/indian-express-malayalam/media/media_files/2025/04/17/rWKqcqijoETFRcqXU2dE.jpg)
സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മൃദുല വിജയ്. 'ഇഷ്ടം മാത്രം' എന്ന സീരിയലിൽ അഭിനയിക്കുകയാണ് മൃദുല ഇപ്പോൾ. ജീവിതം നേരിട്ട ചില പ്രതിസന്ധികളെ കുറിച്ച് അടുത്തിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ മൃദുല തുറന്നു പറയുകയുണ്ടായി.
സീരിയൽ ഇഷ്ടമല്ലാഞ്ഞിട്ടും വീട്ടിലെ ചില സാഹചര്യങ്ങൾ കാരണം അഭിനയരംഗത്തെത്തിയ ആളാണ് താനെന്നാണ് മൃദുല പറയുന്നത്. ജീവിതത്തിൽ നേരിടേണ്ടി വന്ന ചില കുത്തുവാക്കുകളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും മൃദുല മനസ്സു തുറന്നു. മൃദുല വിവാഹിതയാവുന്നതിനു മുൻപായിരുന്നു, നടിയുടെ സഹോദരി പാർവതി ഒളിച്ചോടി വിവാഹം ചെയ്തത്. പാർവതി വിജയും സീരിയൽ രംഗത്ത് സജീവമാണ്.
"അനിയത്തി ഒളിച്ചോടി വിവാഹം ചെയ്തത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.
അച്ഛനമ്മമാരെക്കാളും അടുപ്പം എനിക്ക് അനിയത്തി ആയിട്ടായിരുന്നു. അന്നും ഞങ്ങൾ ഒന്നിച്ചായിരുന്നു കിടന്നുറങ്ങിയത്. രാവിലെ എണീറ്റപ്പോൾ ആളെ കാണാനില്ല. രാവിലെ അഞ്ചരയ്ക്കാണ് അവൾ പോയ കാര്യം ഞങ്ങൾ അറിയുന്നത്. ആരുടെ കൂടെയാണ് പോയതെന്നോ എങ്ങോട്ടാണ് പോയതെന്നോ ഞങ്ങൾക്കറിയില്ല. ഞാനും അച്ഛനും അമ്മയുമൊക്കെ ഒരുപാട് വിഷമിച്ചു."
"അന്നെനിക്ക് ഷൂട്ടിനു പോവണമായിരുന്നു, ആറരയ്ക്ക് വണ്ടി വരും. അത്രയും വിഷമത്തിൽ നിൽക്കുമ്പോഴും, ഞാൻ അവിടെ ഗിവ് അപ് ചെയ്യാൻ റെഡിയായിരുന്നില്ല. ഇക്കാര്യം പറഞ്ഞ് ഞാൻ ഷൂട്ടിനു പോവാതെ വീട്ടിലിരുന്നു കഴിഞ്ഞാൽ നാളെ എന്റെ കുടുംബത്തെ നോക്കേണ്ടത് ഞാൻ തന്നെയാണ്. ആറരയ്ക്ക് ഞാൻ റെഡിയായി ലൊക്കേഷനിൽ പോയി. എട്ടരയ്ക്ക് ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ എല്ലാവരുടെയും ഫോണിൽ മെസേജ് വന്നുതുടങ്ങിയിരുന്നു. അനിയത്തിയുടെ രഹസ്യവിവാഹം കഴിഞ്ഞ കാര്യം. മെസേജ് കണ്ട് അവരെല്ലാം എന്നെ നോക്കുന്നതു കണ്ടപ്പോൾ എനിക്കു കാര്യം മനസ്സിലായി."
"ഒരുപാട് കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്, അനിയത്തി പോയതിനു പോലും എന്നെ കുറ്റപ്പെടുത്തിയവരുണ്ട്. അനിയത്തിയാണ് പോയത്, എന്തിന് അവരെല്ലാം എന്നെ കുറ്റം പറയണം?," മൃദുല ചോദിച്ചു.
"മുൻപ് സീരിയൽ ഓഫറുകൾ വന്നിരുന്നെങ്കിലും വേണ്ടെന്ന് വെക്കുകയായിരുന്നു, അന്നൊക്കെ താൽപ്പര്യം സിനിമയോടായിരുന്നു. ഞാൻ പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് അച്ഛനും അമ്മയ്ക്കും ഒരു ആക്സിഡന്റ് സംഭവിച്ചു. ഞങ്ങൾക്ക് ജീവിക്കാൻ വേറെ വഴിയില്ല, സാമ്പത്തിക പ്രശ്നങ്ങളുണ്ട്. അപ്പോഴാണ് ജനാർദനൻ സാറിന്റെ സീരിയലിലേക്ക് വിളിക്കുന്നത്. വേറൊരു നിവൃത്തിയില്ലാത്തതിനാൽ സീരിയൽ ചെയ്യാമെന്ന് അമ്മ പറഞ്ഞു. ഞങ്ങൾക്ക് സ്വന്തമായൊരു വീടില്ലായിരുന്നു, ജനിച്ച കാലം മുതൽ വാടകവീട്ടിലാണ് താമസം. ഒറ്റ സീരിയൽ കൊണ്ട് നിർത്താം എന്നു വിചാരിച്ചു ആണ് അഭിനയം തുടങ്ങിയത്. പക്ഷേ ഏഴാമത്തെ സീരിയലാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്," മൃദുല പറയുന്നു.
"അച്ഛന്റെയും അമ്മയുടെയും ആക്സിഡന്റ് സമയത്ത് ഞങ്ങളൊരുപാട് ബുദ്ധിമുട്ടി. മെഡിക്കൽ കോളേജിലായിരുന്നു ചികിത്സയൊക്കെ. ആ സമയത്ത് ഞങ്ങൾ വാർഡിലാണ് കിടന്നിരുന്നത്. പരീക്ഷ കഴിഞ്ഞ് ഞാൻ നേരെ ആശുപത്രിയിലേക്കാണ് പോകുക. വാർഡിൽ അമ്മയ്ക്കൊപ്പം നിൽക്കും. അമ്മയുടെ കട്ടിലിൽ തന്നെ കിടക്കും. അനിയത്തി വീട്ടിൽ ഇരുന്ന് അച്ഛനെ നോക്കും. അന്ന് അവൾ പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന സമയമാണ്. അവൾക്ക് പ്ലസ് ടുവിൽ ചേരാൻ പണം വേണം. എനിക്ക് ഡിഗ്രി ചെയ്യാനും പൈസ വേണം. അവൾ പഠിച്ചോട്ടെ എന്നു വിചാരിച്ച് ഞാൻ ഡിഗ്രിക്ക് ചേർന്നില്ല. പകരം ഡിസ്റ്റന്റ് ആയി ബിഎ സൈക്കോളജി പഠിച്ചു'', പിന്നിട്ട കാലം മൃദുല ഓർത്തെടുക്കുന്നതിങ്ങനെ.
മൃദുലയുടെ സഹോദരി പാർവതി വിവാഹം ചെയ്തത് സീരിയല്‍ ക്യാമറമാനായ അരുണിനെയാണ്. ദമ്പതികൾക്ക് ഒരു മകളാണ് ഉള്ളത്. വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി നടത്തിയ ആ വിവാഹം പക്ഷേ അധികം വൈകാതെ വേർപിരിഞ്ഞു. അടുത്തിടെ ഇരുവരും ഡിവോഴ്സ് ആയിരുന്നു. ഇപ്പോൾ അച്ഛനമ്മമാർക്കൊപ്പമാണ് പാർവതിയുടെ താമസം.
Read More
- മുറിച്ചു മാറ്റുന്നതിന് മുൻപ് ആള് കയറി, മുറിച്ച് മാറ്റിയത് കാണാൻ ആള് കേറി, എന്തായാലും സന്തോഷം; ഗണേഷ് കുമാർ
- മലയാളി ഡാ, തായ്വാൻ ഫിലിം ഫെസ്റ്റിവലിൽ മുണ്ടുടുത്ത് ടൊവിനോ: ചിത്രങ്ങൾ
- 10 ലക്ഷം പ്രതിഫലം കിട്ടുന്ന പരിപാടിയ്ക്ക് 400 രൂപയുടെ ടോപ്പുമിട്ട് വന്നയാളാണ്: മഞ്ജു വാര്യരെ കുറിച്ച് പിഷാരടി
- ചിത്ര ചേച്ചിയല്ലാതെ വേറെയാരും അങ്ങനെയൊന്നും ചെയ്യില്ല: ദിലീപ്
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.