scorecardresearch

വാരഫലം, അശ്വതി മുതൽ രേവതി വരെ; June 09-June 15 08, 2024, Weekly Horoscope

Weekly Horoscope: ജൂൺ 09 ഞായറാഴ്ച മുതൽ ജൂൺ 15 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ജൂൺ 09 ഞായറാഴ്ച മുതൽ ജൂൺ 15 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ ഇടവ മാസത്തിലും മിഥുനമാസത്തിലും മകയിരം ഞാറ്റുവേലയിലും ആയി സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. പുണർതം മുതൽ ഉത്രം / അത്തം വരെയുള്ള നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ചൊവ്വ മേടം രാശിയിൽ, അശ്വതി നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. ബുധൻ ഇടവം- മിഥുനം രാശികളിൽ, രോഹിണി - മകയിരം നക്ഷത്രങ്ങളിലായാണ് നീങ്ങുന്നത്. ബുധന് മൗഢ്യാവസ്ഥയുണ്ട്. ശുക്രൻ ഇടവം രാശിയിലാണ് തുടക്കത്തിൽ. 

Advertisment

ജൂൺ 12 ന് മിഥുനത്തിൽ പ്രവേശിക്കുന്നു. ശുക്രനും മകയിരം നക്ഷത്രത്തിലാണ്. മൗഢ്യാവസ്ഥയുമുണ്ട്. വ്യാഴം ഇടവം രാശിയിൽ കാർത്തിക നക്ഷത്രത്തിലാണ് വാരാദ്യം. ജൂൺ 13 ന് രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ തുടരുകയാണ്. രാഹുവും കേതുവും യഥാക്രമം മീനം രാശിയിലും (രേവതിയിലും), കന്നിരാശിയിലും (അത്തത്തിലും) സഞ്ചരിക്കുന്നു. 

ഈ ആഴ്ചയിലെ ചന്ദ്രൻ്റെ അഷ്ടമരാശി സഞ്ചാരം ഏതൊക്കെ കൂറുകാർക്കെന്ന് നോക്കാം. ഞായർ ഉച്ചവരെ കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയായുള്ള വൃശ്ചികക്കൂറുകാരുടെ അഷ്ടമരാശിയാണ്. അതിനു ശേഷം ചൊവ്വാഴ്ച രാത്രി വരെ ധനുക്കൂറുകാർക്കാണ് അഷ്ടമരാശി വരുന്നത്. വെള്ളി പ്രഭാതം വരെ മകരക്കൂറുകാർക്കും തുടർന്ന് കുംഭക്കൂറുകാർക്കും അഷ്ടമരാശിയുണ്ട്.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

Advertisment

അശ്വതി

പലരുടെയും  സഹകരണം ലഭിക്കും.  കാര്യാലോചനകളിൽ നന്നായി സംസാരിക്കും.  ഔദ്യോഗിക കൃത്യനിർവഹണം ഒരു വിധം ഭംഗിയാവും. ചില അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്താൻ കഴിയാത്തതിൽ ഖേദിച്ചേക്കും.   മനസ്സമാധാനക്കേടുകൾക്കുള്ള യഥാർത്ഥ കാരണം തേടുന്നതാണ്. ഗാർഹിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വന്നേക്കും. ചൊവ്വ ജന്മരാശിയിൽ, ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തണം.  വൈകാരിക പ്രതികരണങ്ങൾക്ക് മുതിരരുത്. അനാവശ്യമായ തിടുക്കം ഒഴിവാക്കേണ്ടതുണ്ട്.

ഭരണി

ചിന്താപരത കൂടുന്നതാണ്. തന്മൂലം തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ തടസ്സങ്ങൾ അനുഭവപ്പെടാം. വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധത്തോടെ മുന്നേറാനാവും. ക്ഷിപ്രസാധ്യങ്ങളായവ നേടിയെടുക്കാൻ കാലവിളംബം ഭവിക്കും സുഹൃൽസമാഗമം സന്തോഷമേകും. ജന്മനക്ഷത്രനാഥനായ ശുക്രന് മൗഢ്യം തുടരുന്നതിനാൽ കഴിവുകൾക്ക് മങ്ങലേല്ക്കുന്നതായി തോന്നിയേക്കും. പ്രതീക്ഷിച്ച വിജയം അഭിനന്ദനമോ നല്ല വാക്കുകളോ കിട്ടാതെ വരുന്നത് സങ്കടത്തിന് കാരണമാകുന്നതാണ്. ഇഷ്ടവസ്തുക്കൾ വാങ്ങാനാവും.

കാർത്തിക

കാര്യസാധ്യത്തിനും നേട്ടങ്ങൾക്കും കാലതാമസം ഭവിക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങുന്ന കാര്യം സജീവ പരിഗണനയിൽ ഉണ്ടായിരിക്കും. അതുസംബന്ധിച്ച സർക്കാർ നടപടികൾക്ക് കാലതാമസം വരും. പൊതുപ്രവർത്തനത്തിൽ സക്രിയ സാന്നിദ്ധ്യമായി തുടരുന്നതാണ്.  കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ആത്മാർത്ഥമായ ശ്രമം നടത്തുന്നതാണ്.  ബിസിനസ്സിൽ നിന്നും വരവ് ഉയർന്നേക്കും.  വിപണിയുടെ സ്പന്ദനം മനസ്സിലാക്കി പ്രവർത്തിക്കാനാവും. വ്യക്തിപരമായ ചെലവുകൾ വർദ്ധിക്കുന്നതാണ്.

രോഹിണി

സുഖഭോഗങ്ങളുണ്ടാവും. മനസ്സന്തോഷം ഭവിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടാൻ കഴിയുന്നതാണ്. ഔദ്യേഗികമായി നല്ല വാരമാണെന്ന് പറയാനാവില്ല. ചുമതലകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ചയുണ്ടാകാം. തന്മൂലം മേലധികാരികളുടെ അനിഷ്ടത്തിന് പാത്രമാകും. സഹോദരർക്ക് ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. കലാപ്രവർത്തകർക്ക് പുതിയ അവസരങ്ങൾ വന്നുചേരുന്നതാണ്. മകൻ്റെ ഉപരിപഠന കാര്യത്തിൽ തടസ്സങ്ങളുണ്ടാവുന്നത് ഉൽക്കണ്ഠക്ക് കാരണമായേക്കും.

മകയിരം

ആദിത്യൻ മകയിരത്തിൽ സഞ്ചരിക്കുന്നതിനാൽ മന: സംഘർഷത്തിന് സാധ്യത കാണുന്നു. അലച്ചിൽ മൂലം ദേഹക്ലേശത്തിനും സാഹചര്യമുണ്ടാവാം. വാഗ്ദാനങ്ങൾ പാലിക്കുക എളുപ്പമായേക്കില്ല. കരാർ പണികൾ പുതുക്കി ലഭിച്ചേക്കും. പഴയ കടബാധ്യത തീർക്കാൻ ആത്മാർത്ഥമായ ശ്രമമുണ്ടാവുന്നതാണ്. ബിസിനസ്സിൽ സാമാന്യം ലാഭം പ്രതീക്ഷിക്കാം. എന്നാൽ വിപുലീകരണത്തിന് ഗ്രഹാനുകൂല്യം ഇല്ലാത്ത സമയമാണെന്നത് ഓർമ്മയിലുണ്ടാവണം. വാരാന്ത്യത്തിൽ കൂടുതൽ നേട്ടങ്ങളും സാമ്പത്തികമായ മെച്ചവും പ്രതീക്ഷിക്കാം.

തിരുവാതിര

ചെറുയാത്രകളുണ്ടാവുന്നതാണ്. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ശ്രമം അഭിനന്ദിക്കപ്പെടും. സാങ്കേതിക കാര്യങ്ങൾ ഉൾക്കൊള്ളും. കൂടുതൽ നേരം ഓഫീസിൽ ചെലവഴിക്കേണ്ടതായി വരുന്നതാണ്. ധനാഗമം മോശമാവില്ല. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. വ്യവഹാരങ്ങൾക്ക് അനുകൂലമായ തീർപ്പുണ്ടാവും. ശത്രുക്കളുടെ പ്രവർത്തനം വിലപ്പോവില്ല. നല്ല കാര്യങ്ങൾക്ക് ചെലവുണ്ടായേക്കാം. ജീവിത പങ്കാളിയുടെ തൊഴിൽ പുരോഗതിയിലാവും. സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായപ്രകടനം ശക്തമായി വിമർശിക്കപ്പെടാം.

പുണർതം

നല്ല തുടക്കം കിട്ടുന്ന ആഴ്ചയാണ്. ആത്മവിശ്വാസത്തോടെ മുന്നേറാനാവും. കരുതിയ കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കുന്നതാണ്. കുടുംബപരമായി സമാധാനം ഉണ്ടാകാം. ഉപജാപങ്ങളെ തിരസ്കരിച്ച് മുന്നേറും. സുഹൃത്തുക്കളുടെ ശുപാർശയിൽ ചില മികച്ച തൊഴിൽ ലഭ്യതകൾ സംജാതമാകും. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച കോഴ്സുകളിൽ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക ഞെരുക്കം കുറയുന്നതായിരിക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി രേഖകൾ വൈകാം.

പൂയം

വാരാദ്യ ദിവസങ്ങളിൽ കാര്യതടസ്സമോ ഉദാസീനതയോ അനുഭവപ്പെടാം. അപ്രതീക്ഷിത ചിലവുണ്ടാവാം. ബുധനാഴ്ച മുതൽ അനുകൂലത അനുഭവപ്പെടും. ശുഭവാർത്തകൾ വന്നെത്തുന്നതാണ്. കുടുംബത്തിൽ നവാതിഥി സന്തോഷം കൊണ്ടുവരാം. അനുകൂലമായ സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. സംഘടനാ പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കുന്നതാണ്. വീടുവിട്ടുനിൽക്കുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനാവും. വാഹനം സംബന്ധിച്ച അറ്റകുറ്റപ്പണികൾ സാധ്യതയാണ്.

ആയില്യം

പതിനൊന്നാം ഭാവത്തിലെ ഗ്രഹസമൃദ്ധി മൂലം സമൂഹത്തിൽ സ്വാധീനം വർദ്ധിച്ചേക്കും. വൈകാരിക സമീപനം ഗുണം ചെയ്തേക്കില്ല. അശ്രദ്ധ കൊണ്ടുള്ള അമളി പിണയാനിടയുണ്ട്. ഔദ്യോഗിക ചുമതലകൾ വാരാവസാനത്തോടെ ഭാരിച്ചതാവും. ബിസിനസ്സിൽ ധനാഗമം അധികരിക്കുന്നതാണ്. ഭൗതിക സുഖങ്ങളുണ്ടാവും. കുടുംബച്ചുമതലകൾ ഭംഗിയായി നിർവഹിക്കപ്പെടും.  മംഗളകർമ്മങ്ങളിൽ സംബന്ധിക്കുന്നതാണ്. അഭിമുഖങ്ങളിൽ വിജയമുണ്ടാവും.  സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ ലഭിച്ചേക്കാം.

മകം

മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കാം. പ്രവർത്തനം ദിശാബോധത്തോടെ നടത്താനാവും. തൊഴിൽ രംഗത്ത് നിസ്തുലമായ ഏകോപനമുണ്ടാവും.  ഉദ്യോഗസ്ഥർക്ക് സ്വാധികാരം പ്രയോഗിക്കാൻ കഴിയുന്നതാണ്. വിദ്യാർത്ഥികൾക്കും പ്രോൽസാഹകമായ വാരമായിരിക്കും. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. സാമ്പത്തിക അച്ചടക്കം പുലർത്തുന്നതിൽ മിടുക്കു കാട്ടും. ബന്ധുക്കൾ മുൻ വിരോധം മറന്ന് സഹകരിച്ച് തുടങ്ങും. പിതാവിൻ്റെ അനുഭവ സമ്പത്ത് ഗുണപാഠമാകും. വാരാന്ത്യം കൂടുതൽ മിഴിവുള്ളതാവും.

പൂരം

നക്ഷത്രനാഥനായ ശുക്രന് മൗഢം തുടരുന്നത് അല്പം പ്രതിസന്ധികൾക്ക് കാരണമാകാം. ആത്മശക്തിക്ക് ശോഷണം ഭവിച്ചതായി തോന്നും. എന്നാൽ രാശിനാഥനായ സൂര്യൻ 10,11 ഭാവങ്ങളിലായി സഞ്ചരിക്കുകയാൽ ഉദ്യോഗസ്ഥന്മാർക്കും തൊഴിൽ തേടുന്നവർക്കും അനുകൂലമായ സ്ഥിതിയുണ്ടാവും. മേലധികാരിയുടെ പ്രീതി ലഭിക്കുന്നതാണ്. രാഷ്ട്രീയ രംഗത്തുളളവർ ആദരിക്കപ്പെടും. പുതിയ സാങ്കേതികവിദ്യകൾ പഠിച്ചറിയാൻ സന്നദ്ധതയുണ്ടാവും. തിങ്കൾ, ചൊവ്വ ദിവസങ്ങൾക്ക് മേന്മ കുറയാം.

ഉത്രം

വിദ്യാർത്ഥികൾ പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് അർഹത നേടുന്നതാണ്.  നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് ആലോചിച്ചു വേണം. കുടുംബപരമായി സ്വൈരത കുറയാം. ദമ്പതികൾക്കിടയിൽ പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ വർദ്ധിക്കുന്നതാണ്. ആഡംബര വസ്തുക്കൾക്ക് ചെലവേർപ്പെടും. സാമ്പത്തികമായ അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണ്. വാഹന ഉപയോഗത്തിൽ ശ്രദ്ധയുണ്ടാവണം. പഴയ കടബാധ്യതകൾ സ്വസ്ഥത കുറയ്ക്കാം. പണയ വസ്തുക്കളുടെ തിരിച്ചടവ് സമ്മർദ്ദമുണ്ടാക്കും.

അത്തം

പൊതുപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് അനിഷേധ്യത തുടരപ്പെടും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ കൂടിയേക്കും. ബിസിനസ്സുകാർക്ക് വാരാന്ത്യം മുതൽ സമയം അല്പാല്പമായി അനുകൂലമാവുന്നതാണ്. കർമ്മരംഗം  ഉണരും. കാര്യവിഘ്നം അകലുന്നതാണ്. സാമ്പത്തിക സ്വാശ്രയത്വം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴിതെളിഞ്ഞേക്കും. കലാപ്രവർത്തനത്തിൽ പുരോഗതിയുണ്ടാവും. പ്രണയികൾക്ക് സന്തോഷിക്കാൻ കഴിയുന്നതാണ്. വയോജനങ്ങളുടെ ആരോഗ്യപരിരക്ഷയിൽ അലംഭാവമരുത്. വിശ്രമിക്കാനവസരം കുറയാം.

ചിത്തിര

പിടിവാശി കൊണ്ട് കുടുംബത്തിൽ സ്വാസ്ഥ്യം കുറയാം. തൊഴിൽ തേടുന്നവർക്ക് ആശ്വസിക്കാനാവും. സ്വകാര്യകമ്പനിയിലെ ഉദ്യോഗസ്ഥർക്ക് യാത്രകൾ അനിവാര്യമാവും. സഹപ്രവർത്തകർ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന തോന്നൽ ശക്തമാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനാവും. നവമാധ്യമങ്ങളിലെ ഭാഗ്യപരീക്ഷണക്കളികൾ നഷ്ടത്തിൽ കലാശിക്കാനിടയുണ്ട്. കൂട്ടുകച്ചവടത്തിൽ സംതൃപ്തി കുറയും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അന്യദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണ്.

ചോതി

അനിഷ്ടങ്ങളെയും എതിർപ്പുകളേയും  നേരിടേണ്ടിവരും. ഗൃഹത്തിൽ സമാധാനക്കുറവ് ഉണ്ടാവുന്നതാണ്. തീർത്ഥാടനം പകുതിയിൽ ഉപേക്ഷിക്കേണ്ട സ്ഥിതി വരാനിടയുണ്ട്. ഭാവികാര്യങ്ങളെക്കുറിച്ച് കൂടുതൽ ആലോചിക്കും. എന്നാൽ വ്യക്തമായ തീരുമാനം ഉണ്ടാവില്ല. ഗവേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നതാണ്. നവസംരംഭങ്ങൾ തുടങ്ങുന്നതിന് ഗ്രഹാനുകൂല്യം ഇല്ലാത്ത കാലമാണ്. ഭൂമിവിൽപ്പനയിൽ തടസ്സങ്ങൾ നേരിടും. മാനസിക - ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധയുണ്ടാവണം.

വിശാഖം

പല കാര്യങ്ങൾ ഏകകാലത്ത് ചെയ്യുന്നത് ശ്രദ്ധ പാളാനിടവരുത്തും. ന്യായമായ ആവശ്യങ്ങൾക്ക് ധനം വന്നെത്തുന്നതാണ്. കരാർ പണികൾ പുതുക്കപ്പെടും. സുഹൃത്തുക്കൾ തമ്മിലെ കലഹത്തിന് മാധ്യസ്ഥം വഹിച്ചേക്കും. കടം വാങ്ങി വ്യാപാരം വിപുലീകരിക്കന്നത് ഉചിതമായിരിക്കില്ല. ഉന്നതരുടെ ശുപാർശയിൽ പഠനത്തിന് പ്രവേശനം കിട്ടാൻ സാധ്യതയുണ്ട്. വിസ പ്രശ്നങ്ങളും മറ്റും ഉള്ളവർക്ക് ഇപ്പോൾ അവ പരിഹരിക്കാനാവും. സംഘടനാപരമായി ഒറ്റപ്പെടാൻ സാധ്യതയുണ്ട്. വിനോദ/തീർത്ഥയാത്രകൾക്ക് അവസരം തെളിയും.

അനിഴം

ദിശാബോധമുള്ള പ്രവർത്തനം കാഴ്ചവെക്കാനാവും. എതിർപ്പുകളിൽ കൂസാതെ മുന്നോട്ടു പോകുന്നതാണ്. സംഘടനകളിൽ നേതൃപദവി ലഭിച്ചേക്കാം. ഭൂമിയിൽ നിന്നും ആദായം ഉയരും.  കൃഷികാര്യങ്ങളിൽ താല്പര്യമേറുന്നതാണ്. പഴയ വീട് പുതുക്കാനുള്ള തയ്യാറെടുപ്പ് നടത്തും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് നിർദ്ദിഷ്ട ലക്ഷ്യം കൈവരിക്കാനാവും. ഉപരിപഠനത്തിലെ തടസ്സങ്ങൾക്ക് അറുതിയാവും. ഇഷ്ടസുഹൃത്തുക്കളെ സന്ദർശിക്കുന്നതാണ്. സർക്കാർ കാര്യങ്ങളിൽ അനുഭവപ്പെട്ടിരുന്ന തടസ്സം നീങ്ങിയേക്കും.

തൃക്കേട്ട

ആദിത്യൻ്റെ അനുകൂലതയില്ലാത്തതിനാൽ ഉദ്യോഗസ്ഥർക്ക് ഉന്മേഷം കുറയും.  ദുർഘടമായ ദൗത്യങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതരാവും. കൃത്യനിഷ്ഠ ഉണ്ടാവില്ല. വ്യാഴത്തിൻ്റെ ആനുകൂല്യം വ്യാപാരത്തിൽ ഉയർച്ചയ്ക്ക് കാരണമാകുന്നതാണ്.വിശേഷിച്ചും കൂട്ടുപങ്കാളിത്തമുള്ള ബിസിനസ്സിൽ മെച്ചം ദൃശ്യമാകുന്നതാണ്. പഴയ മുതൽമുടക്കിന് ഇപ്പോൾ പ്രതിഫലം ലഭിച്ചേക്കാം. വാഹനം അശ്രദ്ധമായി ഓടിച്ചതിനാൽ പിഴയടക്കേണ്ടി വരാം. ബന്ധങ്ങൾ ദൃഡമാക്കുന്നതിൽ വിജയിക്കുന്നതാണ്. അവിവാഹിതരുടെ വിവാഹകാര്യത്തിൽ വ്യക്തത വരും.

മൂലം

പരിശ്രമങ്ങൾക്ക് തക്ക ഫലം ലഭിക്കുന്നതാണ്. സമൂഹത്തിൽ സ്വാധീനം വർദ്ധിക്കാം. തൊഴിലിടം ശാന്തമായിരിക്കും. കുടുംബാംഗങ്ങളുടെ അഭിപ്രായങ്ങൾ കൂടി തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ പരിഗണിക്കും. സംഘടനയിലെ ചെറുപ്പക്കാരെയും മുതിർന്നവരെയും ഏകോപിപ്പിക്കുന്നതിൽ വിജയിക്കുന്നതാണ്. സുഹൃത്തുക്കളുമൊത്ത് നവസംരംഭങ്ങൾ തുടങ്ങുന്നത് പ്രഥമ പരിഗണനയിൽ വരും. ഏജൻസി, കമ്മീഷൻ വ്യാപാരം മെച്ചപ്പെടുന്നതാണ്. ഞായർ മുതൽ ചൊവ്വ വരെ ശുഭാരംഭങ്ങൾക്ക് ഉചിതമല്ല. മനോവാക്കർമ്മങ്ങളിൽ ശ്രദ്ധയുണ്ടാവണം.

പൂരാടം

ഉദ്യമങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ പതിവിലും നേരവും ഊർജ്ജവും വേണ്ടി വരുന്നതാണ്. ഡ്യൂട്ടി സമയത്തിൽ മാറ്റം വരാം. ആർജ്ജവവും സഹജാവബോധവും കാര്യനിർവഹണത്തിന് തുണനിൽക്കും.  ഓൺലൈൻ ബിസിനസ്സ് വിപുലീകരിക്കുന്നതിന് തീരുമാനിക്കും. ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവും. മക്കളുടെ പഠനാവശ്യങ്ങൾക്ക് വായ്പാ സഹായം തേടുന്നതാണ്. വിദേശത്തുള്ളവർക്ക് തൊഴിൽപരമായുള്ള സമ്മർദ്ദങ്ങൾ കുറയുന്നതാണ്. അഷ്ടമരാശിക്കൂറ് വരുന്നതിനാൽ വാരാദ്യ ദിവസങ്ങളിൽ എല്ലാക്കാര്യങ്ങളിലും കരുതൽ വേണ്ടതുണ്ട്.

ഉത്രാടം 

ലക്ഷ്യപ്രാപ്തിക്ക് ആവർത്തിത പരിശ്രമങ്ങൾ വേണ്ടി വരുന്നതാണ്. ബിസിനസ്സിൽ മുതൽമുടക്കുന്നത് ലാഭത്തിന് കാരണമാകാം. നക്ഷത്രനാഥനായ ആദിത്യന് ശുഭഗ്രഹയോഗമുള്ളതിനാൽ നല്ല ചിന്തകൾ, നല്ല കൂട്ടുകെട്ടുകൾ ഇവ ഭവിക്കുന്നതാണ്. സമൂഹത്തിൽ ബഹുമാന്യത വർദ്ധിക്കും. പൊതുവേ കുടുംബസൗഖ്യം ഉണ്ടാവുന്നതാണ്. നിലവിലെ തൊഴിൽ ഉപേക്ഷിച്ച് പുതിയ തൊഴിൽ തേടുന്നത് ഗുണകരമായേക്കും. സർവ്വീസിൽ നിന്നും പിരിഞ്ഞവർ ദീർഘയാത്രകൾക്കും തീർത്ഥാടനങ്ങൾക്കും തയ്യാറാകുന്നതാണ്.

തിരുവോണം

ഭാഗികമായ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണ്. പണമെടപാടുകളിൽ സൂക്ഷ്മത വേണം. തൊഴിലിടത്തിലെ സമ്മർദ്ദത്തിന് അയവുണ്ടായേക്കും. പകുതിയിൽ നിന്നുപോയ ഗ്രന്ഥരചനയ്ക്ക് സാഹചര്യം ഒത്തുവരുന്നതാണ്. മുൻപ് തഴഞ്ഞവർ പരിഗണന നൽകി ഒപ്പം കൂട്ടുന്നതായിരിക്കും. മകളുടെ വിദ്യാഭ്യാസച്ചെലവുകൾ വായ്പമൂലം പരിഹരിക്കുന്നതാണ്. മന്ത്രോപാസനകൾക്കും ആത്മീയമായിട്ടുള്ള സാധനകൾക്കുമൊക്കെ ഗ്രഹാനുകൂല്യം ഉള്ളതായ കാലമാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശുഭാരംഭത്തിന് മുതിരരുത്.

അവിട്ടം

ആദരണീയ വ്യക്തികളുടെ പിന്തുണ ലഭിക്കുന്നതാണ്. രാഷ്ട്രീയ സ്വാധീനം പ്രയോജനപ്പെടുത്തുന്നതിൽ വിജയിക്കും. ഉദ്യോഗത്തിനായുള്ള അഭിമുഖങ്ങളിലും പരീക്ഷകളിലും ശോഭിക്കാനാവും. ഉപരിപഠനത്തിന് ആഗ്രഹിച്ച വിഷയത്തിൽ തന്നെ പ്രവേശനം ലഭിക്കുന്നതാണ്. ബിസിനസ്സ് മെച്ചപ്പെടുന്നതിൽ സന്തോഷമുണ്ടാകും. ഉപഭോക്താക്കളുടെ താല്പര്യം തിരിച്ചറിയുന്നതാണ്. യാത്രകളിൽ കളവോ പണം നഷ്ടമാകലോ വരാനിടയുണ്ട്. കടബാധ്യതകൾ പരിഹരിക്കാൻ ഭൂമി വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കും.

ചതയം

രണ്ടാം നക്ഷത്രത്തിൽ ശനിയും രണ്ടാം രാശിയിൽ രാഹുവും തുടരുകയാൽ നുണ പറയേണ്ടതായ സാഹചര്യങ്ങൾ ഉണ്ടായേക്കും. മനസ്സിൽ കരുതിയ കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നതിൽ ക്ലേശിക്കുന്നതാണ്. ആലോചന കൂടാതെ തുടങ്ങുന്ന പ്രവൃത്തികൾക്ക് തടസ്സമുണ്ടാവാൻ സാധ്യതയുണ്ട്. സ്വാശ്രയ തൊഴിലിൽ മുന്നേറുന്നതിന് കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പ്രതിസന്ധികളെ ശക്തമായിത്തന്നെ നേരിടുന്നതാണ്. സാമ്പത്തികം മോശമാവില്ല. എന്നാൽ ചെലവിൽ നിയന്ത്രണം വേണ്ടതുണ്ട്. വാരാന്ത്യത്തിൽ യാത്രാക്ലേശത്തിന് സാധ്യത കാണുന്നു.

പൂരൂരുട്ടാതി

വ്യാപാരരംഗത്ത് നേട്ടങ്ങളുണ്ടാവും. എന്നാൽ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താൻ കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടതായി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണം കുറഞ്ഞതായി തോന്നും. പ്രതീക്ഷിച്ച വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തത് വിഷമത്തിനിടയാക്കും. പൊതുപ്രവർത്തകർക്ക് പിന്തുണ കുറയുന്നത് ആശങ്കയ്ക്ക് കാരണമാകുന്നതാണ്. ഗാർഹികരംഗം ഒട്ടൊക്കെ തൃപ്തികരമാവും. മക്കളുടെ പഠന മികവ് സന്തോഷമുണ്ടാക്കും. ചെറുപ്പക്കാർക്ക് സ്വകാര്യ സ്ഥാപനത്തിൽ നിയമനം ലഭിക്കുന്നതാണ്.. 

ഉത്രട്ടാതി

മുൻപ് തീരുമാനിച്ചുവെച്ചിരുന്ന കാര്യങ്ങൾ പ്രായോഗിക തലത്തിൽ എത്തിക്കുന്നതിൽ വിജയിക്കും. ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ മുൻകൈയ്യെടുത്തേക്കും. പഠനത്തിനോ തൊഴിലിനോ വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനവസരം കൈവരുന്നതാണ്.  ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷൻ തീർന്ന് സ്വന്തം പദവിയിലേക്ക് മടങ്ങാനായേക്കും. സാമൂഹ്യപ്രവർത്തനത്തിന് സമയം നീക്കിവെക്കുന്നതാണ്. പ്രണയസാഫല്യത്തിന് തടസ്സങ്ങളുണ്ടാവും. വാക്സ്ഥാനത്ത് ചൊവ്വ സഞ്ചരിക്കുന്നതിനാൽ പരുഷമായി സംസാരിക്കേണ്ട സാഹചര്യം വന്നേക്കാം.

രേവതി

രാഹു ജന്മനക്ഷത്രത്തിൽ തുടരുന്നതും മുൻ പിൻ രാശികളിൽ പാപഗ്രഹങ്ങൾ സഞ്ചരിക്കുന്നതും മൂലം അപ്രതീക്ഷിതമായ  സമ്മർദ്ദങ്ങൾ ഉണ്ടാവാം. അനായാസമായി നേടാമെന്ന് കരുതിയവയ്ക്ക് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതായിരിക്കും. ന്യായമായ ആവശ്യങ്ങൾ ഒരുവിധം നടന്നു കിട്ടും. വ്യാപാരത്തിൽ ഇപ്പോൾ കൂടുതൽ മുതൽമുടക്കുന്നത് ആശാസ്യമല്ല. കമ്മീഷൻ/ഏജൻസി പ്രവർത്തനം നേട്ടങ്ങൾ വരുത്തും. കരാറുകളിൽ ഒപ്പിടുമ്പോൾ വ്യവസ്ഥകൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതാണ്. ആരോഗ്യപരമായി ജാഗ്രത പുലർത്തണം. . 

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: