/indian-express-malayalam/media/media_files/VVEbvqJVOdXntjJamsst.jpg)
അതിമനോഹരമായ ബീച്ചുകളും പുരാതന ക്ഷേത്രങ്ങളും മുതൽ തിരക്കേറിയ മാർക്കറ്റുകളുമടക്കം പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന ഇന്തോനേഷ്യ സഞ്ചാരികളെ വിസാ ഫ്രീ ഓഫർ നൽകിയാണ് സ്വാഗതം ചെയ്യുന്നത് |ഫൊട്ടോ: ഫ്രീപിക്
ലോക ടൂറിസം ഭൂപടത്തിൽ രേഖപ്പെടുത്തിയ നിരവധി മനോഹരമായ ടൂറിസ്റ്റ് സ്പോട്ടുകളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഇപ്പോഴിതാ ഇന്ത്യൻ സഞ്ചാരികൾകക്കായി വിസരഹിത പ്രവേശനത്തിൻ്റെ ഓഫർ ഒരുക്കുകയാണ് അവർ. ആകർഷകമായ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇന്തോനേഷ്യയെന്ന ദ്വീപ് രാജ്യത്തെ മനോഹരമാക്കുന്നത്.
അതിമനോഹരമായ ബീച്ചുകളും പുരാതന ക്ഷേത്രങ്ങളും മുതൽ തിരക്കേറിയ മാർക്കറ്റുകളുമടക്കം പ്രകൃതി ഭംഗി നിറഞ്ഞു നിൽക്കുന്ന ഇന്തോനേഷ്യ സഞ്ചാരികളെ വിസാ ഫ്രീ ഓഫർ നൽകിയാണ് സ്വാഗതം ചെയ്യുന്നത്. അമേരിക്ക, ചൈന, ഓസ്‌ട്രേലിയ, ഇന്ത്യ, ദക്ഷിണ കൊറിയ, ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുള്ള പട്ടികയാണ് ഇന്തോനേഷ്യ ഇതിനായി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അത്തരത്തിൽ 20 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ രഹിത പ്രവേശനം നൽകാനാണ് ഇന്തോനേഷ്യ ആലോചിക്കുന്നത്.
ടൂറിസം മന്ത്രി സാൻഡിയാഗ യുനോ വ്യാഴാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. പുതിയ പാക്കേജിന് പിന്നിലെ ലക്ഷ്യം ടൂറിസത്തെ ഉത്തേജിപ്പിക്കുകയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണെന്ന് വ്യക്തമാണ്. റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടുകൾ പ്രകാരം വിനോദ സഞ്ചാരത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും, അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കാനുമായുള്ള ഇന്തോനേഷ്യൻ പ്രസിഡന്റിന്റെ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ നീക്കം.
കൂടുതൽ നിക്ഷേപം ആകർഷിക്കാനും സഹായകരമാകുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾ അടുത്ത മാസത്തിനുള്ളിൽ പൂർത്തിയാക്കും. അതിന്റെ ഭാഗമായി വിസ ഒഴിവാക്കലിന് അർഹതയുള്ള രാജ്യങ്ങളുടെ തിരഞ്ഞെടുപ്പ് ഉടൻ തന്നെ പൂർത്തിയാകും. പുതിയ ഓഫറുമായി ഇന്തോനേഷ്യയെന്ന മനോഹരമായ പ്രദേശം ഇന്ത്യൻ സഞ്ചാരികളെ സ്വാഗതം ചെയ്യുമ്പോൾ അവിടെ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളെ നമുക്കൊന്ന് അറിഞ്ഞിരിക്കാം.
ദൈവങ്ങളുടെ ദ്വീപായ ബാലി
നീല കടലിന്റെ മനോഹാരിതയ്ക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ബാലി ഇന്തോനേഷ്യയുടെ സൗന്ദര്യത്തിന്റെ തെളിവായി നിൽക്കുന്ന പ്രധാന ടൂറിസം കേന്ദ്രമാണ്. സമൃദ്ധമായ ഭൂപ്രകൃതി പുരാതന ക്ഷേത്രങ്ങൾ, പ്രാകൃതമായ ബീച്ചുകൾ എന്നിവയാൽ സമ്പന്നമായ ബാലി, "ദൈവങ്ങളുടെ ദ്വീപ്" എന്നാണ് അറിയപ്പെടുന്നത്.
ഏറെ വ്യത്യസ്തതകളാൽ സമ്പന്നമാണ് ബാലിനീസ് സംസ്കാരം. അവയിൽ മുഴുകാനും പരമ്പരാഗത നൃത്ത പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാനും പാറക്കെട്ടുകളിൽ സ്ഥിതി ചെയ്യുന്ന ഉലുവാട്ടു ക്ഷേത്രം പോലുള്ള ഐക്കണിക് ലാൻഡ് മാർക്കുകൾ കാണാനും ഇന്ത്യൻ സഞ്ചാരികൾക്ക് സാധ്യമാകും.
ജാവയുടെ സാംസ്കാരിക ഹൃദയഭൂമിയായ യോഗ്യക്കാർത്ത
ജാവ ദ്വീപിൽ സ്ഥിതി ചെയ്യുന്ന യോഗ്യക്കാർത്ത, പാരമ്പര്യത്തെ ആധുനികതയുമായി സമന്വയിപ്പിക്കുന്ന ഒരു സാംസ്കാരിക സങ്കേതമാണ്. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രമായ ബോറോബുദൂരിന്റെയും, അതിമനോഹരമായ ഹിന്ദു ക്ഷേത്രസമുച്ചയമായ പ്രംബനന്റെയും വാസ്തുവിദ്യാ വിസ്മയങ്ങൾ ഇന്ത്യൻ സഞ്ചാരികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കും. യോഗ്യക്കാർത്തയിലെ മാർക്കറ്റുകളും ബാത്തിക് വർക്ക് ഷോപ്പുകളും, പരമ്പരാഗത പ്രകടനങ്ങളും ഇന്തോനേഷ്യൻ പൈതൃകത്തിന്റെ നേർക്കാഴ്ചകളാണ്.
ഡ്രാഗണുകളുടെ സ്വന്തം കൊമോഡോ ദ്വീപ്
സാഹസികരായ സഞ്ചാരികൾക്ക് പറ്റിയ സ്പോട്ടാണ് കൊമോഡോ ദ്വീപ് . ലോകത്തിലെ ഏറ്റവും വലിയ പല്ലികളായ, പ്രസിദ്ധമായ കൊമോഡോ ഡ്രാഗണുകളുടെ ഈറ്റില്ലമാണ് ഇവിടം. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ കൊമോഡോയിൽ ഇന്ത്യൻ സഞ്ചാരികൾക്ക് കൊമോഡോ ഡ്രാഗണുകളെ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാനുള്ള അവസരം ഒരുക്കുന്നു.
സെൻട്രൽ ബാലിയിലെ ശാന്തതയുടെ തീരമായ ഉബുദ്
ബാലിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉബുദ്, ശാന്തമായ ഭൂപ്രകൃതികൾക്കും, സമൃദ്ധമായ നെൽ മട്ടുപ്പാവുകൾക്കും, കലാസാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും പേരുകേട്ട ശാന്തമായ ഒരു വിശ്രമ കേന്ദ്രമാണ്. ഇന്ത്യൻ സഞ്ചാരികൾക്ക് ഉബുദിന്റെ സമൃദ്ധമായ ചുറ്റുപാടിൽ മങ്കി ഫോറസ്റ്റിന്റെ വ്യത്യസ്തത ആസ്വദിക്കാം. ഒപ്പം പരമ്പരാഗത ബാലിനീസ് സ്പാ തെറാപ്പികളുടെ അനുഭവം നൽകുമെന്നതും ഉബുദിന്റെ പ്രത്യേകതയാണ് . പട്ടണത്തിലെ ആർട്ട് ഗാലറികൾ, ക്രാഫ്റ്റ് മാർക്കറ്റുകൾ, ഹോളിസ്റ്റിക് വെൽനസ് ഓഫറുകൾ എന്നിവയും ഉബുദിനെ സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്പോട്ടാക്കി മാറ്റും.
Read More Trending Stories Here
- ഇതെന്താ സമരമാണോ?; ആകാശത്ത് നിശ്ചലമായ വിമാനം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
- ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ കണ്ട റീലിനുടമ ഈ മലപ്പുറത്തുകാരൻ
- ആരാധകന്റെ ബൈക്ക് സ്വന്തം വസ്ത്രം കൊണ്ടു തുടച്ച് ധോണി; വൈറൽ വീഡിയോ
- പാരച്യൂട്ടിൽ പറക്കുന്ന 97കാരിയെ കണ്ടുഞെട്ടി സൈബർലോകം; വീഡിയോ
- ഇങ്ങനെ കത്തെഴുതിയാൽ ആരായാലും വീണു പോകും
- അച്ഛന്റെ നെഞ്ചിൽ പതിഞ്ഞ മുഖം; ടാറ്റൂ കണ്ട് അമ്പരന്ന് മകൾ
- വിളി ഐ ടി വകുപ്പിനെ: 20 ലക്ഷത്തിന്റെ നോട്ട് മാലയണിഞ്ഞെത്തി വരന്, വീഡിയോ
- ബൈക്കുകളുടെ ശ്മശാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us