scorecardresearch

30 സിനിമാ വർഷങ്ങൾ; 'തുടരും' ഈ അഭിനയ യാത്ര

"സിനിമയിൽ നിലനിൽക്കുക എന്നത് വലിയ സമരമാണ്. 30 വർഷമായി സിനിമ കൊണ്ടു ജീവിക്കുന്നു എന്നതു തന്നെ എന്നെ സംബന്ധിച്ച് വലിയ സന്തോഷമുള്ള കാര്യമാണ്"

"സിനിമയിൽ നിലനിൽക്കുക എന്നത് വലിയ സമരമാണ്. 30 വർഷമായി സിനിമ കൊണ്ടു ജീവിക്കുന്നു എന്നതു തന്നെ എന്നെ സംബന്ധിച്ച് വലിയ സന്തോഷമുള്ള കാര്യമാണ്"

author-image
Dhanya K Vilayil
New Update
Irshad Interview

ഇർഷാദ് അലി

മലയാള സിനിമയുടെ ഓരം ചേർന്ന് ഇർഷാദ് നടക്കാൻ തുടങ്ങിയിട്ട് 30 വർഷമാവുന്നു. നായകനായും പ്രതിനായകനായും സഹനടനായുമൊക്കെ നൂറിലേറെ ചിത്രങ്ങൾ. സമാന്തര സിനിമകൾക്കൊപ്പം തന്നെ വാണിജ്യ സിനിമകളുടെയും ഭാഗമായി തന്റെ സിനിമാജീവിതത്തെ സജീവമായി മുന്നോട്ടു നടത്തുകയാണ് ഇർഷാദ്.

Advertisment

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'തുടരും' എന്ന ചിത്രത്തിലും ഇർഷാദുണ്ട്. മോഹൻലാൽ അവതരിപ്പിക്കുന്ന ഷണ്മുഖമെന്ന കഥാപാത്രത്തിന്റെ കൂട്ടുകാരൻ ഷാജിയായി. തന്റെ സിനിമാജീവിതത്തിലെ വിശേഷങ്ങളും 'തുടരും' സിനിമയുടെ അണിയറ  വിശേഷങ്ങളും അനുഭവങ്ങളുമൊക്കെ ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് ഇർഷാദ്. 

തരുണുമായുള്ള സൗഹൃദം

തരുണിന്റെ ആദ്യ സിനിമയായ ഓപ്പറേഷൻ ജാവയിൽ ഒരു മുഴുനീള വേഷം ചെയ്യാൻ സാധിച്ചിരുന്നു. ഈ ഫ്ലാറ്റിൽ വന്നാണ് തരുൺ ഓപ്പറേഷൻ ജാവയുടെ കഥ പറയുന്നത്. അന്ന് മുതൽ തരുണുമായി നല്ല സൗഹൃദമുണ്ട്. തരുൺ പിന്നീട് സൗദി വെള്ളക്ക ചെയ്തു. ഓപ്പറേഷൻ ജാവയുടെ സമയത്തുതന്നെ  സൗദി വെള്ളക്കയുടെ കഥയൊക്കെ എന്നോട് പറഞ്ഞിരുന്നു. പക്ഷെ, സൗദി വെള്ളക്കയിൽ എനിക്കു പറ്റിയ വേഷമില്ലാത്തത് കൊണ്ട് അത് ചെയ്തില്ല. 

തുടരും എന്ന സിനിമ, ശരിക്കും തരുൺ ചെയ്യേണ്ടത് ആയിരുന്നില്ല. കുറഞ്ഞത് പത്തു വർഷം മുൻപ് ലാലേട്ടന്റെ പേരിൽ അനൗൺസ് ചെയ്യപ്പെട്ടൊരു സിനിമയാണിത്, ബെൻസ് വാസു എന്ന പേരിൽ. കെ ആർ സുനിൽ എന്ന ഫോട്ടോഗ്രാഫറാണ് ഇതിന്റെ കഥാകൃത്ത്. മലയാളത്തിലെ പ്രഗത്ഭരായ പല സംവിധായകരും ഈ കഥ സിനിമയാക്കാൻ ശ്രമിച്ചതാണ്.  രജപുത്ര രഞ്ജിത്തേട്ടന് ഈ സബ്ജെക്ടിനു വേണ്ടി ലാലേട്ടൻ എന്നോ ഡേറ്റ് കൊടുത്തതാണ്.   

Advertisment

പലരിലേക്കും പോയതാണ് ഈ സിനിമ, പക്ഷേ അതിന്റെ ഇന്റെർവെല്ലിനു ശേഷമുള്ള ഒരു ഭാഗത്തു പലർക്കും മിസ്സിംഗ് ഫീൽ ചെയ്തത് കൊണ്ട്, ഒരു ഹുക്കിംഗ് ഫാക്ടർ മിസ്സായതു കൊണ്ടു മാത്രം നടക്കാതെ പോയതാണ്. കമൽ സാർ ഉൾപ്പെടെ മലയാളത്തിലെ ആറോളം സംവിധായകർ, ഇതിന്റെ പിന്നാലെ പോയിട്ടുണ്ട്. 

സൗദി വെള്ളക്ക കഴിഞ്ഞു നിൽക്കുന്ന സമയത്താണ് 'തുടരും' തരുണിലേക്ക് എത്തുന്നത്. തരുണും അദ്ദേഹത്തിന്റെ ടീമും ചേർന്ന് ലാലേട്ടനും കൂടെ ഇഷ്ടമാകുന്ന രീതിയിൽ ഈ സബ്‌ജെക്ടിൽ മാറ്റം വരുത്തുകയായിരുന്നു. കഥ കേട്ട ഉടനെ തന്നെ ലാലേട്ടൻ സമ്മതിച്ചു. വളരെ പെട്ടെന്ന് തന്നെ ഈ സിനിമ ആരംഭിക്കുകയും ചെയ്തു. ലാലേട്ടനോട് കഥപറയാൻ പോകുമ്പോൾ തന്നെ തരുൺ എന്നോട് പറഞ്ഞിരുന്നു, എനിക്കിതിൽ ഒരു സംഭവം വച്ചിട്ടുണ്ടെന്ന്. 

ലാലേട്ടനൊപ്പമുള്ള ഷാജി എന്ന ഒരു ഡ്രൈവർ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഷാജി അത്ര വലിയ ഒരു കാരക്റ്റർ ഒന്നുമല്ല. കഥയുടെ പല ഭാഗത്തും ലാലേട്ടനൊപ്പം വന്നുപോവുന്നൊരു കഥാപാത്രം. സിനിമയിൽ എന്നെ ഉൾപ്പെടുത്തണം എന്ന തരുണിന്റെ ആഗ്രഹം കൊണ്ട്, ഞങ്ങളുടെ സൗഹൃദത്തിന്റെ പുറത്തു ഉണ്ടായ ഒരു കഥാപാത്രമാണ്. പക്ഷെ, തരുൺ പറയുന്നത്, സിനിമ കണ്ടു ഇറങ്ങുന്ന ആളുകളുടെ മനസ്സിൽ ഷാജി ഉണ്ടാകും എന്നാണ്. 

ആ കോംബോ ഇഷ്ടപ്പെടാത്ത ആരുണ്ട്!

നമ്മൾ മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കോംബോ ആണല്ലോ അത്. മീനയുൾപ്പെടെ ഒരുപാട് നടിമാരുടെ സജഷൻ വന്നിരുന്നു ആ വേഷത്തിലേക്ക്. തരുണിന്റെ ഒരു വലിയ ആഗ്രഹമായിരുന്നു ഈ കോംബോയെ വച്ചൊരു പടം ചെയ്യമെന്നത്. 

ശോഭനയുള്ള സിനിമകളിൽ ഞാൻ മുൻപ്  അഭിനയിച്ചിട്ടുണ്ടെങ്കിലും, ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. വളരെ പ്രൊഫഷണൽ ആണ് അവർ. നമ്മൾ ചെന്ന് പരിചയപ്പെട്ട് ഞാൻ ഇർഷാദ് എന്ന് പറയുമ്പോൾ, ഞാൻ ശോഭന എന്ന് തിരിച്ചു പറയുന്ന ആൾ. 

Irshad Ali Mohanlal Thudarum film review
മോഹൻലാലിനൊപ്പം ഇർഷാദ്

ലാലേട്ടനൊപ്പം വീണ്ടും

എല്ലാ ടൈപ്പ് കഥാപാത്രങ്ങളും ലാലേട്ടനൊപ്പം ചെയ്യാൻ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ.  ആദ്യം നരസിംഹത്തിൽ, പിന്നീട് ദൃശ്യത്തിൽ. പരദേശി എന്ന ചിത്രത്തിൽ ലാലേട്ടന്റെ മകനായി അഭിനയിക്കാനും സാധിച്ചിട്ടുണ്ട്. എനിക്ക് വളരെ പ്രിയപ്പെട്ട ആളാണ് ലാലേട്ടൻ. എന്തും എപ്പോഴും പറയാനാകുന്ന ഒരാൾ. ആ ഒരു സ്നേഹവും കംഫർട്ടും എപ്പോഴുമുണ്ട്. ഈ ചിത്രത്തിൽ ലാലേട്ടന്റെ കഥാപാത്രത്തിനൊപ്പം തന്നെ സഞ്ചരിക്കുന്ന ഒരു കഥാപാത്രമാണ്. സിദ്ദിഖിന്റെ അവസാന സിനിമ, ബിഗ് ബ്രദറിലും ലാലേട്ടന്റെ കൂടെ തന്നെയുള്ള ഒരു കഥാപാത്രമായിരുന്നു എന്റേത്. ഈ ഇഴയടുപ്പം എന്നൊക്കെ പറയുന്നത് പോലെ, സിനിമകളിൽ അദ്ദേഹത്തോട് ഒരുപാട് അടുത്തു നിൽക്കുന്ന കഥാപാത്രങ്ങൾ കിട്ടിയിട്ടുണ്ട്. 

ഡേയ് ഇന്ത താടി ഇരുന്നാൽ ആർക്കാടാ പ്രച്നം?

സെൽഫ് ട്രോൾ പോലെയുള്ള ഒരുപാട് സംഭവങ്ങൾ ഈ ചിത്രത്തിലും ഉണ്ട്. എഴുതിവെച്ച സ്ക്രിപ്റ്റ് അത് പോലെ ഷൂട്ട് ചെയ്യുന്ന ആളല്ല തരുൺ. ഇംപ്രവൈസേഷന്റെ ആളാണ്. ഷൂട്ട് ചെയ്യുന്ന സമയത്തു പോലും എന്ത് പുതുമ കൊണ്ടുവരാൻ പറ്റും എന്നാണ് തരുൺ ആലോചിക്കുക. അങ്ങനെയൊക്കെ വരുന്നതാണ് ഇത്തരം ഡയലോഗുകൾ.

പുതിയ പ്രൊജക്റ്റുകൾ?

റിലീസിനൊരുങ്ങുന്ന ഒന്ന് രണ്ടു സിനിമകൾ ഉണ്ട്. ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്ത  പെണ്ണ് കേസിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. ഞാൻ നായകനായൊരു ചിത്രവും ഷൂട്ട് കഴിഞ്ഞിരിപ്പുണ്ട്. ആ ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്തിട്ടില്ല. നിതീഷ് എന്ന ഒരു പുതിയൊരു സംവിധായകന്റെ പ്രൊജക്റ്റാണത്. എനിക്ക് വളരെ പ്രതീക്ഷയുള്ള, മലയാള സിനിമയ്ക്കു വലിയ വാഗ്ദാനമാകാൻ സാധ്യതയുള്ള ഒരു സംവിധായകനാണ് നിതീഷ്.

മുരളി ഗോപി തിരക്കഥ എഴുതി, കൃഷ്ണ കുമാർ സംവിധാനം ചെയ്തൊരു സിനിമയുടെ   ഡബ്ബിങ് നടക്കുന്നു. വിജയ് സേതുപതി പ്രൊഡ്യൂസ് ചെയ്യുന്ന ഒരു തമിഴ് വെബ് സീരീസിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ടി പദ്മനാഭന്റെ കഥകളെ ആസ്പദമാക്കി ഷെറി ഗോവിന്ദൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയും വരാനുണ്ട്. മേയ് മാസത്തിൽ ബിജു മേനോനെ നായകനാക്കി ജീത്തു ജോസഫ് ചെയ്യുന്ന പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യണം.

അഭിനയ ജീവിതം 30-ാം വർഷത്തിലേക്ക്. ഇക്കാലയളവിൽ നേരിട്ട പ്രതിസന്ധികളെ എങ്ങനെ നോക്കി കാണുന്നു? 

പാർവതി പരിണയമാണ് എന്റെ ആദ്യ സിനിമ. 1995ലാണ് ആദ്യസിനിമ സംഭവിക്കുന്നത്. ഇടയ്ക്ക് സീരിയലുകൾ ചെയ്തു, സിനിമകളില്ലാതെ ഇരുന്നിട്ടുണ്ട്. ഒട്ടും എളുപ്പമുള്ളതായിരുന്നില്ല എന്റെ യാത്ര. ഞാൻ അഭിനയം തുടങ്ങുന്ന സമയത്ത് സിനിമയിലെത്തി പെടാൻ തന്നെ പ്രയാസമായിരുന്നു. ചാൻസ് ചോദിച്ചു നടന്നും വർഷങ്ങളോളം കാത്തിരുന്നുമൊക്കെയാണ് അഭിനയജീവിതം തുടങ്ങുന്നത്.  ഇന്ന് പക്ഷേ സിനിമയിലെത്തുക എന്നത് താരതമ്യേന എളുപ്പമാണ്. സോഷ്യൽ മീഡിയ റീലുകളും ഷോർട്ട് ഫിലിമുകളുമൊക്കെ ശ്രദ്ധിക്കപ്പെട്ടാൽ പോലും ചിലപ്പോൾ സിനിമയുടെ ലോകത്തേക്കുള്ള വാതിൽ നിങ്ങൾക്കു മുന്നിൽ  തുറക്കാം. റീലൊക്കെ ചെയ്ത എത്രപേരാണ് സിനിമയിൽ വന്നത്. 

സിനിമയിൽ എത്താനുള്ള കഷ്ടപ്പാടിലും വലിയ വെല്ലുവിളിയാണ് സിനിമയിൽ നിലനിൽക്കുക എന്നത്.  ഒരുപാട് അനിശ്ചിതത്വം ഉള്ള മേഖലയാണ് സിനിമ. അവിടെ കൺസിസ്റ്റൻസിയോടെ തുടരാനാവുക പ്രയാസമാണ്. പലരും കുറെ കഴിയുമ്പോൾ മടുത്തു സിനിമ വിട്ടുപോവും. ബസൂക്ക ചെയ്ത സംവിധായകൻ കുറെ സിനിമയിൽ നായകനായിട്ടുണ്ട്, പിന്നീട് അദ്ദേഹത്തിനു അഭിനയം  തുടർന്നുപോവാൻ പറ്റിയില്ല.  അത് അഭിനയിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. നിലനിൽക്കുക എന്നത് വലിയ സമരമാണ്. 

30 വർഷമായി സിനിമ കൊണ്ടു ജീവിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് വലിയ സന്തോഷമുള്ള കാര്യമാണ്. ഒരുകാലത്ത് എനിക്കൊപ്പം ചാൻസ് അന്വേഷിച്ചു നടന്ന പലരും ഇന്നും സെറ്റുകളിൽ ചാൻസിനായി അലഞ്ഞുനടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരിൽ പലരും ഇന്നും എന്നെ വിളിച്ചു ചോദിക്കാറുണ്ട്, 'നീ നായകനല്ലേ, നിന്റെ പടത്തിലെങ്കിലും ഒരു ചാൻസ് മേടിച്ചു താടാ' എന്ന്. അത് വെച്ച് നോക്കുമ്പോൾ ഞാൻ ഭാഗ്യവാനാണ്. സൂപ്പർ സ്റ്റാർ ഒന്നും ആയില്ലെങ്കിലും ഇപ്പോഴും സിനിമയിൽ തന്നെ ആണ് എന്നത് സന്തോഷവും, അഭിമാനവും അത്ഭുതവും ഒക്കെയാണ് എനിക്ക്. 

Read More

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: