങ്ങളിൽ എഗ്രിമെന്റ് ഒക്കെ സൈൻ ചെയ്യിക്കുന്നുണ്ട്. അത് ആശ്വാസമാണ്, എത്ര ദിവസം വർക്കുണ്ട്, എത്ര കിട്ടും എന്നൊക്കെ അറിയുമ്പോൾ നമുക്ക് അതിനനുസരിച്ച് എല്ലാം പ്ലാൻ ചെയ്യാനാവും.
ഒന്നൊഴിയാതെ സിനിമകൾ വരുന്നവർക്ക് ഇതു പ്രശ്നമില്ല, പക്ഷേ വല്ലപ്പോഴും ഒരു സിനിമയൊക്കെ വരുന്നവരെ സംബന്ധിച്ച് ഈ പ്രൊഫഷണലിസമില്ലായ്മ സങ്കടപ്പെടുത്തുന്നതാണ്. ജോലി ചെയ്തതിനു പ്രതിഫലം കിട്ടാതെ വരുമ്പോൾ നമ്മളെന്തു ചെയ്യും?
കൃത്യമായി പ്രൊഫഷണൽ രീതിയിൽ പ്രതിഫലം തന്ന് സെറ്റിൽ ചെയ്യുന്നവരും കൂട്ടത്തിലുണ്ട്. ആനന്ദപുരം ഡയറീസ് എന്ന ചിത്രം എടുത്തു പറയേണ്ടതാണ്. അടുത്തിടെ 'ലെമൺ' എന്നൊരു പ്രൊഡക്ഷന്റെ ചിത്രം ചെയ്തു. അവരുടെ പ്രൊഫഷണൽ സമീപനം എന്നെ അത്ഭുതപ്പെടുത്തി. ഒന്നും പറയുന്നതിനു മുൻപു തന്നെ അഡ്വാൻസ് വന്നു, ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ വണ്ടിയിൽ കയറിയപ്പോഴേക്കും പൈസ അക്കൗണ്ടിൽ വന്നു. അങ്ങനെയുള്ള ആളുകളും സിനിമയിലുണ്ട്.
(ധന്യ കെ. വിളയിലിനോട് പറഞ്ഞത്)
കൂലിക്ക് 'വേല' പരമ്പര ഇതുവരെ
- ഹേമ കമ്മിറ്റി റിപ്പോർട്ട്: ചില്ലറയല്ലാത്ത ചില വിഷയങ്ങൾ
- സോഷ്യൽ മീഡിയയിൽ എഴുതുമെന്ന് ഭീഷണിപ്പെടുത്തേണ്ടി വന്നു പറഞ്ഞുറപ്പിച്ച കൂലി വാങ്ങിയെടുക്കാൻ: ജോളി ചിറയത്ത്
- 9 വർഷങ്ങളായി സിനിമയിൽ, പ്രതിഫലവുമായി ബന്ധപ്പെട്ട് ഒരു എഗ്രിമെന്റ് പോലും ഇതു വരെ ഒപ്പിട്ടിട്ടില്ല: ഷൈനി സാറ
- പ്രതിഫലം എത്ര തരും എന്ന് ചോദിച്ചാൽ പിന്നെ വിളിക്കാത്തവരുമുണ്ട്: മാലാ പാർവ്വതി
.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.