scorecardresearch

ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്; അശ്വതി മുതൽ ആയില്യം വരെ

Venus Mercury transit to Gemini 2024 Star Predictions: ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്, അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരെ ഇതെങ്ങനെ ബാധിക്കും?

Venus Mercury transit to Gemini 2024 Star Predictions: ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്, അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരെ ഇതെങ്ങനെ ബാധിക്കും?

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Venus Mercury Transit To Gemini 2024 Star Predictions

Venus Mercury Transit To Gemini 2024 Star Predictions: 2024 ജൂൺ 12 ന് ശുക്രനും ജൂൺ 14 ന് ബുധനും (യഥാക്രമം കൊല്ലവർഷം 1199 ഇടവം 29 നും 31നും) ഇടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. ജൂൺ 29 വരെ അതായത് മിഥുനം 15 വരെ ബുധനും, ജൂലായ് 6 വരെ അതായത് മിഥുനം 22 വരെ ശുക്രനും മിഥുനം രാശിയിൽ തുടരുന്നു. കാലം കുറഞ്ഞ ദിനമാണെങ്കിലും ശുക്രബുധന്മാരുടെ മിഥുനരാശിയിലെ സഞ്ചാരം അർത്ഥദീർഘമാണ്.

Advertisment

ബുധനും ശുക്രനും പരസ്പരം ബന്ധുക്കളായ അഥവാ മിത്രങ്ങളായ ഗ്രഹങ്ങളാണെന്ന് ജ്യോതിഷ നിയമം വ്യക്തമാക്കുന്നു. മിഥുനം രാശി ബുധൻ്റെ സ്വക്ഷേത്രമാണ്. ഈ കാലയളവിൽ ബുധന് മൗഢ്യവുമില്ല. എന്നാൽ മിഥുനം രാശിയിൽ സഞ്ചരിക്കുന്ന ദിവസങ്ങളിൽ ശുക്രൻ മൗഢ്യത്തിലാണ്. അതിനാൽ മിഥുനം രാശിയിൽ ബലം കൂടുതൽ ബുധനാണെന്ന് പറയേണ്ടിവരും. 

ശുക്രൻ ജന്മരാശിയിലും 2,3,4,5,8,9,11,12 എന്നീ ഒമ്പത് രാശികളിലും സഞ്ചരിക്കുമ്പോൾ ഗുണദാതാവാണ്. അതായത് അവരവർ ജനിച്ച കൂറിൻ്റെ 6,7,10 എന്നീ മൂന്ന് സ്ഥാനങ്ങളൊഴികെ എല്ലായിടത്തും ശുക്രൻ ശുഭഫലമേകും. ഈക്കാര്യത്തിൽ, ഈ ഉദാര മനസ്ഥിതിയിൽ മറ്റെല്ലാ ഗ്രഹങ്ങളും ശുക്രൻ്റെ പിന്നിലാണ് എന്നതാണ് സത്യം.

ഇനി ബുധൻ്റ ഗോചര ഫലം ചിന്തിക്കാം. 1,3,5,7,9,12 എന്നീ ആറിടങ്ങളിൽ സഞ്ചരിക്കുമ്പോൾ ബുധൻ അനിഷ്ടകാരിയാവും. 2,4,6,8,10,11 എന്നീ സ്ഥാനങ്ങളിൽ മാത്രമാണ് ബുധൻ ശുഭഫലദാതാവ് ആവുന്നത്. എന്നാൽ മിഥുനം ബുധൻ്റെ സ്വക്ഷേത്രമാകയാൽ ഗുണഫലങ്ങൾക്കാവും മുൻതൂക്കം വരിക.  

മിഥുനം രാശിയിൽ സഞ്ചരിക്കുന്ന ശുക്രബുധന്മാർക്കൊപ്പം ആദിത്യനും സഞ്ചരിക്കുന്നുണ്ട്. അതും ഫലത്തെ സ്വാധീനിക്കാം. ബുധന് ബന്ധു അഥവാ മിത്രൻ ആണ് ആദിത്യൻ. എന്നാൽ ശുക്രൻ്റെ ശത്രുഗ്രഹമാണ് ആദിത്യനെന്നത് പ്രത്യേകം ഓർമ്മിക്കണം. ഇങ്ങനെ പല നിലയ്ക്കും മിഥുനത്തിലെ ബുധൻ ശുഭഫലം തരുന്ന കാര്യത്തിൽ ഒരുപടി മുന്നിലാണ് എന്ന് മനസ്സിലാക്കാം. 

Advertisment

ശുക്രബുധന്മാരുടെ മിഥുനം രാശിയിലെ സഞ്ചാരത്തെ മുൻനിർത്തി മേടം മുതൽ കർക്കിടകം വരെയുള്ള നാലു കൂറുകളിൽ ജനിച്ച അശ്വതി മുതൽ ആയില്യം വരെയുള്ള 9 നക്ഷത്രക്കാരുടെ അനുഭവങ്ങൾ എപ്രകാരമാവുമെന്ന് ഇവിടെ വിശകലനം ചെയ്യുന്നു.

Venus Mercury Transit To Gemini 2024 Star Predictions

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

ശുക്രനും ബുധനും മൂന്നാം രാശിയായ മിഥുനത്തിൽ സഞ്ചരിക്കുകയാൽ പൊതുവേ ദേഹസുഖം, ഭോഗാനുഭവങ്ങൾ, മാനസികമായ ഉല്ലാസം എന്നിവ ഭവിക്കും. സമൂഹത്തിൻ്റെ ആദരത്തിന് പാത്രമാകുന്നതാണ്. ബഹുമാന്യരായ വ്യക്തികളുടെ പിന്തുണയും പ്രതീക്ഷിക്കാം. കുടുംബത്തിലും സുഹൃദ്വലയത്തിലും ഉളള സ്ത്രീകളുടെ പിന്തുണയും ലഭിക്കുന്നതായിരിക്കും. സഹോദരിക്ക് ഗുണകരമായ അനുഭവങ്ങളുണ്ടാവും. ആഢംബര വസ്തുക്കളോ ആഗ്രഹിച്ച മറ്റുള്ള പദാർത്ഥങ്ങളോ പാരിതോഷികമായി ലഭിക്കാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനം സിദ്ധിക്കും. ഭാഗ്യപുഷ്ടിയുള്ള കാലമാണ്. പിതാവിൻ്റെ ആരോഗ്യപ്രശ്നങ്ങൾക്ക് സമാശ്വാസം വന്നുചേരും. തൊഴിലിൽ സാമാന്യം പുരോഗതി തന്നെയാവും വരിക. നൂതന വിഷയങ്ങളിൽ ഗവേഷണാത്മക ചിന്തയും അതിന്റെ തുടർപ്രവർത്തനവും സാധ്യമാകുന്നതാണ്.

ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)

രണ്ടാം ഭാവത്തിൽ ബുധശുക്രന്മാർ സഞ്ചരിക്കുന്നു. വചനവിലാസത്താൽ എല്ലാവരേയും ആകർഷിക്കുന്നതാണ്. കാര്യങ്ങൾ പഠിച്ചവതരിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കും. സമാജങ്ങളിലും വേദികളിലും  പ്രസംഗിക്കാനവസരം സിദ്ധിക്കുന്നതാണ്. വിദ്യാഭ്യാസം, ഗവേഷണം മുതലായവ ശരിയായ പാതയിൽ തന്നെയാവും. സാങ്കേതിക ജ്ഞാനം ഉയരുന്നതാണ്. കുടുംബ ജീവിതം സുഖകരമാവും. അംഗങ്ങളുടെ പാരസ്പര്യം നിലനിർത്തുന്നതിൽ വിജയിക്കും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സന്ദർഭമുണ്ടാവും. തൊഴിലിൽ വളർച്ച ഭവിക്കുന്നതാണ്. തൊഴിൽ തേടുന്നവർക്കും നല്ല അവസരങ്ങൾ ലഭിച്ചേക്കാം. സാമ്പത്തികമായി മെച്ചപ്പെടുന്നതാണ്. പാരിതോഷികങ്ങളോ പുരസ്കാരങ്ങളോ സിദ്ധിക്കാനിടയുണ്ട്.

മിഥുനക്കൂറിന് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ)

ജന്മരാശിയിലാണ് ബുധശുക്രന്മാരുടെ സഞ്ചാരം. ഭദ്രയോഗം ചെയ്ത് നിൽക്കുന്ന ബുധൻ അധികാരമുള്ള പദവികളിലേക്ക് നയിക്കാം. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകുന്നതാണ്.  സമൂഹത്തിന്മേൽ സ്വാധീനം വർദ്ധിക്കും. വിദ്യാഭ്യാസ പരമായ നേട്ടങ്ങൾ, പുതിയ ജോലി സാധ്യതകൾ, ഗ്രന്ഥരചന എന്നിവയ്ക്കും ബുധൻ്റെ സ്ഥിതി കാരണമാകുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങൾ വിലപ്പോവില്ല.  ശുക്രൻ്റെ ജന്മരാശിയിലെ സഞ്ചാരം ഭോഗസുഖങ്ങളേകും. പ്രണയത്തിന് ശുഭഫലം ലഭിച്ചേക്കും. ദാമ്പത്യത്തിൽ സുഖവും സംതൃപ്തിയും വന്നു ചേരും. സൗഹൃദങ്ങൾ നേട്ടത്തിന് കാരണമാകുന്നതാണ്. വിലപിടിച്ച വസ്തുക്കൾ പാരിതോഷികമായി ലഭിക്കാം.  ഗൃഹം മോടിപിടിപ്പിക്കൽ, പുതിയ വാഹനം വാങ്ങാൻ അവസരം ഇത്യാദികളും സാധ്യതകളാണ്. ബിസിനസ്സ് വിപുലീകരിക്കാനാവും.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)

ബുധശുക്രന്മാർ പന്ത്രണ്ടാം ഭാവത്തിൽ സഞ്ചരിക്കുകയാണ്. പന്ത്രണ്ടിൽ ശുക്രനൊഴികെ എല്ലാ ഗ്രഹങ്ങളും അനിഷ്ടഫലങ്ങൾ നൽകുമെന്നാണ് ജ്യോതിഷനിയമം. ബുധൻ സ്വക്ഷേത്ര ബലവാനാകയാൽ ദോഷരാഹിത്യം പറയാം. വ്യയം അഥവാ ചെലവിനെ സൂചിപ്പിക്കുന്നതാണ് പന്ത്രണ്ടാം ഭാവമെന്നതിനാൽ നല്ലകാര്യങ്ങൾക്കാവും ചെലവുണ്ടാവുക. മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾ, ജീവകാരുണ്യ പ്രവർത്തനം, തീർത്ഥാടനത്തിനുള്ള ചെലവുകൾ ഇവ സാധ്യതകൾ. കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ വന്നു ചേരുന്നതാണ്. സാങ്കേതിക ജ്ഞാനം നേടാനാവും. ആശയ വിനിമയശേഷി അഥവാ ബോധനകല അഭിനന്ദിക്കപ്പെടും. ദൂരദിക്കുകളിൽ നിന്നും നേട്ടങ്ങളുണ്ടാവും. ബന്ധു കലഹങ്ങൾ ഒത്തുതീർക്കുന്നതിൽ മുൻകൈയ്യെടുക്കും. കുടുംബകാര്യങ്ങൾ ഭദ്രമായും തൃപ്തികരമായും നിർവഹിക്കപ്പെടും. തൊഴിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുവാനാവും. കാര്യാലോചനകളിൽ വിജയം വരിക്കും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: