scorecardresearch

Aavesham Movie Review: ആവേശം അൺലിമിറ്റഡ്, ഫഫ മാജിക് വീണ്ടും: റിവ്യൂ

Aavesham Movie Review: ഫഹദാണ് ആവേശത്തിന്റെ ആത്മാവ്. ശരീര ഭാഷ കൊണ്ടും ഇതുവരെ ചെയ്യാത്ത തരം ആക്ഷൻ രംഗങ്ങൾ കൊണ്ടും ഫഹദ് സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നു

Aavesham Movie Review: ഫഹദാണ് ആവേശത്തിന്റെ ആത്മാവ്. ശരീര ഭാഷ കൊണ്ടും ഇതുവരെ ചെയ്യാത്ത തരം ആക്ഷൻ രംഗങ്ങൾ കൊണ്ടും ഫഹദ് സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നു

author-image
Aparna Prasanthi
New Update
Aavesham Movie Review

Aavesham Movie Review

Aavesham Movie Review: മലയാള സിനിമയുടെ പേരുകൾ വിചിത്രമാവുന്നതിനെ പറ്റി നിരന്തരം ചർച്ചയാവുന്ന സമയത്താണ് ' ആവേശം ' എന്ന വളരെ ലളിതമായ പേരുമായി ജിത്തു മാധവന്റെ രണ്ടാം സിനിമ വരുന്നത്. പേര് പോലെ തന്നെ സിനിമയുടെ ഉദ്ദേശവും ആവേശം പകരലാണ്. ഒരു ഉത്സവകാല ആക്ഷൻ  സിനിമയുടെ മാസ്സ് പേര് പോലെ തന്നെ കാണികളിൽ എത്തിക്കാൻ ഉള്ള ശ്രമമാണ് വളരെ ലളിതമായി പറഞ്ഞാൽ ആവേശം. ആവേശം പകരുക എന്ന ലക്ഷ്യം മാത്രമാണ് സിനിമക്കുള്ളത്. ആ ലക്ഷ്യം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. 

Advertisment

രോമാഞ്ചം പോലെ തന്നെ ബാംഗ്ലൂർ നഗരം തന്നെയാണ് ആവേശത്തിന്റെയും ഭൂമിക. ബാംഗ്ലൂർ എഞ്ചിനിയറിങ്ങ് കോളേജിൽ പഠിക്കാനെത്തുന്ന മൂന്ന് ആൺകുട്ടികളും അവർ ജീവിതത്തിലേക്ക് അറിയാതെ വലിച്ചു കയറ്റുന്ന രംഗന്റെയും സംഘത്തിന്റെയും കഥയാണ് ആവേശം. പ്രത്യക്ഷത്തിൽ ഒരു മാസ് ആക്ഷൻ സിനിമയാണെങ്കിലും സ്പൂഫിന്റെയും കമിങ് ഓഫ് ഏജിന്റെയും മാജിക്കൽ റിയലിസത്തിന്റെയുമൊക്കെ സാധ്യതകൾ കാണികൾക്ക് മുന്നിൽ തുറന്നിടുന്നുണ്ട്. അതേ സമയം ഹൈ ഓൺ ആക്ഷൻ പാക്കേജ് എന്ന രീതിയിൽ നിന്ന് സിനിമ മാറുന്നുമില്ല. രോമാഞ്ചത്തിന്റെ  രണ്ടാം ഭാഗമാവുമോ എന്ന ഊഹം നിലനിന്നെങ്കിലും അതുമായി പ്രകട സാമ്യങ്ങളൊന്നും ആവേശത്തിനില്ല. പക്ഷേ സിനിമയിലെ കഥാപാത്രങ്ങൾക്ക് രോമാഞ്ചത്തിലേതു പോലെയൊരു കാരിക്കേച്ചർ സ്വഭാവം ആവേശത്തിനുമുണ്ട്. ആവേശത്തിൽ കണ്ട കഥാപാത്രങ്ങൾക്ക് കുറച്ചു കൂടി അത്തരമൊരു സാധ്യത നിലനിൽക്കുന്നുണ്ട്.

 വളരെ ലളിതമായ ഒറ്റ വരിയിൽ പറയാവുന്ന കഥ ആവേശത്തിനില്ല. വ്യവസ്ഥാപിതമായ നിർമിതിയോ തിരക്കഥയോ അല്ല ആവേശത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്. ആക്ഷൻ കൊറിയോഗ്രഫിയും പശ്ചാത്തല സംഗീതവും ഇതിനേക്കാളെല്ലാം പ്രാധാന്യത്തോടെ പലയിടങ്ങളിലും  മുന്നോട്ട് നിൽക്കുന്നതും ആവേശത്തിൽ കാണാം. അത്തരം കാഴ്ചകൾ പരിചയിക്കുന്നവർക്ക് തിയേറ്റർ കാഴ്ചയിൽ രസമുള്ള അനുഭവമാണ് ആവേശം.

ഫഹദ് ഫാസിലിന്റെ രംഗൻ അദ്ദേഹം ഇതുവരെ ചെയ്യാത്ത തരം കഥാപാത്രമാണ്. ശരീര ഭാഷ കൊണ്ടും ഇതുവരെ ചെയ്യാത്ത തരം ആക്ഷൻ രംഗങ്ങൾ കൊണ്ടും ഫഹദ് സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നു. ഫഹദ് ഫാസിലെന്ന നടനാണ് ആവേശത്തിന്റെ ആത്മാവ് എന്ന് പറയാം. ചിലയിടങ്ങളിൽ രാജമാണിക്യത്തെ ഓർമിപ്പിച്ചെങ്കിലും ഈയടുത്ത് എഴുതപ്പെട്ട വ്യത്യസ്തമായ ഗാങ്സ്റ്റർ കഥാപാത്രമാണ് രംഗൻ. രംഗയും അമ്പയും തമ്മിലുള്ള സംഭാഷണങ്ങൾ പലപ്പോഴും ബാലരമയിലെ വിക്രമനെയും മുത്തുവിനെയും ഓർമിപ്പിച്ചു. അങ്ങനെയൊരു കാരിക്കേച്ചർ സ്വഭാവം പലയിടങ്ങളിലും രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഹിപ്സ്റ്റർ, മിഥുൻ ജയശങ്കർ, റോഷൻ ഷാനവാസ്‌, സജിൻ ഗോപു എന്നിവരും നല്ല രീതിയിൽ ആവേശത്തിന്റെ താളത്തിനൊത്ത് സ്‌ക്രീനിൽ നിറഞ്ഞു നിന്നു. 

Advertisment

ബാംഗ്ലൂർ നഗരം മലയാള സിനിമയിലെ സമ്പന്നമായ, സമൃദ്ധമായ അനുഭവമാണ് പൊതുവെ. പക്ഷെ ജിത്തു മാധവന്റെ രണ്ട് സിനിമകളിലും അവിടേക്ക് പോകുന്ന ശരാശരി മലയാളികളുടെ അതിജീവനമാണ് വിഷയം. അത്തരമൊരു നഗരത്തിൽ ജീവിക്കുന്ന  തലമുറയ്ക്ക് കണക്റ്റ് ചെയ്യാനുള്ള സാധ്യതയാണ് സിനിമകൾക്ക് കിട്ടുന്ന കയ്യടികൾ. ഹാസ്യം പോലും അത്തരമൊരു വിഭാഗത്തെ പരിഗണിച്ച് എഴുതിയതാണ്. രോമാഞ്ചം വിജയിപ്പിച്ച ആ വിഭാഗം തന്നെയാണ് ഇവിടെയും സംവിധായകൻ ലക്ഷ്യം വച്ച കാണികൾ. രണ്ടാം പകുതിയിൽ ചില ഭാഗത്ത് ആദ്യ പകുതിയുടെ കൈയൊതുക്കം നഷ്ടപ്പെടുന്നുണ്ട്. ഇടയ്ക്ക് തിരക്കഥയുടെ അയവ് സ്‌ക്രീനിൽ തെളിഞ്ഞു കണ്ടു. 

സ്പൂഫ് സിനിമകളുടെ, ആക്ഷൻ രംഗങ്ങളുടെ, ഇൻസ്റ്റഗ്രാം അടക്കം കടന്നു വരുന്ന ഹാസ്യത്തിന്റെ ഒക്കെ പുതുതലമുറ പ്രാതിനിധ്യം ആണ് ജിത്തുവിന്റെ നിർമിതികളിൽ കാണാനാവുക. ആ സാധ്യത ഇഷ്ടപ്പെടുന്നവർക്ക് തിയേറ്റർ കാഴ്ച നിരാശ സമ്മാനിക്കാത്ത സിനിമയാവും ആവേശം. അതോടൊപ്പം തിയേറ്ററിൽ ഓളം ഉണ്ടാക്കുക എന്ന ലക്ഷ്യം സിനിമ വിജയകരമായി നിർവഹിക്കുന്നുണ്ട്.

Read More Entertainment Stories Here

Fahadh Faasil Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: