New Update
/indian-express-malayalam/media/media_files/51g2X5zxGyrKYwLQtDHR.jpg)
Makayiram Nakshatram Main Charactistics Star Prediction in Malayalam
Makayiram Nakshatram Main Charactistics Star Prediction: മൃഗശീർഷം എന്ന് സംസ്കൃത നാമം. മകയിരം, മകീര്യം തുടങ്ങിയ പേരുകൾ മലയാളത്തിലും. ഇപ്രകാരം അറിയപ്പെടുന്ന നക്ഷത്രം, ക്രമസംഖ്യയിൽ അഞ്ചാമതായി വരുന്നു. രോഹിണി നക്ഷത്രമണ്ഡലത്തിനും തിരുവാതിര നക്ഷത്രമണ്ഡലത്തിനും മദ്ധ്യേയാണ് മകയിരം നക്ഷത്രമണ്ഡലത്തിന്റെ സ്ഥാനം.
Advertisment
രാശിചകത്തിൽ ഒരു നക്ഷത്രമണ്ഡലത്തിന്റെ വ്യാപ്തി 13 ഡിഗ്രി 20 മിനിട്ടാണ്. (13.20 x 27 നക്ഷത്രം = 360 ഡിഗ്രി). രാശിചക്രത്തിൽ 53 ഡിഗ്രി 20 മിനിട്ടു മുതൽ 66 ഡിഗ്രി 40 മിനിട്ടു വരെ മകയിരം നക്ഷത്രമണ്ഡലം കാണപ്പെടുന്നു. ഈ നക്ഷത്രത്തിന്റെ ആദ്യ പകുതി, ഇടവം രാശിയിലും രണ്ടാം പകുതി മിഥുനം രാശിയിലുമാണ്. അതിനാൽ, ഇരുരാശികളിലായി വരുന്നതിനാൽ, ഇതിനെ ഒരു 'മുറിനക്ഷത്രം ' അഥവ 'ഖണ്ഡ നക്ഷത്രം' എന്നും പറയുന്നു.
മകയിരം നക്ഷത്രം, നക്ഷത്രഫലം, ജാതകം, Makayiram Star Predictions in Malayalam
ചന്ദ്രൻ ആണ് മകയിരത്തിന്റെ നക്ഷത്രദേവത. അതിനാൽ ചന്ദ്രന്റെ വെൺമ ഇവരുടെ മനസ്സിനുണ്ടാവും. ചന്ദ്രന്റെ നിലാവ് പകരുന്ന തണുപ്പും സുഖവും പ്രവർത്തനത്തിലൂടെ, സാന്ത്വനത്തിലൂടെ ഇവരും മറ്റുള്ളവരിലേക്ക് പകരുന്നു. നല്ല വാക്കുകൾ പറയുന്നു, സ്നേഹത്തണലൊരുക്കുന്നു. ഒപ്പം ചേർത്തുപിടിക്കുന്നു. അങ്ങനെ സൗമ്യവും ദീപ്തവുമാകുന്നു, ഇവരുടെ ശീലങ്ങളും വാക്കുകളും. മകയിരം നക്ഷത്രത്തിന്റെ നാഥൻ ചൊവ്വയാണ്. അതിനാൽ ചൊവ്വയുടെ പാരുഷ്യം എത്ര അമർത്തിപ്പിടിച്ചാലും, പൂച്ചയുടെ നഖം പോലെ, വെട്ടപ്പെടാതിരിക്കില്ല. ഉള്ളിലെ കലി ചില സന്ദർഭങ്ങളിൽ ക്രോധമായി പുറത്തുചാടും. അത് മകയിരം നാളുകാരുടെ മറ്റൊരു മുഖമാണ്. അസൗമ്യവും അപ്രസന്നവും ക്രോധ പൂർണ്ണവുമായ ഒരു വശം. പക്ഷേ അത് അപൂർവമായിട്ടാവും പ്രത്യക്ഷപ്പെടുക എന്നുമാത്രം.
Advertisment
മകയിരം നക്ഷത്രക്കാരുടെ ദേവത ചന്ദ്രനാകയാൽ, ചന്ദ്രന്റെ പ്രകൃതമായ വൃദ്ധിക്ഷയങ്ങൾ, അവരുടെ ജീവിതത്തിലും പ്രതിഫലിക്കും. മനസ്സും മനോഭാവവും ചിന്താഗതിയും മാറിമറിയും. തെളിഞ്ഞ പകൽ പോലെയാവും, ചില ദിവസങ്ങളിൽ. മറ്റു ചിലപ്പോൾ കാറുമൂടിയ ആകാശം പോലെയും. വലുതായ കാരണമില്ലാതെ തന്നെ മനസ്സ് വെറുങ്ങലിക്കും. ഇടിയും മിന്നലുമുണ്ടാവും. മഴ തകർത്തു പെയ്യും. ഈ വൈകാരിക ക്ഷോഭങ്ങൾ ഇവരുടെ കുടുംബാംഗങ്ങൾക്ക് മാത്രമാവും പരിചിതം. അപരിചിതർ അദ്ഭുതപ്പെട്ടുപോകുന്ന വൈകാരികവ്യക്തിത്വമാണ് ഇവരുടേത്.
ഇടവക്കൂറിൽ ജനിച്ച മകയിരം നാളുകാർക്ക് കലയും കച്ചവടവും ബാങ്കിംഗ് മേഖലയും മനുഷ്യവിഭവശേഷിയും കൃഷിയും തൊഴിൽ എന്ന നിലയിൽ ഇണങ്ങും. മത്സ്യം വളർത്തൽ, മട്ടുപ്പാവ് കൃഷി, ബ്യൂട്ടിപാർലർ, വസ്ത്രാഭരണ വ്യാപാരം എന്നിവയോട് മമതയുണ്ടാവും. ബൗദ്ധികമായി അല്പം മേൽക്കൈയുള്ളവരാണ് മിഥുനക്കൂറിൽ ജനിച്ച മകയിരം നാളുകാർ. അദ്ധ്യാപനം, നിയമ രംഗം, മാധ്യമ പ്രവർത്തനം, ശാസ്ത്ര വിഷയങ്ങൾ എന്നിവയിൽ വാസനയുണ്ടാവും. തർക്കവും ചർച്ചയും സംവാദവും അഭിരുചിയുള്ള വിഷയങ്ങളായിരിക്കും. അത്തരം തൊഴിൽ മേഖലകളിൽ പ്രയത്നിക്കാനും വിജയിക്കാനും കഴിയുന്നവരാണ്.
/indian-express-malayalam/media/media_files/YcBcbXiVwPwBYxfEXerw.jpg)
ഇടവക്കൂറുകാരായ മകയിരം നാളുകാർ ശുക്രന്റെ രാശിയിൽ ജനിച്ചവരാകയാൽ സ്വതേ പ്രണയലോലരാണ്. സ്നേഹം കൊതിക്കുന്ന ഒരു മനസ്സും സ്നേഹം വാരിക്കോരിച്ചൊരിയാൻ തയ്യാറുള്ള ഒരു മനസ്സും ഇവരിൽ സഹജമായിത്തന്നെയുണ്ട്. എന്നാൽ പ്രണയ സാക്ഷാൽക്കാരത്തെ സൂചിപ്പിക്കുന്ന ഏഴാമെടം, ദാമ്പത്യസ്ഥാനം, വൃശ്ചികരാശിയാണ്. അതിന്റെ അധിപൻ ചൊവ്വയത്രെ! അതിനാൽ പ്രണയത്തിന്റെ ഭംഗിയും ചാരുതയുമൊന്നും ഇടവക്കൂറുകാരായ മകയിരം നാളുകാരുടെ ദാമ്പത്യജീവിതത്തിന് ഉണ്ടാവണമെന്നില്ല.
എന്നാൽ മിഥുനക്കൂറുകാരായ മകയിരം നാളുകാർ ഒരു പൊതുനിയമം എന്ന നിലയ്ക്ക് പറഞ്ഞാൽ പൂമ്പാറ്റയുടെ പിറകെ കുട്ടികൾ പോകുന്ന പോലെ പ്രണയത്തെ പിന്തുടരുന്നവരല്ല. തീരെ സംഭവിക്കുന്നില്ല എന്നല്ല. വൈപരീത്യം എന്താണെന്നാൽ, പ്രണയത്തിന്റെ വാസന്തഭംഗി എന്നും ഉള്ളിൽ സൂക്ഷിക്കുന്ന ഇടവക്കൂറുകാരായ മകയിരം നാളുകാരുടെ ദാമ്പത്യത്തെക്കാൾ വിജയം വരിക്കുന്നത്, ഒട്ടൊക്കെ പ്രണയ പരാങ്മുഖരായ മിഥുനക്കൂറുകാരായ മകയിരം നാളുകാരുടെ ദാമ്പത്യമായിരിക്കും.
വിവാഹപ്പൊരുത്തം നോക്കുമ്പോൾ മകയിരത്തിന് ഇണങ്ങുന്ന നാളുകൾ ഏതൊക്കെയാവും? മകയിരം, മദ്ധ്യമരജ്ജുവിൽ വരുന്ന നാളാണ്. അതിൽ ഉൾപ്പെടുന്ന ഒമ്പത് നാളുകാർ പരസ്പരം വിവാഹിതരാവരുത് എന്നുണ്ട്. ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം , ഉത്രട്ടാതി എന്നിവ ഒമ്പതുമാകുന്നു, മദ്ധ്യമരജ്ജു നക്ഷത്രങ്ങൾ. കൂടാതെ മകയിരം, ചിത്തിര, അവിട്ടം എന്നിവ തമ്മിൽ വേധദോഷമുള്ളതിനാലും വിവാഹാർഹത, ആചാര്യന്മാർ നൽകുന്നില്ല.
ഈ പശ്ചാത്തലത്തിൽ മകയിരം നാളിൽ ജനിച്ച സ്ത്രീപുരുഷന്മാർക്ക് വിവാഹത്തിനിണങ്ങുന്ന നക്ഷത്രങ്ങൾ എണ്ണത്തിൽ കുറവാണെന്ന് കാണാം. മകയിരം നാളിൽ ജനിച്ച സ്ത്രീക്ക് രോഹിണി, അശ്വതി, രേവതി, പൂരൂരുട്ടാതി, തിരുവോണം, ഉത്രാടം, എന്നീ നക്ഷത്രങ്ങളിൽ ജനിച്ച പുരുഷന്മാരാണ് ഉത്തമമായ പൊരുത്തത്തോടെ കിട്ടുക. ചതയം, മൂലം, തൃക്കേട്ട, വിശാഖം ( വൃശ്ചികക്കൂറ്) എന്നിവ അസുരഗണനക്ഷത്രങ്ങളാണെങ്കിലും പൊരുത്തത്തിൽ ശുഭത്വേന തന്നെ ഇടം കിട്ടും.
ഇനി മകയിരം നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്ക് പൊരുത്തം കിട്ടുന്ന നാളുകളേതൊക്കെയെന്ന് നോക്കാം. രോഹിണി, തിരുവാതിര, പുണർതം, ഉത്രം, അത്തം, ചോതി എന്നീ നാളുകളാണ് ഉത്തമപക്ഷത്തിൽ കിട്ടുക. സ്ത്രീപുരുഷന്മാർ ഇരുവരും മകയിരമായിരുന്നാൽ വിവാഹാർഹതയുണ്ടെന്ന് പണ്ഡിതന്മാർ ചൂണ്ടിക്കാട്ടുന്നു. നാളുകൾ തമ്മിലുള്ള പൊരുത്തത്തിനപ്പുറം ഗ്രഹനിലയും ജാതകവും കേന്ദ്രീകരിച്ചുള്ള പൊരുത്തമാണ് ഉത്തമമായി വരിക എന്നതാണ് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള തത്ത്വം എന്നതും ഇവിടെ ഓർക്കേണ്ട നിയമമാണ്.
മകയിരം നാളുകാരുടെ ദശാക്രമം ഇപ്രകാരമാണ്. ജനനം ചൊവ്വാദശയിൽ (7 വർഷക്കാലം). കൃത്യമായ ജനന സമയവും ചൊവ്വാദശാശിഷ്ടം എത്രയുണ്ടെന്നും അറിയില്ലെങ്കിൽ പകുതി കണക്കാക്കുകയാണ് രീതി. അങ്ങനെയെങ്കിൽ ആദ്യദശയായ ചൊവ്വാദശ മൂന്നരവയസ്സുവരെയാവും ഉണ്ടാവുക. ആദ്യദശ ബാലാരിഷ്ട നിറഞ്ഞതാവും, സ്വതേ.
മകയിരം നാളുകാർക്ക് രണ്ടാം ദശ രാഹുദശ. 18 വർഷക്കാലമാണ് രാഹുദശ അഥവാ സർപ്പദശ. പാപഗ്രഹമാകയാൽ പ്രായേണ ക്ലേശങ്ങൾ വരാം. എന്നാൽ രണ്ടാംദശയ്ക്ക് 'ധനദശ' എന്ന് പേരുള്ളതിനാൽ മാതാപിതാക്കൾക്ക് സാമ്പത്തിക ഗുണമുണ്ടായേക്കും. ആദ്യദശയായ ചൊവ്വാദശ 6, 7 വർഷം നീളുന്ന പക്ഷം രാഹുദശ തീരുമ്പോൾ ജാതകന് / ജാതകയ്ക്ക് സ്വന്തമായി തൊഴിലോ വരുമാനമാർഗ്ഗമോ ഉണ്ടാവാനും സാധ്യതയുണ്ട്.
മൂന്നാം ദശയ്ക്ക് ആപന്നദശ അഥവാ ആപത്തുണ്ടാക്കുന്ന ദശ എന്നാണ് നാമം. മകയിരം നാളുകാർക്ക് മൂന്നാംദശ വ്യാഴമത്രെ! 16 വർഷം നീളുന്ന ദശാകാലത്ത് സ്വാശ്രയത്വം, കുടുംബജീവിതം, സമൂഹമാന്യത, സന്താനപ്രാപ്തി, അവരുടെ വളർച്ച, വാഹനം, ഗൃഹം, സാമ്പത്തികസുസ്ഥിതി എന്നിവയുണ്ടാവും, സാധാരണഗതിയിൽ. നേട്ടങ്ങൾക്കൊപ്പം ചില ദുരനുഭവങ്ങളുമുണ്ടായേക്കാമെന്ന് പേര് സൂചിപ്പിക്കുന്നുണ്ടല്ലോ?
19 വർഷം നീളുന്ന ശനിദശയാണ് മകയിരം നാളുകാർക്ക് നാലാമത്. നാലാംദശയ്ക്ക് 'ക്ഷേമദശ' എന്നുള്ള പേരുള്ളതിനാൽ കയ്പും ചവർപ്പും മാത്രമല്ല മധുരവും മനോജ്ഞതയും കൂടി ശനിദശ അനുഭവപ്പെടുത്താം. യൗവ്വനാന്ത്യത്തിൽ തുടങ്ങി മദ്ധ്യവയസ്സിലൂടെ നീണ്ട് വാർദ്ധക്യത്തിന്റെ പടിവാതിൽക്കൽ വരെ എത്തുന്നതാണ് ശനിദശ.
തുടർന്ന് 17 വർഷം നീളുന്ന ബുധ ദശയാണ്. അഞ്ചാം ദശയിൽ സുഖാനുഭവങ്ങൾ ഉണ്ടാവുമെങ്കിലും ശത്രുപീഢ, മനക്ലേശം തുടങ്ങിയവയും സാധ്യതകളത്രെ! 7 വർഷം നീളുന്ന കേതുദശ ആറാമതായിട്ടും 20 വർഷമുള്ള ശുക്രദശ ഏഴാമതായിട്ടും വരുന്നു. ശുക്രദശ തുടങ്ങുമ്പോൾ ശരാശരി 80 വയസ്സിനടുത്താവും പ്രായം. എട്ടാമതായി സൂര്യദശ (6 വർഷം), ഒമ്പതാമതായി ചന്ദ്രദശ (10 വർഷം) എന്നിങ്ങനെയാണ് മകയിരം നാളുകാരുടെ ദശാക്രമം. ഒമ്പത് ദശകളുടെയും ദശാകാലം കൂട്ടിയാൽ 120 വർഷമാകും. അതിനെയാണ് പൂർണ്ണദശ എന്നുപറയുന്നത്.
ഏതു ദശയാണ് കൂടുതൽ നല്ലത്, കൂടുതൽ ക്ലേശകരമാവുന്നത്, ആയുസ്സിന്റെ ദൈർഘ്യം ഏതുദശവരെ തുടങ്ങിയവ തികച്ചും വ്യക്തിനിഷ്ഠങ്ങളാണ്. അവരവരുടെ ഗ്രഹനിലയുടെ സൂക്ഷ്മപരിശോധനയിലൂടെ ഒരു ദൈവജ്ഞന് കണ്ടെത്താൻ കഴിയുന്ന കാര്യങ്ങളുമാണവ.
ദേവഗണത്തിൽ വരുന്ന ഒരു നക്ഷത്രമാണ് മകയിരം. അതിനാൽ ആദർശമാവും പ്രധാനം. പ്രായോഗിക ജീവിതത്തിൽ വിജയിക്കാനാവശ്യമായ വൈദഗ്ദ്ധ്യവും വളഞ്ഞ ബുദ്ധിയും കുറുക്കുവഴികളും ഒന്നും മകയിരം നാളുകാർ അറിഞ്ഞുവെന്ന് വരുന്നതല്ല. നിരുപാധികമായി സ്നേഹം ചൊരിയുന്നവരാണ്. കലവറ കൂടാതെ പെരുമാറുന്നവരാണ്. ആൾക്കൂട്ടത്തിൽ അലിയുമ്പോഴും തന്റെ ഒച്ച വേറിട്ട് കേൾക്കണമെന്ന് അധികം നിർബന്ധം പിടിക്കാറില്ല. തീരെ നിവൃത്തിയില്ലാതെ വരുമ്പോൾ മാത്രമാണ് പ്രതിരോധം ഉപേക്ഷിച്ച് ആക്രമണത്തിന് മുതിരുന്നത്. സൗമ്യവും ദീപ്തവും തന്നെയാണ് മകയിരം നാളുകാരുടെ വ്യക്തിത്വത്തിന്റെ പൊതുമുദ്രകൾ. അത്യപൂർവ്വമായി മാത്രം അതിനൊപ്പം ക്രോധത്തിന്റെ തീക്ഷ്ണതയും കലരുന്നുവെന്ന് മാത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.