scorecardresearch

വാഹനങ്ങൾ വെള്ളത്തിൽ അകപ്പെട്ടാൽ  ഉടനടി ചെയ്യേണ്ടതെന്ത്?

വെള്ളപ്പൊക്കത്തിൽ അകപ്പെടുന്ന വാഹനങ്ങളുടെ കാര്യത്തിൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ 

വെള്ളപ്പൊക്കത്തിൽ അകപ്പെടുന്ന വാഹനങ്ങളുടെ കാര്യത്തിൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ 

author-image
WebDesk
New Update
Kerala RAIN

രണ്ടു ദിവസമായി സംസ്ഥാനത്ത് പലയിടത്തും തുടരുന്ന മഴ ഏവരെയും ആശങ്കാകുലരാക്കിയിരിക്കുകയാണ്. വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം 199 ആയിരിക്കുകയാണ്.  191 പേരാണ് ചികിത്സയിലുള്ളത്.  കോഴിക്കോടും തൃശൂരും പാലക്കാടും കണ്ണൂരുമൊക്കെ , കനത്ത മഴയിൽ വ്യാപകനാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

Advertisment

കനത്തമഴയിൽ കര കവിയുന്ന പുഴകളും തുറന്നുവിട്ട ഡാമുകളുമെല്ലാം ചേർന്ന് കേരളത്തെ വെള്ളക്കെട്ടാക്കുന്ന കാഴ്ച ഇപ്പോൾ സർവസാധാരണമായി മാറിയിരിക്കുകയാണ്. അപ്രതീക്ഷിതമായ മഴയിലും മഴവെള്ളപ്പാച്ചിലും മുങ്ങി നടുറോഡിലും വഴിയരികിലും കാർപോർച്ചിലുമൊക്കെ പെട്ടുപോകുന്ന വാഹനങ്ങൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പലരും. 

വെള്ളപ്പൊക്കത്തിൽ അകപ്പെടുന്ന വാഹനങ്ങളുടെ കാര്യത്തിൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ  എന്തൊക്കെയെന്ന് വ്യക്തമാക്കുകയാണ് ഓട്ടോമൊബൈൽ വിദഗ്ധർ. 

"വെള്ളം കയറികിടക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ വേഗത പരമാവധി കുറച്ചു മാത്രം പോകാൻ ശ്രദ്ധിക്കുക. വാഹനങ്ങൾ മുന്നിലും വശങ്ങളിലൂടെയുമൊക്കെ പോകുമ്പോൾ റോഡിലെ വെള്ളത്തിൽ ഓളങ്ങൾ ഉണ്ടാകുന്നത് വെള്ളം എൻജിനിൽ കയറുന്ന സാഹചര്യമുണ്ടാക്കും. അതുകൊണ്ട് വെള്ളം ചീറ്റുന്ന രീതിയിൽ സ്പീഡിൽ പോവാതെ വേഗത കുറയ്ക്കുക. ബസ്സുകളെയും ലോറികളെയുമൊക്കെ​ അപേക്ഷിച്ച്, കാറുകളിലെ എയർ ഇൻടേക്ക് മാനിഫോൽഡ് ലോ ലെവലിലാണ് ഉള്ളത്. എയർ ക്ലീനറിലേക്ക് എയർ വലിക്കുക എന്നതാണ് ഈ മാനിഫോൾഡുകളുടെ ജോലി. റോഡിൽ വെള്ളം കയറുന്നതും വെള്ളത്തിൽ ഓളമുണ്ടാകുന്നതുമൊക്കെ വണ്ടിയ്ക് അകത്ത് എയറും ഇന്ധനവും നിറയേണ്ടതിനു പകരം വെള്ളവും ഇന്ധനവും നിറയാൻ കാരണമാകുന്നു. അതുമൂലം എൻജിൻ സ്റ്റക്ക് ആയി പോവുകയും  വണ്ടി ബ്രേക്ക് ഡൗൺ ആവുകയും ചെയ്യും. വണ്ടി അത്തരം കണ്ടീഷനിൽ എത്തിയാൽ പിന്നെ നന്നാക്കിയെടുക്കുക എന്നത് വലിയ പ്രോസസ് ആണ്," മൂന്നു പതിറ്റാണ്ടായി ഓട്ടോമൊബൈൽ രംഗത്ത് പ്രവർത്തിക്കുന്ന ടോണി ഗോഡ്ഫ്രെ പറയുന്നു.

Advertisment

വെള്ളം കയറിക്കിടക്കുന്ന ഒരു റോഡിലൂടെ മറ്റു വണ്ടികൾ പോകുന്നത് കണ്ട് സ്വന്തം വണ്ടിയും പോകുമെന്ന് വിശ്വസിക്കരുത് എന്നാണ് ഓട്ടോ മൊബൈൽ വിദഗ്ധനായ ജെസ്റ്റിൻ അഗസ്റ്റിനു പറയാനുള്ളത്.  ഓരോ വണ്ടികളുടെയും എൻജിൻ ഡിസൈനും ഓരോ വാഹനത്തിലെയും ഫിൽറ്റർ/സ്‌നോർക്കൽ ഘടിപ്പിച്ചിരിക്കുന്ന രീതിയും വ്യത്യസ്തമായിരിക്കും. എൻജിനിലേക്ക് എയർ കയറിവരുന്ന ഇൻടേക്ക് സിസ്റ്റത്തിന്റെ ഉയരത്തിൽ വ്യത്യാസമുണ്ടാകും. അതിലൂടെയാണ് വണ്ടിക്ക് അകത്തേക്ക് വെള്ളം കയറുക. വെള്ളത്തിൽ പെട്ട് എൻജിൻ ഓഫായി പോയാൽ ഒരു കാരണവശാലും എൻജിൻ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. കീ ഓഫ് ചെയ്ത് എത്രയും പെട്ടെന്ന് വണ്ടി തള്ളി വെള്ളമില്ലാത്തിടത്തേക്ക് ഒതുക്കുക. 

വണ്ടികൾ പാർക്ക് ചെയ്തിടത്തും കാർപോർച്ചിലുമൊക്കെ വെള്ളം കയറി തുടങ്ങുന്നതു കണ്ടാൽ,  വെള്ളം ടയർ നിരപ്പിനു മുകളിലേക്കെത്തുന്നതിനു മുൻപു തന്നെ വണ്ടി ആ സ്ഥലത്തു നിന്നു തള്ളിമാറ്റി എയർ ഫിൽറ്ററിൽ വെള്ളം കയറിയിട്ടില്ലെന്നു ഉറപ്പുവരുത്തി മാത്രം എൻജിൻ സ്റ്റാർട്ട് ചെയ്യുക.  ഇനി അതല്ല, വെള്ളത്തിൽ വാഹനം പൂർണമായി മുങ്ങിയ സാഹചര്യമാണെങ്കിൽ, വാഹനം സ്റ്റാർട്ട് ചെയ്യാതെ, തള്ളിമാറ്റി കഴിയുന്നതും വേഗം വെള്ളമില്ലാത്ത സ്ഥലത്തേക്ക് മാറ്റാൻ ശ്രമിക്കുക. 

 ബാറ്ററി ടെർമിനലുകൾ പെട്ടെന്ന് മാറ്റി, വർക്ക് ഷോപ്പിന്റെ സഹായം തേടുക. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗണത്തിൽ പെട്ട വാഹനങ്ങൾ നിരപ്പായ എന്തെങ്കിലും പ്രതലത്തിൽവച്ചു മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. ഓട്ടോമാറ്റിക് വാഹനങ്ങൾ ഒരു കാരണവശാലും തള്ളി സ്റ്റാർട്ട് ചെയ്യരുത് 

യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ, വണ്ടി മുന്നോട്ടോ പിന്നോട്ടോ എടുക്കാൻ പറ്റാത്ത സാഹചര്യം വന്നാൽ എൻജിൻ ഓഫ് ചെയ്ത് വണ്ടി വെള്ളം കുറഞ്ഞിടത്തേക്ക് മാറ്റാൻ ശ്രമിക്കുക. ഇങ്ങനെ ഓഫ് ചെയ്യുന്ന വണ്ടികൾ, പിന്നീട് ഒരു കാരണവശാലും വെള്ളമില്ലാത്ത സ്ഥലത്ത് കൊണ്ടു പോയി എൻജിൻ സ്റ്റാർട്ട് ചെയ്യരുത്. ഒരു വർക്ക് ഷോപ്പിൽ വിവരം അറിയിച്ച്, മെക്കാനിക്ക് വന്ന് സ്പാർക്ക് പ്ലഗ്, എയർ ഫിൽട്ടർ എന്നിവയെല്ലാം ക്ലീൻ ചെയ്ത്, ഹൈഡ്രോസ്റ്റാറ്റിക് എൻജിൻ ലോക്ക് ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ എൻജിൻ സ്റ്റാർട്ട് ചെയ്യാവൂ.

എഞ്ചിനിൽ വെള്ളം കയറിയാൽ ഉടനെ എഞ്ചിൻ ഓയിൽ മാറ്റണം. എയർഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവയും മാറ്റി പുതിയവ ഘടിപ്പിക്കണം. കാറുകളിൽ എഞ്ചിൻ ഓയിൽ മാറ്റി നിറച്ചതിന് ശേഷം ജാക്കി വച്ച് മുൻ വീലുകൾ ഉയർത്തി ടയര്‍ കൈകൊണ്ട് കറക്കിക്കൊടുക്കുക. ഓയിൽ എഞ്ചിന്റെ എല്ലാ ഭാഗത്തും എത്തുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. ഏകദേശം പതിനഞ്ചു മിനിറ്റുവരെ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുക. 

വാഹനത്തിന്റെ ഇലക്ട്രിക് പാർട്സുകൾ പ്രവർത്തനക്ഷമമാണോ എന്നും പരിശോധിക്കണം. ഡീലർഷിപ്പുള്ള നല്ല വർക്ക് ഷോപ്പുകളിൽ മാത്രം വാഹനം ഏൽപ്പിക്കുക.

വെള്ളം കയറി ഓഫ് ആയ വണ്ടികൾ വർക്ക് ഷോപ്പിന് കൈമാറുമ്പോൾ എന്താണ് വണ്ടിയ്ക്ക് പറ്റിയതെന്ന കൃത്യമായ വിവരങ്ങൾ മെക്കാനിക്കിനെ ധരിപ്പിക്കണം. വെള്ളപ്പൊക്കത്തിൽ പെട്ട വാഹനങ്ങൾ റിപ്പയറിങ്ങിന് കൊടുക്കുമ്പോൾ എഞ്ചിൻ ൻ സ്റ്റാർട്ട് ചെയ്യുന്നതിനു മുൻപ് സ്പാർക്ക് പ്ലഗ് അഴിച്ചാണോ മെക്കാനിക് വണ്ടി ചെക്ക് ചെയ്യുന്നത് എന്നു ശ്രദ്ധിക്കണം. സ്പാർക്ക് പ്ലഗ് അഴിച്ച് എഞ്ചിൻ മാനുവൽ ആയി കറങ്ങുന്നുണ്ടോ എന്നു പരിശോധിക്കണം. എയർ ഫിൽറ്റർ, എയർ ഇൻടേക്ക് മാനിഫോൾഡ്, എഞ്ചിൻ ഓയിൽ എല്ലാം ചെക്ക് ചെയ്യണം. എഞ്ചിൻ ഓയിൽ കണ്ടീഷൻ നോക്കി ആവശ്യമെങ്കിൽ ഓയിൽ മാറ്റിയതിനു ശേഷം മാത്രം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുക. വണ്ടി സ്റ്റാർട്ടായാലും ആക്സിലേറ്റർ കൊടുത്ത് ആർപിഎം കൂട്ടാതിരിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ ചെയ്താൽ എഞ്ചിൻ ബ്ലാസ്റ്റ് ചെയ്യാനുള്ള സാധ്യതകളുണ്ട്. ഇക്കാര്യങ്ങളെല്ലാം മെക്കാനിക് കൃത്യമായിട്ടാണോ ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണം.

വണ്ടികൾ നിർത്തിയിടുന്ന സ്ഥലത്ത് വെള്ളം കയറുവാൻ സാധ്യതയുണ്ടെങ്കിൽ വണ്ടികളുടെ വിൻഡോ ക്ലോസ് ചെയ്തു ബാറ്ററി ഡിസ്കണക്റ്റ് ചെയ്ത് റിമൂവ് ചെയ്യുന്നത് കൂടുതൽ നഷ്ടം ഒഴിവാക്കാൻ സഹായിക്കും.

വെള്ളപ്പൊക്കത്തിൽ പെട്ട വാഹനങ്ങളുടെ ഇൻഷുറൻസ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രകൃതി ദുരന്തങ്ങളിൽ പെടുകയോ മരം വീണും മണ്ണിടിച്ചില്‍ മൂലവുമുണ്ടാകുന്ന അപകടങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. എന്നാൽ ഇത്തരം കാര്യങ്ങളിലെല്ലാം കൃത്യമായ നിബന്ധനകൾ ഇൻഷുറൻസ് കമ്പനികൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.

വാഹനത്തിന്റെ എഞ്ചിനിൽ വെള്ളം കയറിയാൽ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ പ്രയാസമാണ്. കാരണം എഞ്ചിനിൽ വെള്ളം കയറുന്ന വിധത്തിൽ വാഹനമോടിക്കുന്ന അവസ്ഥയെ ഉപഭോക്താവിന്റെ ശ്രദ്ധക്കുറവായിട്ടാണ് ഇൻഷുറൻസ് നിയമങ്ങൾ പരിഗണിക്കുന്നത്. വാഹനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കിടന്നാലും എഞ്ചിനിൽ വെള്ളം കയറില്ല. എന്നാൽ, വെള്ളത്തിൽ വച്ച് വാഹനം സ്റ്റാർട്ട് ആക്കിയാൽ എഞ്ചിനിൽ വെള്ളം കയറും. അതുകൊണ്ടു തന്നെ, വാഹനം പൂർണമായും വെള്ളത്തിൽ മുങ്ങിയ സാഹചര്യങ്ങളിൽ എഞ്ചിൻ ഓൺ ചെയ്യാൻ ശ്രമിക്കാതെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുകയാണ് വേണ്ടത്.

വാഹനങ്ങൾ നിർത്തിയിട്ട സ്ഥലങ്ങളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ, വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തെളിയുന്ന രീതിയിൽ വെള്ളം ഇറങ്ങി പോകുന്നതിനു മുമ്പേ വെള്ളക്കെട്ടിൽ വാഹനം നിൽക്കുന്ന ഫോട്ടോ എടുത്തുവേണം ഇൻഷുറൻസ് കമ്പനിയെ വിവരമറിയിക്കാൻ. വാഹനം വെള്ളപ്പൊക്കത്തിൽ പെട്ടു എന്നതിനുള്ള തെളിവിനാണ് ഈ ഫോട്ടോ.  അത്തരം സാഹചര്യത്തിൽ വാഹനങ്ങൾ  ടോയിങ് വെഹിക്കിളോ ഫ്ളാറ്റ് ബെഡ് വെഹിക്കിളോ ഉപയോഗിച്ചു വേണം സർവ്വീസ് സെന്ററിൽ എത്തിക്കാൻ. അതിനു മുൻപേ ഇൻഷുറൻസ് കമ്പനിയിൽ വിവരം അറിയിക്കേണ്ടതുണ്ട്.

Read More

Flood Automobile

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: