/indian-express-malayalam/media/media_files/jvHu80ajysPDJkVucZjY.jpg)
(ചിത്രം: ഇൻസ്റ്റാഗ്രാം/മുഹമ്മദ് റിസ്വാൻ)
മുഹമ്മദ് റിസ്വാൻ, ഈ പേരാണ് കുറച്ചു ദിവസമായി വാർത്താമാധ്യമങ്ങളിൽ നിറയുന്നത്. വെള്ളച്ചാട്ടത്തിലേക്ക് ഫുട്‌ബോള്‍ അടിച്ചുവിടുന്ന റിസ്വാന്റെ റീൽ വൈറലാകാൻ തുടങ്ങിയതോടെയാണ് മലപ്പുറം സ്വദേശിയായ ഈ 21കാരൻ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും അധികം കാഴ്ചക്കാരുള്ള റീൽ എന്ന റെക്കോർഡിട്ട 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പിന്നീട്, പ്രശസ്തനായ ഇറ്റാലിയൻ ഇൻഫ്ലുവൻസർ കാബിയുടെ ഫുട്‌ബോള്‍ ലേണ്‍ ഫ്രം കാബി എന്ന ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട റീലിനെയും മറികടന്ന് ഒന്നാമതെത്തി.
ഇപ്പോഴിതാ മറ്റൊരു ഭീമമായ സംഖ്യ കൂടിയാണ് വീഡിയോ പിന്നിട്ടിരിക്കുന്നത്. 403 ദശലക്ഷം പേരാണ് ഇതോടെ മുഹമ്മദ് റിസ്വാൻ എന്ന മലയാളിയുടെ വിഡിയോ കണ്ടിരിക്കുന്നത്. 6.4 ദശലക്ഷം ലൈക്കുകളും വീഡിയോ നേടി. വീഡിയോ പങ്കുവച്ച ആദ്യദിനം തന്നെ വീഡിയോ ഒരു ദശലക്ഷത്തിലധികം ആളുകൾ കണ്ടിരുന്നു.
അരീക്കോട് മങ്കട സ്വദേശിയായ അബ്ദുല്‍ മജീദിന്റെയും മൈമൂനയുടെയും മകനാണ് മുഹമ്മദ് റിസ്‌വാൻ. വിദേശരാജ്യങ്ങളിൽ പ്രധാനമായി കണ്ടുവരുന്ന ഫുട്‌ബോള്‍ പ്രകടനമാണ് ഫ്രീ സ്റ്റൈൽ. മൂന്ന് വർഷം മുമ്പാണ് മുഹമ്മദ് റിസ്വാൻ ഫ്രീ സ്റ്റൈലിലേക്ക് എത്തുന്നത്. വിദേശ രാജ്യങ്ങളിലെ ഫ്രീ സ്റ്റൈൽ താരങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് റിസ്വാൻ ഫ്രീ സ്റ്റൈൽ രംഗത്തെത്തുന്നത്.
ഫുട്‌ബോളിൽ സ്കിൽ കാണിക്കുന്ന നിരവധി വീഡിയോകളും റിസ്വാൻ പങ്കുവച്ചിട്ടുണ്ട്. മൊബൈൽ ഫോണുകൊണ്ടുള്ള റിസ്വാന്റെ ഫ്രീ സ്റ്റൈൽ പ്രകടനത്തിന്റെ റീലും ഇൻസ്റ്റഗ്രാമിൽ 82 ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി വൈറലാകുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.