/indian-express-malayalam/media/media_files/ccwLPiu9oVkfZjye9FH7.jpg)
ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നതിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ വേതനവുമായി ബന്ധപ്പെട്ടു അഭിനേതാക്കൾ നേരിടുന്ന പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന 'കൂലിക്ക് 'വേല' പരമ്പരയിലെ രണ്ടാം ഭാഗം, നടി ഷൈനി സാറ സംസാരിക്കുന്നു...
ഒൻപത് വർഷമായി സിനിമയിൽ അഭിനയിച്ചിട്ടും പ്രതിഫലവുമായി ബന്ധപ്പെട്ട് ഒരു എഗ്രിമെന്റ് പോലും ഇതു വരെ ഒപ്പിട്ടിട്ടില്ല. ഈ കാലയളവിൽ ഞാൻ കൂടുതൽ നേരിട്ടതും പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. പറയുന്ന പ്രതിഫലം ഒരിക്കലും അവർ തരില്ല, വിലപേശി വിലപേശി ഏറ്റവും മിനിമത്തിൽ എത്തിക്കും, അതേ തരൂ.
കുറച്ചു വർഷങ്ങൾക്കു മുൻപാണ്, ഞാനൊരു പടം ചെയ്തു. അവസാന നിമിഷമാണ് എന്നെ വിളിക്കുന്നത്. വേറെ ആരോ വന്നു അഭിനയിച്ചിട്ട് ശരിയാവാതെ പോയപ്പോഴാണ് എന്നെ വിളിച്ചത്. ഒരു 20 ദിവസത്തെ ഡേറ്റ് ചോദിച്ചു. പ്രതിഫലത്തെ കുറിച്ചൊന്നും പറയുന്നില്ല. എന്നെ വിളിച്ചത് ഇൻഡസ്ട്രിയിൽ പ്രശസ്തനായൊരു പ്രൊഡക്ഷൻ കൺട്രോളർ ആണ്. ആളെ വിശ്വസിച്ച് ഞാൻ അഭിനയിക്കാൻ പോയി. മുൻപും കക്ഷിയെനിക്ക് പടങ്ങൾ തന്നിട്ടുണ്ട്, പക്ഷേ പൈസയൊക്കെ ആള് എന്താണോ നിശ്ചയിക്കുന്നത്, അതേ തരൂ. തുടക്കകാലം ആയതു കൊണ്ട് നമുക്ക് കാശ് ഡിമാന്റ് ചെയ്യാനും പറ്റില്ല, വർക്ക് കിട്ടുക എന്നതാണല്ലോ പ്രധാനം.
അങ്ങനെ ഷൂട്ട് തുടങ്ങി. സാധാരണ എറണാകുളത്താണ് ഷൂട്ട് എങ്കിൽ ഞാൻ വീട്ടിൽ നിന്ന് പോയി വരികയാണ് ചെയ്യുക. ഇതു പക്ഷേ അവരുടെ ഹോട്ടലിൽ തന്നെ താമസിക്കണം എന്നു പറഞ്ഞു, കോവിഡ് പ്രോട്ടോകോൾ കാരണം. പ്രൊഡ്യൂസർക്ക് തന്നെ ഹോട്ടലുണ്ട്. അവിടെയായിരുന്നു താമസം. ഷൂട്ടിംഗ് തുടങ്ങി നാലു ദിവസം കഴിഞ്ഞപ്പോൾ, ഞാൻ അവിടുത്തെ ടോയ്‌ലറ്റിൽ വഴുക്കി വീണു. കാൽ സ്ലിപ്പായതാണ്. എന്നെ അപ്പോൾ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി, എക്സ്റേ എടുത്തു, തുട മുതൽ കാൽ മുട്ടിനു താഴെ വരെ ബ്രേസ് ഇട്ടു. ഹോസ്പിറ്റലിൽ ഏതാണ്ട് 2400 രൂപയോളം വന്നു, അതെല്ലാം അവർ തന്നെ കൊടുത്തു. അന്നു തന്നെ ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജായി, റൂമിൽ വന്നു റെസ്റ്റ് എടുത്തു.
ഷൂട്ട് മുടങ്ങും എന്നതിനാൽ പിറ്റേ ദിവസം നല്ല വേദനയുണ്ടായിട്ടും അഭിനയിക്കാൻ ചെന്നു. എന്റെ കാലിന്റെ അവസ്ഥയിതാണെന്നു ഡയറക്ടറോട് പറഞ്ഞു, അതിന് അനുസരിച്ച് സീനുകൾ അഡ്ജസ്റ്റ് ചെയ്യണമായിരുന്നു. ഭാഗ്യത്തിന് ഞാൻ നടക്കുന്ന ഷോട്സ് ഒക്കെ ആദ്യമേ എടുത്തിരുന്നു. പിന്നെയുള്ളത് അവർ അഡ്ജസ്റ്റ് ചെയ്തെടുത്തു. കാലിന്റെ വേദനയും വച്ച്, വിശ്രമമില്ലാതെ 24 ദിവസം ഞാൻ ഷൂട്ടിംഗിൽ പങ്കെടുത്തു. കാറിനകത്തു കയറുന്ന സീനൊക്കെയുണ്ടായിരുന്നു അഭിനയിക്കാൻ, മുട്ട് മടക്കാനാവാത്ത അവസ്ഥയിൽ അതൊക്കെ പ്രയാസകരവും വേദനാജനകവുമായിരുന്നു. എന്നിട്ടും ഷൂട്ട് ഒരുവിധത്തിൽ പൂർത്തിയാക്കി.
പ്രതിഫലത്തിന്റെ കാര്യം ചോദിച്ചപ്പോൾ അവർ തന്ന പണം കണ്ട് ഞാൻ ഞെട്ടി. ആ സമയം ഞാൻ വാങ്ങിക്കുന്ന പ്രതിഫലം വച്ചുനോക്കുമ്പോൾ അഞ്ചു ദിവസത്തേക്കുള്ള പ്രതിഫലമേ അതുണ്ടായിരുന്നുള്ളൂ. അതെനിക്കു ഭയങ്കര ഷോക്കായി. അത്രയും കഷ്ടപ്പെട്ട് കാലിനു വയ്യാതെ കൂടി അഭിനയിച്ചതാണ്. എന്നിട്ടാണ് അവരങ്ങനെ ചെയ്തത്. നടക്കാൻ പോലും ഞാൻ ബുദ്ധിമുട്ടുന്നതൊക്കെ അവർ കാണുന്നതാണ്, കണ്ടറിഞ്ഞു ചെയ്യുമെന്നല്ലേ നമ്മൾ പ്രതീക്ഷിക്കുക. പക്ഷേ അങ്ങനെയുള്ള മനുഷ്യത്വമൊന്നും ഞാൻ കണ്ടില്ല. ബജറ്റ് കുറവുള്ള പടമാണെങ്കിൽ പിന്നെയും സമാധാനിക്കാം, ഇത് അത്യാവശ്യം നല്ല കാശുള്ള പ്രൊഡ്യൂസറിന്റെ ചിത്രമായിരുന്നു. കൃത്യമായും ചൂഷണമാണ് അവിടെ നടന്നത്.
നമ്മളെ കൊണ്ട് ഇവർ കോൺട്രാക്റ്റ് സൈൻ ചെയ്യിപ്പിക്കില്ല, അതു ചെയ്താൽ നമുക്ക് ചോദിക്കാനുള്ള അവകാശം വരുമല്ലോ! പ്രതിഫലം എത്ര തരുമെന്നും കൃത്യമായി പറയില്ല. ഈ 9 വർഷത്തിനിടെ ഒരൊറ്റ സിനിമയിൽ എന്നെ കൊണ്ട് കോൺട്രാക്റ്റ് ഒപ്പിടിച്ചിട്ടില്ല. ഇടയ്ക്ക് ഒരു സീരിയൽ ചെയ്തു, അതിൽ മാത്രമാണ് ഞാനൊരു എഗ്രിമെന്റ് സൈൻ ചെയ്തത്.
നമുക്ക് ലഭിക്കുന്ന പ്രതിഫലത്തിൽ ചിലത് മാത്രമാണ് കമ്പനി അക്കൗണ്ടിൽ നിന്നും നമ്മുടെ അക്കൗണ്ടിൽ വരുന്നത്. മറ്റു പലതും എവിടെ നിന്നാണ് വരുന്നതെന്നു പോലും അറിയില്ല. ആരോ എവിടുന്നോ 15,000- 25,000 ഒക്കെ ഡെപ്പോസിറ്റ് ചെയ്തു എന്ന മെസേജാണ് വരിക. ഈ ഇടനിലക്കാർ നമ്മുടെ പേരു പറഞ്ഞ് പൈസ വാങ്ങിയിട്ട് ഒരു വിഹിതം മാത്രമാണോ ഇങ്ങനെ അയക്കുന്നതെന്നു പോലും സംശയമുണ്ട്. അതേ സമയം, കൃത്യമായി കമ്പനി അക്കൗണ്ടിൽ നിന്ന് മാത്രം പ്രതിഫലം അയക്കുന്നവരും ഉണ്ട്. മമ്മൂട്ടി കമ്പനിയൊക്കെ അവരുടെ അക്കൗണ്ടിൽ നിന്നു മാത്രമേ പണം അയക്കൂ, സുതാര്യതയുണ്ട് പണമിടപാടുകളിൽ.
എന്റെ കൂടെ വർക്ക് ചെയ്യുന്ന, പരസ്യങ്ങളൊക്കെ ചെയ്യുന്ന പല പെൺകുട്ടികളും സങ്കടം പറഞ്ഞിട്ടുണ്ട്. അവരുടെ പേരിൽ ഇരട്ടികാശ് വാങ്ങി, ഇവർക്ക് പാതി മാത്രം നൽകുന്ന പ്രൊഡക്ഷൻ കൺട്രോളർമാരെ കുറിച്ച്. ഇത്തരത്തിലുള്ള ചൂഷണങ്ങൾ നടക്കുന്നു എന്നു മനസ്സിലാക്കിയിട്ടും നമ്മൾ പലപ്പോഴും പരാതിപ്പെടാതെയിരിക്കുന്നത് നമ്മുടെ റോളിന് ഇഷ്ടം പോലെ കോമ്പറ്റീഷൻ ഉണ്ട് എന്നുള്ളതു കൊണ്ടാണ്. നമ്മൾ അവർക്കൊരു ചോയിസ് മാത്രമാണ്. അല്ലാതെ, 'ഇത് ഷൈനി ചേച്ചി തന്നെ ചെയ്യണം, ചേച്ചിയുടെ ശബ്ദവും മോഡുലേഷനുമൊക്കെ ഇഷ്ടമാണ്' എന്നു പറഞ്ഞു വിളിച്ചവർ അപൂർവ്വമാണ്.
അങ്ങനെ വിളിക്കുന്നവരും ചിലപ്പോൾ പണം ബാർഗൈൻ ചെയ്തെന്നു വരാം, പക്ഷേ ഒരു കലാകാരി എന്ന രീതിയിൽ അവർ നമുക്കു തരുന്ന ആദരവുണ്ട്. അതിനു പണത്തേക്കാൾ മൂല്യമുണ്ട്. അവർക്ക് ചിലപ്പോൾ ചെറിയ ബജറ്റേ കാണൂ, ആ സിനിമ എങ്ങനെയെങ്കിലും നടന്നു കാണണമെന്ന് തീവ്രമായി സ്വപ്നം കാണുന്നവരാവും. അവർ നമ്മളോട് റിക്വസ്റ്റ് ചെയ്താവും വരിക. പ്രതിഫലത്തിൽ നമ്മൾ ഇളവു നൽകേണ്ടി വന്നാലും, ബാക്കി എല്ലാ അടിസ്ഥാനസൗകര്യങ്ങളും അവർ വീഴ്ചയില്ലാതെ ചെയ്തിട്ടുണ്ടാവും."
"അതേ സമയം, നമ്മളൊക്കെ കിട്ടിയ ട്രെയിനിൽ കയറി വരട്ടെ, കുടുസുമുറികളിൽ താമസിച്ചാൽ മതി എന്നു കരുതുന്നവരുമുണ്ട്. ഈരാറ്റുപ്പേട്ടയിൽ വളരെ തുച്ഛമായ ശമ്പളത്തിനു ഒരു സിനിമയിൽ അഭിനയിക്കുകയാണ്. ഒരു മോശം ഹോട്ടലിലാണ് താമസം. നാലഞ്ചു നില സ്റ്റെപ്പ് കയറിപോവണം. ഇടുങ്ങിയ മുറി, ഭക്ഷണം കഴിക്കാൻ മേശയോ കസേരയോ ഇല്ല. കട്ടിലിൽ പേപ്പർ വിരിച്ചാണ് ഫുഡൊക്കെ കഴിക്കുന്നത്.
തൊട്ടപ്പുറത്ത് ഒരു ത്രീ സ്റ്റാർ ഹോട്ടൽ ഉണ്ട്, അവിടെയാണ് പ്രധാന ആർട്ടിസ്റ്റുകൾക്കെല്ലാം താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കുടുസുമുറിയിലെ താമസം ബുദ്ധിമുട്ടായപ്പോൾ അപ്പുറത്തേക്കു മാറ്റി തരാമോ എന്നു ചോദിച്ചു, അവിടെ മുറികളെല്ലാം ബുക്ക്ഡ് ആണെന്നായിരുന്നു കിട്ടിയ മറുപടി. ഇതു ഞാൻ എന്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ, "അവർ റൂം തന്നില്ലെങ്കിൽ താൻ സ്വന്തം റൂമെടുത്തു താമസിക്കണമായിരുന്നു, അവർക്ക് വലിയ നെറ്റ് വർക്കൊക്കെയുണ്ട്, ഇതിപ്പോ തന്നെ അവർ പരസ്പരം പറഞ്ഞു കാണും, 'ഷൈനി സാറയല്ലേ, അവർക്ക് തേർഡ് ക്ലാസ്സ് റൂമൊക്കെ മതി, അവരൊന്നും പറയൂല' എന്ന്. ഇൻഡസ്ട്രിയിൽ നീയായിട്ട് നിന്റെ വില കളയരുത്," എന്ന് എന്റെ സുഹൃത്തുക്കൾ ശാസിച്ചു.
അവർ പറഞ്ഞത് സത്യമാണ്, ചൂഷണം ചെയ്യപ്പെടുകയാണ് പലപ്പോഴും. ഞാനാണെങ്കിൽ സിനിമയോടുള്ള വലിയ ഭ്രാന്ത് കാരണം ഇത്തരം വിവേചനങ്ങളും അവഹേളനങ്ങളുമെല്ലാം സഹിക്കുന്നു, പരാതികൾ പറയില്ല. പിന്നെ വർക്ക് നഷ്ടമാവുമോ എന്ന പേടിയും ഒരു ഘടകമാണ്. അടുത്ത പടത്തിനു വിളിച്ചില്ലെങ്കിലോ, ഇതു മാത്രമല്ലേ വരുമാനമുള്ളൂ എന്നൊക്കെയുള്ള ചിന്ത വരും.
ആർട്ടിസ്റ്റുകളുടെ ഇത്തരം അവസ്ഥകളെയെല്ലാം അവർ മിസ് യൂസ് ചെയ്യുന്നുണ്ട്. ഇൻഡസ്ട്രിയിൽ നിന്ന് എനിക്കിതു വരെ ലൈംഗിക ചുവയുള്ള സംസാരമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ല. അതു ചിലപ്പോൾ ഞാനൊക്കെ 40കൾക്കു ശേഷം ഇൻഡസ്ട്രിയിൽ വന്ന ആളായതു കൊണ്ടാവും. നമ്മളെങ്ങനെയാ പ്രതികരിക്കുക എന്ന പേടി അവർക്കുണ്ടാവും.
മാത്രമല്ല, ഞാൻ അഭിനയിക്കുന്നതിനു മുൻപു തന്നെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ നിന്നയാളാണ്. ജയരാജ് സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു കുറേകാലം. ഇൻഡസ്ട്രിയിലെ ആളുകൾക്കൊക്കെ അതറിയാം, ചിലപ്പോൾ അതു കൊണ്ടാവും. പക്ഷേ ഇപ്പോഴും എന്റെ കൂടെ അഭിനയിക്കാൻ വരുന്ന 20-25 വയസ്സുള്ള പെൺകുട്ടികൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാവുന്നുണ്ട്.
കഴിഞ്ഞ ദിവസം കൂടി രണ്ടു പെൺകുട്ടികൾ അവരുടെ അനുഭവം എന്നോട് പറഞ്ഞു. ഫോട്ടോ ഒക്കെ അയച്ചു കൊടുത്തു, എല്ലാം ഫിക്സ് ചെയ്തു, അവസാന നിമിഷമാണ് പറയുന്നത് അഡ്ജസ്റ്റ്മെന്റ് വേണ്ടി വരുമെന്ന്. ആ കുട്ടികൾ അതോടെ അതിൽ നിന്നും പിന്മാറി. ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കുന്നുണ്ട്. അത്തരം സാഹചര്യത്തിൽ ആ കുട്ടികൾക്ക് രണ്ടു ചോയിസേയുള്ളൂ, ഒന്നുകിൽ സിനിമ വേണ്ടെന്നു വച്ചിട്ടു ഇറങ്ങിപ്പോരേണ്ടി വരും, അല്ലെങ്കിൽ അഡ്ജസ്റ്റ്‌മെന്റിനു തയ്യാറാവേണ്ടി വരും.
നല്ല പ്രൊഡക്ഷൻ കമ്പനികളുടെ സെറ്റിലൊന്നും ഈ പ്രശ്നമുണ്ടെന്നു എനിക്കു തോന്നുന്നില്ല. പകരം ഈ ഉദ്ദേശം വച്ചു തന്നെ സിനിമ പിടിക്കാൻ വരുന്നവരുണ്ട്, അവരാണ് വലിയ പ്രശ്നക്കാർ. സിനിമ എന്നു പറഞ്ഞാൽ ഇങ്ങനെയൊക്കെയാണ്, സുഖമായി പിള്ളേരെ കിട്ടും എന്നൊക്കെയുള്ള മിഥ്യാധാരണയാണ് പലർക്കും.
ഇപ്പോഴത്തെ നമ്മുടെ പെൺകുട്ടികളിൽ അധികവും വിദ്യഭ്യാസമുള്ളവരാണ്. അതിനാൽ അവരെയൊന്നും അത്ര പെട്ടെന്ന് ഈ ട്രാപ്പിൽ പെടുത്താൻ ആവില്ല. അവർ കുറേക്കൂടി ബോൾഡാണ്, അഡ്ജസ്റ്റ്മെന്റ് ചെയ്തിട്ട് എനിക്ക് ആ പടം വേണ്ടെന്ന് മുഖത്തു നോക്കി പറയുന്ന കുട്ടികളുണ്ട്. അതേ സമയം, എങ്ങനെയെങ്കിലും എന്റെ മോളെ സിനിമയിൽ കേറ്റണം എന്നു വിചാരിച്ചു വരുന്ന മാതാപിതാക്കളും മക്കളുമൊക്കെയുണ്ട്, ആ സാഹചര്യം ചൂഷകർക്കു വളരാനുള്ള സാഹചര്യം ഒരുക്കുന്നതാണ്.
വണ്ടി വിട്ടുതരാൻ കെഞ്ചേണ്ടി വന്നു അന്ന്
ഈരാറ്റുപേട്ടയിൽ നടന്ന ആ സിനിമയുടെ ഷൂട്ടിനിടെ മറ്റൊരു അനുഭവവും ഉണ്ടായി. ഷൂട്ട് കഴിഞ്ഞ് അന്നു രാത്രി തന്നെ എനിക്ക് വീട്ടിലേക്ക് തിരിച്ചു പോവണം. പിറ്റേന്ന് രാവിലെ വേറെ ഒരു ലൊക്കേഷനിൽ എത്താനുള്ളതാണ്. ഷൂട്ടൊക്കെ കഴിഞ്ഞപ്പോൾ രാത്രി 11 മണിയായി. എനിക്ക് ഇന്നു തന്നെ അത്യാവശ്യമായി വീട്ടിൽ പോവണം എന്നു പറഞ്ഞിട്ട് അവരെനിക്ക് വണ്ടി വിട്ടുതരുന്നില്ല. ഞാൻ കരഞ്ഞു അപേക്ഷിക്കുന്നുണ്ട്. 'വണ്ടിയൊന്നുമില്ല, വേണമെങ്കിൽ ബസ് കയറിപൊയ്‌ക്കോ' എന്നാണ് പറയുന്നത്.
എനിക്കു വിഷമമായി. എന്റെ കരച്ചിൽ കണ്ട് ദയ തോന്നിയ ഒരു ഡ്രൈവർ (അയാള് ഫെഫ്ക ഡ്രൈവേഴ്സ് യൂണിയനിൽ ഉള്ള ആളൊന്നുമല്ല, സിനിമയ്ക്കു വേണ്ടി താത്കാലികമായി ഓടുന്ന ഡ്രൈവറാണ്) എന്നെ ഈരാറ്റുപേട്ട വരെ വിടാം എന്നു പറഞ്ഞു. ഞങ്ങൾ ഈരാറ്റുപേട്ട എത്തിയപ്പോൾ പുലർച്ചെ നാലിനേ അടുത്ത ബസ്സുള്ളൂ. എന്തു ചെയ്യും എന്ന് വിഷമിച്ചിരുന്നപ്പോൾ, ദയ തോന്നി അയാള് പറഞ്ഞു, "ചേച്ചീ, ഞാൻ ചേച്ചിയെ കുണ്ടന്നൂര് വരെ കൊണ്ടുവിടാം. അവിടുന്ന് ചേച്ചി വേറെ ടാക്സി എടുക്കുമോ? ഞാൻ ചേച്ചിയെ സഹായിച്ചെന്ന് പ്രൊഡക്ഷൻകാരോട് ഒന്നും പറയരുത്". അയാളാണ് അന്നെന്നെ വീടെത്താൻ സഹായിച്ചത്.
പേര് തെറ്റായി ടൈറ്റിൽ കാർഡിൽ വന്ന ദുരനുഭവം
ഷൈനി ടി രാജൻ എന്നത് എന്റെ ഔദ്യോഗിക പേരാണ്. സിനിമയിൽ ഞാൻ ഷൈനി സാറ എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും ആളുകൾ അതു തെറ്റായി കൊടുക്കും. അതിനാൽ ടൈറ്റിലിൽ പേരു ശരിയായി ചേർക്കണേ എന്നു ഓർമിപ്പിക്കാൻ ഞാൻ ഒരു സിനിമയുടെ ആൾക്കാരെ വിളിച്ചു. "അതിന് നിങ്ങളെ ആരാ അറിയുക? എന്തു പേര് വച്ചാൽ എന്താ?" എന്നായിരുന്നു മുഖത്തടിച്ചതു പോലുള്ള മറുപടി. നമ്മുടെ പേരിനു പോലും വില നൽകാതെ, അപമാനിക്കുന്നതു പോലെ സംസാരിക്കുന്നവരുണ്ട്.
പ്രതിഫലകാര്യം ചോദിക്കുമ്പോഴും അതെ, നമ്മളെ കൊച്ചാക്കി കളയും, "നിങ്ങളെ ആരാ അറിയാ, പ്രതിഫലം ചോദിക്കാൻ മാത്രമായോ?" എന്നൊക്കെ അപമാനിക്കും. എന്നെ പോലെയുള്ള ക്യാരക്ടർ ആർട്ടിസ്റ്റുകളൊക്കെ അടിസ്ഥാന ശബളമാണ് ചോദിക്കുന്നത്, അല്ലാതെ ലക്ഷങ്ങൾ ഒന്നുമല്ല. കടുത്ത വിവേചനം നേരിടുന്നുണ്ട് ഈ മേഖലയിൽ. സ്ത്രീകളായ സഹനടിമാരുടെ ശമ്പളത്തിന്റെ മൂന്നിരട്ടിയാണ് അതേ ടൈപ്പ് കഥാപാത്രങ്ങളെ ചെയ്യുന്ന സഹനടൻമാർക്ക് നൽകുന്നത്. പ്രതിഫലം കൂടുതൽ ചോദിച്ചാൽ, പിന്നെ പകയോടെയാണ് പെരുമാറ്റം. നമ്മൾ വളരെ ഡിമാന്റിംഗായ ആൾക്കാരാണെന്ന് പറഞ്ഞു പരത്തും.
പക്ഷേ എല്ലാവരെയും കുറ്റപ്പെടുത്താൻ പറ്റില്ല, മനുഷ്യരുടെ അധ്വാനത്തിനെ മാനിക്കുന്നവരും ഉണ്ട്. ചിലർ ഷൂട്ട് കഴിഞ്ഞ് നമ്മൾ വീടെത്തും മുൻപ് അക്കൗണ്ടിൽ പൈസയിടും. അതേസമയം, ചിലരുടെ പിന്നാലെ നടന്ന് അപേക്ഷിക്കണം, "ലോൺ അടയ്ക്കാൻ സമയമായി, ആ പൈസ ഒന്നിടാമോ?" എന്നും ചോദിച്ച്. കഷ്ടപ്പെട്ട് മേടിക്കണം. ആരോടും കടമൊന്നുമല്ലല്ലോ ചോദിക്കുന്നത്, ചെയ്ത ജോലിയ്ക്കുള്ള കൂലിയല്ലേ!
ഞങ്ങളേക്കാൾ കഷ്ടമാണ്, അസിസ്റ്റന്റ് ഡയറക്ടേഴ്സായി ജോലി ചെയ്യുന്ന കുട്ടികളുടെ കാര്യം. സിനിമ പഠിക്കുക എന്ന പാഷനോടെ വരുന്ന പെൺപിള്ളേരെ ഈ ഇൻഡസ്ട്രി നന്നായി മുതലെടുക്കാറുണ്ട്. നന്നായി കഷ്ടപ്പെടുത്തും, പണിയെടുത്തു മരിക്കും ആ കുട്ടികൾ. ഫുഡ് കൊടുക്കും, രണ്ടു പേരുടെ ഷെയറിംഗ് റൂമും കൊടുക്കും. അല്ലാതെ പ്രതിഫലം കൊടുക്കുന്നതൊക്കെ അപൂർവ്വമാണ്. എല്ലാവരും ഇങ്ങനെ ചൂഷണം ചെയ്യുന്നവരാണെന്നു പറയുന്നില്ല, നൂറിൽ പത്തൊക്കെ കാണും പ്രൊഫഷണലായി പെരുമാറുന്നവർ. ബാക്കിയധികവും എങ്ങനെയൊക്കെ മുതലെടുക്കാമോ അങ്ങനെയൊക്കെ മുതലെടുക്കുന്നവരാണ്.
(ധന്യ കെ. വിളയിലിനോട് പറഞ്ഞത്)
കൂലിക്ക് 'വേല' പരമ്പര ഇതുവരെ
- ഹേമ കമ്മിറ്റി റിപ്പോർട്ട്: ചില്ലറയല്ലാത്ത ചില വിഷയങ്ങൾ
- സോഷ്യൽ മീഡിയയിൽ എഴുതുമെന്ന് ഭീഷണിപ്പെടുത്തേണ്ടി വന്നു പറഞ്ഞുറപ്പിച്ച കൂലി വാങ്ങിയെടുക്കാൻ: ജോളി ചിറയത്ത്
- 9 വർഷങ്ങളായി സിനിമയിൽ, പ്രതിഫലവുമായി ബന്ധപ്പെട്ട് ഒരു എഗ്രിമെന്റ് പോലും ഇതു വരെ ഒപ്പിട്ടിട്ടില്ല: ഷൈനി സാറ
- പ്രതിഫലം എത്ര തരും എന്ന് ചോദിച്ചാൽ പിന്നെ വിളിക്കാത്തവരുമുണ്ട്: മാലാ പാർവ്വതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.