/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/04/22/mKuGAKzhDWrI5kavUwy9.jpg)
Thudarum Malayalam Movie Review & Rating: തുടരും തിയേറ്ററുകളിലെത്തി
Thudarum malayalam Movie Review & Rating: പിടിയാനയ്ക്കും കുട്ടിയാനകൾക്കുമൊപ്പം വിരാജിക്കുന്ന കൊമ്പനെ ഭയക്കേണ്ട, എന്നാൽ ഒറ്റയാനെ ഭയക്കാതെ തരമില്ല താനും, മുറിവേൽപ്പിച്ചവർ ആനപ്പകയിൽ ഒടുങ്ങുക തന്നെ ചെയ്യും! മോഹൻലാൽ - ശോഭന ജോഡികളെ കേന്ദ്രകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' ഒരർത്ഥത്തിൽ ഒരു ഒറ്റകൊമ്പന്റെ കഥയാണ്.
കൂട്ടുകാരും വീട്ടുകാരുമെല്ലാം ബെൻസ് എന്ന് വിളിക്കുന്ന ടാക്സി ഡ്രൈവറായ ഷൺമുഖം ഭാര്യ ലളിതയ്ക്കും മക്കൾക്കുമൊപ്പം റാന്നിയിലാണ് താമസം. തന്റെ മക്കളെ പോലെ കരുതി കൊണ്ട് നടക്കുന്ന ഒരു ബ്ലാക്ക് അംബാസിഡർ കാറാണ് ഷൺമുഖത്തിന്റെ അന്നം. തന്റെ കുടുംബവും ആ കാറും ഏതാനും കൂട്ടുകാരുമൊക്കെ ചേരുന്ന ഒരു ചെറിയ ലോകമാണ് ഷൺമുഖത്തിന്റേത്. തന്റെ കാർ ആരേലും തൊട്ടാൽ ഷണ്മുഖത്തിനു പൊള്ളും, അതിപ്പോൾ സ്വന്തം മകൻ ആയാൽ പോലും.
വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോവുന്ന ഷൺമുഖത്തിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ചില അനിഷ്ട സംഭവങ്ങൾ ഉണ്ടാവുന്നു. അതോടെ ഷൺമുഖത്തിന് പോലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ടി വരികയാണ്. നിസ്സാരമായി തീരുമെന്ന് കരുതിയ ആ കേസ് പക്ഷേ, മുന്നോട്ടു പോവും തോറും മുറുകുന്നു. ഒരു ചക്രവ്യൂഹത്തിൽ എന്നപോലെ ഷൺമുഖം പെട്ടുപോവുന്നു. ആ കെണിയിൽ നിന്നും ഷൺമുഖം രക്ഷപ്പെടുമോ? ആ ആകാംക്ഷ പ്രേക്ഷകരെ ചിത്രത്തിനൊപ്പം മുന്നോട്ടു നയിക്കും.
മോഹൻലാൽ ഫാൻസിനു ആഘോഷിക്കാനുള്ള ധാരാളം എലമെന്റുകൾ ഉള്ള, ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് തുടരും. മറ്റൊരു സന്തോഷം, മോഹൻലാൽ എന്ന താരത്തിനൊപ്പം മോഹൻലാലിലെ നടനെയും തരുൺ ഷൺമുഖത്തിലൂടെ പുറത്തെടുക്കുന്നു എന്നതാണ്. മലയാളികൾക്ക് ഇനിയും കണ്ടു മതിയായിട്ടില്ലാത്ത ആ പഴയ ലാൽ മാജിക് മിന്നിമറഞ്ഞു പോവുന്നുണ്ട് പല രംഗങ്ങളിലും. ഷൺമുഖമെന്ന കഥാപാത്രത്തിൽ സ്വഭാവികമായി ഉണ്ടാക്കുന്ന പരിവർത്തനം പ്രേക്ഷകർക്കും അനുഭവവേദ്യമാക്കുന്നത് ആ ലാൽ മാജിക് തന്നെയാണ്. ജോളി മൂഡിലുള്ള ഒരു അപ്പൻ, ഭാര്യയെ അല്പം പേടിയുള്ള ഭർത്താവ്... അങ്ങനെ വളരെ ഹോംലി ആയി മുന്നോട്ടുപോകുന്ന ആ കഥാപാത്രത്തിന്റെ ഒരു ഗിയർ ഷിഫ്റ്റുണ്ട് പ്ലോട്ടിൽ. അതിനെ ഏറ്റവും കൺവീൻസിങ് ആയി തന്നെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ തുടക്കത്തിലെ, മോഹൻലാൽ - ശോഭന ജോഡികളുടെ ഒരു കെമിസ്ട്രിയും പ്രേക്ഷകർക്കു നൊസ്റ്റാൾജിയ സമ്മാനിക്കുന്നതാണ്. പക്ഷെ കഥ മുന്നോട്ടു പോവുന്തോറും ശോഭനയുടെ കഥാപാത്രത്തിനു പെർഫോമിങ് ഏരിയകൾ കുറവായി തോന്നി. എന്നിരിക്കിലും ഉള്ള സ്പേസിൽ നെഞ്ചിൽ തറക്കുന്ന നോട്ടം കൊണ്ടും സ്ക്രീൻ പ്രസൻസ് കൊണ്ടുമൊക്കെ കയ്യടികൾ നേടുന്നുണ്ട് ശോഭന.
എടുത്തു പറയേണ്ട മറ്റൊരു പെർഫോമൻസ് പ്രകാശ് വർമ്മയുടേതാണ്. അടുത്തിടെ മലയാള സിനിമ കണ്ട കൊടൂര വില്ലന്മാരുടെ ലിസ്റ്റിൽ പ്രകാശ് വർമ്മയുടെ ജോർജ് സാറും കാണും. ബിനു പപ്പു, ഫർഹാൻ ഫാസിൽ, ഭാരതിരാജ എന്നിവരും ശ്രദ്ധ നേടുന്ന അഭിനയമാണ് കാഴ്ച വെച്ചത്. തോമസ് മാത്യു, ഇർഷാദ്, മണിയൻപിള്ള, ആർഷ ബൈജു, സംഗീത് പ്രതാപ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.
സംവിധായകനായ തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നൊരുക്കിയ തിരക്കഥയ്ക്ക് പ്രേക്ഷകരെ ഹുക്ക് ചെയ്തു നിർത്താൻ സാധിക്കുന്നുണ്ട്. ഇടയ്ക്ക് ചില ഏരിയകൾ ഫ്ളാറ്റായി പോവുന്നുണ്ടെങ്കിലും ആകെത്തുകയിൽ ചിത്രത്തിന്റെ സസ്പെൻസ് എലമെന്റുകൾ നിലനിർത്തി തന്നെയാണ് തിരക്കഥയുടെ മുന്നോട്ടു പോക്ക്.
മോഹൻലാൽ ചിത്രങ്ങളുടെയും സോഷ്യൽ മീഡിയ ട്രോളുകളുടെയുമൊക്കെ റഫറൻസുകളുകൾ ധാരാളമായി ചിത്രത്തിൽ കാണാം. തുടക്കത്തിൽ ആ ഡയലോഗുകളൊക്കെ ചിരിയുണർത്തുന്നുണ്ടെങ്കിലും ഇത്തരം റഫറൻസ് ഡയലോഗുകളുടെ അതിപ്രസരം പോകെപോകെ തിരക്കഥയിൽ കല്ലുകടിയായി തോന്നി. സംഭാഷണങ്ങളുടെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട് ഫോഴ്സ്ഡായി കഥയിലേക്ക് നുഴഞ്ഞുകയറുന്ന ഇത്തരം റഫറൻസുകൾ.
ജേക്സ് ബിജോയുടെ സംഗീതം ചിത്രത്തെ പലയിടത്തും എലവേറ്റ് ചെയ്യുന്നു. ഷാജികുമാറിന്റെ ഛായാഗ്രഹണവും കയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും കാടും ചുരവും രാത്രി ദൃശ്യങ്ങളുമൊക്കെ വരുന്ന രംഗങ്ങളിൽ. മോഹൻലാലിന്റെ ഗംഭീരമായ ചില ക്ലോസപ്പ് ഷോട്ടുകളും ചിത്രത്തിൽ കാണാം. സ്റ്റണ്ട് സിൽവയുടെ സംഘട്ടനരംഗങ്ങളും ശ്രദ്ധ കവരും. നിഷാദ് യൂസഫ്, ഷഫീഖ് വി.ബി എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റേഴ്സ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്.
കുറേനാളുകൾക്കു ശേഷം, മലയാളികൾ കാണാനാഗ്രഹിച്ച, അമാനുഷികത ഇല്ലാത്ത ഒരു മോഹൻലാലിനെ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തിക്കാൻ തരുൺ മൂർത്തിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, 'ഒരു സൂപ്പർസ്റ്റാർ സിനിമയെന്ന വലിയ ഉത്തരവാദിത്വം' തരുണിലെ സംവിധായകനെ അൽപ്പമൊന്നു പരിഭ്രാന്തനാക്കിയിരുന്നോ എന്നു സിനിമ കാണുമ്പോൾ സംശയം തോന്നും. കാരണം, മോഹൻലാലിലേക്ക് കൂടുതൽ ഫോക്കസ് ചെയ്യപ്പെട്ടപ്പോൾ, ചുറ്റുമുള്ള പല കഥാപാത്രങ്ങളും അപ്രസക്തമായി പോയതുപോലെ തോന്നി. തരുണിന്റെ മുൻകാല ചിത്രങ്ങളെ വച്ചു നോക്കുമ്പോൾ, ചെറിയ കഥാപാത്രങ്ങൾക്കു പോലും നൽകാറുള്ള ഡീറ്റെയിലിംഗും കഥാപാത്രങ്ങളുടെ സ്വാഭാവികതയും ഇവിടെ മിസ്സ് ചെയ്യുന്നുണ്ട്. എന്നിരുന്നാലും, തിയേറ്റർ അനുഭവം ആവശ്യപ്പെടുന്ന, 2:45 മണിക്കൂറോളം പ്രേക്ഷകരെ എൻഗേജ് ചെയ്ത് ഇരുത്തുന്ന ചിത്രം തന്നെയാണ് 'തുടരും'.
Read More
- തീപ്പൊരി സ്റ്റെപ്പുമായി ചാക്കോച്ചന്റെ ഇസഹാഖ്; മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന് ആരാധകർ
- അടുത്ത ജന്മത്തിൽ പ്രഭാസിനെ പോലെ ഒരു മകനെ വേണം: സറീന വഹാബ്
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തുന്ന മലയാളചിത്രങ്ങൾ
- രണ്ടു തവണ ക്ഷയരോഗം വന്നു, ശരീരഭാരം 75ൽ നിന്നും 35ൽ എത്തി; അതിജീവനകഥ പങ്കുവച്ച് സുഹാസിനി
- 'മെസ്സി അണ്ണനു ആവാമെങ്കിൽ നമ്മടെ ചെക്കനുമാവാം'; സംഗീതിന്റെ പുരസ്കാരനേട്ടം ആഘോഷമാക്കി സുഹൃത്തുക്കൾ
- മലയാളി ഡാ, തായ്വാൻ ഫിലിം ഫെസ്റ്റിവലിൽ മുണ്ടുടുത്ത് ടൊവിനോ: ചിത്രങ്ങൾ
- 10 ലക്ഷം പ്രതിഫലം കിട്ടുന്ന പരിപാടിയ്ക്ക് 400 രൂപയുടെ ടോപ്പുമിട്ട് വന്നയാളാണ്: മഞ്ജു വാര്യരെ കുറിച്ച് പിഷാരടി
- ചിത്ര ചേച്ചിയല്ലാതെ വേറെയാരും അങ്ങനെയൊന്നും ചെയ്യില്ല: ദിലീപ്
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.