scorecardresearch
Latest News

Horoscope 2022: അസുരഗണ നക്ഷത്രങ്ങൾ

അസുരഗണ നക്ഷത്രങ്ങളെ രാക്ഷസഗണ നക്ഷത്രങ്ങൾ എന്നും പറയാറുണ്ട്

Horoscope 2022: അസുരഗണ നക്ഷത്രങ്ങൾ

Horoscope 2022: ആധികാരികം എന്നോ ക്ളാസ്സിക്ക് എന്നോ വിളിക്കാവുന്ന ജ്യോതിഷഗ്രന്ഥങ്ങളിൽ ധാരാളം നക്ഷത്രപഠനങ്ങൾ വായിക്കാം. പണ്ഡിതപക്ഷത്തിൽ നക്ഷത്രങ്ങളെ തരംതിരിച്ചു നോക്കുമ്പോൾ അമ്പതോളം വിഭാഗങ്ങൾ കാണാനാവും. ഉദ്ഗ്രഥിച്ചും അപഗ്രഥിച്ചും ആചാര്യന്മാർ നക്ഷത്രങ്ങളെക്കുറിച്ച്, അവയിൽ ജന്മംകൊണ്ട മനുഷ്യരെക്കുറിച്ച് പല നിരീക്ഷണങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. കൂട്ടത്തിൽ ഗണങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനം രസപ്രദമാണ്; ഒപ്പം വിജ്ഞേയവും.

ദേവഗണം, മനുഷ്യഗണം, അസുരഗണം, എന്നിങ്ങനെ മൂന്നുഗണങ്ങൾ. ഓരോ വിഭാഗത്തിലും ഒമ്പത് നക്ഷത്രങ്ങൾ വീതം. പ്രത്യേക ക്രമത്തിലല്ല, ഇവയെ സ്വീകരിച്ചിരിക്കുന്നത്. അശ്വതി ദേവഗണം, ഭരണി മനുഷ്യഗണം, കാർത്തിക അസുരഗണം എന്നുവന്നതുകൊണ്ട് ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിൽ ദേവ, മനുഷ്യ, അസുര ഗണങ്ങളെ ക്രമപ്പെടുത്തിയിരിക്കുകയാണ് എന്ന് ധരിക്കേണ്ട, തുടർ നക്ഷത്രങ്ങളിൽ ഈ വിന്യാസം മാറിമറിയുന്നുണ്ടെന്ന് കാണാനാവും.

Read More: ദേവഗണത്തിലെ നക്ഷത്രങ്ങൾ

അസുരഗണ നക്ഷത്രങ്ങളെ രാക്ഷസഗണ നക്ഷത്രങ്ങൾ എന്നും പറയാറുണ്ട്. കാർത്തിക, ആയില്യം, മകം, ചിത്തിര, വിശാഖം, തൃക്കേട്ട, മൂലം, അവിട്ടം, ചതയം – ഇവ ഒമ്പതുമാണ് അസുര/ രാക്ഷസ ഗണത്തിൽ വരുന്ന നാളുകൾ. ദേവഗണ നാളുകാർ സാത്വികരും മനുഷ്യഗണക്കാർ രാജസന്മാരും അസുരഗണക്കാർ താമസന്മാരുമാണെന്ന് ചിലർ കരുതാറുണ്ട്. ഗുണത്രയങ്ങളുടെ സങ്കലനം എല്ലാ മനുഷ്യരിലുമുണ്ടാവും. അതുകൊണ്ട് താമസപ്രകൃതികളാണ് അസുരഗണക്കാർ എന്നൊരു പാർശ്വവൽക്കരണം ശരിയായിരിക്കില്ല!

വെച്ച കാൽ പിറകോട്ടെടുക്കാൻ മടിയുള്ളവരാണ് അസുരഗണക്കാർ. “പറഞ്ഞാൽ പറഞ്ഞതു തന്നെ” എന്ന് നാം ചിലരെ പറയില്ലേ? കരളുറപ്പും മനസ്സുറപ്പും ഏറിയ മനുഷ്യരാണ്. ചിത്തചാപല്യം അഥവാ ഹൃദയദൗർബല്യം തീരെ ഇല്ലാത്തവരാണ്. ആദർശത്തെക്കാൾ പ്രായോഗികതയാണ് അവരെ എപ്പോഴും ആകർഷിക്കുന്നത്. ആസുരതയെ ‘ഒരു സാധനയായി’ കരുതുന്നതിൽ തെറ്റില്ല. കഠിനാധ്വാനം ജീവിതത്തിന്റെ ഭാഗമാക്കിയവരാവും. ലക്ഷ്യമാണോ മാർഗമാണോ പ്രധാനം എന്ന പഴയ ചോദ്യത്തോട് ‘ലക്ഷ്യം’ എന്നാവും അസുരഗണക്കാരുടെ സംശയലേശമില്ലാത്ത പ്രതികരണം. രാജവഴിയും കാട്ടുവഴിയും നാട്ടുവഴിയും എല്ലാം ഒരുപോലെയാണവർക്ക്. ലക്ഷ്യം തലയ്ക്കുപിടിച്ചു കഴിഞ്ഞാൽ കല്ലും മുള്ളും പൊന്തയും പൊട്ടക്കുഴിയുമൊന്നും പ്രശ്നമല്ല. ദണ്ഡകാരണ്യം പോലെ ദുസ്തരമായ യാഥാർത്ഥ്യങ്ങളുടെ മുഖത്തുനോക്കി ആട്ടുന്നവരാണവർ.

Read More: മനുഷ്യഗണ നക്ഷത്രങ്ങൾ

അസുരഗണത്തിൽ ജനിക്കുന്നവർ ആണായാലും പെണ്ണായാലും, സംശയമില്ല, ശക്തരാണ്. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് ജന്മായത്തമായിത്തന്നെ അവരിലുണ്ട്. തീയിൽ കുരുത്തവരാണ്, അതിനാൽ തന്നെ വെയിലിൽ വാടാത്തവരും എന്ന വിശേഷണം തെറ്റാവില്ല. അതിനപ്പുറം അവരെ, ഭസ്മാസുരന്റെയും മഹിഷാസുരന്റെയും കംസന്റെയും രാവണന്റെയും ഒന്നും താവഴിക്കാരാക്കുന്നത് ശരിയായിരിക്കില്ല.

ഗണപ്പൊരുത്തം ‘ദശവിധപ്പൊരുത്തങ്ങളിൽ’ പ്രധാനമാണ്. ആണും പെണ്ണും ഒരു ഗണമായിരുന്നാൽ ഉത്തമം. ഇരുവരും അസുര-ദേവഗണ മായാൽ അന്തരീക്ഷം കലുഷമായേക്കും. പുരുഷൻ അസുരഗണം, സ്ത്രീ മനുഷ്യഗണമോ ദേവഗണമോ, അങ്ങനെ വന്നാൽ ‘മദ്ധ്യമം’ എന്ന് മാർക്കിടുന്നു, ദൈവജ്ഞൻ. സ്ത്രീ അസുരഗണമാകുമ്പോൾ പുരുഷൻ മനുഷ്യഗണക്കാരനായാൽ പൊരുത്തനിയമങ്ങൾ ഒന്ന് മുഖം ചുളിച്ചേക്കും.

Read More: Horoscope 2022 April: ഏപ്രിലിൽ നവഗ്രഹങ്ങളുടെ രാശി മാറുന്നു, മനുഷ്യരുടെ ഭാവിയും

” രാക്ഷസി ച യഥാ കന്യാ മാനവശ്ച വരോ ഭവേത്” – “രാക്ഷസഗണക്കാരി മനുഷ്യഗണത്തിലെ പുരുഷനെ വരിച്ചാൽ ” എന്തു സംഭവിക്കും എന്ന് ശ്ലോകത്തിലെ അടുത്ത രണ്ടുവരികളിലുണ്ട്.
” തഥാ മൃത്യുർ ന ദൂരസ്ഥം നിർദ്ധനത്വമഥോപി വാ!” “ഇരുവരും രണ്ടിടങ്ങളിലായി ജീവിക്കേണ്ടിവരാം, വിയോഗം വരാം, ദാരിദ്ര്യം ഭവിക്കാം.”

Read More: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

പത്തുനിയമങ്ങൾ വിവാഹപ്പൊരുത്ത നിയമങ്ങളിൽ ഉള്ളതിൽ ഒന്നു മാത്രമാണ് ‘ഗണപ്പൊരുത്തം’ എന്നോർമ്മിക്കുക. പച്ചക്കൊടി കാട്ടാൻ വേറെ പൊരുത്തങ്ങൾ വരുമ്പോൾ ഇത് ചിലപ്പോൾ പിന്നണിയിലായിപ്പോയേക്കും.

Read More: Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology what is nakshatra ganam asura ganam