/indian-express-malayalam/media/media_files/tggetCP2q6jUINXIo1O3.jpg)
June 2024 Horoscope Astrological Predictions
പാശ്ചാത്യ കലണ്ടർ പ്രകാരം June ആറാമത്തെ മാസമാണ്. കൊല്ലവർഷപ്രകാരം 1199 ലെ 10,11 മാസങ്ങളായ ഇടവം- മിഥുനം എന്നിവ ജൂൺ മാസത്തിൽ ഭാഗികമായി വരുന്നു. ജൂൺ 1 മുതൽ 14 വരെ ഇടവം (ഇടവം 18 മുതൽ 31 വരെ), ജൂൺ 15 മുതൽ 30 വരെ മിഥുനം (മിഥുനം 1 മുതൽ 16 വരെ) എന്നിങ്ങനെ ഇരു മലയാള മാസങ്ങൾ കലരുന്നു, ജൂണിൽ.
ആദിത്യൻ ഇടവം, മിഥുനം രാശികളിലും രോഹിണി, മകയിരം, തിരുവാതിര എന്നീ ഞാറ്റുവേലകളിലും സഞ്ചരിക്കുന്ന കാലമാണ്. മഴക്കാലത്തിൻ്റെ പ്രതീകങ്ങളായ മൂന്നു ഞാറ്റുവേലകൾ-രോഹിണി, തിരുവാതിര എന്നിവ ഭാഗികമായും മകയിരം ഞാറ്റുവേല പൂർണമായും-ജൂൺ മാസത്തിലൂടെ കടന്നുപോവുന്നു.
ജൂൺ ഒന്നിന് ചന്ദ്രൻ ഉത്രട്ടാതി നക്ഷത്രത്തിലാണ്. ജൂൺ മുപ്പതിന് രാശിചക്രഭ്രമണം ഒരുവട്ടം പൂർത്തിയാക്കി ചന്ദ്രൻ മകയിരം നക്ഷത്രത്തിലെത്തുന്നു. ജൂൺ 6 ന് അമാവാസിയും (കറുത്തവാവും) ജൂൺ 21-22 തീയതികളിലായി പൗർണമിയും (വെളുത്തവാവും) ഭവിക്കുന്നു.
ജൂൺ ഒന്നിന് ചൊവ്വ മീനത്തിൽ നിന്നും മേടത്തിലേക്ക് പ്രവേശിക്കുകയാണ്. ജൂൺ 18 വരെ അശ്വതി നക്ഷത്രത്തിലും, തുടർന്ന് ഭരണി നക്ഷത്രത്തിലുമാണ് ചൊവ്വയുടെ സഞ്ചാരം. ബുധൻ ഇടവം രാശിയിലുണ്ട്. ജൂൺ 14 ന് മിഥുനത്തിലേക്ക് സംക്രമിക്കും. ജൂൺ ആദ്യവാരം മുതൽ ബുധന് ക്രമമൗഢ്യാവസ്ഥ വരുന്നു. ശുക്രൻ ഇടവം രാശിയിലാണ്. ജൂൺ 12 മിഥുനത്തിലേക്ക് സംക്രമിക്കും. ജൂൺ മാസം മുഴുവൻ ശുക്രൻ മൗഢ്യാവസ്ഥയിൽ ആണ്.
വ്യാഴം ഇടവം രാശിയിൽ കാർത്തിക നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. വ്യാഴമൗഢ്യം ജൂൺ 4 ന് അവസാനിക്കും. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ തുടരുകയാണ്. രാഹുവും കേതുവും യഥാക്രമം മീനം രാശിയിലും (രേവതി നക്ഷത്രത്തിൽ), കേതു കന്നി രാശിയിലും (അത്തം നക്ഷത്രത്തിൽ) അപ്രദക്ഷിണ ഗതിയിൽ സഞ്ചരിക്കുകയാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ 2024 ജൂൺ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുന്നു.
അശ്വതി
കാര്യനിർവഹണശേഷി അഭിനന്ദിക്കപ്പെടും. വ്യാഴശുക്രന്മാർ രണ്ടാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ കാവ്യാത്മകമായും ഔചിത്യത്തോടെയും സംസാരിക്കുന്നതാണ്. പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും പ്രായോഗികമായ സമീപനം കൈക്കൊള്ളാനും കഴിവുണ്ടായേക്കും. മാസാദ്യം തന്നെ ചൊവ്വ അശ്വതി നക്ഷത്രത്തിൽ പ്രവേശിക്കുന്നത് ആത്മശക്തി വർദ്ധിക്കുന്നതിന് സഹായകമാവും. അതേ സമയം സാഹസങ്ങളോട് താത്പര്യമേറാം. വൈകാരിക സമീപനങ്ങൾ കൈക്കൊള്ളുന്നതിൽ ശ്രദ്ധ വേണ്ടതുണ്ട്. നിക്ഷേപങ്ങളിൽ നിന്നും കൂടുതൽ ആദായം സിദ്ധിക്കും. അധികാരമുള്ള സ്ഥാനലബ്ധിയും സാധ്യതയാണ്. ആത്മീയമായ കാര്യങ്ങളെയും ഭൗതിക കാര്യങ്ങളെയും കോർത്തിണക്കിയ ജീവിതക്രമത്തോട് ആഭിമുഖ്യമുണ്ടാവും.
ഭരണി
തൊഴിൽ തേടുന്നവർക്ക് അവസരങ്ങൾ തുറന്നു കിട്ടും. പ്രയത്നങ്ങൾക്ക് മതിപ്പുണ്ടാകുന്നതാണ്. സ്വയം നവീകരിക്കാനും പുതിയ സാങ്കേതിക ജ്ഞാനം കൈക്കൊള്ളാനും മുന്നോട്ടുവന്നേക്കും. വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ടതും നൂതനവുമായ വിഷയങ്ങളിൽ ഉപരിപഠനാവസരം സിദ്ധിക്കുന്നതാണ്. അന്യദേശവാസത്തിനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. പാരമ്പര്യമായിട്ടുള്ള തൊഴിലുകളിൽ നിന്നും ഭേദപ്പെട്ട ആദായം പ്രതീക്ഷിക്കാം. പ്രസംഗം, സംഗീതം, ചലച്ചിത്രം, സുകുമാരകലകൾ എന്നിവയുമായി ബന്ധമുള്ളവർക്ക് അവസരങ്ങൾ തേടി വരുന്നതാണ്. കുടുംബാംഗങ്ങൾക്കിടയിൽ സ്വാധീനശക്തി ഉയർന്നേക്കും. സുഹൃത്തുക്കളുടെ ഉന്നമനത്തിനായി ചില നിർദ്ദേശങ്ങൾ നൽകും. അവിവാഹിതരായ വ്യക്തികൾക്ക് ദാമ്പത്യരംഗത്തിൽ പ്രവേശിക്കാനാവും.
കാർത്തിക
മുൻ തീരുമാനങ്ങൾ പ്രാവർത്തികമാക്കുക എന്നത് കുറച്ചൊക്കെ വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ഉദ്യോഗസ്ഥർക്ക് കനത്ത ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരാം. തൊഴിൽപരമായി അലച്ചിൽ, യാത്രാധിക്യം എന്നിവയുണ്ടാവും. ജോലിയില്ലാത്തവർക്ക് മാസത്തിൻ്റെ രണ്ടാം പകുതി ഗുണവത്താകും. അനുരഞ്ജനത്തിന് ഒരുക്കമല്ലാത്തതിനാൽ ചില അവസരങ്ങൾ നഷ്ടപ്പെടാനും സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ സാമാന്യം സംതൃപ്തി ലഭിക്കാം. പണയം, ചിട്ടി, ഇൻഷ്വറൻസ് ഇവയിൽ നിന്നും ധനാഗമം വന്നേക്കും. പ്രണയികൾക്ക് സന്തോഷമുണ്ടാവുന്ന കാലമാണ്. ദാമ്പത്യത്തിൽ പിണക്കങ്ങൾ കൂടാം. വിരുന്നുകളിലും കുടുംബ സംഗമങ്ങളിലും സംബന്ധിക്കും. ജീവിതശൈലി രോഗങ്ങൾ പിടിമുറുക്കാനിടയുണ്ട്.
രോഹിണി
സമയബന്ധിതമായി പൂർത്തിയാക്കേണ്ട ദൗത്യങ്ങൾ കൂടുന്നതാണ്. ഔദ്യോഗികമായി സമ്മിശ്രമായ കാലമാണ്. കണ്ടകശനിയും, ജന്മത്തിൽ വ്യാഴം, ആദിത്യൻ എന്നിവയുടെ സഞ്ചാരവും സംഭവിക്കുന്നതിനാൽ ജാഗ്രത വേണം. ജോലി ഉപേക്ഷിക്കാൻ ഉള്ള തീരുമാനം പുനപ്പരിശോധിക്കപ്പെടണം. ബിസിനസ്സിൽ ലാഭം കുറയുന്നതാണ്. കടം വാങ്ങി വ്യാപാരം വിപുലീകരിക്കുന്നതിന് ഇത് ഉചിതവേളയല്ല. കരാർ പണികൾ, കമ്മീഷൻ പ്രവർത്തനങ്ങൾ എന്നിവ ആദായകരമാവും. കലാകാരന്മാർക്കും അവസരങ്ങൾ കിട്ടാം. ബാധ്യതകൾ പരിഹരിക്കുന്നതിന് കുടുംബാംഗങ്ങളുടെ സഹകരണം തേടും. വിദ്യാർത്ഥികൾക്ക് അന്യനാട്ടിൽ ഉപരിപഠനത്തിന് അവസരം ലഭിച്ചേക്കും. ഭൂമി വ്യാപാരത്തിൽ കബളിപ്പിക്കപ്പെടാം. രോഗാതുരർ പതിവ് പരിശോധനകളിൽ അലംഭാവമരുത്.
മകയിരം
ആദിത്യൻ അനുകൂലഭാവത്തിലല്ല. അതിനാൽ ഉദ്യോഗസ്ഥർക്ക് സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. ജോലി സമയം കൂടാം. ചെറിയ സംരംഭങ്ങളിൽ നിന്നും ആദായമുണ്ടാകും. കമ്മീഷൻ ഏർപ്പാടുകൾ വിജയിക്കുന്നതാണ്. പിതാവുമായി ആശയ ഭിന്നതകൾ ഉടലെടുക്കാനിടയുണ്ട്. രാഷ്ട്രീയ പ്രവർത്തകർ ആരോപണങ്ങളെ നേരിടുന്നതാണ്. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അന്യനാട്ടിനെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടായേക്കാം. അപ്രസക്തമായ കാര്യങ്ങൾക്കായി ഊർജ്ജവും സമയവും ചെലവഴിക്കപ്പെടും. മംഗളകർമ്മങ്ങൾ, ജീവകാരുണ്യ പ്രവർത്തനം ഇവയ്ക്കായി ചെലവുണ്ടാകും. ഇലക്ട്രോണിക് / ഗാർഹിക ഉപകരണങ്ങൾ വാങ്ങുന്നതാണ്. ഹൃദയ- ശിരോ രോഗികൾ പ്രത്യേകം ശ്രദ്ധിക്കണം.
തിരുവാതിര
പന്ത്രണ്ടാം ഭാവത്തിലെ ഗ്രഹബാഹുല്യം സൂചിപ്പിക്കുന്നത് ശക്തമായ ആത്മസംഘർഷങ്ങളെ നേരിടുന്നുണ്ടെന്നാണ്. ബിസിനസ്സ് യാത്രകളും വ്യക്തിപരമായ യാത്രകളും അനിവാര്യമാകും. വരവുചെലവുകൾ തമ്മിൽ പൊരുത്തം കുറഞ്ഞേക്കാം. ഉദ്യോഗസ്ഥർക്ക് ചുമതലാഭാരം കൂടുന്നതാണ്. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. വസ്തുവില്പനയിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. പണയ വസ്തുക്കൾ വീണ്ടെടുക്കാൻ സാധിച്ചേക്കും. ബന്ധുക്കളുടെ സഹകരണമുണ്ടാവും. ഓൺലൈൻ ബിസിനസ്സിൽ പുരോഗതി വന്നെത്തുന്നതാണ്. ഊഹക്കച്ചവടത്തിൽ കരുതിയ നേട്ടം ഉണ്ടായേക്കില്ല. വീടോ കെട്ടിടമോ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെറിയ തോതിലുള്ള ചുവടുവെയ്പുകൾ നടത്താനായേക്കും.
പുണർതം
നക്ഷത്രനാഥനായ വ്യാഴത്തിന് മാസാരംഭത്തിൽ മൗഢ്യം തീരുന്നത് ദിശാബോധത്തോടെ പ്രവർത്തിക്കാൻ അവസരമൊരുക്കും. സാമൂഹികമായി അംഗീകാരം ലഭിക്കുന്നതാണ്. സാങ്കേതിക പഠനത്തിന് തുടർച്ച കൈവരും. കലാകാരന്മാർക്ക് സർഗ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ സാധിക്കുന്നതാണ്. ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്ന അനുകൂലമായിട്ടുള്ള സ്ഥലംമാറ്റത്തിന് കാലതാമസമുണ്ടാവാം. സ്വകാര്യ കമ്പനികളിൽ ജോലി തേടുന്നവർക്ക് അവസരം സിദ്ധിക്കുന്നതാണ്. പ്രത്യുല്പന്നമതിത്വം പ്രശംസിക്കപ്പെടും. പ്രണയയാത്രകൾക്ക് സാഹചര്യമൊക്കും. പുതിയ വാഹനം വാങ്ങാനുള്ള തീരുമാനത്തിലെത്തും. ന്യായമായ രീതിയിൽ ധനാഗമമുണ്ടായേക്കാം. എന്നാൽ ചെലവിൽ നിയന്ത്രണം ഉണ്ടാവില്ല. സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ നേരം മുഴുകാനിടയുണ്ട്.
പൂയം
തടസ്സങ്ങളെ പ്രതിരോധിച്ച് പ്രശംസാർഹമാം വിധം മുന്നേറാനാവും. കഴിവുകൾ തിരിച്ചറിയും; അവ പ്രയോജനപ്പെടുത്തും. ജോലിയില്ലാത്തവർക്ക് നിയമനം ലഭിക്കും. മത്സരങ്ങളിൽ വിജയം നേടുന്നതാണ്. പ്രൊമോഷൻ സാധ്യതയുണ്ട്. പൊതുപ്രവർത്തകരുടെ ജനകീയാടിത്തറ ഉയരുന്നതായിരിക്കും. ചർച്ച, സിമ്പോസിയം, പ്രസംഗം ഇവയിൽ ശോഭിക്കുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും നല്ല ആദായം ലഭിക്കും. പ്രണയസാഫല്യത്തിന് സാധ്യതയുണ്ട്. വിദേശത്തുനിന്നും പാരിതോഷികം ലഭിക്കാം.ജൂൺ രണ്ടാം പകുതി മുതൽ ഫലങ്ങളിൽ ചെറിയ വ്യത്യാസം വന്നെത്തുന്നതാണ്. വരവും ചെലവും തുല്യമാവാനിടയുണ്ട്. ആകസ്മിക യാത്രകൾ വേണ്ടി വന്നേക്കാം. ആരോഗ്യപരമായി കരുതൽ വേണം.
ആയില്യം
മുൻപ് പലവട്ടം ശ്രമിച്ചിട്ടും ലക്ഷ്യം കാണാത്തവ ഇപ്പോൾ നേട്ടങ്ങളാവും. സ്വാശ്രയത്വശീലം വർദ്ധിക്കുന്നതാണ്. രാഷ്ട്രീയ വിജയം വന്നു ചേരും. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായ പദവികൾ കിട്ടുന്നതാണ്. ആശിച്ച ദിക്കിലേക്ക് സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. ബിസിനസ്സിൽ സംതൃപ്തിയുണ്ടാവും. കുടുംബ ജീവിതത്തിൽ സുഖവും സമാധാനവും പുലരുന്നതാണ്. ബന്ധുക്കൾ പിണക്കം ഉപേക്ഷിക്കും. മകളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടാവും. ഗവേഷണം പൂർത്തിയാക്കി പ്രബന്ധ സമർപ്പണത്തിന് അവസരം കൈവരും. സാഹിത്യകാരന്മാർക്ക് ആസ്വാദകരുടെ പ്രീതി ലഭിക്കുന്നതായിരിക്കും. ജൂൺ രണ്ടാം പകുതിക്കുശേഷം ചില കഷ്ടനഷ്ടങ്ങൾ ഏർപ്പെടാം. കടബാധ്യതകൾ ഭാഗികമായെങ്കിലും പരിഹരിക്കേണ്ടതായി വരുന്നതാണ്. ആരോഗ്യ പരിശോധനകൾ മുടക്കരുത്.
മകം
അനുകൂല സ്ഥാനത്ത് ആദിത്യനും പത്ത്, പതിനൊന്ന് ഭാവങ്ങളിലായി ബുധശുക്രന്മാരും സഞ്ചരിക്കുകയാൽ സാമാന്യം ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. കർമ്മരംഗത്ത് പുഷ്ടിയുണ്ടാകും. ലോൺ സൗകര്യം പ്രയോജനപ്പെടുത്തും. ബിസിനസ്സിൽ നവീനമായ രീതികൾ അവലംബിക്കുവാൻ കഴിയുന്നതാണ്. വ്യവഹാരങ്ങൾ തീർപ്പാവാനിടയുണ്ട്. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാഹചര്യമൊരുങ്ങും. പൈതൃക ധനം ഉപയോഗിച്ച് പുതിയ വീടോ വസ്തുവോ വാങ്ങാനുള്ള ആലോചന പുരോഗമിക്കും. സംഘടനാ പ്രവർത്തനത്തിന് നേരം കണ്ടെത്തുന്നതാണ്. കുടുംബത്തിലെ വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് മുൻതൂക്കം നൽകേണ്ടതുണ്ട്. .
പൂരം
മുൻ തീരുമാനങ്ങൾ പ്രായോഗിക തലത്തിൽ കൊണ്ടുവരുവാനാവും. ഉദ്യോഗസ്ഥർക്ക് ജോലിസ്ഥലത്ത് സുഗമതയുണ്ടാവും. സഹപ്രവർത്തകരുടെ സഹകരണത്തോടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ / അനുമതിപത്രങ്ങൾ മുതലായവ കൈവശമെത്തുന്നതാണ്. സാമ്പത്തിക സ്ഥിതി മോശമാവില്ല. കുടുംബപരമായി തുടർന്നു പോരുന്ന ബിസിനസ്സിൽ അധുനികവൽക്കരണം സാധ്യമായേക്കും. വിദ്യാർത്ഥികൾ, ഗവേഷകർ തുടങ്ങിയവർക്ക് അനുകൂലമായ കാലമാണ്. സ്ത്രീസുഹൃത്തുക്കൾ ആത്മവിശ്വാസം പകരും. കുടുംബാംഗത്തിൻ്റെ വിവാഹം മുൻനിർത്തി ഗൃഹം മോടിപിടിപ്പിച്ചേക്കും. മാസത്തിൻ്റെ രണ്ടാം പകുതി കൂടുതൽ നല്ല അനുഭവങ്ങൾക്കും ധനോന്നതിയ്ക്കും ഇടവരുത്തും.
ഉത്രം
പരിശ്രമശാലികൾക്ക് മുന്നേറാൻ അവസരം കിട്ടുന്നതാണ്. സാഹചര്യങ്ങൾ അനുകൂലമായി വരുവാനിടയുണ്ട്. പിതൃസ്വത്തിന്മേൽ ഉള്ള തർക്കം പരിഹൃതമായേക്കും. സഹോദരന്മാരുടെ സഹായം തൊഴിൽ രംഗത്ത് പ്രയോജനപ്പെടുത്തും. പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്നതാണ്. വിദേശത്ത് തൊഴിലിനോ പഠനത്തിനോ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം സംജാതമാകും. കൂട്ടുകെട്ടുകളുടെ ഗുണദോഷവിചാരം നടത്തുന്നത് ഉചിതമായിരിക്കും. പ്രണയികൾക്ക് പ്രതിസന്ധികളെ നേരിടേണ്ട സ്ഥിതി വരാനിടയുണ്ട്. ദാമ്പത്യരംഗത്ത് സുഖം സമ്മിശ്രമായേക്കും. ജീവിത പങ്കാളിയുടെ ജോലി സംബന്ധിച്ച് അന്വേഷണം തുടരപ്പെടും. തീർത്ഥാടനത്തിന് അവസരം സിദ്ധിക്കും.
അത്തം
ഭാഗ്യവ്യാഴത്തിൻ്റെ പ്രവർത്തനത്താൽ കാര്യവിഘ്നങ്ങൾ അകന്ന് നേട്ടങ്ങളുണ്ടാവും. ഗാർഹികാന്തരീക്ഷം സമാധാനപൂർണമാവും. മുൻപ് പ്രയത്നിച്ച് പരാജയപ്പെട്ട കാര്യങ്ങൾ ഇപ്പോൾ സഫലമാവുന്നതാണ്. ഗുരുജനങ്ങളെ കാണാനും അവരുടെ അനുഗ്രഹം തേടാനും അവസരം വന്നെത്തും. പഴയ രേഖകൾ, ലൈസൻസ് മുതലായവ പുതുക്കാനാവും. ഉദ്യോഗസ്ഥർക്ക് മാസത്തിൻ്റെ ആദ്യപകുതിയിൽ സമ്മർദ്ദങ്ങൾ ഉയരാം. ഋണബാധ്യത പരിഹരിക്കുന്നതിന് പോംവഴി തെളിയും. പാരിതോഷികങ്ങൾ ലഭിക്കുന്നതാണ്. ഊഹക്കച്ചവടത്തിൽ ആദായം വർദ്ധിക്കാം. ജീവിതവീക്ഷണം പഴയതിനെ അപേക്ഷിച്ച് കൂടുതൽ പ്രസാദാത്മകമാവും. കലാപ്രവർത്തനം, സാഹിത്യരചന തുടങ്ങിയവയിൽ കഴിവ് തെളിയിക്കാനാവും.
ചിത്തിര
ഉദ്യോഗസ്ഥർക്ക് അദ്ധ്വാനഭാരം അധികരിക്കും. ദുർഘട ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. പുതിയ തൊഴിൽ തേടുന്നവർക്ക് കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാവും. ബിസിനസ്സിൽ പലതരം വെല്ലുവിളികൾ ഉയരുന്നതാണ്. കൂട്ടുകച്ചവടത്തിൽ സംതൃപ്തി കുറയും. തൊഴിലാളികളുടെ സേവനം മികച്ചതാവണം എന്നില്ല. ലോൺ ലഭിക്കുവാൻ കാലതാമസമുണ്ടാവും. ഗാർഹികരംഗം മെച്ചപ്പെട്ടതായിരിക്കും. ജീവിത പങ്കാളിയുടെ പിന്തുണ ഊർജ്ജം പകരുന്നതാണ്. മകൻ്റെ ഉപരിപഠനത്തിൽ ആദ്യമുണ്ടായിരുന്ന അവ്യക്തത നീങ്ങും. അന്യദേശത്തുള്ള പഠന- തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചേക്കും. ഗ്രഹങ്ങളുടെ അനിഷ്ടസ്ഥിതി തുടരുകയാൽ സാമ്പത്തികം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രതയുണ്ടാവണം.
ചോതി
ആത്മവിശ്വാസം ഇടയ്ക്കിടെ ചോരുന്നതായി തോന്നാം. പരീക്ഷകളിലും അഭിമുഖങ്ങളിലും സ്വന്തം കഴിവ് പൂർണമായി പ്രദർശിപ്പിക്കാൻ സാധിച്ചേക്കില്ല. നിലവിലുള്ള പാർട്ണർഷിപ്പ് സംരംഭങ്ങൾ നന്നായി മുന്നോട്ട് കൊണ്ടുപോകുന്നതിന് കിണഞ്ഞ് പരിശ്രമിക്കേണ്ടി വരുന്നതാണ്. വലിയ മുതൽമുടക്കിന് ഇപ്പോൾ അനുകൂലമായ സന്ദർഭമല്ല. ഏജൻസി പ്രവർത്തനം, കമ്മീഷൻ വ്യാപാരം എന്നിവയിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. സാധാരണയായി നിർവഹിച്ചു പോരുന്ന പ്രവർത്തനങ്ങൾ ഒരുവിധം ഭംഗിയായിത്തന്നെ നടന്നുപോകും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ സ്ഥിതി കൂടുതൽ അനുകൂലമാവുന്നതാണ്.
വിശാഖം
ജ്ഞാനാന്വേഷണത്തിലും പഠനത്തിലും മുഴുകും. പുതിയ കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമം തുടരും. വിദേശ സുഹൃത്തുക്കൾക്കായി വസ്തുവിൻ്റെ ക്രയവിക്രയത്തിലേർപ്പെടുന്നതാണ്. അതിൽ നിന്നും പ്രതീക്ഷിച്ചതിൽ അധികം ലാഭമുണ്ടാവും. സർക്കാർ കാര്യങ്ങളിൽ ഒരുതരം മാന്ദ്യം അനുഭവപ്പെടുന്നതാണ്. ഉദ്യോഗസ്ഥർ ഉന്മേഷരഹിതരാവും. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് ശ്രമം നടത്തുന്നവർക്ക് വിജയം ഭവിച്ചേക്കും. ചിലർക്ക് വീടുവിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാകുന്നതാണ്. കലാപ്രവർത്തനം മുഴുവനായും വിജയിക്കണമെന്നില്ല. പ്രതീക്ഷിച്ച അവസരങ്ങൾ കുറയാം. വാടകവീട് മാറേണ്ടി വന്നേക്കും. പുതുതലമുറയുമായുള്ള ആശയവിനിമയം സമന്വയത്തിൻ്റെ പാതയിൽ എത്തിക്കൊള്ളണം എന്നില്ല.
അനിഴം
ആദിത്യൻ ഏഴിലും എട്ടിലുമായി സഞ്ചരിക്കുന്നത് കുറച്ചൊക്കെ നിഷ്പ്രയോജന യാത്രകൾക്കും ശാരീരിക ക്ലേശങ്ങൾക്കും വഴിവെക്കും. സർക്കാർ കാര്യങ്ങളിൽ ചില തടസ്സങ്ങൾ വരാം. ജൂൺ ആദ്യവാരത്തിനു ശേഷം വ്യാഴം അനുകൂല ഫലങ്ങൾ നൽകുന്നതാണ്. തന്മൂലം പാർട്ണർഷിപ്പ് ബിസിനസ്സിൽ നേട്ടങ്ങൾ ഉണ്ടായേക്കും. നിയമനോത്തരവ് പ്രതീക്ഷിക്കുന്നവർ നിരാശപ്പെടില്ല. വാഗ്ദാനങ്ങൾ പാലിക്കപ്പെടും. ധനാഗമം മെച്ചപ്പെടുന്നതാണ്. ചൊവ്വ ആറാം ഭാവത്തിൽ സഞ്ചരിക്കുകയാൽ എതിർപ്പുകളെ തൃണവൽഗണിക്കും. കലാപ്രവർത്തകർക്ക് നല്ല അവസരങ്ങൾ പ്രതീക്ഷിക്കാം. അവിവാഹിതർക്ക് വിവാഹാലോചനകൾ ഫലം കാണുന്നതാണ്. മുതിർന്നവരുടെ ആരോഗ്യ കാര്യത്തിൽ കരുതൽ വേണം.
തൃക്കേട്ട
രാശിനാഥനായ ചൊവ്വ സ്വക്ഷേത്രബലവാനായി അനുകൂല ഭാവത്തിൽ സഞ്ചരിക്കുകയാൽ ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടാം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനാവും. ആശയക്കുഴപ്പം കുറയുകയും കർമ്മഗുണം വർദ്ധിക്കുകയും ചെയ്യുന്നതാണ്. സർക്കാർ കാര്യങ്ങളിൽ തടസ്സങ്ങളുണ്ടാവാം. വ്യാഴത്തിൻ്റെ ഏഴിലെ സ്ഥിതി പ്രവർത്തനങ്ങളിൽ സുഗമതയും പൂർത്തീകരണവും സാധ്യമാക്കും. അധ്വാനത്തിന് അംഗീകാരമുണ്ടാവും. ബിസിനസ്സ് യാത്രകൾ പ്രയോജനം ചെയ്യുന്നതാണ്. കാര്യാലോചനകളിൽ അഭിപ്രായങ്ങൾ സ്വീകാര്യമായേക്കും. അവിവാഹിതർക്ക് ദാമ്പത്യപ്രവേശത്തിന് വഴിയൊരുങ്ങും. സാമ്പത്തിക പരാധീനതകൾക്ക് ഒട്ടൊക്കെ അയവുണ്ടാവും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്.
മൂലം
ഗുണാനുഭവങ്ങൾക്ക് പുഷ്ടിയുണ്ടാകും. ഉദ്യോഗസ്ഥർക്ക് ഉയർച്ച പ്രതീക്ഷിക്കാം. അനുകൂലമായ സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. സംഘടനാ പ്രവർത്തനങ്ങളിൽ നേതൃസിദ്ധി പ്രതീക്ഷിക്കാം. മാനസിക സമ്മർദ്ദങ്ങൾക്ക് കുറച്ചൊക്കെ അയവുണ്ടായേക്കും. ഉണർവ്വോടുകൂടി പ്രവർത്തനത്തിൽ ഏർപ്പെടുന്നതാണ്. സാമ്പത്തികമായി കുറെയൊക്കെ സ്വാശ്രയത്വം ഉണ്ടാവുന്ന കാലമാണ്. പ്രണയത്തിൽ കയ്പുള്ള അനുഭവങ്ങൾക്ക് സാധ്യതയുണ്ട്. ഗാർഹികമായ ക്ലേശങ്ങൾ ഒരുപരിധിവരെ നിയന്ത്രിക്കാനാവും. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണം. സുഹൃത്തുക്കളിൽ നിന്നും പ്രതീക്ഷിച്ചത്ര പിന്തുണയുണ്ടാവില്ല.
പൂരാടം
കൃത്യനിഷ്ഠയോടു കൂടിയായ പ്രവർത്തനം അഭിനന്ദിക്കപ്പെടും. പുതിയ കാര്യങ്ങൾ പഠിച്ചറിയാനുള്ള ആർജ്ജവം ഉണ്ടാവും. പൊതുപ്രവർത്തകർക്ക് താൽകാലികമായ തിരിച്ചടികൾ ഉണ്ടായെന്നു വരാം. ഉപജാപങ്ങളെ നിസ്സാരീകരിക്കും. കരുതിയതിലും വേഗത്തിൽ ഔദ്യോഗിക കൃത്യങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞേക്കും. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയോട് പൂർണമായി സഹകരിക്കുന്നതാണ്. വസ്തുവ്യവഹാരത്തിൽ വിജയിക്കാനാവും. കടബാധ്യതകൾക്ക് പോംവഴി കണ്ടെത്തും. മകളുടെ വിവാഹകാര്യത്തിൽ സത്വര തീരുമാനം ഉണ്ടായേക്കും. ദൈവിക സമർപ്പണങ്ങൾക്ക് മുതിരുന്നതാണ്. പഴയകാല സുഹൃത്തുക്കളെ കണ്ടെത്താനായേക്കും. പുതിയ ഗാർഹികോപകരണങ്ങൾ വാങ്ങുന്നതാണ്.
ഉത്രാടം
ധനുക്കൂറുകാർക്ക് മാസത്തിെൻ്റ ആദ്യപകുതിയും മകരക്കൂറുകാർക്ക് മാസത്തിൻ്റെ രണ്ടാം പകുതിയും കൂടുതൽ ഗുണകരമാവും. ഉദ്യോഗം തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. പരീക്ഷകളിലും മത്സരങ്ങളിലും വിജയം ഉണ്ടാകും. സഭകളിലും സദസ്സുകളിലും ശോഭിക്കുന്നതാണ്. പുതിയ കാലഘട്ടത്തിൻ്റെതായ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം കിട്ടുന്നതാണ്. ഓൺലൈൻ ബിസിനസ്സിൽ പുരോഗതി ദൃശ്യമാകും. ഭൂമിയിൽ നിന്നും ആദായം ഉയർന്നേക്കും. മട്ടുപ്പാവ് /അടുക്കള കൃഷികളിൽ താൽപര്യം ഉണ്ടാവുന്നതാണ്. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്തുന്നതിന് പരമാവധി ശ്രമിക്കും. നക്ഷത്രനാഥനായ ആദിത്യന് ശുഭഗ്രഹങ്ങളുടെ സംഗമം ഭവിക്കുന്നത് ജീവിതനിലവാരം മെച്ചപ്പെടുന്നതിൻ്റെ സൂചനയാണ്.
തിരുവോണം
അഞ്ചാം ഭാവത്തിൽ വ്യാഴം സഞ്ചരിക്കുന്നത് ഭാവനാവിലാസത്തിന് കാരണമാകും. മക്കൾക്ക് പഠനം,തൊഴിൽ മുതലായവയിൽ നേട്ടങ്ങൾ വന്നുചേരുന്നതാണ്. കർമ്മരംഗത്ത് ഗുണാഭിവൃദ്ധിയുണ്ടാകുന്നതാണ്. ഏജൻസി, ഡീലർഷിപ്പുകൾ മുതലായവയിൽ നേട്ടങ്ങൾ വന്നെത്തും. ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങിയേക്കും. ഗൃഹനവീകരണത്തിന് സാധ്യതയുണ്ട്. നയപരമായ തീരുമാനം എടുക്കുന്നതിൽ വിജയിക്കും. ആത്മീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ സമയം കണ്ടെത്തുന്നതാണ്. ബന്ധുക്കളുമായുള്ള പിണക്കം പരിഹൃതമാവും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഉദ്യോഗസ്ഥർക്ക് നന്നായി ശോഭിക്കാനാവും. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാവും. രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിജയം വരിക്കും.
അവിട്ടം
നക്ഷത്രനാഥനായ ചൊവ്വയ്ക്ക് സ്വക്ഷേത്രസ്ഥിതി വരികയാൽ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനാവും. പ്രവർത്തന രംഗത്തെ ആലസ്യം അകലുന്നതാണ്. ബിസിനസ്സിലെ പരീക്ഷണങ്ങൾ വിജയം കണ്ടേക്കും. മുൻകൂട്ടി തീരുമാനിച്ച ലക്ഷ്യത്തിലെത്തുക എന്നത് എളുപ്പമായിത്തീരും. തൊഴിൽ നഷ്ടപ്പെട്ടവർക്ക് മറ്റൊരു തൊഴിൽ ലഭിച്ചേക്കാം. കരാർ പണികളിൽ തുടർച്ചയുണ്ടാകും. രഹസ്യശത്രുക്കളുടെ പ്രവർത്തനങ്ങളെ എതിർത്ത് തോൽപ്പിക്കാനാവും. ഗവേഷകർക്ക് പ്രബന്ധ പൂർത്തീകരണം സാധ്യമാകുന്നതാണ്. സാങ്കേതിക വിദ്യയിൽ കാലോചിതമായ അറിവ് സ്വായത്തമാക്കും. അറ്റകുറ്റപ്പണി കഴിയുകയാൽ സ്വഗൃഹത്തിൽ താമസം പുനരാരംഭിക്കാനാവും.
ചതയം
ആദിത്യൻ നാല്, അഞ്ച് ഭാവങ്ങളിൽ സഞ്ചരിക്കുന്നു. ദേഹമനക്ലേശങ്ങൾ ഭവിക്കാം. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ കാലവിളംബം വരുന്നതാണ്. പ്രൊഫഷണലുകൾ പലതരം വെല്ലുവിളികളെ നേരിടുന്നതായിരിക്കും. സാധാരണ കാര്യങ്ങൾ തടസ്സമില്ലാതെ നടന്നുകിട്ടും. എന്നാൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുവാൻ ഉചിതമായ കാലമല്ല. സഹപ്രവർത്തകരുടെ തെറ്റായ പ്രവണതകളെ എതിർക്കുന്നതു മൂലം ഒറ്റപ്പെട്ടു പോകാം. അനുബന്ധ തൊഴിലുകളിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. മാതാവിൻ്റെ ആരോഗ്യസ്ഥിതിയിൽ മെച്ചമുണ്ടാവുന്നതാണ്. കലാവാസന പരിപോഷിക്കപ്പെടാം. അന്യനാട്ടിൽ കഴിയുന്നവരുടെ തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടിയേക്കും.
പൂരൂരുട്ടാതി
സമയബന്ധിതമായി കുറച്ചധികം കാര്യങ്ങൾ നിർവഹിക്കേണ്ടതായി വരുന്നതാണ്. പുതുതലമുറയുമായി ആശയവിനിമയം നടത്തുന്നതിൽ വിജയിക്കും. കുടുംബത്തിൻ്റെ ശക്തമായ പിന്തുണ സിദ്ധിക്കുന്നതാണ്. ജന്മനക്ഷത്രത്തിലൂടെ ശനി സഞ്ചരിക്കുകയാൽ സകാരണമായോ അകാരണമായോ കുറച്ച് മാനസിക ക്ലേശങ്ങൾ ഉണ്ടാവും. ഉദ്യോഗസ്ഥർക്ക് തസ്തികയിൽ മാറ്റം വരാനിടയുണ്ട്. വീട്ടിൽ ഇരുന്ന് ജോലി ചെയ്തവർക്ക് വീണ്ടും ഓഫീസിൽ പോകേണ്ട സ്ഥിതി വന്നേക്കാം. ഭൂമി വ്യാപാരം ലാഭകരമായിരിക്കും. ഉല്ലാസങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്. പഴയ കാര്യങ്ങൾ, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ സുഹൃത്തുക്കളുമായി തർക്കത്തിലേർപ്പെടാം. ക്ഷേത്ര നവീകരണ കർമ്മങ്ങളിൽ സക്രിയ പങ്കാളിത്തം ഉണ്ടായേക്കും.
ഉത്രട്ടാതി
ജന്മരാശിയിലും പന്ത്രണ്ടിലും രണ്ടിലും രാഹു, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുന്നതിനാൽ കരുതൽ വേണം, വാക്കിലും കർമ്മത്തിലും. ചിന്തിച്ച് പ്രവർത്തിക്കേണ്ടിടത്ത് വൈകാരിക സമീപനം കൈക്കൊള്ളുന്നത് ക്ലേശങ്ങളുണ്ടാക്കും. ഉദ്യോഗസ്ഥർക്ക് മാസത്തിൻ്റെ ആദ്യ പകുതി കൂടുതൽ മെച്ചപ്പെട്ടതായിരിക്കും. പദവി ഉയരാനിടയുണ്ട്. ബിസിനസ്സിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് വരുമാനത്തിൽ തടസ്സങ്ങളുണ്ടാവും. കുടുംബത്തിൽ സമാധാനം നിലനിർത്താൻ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. ഗൃഹനിർമ്മാണം അല്പം പതുക്കെയാവും. ഉപരിപഠനത്തിലെ കാത്തിരിപ്പിന് ഉചിതമായ അവസാനം ഉണ്ടാകുന്നതാണ്. അന്യദേശത്ത് പോകാൻ തയ്യാറെടുക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. ആരോഗ്യ പരിപാലനത്തിൽ അലംഭാവമരുത്.
രേവതി
ജന്മരാശിയിൽ, ജന്മനക്ഷത്രത്തിൽ നിന്നും ചൊവ്വ മാറുന്നത് രേവതി നാളുകാർക്ക് ആശ്വാസകരമാണ്. മാനസിക സംഘർഷങ്ങൾക്ക് തെല്ല് അയവ് വരുന്നതാണ്. എന്നാൽ ചൊവ്വ വാക് സ്ഥാനത്ത് സഞ്ചരിക്കുന്നത് പരുഷവാക്കുകൾ പറയാൻ കാരണമായേക്കും.സ്വാശ്രയ ജോലികളിൽ മുന്നേറാനാവും. പുതിയ ആശയങ്ങൾ ആകർഷിച്ചേക്കും. മോട്ടിവേഷൻ ക്ളാസ്സുകളിൽ പങ്കെടുക്കാനാവും. പുതിയ ഭാഷ, സാങ്കേതിക വിദ്യ ഇവ പഠിക്കാനൊരുങ്ങും. ഉത്തരവാദിത്വമുള്ള ചുമതലകൾ ഏറ്റെടുക്കുന്നതാണ്. കുടുംബാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. സുഹൃത്തുക്കളുമായി വിനോദയാത്രകൾക്ക് അവസരമുണ്ടാവും. വാഹനത്തിൻ്റെ വായ്പ അടവ് പൂർത്തിയാകും. പ്രണയത്തിൽ സമ്മിശ്രമായ അനുഭവങ്ങൾ വരാം.
Read More
- ഇടവമാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Edavam
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions
- വാരഫലം, അശ്വതി മുതൽ രേവതി വരെ; May 19-May 25, 2024, Weekly Horoscope
- Weekly Horoscope (May 19– May 25, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us