scorecardresearch
Latest News

Bharani Star: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം

“സമ്പത്തിന്റെ, ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മി നെല്ലിമരച്ചുവട്ടിൽ കുടികൊള്ളുന്നതായി ഒരു സങ്കൽപ്പമുണ്ട്. നെല്ലി ഭരണിയുടെ ജന്മവൃക്ഷമായതോടെ ഭരണിനാളുകാർ ഐശ്വര്യമുള്ളവരും ധനമുള്ളവരുമായിരിക്കും” ഭരണി നാളുകാരുടെ പൊതുസ്വഭാവ സവിഷേതകളെ കുറിച്ച് വിശദീകരിക്കുകയാണ് പ്രമുഖ ജ്യോതിഷ പണ്ഡിതനായ ജ്യോതിഭൂഷണം എസ് ശ്രീനിവാസ അയ്യർ

Bharani Star: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം

മനുഷ്യരെ പ്രകൃതിയോട് ഇണക്കിനിർത്താൻ ജ്യോതിഷശിൽപ്പികൾ ശ്രദ്ധിച്ചിരുന്നു. അവർ ഓരോ നക്ഷത്രത്തിനും പക്ഷി, മൃഗം, വൃക്ഷം, പഞ്ചഭൂതം തുടങ്ങിയവ വിഭാവനം ചെയ്തു.

ഭരണിയുടെ പക്ഷി പുള്ള്, മൃഗം കൊമ്പനാന, വൃക്ഷം നെല്ലി, പഞ്ചഭൂതം ഭൂമിയും. ഇവയെ കഴിയുന്നതും ഉപദ്രവിക്കരുത്, ‘രക്ഷാവന്ദനാദികൾ’ ചെയ്തുകൊള്ളണം എന്നാണ് നിർദ്ദേശം. ഭൂമിയെ ദേവതയായിക്കണ്ട് പ്രാർത്ഥിക്കുകയും വേണം. ഇവക്കെല്ലാം ഭരണി നക്ഷത്രക്കാരുടെ സ്വഭാവത്തെ, വ്യക്തിത്വത്തെ സൂചിപ്പിക്കാനുള്ള ശക്തിയുമുണ്ട്.

‘ആനച്ചന്തം’ ബദലില്ലാത്ത ഒരു മലയാള പദമാണ്. കൊമ്പനാനയുടെ ആകെക്കൂടിയുള്ള അഴക്, ഗാംഭീര്യം എന്നിവ ഭരണിയിൽ ജനിച്ച മനുഷ്യർക്കുണ്ടാവാം എന്നാവുമോ വിവക്ഷ? ചിലപ്പോൾ ആ തലയെടുപ്പാവാം ഊന്നൽ. ‘സഹ്യനെക്കാൾ തലപ്പൊക്കം’ എന്ന് ഒരു കവി എഴുതിയല്ലോ.

കൊമ്പാണോ, തുമ്പിയാണോ, വാലാണോ, കണ്ണാണോ, പത്തായം പോലുള്ള പള്ളയാണോ ഏതാണ് ആനയുടെ ശരിസ്വരൂപമെന്ന് അന്ധർ പണ്ട് ഊഹിച്ച് വശംകെട്ടതുപോലെ ഭരണിനാളുകാരുടെ വ്യക്തിത്വത്തിലും ഊഹം നിറയ്ക്കാനാവും, ‘മാതംഗലീല’ പഠിക്കാതെ തന്നെ ആർക്കും മനസ്സിലാവുന്ന കാര്യങ്ങളാണ് ഇവയൊക്കെ.

നെല്ലിമരവും നെല്ലിക്കയും ഇതുപോലെ ഭരണി നാളുകാരുടെ സ്വഭാവത്തിന്റെ ചിഹ്നങ്ങളാവുകയാണ്. നെല്ലിക്കയുടെ ആദ്യത്തെ കയ്പും ചവർപ്പും രസമുകുളങ്ങളെ ഉദാസീനമാക്കിയേക്കും. ക്രമേണ അത് അകൃത്രിമമായ മധുരരസത്തിന് വഴിമാറുന്നു. ഭരണിക്കാരുമതേ, ആദ്യം അധൃഷ്യരാണ്. താൽപ്പര്യമില്ലായ്മയുടെ കവചമെടുത്ത് മുന്നിൽ വെക്കുന്നു. നാൾ കഴികെ അവരുടെ പരുക്കത്തം മാറുന്നതറിയും നാം. ഇണക്കമാണ്, ഊഷ്മളതയാണ് പിന്നെ. ആ മധുരിമ അതോടെ ആരും ഇഷ്ടപ്പെടുകയായി.

സമ്പത്തിന്റെ, ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മി നെല്ലിമരച്ചുവട്ടിൽ കുടികൊള്ളുന്നതായി ഒരു സങ്കൽപ്പമുണ്ട്. നെല്ലി ഭരണിയുടെ ജന്മവൃക്ഷമായതോടെ ഭരണിനാളുകാർ ഐശ്വര്യമുള്ളവരും ധനമുള്ളവരുമായിരിക്കും എന്ന ആശയവും വ്യക്തമായിക്കഴിഞ്ഞു.

മേടം രാശിയിൽ വരുന്ന രണ്ടാമത്തെ നക്ഷത്രമാണ് ഭരണി. മേടത്തിന്റെ 13 ഡിഗ്രി 20 മിനിറ്റു മുതൽ 26 ഡിഗ്രി 40 മിനിറ്റു വരെയാണ് ഭരണി നക്ഷത്രമണ്ഡലത്തിന്റെ വ്യാപ്തി. ഈ നക്ഷത്രമണ്ഡലത്തിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്ന സമയത്തെ നാം ഭരണി നക്ഷത്രദിവസമായി പറയുന്നു. അതുപോലെ ഈ സമയത്ത് ജനിക്കുന്നവരെയാണ് നാം ഭരണി നാളുകാരായി വിളിക്കുന്നതും.

മേടം രാശിക്കാരെ മേടക്കൂറുകാരായി വിശേഷിപ്പിക്കുന്നു. രാശിയുടെ/കൂറിന്റെ സ്വഭാവം ഓരോ വ്യക്തിയിലും ഓളം തുള്ളും. മേടം രാശിയെ ‘Aries ‘ എന്ന് പാശ്ചാത്യർ വിളിക്കുന്നു. ഇത് ഒരു ചരരാശിയാണ്. അതിനാൽ ഇവർ സഞ്ചാരപ്രിയരായിരിക്കും. മേഷത്തിന്റെ രൂപമാണ് മേടത്തിന്. മേഷമെന്നാൽ ആട് ആണ്. ആടിനെപ്പോലെ ഇവർ ഇല/ ഇലക്കറികൾ ഇഷ്ടപ്പെടും. അൽപ്പമായി ഭക്ഷണം കഴിക്കും. ഇടനേരങ്ങളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും. മുട്ടിന് താഴെ ബലക്കുറവായിരിക്കും. തലതാഴ്ത്തി പിന്നെ ചടുലതയോടെ ഇടിക്കാനൊരുങ്ങുന്ന മുട്ടനാട് എന്ന സങ്കൽപ്പവും ഉണ്ട്. അതിനാൽ മേടക്കൂറുകാരിൽ പരുക്കത്തവും ഏറും.

ഭരണി എന്ന നക്ഷത്രത്തിന് നമ്മുടെ ഭരണി എന്ന വീട്ടുപകരണവുമായി യാതൊരു ബന്ധവുമില്ല. ‘അപ ഭരണി’ എന്ന പേരാണ് സംസ്കൃതത്തിൽ ഈ നാളിന്. അതിന്റെ ചുരുക്കമാവും ഭരണി. ആപസ്സ് എന്നാൽ വെള്ളം. പണ്ട് ഭരണി ഞാറ്റുവേലയിലാവണം മഴക്കാലം തുടങ്ങിയിരുന്നത്. അതിനെയാവും അപഭരണി എന്ന നക്ഷത്രനാമം വ്യക്തമാക്കുന്നത്.

അടുപ്പ് കല്ലുകൾ പോലെ മൂന്ന് നക്ഷത്രങ്ങൾ ചേർന്നതാണ് ഭരണിയുടെ സ്വരൂപം. ചിലർ സ്ത്രീയുടെ ജനനേന്ദ്രിയത്തിന്റെ ആകൃതിയാണെന്ന് പറയുന്നുണ്ട്. “The main symbol of Bharani asterism is a ‘Vagina’ the female Sexual organ. In effect all the female reproductive organs can be seen as the symbols of this nakshathra.” (The Book of Nakshathras, Prash Trivedi).

ഭരണിയുടെ നക്ഷത്രദേവത യമനാണ്. ‘യാമ്യം’ എന്ന പേര് ഭരണിക്ക് അങ്ങനെയുണ്ടായി. കൃത്യം നടത്തുമ്പോൾ, നിയമവും നീതിയും നിർവഹിക്കുമ്പോൾ ആരുടെയെങ്കിലും മനസ്സ് വേദനിക്കുമോ എന്ന് ഭരണി നാളുകാർ ഓർക്കുകയില്ലെന്ന് ആക്ഷേപമുണ്ട്. അതിനാൽ ന്യായസ്ഥരാണ്, നീതിമാന്മാരാണ്, ധാർമ്മികരാണ് എന്ന് ഭരണിക്കാർ പേരെടുക്കും. ഇതെല്ലാം ധർമ്മദേവനായ യമന്റെ പ്രകൃതമാണല്ലോ. ഈ ശീലഗുണാദികൾ യമനിൽ നിന്നും കൈവന്നതാണ്, ഭരണിക്കാർക്കെന്നു ചുരുക്കം. അതേസമയം മനുഷ്യത്വമില്ലാത്തവരെന്നും വിളിക്കപ്പെടാം.

ഒരു വിഷയം കൂടിയുണ്ട്, ഇതുമായി ബന്ധപ്പെട്ട്. ഒരു വ്യക്തി ആരെയാണ് ഭജിക്കേണ്ടത് ? അതിന്റെ ഉത്തരം അയാളുടെ നക്ഷത്രദേവതയെ ആണ് എന്നാണ്. ഭരണിക്കാർ മറ്റ് അമ്പലങ്ങളിലോ, ആരാധനാലയങ്ങളിലോ പോയാലും പോയില്ലെങ്കിലും, അവർ ആയുഷ്കാലം മുഴുവൻ ഭജിക്കേണ്ടത് യമനെയാണ്. നക്ഷത്രദേവതയെ ഭജിക്കാത്തപക്ഷം ശ്രേയസ്സുണ്ടാവില്ല എന്നും ശക്തമായ ചിന്തയുണ്ട്.

ഭരണിക്കാരുടെ ജനനം ശുക്രദശയിലാണ്. 20 വർഷമാണ് ദശാകാലം. ദശകളിൽ ഏറ്റവും വലുത് ശുക്രദശയാണ്. കൃത്യമായ സമയം, നക്ഷത്രഗത നാഴിക അറിയില്ലെങ്കിൽ പകുതിവർഷം കണക്കാക്കുകയാണ് രീതി. അപ്പോൾ 10 വയസ്സു വരെ ശുക്രദശ എന്നുവരും.

മറ്റുള്ള നാളുകാരെ അപേക്ഷിച്ച് ഇവരുടെ ബാല്യം വർണ്ണപ്പകിട്ടുള്ളതാവും. വിനോദയാത്രകൾ, കലാപഠനം, പാരിതോഷികം, ഇഷ്ടഭക്ഷണ യോഗം, സൗഹൃദങ്ങൾ എന്നിവയുണ്ടാവും.

രണ്ടാം ദശ സൂര്യദശ. ഏറ്റവും ചെറിയ ദശയാണ് – ആറ് വർഷം മാത്രം. പഠനത്തിന് സർക്കാർ ധനസഹായം, കാമ്പസ് സെലക്ഷൻ, സ്വാശ്രയത്വം ഇവ സാധ്യതകളാണ്. സൂര്യൻ ദുർബലനായാൽ അച്ഛന് മോശം കാലമാവും.

മൂന്നാമത് ചന്ദ്രദശയാണ്. 10 വർഷമാണിത്. ആരോഹണവും അവരോഹണവും നിരന്തരമാവും. ആപത്തുകൾ ഉണ്ടാവാം. മനോനിയന്ത്രണം ക്ലേശകരമാവും.സമാതൃസൗഖ്യം കുറയും. പ്രണയം/ വിവാഹം/ ദാമ്പത്യം പ്രതിസന്ധിയി ലാവും. അൽപ്പസന്തോഷങ്ങൾ, വിനോദങ്ങൾ, സൗഹൃദങ്ങൾ ഇവയും അനുഭവത്തിൽ.

നാലാമതായി ചൊവ്വാദശ. സടകുടഞ്ഞെഴുന്നേൽക്കും, ഉഗ്രവീര്യം . ആത്മശക്തിയേറും. പ്രതിസന്ധികളെ അതിജീവിക്കും. ഭൂമി/ വീട്/ വാഹനം ഇവ സ്വന്തമാക്കാം. ചൊവ്വാദശാകാലം ഏഴ് വർഷമാണ്.

തുടർന്ന് വരുന്ന, രാഹുദശ 18 വർഷമാണ്, ദശാകാലം. ഇക്കാലത്ത് ചിന്താഗതിക്കനുസരിച്ച് കർമ്മരംഗം ഉണരണമെന്നില്ല. ഉന്മേഷം കുറയും. എന്നാലും മുന്നോട്ടു പോകാനുള്ള അനുഭവസമ്പത്തുണ്ടാവും. ഒന്നുകിൽ വലിയ ഭൗതികവാദി, അല്ലെങ്കിൽ കറകളഞ്ഞ ആത്മീയവാദി ഇതാവും സ്ഥിതി.

ആറാമത് വരുന്ന വ്യാഴദശ 16 വർഷമാണ്. നന്മയുടെ പക്ഷത്ത് നിൽക്കും, പല അഭിലാഷങ്ങളും പൂർത്തീകരിക്കും. മക്കളുടെ ശ്രേയസ്സ് സന്തോഷമേകും.

ഏഴാം ദശ 19 വർഷം നീളുന്ന ശനിദശയാണ്. നന്മതിന്മകൾ കലരും. ചില കാര്യങ്ങൾ ഒഴിയാബാധയായിക്കൂടും. വാതപ്രധാനമായ അസുഖങ്ങൾ ഉപദ്രവിച്ചേക്കാം. സഹിഷ്ണുത പരീക്ഷിക്കപ്പെടും.

എട്ടാം ദശ, അതിവാർദ്ധക്യത്തിലാണ് വരിക. ഭരണിക്ക് ബുധദശയാണ് എട്ടാമത്. 17 വർഷം നീളുന്നു. കൂടുതൽ പൊതുകാര്യ പ്രസക്തരാവും. പ്രായാധിക്യം കൊണ്ടുമാത്രം ദശാഫലം മോശമാകണമെന്നില്ല.

ഒമ്പതാം ദശയിലെത്തുമ്പോൾ നൂറിന് മുന്നിലോ പിന്നിലോ ആവാം. ഹേതു വേണ്ടാത്ത കേതുവിന്റെ ദശ, ചെറുതാണ്. ഏഴ് വർഷം മാത്രം. അതും കഴിഞ്ഞാൽ പിന്നെയും നവഗ്രഹ ദശകളുടെ ആവർത്തനം.
120 വർഷമാണ് ഒമ്പതുദശകളും ചേർന്നാലുള്ള പുരുഷായുസ്സ്…

ഭരണി നാളിൽ ജനിച്ചവരുടെ തൊഴിൽ സാധ്യത പലതാണ്. അതിൽ സിനിമയും സംഗീതവും കലാപ്രവർത്തനവും സാഹിത്യവും ഉൾപ്പെടും. ശുക്രന്റെ നക്ഷത്രമാകയാൽ സൗന്ദര്യാത്മകമായിരിക്കും, ഇവരുടെ തൊഴിൽ. ചൊവ്വയുടെ രാശിയിലാകയാൽ വിദ്യുച്ഛക്തി, പൊലീസ്, കെമിസ്ട്രി, ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ, അദ്ധ്യാപനം എന്നിവയിൽ വിജയിക്കും.

മേടക്കൂറിന്റെ 6,8,12 രാശികളുടെ രോഗനിദാനം ഇവരെ ബാധിക്കും. കന്നി ആറാമെടം- ഉദരത്തെ, ആമാശയത്തെ, ഗർഭാശയത്തെ സംബന്ധിക്കുന്ന രോഗങ്ങൾ ഉണ്ടാകാം. എട്ടാമെടം വൃശ്ചികം രാശി- രഹസ്യാവയവങ്ങൾ രോഗഗ്രസ്തമാവാം. പന്ത്രണ്ടാമെടം മീനം രാശി- അത് കാലുകളെ കുറിക്കുന്നു. സമ്മിശ്രരോഗങ്ങളും ജീവിത ശൈലീരോഗങ്ങളും ഇവരെ എളുപ്പം പിടികൂടുന്നതായി കാണുന്നു.

ഉൾമനസ്സിൽ കാമനകളും തൃഷ്ണകളും ഉള്ളവരാണ്. പ്രണയത്തിൽ വിജയിക്കും. ദാമ്പത്യത്തിൽ ജീവിതപങ്കാളിയുടെ കഴിവുകൾ അംഗീകരിക്കും. മനുഷ്യഗണനക്ഷത്രക്കാരാണ്. പുരുഷനക്ഷത്രം എന്ന വിഭാഗത്തിലും ഭരണിയുണ്ട്. ഇവരുടെ ഈഗോ ഒരു കുന്തമുന പോലെ എപ്പോഴും പുറത്ത് തലനീട്ടിക്കൊണ്ടിരിക്കണമെന്നില്ല. മറ്റുള്ളവർ പറയുന്നത് ക്ഷമയോടെ കേൾക്കും. ഇവർ എപ്പോഴും ഒപ്പമുണ്ട് എന്ന തോന്നൽ സുഹൃത്തുക്കളിൽ, പങ്കാളിയിൽ ശക്തമായിരിക്കും.

മധ്യമരജ്ജു എന്ന ന്യൂനതയുള്ളതിനാൽ ആ വിഭാഗത്തിൽ വരുന്ന മകീര്യം, പൂയം, പൂരം, ചിത്തിര, അനിഴം, പൂരാടം അവിട്ടം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാരുമായുള്ള ദാമ്പത്യം ശോഭനമാവണമെന്നില്ല. ഭരണിയിൽ ജനിച്ച സ്ത്രീക്ക് അശ്വതി, രേവതി, പൂരുട്ടാതി, ചതയം, തിരുവോണം, ഉത്രാടം, മൂലം, തൃക്കേട്ട, വിശാഖം, ചോതി എന്നീ നാളുകളിൽ ജനിച്ച പുരുഷൻ വിവാഹർഹനാണ്. ഭരണിയിൽ ജനിച്ച പുരുഷന് രോഹിണി, തിരുവാതിര, പുണർതം, ഉത്രം, അത്തം, ചോതി എന്നീ നാളുകളിൽ ജനിച്ച സ്ത്രീ വിവാഹാനുകൂലയാണ്.

വേധനക്ഷത്രമായ അനിഴം, മൂന്നാംനാളായ രോഹിണി, അഞ്ചാം നാളായ തിരുവാതിര, ഏഴാം നാളായ പുണർതം, ചന്ദ്രാഷ്ടമമായ വിശാഖം കാൽ, അനിഴം, തൃക്കേട്ട എന്നിവ വരുന്ന ദിവസങ്ങൾ അനുകൂലമാവില്ല, ഭരണിക്കാർക്ക്. അന്ന് ചെറുതും വലുതുമായ ഏതുകാര്യവും അവധാനപൂർവ്വം നിർവഹിക്കണം.

“ഭരണിപ്പെൺ ധരണിയാളും ” എന്ന ചൊല്ല് പഴമക്കാർ ഓർത്തേക്കാം. അധികാരവുമായി ബന്ധപ്പെടും, സ്ഥാനമാനങ്ങൾ ലഭിക്കും, പൊതുരംഗത്ത് വിജയിക്കും ഭരണി നാളിൽ ജനിക്കുന്ന സ്ത്രീ എന്നതൊക്കെയാണ് ഈ ചൊല്ലിന്റെ സാരം. സത്യത്തിൽ ചൊവ്വയുടെ രാശിയായ മേടത്തിൽ ജനിക്കുന്ന അശ്വതിക്കാർക്കും ഭരണിക്കാർക്കും ആൺ-പെൺ ഭേദമില്ലാതെ ചേരുന്ന കാര്യങ്ങളാണ് ഇതെല്ലാം തന്നെ!

നിറങ്ങളിൽ മഞ്ഞയും ചുവപ്പും ധരിക്കുമ്പോൾ ഭരണിക്കാരുടെ ആത്മവിശ്വാസം നെറുകയിലെത്തും. ഞായറാഴ്ചയും വ്യാഴാഴ്ചയും നല്ല ദിവസങ്ങൾ. ബുധനാഴ്ചയും ശനിയാഴ്ചയും മനക്ലേശമുണ്ടാക്കും.

Read More: Ketu Graha Effects: കേതു ദശയിൽ നിങ്ങളുടെ നാളിന് സംഭവിക്കുന്നതെന്ത്?

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology bharani nakshatram main charactistics star prediction