scorecardresearch

വിചിത്രം, യുക്തിരഹിതം; 'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' റിവ്യൂ: Sureshinteyum Sumalathayudeyum Hridayahariyaya Pranayakatha Review

ഹൃദയം കൊണ്ട് പ്രണയിച്ച രണ്ട് പേരെ യുക്തിയുടെയും ആക്ഷേപഹാസ്യത്തിന്റെയും ഭാരം നൽകി ഇല്ലാതാക്കി: Sureshinteyum Sumalathayudeyum Hridayahariyaya Pranayakatha Movie Review

ഹൃദയം കൊണ്ട് പ്രണയിച്ച രണ്ട് പേരെ യുക്തിയുടെയും ആക്ഷേപഹാസ്യത്തിന്റെയും ഭാരം നൽകി ഇല്ലാതാക്കി: Sureshinteyum Sumalathayudeyum Hridayahariyaya Pranayakatha Movie Review

author-image
Aparna Prasanthi
New Update
Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha

Sureshinteyum Sumalathayudeyum Hridayahariyaya Pranayakatha Movie Review

Sureshinteyum Sumalathayudeyum Hridayahariyaya Pranayakatha Film Review: പ്രണയം കാലാതിവർത്തിയായി നിലനിൽക്കുമെന്ന് പറയാറുണ്ട്. അതെ സമയം തന്നെ  മനുഷ്യമനസ്സിൽ ഏറ്റവും കുറഞ്ഞ കാലം നിലനിൽക്കുന്ന ഒന്നാണ് രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രണയം എന്നും പറയാറുണ്ട്. ഈ രണ്ട് സാഹചര്യങ്ങളിൽ നിന്നും കഥ പറയുന്ന സിനിമയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ആ കഥ സ്വാഭാവികമായും ഒരു പരീക്ഷണ ചിത്രമായിരിക്കും... പക്ഷേ പലപ്പോഴും അതി വിചിത്രമായ പരീക്ഷണം കാണികൾക്ക് നേരെ നീട്ടുന്നത് പോലെയുള്ള അനുഭവമായി സിനിമ മാറി.

Advertisment

'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ  സ്പിൻ ഓഫ്‌ എന്ന രീതിയിലാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ആദ്യം ശ്രദ്ധ നേടിയത്. ആ ചിത്രത്തിലെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട രണ്ട് കഥാപാത്രങ്ങളുടെ ആ സിനിമക്ക് മുന്നേയും ശേഷവുമുള്ള ജീവിതത്തെ പറ്റി പറയുന്നു സുമേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ. പക്ഷെ വളരെ മൃദുവായി നിർമിക്കപ്പെട്ട രണ്ട് കഥാപാത്രങ്ങളെ അനാവശ്യമായ സംഘർഷങ്ങളിലൂടെ കടത്തി വിട്ടത് പോലെയൊരു അനുഭവമാണ് ഈ സിനിമ നൽകിയത്.

Sureshinteyum Sumalathayudeyum Hridayahariyaya Pranayakatha  Review

വളരെ ശക്തമായി പ്രണയത്തെ കൊണ്ട് പോകുന്ന രണ്ട് കഥാപാത്രങ്ങളായിരുന്നു സുമലതയും സുരേശനും 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിൽ. സ്‌ക്രീനിൽ നടക്കുന്ന മറ്റ് കഥാഗതികൾക്കിടയിലും ആ കഥാപാത്രങ്ങൾ പൂർണതയുള്ളവരും പ്രേക്ഷകർക്കിഷ്ടപ്പെടുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടവരുമായിരുന്നു. അത് കൊണ്ട് തന്നെ മലയാള സിനിമ അധികം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഇത്തരമൊരു സ്പിൻ ഓഫ്‌ കേൾക്കുന്നവരിൽ കൗതുകമുണ്ടാക്കി. ആ കൗതുകത്തെ അടിമുടി കൊന്നൊടുക്കുന്ന അനുഭവമായിരുന്നു സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.  ഹൃദയം കൊണ്ട് പ്രണയിച്ച രണ്ട് പേരെ യുക്തിയുടെയും ആക്ഷേപഹാസ്യത്തിന്റെയും ഭാരം നൽകി ഇല്ലാതാക്കിയത് പോലെ തോന്നി പലയിടത്തും. ആ യുക്തികളും ആക്ഷേപഹാസ്യവുമെല്ലാം പരസ്പര വൈരുധ്യവും അയുക്തികളും കൊണ്ട് നിറഞ്ഞതായിരുന്നു. സുരേശനും സുമലതയും രാജീവനും ഈ സിനിമയിലും ഉണ്ടെന്നൊഴിച്ചാൽ ആ രണ്ട് സിനിമകളുടെയും മൂഡും താളവുമെല്ലാം തീർത്തും വ്യത്യസ്തമാണ്.

രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ഈ ചിത്രത്തിന്റെയും സംവിധായകനും കഥാകൃത്തും. അദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ ആക്ഷേപ ഹാസ്യവും സാമൂഹ്യ വിമർശനവുമൊക്കെ ഈ ചിത്രവും തുടരുന്നുണ്ട്. ഇത്തവണ സവർണതയും ജാതീയതയുമൊക്കെയാണ് സിനിമയിലെ വിഷയമായി കടന്നു വരുന്നത്. പക്ഷെ പതിവിന് വിരുദ്ധമായി ഇത്തവണ പാളിപ്പോയ ആക്ഷേപഹാസ്യവും കാണികളിൽ യാതൊരു ചലനവുമുണ്ടാക്കാത്ത സാമൂഹ്യ വിമർശനവുമാണ് സ്‌ക്രീനിൽ കണ്ടത്. സംഭവബഹുലമായ കുറെ കാലങ്ങളിൽ കഥ പറയുന്നതിനിടക്ക് ഇതൊക്കെ യാതൊരു യുക്തിയും ഇല്ലാതെ കുത്തി തിരുകിയത് പോലെ തോന്നി. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സിനിമകളിൽ പൊതുവെ നല്ല രീതിയിൽ ഉപയോഗിക്കപ്പെടുന്ന സമകാലികതയും ഈ സിനിമയിൽ ഉപയോഗിക്കാൻ ശ്രമിച്ചപ്പോഴൊക്കെ പാരാജയപ്പെട്ടത് പോലെ തോന്നി.

Advertisment

കാസർഗോഡ്  കണ്ണൂർ അതിർത്തി പ്രദേശങ്ങളെ പ്രധാന ഭൂമികയായി ഉപയോഗിക്കുന്ന സിനിമകളാണ് രതീഷ് ബാലകൃഷ്ണ പൊതുവാളിന്റേത്. ഉത്തര മലബാർ സിനിമകൾ ഇവിടെ വ്യാപകമായി പുറത്ത് വന്നതിന് ഒരു കാരണം രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സിനിമകളാണ്. ഒരു സ്പിൻ ഓഫ്‌ ആയത് കൊണ്ട് തന്നെ ഈ സിനിമയിലും ആ ഭൂമിക ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ അതും ഭംഗിയായി ഒരിടത്തും ഉപയോഗിച്ചതായി തോന്നിയില്ല.

പ്രണയത്തിൽ ആക്ഷേപ ഹാസ്യം കലർത്തി അവതരിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്. സു. സു. വിൽ പലയിടത്തും ഈ ബുദ്ധിമുട്ട് വളരെ പ്രകടമായി കാണാം. പ്രണയത്തെ ഹാസ്യവത്കരിക്കുമ്പോൾ 'തേപ്പ് ', വഞ്ചന തുടങ്ങിയ പലതിനെയും പ്ളേസ് ചെയ്യുന്നതായി പല സിനിമകളിലും കാണാം. സു. സു വും പലയിടങ്ങളിലും അതിന്റെയൊരു തുടർച്ചയാണ്. ലീനിയർ, നോൺ ലീനിയർ രീതികൾ പലയിടങ്ങളിലും കയറി വരുന്ന കഥ പറച്ചിൽ കാഴ്ചയുടെ സ്വഭാവികമായ ഒഴുക്കിനെ പലയിടത്തും തടസപ്പെടുത്തുകയും ചെയ്തു. രാജേഷ് മാധവൻ, ചിത്ര, സുധീഷ് തുടങ്ങി ഒരു വലിയ നിര അഭിനേതാക്കളുടെ നല്ല പ്രകടനം ഈ ഇഴച്ചിലിനെ തുണച്ചില്ല. 

അതി വിചിത്രമായ ചിന്തയാണ് ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ സുരേശൻ, സുമലത എന്നീ കഥാപാത്രങ്ങൾ പ്രധാന വേഷത്തിലെത്തുന്ന ഈ സ്പിൻ ഓഫ്‌ സിനിമ. ആ ചിന്തയേക്കാൾ വിചിത്രവും യുക്തിരഹിതവുമായ നിർമിതിയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ കാഴ്ചയും അനുഭവവും.

Read More Entertainment Stories Here

Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: