scorecardresearch

ആദ്യാവസാനം ചിരിപ്പിക്കുന്ന ചിത്രം: 'ഗുരുവായൂരമ്പല നടയിൽ' റിവ്യൂ: Guruvayoorambala Nadayil Review

Guruvayoor Ambalanadayil Movie Review: സിറ്റുവേഷണൽ കോമഡിയുടെ അയ്യരുകളിയാണ് ചിത്രം. അളിയന്മാരായി പൃഥ്വിരാജും ബേസിലും തകർത്തപ്പോൾ ചിരിപ്പൂരം തീർക്കുകയാണ് 'ഗുരുവായൂരമ്പല നടയിൽ'

Guruvayoor Ambalanadayil Movie Review: സിറ്റുവേഷണൽ കോമഡിയുടെ അയ്യരുകളിയാണ് ചിത്രം. അളിയന്മാരായി പൃഥ്വിരാജും ബേസിലും തകർത്തപ്പോൾ ചിരിപ്പൂരം തീർക്കുകയാണ് 'ഗുരുവായൂരമ്പല നടയിൽ'

author-image
Dhanya K Vilayil
New Update
Guruvayoorambala Nadayil |  Review

Guruvayoor Ambalanadayil Movie Review

Guruvayoor Ambalanadayil Movie Review Rating:  മാസ്സ് ആക്ഷൻ, റോം കോം, മിസ്റ്ററി ത്രില്ലർ, സർവൈവൽ ത്രില്ലർ  എന്നിങ്ങനെ വിവിധ ഴോണറിലുള്ള ചിത്രങ്ങളാണ് അടുത്തുകാലത്തായി മലയാളത്തിൽ വിജയം നേടികൊണ്ടിരിക്കുന്നത്. ആ കൂട്ടത്തിൽ ഒരു വിഭാഗം പ്രേക്ഷകരെങ്കിലും മിസ്സ് ചെയ്തത് ആദ്യാവസാനം ചിരിപ്പിക്കുന്ന ഒരു ക്ലീൻ എന്റർടെയിനർ ആയിരുന്നു. ആ ദൗത്യം ഭംഗിയായി നിറവേറ്റുകയാണ് 'ജയ ജയ ജയ ജയഹേ'യ്ക്കു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത 'ഗുരുവായൂരമ്പല നടയിൽ'. ബേസിലിനൊപ്പം പൃഥിരാജ് കൂടി ചേരുമ്പോൾ, ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട്  കൊട്ടിക്കയറുകയാണ് ചിത്രം. 'ഗുരുവായൂരമ്പല നടയിലിന്റെ പ്രമോഷൻ അഭിമുഖങ്ങളിൽ നമ്മൾ കണ്ട പൃഥ്വി- ബേസിൽ വൈബ് ചിത്രത്തിലും കാണാനാവും.  

Advertisment

ബേസിൽ അവതരിപ്പിക്കുന്ന വിനു രാമചന്ദ്രന്റെ കല്യാണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേഹം. ഗൾഫിൽ നിന്നും കല്യാണത്തിനായി നാട്ടിലേക്ക് എത്തുകയാണ് വിനു. കല്യാണ ഒരുക്കങ്ങളിലൂടെയും ചില അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയുമാണ് സിനിമ മുന്നേറുന്നത്.

Guruvayoorambala Nadayil Review

വിനുവിന്റെ അളിയൻ ആനന്ദായാണ് പൃഥ്വിരാജ് എത്തുന്നത്. അളിയൻമാരായ വിനുവും ആനന്ദും തമ്മിലുള്ള സ്നേഹമാണ്  സിനിമയുടെ കേന്ദ്രബിന്ദു. ഇങ്ങനെയുണ്ടോ ഒരു അളിയൻ സ്നേഹമെന്ന് ആരുമൊന്നു മൂക്കത്തു വിരൽ വച്ചു പോവുന്നത്ര കട്ടസ്നേഹം. എന്നാൽ, ആ അളിയൻമാർക്കിടയിൽ അപ്രതീക്ഷിതമായി ചില പ്രശ്നങ്ങളുണ്ടാവുന്നു. അതോടെ കാര്യങ്ങൾ മൊത്തം കുഴഞ്ഞുമറിയുകയാണ്. 

സിറ്റുവേഷണൽ കോമഡിയുടെ അയ്യരുകളിയാണ് ചിത്രം നിറയെ. പൊതുവേ അഭിനയത്തിൽ  മസിലുപിടുത്തമുള്ള നടൻ എന്നൊരു ചീത്തപ്പേര് പൃഥ്വിയ്ക്കുണ്ട്, അതിനാൽ തന്നെ പൃഥ്വിയ്ക്ക് കോമഡി വഴങ്ങുമോ എന്ന രീതിയിലുള്ള ആശങ്കകളും ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ പുറത്തുവന്നപ്പോൾ പ്രേക്ഷകർ പങ്കുവച്ചിരുന്നു. എന്നാൽ, ബേസിലിനൊപ്പത്തിനൊപ്പം നിന്ന് വളരെ രസകരമായും കൺവീൻസിംഗായും തന്നെ പൃഥ്വി പെർഫോം  ചെയ്തിട്ടുണ്ട്. അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, രേഖ,  യോഗി ബാബു,  കെപി കുഞ്ഞികൃഷ്ണൻ, ബൈജു സന്തോഷ്, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളെല്ലാം ഈ ഫൺറൈഡിൽ തങ്ങളുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. 

Advertisment

Prithviraj Guruvayooramaba nadayil review

അച്ഛൻ- മക്കൾ, അമ്മ- മക്കൾ, ചേട്ടൻ- സഹോദരി, ഭർത്താവ്- ഭാര്യ എന്നിങ്ങനെയുള്ള സിനിമയിലെ ബന്ധങ്ങളിലൊന്നും വലിയ ഇമോഷണൽ കണക്ഷനൊന്നും പ്രേക്ഷകർക്കു അനുഭവപ്പെടുന്നില്ല എന്നതാണ് മറ്റൊരു കൗതുകം. എന്നാൽ, അതിലൊന്നും പ്രേക്ഷകർക്കൊരു പരാതിയും തോന്നാത്ത രീതിയിൽ,  ഈ ബന്ധങ്ങളെയെല്ലാം രസകരമായി കോർത്തിണക്കിയാണ് തിരക്കഥാകൃത്തായ ദീപു പ്രദീപും വിപിൻ ദാസും കഥ പറഞ്ഞുപോവുന്നത്. വളരെ പ്രെഡിക്റ്റബിളായ രീതിയിലാണ് കഥയുടെ പ്രയാണം. എന്നാൽ, ആ പ്രെഡിക്റ്റബിലിറ്റിയേയും താരങ്ങളുടെ പ്രകടനം മറികടക്കുകയാണ്. 

കുറേ ആശയക്കുഴപ്പങ്ങൾ, പ്ലാനുകൾ, തിരിച്ചടികൾ, സിറ്റുവേഷണൽ കോമഡി അതിലൂടെയൊക്കെ സംഭവിച്ച് ഹാപ്പി എൻഡിംഗിൽ എത്തുകയാണ് ചിത്രം. ആളുകളെ രസിപ്പിക്കുക എന്നതിനാണ് ആത്യന്തികമായി സംവിധായകനും തിരക്കഥാകൃത്തും പ്രാധാന്യം നൽകിയിരിക്കുന്നത്. ആ കാര്യം വൃത്തിയായി തന്നെ ഇരുവരും ചെയ്തിട്ടുമുണ്ട്.    'കുഞ്ഞിരാമായണ'ത്തിന്റെ തിരക്കഥാകൃത്തും ജയ ജയ ജയ ജയഹേയുടെ സംവിധായകനും കൈകോർത്തത് എന്തായാലും വെറുതെയാവുന്നില്ല. 

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗമൊക്കെ പഴയ പ്രിയദർശൻ, സിദ്ദിഖ് ലാൽ ചിത്രങ്ങളെയാണ് ഓർമ്മിപ്പിച്ചത്. കല്യാണം കൂടാൻ എത്തിയത്രയും ആളുകൾ തന്നെ കല്യാണം മുടക്കാനുമെത്തിയപ്പോൾ ചിരിയുടെ പൂരക്കാഴ്ചയായി മാറുകയായിരുന്നു ക്ലൈമാക്സ് രംഗങ്ങൾ. ഒപ്പം ചില മൂവി റഫറൻസുകളും സ്പൂഫും കൂടി ചേരുമ്പോൾ വിഭവസമൃദ്ധമായൊരു സദ്യ കഴിച്ച് അതിനു മുകളിലൊരു പായസം കഴിച്ച ഫീൽ പ്രേക്ഷകർക്ക് അനുഭവപ്പെടും.

ഗുരുവായൂരമ്പല നട സെറ്റിട്ടതാണതെന്നു പറഞ്ഞാൽ സാക്ഷാൽ ശ്രീകൃഷ്ണൻ പോലും ഒന്നു അമ്പരക്കും. അത്രയും ഒർജിനാലിറ്റിയോടെയാണ് കലാസംവിധായകൻ സുനിൽകുമാർ  സെറ്റൊരുക്കിയിരിക്കുന്നത്. നീരജ് രവിയുടെ ഛായാഗ്രഹണവും ജോൺ കുട്ടിയുടെ എഡിറ്റിംഗുമെല്ലാം കല്യാണമേളത്തെ കൂടുതൽ കളർഫുളാക്കി മാറ്റുന്നു. ചിത്രത്തിലെ കെ ഫോർ കല്യാണം സോങ്ങ് അൽപ്പം മുഴച്ചു നിൽക്കുന്നതുപോലെ അനുഭവപ്പെട്ടെങ്കിലും, ബാക്കി ഗാനങ്ങളെല്ലാം ചിത്രത്തിന്റെ മൂഡുമായി ചേർന്നു പോവുന്നുണ്ട്. അങ്കിത് മേനോനാണ് സംഗീതം ഒരുക്കിയത്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ലോജിക്കോ, ഇമോഷൻസോ ഒന്നും ചികയാൻ നിൽക്കാതെ കൂട്ടുകാർക്കും കുടുംബത്തിനുമൊപ്പം ജോളി മൂഡിൽ കാണാവുന്ന ഒരു ക്ലീൻ എന്റർടെയിനർ ആണ് 'ഗുരുവായൂരമ്പല നടയിൽ'. ഈ കല്യാണം ബ്ലോക്ക് ബ്ലസ്റ്റർ ആവുമെന്ന സൂചനയാണ് തിയേറ്ററിൽ ആദ്യാവസാനം ഉയർന്നുകേട്ട ചിരികൾ നൽകുന്ന സൂചന.

Read More Entertainment Stories Here

Anaswara Rajan Prithviraj Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: